Campus Alive

ബൗദ്ധികതയുടെ കലഹം: സബാ മഹ്മൂദിനെ ഓർക്കുമ്പോൾ

 

ലോകത്തിലെ ആധുനിക നരവംശശാസ്ത്രജ്ഞരുടെയും മതത്തെ കുറിച്ച് പഠിച്ചവരുടെയും കൂട്ടത്തിൽ പ്രധാനിയും കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നരവംശസാസ്ത്ര വിഭാഗം പ്രൊഫസറുമായിരുന്ന സബാ മഹ്മൂദിന്റെ മൂന്നാം ചരമ വാർഷികമാണ് മാർച്ച് 10. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നരവംശശാസ്ത്രത്തിൽ ഗവേഷണ പഠനം ആരംഭിക്കുന്നതിന് മുൻപ് സബാ മഹ്മൂദ് അമേരിക്കയിൽ നിന്ന് വാസ്തുവിദ്യയും അർബൻ പ്ലാനിങ്ങും പഠിച്ചിരുന്നു. 1998 ൽ പിഎച്ച്ഡി നേടിയ ശേഷം 2003ൽ ബെർക്ക്‌ലിയിൽ ചേരുന്നതിന് മുൻപ്, ചിക്കാഗോ യൂണിവേഴ്സിറ്റി ഡിവിനിറ്റി സ്കൂളിൽ അധ്യാപകയായും പ്രവർത്തിച്ചു. ജനിച്ചു വളർന്ന കറാച്ചിയിലാണ് അവരുടെ കുടുംബവും സുഹൃത്തുക്കളും ഉള്ളത്. ഒരുപക്ഷേ, എന്നേക്കാൾ നന്നായി സബയെ അറിയാമായിരുന്ന പലരും അവരിൽ ഉണ്ടാകാം. എങ്കിലും, ഒരു പ്രിയ സുഹൃത്തും സഹ പണ്ഡിതയുമെന്ന നിലയിൽ അവരെ കുറിച്ചുള്ള ചില ചിന്തകൾ പങ്കുവെയ്ക്കുന്നതിലൂടെ അവരുടെ പാണ്ഡിത്യത്തെ സമൂഹത്തിനു മുന്നിൽ പുനരവതരിപ്പിക്കുവാനുള്ള ഒരു ശ്രമം മാത്രമാണിത്.

1993 ലെ ഒരു വേനൽക്കാലത്തായിരുന്നു ഞാൻ കെയ്‌റോയിൽ എന്റെ ഡോക്ടറൽ ഫീൽഡ് വർക്ക് ചെയ്യുന്നത്. ഒരു ദിവസം, സ്റ്റാൻഫോർഡിലെ ചരിത്ര വിഭാഗം പ്രൊഫസറായ ജോയൽ ബെയ്‌നിൻ സബ അടുത്ത ദിവസം മൊറോക്കോയിൽ നിന്ന് എത്തുമെന്ന് അറിയിച്ചുകൊണ്ടുള്ള ഒരു സന്ദേശം അയച്ചു. വർഷങ്ങളായി സുഹൃത്തായിരുന്ന അവർ ഇപ്പോൾ മറ്റൊരു പഠനാവശ്യാർത്ഥം എന്നെ സന്ദർശിക്കാൻ കൂടി വരുന്നുണ്ടെന്ന് കേട്ടപ്പോൾ ഞാൻ അതിസന്തോഷവാനായി. (വൈദ്യശാസ്ത്രത്തിൽ ആദ്യത്തെ ബിരുദം പൂർത്തിയാക്കിയതിന് ശേഷം തന്നെ  ആന്ത്രോപോളജി പഠിക്കാൻ ഞാൻ തീരുമാനിച്ചിരുന്നു). ആർക്കിടെക്ചറിൽ നിന്ന് സാമൂഹ്യശാസ്ത്രത്തിലേക്ക് മാറാൻ തുടങ്ങിയതിന്റെ ആദ്യ ഘട്ടത്തിൽ, കുറച്ച് വർഷങ്ങൾക്ക് മുമ്പ് അവർ എനിക്ക് ഒരു പ്രബന്ധം അയച്ചു തന്നിരുന്നു. പാകിസ്ഥാനിലെ വിശാല ഇടതുപക്ഷത്തിന്റെ ഭാഗമായി സ്വയം കരുതുന്ന നാം അവിടെ ‘വിമോചിപ്പിക്കാൻ’ ശ്രമിക്കുന്നവരുമായുള്ള ഇടപെടലിൽ മതത്തെ ഗൗരവമായി പരിഗണിക്കാത്തത് എന്ത്കൊണ്ട് എന്നതിനെ സംബന്ധിച്ചായിരുന്നു പ്രസ്തുത പ്രബന്ധം. അവരുമായുള്ള നമ്മുടെ ഇടപെടൽ, അവരുടെ ആശയങ്ങളെ അവരുടെ തന്നെ ഭാഗത്ത് നിന്ന് ഗൗരവമായി പരിഗണിക്കുന്നതിന് പകരം, അവരെ നമ്മുടെ വ്യവസ്ഥിതിയിലേക്ക് കൊണ്ടുവരുന്നതിനും ഒപ്പം ഒരു വർഗ്ഗാധിഷ്ഠിത രാഷ്ട്രീയം പ്രദാനം ചെയ്യുന്നതിനുമുള്ള കൃത്രിമവും പ്രതീകാത്മകവുമായ ചില ശ്രമങ്ങൾ മാത്രണെന്ന് സബ വാദിച്ചു.

