Campus Alive

സ്ഥലം, ഇടം, ശൃംഖല: സാമൂഹിക മുന്നേറ്റത്തിന്റെ സൈദ്ധാന്തികവത്കരണം ഭൂമിശാസ്ത്രത്തിലൂടെ-2

(സ്ഥലം, ഇടം, ശൃംഖല: സാമൂഹിക മുന്നേറ്റത്തിന്റെ സൈദ്ധാന്തികവത്കരണം ഭൂമിശാസ്ത്രത്തിലൂടെ, ലേഖന പരമ്പരയുടെ രണ്ടാം ഭാഗം)

സംഘടിത പ്രവർത്തനങ്ങളുടെ സ്വഭാവമനുസരിച്ചു പ്രവർത്തന രീതികളിലും വ്യത്യാസം ഉണ്ടാവും. ഉദാഹരണത്തിന്, പട്ടാളക്കാർ, ഓഹരിവില്പനക്കാർ, ആക്ടിവിസ്റ്റുകൾ തുടങ്ങിയവരൊക്കെ സംഘടിത പ്രവർത്തനം നടത്തുന്നവരാണ്. എന്നാൽ, ഇവരുടെയെല്ലാം കൂട്ടായ പ്രവർത്തന രീതികൾ വ്യത്യസ്തമാണല്ലോ. മറ്റു തരത്തിലുള്ള പ്രവർത്തനങ്ങളിൽ നിന്നും തികച്ചും വിഭിന്നമായ ഒരു തരം സംഘടിത പ്രവർത്തന രീതിയാണ് സാമൂഹിക മുന്നേറ്റം എന്നത്. ഒരുപാട് തരം വൈജാത്യങ്ങൾ  ഉള്ള വിവിധ സംഘടനകളും വ്യക്തികളും ഒരുമിച്ചു നടത്തുന്ന ഒരു തരം രാഷ്ട്രീയമാണ് സാമൂഹിക മുന്നേറ്റം (social movement) എന്ന് പറയാം. നാനാജാതി സ്വഭാവഗുണങ്ങൾ ഉള്ള, സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരുപാട് സംഘടനകളെയും അതുപോലെതന്നെ വ്യക്തികളെയും കൃത്യമായി ക്രമപ്പെടുത്തുകയും വിവിധ തട്ടുകളായി ക്രമീകരിക്കുകയും ചെയ്യുക എന്നത് വളരെ ശ്രമകരമായ ജോലിയാണ്. ഒരു മുന്നേറ്റം അതിന്റെ ലക്ഷ്യപ്രാപ്തിയിലെത്താൻ, പ്രത്യേകിച്ച് വളരെ വിശാലമായ ഒരു പ്രദേശം മുഴുവൻ വ്യാപിച്ച ഒന്നാണെങ്കിൽ, അത്തരമൊരു ഏകോപനവും ക്രമീകരണവും ആവശ്യമാണ് താനും! അത്തരമൊരു ദൗത്യം സാധ്യമാകുന്ന  ഘടകമാണ് സാമൂഹിക ശൃംഖല (social network). ശൃംഖലകളെ കുറിച്ച മനസ്സിലാകാതെ, അതിന്റെ ഭൂമിശാസ്ത്ര വിന്യാസത്തെ കുറിച്ച് ധാരണയില്ലാതെ സാമൂഹിക മുന്നേറ്റത്തെ സാധ്യമാക്കുവാൻ കഴിയുകയില്ല.

