Campus Alive

സ്ഥലം, ഇടം, ശൃംഖല: സാമൂഹിക മുന്നേറ്റത്തിന്റെ സൈദ്ധാന്തികവത്കരണം ഭൂമിശാസ്ത്രത്തിലൂടെ-3

(സ്ഥലം, ഇടം, ശൃംഖല: സാമൂഹിക മുന്നേറ്റത്തിന്റെ സൈദ്ധാന്തികവത്കരണം ഭൂമിശാസ്ത്രത്തിലൂടെ, ലേഖന പരമ്പരയുടെ അവസാന ഭാഗം)

സാമൂഹിക മുന്നേറ്റങ്ങൾക്ക് രണ്ടു ഘട്ടങ്ങളാണ് ഉള്ളത്. ആദ്യ ഘട്ടം എന്നത് ആക്റ്റിവിസ്റ്റുകൾ തമ്മിൽ ഉണ്ടായി വരുന്ന നേർത്ത ബന്ധങ്ങളാണ്. അന്യോന്യം ആശയപരമായി അടുക്കുകയും മുന്നേറ്റവുമായി ബന്ധപ്പെട്ട വൈകാരികമായ ആശയ തലങ്ങൾ സൃഷ്ടിക്കുകയും സമാനമായ സമരതന്ത്രങ്ങൾ മെനയുകയും ചെയ്യുന്നതിലൂടെ ഉണ്ടായിവരുന്ന ബന്ധമാണിത്. വ്യത്യസ്ത ആക്ടിവിസ്റ്റുകൾ അല്ലെങ്കിൽ സംഘടനകൾ തമ്മിൽ ആലോചനാപൂർവം ഉണ്ടാക്കിയെടുക്കുന്ന ബന്ധമല്ല ഇത്; മറിച്ച്, പൊതുവായ ഒരു കാര്യത്തിന് വേണ്ടി സമരഭൂമികയിൽ നിൽക്കുമ്പോൾ സ്വാഭാവികമായി ഉണ്ടായിവരുന്ന ഒന്നാണിത്. സാമൂഹിക മുന്നേറ്റത്തിൽ  ഇങ്ങനെ ഉണ്ടായി വന്നിട്ടുള്ള ‘നേർത്ത ബന്ധങ്ങൾ’ കൂടുതൽ സംഘടിതവും ആലോചനാപരമായി ഏകോപിച്ചുമുള്ള ഒന്നായി പരിവർത്തിപ്പിക്കപ്പെടുന്ന തലത്തെയാണ് രണ്ടാം ഘട്ടം എന്ന് പറയുന്നത്. ഏകോപിച്ചുള്ള സംഘടിതപ്രവർത്തനം എന്ന് പറയുന്നത് പൊതുവായ സമരതന്ത്രം, വിഭവങ്ങളുടെയും കർത്തവ്യങ്ങളുടെയും ഏകോപനം,  സമരത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെല്ലാം അടങ്ങുന്ന ഒരു സുശക്തമായ പ്രവർത്തനത്തെയാണ്.

