Campus Alive

ആധുനിക രാഷ്ട്രത്തിന്റെ മതേതര ദൈവശാസ്ത്രം

(2019ൽ യഖീൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഒവാമിർ അഞ്ജുമിന്റെ ‘Who Wants the Caliphate..?’ എന്ന സുദീർഘമായ പഠനത്തിന്റെ മലയാള വിവർത്തനം, ഭാഗം ആറ്)


കഴിഞ്ഞ ഭാഗത്തിൽ സൂചിപ്പിച്ച പ്രതിസന്ധികൾ ഒട്ടും യാദൃശ്ചികമല്ല. സ്വതാൽപര്യങ്ങൾക്കനുസൃതമായി പുനർനിർമ്മാണം സാധ്യമല്ലാത്ത ഒരു പ്രബല മതത്തോട് ഏറ്റുമുട്ടേണ്ടി വരുന്ന ഏതൊരു രാഷ്ട്രത്തിനും (state) ഇത്തരം പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടി വരുന്നത് അനിവാര്യമാണ്. അതിനു പുറമേ ഇസ്‌ലാമിന് അതിന്റെ ദൈവശാസ്ത്രപരവും രാഷ്ട്രീയപരവുമായ ആശയഗതികളിലൂടെ ആധുനികതയോട് ഏറ്റുമുട്ടുന്നതിന് വ്യതിരിക്തമായ മാർഗങ്ങളുമുണ്ട്. ഐക്യം, നിയമവാഴ്ച, സഹിഷ്ണുത, ബഹുസ്വരത എന്നിവയെല്ലാം അതിൽ പെടും. ഇസ്‌ലാമിന്റെ ഈ വ്യതിരിക്തത ഇസ്‌ലാമിക വൈജ്ഞാനിക പാരമ്പര്യങ്ങളെ പഠിച്ചവർക്കും, ഇസ്‌ലാമിക ചരിത്രത്തിലെ ജീവിതാനുഭവങ്ങളിൽ ഗവേഷണം നടത്തിയവർക്കും ഒരുപോലെ മനസ്സിലാവുന്നതാണ്.

രാഷ്ട്രത്തോടുള്ള സമ്പൂർണ വിധേയത്വത്തിന്റെ അഭാവത്തിലും, ബാഹ്യ താൽപര്യങ്ങളെയും സ്വാധീനങ്ങളെയും നിരാകരിക്കാതെയും ദേശരാഷ്ട്രത്തിന് പ്രവർത്തിക്കുക സാധ്യമല്ല. രാഷ്ട്രം സ്വതാൽപര്യ സംരക്ഷങ്ങൾക്കു വേണ്ടി നിയമനിർമാണം നടത്തുകയും, പൗരന്മാരുടെ ജീവിത-മരണങ്ങളെ പോലും നിർണയിക്കുന്ന തീരുമാനങ്ങളെടുക്കുകയും രാഷ്ട്രതാൽപര്യങ്ങൾക്ക് വേണ്ടി മരിക്കാനും കൊല്ലാനും വരെ പൗരന്മാരെ പ്രാപ്തരാക്കുകയും ചെയ്തുകൊണ്ടിരിക്കും. നിഷ്പക്ഷ നീതിന്യായ സംവിധാനമുള്ള ഒരു ലിബറൽ ജനാധിപത്യ രാഷ്ട്രത്തിൽ, സ്റ്റേറ്റിന്റെ അധികാര പ്രയോഗങ്ങൾ നിയന്ത്രണ വിധേയമായിരിക്കുമെങ്കിലും, യാഥാർഥ്യത്തിലേക്കു വരുമ്പോൾ ഇതു വളരെ വിരളമായി മാത്രമേ നിലനിൽക്കുന്നുള്ളൂ എന്ന് അനുഭവസാക്ഷ്യങ്ങൾ തെളിയിക്കുന്നു. മതകീയമായ പ്രതിബദ്ധതയോടും, സാമുദായിക നൈതികതയോടും പാരിസ്ഥിതിക സുസ്ഥിരതയോടും ചേർന്ന്പോകാത്തതും ഹിംസ്രമായ മുതലാളിത്തത്തിനു മുന്നിൽ നിസ്സഹായമായ അവസ്ഥയിലുമാണ് ആധുനിക ലിബറൽ ജനാധിപത്യ രാഷ്ട്രങ്ങൾ പലപ്പോഴും കാണപ്പെട്ടിട്ടുള്ളത്. സംഘടിതവും അതീന്ദ്രിയവുമായ ഏതെങ്കിലും തരത്തിലുള്ള മൂല്യങ്ങളുടെ അഭാവത്തിൽ ആധുനിക രാഷ്ട്രത്തിലെ പൗരന്മാരെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത് ബഹുരാഷ്ട്ര കുത്തകകളോ വംശ-ദേശീയ ഡെമൊഗോഗുകളോ (ജനാധിപത്യത്തിനകത്ത് രൂപപ്പെടുന്ന പോപ്പുലിസ്റ്റ് സ്വഭാവമുള്ള നേതാവ്/നേതാക്കൾ) ചില സമയത്ത് ഇവ രണ്ടുമോ ആണ്. ലിബറൽ ഡെമോക്രസികളാവട്ടെ അല്ലാത്തവയാകട്ടെ, ആധുനിക രാഷ്ട്രം നിയമത്തിന്റെയും നൈതികതയുടെയും പൗരജീവിതത്തിന്റെയും മേൽ സമഗ്രാധിപതിയായി വർത്തിക്കുന്നുണ്ട്.