സബാ മഹ്മൂദ്

അതിന് ശേഷം അവർ ഒരു നരവംശശാസ്ത്രജ്ഞയായി മാറുകയാണെന്ന് വ്യക്തമായിരുന്നു. കെയ്‌റോ സന്ദർശന വേളയിൽ അവർ ഉണ്ടാക്കിയ ബന്ധങ്ങളും സൗഹൃദങ്ങളും രണ്ട് വർഷങ്ങൾക്ക് ശേഷം അവിടെ ഡോക്ടറൽ ഫീൽഡ് ഗവേഷണം ചെയ്യാൻ കാരണമായി. സബ ട്രെയിനിങ്ങ് നടത്തിയത് സ്റ്റാൻഫോർഡിലായിരുന്നുവെങ്കിലും, പ്രശസ്ത നരവംശശാസ്ത്രജ്ഞനായ തലാൽ അസദിന്റെ രചനകൾ അവരെ വളരെയധികം സ്വാധീനിച്ചിരുന്നു. പാശ്ചാത്യ ലോകത്തെയും മുസ്‌ലിം ലോകത്തെയും മതേതര ചിന്തകളുടെ വികാസത്തെ ചരിത്രവൽകരിക്കുന്ന അസദിന്റെ വിമർശനത്തിൽ അവർ ആഴത്തിൽ വർക്ക് ചെയ്തു. തലാൽ അസദും സബയുടെ ഭർത്താവും നരവംശശാസ്ത്രജ്ഞനുമായ ചാൾസ് ഹിഷ്കിന്ദ് ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ വിദ്യാർത്ഥികളും മതേതരത്വം അതിന്റെ തന്നെ യൂറോപ്യൻ ചരിത്രത്തെയാണ് ഉൾവഹിച്ചിരിക്കുന്നത് എന്ന് വാദിച്ചു. ആധുനിക ക്രൈസ്തവതയിലെ സ്വകാര്യ ആരാധനാ സങ്കൽപത്തെ പിന്തുടർന്നുകൊണ്ടുള്ള മതേതരത്വത്തിന്റെ പൊതു/സ്വകാര്യ വിഭജനം അത്തരത്തിലൊന്നാണെന്നും അവർ വാദിച്ചു. ഇതിനെ പിന്തുടർന്ന് കൊണ്ടാണ് സബാ മഹ്മൂദ് തന്റെ ‘പൊളിറ്റിക്സ് ഓഫ് പയറ്റി: ഇസ്ലാമിക് റിവൈവൽ ആൻഡ് ഫെമിനിസ്റ്റ് സബ്ജക്റ്റ്’ എന്ന പുസ്തകത്തിൽ ഈജിപ്തിലെ കെയ്‌റോയിലെ പള്ളികളിലെ ഒരു സ്ത്രീ ഭക്തി പ്രസ്ഥാനത്തെ കുറിച്ച എത്നോഗ്രഫി അവതരിപ്പിക്കുന്നത്. ഈജിപ്തിലെ ഇസ്ലാമിക പുനരുദ്ധാനത്തിന്റെ ഭാഗമായ സ്ത്രീകളുടെ ഇസ്ലാമിക പ്രസ്ഥാനം, ഫെമിനിസ്റ്റ് സിദ്ധാന്തത്തിനും വിശിഷ്യാ ലിബറൽ – മതേതര ചിന്തയ്ക്കും നേരെ ഉയർത്തുന്ന ആശയപരമായ ചില വെല്ലുവിളികളെയാണ് ആ പുസ്തകം അന്വേഷിക്കുന്നത്.