വിഭവങ്ങളുടെ സ്ഥലവിന്യാസം

സാമൂഹിക മുന്നേറ്റം ഒരു ഏകോപിത ജനമുന്നേറ്റമായി മാറിയാൽ, ആക്ടിവിസ്റ്റുകൾ അവയ്ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളാണ് പിന്നീട് വികസിപ്പിക്കേണ്ടത്. സമരതന്ത്രങ്ങളുടെ വികസനവും ഗതിവിന്യാസവും ഏകോപനവും നടത്താൻ ആവശ്യമായ അടിസ്ഥാനപരമായ നേതൃത്വം ഒരുപറ്റം ആക്ടിവിസ്റ്റുകൾ ഏറ്റെടുക്കണം. കൂട്ടത്തിലെ കൂടുതൽ ശക്തനോ സമ്പന്നനോ ആയ വിഭാഗമാണ് സാധാരണഗതിയിൽ നേതൃത്വത്തിലേക്ക് വരിക. അവരുടെ സാമ്പത്തികവും സാംസ്കാരികവും ആയ മൂലധനം അവരെ സാമൂഹികവും ഭൂമിശാസ്ത്രപരവും ആയ പ്രതിബന്ധങ്ങളെ മറികടക്കാൻ സഹായിക്കും. ദൂരത്തിലുള്ള ആക്ടിവിസ്റ്റുകൾ കൂടുതൽ കാലം സ്ഥിരമായ ബന്ധം കാത്തുസൂക്ഷിക്കുന്നതിലൂടെ പൊതുവായ വിശ്വാസവും കീഴ്വഴക്കങ്ങളും വൈകാരിക താളങ്ങളും രൂപപ്പെട്ടു വരും. അവർ തമ്മിൽ ഉണ്ടാവുന്ന വിശ്വാസം അവരുടെ വിലയേറിയ വിഭവങ്ങൾ മുന്നേറ്റത്തിന് വേണ്ടി വിനിയോഗിക്കാൻ അവരെ പ്രാപ്തരാക്കുന്നു. മുന്നേറ്റത്തിനുള്ളിലെ പ്രധാനപ്പെട്ട ജോലികൾ നിർവഹിക്കുന്നതിനാലും വിഭവങ്ങൾ അഥവാ സമ്പത്ത് ഉള്ളതുകൊണ്ടും സ്വാഭാവികമായി ഇത്തരം ധനാഢ്യരായ ആക്ടിവിസ്റ്റുകൾ ആണ് നേതൃത്വ സ്ഥാനം ഏറ്റെടുക്കുക.

ശൃംഖലയുടെ കേന്ദ്രീകൃതമായ ഏകീകരണമാണ് ഒരു മുന്നേറ്റത്തിന്റെ വിജയം എന്നതിൽ ഒരു കൂട്ടർക്കും സംശയം ഉണ്ടാവാൻ വഴിയില്ല. പക്ഷെ, ശൃംഖലകളെ കണ്ണി ചേർക്കുന്നതിൽ നേതാക്കൾക്ക് പലതരം പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. പ്രാദേശിക ആക്ടിവിസ്റ്റുകൾ വിദൂരത്തുള്ള തങ്ങളുടെ സഹപ്രവർത്തകരെ മുന്നേറ്റത്തിന്റെ ഭാഗമായി പരിഗണിക്കുമെങ്കിലും, കേന്ദ്രീകൃതമായ പ്രവർത്തനത്തെ തങ്ങളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് വീക്ഷിക്കാൻ ഇടയുണ്ട്. ഇതിനെ മറികടക്കാൻ പലപ്പോഴും നേതാക്കൾക്ക് കഴിയാതെ വരാറുമുണ്ട്. മുന്നേറ്റത്തിന്റെ ഹൃദയ ഭാഗവും പ്രാന്തപ്രദേശവും തമ്മിലുള്ള സാമൂഹിക മൂലധന ബന്ധത്തിന്റെ അപര്യാപ്തത ഈ പ്രശ്നത്തെ രൂക്ഷമാക്കാറുണ്ട്. ശ്രേണീബദ്ധമായ ബന്ധങ്ങളുടെ അഭാവവും നേതാക്കൾക്ക് എല്ലാവരും തമ്മിലുള്ള(കേന്ദ്രവും പ്രാന്തവും) സഹകരണം ഉറപ്പാക്കാൻ വിനയാകാറുണ്ട്. നേർത്ത ബന്ധങ്ങളും ശ്രേണിബന്ധങ്ങളുടെ അഭാവവും ആളുകളെ അഥവാ ആക്ടിവിസ്റ്റുകളെ മുന്നേറ്റത്തിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാൻ ഹേതുവാകും. ഇത്തരം വെല്ലുവിളികളെ സമൃദ്ധമായി പരിഹരിക്കുക എന്നതാണ് ഒരു വിജയകരമായ നേതൃത്വത്തിന്റെ സ്വഭാവം ആയി ഉണ്ടാവേണ്ടത്. ഒരു ശക്തമായ കേന്ദ്രീകൃത സ്വഭാവം മുന്നേറ്റത്തിന് ഉണ്ടാവുകയും അതേസമയം വ്യത്യസ്ത പ്രാന്തപ്രദേശത്തുള്ള സഹപ്രവർത്തകരുടെ സ്വതന്ത്രമായ പ്രവർത്തനത്തെ വകവെച്ചുകൊടുക്കുകയും ചെയ്യേണ്ടതുണ്ട്; മുന്നേറ്റം സുശക്തവും വിപുലീകൃതവുമായി മുന്നോട്ടുപോവാൻ.

