Campus Alive

ജെൻഡറിംങ്, ഇസ്‌ലാം, ചില ചർച്ചകൾ

ജെൻഡർ തിയറിയുടെ വ്യത്യസ്ത ആഖ്യാനങ്ങൾ ആധുനികതയുടെ ഭൗതിക പ്രത്യയശാസ്ത്രത്തെ എതിർത്തില്ല എന്നു മാത്രമല്ല അതിനെ അവലംബമാക്കുകയാണ് ചെയ്തത്. അപ്രകാരം പാദാർഥപരമായി നിർമിക്കപ്പെടുന്നതും മനുഷ്യപരമായി വ്യാഖ്യാനിക്കപ്പെട്ട വ്യത്യാസമെന്ന (humanly interpreted difference) നിലക്കുമുള്ള അതിന്റെ ഘടനക്ക് (constitution) പുറത്തു കടന്ന് മനുഷ്യ സ്വത്വത്തെ കുറിച്ച് ആലോചിക്കാനുള്ള സാധ്യതയെ അടച്ചു കളയുകയും ചെയ്തു. ഇതാണ് ജെൻഡർ തിയറിയും ഇസ്‌ലാമിക ചിന്തയും തമ്മിലെ വിയോജിപ്പിന്റെ ജ്ഞാനശാസ്ത്രപരമായ (ധാർമികവുമായ) ഇടം. ഇതു തന്നെയാണ് ഇസ്‌ലാമിനെയും ജെൻഡറിനെയും കുറിച്ചുള്ള സാമ്പ്രദായിക (traditionalist) ആക്ടിവിസ്റ്റിക്/ഫെമിനിസ്റ്റ് അക്കാദമിക വ്യവഹാരങ്ങളിൽ ദൃശ്യമായിട്ടുള്ളതും, എന്നാൽ ഇത് കാര്യമായ അന്വേഷണങ്ങൾക്ക് വിധേയമായിട്ടില്ല. പാശ്ചാത്യൻ വിശകലന മാതൃകകൾ പാശ്ചാത്യേതര പ്രമാണങ്ങളിലും പശ്ചാത്തലങ്ങളിലും അപ്ലൈ ചെയ്യുന്നതിലാണ് ചരിത്രപരവും സാംസ്‌കാരികവുമായ മറ്റു വിയോജിപ്പുകൾ ഉയർന്നു വരുന്നത്. ഇസ്‌ലാം-ജെൻഡർ പഠനങ്ങളിൽ പലപ്പോഴും രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഒരു പ്രശ്നമാണ് ഇത്.