പുസ്തകത്തിൽ അവരുയർത്തുന്ന രീതിശാസ്ത്രപരവും സൈദ്ധാന്തികവുമായ പ്രധാനപ്പെട്ട ഉൾക്കാഴ്ചകളിലൊന്ന്, ഇസ്‌ലാം പോലുള്ള മതപാരമ്പര്യങ്ങളിലെ സ്ത്രീകളെ പഠിക്കുന്നതിന്റെ ഭാഗമായി മിക്ക സ്ത്രീവാദ ചിന്തകരും ഉപയോഗിക്കുന്ന മനുഷ്യ കർതൃത്വത്തെ (Agency) കുറിച്ച ആലോചനകളുടെ മറ്റ് സാധ്യതകളാണ്. അത്തരം പണ്ഡിതന്മാർ, ‘എല്ലാ മനുഷ്യന്റെയും ഉള്ളിൽ സ്വാതന്ത്രത്തിനായുള്ള സ്വതസിദ്ധമായ കാമനയുണ്ട്’ എന്ന മനുഷ്യ പ്രകൃതത്തെ കുറിച്ച നിയതമായ ലിബറൽ ധാരണയെയാണ് പിന്തുടരുന്നതെന്ന് സബാ മഹ്മൂദ് വാദിക്കുന്നു. കൂടാതെ, കർതൃത്വത്തെക്കുറിച്ചുള്ള സങ്കൽപത്തെ അത്തരം ചിന്തകർ സാമൂഹിക മൂല്യങ്ങളെ വെല്ലുവിളിക്കുന്ന ഒരു സ്വാധികാര രാഷ്ട്രീയ-ധാർമ്മിക സ്വത്വത്തിനുള്ളിൽ മാത്രം കണ്ടെത്തുകയും ചെയ്യുന്നു. ഇതിന് വിഭിന്നമായി, സബാ മഹ്മൂദ് തന്റെ പുസ്തകത്തിൽ, ധർമ്മനിഷ്ഠമായ ആത്മരൂപീകരണത്തിനായി ഇസ്ലാമിക പ്രമാണങ്ങളുടെ പഠനവും അധ്യാപനവും മറ്റ് സാമൂഹ്യാനുഷ്ഠാനങ്ങളും വഴി പ്രവർത്തിക്കുന്ന അർബൻ മസ്ജിദ് പ്രസ്ഥാനത്തിലെ സ്ത്രീകളുടെ പ്രവർത്തന രീതികളെ മുൻനിർത്തി ഇത്തരം ലിബറൽ മാതൃകകളെ പുനർവിചിന്തനം ചെയ്യുന്നു. ഈ പ്രസ്ഥാനം അതിന്റെ അനുയായികളെ മതപരമായ ബാധ്യതകൾ ശരിയായ രീതിയിൽ നിർവഹിക്കാൻ മാത്രമല്ല പരിശീലിപ്പിക്കുന്നത്, അതിലുപരി ഇസ്ലാമിന്റെ ഭക്തി സങ്കൽപങ്ങൾക്കനുസൃതമായി എങ്ങനെ ജീവിതത്തെ ക്രമപ്പെടുത്താമെന്ന് കൂടിയാണ് പഠിപ്പിക്കുന്നതെന്നും സബാ മഹ്മൂദ് നിരീക്ഷിക്കുന്നു.