ആധുനിക ദേശരാഷ്ട്രത്തിന്റെ ഏത് അംഗീകൃത രൂപവും ഇസ്‌ലാമിന് അന്യമാണ്. ഇസ്‌ലാമും ദേശരാഷ്ട്രവും തമ്മിലെ പൊരുത്തക്കേട് ഇസ്‌ലാമിക വൈജ്ഞാനിക പാരമ്പര്യത്തിലെ പൊതുധാരണയായിരുന്നു. സമീപകാലത്ത് ഇതിനെ വാഇൽ ബി ഹല്ലാഖ് ‘ദി ഇമ്പോസിബ്ൾ സ്റ്റേറ്റ്’ എന്ന പുസ്തകത്തിലൂടെ ശക്തമായി വീണ്ടും ഉന്നയിക്കുന്നുണ്ട്. ആധുനിക ദേശരാഷ്ട്രം ‘അധാർമിക’മല്ലെങ്കിലും (immoral) ധാർമിക ഉദാസീനതയുള്ളതും (amoral)  ഇസ്‌ലാമിനോട്‌ യോജിച്ചുപോകാത്തതുമായ സ്ഥാപനമാണ് എന്ന് അദ്ദേഹം വാദിക്കുന്നു. എന്നാൽ ഹല്ലാഖിന്റെ രാഷ്ട്ര-വിമർശനം, രാഷ്ട്രത്തെ സംബന്ധിച്ച ഒരു പ്രത്യേക ആശയവുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ടുതന്നെ പ്രഗത്ഭരല്ലാത്ത ആളുകൾക്കിടയിൽ അനേകം സംശയങ്ങൾക്ക് ഇതു വഴിവെച്ചിട്ടുണ്ട്. അതിനാൽ, ഹല്ലാഖിന്റെ വാദത്തെ കൂടുതൽ വ്യക്തമാക്കുന്ന അധികകുറിപ്പ് കൂടി ഇവിടെ ചേർക്കുന്നു.