വിവിധ ശൃംഖലകൾ വ്യത്യസ്ത ഏകോപന പ്രവർത്തനങ്ങളാണ് നടത്തുക എന്നാണ്  മാർക്ക് ഗ്രാനോവെറ്റർ പറയുന്നത്. ശക്തമായ ബന്ധങ്ങൾ ഇല്ലാത്ത ശൃംഖലകൾ, അഥവാ ‘നേർത്ത ശൃംഖലകൾ’ വിവരങ്ങളും അറിയിപ്പുകളും വ്യാപിക്കപ്പിക്കും. വ്യത്യസ്ത സ്ഥലങ്ങളിൽ ഒരേസമയം ഒരു മുന്നേറ്റം നടക്കുമ്പോൾ വിവിധ ഇടങ്ങളിലെ സംഭവവികാസങ്ങൾ, അറിയിപ്പുകൾ, പ്രശ്നസാധ്യതകൾ, ഉണ്ടാവുന്ന പുരോഗതികൾ, മുദ്രാവാക്യങ്ങൾ, പുതിയ ആശയങ്ങൾ തുടങ്ങി  മുന്നേറ്റവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ തമ്മിൽ തമ്മിൽ എത്തിക്കുക ആക്ടിവിസ്റ്റുകൾ തമ്മിൽ നിലനിൽക്കുന്ന നേർത്ത ശൃംഖലകളാണ്. ഇത് മുന്നേറ്റത്തെ സജീവമായി നിലനിർത്താൻ ഉപകരിക്കുമെങ്കിലും യഥാർത്ഥത്തിൽ നടക്കേണ്ട രാഷ്ട്രീയ ഉദ്യമങ്ങൾ ഇവക്ക് സാധിക്കുവാൻ കെല്പില്ല. ഇവിടെയാണ് സുശക്തമായ ശൃംഖലയുടെ പ്രാധാന്യം.

മുന്നേറ്റത്തെക്കുറിച്ചുള്ള ധാരണകൾ, വൈകാരികത, വിശ്വാസം തുടങ്ങി യഥാർത്ഥമായ മുന്നേറ്റഘടകങ്ങൾ സാധ്യമാകുക സുശക്തമായ ശൃംഖലകളാണ്. മേല്പറഞ്ഞ ഘടകങ്ങളാണ് ഒരു മുന്നേറ്റത്തിന്റെ സാമൂഹിക മൂലധനം (social capital) തന്നെ. ഇത്തരം സാമൂഹിക മൂലധനം ഉണ്ടായിത്തീർന്നാൽ വിലയേറിയ വിഭവങ്ങൾ മുന്നേറ്റത്തിന് വേണ്ടി  ഉപയോഗിക്കാൻ ആളുകൾ വൈകാരികമായി തന്നെ മുൻപോട്ടു വരും. മുന്നേറ്റത്തെ കുറിച്ചും മുന്നേറ്റത്തിന്റെ ഭാഗമായവരെ  കുറിച്ചും അവർക്കിടയിൽ ഉണ്ടായി വരുന്ന വിശ്വാസമാണ് ആളുകളുടെ വിലയേറിയ വിഭവങ്ങൾ മുന്നേറ്റത്തിന് വേണ്ടി മാത്രം ഉപയോഗപ്പെടുത്തുകയും ദുർവ്യയം നടത്താതിരിക്കുകയും ചെയ്യാൻ എല്ലാവരെയും പ്രേരിപ്പിക്കുക. ചുരുക്കി പറഞ്ഞാൽ, നേർത്ത ശൃംഖലകൾ വിവരങ്ങൾ കൈമാറുകയും മുന്നേറ്റത്തിന്റെ സജീവത നിലനിർത്തുകയും ചെയ്യുമ്പോൾ, സുശക്തമായ ശൃംഖലകൾ ആക്ടിവിസ്റ്റുകളെ അപകടകരമായ ഉദ്യമങ്ങൾക്ക് വേണ്ടി തങ്ങളുടെ വിഭവങ്ങളെ ഉപയോഗപ്പെടുത്താൻ പ്രേരിപ്പിക്കുന്നു.