ഒരു രാജ്യത്തു മുഴുവനായി വ്യാപിച്ച ഒരു മുന്നേറ്റത്തിൽ, അല്ലെങ്കിൽ വലിയൊരു പ്രദേശത്താകമാനം വ്യാപിച്ച ഒരു പോരാട്ടത്തിൽ പ്രാദേശികമായ ഘടകങ്ങൾക്ക് വിലയേറിയ ഒരുപാട് പ്രവർത്തങ്ങൾ ചെയ്യാൻ സാധിക്കും. പ്രധാനമായും, ഒരു കേന്ദ്രീകൃത മുന്നേറ്റത്തിൽ സ്വയം കണ്ണിചേർക്കപ്പെട്ടിട്ടുള്ള പ്രാദേശിക ആക്ടിവിസ്റ്റുകൾ വഴി മുന്നേറ്റത്തെ ഏറ്റവും അടിത്തട്ടിലെത്തിക്കാനും അതുമൂലം സമരത്തെ ശക്തിപ്പെടുത്താനും സാധിക്കും. കണ്ണിചേർക്കപെടുന്നതിലൂടെ മുന്നേറ്റത്തെ അടിത്തട്ടിലെത്തിക്കാനുള്ള കേന്ദ്രഘടകത്തിന്റെ പരിശ്രമം എളുപ്പമായി മാറും. വിത്യസ്ത പ്രദേശത്തുള്ള ചെറിയ ചെറിയ മുന്നേറ്റങ്ങളെ ശൃംഖലയുടെ ഭാഗമാക്കുക വഴി അവിടങ്ങളിലെല്ലാം സ്വാഭാവികമായി പൊതുസ്വഭാവം വന്നുചേരുന്നു.

കേന്ദ്രീകൃത പ്രവർത്തനത്തിന്റെ ഭാഗമായി രാജ്യത്താകമാനം പടർന്നുപന്തലിച്ച സമരത്തിന്റെ കണ്ണിയെന്നോണം പ്രാദേശികമായി ഉണ്ടായിവരുന്ന സമരഭൂമിക, മുന്നേറ്റത്തോടുള്ള പ്രദേശവാസികളുടെ ശക്തമായ പ്രതിബദ്ധതയ്ക്ക് കാരണമാവും. ഇത്തരം സമരഭൂമികകൾ മുന്നേറ്റത്തെ ഗൗരവത്തിൽ എടുക്കാനും മുന്നേറ്റത്തോട് പ്രതികരിക്കാനും പ്രാദേശിക രാഷ്ട്രീയ കക്ഷികളെ നിർബന്ധിതരാക്കുകയും ചെയ്യും. അങ്ങനെ ഒരു പ്രദേശത്തെ രാഷ്ട്രീയ നേതൃത്വം സമ്മർദ്ദത്തിലാവുമ്പോൾ അത് കേന്ദ്രത്തിലെ ഭരണസംവിധാനത്തിനു മേലുള്ള സമ്മർദ്ദം സ്വാഭാവികമായും വർധിപ്പിക്കുകയും മുന്നേറ്റത്തിലെ സുപ്രധാനമായ നേതൃത്വം കയ്യാളുന്നവർക്ക് കൂടുതൽ അധികാരം ഉണ്ടാക്കികൊടുക്കുകയും ചെയ്യുന്നു. പ്രാദേശിക മുന്നേറ്റത്തിന്റെ മറ്റൊരു ഗുണം, അവരിലൂടെ സ്വരുക്കൂട്ടുന്ന വിഭവങ്ങൾ മുന്നേറ്റത്തിന്റെ വിവിവിധ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്താം എന്നതാണ്. ഏതൊരു പ്രവർത്തിക്കും പ്രധാന മുന്നേറ്റഭൂമികയെ ആശ്രയിക്കേണ്ട നിലയിൽ നിന്നും സ്വതന്ത്രവും വേഗത്തിലും പ്രവർത്തിക്കാൻ ഇത് കാരണമാവും.