The Impossible State: Islam, Politics, and Modernity’s Moral Predicament

ആദ്യകാല ഇസ്‌ലാമിക ഭരണകൂടങ്ങളെ വിശേഷിപ്പിക്കാൻ ‘സ്റ്റേറ്റ്’ എന്ന പദം ഉപയോഗിക്കുക സാധ്യമാണോ? എപ്പോഴാണ് സാധിക്കുക? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുമ്പോൾ, ‘സ്റ്റേറ്റ്’ എന്ന സംജ്ഞയുടെ നിർവചനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ നാം എങ്ങനെ അഭിമുഖീകരിക്കുന്നു എന്നത് വളരെ പ്രധാനമാണ്. ഭരണരൂപങ്ങളെ കുറിച്ച ചരിത്രപരമായ ബോധങ്ങളെയും, വിശാലവും ആധികാരികവുമായ ബദലുകളെയും അപ്രസക്തമാക്കുമാറ് ആധുനിക രാഷ്ട്രം സമകാലിക ലോകത്തെയും അതിന്റെ ഭാവനകളെയും വരുതിയിലാക്കിയിട്ടുണ്ട്. ചില പ്രത്യേക സംഭവവികാസങ്ങളുടെ ഫലമായി 1300നും 1600നുമിടക്കാണ് യൂറോപ്പിൽ സ്റ്റേറ്റ് എന്ന ആശയം രൂപംകൊള്ളുന്നത് എന്ന് യൂറോപ്യൻ ചരിത്രകാരന്മാർ പ്രസ്താവിക്കുന്നുണ്ട്. സ്റ്റേറ്റിനെ സർവവ്യാപിയും എന്നാൽ വ്യക്തിരഹിതവുമായി നിർമിച്ചെടുക്കുന്ന ചില സങ്കൽപനങ്ങളുടെ സ്വാധീനമാണ് സ്റ്റേറ്റിനെ മുൻകാല ഭരണരൂപങ്ങളിൽ നിന്നും വ്യത്യാസപ്പെടുത്തുന്നത്; (a) ഏകാധിപത്യത്തിൽ നിന്നും, അധികാരികളുടെ സർവാധിപത്യത്തിൽ നിന്നും വ്യത്യസ്തമായി, സ്റ്റേറ്റിനെ ഒരു പ്രത്യേക നിയമ-ഭരണഘടനാ ക്രമമായി നിർമിച്ചെടുത്തു. (b) ദൈവത്തെയും ചർച്ചിനെയും വിശുദ്ധ റോമൻ സാമ്രാജ്യത്തെയും പുറന്തള്ളിക്കൊണ്ട് ഒരു ഭൂപ്രദേശത്തിന്റെ നിയമസ്രോതസ്സ് സ്റ്റേറ്റായി മാറി. (c) പൗര വിധേയത്വത്തിന്റെ സമുചിതമായ ഒരേയൊരു രൂപമായി സ്റ്റേറ്റ് മാറി. മറ്റൊരർഥത്തിൽ, മതേതരപരത, അതിർത്തികേന്ദ്രീകൃതത്വം (Territoriality), വ്യക്തിരാഹിത്യം, പരമാധികാരം എന്നിവ ആധുനിക രാഷ്ട്രത്തിന്റെ അനിവാര്യ ഘടകങ്ങളായി മാറി. സ്റ്റേറ്റിനെ കുറിച്ച് ചരിത്രകാരന്മാർ വെച്ചുപുലർത്തിയ മാക്സിമലിസ്റ്റ് നിർവചനങ്ങളിൽ (maximalist defenition) നിന്നും വ്യത്യസ്തമാണ് പിൽകാലത്ത് വ്യാപകമായി പ്രചരിക്കപ്പെട്ട മിനിമലിസ്റ്റ് (minimalist) നിർവചനങ്ങൾ. ഉദാഹരണത്തിന്, ചാൾസ് ടില്ലി, ഒരു നിശ്ചിത ഭൂപ്രദേശത്തിനകത്ത്, കുടുംബം, ബന്ധുത്വം എന്നീ സംഘാടനങ്ങളിൽ നിന്നു ഭിന്നമായി, നിശ്ചിത അധികാര പ്രയോഗങ്ങളിലൂടെ ഭരണം നടത്തുന്ന, മറ്റെല്ലാ സംഘാടനങ്ങളെക്കാളും വ്യക്തമായ മുൻഗണന പുലർത്തുന്ന അധികാര സ്ഥാപനമായി സ്റ്റേറ്റിനെ അദ്ദേഹം നിർവചിക്കുന്നു. ഇതു മിനിമലിസ്റ്റ് നിർവചനങ്ങൾക്കുദാഹരണമാണ്. ഇതനുസരിച്ച്, പ്രവാചകന്റെ വിയോഗ ശേഷമുള്ള മദീനയുടെ ഭരണമാതൃക ഇത്തരത്തിൽ ഒരു ‘സ്റ്റേറ്റിനെ’ പ്രതിനിധീകരിക്കുന്നതായിരുന്നു. അബൂബക്കർ (റ) ന്റെ ഭരണത്തോടെ ഇതുകൂടുതൽ ശക്തിപ്പെടുകയും ചെയ്തു. എന്നാൽ സ്റ്റേറ്റിന്റെ മിനിമലിസ്റ്റ് ഉപയോഗങ്ങൾ കൃത്യതയില്ലാത്തതുകൊണ്ട്‌, രാഷ്ട്രീയ അധികാരത്തിന്റെ പൂർവാധുനിക ഇസ്‌ലാമിക മാതൃകകളെ സൂചിപ്പിക്കാൻ ഹല്ലാഖിനെ പോലെ, ‘ഗവൺമെന്റ്’, ‘ഗവേണൻസ്’ തുടങ്ങിയ പദങ്ങൾ ഉപയോഗിക്കുന്നതാണ് ഉചിതം.