സുശക്തമായ ശൃംഖലകൾ ഉണ്ടാക്കിയെടുക്കുന്നതിൽ  വളരെ വലിയ പങ്ക് വഹിക്കുന്ന സ്ഥാനമാണ് സ്ഥലങ്ങൾക്കുള്ളത് (places). സ്ഥലത്തിന്റെ സാമീപ്യമാണ് ആക്ടിവിസ്റ്റുകൾ തമ്മിൽ ബന്ധപ്പെടാനും ആശയങ്ങൾ രൂപപ്പെടാനും കളമൊരുക്കുന്ന പ്രധാന ഘടകം. ഓരോ സ്ഥലത്തിനും മുന്നേറ്റത്തിന്റെ ആശയനിർവഹണത്തിനോടൊപ്പം തന്നെ, അത് ചെയ്യിപ്പിക്കുന്ന മറ്റു കാരണങ്ങൾ കൂടി ഉണ്ടാകും. പ്രദേശത്തിന്റെ രാഷ്ട്രീയസാഹചര്യത്തിനനുസരിച്ച് തങ്ങളുടേതായ രീതിയിൽ മുന്നേറ്റം അവിടെ സാധ്യമാക്കുക ആയിരിക്കും ആ പ്രദേശത്തുള്ളവർ ചെയ്യുക. പ്രദേശത്തിന്റെ രാഷ്ട്രീയ സാഹചര്യം കൃത്യമായി ആക്ടിവിസ്റ്റുകൾ മനസ്സിലാകുകയും അതിന്റെ സാധ്യതകൾ തിരിച്ചറിയുകയും ചെയ്യുമ്പോളാണ്  പ്രദേശത്തുള്ളവർ തമ്മിൽ ശക്തമായ ബന്ധം രൂപപ്പെടുകയും മുന്നേറ്റം ഉണ്ടാവുകയും ചെയ്യുന്നത്. സ്ഥലങ്ങൾ തമ്മിലുള്ള സാമീപ്യങ്ങൾ ഉണ്ടാക്കിത്തരുന്ന സാധ്യതകളെ തിരിച്ചറിഞ്ഞാൽ മുന്നേറ്റത്തെ വ്യാപിപ്പിക്കുന്ന ജോലി ആക്ടിവിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ശ്രമകരമല്ലാതായിത്തീരും. മാത്രമല്ല, ആക്ടിവിസ്റ്റുകൾ ഒരു സ്ഥലത്തിന്റെ സാധ്യതകളെ മറ്റുള്ള സ്ഥലങ്ങളിലുള്ളവരുമായി പങ്കുവെക്കുകയും അവിടെ നിന്നും സാമ്പത്തിക വിഭവങ്ങൾ സ്വരൂപിക്കുകയും ചെയ്‌താൽ സമപാതികമായി സ്വതന്ത്രമായ രീതിയിൽ മുന്നേറ്റം ഉണ്ടാക്കാൻ കഴിയാത്ത പുതിയ സ്ഥലങ്ങളിൽ വളരെ വേഗം മുന്നേറ്റം സാധ്യമാക്കാം. മുന്നേറ്റം തുടങ്ങിയ സ്ഥലത്തു നിന്നും അതിന്റെ പ്രാന്ത പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ശ്രമിച്ചാൽ ശക്തമായ ബന്ധങ്ങൾ വിവിധ സംഘടനകളും വ്യക്തികളും തമ്മിൽ ഉണ്ടായി വരികയും ചെയ്യും. സാമൂഹിക സമ്പർക്കങ്ങൾ ഉണ്ടാകുന്ന ഇടങ്ങളിൽ ആശയങ്ങൾ പ്രചരിപ്പിക്കുക വഴി വിശാലമായ പ്രദേശത്തേക്ക് ഒരു ചെറിയ ഉദ്യമത്തെ വ്യാപിപ്പിക്കാൻ കഴിയും എന്ന് ദക്ഷിണ കൊറിയയിലെ വിദ്യാർത്ഥികൾ ഉണ്ടാക്കിയെടുത്ത സാമൂഹിക മുന്നേറ്റത്തെ അടിസ്ഥാനപ്പെടുത്തി ജെയിംസ് കോൾമാൻ അഭിപ്രായപ്പെടുന്നു. ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള പ്രധാന ഉപാധികളായി സമരങ്ങൾ, പ്രധിഷേധ സംഗമങ്ങൾ, മീറ്റിംഗുകൾ തുടങ്ങിയവ എത്രയധികം ആക്ടിവിസ്റ്റുകൾ ഓരോ സ്ഥലത്തും നടത്തുന്നുവോ അത്രയുമധികം ജനങ്ങളെ ബോധ്യപ്പെടുത്താനും കയ്യിലെടുക്കാനും സാധിക്കും.