ഇസ്‌ലാമിനെ ജെൻഡർവത്കരിക്കൽ

ജെൻഡർ-ഇസ്‌ലാമിനെ കുറിച്ചുള്ള ചരിത്രപരവും പ്രമാണസംബന്ധിയുമായ (textual) പഠനങ്ങൾക്കകത്ത്, ഇസ്‌ലാമിക പ്രമാണങ്ങളിൽ സെക്സ്-ജെൻഡർ തിയററ്റിക്കൽ വ്യത്യാസം അപ്ലൈ ചെയ്തു കൊണ്ടുള്ള ഒരു സുപ്രധാന പഠനമാണ് പൗള സാൻഡേഴ്സ് 1991ൽ നടത്തിയ ‘ജെൻഡറിങ് ദി അൺജെൻഡേട് ബോഡി: ഹെർമാഫ്രോഡൈറ്റ്സ് ഇൻ മിഡീവൽ ഇസ്‌ലാമിക് ലോ’ എന്ന പഠനം. 1960കളിൽ നടന്ന ഇന്റർസെക്സ് വ്യക്തികളെ കുറിച്ചുള്ള ജെൻഡർ ഗവേഷണങ്ങളുടെ പൂർവ-ഫെമിനിസ്റ്റ് തുടക്കങ്ങളെ ഓർമപ്പെടുത്തുന്നുന്ന ഒരു കേസ് സ്റ്റഡിയാണ് ഇത്. ജെൻഡർ അനിശ്ചിതത്വമുള്ള ഒരു വ്യക്തിയുടെ ശരിയായ ബയോളജിക്കൽ സെക്സിന്റെ (സ്ത്രീ/പുരുഷൻ) ശരീരശാസ്ത്രപരവും (anatomical) മനഃശാസ്ത്രപരവുമായ (psychological) തെളിവുകളെ പരിശോധിക്കാൻ ഉപയോഗിച്ചിരുന്ന നിയമശാസ്ത്രപരമായ സങ്കേതങ്ങളിലാണ് സാൻഡേഴ്സ് സെക്സ്/ജെൻഡർ വ്യത്യാസത്തെ അപ്ലൈ ചെയ്തത്(20). അപ്രകാരം, ആശയപരമായി, ക്ലാസിക്കൽ ഇസ്‌ലാമിക ഫിഖ്ഹ് പ്രമാണങ്ങൾ ജെൻഡർ തിയറിയിലേക്ക് വൃത്തിയായി ഉൾചേർക്കപ്പെട്ടു. ഏതാണ്ട് രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം, സാൻഡേഴ്സ് ക്ഷമാപണ മനസ്ഥിതിയോടെ തന്റെ കണ്ടെത്തലുകളെ പുനരാലോചിച്ചു. എവ്റെറ്റ് റോവ്സണെ സെക്സ്/ജെൻഡർ വ്യത്യാസത്തെ കാണാൻ സഹായിച്ച “ലിറ്റററി പ്രമാണങ്ങളെ കുറിച്ചുള്ള തന്റെ അയഞ്ഞ (casual) പഠനങ്ങൾ” ആണും/പെണ്ണും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചായിരുന്നില്ല, മറിച്ച്, ആണും/ആണല്ലാത്തതിനെയും (male/non male, അഥവാ പെനട്രേഷൻ ചെയ്യുന്ന ആളും പെനട്രേഷൻ ചെയ്യപ്പെടുന്ന ആളും തമ്മിലുള്ള വ്യത്യാസം) കുറിച്ചായിരുന്നു എന്ന് അവർ സമ്മതിച്ചു(21). ഈ വ്യത്യാസത്തിന്റെ (അഥവാ, പെനട്രേഷൻ കർമത്തെ കുറിച്ചുള്ള) കനം എവിടെയാണ് കുടികൊള്ളുന്നത് എന്ന ചോദ്യം ടെക്സ്റ്റിൽ നിന്ന് ഉന്നയിച്ചു കൊണ്ട്, ഒന്നിലധികം സെക്സ്-അധിഷ്ഠിത വ്യത്യാസം ഒരേസമയം ഇസ്‌ലാമിക പ്രമാണങ്ങൾക്കകത്ത് ഉണ്ടാകാമെന്ന ബോധം (ആ സമയത്തെ ജെൻഡർ തിയറിയിലുണ്ടായിരുന്ന പ്രബലമായ വാദങ്ങൾക്ക് വിരുദ്ധമായി) റോവ്സന്റെ പഠനങ്ങൾ സാൻഡേഴ്സിൽ ജനിപ്പിച്ചു. ഇത് അവരുടെ മുൻപത്തെ പഠനത്തിൽ നിരീക്ഷിച്ചതു പോലെ, “സ്വവർഗലൈംഗികതയെ (homosexuality) കുറിച്ചുള്ള ആകുലതകളുടെ ഏതാണ്ട് പൂർണമായ അസാന്നിധ്യത്തെ” മനസ്സിലാക്കാൻ അവരെ സഹായിച്ചു(22).