കൃത്യമായി പറഞ്ഞാൽ, ആധുനിക രാഷ്ട്രം എന്നത് രാജവാഴ്ചയിൽ നിന്നും, സ്വേച്ഛാധിപത്യ ഭരണങ്ങളിൽ നിന്നും ഭിന്നമായ, അമൂർത്തവും വ്യക്തിരഹിതവുമായ (impersonal) ഭരണ സ്ഥാപനമാണ്. പതിനേഴാം നൂറ്റാണ്ടിലുണ്ടായ യൂറോപ്യൻ നൂതനാവിഷ്കാരം എന്ന നിലക്ക്, ഇസ്‌ലാമിക ദൈവ-കർമ ശാസ്ത്രങ്ങൾക്ക് അന്യമായ അധികാര സ്വരൂപമാണ് ‘സ്റ്റേറ്റ്’. ക്രൈസ്തവതയിലെ ദൈവത്തിന്റെ അധികാരത്തെ ഏറ്റെടുക്കുന്ന ഒന്നായി രാഷ്ട്രീയ തത്വചിന്തകന്മാരും ചരിത്രകാരന്മാരും സ്റ്റേറ്റിനെ മുൻപുതന്നെ പരിചയപ്പെടുത്തുന്നുണ്ട്. ആധുനിക രാഷ്ട്രീയ തത്വചിന്തയിൽ ഏറെ എടുത്തുദ്ധരിക്കപ്പെട്ട ‘കാൾ ഷ്മിത്തിന്റെ’ ‘പൊളിറ്റിക്കൽ തിയോളജി’ എന്ന പ്രബന്ധത്തിലെ ഒരു ഭാഗം ഇങ്ങനെ വായിക്കാം;

“ആധുനിക രാഷ്ട്ര സിദ്ധാന്തത്തിന്റെ എല്ലാ പ്രധാന ആശയങ്ങളും മതേതരവൽക്കരിക്കപ്പെട്ട ദൈവശാസ്ത്ര സങ്കൽപ്പങ്ങളാണ്. [ക്രിസ്ത്യൻ] ദൈവശാസ്ത്ര ആശയങ്ങൾ രാഷ്ട്ര സിദ്ധാന്തമായി പരിവർത്തിക്കപ്പെട്ട (ഉദാഹരണത്തിന്, സർവശക്തനായ ദൈവം സർവശക്തനായ നിയമദാതാവായി മാറി) ചരിത്രപരമായ വികാസം മാത്രമല്ല ഇതിന് കാരണം, അതിന്റെ വ്യവസ്ഥാപിത ഘടനയും ഈ മതേതരവൽക്കരണ പ്രക്രിയയിൽ പങ്കുവഹിച്ചിട്ടുണ്ട്. ഈ ആശയങ്ങളുടെ [രാഷ്ട്രസിദ്ധാന്തത്തിന്റെ ആശയങ്ങൾ] സാമൂഹ്യശാസ്ത വിശകലനത്തിന് ഈ ഘടനകളെ തിരിച്ചറിയുക അനിവാര്യമാണ്”.

രാഷ്ട്രീയ സങ്കൽപനങ്ങളുടെ ദൈവശാസ്ത്ര പശ്ചാത്തലവും ഉത്ഭവവുമാണ് ആധുനിക രാഷ്ട്രത്തെ നിർവചിക്കുന്നത് എന്നതാണ് ഈ നിരീക്ഷണത്തിലെ പ്രസക്തമായ കാര്യം. അവയെ ഇങ്ങനെ വ്യാഖ്യാനിക്കാം; (a) പരമാധികാരം (sovereignty-നിയമനിർമാണം നടത്താനും, നിയമങ്ങളിൽ ഇളവു ചെയ്യാനുമുള്ള, ദൈവസമാനവും അവിതർക്കിതവുമായ അധികാരം). (b) ഭൂപ്രദേശം (territory-സ്റ്റേറ്റിന്റെ സമഗ്രാധിപത്യം പരമമായിട്ടുള്ള അതിർത്തി പ്രദേശം). (c) ദേശീയ സമുദായം (national community-രാഷ്ട്രത്തിന്റെ മഹത്വത്തിലും ഇതിഹാസ-പുരാണാത്മക ഭൂതകാലത്തിലും വിശ്വസിക്കുന്ന ഒരു സമൂഹം). (d) പൗരത്വം (citizenship- രാഷ്ട്രവുമായുള്ള ബന്ധത്തിന്റെ പേരിൽ നൽകപ്പെടുന്ന അവകാശങ്ങൾ, പൗരത്വ രഹിതർക്ക് ഈ അവകാശങ്ങൾ തടയപ്പെടുന്നു).