വിവിധ ആക്ടിവിസ്റ്റുകൾ തമ്മിൽ ഉണ്ടാവേണ്ട ശക്തമായ ശൃംഖലകൾ ഉണ്ടാക്കിയെടുക്കുന്നതിൽ തന്ത്രപ്രധാനമായ കർത്തവ്യം സ്ഥലങ്ങൾക്കുണ്ട്.  സ്ഥലത്തിന്റെ സാമീപ്യം മൂലം ഉണ്ടാവുന്ന ശക്തമായ ശൃംഖലകൾ വിപുലമായ സാമൂഹിക മൂലധനമാണ് മുന്നേറ്റത്തിന് സംഭാവന ചെയ്യുക, മൂലധനത്തിന് മേൽ സ്ഥലം ഒരിക്കലും കുത്തകാവകാശം സ്ഥാപിക്കുന്നില്ലെങ്കിലും സ്ഥലമാണ് ശക്തവും സുഭദ്രവുമായ സാമൂഹിക മൂലധനം സാധ്യമാക്കുന്നത്. ആക്ടിവിസ്റ്റുകൾ തമ്മിൽ വലിയതോതിൽ മൂലധനം ഒരുമിച്ചു അനുഭവിക്കുമ്പോൾ കൂടുതൽ കൂടുതൽ വിഭവങ്ങൾ മുന്നേറ്റത്തിന് വേണ്ടി സംഭാവന ചെയ്യാൻ അത് അവരെ പ്രേരിപ്പിക്കുന്നു.

ഓരോ സ്ഥലത്തും നിലനിൽക്കുന്ന വിവിധ അസോസിയേഷനുകൾ, യൂണിയനുകൾ, പള്ളികൾ തുടങ്ങിയവയ്ക്കും ‘സംഭരിക്കപ്പെട്ട സാമൂഹിക മൂലധനം’ ഉണ്ടെന്നത് മറന്നുകൂടാ. അവരുടേതായ ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നതിനോടൊപ്പം മുന്നേറ്റം ഉണ്ടാവുമ്പോൾ അവർക്ക് തങ്ങളുടെ സ്ഥലത്തു വിശിഷ്യമായ പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കും. പ്രക്ഷോഭം നടക്കുമ്പോൾ ഇത്തരം സ്ഥാപനങ്ങൾക്കുള്ള സാമൂഹിക ശൃംഖലകൾ വഴി ആളുകളെ സംഘടിപ്പിക്കാനും മുന്നേറ്റം അതാതു സ്ഥലത്തു സാധിച്ചെടുക്കാനും സാധിക്കും. ഇത്തരമൊരു കെല്പുള്ളതുകൊണ്ടാണ് അവർക്ക് സംഭരിക്കപ്പെട്ട മൂലധനം ഉണ്ട് എന്ന് പറയുന്നത്. മേല്പറഞ്ഞ സ്ഥാപങ്ങൾ വഴി ആക്ടിവിസ്റ്റുകൾക്ക് വളരെ വേഗം ആളുകളെ ഒരുമിച്ചു കൂട്ടാനും മുന്നേറ്റത്തിന്റെ ആശയങ്ങളെ വ്യാപിപ്പിക്കാനും കഴിയും. മുന്നേറ്റ ഭൂമികയിൽ ആളുകൾക്കിടയിൽ പ്രവർത്തിക്കാൻ വേണ്ടി പുതിയ ഒരു സാമൂഹിക ക്രമം ഉണ്ടാക്കിയെടുക്കുന്നതിനേക്കാൾ നല്ലതും വളരെ വേഗം സാധ്യമാകുന്നതും ഇത്തരം സ്ഥാപങ്ങളിലൂടെയുള്ള പ്രവർത്തനമാണ്.