സൈദ്ധാന്തികമായി കർക്കശമായ ഒരു വാദത്തിലൂടെ (ഈ ചെറിയ കുറിപ്പിൽ ആ സങ്കീർണതകളോട് എനിക്ക് നീതി പുലർത്താൻ കഴിയുമെന്ന് തോന്നുന്നില്ല) വ്യക്തി സ്വാതന്ത്ര്യത്തിനോ ആദർശ ധ്വംസനത്തിനോ ആയുള്ള കാമന, സാംസ്കാരികവും ചരിത്രപരവുമായ വ്യത്യാസങ്ങൾക്കപ്പുറം എല്ലാ മനുഷ്യരെയും ഒരുപോലെ പ്രചോദിപ്പിക്കുന്ന “നൈസർഗ്ഗികമായ” ഒന്നല്ലെന്ന് നാം തിരിച്ചറിയണമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. മറിച്ച്, ലിബറൽ രാഷ്ട്രീയത്തിന്റെ പാത പിന്തുടരാത്ത ശരീരങ്ങളേയും അറിവുകളേയും കർതൃത്വങ്ങളേയും നാം സവിശേഷമായി തന്നെ മനസ്സിലാക്കാൻ ശ്രമിക്കണമെന്നും അവർ പറയുന്നു. അതിനാൽ, ആദർശ മൂല്യങ്ങളെ തകർക്കുന്നതിന് പകരം ബാഹ്യമായ ഒരു (ദൈവിക) അധികാരത്തിന് വിധേയപ്പെട്ടുകൊണ്ട് എങ്ങനെയാണ് വ്യത്യസ്ത സാമൂഹിക-സാമ്പത്തിക വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾ ധാർമ്മികാനുഷ്ഠാനങ്ങളും കർതൃത്വപരമായ ശേഷികളുടെ രൂപീകരണവും സാധ്യമാക്കുന്നതെന്ന് പുസ്തകത്തിൽ അവർ പറഞ്ഞു വെക്കുന്നു.

ലിബറൽ ഇതര സ്ത്രീകളുടെ ധാർമ്മിക ഭക്തി, നൈതിക പ്രവർത്തനങ്ങൾ, വിധേയത്വത്തിനുള്ള ആഗ്രഹം തുടങ്ങിയവ വ്യാവഹാരികമായി ഉൽ‌പാദിപ്പിക്കപ്പെടുന്നതാണെന്നും ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന്റെ വക്താക്കളുടേതുപോലെ തന്നെ അതും “നൈസർഗ്ഗികം” ആണെന്നും അവരുടെ എത്നോഗ്രഫിക് ഉദാഹരണങ്ങൾ തെളിയിക്കുന്നു.

മുഖ്യധാരാ ഫെമിനിസ്റ്റ് സിദ്ധാന്തത്തോടുള്ള സബയുടെ ആശയപരമായ വെല്ലുവിളികളും മതേതര-ലിബറൽ  അനുമാനങ്ങളോടുള്ള ശക്തമായ വിമർശനവും കാരണം, ഇസ്ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളെക്കുറിച്ച് പഠിക്കുന്ന ചില എഴുത്തുകാർ പലപ്പോഴും സബാ മഹ്മൂദ് “ഫെമിനിസ്റ്റ് അല്ല” എന്ന് വിശേഷിപ്പിക്കാറുണ്ട്. അവയോടുള്ള പ്രതികരണമെന്നോണം, നീതിരഹിതമായ അനുഷ്ഠാനങ്ങളെയും സാമൂഹിക അനീതിയെയും വിമർശനരഹിതമായി അംഗീകരിക്കുന്നതോ അല്ലെങ്കിൽ താൻ മനസ്സിലാക്കിയ സ്ത്രീകളുടെ ഭക്തി ജീവിതത്തെ നിരുപാധികം സ്വീകരിക്കുന്നതിനോ ആയിരുന്നില്ല താൻ വാദിച്ചതെന്ന് സബാ മഹ്മൂദിന് നിർബന്ധപൂർവം പറയാമായിരുന്നു. പക്ഷേ, താൻ ഇടപഴകിയ ലിബറൽ ഇതര പ്രസ്ഥാനങ്ങളിൽ നിന്ന് പഠിക്കാൻ ഇനിയും തനിക്ക് ഇടമുണ്ടാവാം എന്നിരിക്കെ ഫെമിനിസത്തിന്റെ വിശകലന സ്വഭാവങ്ങളെ ആത്യന്തികമായി കാണേണ്ട ആവശ്യമില്ലെന്ന് അവർ വാദിച്ചു.