കാൾ ഷ്മിത്ത്

സ്റ്റേറ്റിന്റെ ആശയപരമായി തന്നെയുള്ള മതേതര പ്രകൃതമാണ് ഷ്മിത്തിന്റെ നിരീക്ഷണത്തിലെ ശ്രദ്ധേയമായ മറ്റൊരു വസ്തുത. ഏതൊരു പ്രത്യയശാസ്ത്രത്തിനും പൂരിപ്പിക്കാൻ കഴിയുന്നൊരു വിടവല്ലത്, മറിച്ച് രാഷ്ട്രത്തിന് സ്വയം ഒന്നുണ്ട്. വാഇൽ ബി ഹല്ലാഖ് ഈ ആശയത്തെ കൈകാര്യം ചെയ്യുന്നുണ്ട്; “ഭരണകർത്താക്കളുടെ ഹിതമനുസരിച്ച് പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന, തത്വത്തിൽ നിഷ്പക്ഷമായ ഭരണ സംവിധാനമായാണ് സ്റ്റേറ്റിനെ ആധുനിക ഇസ്‌ലാമിക വ്യവഹാരങ്ങൾ മനസ്സിലാക്കുന്നത്. ആയതിനാൽ, ഖുർആൻ ഉദ്ഘോഷിച്ചതും പ്രവാചകൻ മദീനയിൽ സാക്ഷാൽകരിച്ചതുമായ മൂല്യങ്ങളെ സ്ഥാപിക്കാൻ ‘ഇസ്‌ലാമിക് സ്റ്റേറ്റിന്’ സാധിക്കും എന്ന വ്യാഖ്യാനം നിലവിലുണ്ട്. എന്നാൽ ഇതങ്ങനെയല്ല. സ്റ്റേറ്റ് രാഷ്ട്രീയവും, സാമൂഹികവും, സാമ്പത്തികവും, സാംസ്കാരികവും, ജ്ഞാനശാസ്ത്രപരവും, മനഃശാസ്ത്രപരവുമായ സവിശേഷ സ്വാധീനങ്ങളുൽപ്പാദിപ്പിച്ചുകൊണ്ടും, ഒരു പ്രത്യേക ജ്ഞാനവ്യവസ്ഥയെ രൂപപ്പെടുത്തിക്കൊണ്ടുമാണ് നിലനിൽക്കുന്നത്. ഇതു തിരിച്ച് ഓരോ വ്യക്തിയുടെയും, സംഘടിത വിഷയികളുടെയും (collective subjectivity) കാഴ്ചപ്പാടുകളെയും നിർണയിക്കുകയും രൂപപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു”.