സാൻഡേഴ്സിന്റെ ഈ പുനർവായന തീർച്ചയായും പണ്ഡിതപരമായ ആർജവത്തിന്റെ തെളിവായിരുന്നു. എന്നാൽ, സ്വവർഗ ലൈംഗികതയോട് സഹിഷ്ണുത പുലർത്തുന്ന സെക്സ്/ജെൻഡർ വ്യത്യാസങ്ങളുടെ അനവധി മാതൃകകൾക്ക് പിന്തുണ നൽകുന്നവ എന്ന നിലക്ക് നിയമപരവും സാഹിത്യപരവുമായ ഇസ്‌ലാമിക ഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കുമ്പോൾ, അത് പുരുഷത്വവും/പുരുഷത്വരാഹിത്യവും (maleness/non maleness) തമ്മിലുള്ള വ്യത്യാസം ഒരു ജെൻഡർ ഐഡന്റിറ്റി എന്ന നിലക്കുള്ള സ്വവർഗലൈംഗികതയുടെ ഒരു മുസ്‌ലിം ആശയത്തെയാണ് സൂചിപ്പിക്കുന്നത് എന്ന സങ്കൽപ്പത്തെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. ഖാലിദ് എൽ-റയ്ഹോബിന്റെ “ബിഫോർ ഹോമോസെക്ഷ്‌വാലിറ്റി” എന്ന പുസ്തകം ഈ വഴുതലിനെ വ്യക്തമായി പ്രശ്നവത്കരിക്കുന്നുണ്ട്, പൂർവാധുനിക ഇസ്‌ലാമിക സ്രോതസ്സുകളിൽ “ഹോമോസെക്ഷ്‌വാലിറ്റി” എന്ന സംവർഗം പ്രയോഗിക്കുന്നത് അകാലികവും ഉപകാരപ്രദമല്ലാത്തതുമാണെന്നാണ് അവരുടെ അഭിപ്രായം(23). സവർഗരതിയെ (homoeroticism) ചുറ്റിപ്പറ്റിയുള്ള ഇസ്‌ലാമിക വ്യവഹാരങ്ങൾ, സവർഗലൈംഗികതയുടെ (homosexuality) ആധുനിക ആശയങ്ങളോട് ബന്ധപ്പെടുന്നതല്ല എന്ന് അറബിക് ആശയ വ്യാകരണങ്ങളെ കണിശമായി പരിശോധിച്ചു കൊണ്ട് അദ്ദേഹം വ്യക്തമാക്കുന്നു. അതുകൊണ്ടാണ് പ്രകൃതിവിരുദ്ധ ഭോഗത്തെ (sodomy) ഇസ്‌ലാം വിലക്കിയിട്ടുണ്ടെങ്കിലും, മുസ്‌ലിം സവർഗ അനുരാഗ കവിതകളുടെ പ്രചാരത്തെ കുറിച്ച് മനസ്സിലാക്കാൻ “സവർഗലൈംഗികത”യുടെ ചരിത്രപരമായ സർവേകൾക്ക് തീരെ കഴിയാതെ പോകുന്നത്. ഒരു (പുരുഷ) യുവാവിന് പ്രണയ കാവ്യം എഴുതുന്നത് പ്രകൃതിവിരുദ്ധ ഭോഗത്തെ കുറിച്ചുള്ള നിയമവ്യവഹാരങ്ങളിൽ പെടുന്നതല്ലെന്ന് എൽ റയ്ഹോബ് തുടർന്ന് വിവരിക്കുന്നു, എന്നാൽ, അതിനു വിരുദ്ധമായി, നേരിട്ടു തന്നെ ലൈംഗികമായ ചെയ്തികൾ (sexual acts) അല്ലാത്ത ഒരു വലിയ കൂട്ടം പെരുമാറ്റങ്ങളെ ഹോമോസെക്ഷ്യുലിറ്റി എന്ന സംവർഗം അതിനോട്‌ ചേർക്കുകയും ലൈംഗികവത്കരിക്കുകയും ചെയ്തു(24). ഹോമോസെക്ഷ്വാലിറ്റി എന്ന സംവർഗത്തിന്റെ ജ്ഞാനശാസ്ത്ര സാർവത്രികതയെ ചോദ്യം ചെയ്യുന്ന പ്രക്രിയ തന്നെയാണ്, അതിന്റെ ആഗോള രാഷ്ട്രീയത്തെ അപനിർമിക്കുന്ന ജോസഫ് മസാദിന്റെ പഠനത്തിലും പ്രതിഫലിക്കുന്നത്(25).