ഒരു നല്ല നരവംശശാസ്ത്രജ്ഞയെന്ന നിലയിൽ സബാ മഹ്മൂദ് തന്റെ രചനകളിൽ, നാം പരിവർത്തിപ്പിക്കാൻ ആഗ്രഹിക്കുന്ന ലോകത്തെ ആദ്യം പൂർണമായി മനസ്സിലാക്കാൻ കഴിയേണ്ടതുണ്ടെന്ന് വാദിക്കുന്നു. എന്നാൽ അതിന്റെ അർത്ഥം മുന്നുപാധിയിൽ (priori) നിന്നാവാൻ പാടില്ല, മറിച്ച് ആളുകളുടെ തന്നെ ജീവിതത്തിൽ നിന്നും ബന്ധങ്ങളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും തന്നെ അത് ഉരുത്തിരിയണം.  നേരത്തെ നിശ്ചയിച്ചു വെച്ചിരിക്കുന്ന സമഭാവനയോടെയുള്ള ഒരു ഭാവി വീക്ഷണത്തിൽ നിന്ന് കൊണ്ട് സംസാരിക്കുന്നതിന് പകരം, ജനങ്ങളുടെ തന്നെ സവിശേഷമായ ലോകാനുഭവത്തിന് അകത്ത് നിന്നുകൊണ്ടുള്ളതാവണം നമ്മുടെ വിശകലന ശ്രമങ്ങൾ. ഈ അർത്ഥത്തിൽ, സബാ മഹ്മൂദിന്റേത് ഒരു എളിയ ശ്രമമായിരുന്നുവെങ്കിലും, ‘നോർമേറ്റീവ്’ എന്ന് വിളിക്കപ്പെടുന്ന നമ്മുടെ ലോകാനുഭവങ്ങളിൽ നിന്ന് വ്യത്യസ്തമായ ഇതര ലോകങ്ങളെയും ആദരിക്കുന്ന നരവംശശാസ്ത്ര ചരിത്രത്തിൽ വേരൂന്നിയ വളരെ ഗൗരവതരമായ ഒന്നു കൂടിയാണ് അവരുടെ കണ്ടെത്തലുകൾ. നാം ആക്ഷേപാർഹമെന്ന് കരുതുന്ന ജീവിതാനുഷ്ഠാനങ്ങൾക്ക് പോലും അതേ വിലമതിപ്പും മനസ്സിലാക്കലും നൽകുന്ന ഒരു നോട്ടമാണ് അത്. അത്തരം അനുഷ്ഠാനങ്ങളെ പ്രാധാന്യത്തോടെ കാണുന്ന വിഭാഗങ്ങളുടെ കാമനകളെയും പ്രചോദനങ്ങളെയും പ്രതിബദ്ധതകളെയും കണക്കിലെടുക്കേണ്ടതിന്റെ ആവശ്യകത കൂടി അത് നമ്മെ പഠിപ്പിക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഒരു അന്വേഷണത്തിനിറങ്ങും മുമ്പേ നമുക്കറിയാമെന്ന് ധാരണയുള്ള ചില ചോദ്യങ്ങളുടെ ഉത്തരത്തിന്റെ (ചില പുരോഗമന ലിബറലിസത്തിന്റെ സവിശേഷതകളായ ലക്ഷ്യത്തെകുറിച്ചുള്ള തീർച്ചപ്പെടുത്തലുകൾ) രാഷ്ട്രീയത്തെ കുറിച്ച് ചോദിക്കാനുള്ള സാധ്യതകൾ നാം തുറന്നിടണമെന്ന് അവർ ആഗ്രഹിച്ചു.

ആധുനിക രാഷ്ട്രത്തിന്റെ പുറന്തള്ളൽ നയങ്ങൾ തുറന്ന് കാണിക്കാനായി രാഷ്ട്രീയ മണ്ഡലത്തെ പുനർവിചിന്തനം ചെയ്യാനുള്ള  ഈ പ്രതിബദ്ധത സബാ മഹ്മൂദിനെ തന്റെ ‘Religious Difference in a Secular Age: A Minority Report’ (2015) എന്ന പുസ്തകത്തിന്റെ രചനയിലേക്കാണ് നയിച്ചത്. ആ രചനയിൽ സമകാലിക ഈജിപ്തിലെ മതേതര നിയമ സങ്കൽപ്പങ്ങളുടെ വികാസത്തിലൂടെ കോപ്റ്റിക് ഓർത്തഡോക്സ് ക്രിസ്ത്യാനികൾ നേരിട്ട വിവേചനങ്ങളെ പഠിച്ചുകൊണ്ട് ന്യൂനപക്ഷ ചോദ്യത്തിൽ അവർ ശ്രദ്ധ കേന്ദ്രീകരിച്ചു. ആധുനിക മതേതര ഭരണ സംവിധാനവും മതകീയ ജീവിതത്തിന് മേലുള്ള അതിന്റെ ഇടപെടലും ഒരു വൈരുദ്ധ്യമെന്നോണം എങ്ങനെയാണ് കോപ്റ്റിക് ക്രിസ്ത്യാനികളെ പോലുള്ള ന്യൂപക്ഷങ്ങൾക്കെതിരെയുള്ള ഹിംസയെയും വിവേചനങ്ങളെയും ത്വരിതപ്പെടുത്തിയതെന്ന് സബാ വിശദീകരിക്കുന്നു. പൗരസമത്വം, രാഷ്ട്രീയസമത്വം, ന്യൂനപക്ഷാവകാശങ്ങൾ, മതസ്വാതന്ത്ര്യം, പൊതു/സ്വകാര്യ വിഭജനം തുടങ്ങിയ മതേതര സങ്കൽപ്പനങ്ങൾ ഈജിപ്ഷ്യൻ പശ്ചാത്തലത്തിൽ മതപരമായ അസ്വാരസ്യങ്ങളെയും അസമത്വങ്ങളെയും വർദ്ധിപ്പിക്കുകയാണോ അതോ കുറയ്ക്കുകയാണോ ചെയ്തതെന്ന് പുനർവിചിന്തനം ചെയ്യാൻ ഈ പുസ്തകം നമ്മെ പ്രേരിപ്പിക്കുന്നു.