സ്റ്റേറ്റിന്റെ നിയമം നിർമിക്കുന്നതും, നടപ്പാക്കുന്നതും, വിധിന്യായം നടത്തുന്നതും സ്റ്റേറ്റ് തന്നെയാണ് എന്നതാണ് മേൽ സൂചിപ്പിച്ച സ്റ്റേറ്റിന്റെ പ്രത്യയശാസ്ത്രപരമായ സവിശേഷാധികാരത്തിനു കാരണം. പരമമായ ഈ അധികാരം അമൂർത്തമായ അസ്തിത്വമായി സ്റ്റേറ്റിനെ മാറ്റുന്നുണ്ടെങ്കിലും, യഥാർഥത്തിൽ അതിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത് ഏതാനും ആൾക്കൂട്ടങ്ങളാണ്. ദേശരാഷ്ട്ര വ്യവസ്ഥ എന്ന അന്താരാഷ്ട്ര ഉടമ്പടിയിലൂടെ, ആഗോള ശക്തികളാണ് ആധുനിക സ്റ്റേറ്റിന്റെ ഈ കൈകാര്യകർത്താക്കളെ നിശ്ചയിച്ചത് താനും! സ്റ്റേറ്റിന്റെ (ലെവിയാത്തൻ) അധികാരം നിസ്സീമമാണെന്നിരിക്കെ, അതിനെ വ്യവസ്ഥാപിതമായി നിയന്ത്രിക്കാനും സമതുലിതാവസ്ഥയിൽ നിലനിർത്താനും അധികാര വികേന്ദ്രീകരണം ഫലപ്രദമാക്കാനുമാണ് ഭരണഘടനാവാദവും, ജനാധിപത്യ സംവിധാനവുമെല്ലാം നിലവിൽ വരുന്നത്. എന്നാൽ, ഈ നിർണയ-നിയന്ത്രണോപാധികളെല്ലാം സ്റ്റേറ്റിനകത്തു (അധികാരത്തിനകത്ത്) തന്നെയാണ് കുടിയിരുത്തപ്പെടുന്നത്. അപൂർണമായ ജനാധിപത്യ രാഷ്ട്രങ്ങളിൽ (പൂർണ ജനാധിപത്യം എന്ന ഒന്നുണ്ടോ?) ഈ സമഗ്രാധിപത്യം കൂടുതൽ വ്യക്തമായി ദൃശ്യപ്പെടുകയും, അധികാര വികേന്ദ്രീകരണം ഫലപ്രദമാകാതെ പോവുകയും ചെയ്യുന്നു. ഏറെ സ്ഥാപനവൽകൃതമായി വികാസം പ്രാപിച്ച അമേരിക്കയിൽ പോലും അധികാര വികേന്ദ്രീകരണം എന്ന പരികൽപന ശരിയാം വിധം  നിലനിന്നിട്ടില്ല എന്ന് അനേകം നിയമ-ചരിത്രകാരന്മാർ നിരീക്ഷിക്കുന്നുണ്ട്. യാഥാർഥമോ മനപ്പൂർവം സൃഷ്ടിക്കപെട്ടതോ ആയ യുദ്ധം പോലെ, സ്ഥായിയോ അവിരാമമോ ആയ പ്രതിസന്ധി ഘട്ടങ്ങളിൽ ദൈവ സമാനമായ പരമാധികാരി (ലെവിയാത്തൻ) യെപ്പോലെയാണ് സ്റ്റേറ്റ് വർത്തിക്കുന്നതെന്ന് ഇംഗ്ലീഷ് തത്വചിന്തകൻ തോമസ് ഹോബ്സ് നിരീക്ഷിക്കുന്നുണ്ട്.

ഇസ്‌ലാമിക ദൈവശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം സ്റ്റേറ്റുമായുള്ള ഇടപാടിൽ അധികാരികൾ വ്യക്തിപരമായി ധാർഷ്ഠ്യം പുലർത്തുന്നതോ, മർദക-വിവേചന നയങ്ങൾ നടപ്പിലാക്കുന്നതോ അല്ല പരമമായ പ്രശ്നം. ചരിത്രത്തിൽ മർദക  ഭരണാധികാരികളെ തിരുത്തുന്നതിന് ഇസ്‌ലാമിക നൈതിക വ്യവസ്ഥയെ മതപണ്ഡിതന്മാർ ഉപയോഗപ്പെടുത്തിയിരുന്നു. ചിലയവസരങ്ങളിൽ ഭരണകർത്താക്കൾക്കെതിരെ സായുധ സമരങ്ങൾ പോലും ഇവ്വിധം നീതീകരിക്കപ്പെട്ടിരുന്നു. എന്നാൽ ഹല്ലാഖിനെ പോലെയുള്ളവർ അഭിപ്രായപ്പെട്ടതു പോലെ, ഇസ്‌ലാമിക ചട്ടക്കൂടിനകത്ത് ആധുനിക സ്റ്റേറ്റിന്റെ നിർചനപരമായും ഘടനാപരവുമായുള്ള അസാധ്യതയാണ് ഈ വിഷയത്തിൽ പരാമമായിട്ടുള്ളത്. മതാഭിപ്രായങ്ങളും സ്ഥാപനങ്ങളും സ്റ്റേറ്റിനാൽ നിയന്ത്രിക്കപ്പെടുകയാണ് ചെയ്യുക, മറിച്ചൊരു സാധ്യത അവിടെയില്ല. മുസ്‌ലിം/ഇസ്‌ലാമിക സമൂഹമാണ് പ്രബലമെങ്കിലും ആധുനിക സ്റ്റേറ്റ് ഒരിക്കലും ഇസ്‌ലാമികമാവുകയില്ല. അത് മതേതരവും (secular), നിരന്തരമായി  മതേതരവൽക്കക്കപ്പെട്ട് കൊണ്ടിരിക്കുന്നതുമാണ്. മതേതരമായിരുന്നിട്ടുകൂടി, യൂറോപ്പിലും അമേരിക്കയിലുമുൾപ്പെടെ സ്വതാൽപര്യാർത്ഥം മതങ്ങളെ ചൂഷണം ചെയ്യുന്നതിൽ നിന്ന് സ്റ്റേറ്റ് അധീശ വ്യവഹാരങ്ങൾ ഇതുവരെയും പിന്തിരിഞ്ഞിട്ടില്ല. അതിനാൽ, ‘ഇസ്‌ലാമിക് സ്റ്റേറ്റ്’ എന്നതൊരു വിരുദ്ധോക്തിയാണ് (oxymoron). ഇസ്‌ലാമികം എന്നവകാശപ്പെടുന്ന രാഷ്ട്രങ്ങളുടെ കഴിഞ്ഞ പതിറ്റാണ്ടുകളിലെ അനുഭവങ്ങൾ ഈ പ്രസ്താവനയെ ഉറപ്പിക്കുന്നതുമാണ്.