ഇസ്‌ലാമിക പ്രതിബദ്ധതകളോട് കൂടിയ പഠന വ്യവഹാരങ്ങൾ ജെൻഡർ തിയറിയുടെ എസെൻഷ്യലിസ്റ്റ്-കൺസ്ട്രക്ഷനിസ്റ്റ് പ്രതലങ്ങളിലും സ്ഥാനപ്പെടുന്നുണ്ട്. ആധുനിക സൈദ്ധാന്തിക ഭാഷാവ്യവഹാരങ്ങളിൽ പാണ്ഡിത്യം നേടിയ ചില മുസ്‌ലിം പണ്ഡിതന്മാർ ജീവശാസ്ത്രപരമായ എസെൻഷ്യലിസ്റ്റ് സ്ഥാനത്തു നിന്നുകൊണ്ട് ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ ആധികാരിതകതയെ പ്രതിരോധിക്കാൻ ശ്രമിച്ചിട്ടുണ്ട്. ശരീരത്തിൽ നിന്നും തിരിച്ച് ടെക്സ്റ്റിലേക്ക് (ഫിത്റ എന്ന നിൽക്കും ജീവശാസ്ത്രം എന്ന നിലക്കും) ഒരു ഇസ്‌ലാമിക ജെൻഡർ നോർമറ്റിവിറ്റിയെ പുനരാലോചിക്കാൻ അനുവദിക്കുന്നത് വരെ സെക്സ്/ജെൻഡർ വ്യത്യാസത്തെ ഈ പൊസിഷൻ സ്വീകരിക്കുന്നുണ്ട്(26). ഉയർന്നുവരുന്ന ഈ പുതിയ പൊസിഷൻ ഫെമിനിസ്റ്റ് ജെൻഡർ തിയറിയുടെ ആശയ വിതാനങ്ങളെ സ്വീകരിക്കുന്നുണ്ടെങ്കിലും, അവയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളെ കീഴ്മേൽ മറിക്കുകയാണ് ചെയ്യുന്നത്. നിലവിൽ തന്നെ ലിംഗവത്കരിക്കപ്പെട്ടിട്ടുള്ള (sexed) ശരീരങ്ങൾ സാമൂഹികമായി ജെൻഡർവത്കരിക്കപ്പെട്ട സ്വത്വമായി മാറുന്നു എന്നും, അത് ആഗോളമായി തന്നെ സ്ത്രീ-പുരുഷൻ എന്ന രണ്ട് നിർണിത സാമൂഹിക വർഗങ്ങളായി മാറുന്നു എന്നുമുള്ളതിന് തെളിവ് നൽകുകയാണ് സെക്സ്/ജെൻഡർ വ്യത്യാസം ചെയ്യുന്നത്. ജെൻഡർ അസമത്വം (gender asymmetry) എന്ന നിലക്കുള്ള ഈ വ്യത്യാസത്തിന്റെ പ്രകടനങ്ങൾ, സമയ-സ്ഥലാന്തരങ്ങളിൽ, നിർമിത യാഥാർഥ്യത്തിന്റേതല്ല, മറിച്ച് സത്ത എന്ന നിലക്ക് ജെൻഡർ വ്യത്യാസങ്ങളുടെ ദൈവികമായ സത്താശാസ്ത്രത്തെ സൂചിപ്പിക്കുന്ന ജീവശാസ്ത്രപരമായ നിർണയങ്ങളുടെ പ്രകൃതത്തിന്റെ അനുഭവപരമായ തെളിവായിട്ടാണ് സംഭരിക്കപ്പെടുന്നത്. പെരുമാറ്റ-മനഃശാസ്ത്ര ഗവേഷണങ്ങളുടെ തെരഞ്ഞെടുത്ത ഒരു കൂട്ടം പഠനങ്ങളെയും, തെരഞ്ഞെടുത്ത ഖുർആൻ ഹദീസ് സാക്ഷ്യങ്ങളെയും ഊന്നിക്കൊണ്ട് ആണും പെണ്ണും തമ്മിലുള്ള അടിസ്ഥാനപരം എന്നു കരുതപ്പെടുന്ന ജെൻഡർ വ്യത്യാസങ്ങൾ സ്ഥാനപ്പെടുന്നത് ആധുനിക ശാസ്ത്രവും മതവും ഉൾകൊള്ളുന്ന ഒരു വിതാനത്തിലാണ്(27). മനുഷ്യന്റെ സെൽഫ്-ഐഡന്റിറ്റിയുടെ ഒരു ഘടകമെന്ന നിലക്കുള്ള ശരീരത്തിന്റെ ഭൗതിക തത്ത്വമീമാംസക്കകത്ത്, ജെൻഡറിന്റെ ഇസ്‌ലാമിക നൈതികതയെ ക്ലിപ്തപ്പെടുത്തുകയാണ് ബയോളജിയിലേക്കുള്ള ഈ മടക്കം ചെയ്യുന്നത്. “സ്വന്തത്തെ” (self) കുറിച്ചുള്ള ഇസ്‌ലാമിക-ഖുർആനിക ആശയങ്ങളും, ശരീരവുമായുള്ള അതിന്റെ ബന്ധവും ജെൻഡറിനെയും ഐഡന്റിറ്റിയെയും കുറിച്ചുള്ള ഇസ്‌ലാമിക മാനത്തെ രൂപപ്പെടുത്തുന്നതിൽ അൽപമാത്രമായ പങ്കാണ് വഹിക്കുന്നത്, ആത്യന്തികമായി ടെക്സ്റ്റിന്റെ ജ്ഞാനശാസ്ത്രപരമായ ആധികാരികതയെ അവ അപ്രകാരം സംശയസ്ഥിതിയിൽ നിർത്തുകയും ചെയുന്നു.