കളത്തിന് പുറത്ത് കടന്ന് ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുകയും ബൗദ്ധികമായ കംഫർട്ട് സോണുകളെ വെല്ലുവിളിക്കുകയും ചെയ്യുന്ന പ്രകോപനമുളവാക്കുന്ന ഒരു ബുദ്ധിജീവിയായിരുന്നു സബാ മഹ്മൂദ് എന്ന കാര്യത്തിൽ സംശയമില്ല. അവരുടെ രചനകളുമായുള്ള എന്റെ തന്നെ ഇടപഴകലിൽ‌ നിന്ന് മനസ്സിലായ കാര്യം, യോജിപ്പുകളുണ്ടാവുക എന്നതിനപ്പുറം, നിയതമായ ഉത്തരങ്ങൾ നൽകാത്ത ബൗദ്ധികാന്വേഷണ പ്രക്രിയയിൽ ഭാഗവാക്കാവാൻ സഹായിക്കുന്ന വാതായനങ്ങളാണ് അവരുടെ കൃതികൾ എന്നാണ്. അവരുടെ അവസാന പ്രസിദ്ധീകൃത രചന ഇത്തരമൊരു വൈജ്ഞാനിക യാത്രയുടെ ഭാഗമാണ്.

തളർന്നുകൊണ്ടിരിക്കുന്ന സ്വന്തം ആരോഗ്യനിലയെക്കുറിച്ച് ബോധവതിയായ സബ, മരണത്തെക്കുറിച്ചും അതിന് മാനവികവാദത്തിന്റെ ചരിത്രവുമായുള്ള ബന്ധത്തെക്കുറിച്ചും ധൈര്യപൂർവം പര്യവേക്ഷണം നടത്തുന്നുണ്ട്. അവരുടെ കാലശേഷം പ്രസിദ്ധീകരിച്ച ഹ്രസ്വവും മികച്ചതുമായ ഒരു ലേഖനത്തിൽ ധാർമ്മികതയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിലേക്ക് സബാ മടങ്ങുന്നുണ്ട്. ആധുനിക ഹ്യൂമനിസ്റ്റ് പാരമ്പര്യത്തിൽ മരണം “അർത്ഥത്തിന്റെ അന്ത്യത്തെ അടയാളപ്പെടുത്തുന്നു, അല്ലെങ്കിൽ അതിന്റെ തന്നെ പ്രതിനിധാനമാണെന്നും പറയാം” എന്നാണ് അവർ പറയുന്നത്. ആധുനിക ജീവിതം യൗവ്വനത്തിന്റെയും ജീവിതത്തിന്റെയും ആഘോഷങ്ങളിൽ മുഴുകുകയും മരണത്തെ (വാർദ്ധക്യത്തോടൊപ്പം) ആശുപത്രികളുടെയും വൃദ്ധസദനങ്ങളുടെയും പാർശ്വങ്ങളിലേക്ക് മാറ്റിനിർത്തുകയും ചെയ്യുന്നു. രണ്ട് ലോകമഹായുദ്ധങ്ങളിലായി സംഭവിച്ച കൂട്ടമരണങ്ങളോടും നാശങ്ങളോടുമുള്ള തത്ത്വചിന്താപരമായ പ്രതികരണങ്ങളെക്കുറിച്ചുള്ള തന്റെ വായനയുടെ അടിസ്ഥാനത്തിൽ, നമ്മുടെയും മറ്റുള്ളവരുടെയും മരണത്തെക്കുറിച്ചുള്ള നമ്മുടെ മനോഭാവവുമായി ബന്ധപ്പെടുത്തി മരണത്തെ സബാ വീണ്ടും വിലയിരുത്തുന്നു.