ആഭ്യന്തര ഭിന്നതകളും അധികാര വടംവലികളും

സാമൂഹിക മുന്നേറ്റങ്ങൾ യാഥാർത്ഥ്യമായാൽ, വ്യതിരിക്തമായ പ്രവർത്തന മണ്ഡലങ്ങൾ ഉണ്ടായി വരുന്നതായി കാണാം; വ്യത്യസ്ത തരം ആളുകളും വിഭിന്നമായ ഭൂമിശാസ്ത്രപരിസരമുള്ളവരും തമ്മിൽ. ദേശീയമായ സഖ്യരൂപീകരണത്തിൽ കൂടുതൽ സമ്പന്നമായ സഘടനകളാണ് മെച്ചപ്പെട്ട രീതിയിൽ മേൽകൈ ഉണ്ടാക്കിയെടുക്കുക. അവരുടെ തുടക്കം മുതലേ ഉള്ള  സജീവമായ സാന്നിധ്യവും ഇടപെടലുകളും അവരിൽ നിന്നുതന്നെ നേതൃത്വം ഉയർന്നു വരാൻ കാരണമാവുന്നു. നേതാക്കൾ എന്ന നിലയിൽ, അവർ ആയിരിക്കും മുന്നേറ്റത്തിന് വേണ്ട സമരാവിഷ്കാരങ്ങളും വിഭവ സമാഹരണവും ഏകോപനവുമെല്ലാം ആദ്യ ഘട്ടങ്ങളിൽ ചെയ്യുക. വൈജാത്യത്തിന്റെയും ദൂരത്തിന്റെയും ബുദ്ധിമുട്ടുകൾ തരണം ചെയ്ത മുന്നേറ്റത്തിന്റെ കാതലാവാൻ പക്ഷേ താരതമ്യേന സാമ്പത്തികവും സാംസ്കാരികവുമായ മൂലധനം കുറഞ്ഞവർക്ക് ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട്‌ തന്നെ, മുന്നേറ്റത്തിന്റെ ഭാഗമായ മറ്റുള്ളവരുമായി നിരന്തര ബന്ധത്തിലേർപ്പെടുക എന്നത് ശ്രമകരമായ ഒരു പ്രവർത്തനമാണ് ഇക്കൂട്ടർക്ക്. കൂട്ടുകക്ഷികളുമായി ഉണ്ടാകേണ്ട വിനിമയം, മുന്നേറ്റത്തിലെ പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ അതുകൊണ്ടുതന്നെ ഇവരുടെ പങ്കാളിത്തം കുറവായിരിക്കും. അതിനു പകരമായി, മുന്നേറ്റത്തെ ജനങ്ങളിലേക്ക് വ്യാപിപ്പിക്കാനും ജനങ്ങളെ ഇതിന്റെ ഭാഗമാക്കി മാറ്റാനുമുള്ള പ്രവർത്തനങ്ങളായിരിക്കും കൂടുതലായി ചെയ്യുക.

തങ്ങളുടെ വിഭവശേഷിക്ക് ഉതകുന്ന തരത്തിലുള്ള കർത്തവ്യങ്ങൾ ഏറ്റെടുക്കുന്നതിലൂടെ മുന്നേറ്റം പൊതുവെ ശക്തിപ്പെടുമെങ്കിലും ഇത് ആന്തരികമായ സംഘർഷത്തിലേക്ക് ചിലപ്പോഴെങ്കിലും പോയേക്കാം. ഭൂമിശാസ്ത്രപരമായ വൈജാത്യങ്ങൾ, വർഗപരമായ ഭിന്നതകൾ, സാംസ്കാരികമായ വ്യത്യസ്തതകൾ തുടങ്ങിയവ പലപ്പോഴും ഇത്തരത്തിൽ ചെറിയ തോതിലും അപൂർവമായി വലിയൊരളവിലും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. ഒന്നാമതായി, സമ്പന്ന സംഘടനകൾ, അല്ലെങ്കിൽ ആക്റ്റിവിസ്റ്റുകൾ ആയിരിക്കും കൂടുതലായും തീരുമാനങ്ങളെടുക്കുക. പലപ്പോഴും മുന്നേറ്റങ്ങൾ ഇത്തരമൊരു സാഹചര്യം ഉണ്ടാവാതിരിക്കാനും എല്ലാ തല്പരകക്ഷികൾക്കും തുല്യമായ രാഷ്ട്രീയ ഇടം വകവെച്ചുകൊടുക്കാനും ശ്രമിക്കുമെങ്കിലും പലപ്പോഴും സാമൂഹികമായി നിലനിന്നുപോരുന്ന കീഴ്‌വഴക്കങ്ങൾ മൂലം യഥാർത്ഥമായ തുല്യത ഉണ്ടാവാതെ പോവാറുണ്ട്. ചില പ്രദേശങ്ങൾക്കുള്ള സാമൂഹികമായ മേൽകൈ, ചില സാമൂഹിക വിഭാഗങ്ങൾക്കുള്ള മേൽകൈ, തുടങ്ങിയവ ഇതിനു ഉദാഹരണങ്ങളാണ്.  ഇത് സ്ഥാപനവൽകൃതവും പ്രതീകാത്മകവുമായ അരികുവത്കരണമാണ് യഥാർത്ഥത്തിൽ! രണ്ടാമതായി, മുന്നേറ്റത്തിന്റെ ഭാഗമായി ചെറുതും വലുതുമായ ശൃംഖലകൾ നിർമിക്കപ്പെടുമ്പോൾ പലപ്പോഴും ഓരോ സംഘടനയും തങ്ങളുടെ സംഘടയുടെ വിപുലീകരണം കൂടി ഇതിലൂടെ ലക്ഷ്യമിടാറുണ്ട്. ഇത് മുന്നേറ്റത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന ഒരു പ്രവണതയാണ്.