മറ്റൊരു വശത്ത്, ഇവ്വിഷയകമായ ഇസ്‌ലാമിക ഫെമിനിസ്റ്റ് കാഴ്ചപ്പാട് ആരംഭിക്കുന്നത് ഖുർആനിന്റെ ടെക്സ്റ്റുവൽ ഘടനയിൽ നിന്നാണ്, അതിന്റെ ഉൽപത്തി ചരിത്രം സൈദ്ധാന്തികമായി സെക്സ്/ജെൻഡർ വ്യത്യാസത്തെ പ്രശ്നവത്കരിക്കുന്നതിനുള്ള നിർമാണാത്മകമായ ഒരു പോയിന്റ് പ്രദാനം ചെയ്യുന്നുണ്ട്. ഫെമിനിസ്റ്റ് ഖുർആൻ പണ്ഡിതരായ രിഫ്ഫത്ത് ഹസ്സൻ, ആമിനാ വദൂദ്, നിമത്ത് ഹാഫിസ് ബരാസംഗി, അസ്മ ബർലാസ്, അടുത്ത തലമുറയിൽ വന്ന റവാണ്ട് ഒസ്മാൻ(28), സെലീൻ ഇബ്രാഹിം(29) മുതലായവരെല്ലാം ഒരൊറ്റ, ലിംഗം നിർണ യിക്കപ്പെട്ടിട്ടില്ലാത്ത ആത്മാവിൽ (unsexed soul, nafs) നിന്നാണ് മനുഷ്യ ജീവികളുടെ ആരംഭം എന്ന ഖുർആനിക കൽപ്പനയെ അംഗീകരിക്കുന്നുണ്ട്. ഈ ആശയം ഖുർആൻ അദ്ധ്യായം നാലില്‍, സൂക്തം ഒന്നിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്: “അല്ലയോ മനുഷ്യരെ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന്‌ സൃഷ്ടിക്കുകയും, അതില്‍/അവളിൽ നിന്നുതന്നെ അതിന്‍റെ/അവളുടെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക.” ആത്മാവ് (soul) എന്നത് അറബി ഭാഷയിൽ വ്യാകരണപരമായി സ്ത്രീലിംഗമാണെന്നും, എന്നാൽ ഖുർആനിലെ ഏതാണ്ട് മുന്നൂറോളം ആവർത്തനങ്ങളിൽ അത് വ്യക്തികളെന്ന നിലക്ക് ലിംഗ ഭേദമന്യേ മനുഷ്യരെയാണ് സൂചിപ്പിക്കുന്നതെന്നും ഇബ്രാഹിം ഊന്നി പറയുന്നു(30). ശരീരികവും ശാരീരികമല്ലാത്തതുമായവയെ (bodily and non bodily) സൂചിപ്പിക്കാൻ പല സ്ഥലങ്ങളിലും ഖുർആനിൽ ഇപ്രകാരം പ്രയോഗിക്കപ്പെട്ടിട്ടുണ്ട്, ഇവിടെ ശാരീരികപരത (bodiliness) എന്നത് നശ്വരതയെയും മരണത്തെയും സൂചിപ്പിക്കാനാണ് ഉപയോഗിച്ചിട്ടുള്ളതെങ്കിൽ, നോൺ-ബോഡിലിനെസ് ഉപയോഗിച്ചിട്ടുള്ളത് വിവിധങ്ങളായ മനശാസ്ത്ര, നൈതിക രൂപങ്ങളെ സൂചിപ്പിക്കാനാണ്(31). എന്നാൽ ഇതിൽ നിന്നു ഭിന്നമായി ശരീരത്തെ സൂചിപ്പിക്കാൻ ആറു തവണ മാത്രമാണ് ഖുർആൻ ‘ജസദ്’, ‘ജിസ്മ്’ എന്ന പദങ്ങൾ ഉപയോഗിച്ചിട്ടുള്ളത്, അതും ശരീരികമായ രൂപത്തെയും ചിത്രത്തെയും കുറിക്കാനും, കേവല ശാരീരികതയുടെ കാര്യശേഷി സംബന്ധിയല്ലാത്ത (non agentic) വശത്തെ എടുത്തു പറയാനുമാണ് അപ്രകാരം ഉപയോഗിച്ചിട്ടുള്ളത്.