മറ്റൊരാളുടെ മരണം (ലോകമഹായുദ്ധങ്ങളിലെ കൂട്ടക്കൊലകളെ പോലെ അത് നമുക്ക് തന്നെ ചെയ്യാൻ കഴിയുമെന്ന സാധ്യത നിലനിൽക്കുന്നിടത്ത്) മരണത്തിന്റെ നൈതിക തലത്തെക്കുറിച്ച് നമ്മെ ബോധവാന്മാരാക്കുന്നു എന്ന പ്രശ്നത്തെ അവർ ഉയർത്തുന്നു. ഈ മാനവിക പ്രേരണയെയും ആത്മത്തിന്റെ ആപേക്ഷിക സ്വഭാവത്തെയും (ജീവിതത്തിലും മരണത്തിലും) പുനരുജ്ജീവിപ്പിക്കുമ്പോഴും, നമ്മുടെ നൈതിക സങ്കൽപ്പങ്ങളുണ്ടായിരുന്നിട്ടും യമനിലെ ക്ഷാമത്തിനും  നാശനഷ്ടങ്ങൾക്കും മുൻപിൽ ലോകം നോക്കിനിൽക്കുകയും മിഡിൽ ഈസ്റ്റിലും മറ്റിടങ്ങളിലും നടക്കുന്ന കൊലപാതകങ്ങൾ തടസ്സമില്ലാതെ തുടർന്നുകൊണ്ടിരിക്കുന്നതിനെയും തൊട്ട് അവർ മുന്നറിയിപ്പ് നൽകുന്നു. ഇവിടെ, ഹ്യൂമനിസ്റ്റ് നൈതികതയുടെയോ സഹാനുഭൂതിയുടെയോ അഭാവത്തേക്കാൾ എങ്ങനെയാണ് രാഷ്ട്രീയ പരിഗണനകൾ ദുരന്തപൂർണമായ കൂട്ട മരണങ്ങൾക്ക് വഴിവെക്കുന്നത് എന്നതിനെ സംബന്ധിച്ച് ചിന്തിക്കാൻ സബാ മഹ്മൂദ് നിർബന്ധിക്കുന്നു. നൈതികതയും അനുകമ്പയുമായുള്ള മാനവിക പ്രതിബദ്ധതയുടെ ബന്ധത്തെ മറികടന്നുകണ്ട് ഈ മരണങ്ങൾ സംഭവിക്കുന്നത് എങ്ങനെ എന്നത് സംബന്ധിച്ച നമ്മുടെ രാഷ്ട്രീയബോധത്തെയും അലംഭാവത്തെയും വെല്ലുവിളിക്കുന്ന അസുഖകരമായ ചോദ്യം അവർ വീണ്ടും ഉന്നയിക്കുന്നു.

സ്ഥാപിത ‘സത്യങ്ങളെ’ ചോദ്യം ചെയ്യുകയും ‘സാംസ്കാരിക ആപേക്ഷികതാ’ സങ്കൽപനത്തിൽ ഊന്നിനിൽക്കുകയും ചെയ്യുന്ന നരവംവശശാസ്ത്ര ചിന്തകൾ, സാർവത്രിക മാതൃകകളുമായി (universalistic paradigm) പ്രവർത്തിക്കുന്ന ഇടതുപക്ഷമോ വലതുപക്ഷമോ ആയ ഏതൊരാളെയും അസ്വസ്ഥപ്പെടുത്തുന്നതായിരിക്കും. ഇത്തരമൊരു സന്ദർഭത്തിൽ, മിക്ക ‘പുരോഗമന’ ഇടങ്ങളുടെയും ഭാവി പ്രവചിക്കുന്നതിലുള്ള നിശ്ചിതത്വം സബാ മഹ്മൂദിന്റെ രചനകളെ എങ്ങനെ സ്വീകരിക്കും എന്ന കാര്യത്തിൽ അനിശ്ചിതത്വത്തിലാവും. ഇനിയും ഒരുപാട് പറയാനുണ്ട്, പക്ഷേ സബയെപ്പോലെ തന്നെ ഞാനും ആളുകളെ ഒരു ബൗദ്ധിക പ്രഹേളികയായി വിടുന്നു. മാത്രമല്ല ആഗോളമായി ബഹുമാനിക്കപ്പെടുകയും പ്രശംസ നേടുകയും ചെയ്യുന്ന ഒരാളാണ് സബാ മഹ്മൂദ്. പുരസ്കാരങ്ങൾക്ക് അർഹമായ പുസ്തകങ്ങളുടെയും ലേഖനങ്ങളുടെയും രചയിതാവ് എന്നതിന് പുറമേ, യൂറോപ്പിലെയും യുഎസിലെയും നിരവധി ഫെലോഷിപ്പുകൾക്കും സ്വീഡനിലെ ഉപ്സാലാ സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റിനും അർഹ കൂടിയാണവർ.