പ്രാദേശികതാ വാദത്തിൽ അധിഷ്ഠിതമായ സ്ഥലത്തിന്റെ സാധ്യതകളാണ് ഇത് വരെ പറഞ്ഞതെങ്കിൽ, സ്ഥലം എന്നതിന് ഒരുപാട്  ‘ബന്ധപ്പെടാനുള്ള ഇടങ്ങൾ’ അടങ്ങിയ പ്രദേശം എന്ന അർത്ഥതലം കൂടി ഉണ്ട്. മറ്റുള്ളവരുമായി നേരിട്ട് ബന്ധപ്പെടാനുള്ള ഇടങ്ങൾ അടങ്ങിയ പ്രദേശത്തെയാണ് റിച്ചാർഡ് സെന്നെറ്റ് മുന്നേറ്റത്തിന്റെ ഭാഷയിൽ സ്ഥലം എന്ന് വിവക്ഷിക്കുന്നത്. ഇത്തരം ‘ഇടങ്ങളിലൂടെ’ നിത്യം ആളുകൾ നേരിട്ട് കാണുകയും ബന്ധം പുലർത്തുകയും ചെയ്യുന്നതുകൊണ്ടുതന്നെ അവർ തമ്മിൽ ‘നാം-അവർ’ എന്ന അപരവത്കരണത്തിന്റെ സീമകൾ ഇല്ലാതാവുകയും പൊതുവായ വിഷയത്തിൽ ആളുകൾ പ്രതിഷേധിക്കുകയും ചെയ്യുന്നു. ബോധ്യങ്ങളെക്കുറിച്ചുള്ള സീമകൾ ഇല്ലാതാവുകയും വ്യത്യസ്തമായ സാമൂഹിക പശ്ചാത്തലമുള്ളവർക്ക് ഒരേ സ്വരമായി മാറാൻ ഉള്ള പൊതുതാല്പര്യം ആയി വർത്തിക്കുക അവർ ഒരുമിച്ചു താമസിക്കുന്ന സ്ഥലത്തിന്റെ പൊതുവായ താല്പര്യം ആണ്. അഥവാ ആ ‘സ്ഥലത്തിന്റെ രാഷ്ട്രീയമാണ്’ നാനാതരത്തിലുള്ള വ്യത്യസ്തതകൾക്കുമപ്പുറത്ത്  അവരെ ഒരുമിപ്പിക്കുന്ന മൂലഹേതു.

ആക്ടിവിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ഇത്തരം ബന്ധപ്പെടാനുള്ള ഇടങ്ങൾ വളരെ വലിയ ഒരു മൂലധനമാണ്. മത്സരരഹിത അന്തരീക്ഷത്തിൽ മുന്നേറ്റത്തെക്കുറിച്ചു ജനങ്ങളെ ബോധ്യപ്പെടുത്താൻ ഇത്തരം ഇടങ്ങൾ ആക്ടിവിസ്റ്റുകൾക്ക് അവസരം നൽകുന്നു. ഒരു സ്ഥലത്തു തന്നെ ഇത്തരത്തിൽ നിരവധി ‘ബന്ധപ്പെടാനുള്ള ഇടങ്ങൾ നിലനിൽക്കുകയും അവ തമ്മിൽ ഉള്ള സാമീപ്യം മുന്നേറ്റത്തെ ശക്തിപ്പെടുത്തുകയും തമ്മിൽ തമ്മിൽ  വ്യാപിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ അപരവത്കരണത്തിന്റെ നിർമാണവും അതുണ്ടാക്കുന്ന അകൽച്ചയും ഇത്തരം ‘ഇടങ്ങൾ’ തമ്മിലുള്ള കൊടുക്കൽ-വാങ്ങലുകളിലൂടെ ഇല്ലാതായിത്തീരുകയും ചെയ്യും. ഇത്തരം ഇടങ്ങളും അത് കൂടിച്ചേരുമ്പോൾ ഉണ്ടാവുന്ന സ്ഥലവും ആക്ടിവിസ്റ്റുകളെ ഉണ്ടാക്കുകയും അവർ തമ്മിൽ ആശയവിനിമയം സാധ്യമാക്കുകയും ചെയ്യുന്നു, ഒപ്പം ആക്ടിവിസത്തിന്റെ പുതിയൊരു ഭാഷ ഉണ്ടായി തീരുകയും ചെയ്യുന്നു ഇത്തരം സ്ഥലങ്ങളിൽ.