ചുരുക്കി പറഞ്ഞാൽ, സാമൂഹിക മുന്നേറ്റത്തിലെ ശൃംഖലകൾ തീർത്തും സംഘടിതമായ പ്രവർത്തനം കാഴ്ചവെക്കുകയും സമർഥമായി ആളുകളെ ഒരുമിച്ചു കൂട്ടുകയും ചെയ്യുന്നതിലൂടെ മാത്രമേ പ്രഖ്യാപിത രാഷ്ട്രീയ ആവശ്യങ്ങൾ നേടി എടുക്കുവാൻ സാധിക്കുകയുള്ളു. ആളുകളെ മുന്നേറ്റത്തിന്റെ ഭാഗമാക്കി മാറ്റുവാൻ വേണ്ടി ചില ആക്ടിവിസ്റ്റുകൾ നേതൃചുമതല ഏറ്റെടുക്കുകയും മറ്റുള്ളവർ സ്വയം വ്യത്യസ്ത  പ്രദേശങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും വേണം. അത്തരമൊരു പ്രവത്തന-വിഭജനം മുന്നേറ്റത്തിന്റെ സുഖമമായ നടത്തിപ്പിനും വിജയത്തിനും വേണ്ടി  സാധ്യമാക്കിയേ തീരൂ. ഇത് ഒരേസമയം സമരത്തെ ശക്തിപ്പെടുത്തുകയും ആഭ്യന്തര വെല്ലുവിളികൾ ഉയർത്തുകയും ചെയ്യും. മുന്നേറ്റത്തിന്റെ ദൈർഘ്യം കൂടുന്നതിനനുസരിച്ചു ഇത്തരം വെല്ലുവിളികൾ ദുഷ്കരമാവുകയും ചെയ്യാം. സമർഥമായ നേതൃത്വ പാടവം ശൃംഖലകളെ രൂപീകരിക്കുന്നതിലും ആഭ്യന്തര പ്രശ്നങ്ങൾ ദൂരീകരിക്കുന്നതിലും പ്രദർശിപ്പിച്ചാൽ മാത്രമേ ഒരു സാമൂഹിക മുന്നേറ്റ ഭൂമിക വിജയത്തിൽ എത്തും വരെ നിലനിർത്താൻ സാധിക്കുകയുള്ളു. ഇടങ്ങൾ നിർമിക്കുന്ന രാഷ്ട്രീയവും ഭിന്നതകളും ഒരു വിശാല പ്രദേശത്തു മുഴുവനായി വ്യാപിക്കുന്ന മുന്നേറ്റത്തിൽ സമാനമായ വെല്ലുവിളികൾ ഉയർത്തും. ഇതിനെയെല്ലാം തക്കതായ പ്രാധാന്യത്തോടെ മനസ്സിലാക്കുകയും സമചിത്തതയോടു കൂടി പരിഹരിക്കുകയും ചെയ്യുക വഴി ‘സാമൂഹിക മുന്നേറ്റം’ നമുക്ക് സാധ്യമാക്കാം.

(അവസാനിച്ചു)

ഭാഗം-1

ഭാഗം-2

ബിലാൽ ഇബ്നു ശാഹുൽ