തീക്ഷ്ണവും, ശ്രദ്ധേയവും, വിട്ടുവീഴ്ചയില്ലാത്തവരുമായിരുന്നു സബ. കൊളോണിയൽ-മുതലാളിത്ത അധികാരത്തെ കുറിച്ച് വളരെ ആഴത്തിലുള്ള വിശകലനം സബ തന്റെ കൃതികളിലൂടെ നടത്തുന്നുണ്ട്. കൂടാതെ, 1990 കളുടെ തുടക്കത്തിലും 9/11 ന് ശേഷവുമുള്ള ഇറാഖിലെ യുഎസ് അധിനിവേശത്തിനെതിരെ ശക്തമായി ശബ്ദമുയർത്തുകയും ഫലസ്തീൻ പോരാട്ടത്തോട് പൂർണമായി ഐക്യപ്പെടുകയും ചെയ്ത ഒരു സാമ്രാജ്യത്വ വിരുദ്ധ പണ്ഡിത കൂടിയായിരുന്നു അവർ. 1980 മുതൽക്കേ എനിക്ക് പരിചയമുള്ള ആ സ്ത്രീ, മരണപ്പെടുമ്പോൾ ആ തലമുറയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന ഒരു നരവംശശാസ്ത്രജ്ഞയായി മാറിക്കഴിഞ്ഞിരുന്നു. പശ്ചിമേഷ്യൻ പഠനങ്ങൾ, ഫെമിനിസം, മതം, വിമർശനാത്മക സാമൂഹിക ചിന്ത എന്നീ വിഷയങ്ങളിലെ ചിന്താ രീതികളെയും സംവാദങ്ങളെയും പുനർനിർമ്മിക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു സബാ മഹ്മൂദിന്റെ ചിന്തകൾ. അവസാന കാലത്ത്, പാകിസ്ഥാനിലെ വിഭാഗീയ സംഘർഷങ്ങളെക്കുറിച്ചും സ്റ്റേറ്റ്-ന്യൂനപക്ഷ പ്രശ്നങ്ങളെക്കുറിച്ചും ഗവേഷണം നടത്താൻ അവിടേക്ക് മടങ്ങാൻ അവർ തീരുമാനിച്ചിരുന്നു. മറ്റെന്തിനേക്കാളുമുപരി, പുതിയ യുഗത്തിലെ ലോകസാഹചര്യത്തെ വിശദീകരിക്കാൻ അപര്യാപ്തമായ പഴയ വിശകലന രീതികൾക്കപ്പുറം പുതിയ വഴികൾ തേടുന്ന പണ്ഡിതരുടെ പുതിയൊരു തലമുറക്ക് അവർ വെള്ളവും വെളിച്ചവും ധൈര്യവുമേകി. നമ്മുടെ വാദഗതികളെ പുനർവിചിന്തനം ചെയ്യാനും പുനർനിർമ്മിക്കാനും പരിഷ്കരിക്കാനുമായി അവർ നമുക്ക് നേരെ ഉയർത്തിയ ചോദ്യങ്ങളും നവീനമായ അവരുടെ രചനകളും അതിന്റെ മൗലികതയിൽ തന്നെ കാലാതിവർത്തിയായി ജീവിക്കും.


വിവർത്തനം: അംജദ് കരുനാഗപ്പള്ളി

Courtesy: DAWN

കംറാൻ അസ്ദർ അലി

ടെക്സാസ് യൂണിവേഴ്സിറ്റിയിൽ നരവംശശാസ്ത്ര വിഭാഗം അധ്യാപകൻ