(തുടരും)

വിവർത്തനം : അഫ്സൽ ഹുസൈൻ

റഫറൻസ്

20. Paula Sanders, “Gendering the Ungendered Body: Hermaphrodites in
Medieval Islamic Law,” in Shifting Boundaries: Women and Gender in
Middle Eastern History, ed. Nikki Keddie and Beth Baron (New Haven:
Yale University Press, 1991): 74-95, 77.

21. Everett Rowson, “The Effeminates of Early Medina,” Journal of the American
Oriental Society 111, no. 4 (1991): 671-693.

22. Paula Sanders, “Hermaphrodites Revisited: A Reconsideration,” (2008):
1-4, 4. (https://www.academia.edu/35003377/Hermaphrodites_
revisited_a_reconsideration_1).

23. Khaled El-Rouayheb, Before Homosexuality in the Arab-Islamic World,
1500–1800 (Chicago: University of Chicago Press, 2005), 3.

24. Ibid., 6.

25. Joseph Massad, Desiring Arabs (Chicago: Chicago University Press, 2003).

26. See, for example, Abdul Hakim Murad, “Boys Shall Be Boys,” n.d., http://
masud.co.uk/ISLAM/ahm/boys.html

27. See the popular work of North American Muslim writer Mobeen Vaid,
“In Defence of Male Headship in Islam,” published on Medium’s sec-
tion Occasional Reflections, March 8, 2021, https://medium.com/
occasionalreflections/in-defense-of-male-headship-in-islam-55f055a8877c.

28. Rawand Osman, Female Personalities in the Qur’an and Sunna: Examining
the Major Sources of Imami Shi‘i Islam (New York: Routledge, 2015).

29. Celene Ibrahim, Women and Gender in the Qur’an (Oxford: Oxford
University Press, 2020).

30. Ibid., 23.

31. The fullest treatment of self and body in the Qur’an can be found in ‘Ᾱ’isha
‘Abd al-Raḥmān (Bint al-Shāṭi’, d. 1998), the first woman to author a Qur’an
commentary. See her 1969 Maqāl fī’l-insān, reprinted in al-Qur’ān wa
qaḍāyā al-insān (Cairo: Dār al-Ma‘ārif, 1999), 182-184.

32 Ibid., 184-186.

ശുറൂഖ് നാഖിബ്