ഇത്തരത്തിൽ, വിവിധ ആളുകളുമായി നിരന്തരമായ ആശയവിനിമയ സാധ്യതകൾ തുറന്നിടുന്ന ഇടങ്ങൾ എന്ന അർത്ഥതലത്തിൽ സ്ഥലത്തെ, മുന്നേറ്റത്തെ മുൻനിർത്തി ആശയവത്കരിക്കാം. മറ്റൊരു തരത്തിൽ പറഞ്ഞാൽ, സാമൂഹിക മുന്നേറ്റത്തെ സാധ്യമാകുന്ന രണ്ടു തരം പരസ്പരപൂരകമായ ചലനാത്മകത ഗുണങ്ങൾ ഉള്ള ഒന്നാണ് സ്ഥലം എന്നത്. ഒരു വശത്തു, ആക്ടിവിസ്റ്റുകൾക്ക് മുന്നേറ്റത്തെ ഉണ്ടാക്കുവാനും വ്യാപിപ്പിക്കാനുമുള്ള വേദി എന്ന നിലയിൽ സ്ഥലം നിലനിൽക്കുന്നു. മറ്റൊരു വശത്തു, വിവിധ ആക്ടിവിസ്റ്റുകൾക്ക് തമ്മിൽ കാണുവാനും മുന്നേറ്റത്തെ കുറിച്ചുള്ള ആലോചനകളും നവീനമായ ഭാഷയും ഉണ്ടാക്കാനുള്ള ഇടം എന്ന നിലയിലും സ്ഥലം വർത്തിക്കുന്നു. ഈ രണ്ടു കാര്യങ്ങളും പരസ്പരപൂരകങ്ങളായി സ്ഥലം കേന്ദ്രീകരിച്ചു നടക്കുമ്പോൾ, മുന്നേറ്റത്തിന് പുതിയ സഖ്യകക്ഷികൾ ഉണ്ടാവുകയും നവീനമായ ആശയങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു. ഒപ്പം, സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ വ്യത്യസ്തതകൾ മാറ്റിവെച്ചുകൊണ്ട് പലതരം ആളുകൾ ഒരേ സ്ഥലത്തു, ഒരൊറ്റ ആവശ്യത്തിന് വേണ്ടി മുന്നേറ്റഭൂമിക സൃഷ്ടിക്കുകയും ചെയ്യുന്നു.

മുന്നേറ്റഭൂമികകൾ ഒരൊറ്റ സ്ഥലത്തു മാത്രമല്ല ഉണ്ടാവേണ്ടത്.  വളരെ ജൈവികവും സുശക്തവുമായ രീതിയിൽ ഒരു സ്ഥലത്തു ആക്ടിവിസ്റ്റുകളുടെ പ്രവർത്തനഫലമായി എങ്ങനെയാണ് സാമൂഹിക മുന്നേറ്റം സാധ്യമാവുക എന്നാണ്  നാം പരിശോധിച്ചത്.  ഇങ്ങനെ ഓരോ സ്ഥലത്തും മുന്നേറ്റത്തിന്റെ പുതിയ പടനിലങ്ങൾ ഉണ്ടായി വരേണ്ടതുണ്ട്. തീർത്തും വിഭിന്നമായ ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ പ്രത്യേകതകൾ ഉള്ള വ്യത്യസ്ത സ്ഥലങ്ങൾ തമ്മിൽ എങ്ങനെയാണ് ബന്ധം സ്ഥാപിച്ചെടുക്കേണ്ടത് എന്നും ഒരു വലിയ പ്രദേശം മുഴുവൻ വ്യാപിച്ചു കിടക്കുന്ന സാമൂഹിക മുന്നേറ്റ ഭൂമിക എങ്ങനെയാണ് ഉണ്ടാകേണ്ടത് എന്നതിനെ കുറിച്ചും അടുത്ത ഭാഗത്ത്…

(തുടരും)

ഭാഗം-3 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബിലാൽ ഇബ്നു ശാഹുൽ