പ്രാദേശിക (territorial) സർവാധികാരത്തെ വിഭാവന ചെയ്യുന്ന ആധുനിക സ്റ്റേറ്റിൽ നിന്നു ഭിന്നമായി മുസ്‌ലിംകളുടെ ബാധ്യതകളും അവകാശങ്ങളും നിർണയിക്കുന്നിടത്ത് ദേശീയമോ പ്രാദേശികമോ ആയ യാതൊരു മാനദണ്ഡങ്ങളും ഇസ്‌ലാം കണക്കിലെടുക്കുന്നില്ല. താൽക്കാലികവും പ്രായോഗികവുമായ ചില തലങ്ങളിലൊഴികെ, മറ്റു പ്രദേശങ്ങളിലുള്ള മുസ്‌ലിം സമൂഹത്തിന്റെ ആവശ്യങ്ങളും, അവകാശങ്ങളും, അവരനുഭവിക്കുന്ന കഷ്ടാനുഭവങ്ങളും പരിഗണിക്കാതെ, അവരുമായുള്ള ബന്ധം വിച്ഛേദിക്കാൻ മുസ്‌ലിംകളെ അനുവദിക്കാത്ത, അവരോട് ഐക്യദാർഢ്യം പുലർത്താനും പിന്തുണ പ്രഖ്യാപിക്കാനും മുസ്‌ലിംകളോട് ആഹ്വാനം ചെയ്യുന്ന അനേകം വേദവാക്യങ്ങൾ കാണാൻ സാധിക്കും. റോഹിങ്ക്യൻ/ഉയിഗൂർ/ഫലസ്തീനി/കശ്മീരി മുസ്‌ലിംകളെ അടിച്ചമർത്തുന്നതിനെതിരെ പ്രതികരിക്കേണ്ടത് മുസ്‌ലിംകളുടെ കടമയായി ഖുർആൻ പ്രഖ്യാപിക്കുന്നുണ്ടെന്നർത്ഥം. ദൂരം, സാധ്യത എന്നിവയുടെ പരിഗണനകൾക്കു കൂടി വിധേയമായി ബാധ്യതയാകുന്നതാണ് ഈ കൽപന. വ്യക്തിയുടെ ഐക്യദാർഢ്യങ്ങളെ/പിന്തുണകളെ പ്രാദേശികമായ അതിർത്തികളിൽ തളച്ചിടുന്ന രാഷ്ട്രീയ ഘടനാവൽകരണണവുമായി ഇസ്‌ലാം നിരന്തരമായ സംഘർഷത്തിലാണ്. പ്രാദേശിക രാഷ്ട്രത്തിന്റെ(Territorial state) താൽപര്യം ഇസ്‌ലാമുമായി ഇടയുന്ന മറ്റൊരു ഘട്ടം, തങ്ങളുടെ അതിർത്തിക്കു പുറത്തുള്ള മതാധികാരത്തോടുള്ള പൗരന്മാരുടെ വിധേയത്വമാണ്. മുൻകാലങ്ങളിൽ ഇസ്‌ലാമിക നാടുകളെ നിർവചിക്കുന്നതിൽ പ്രധാനമായിരുന്ന പണ്ഡിത-ബൗദ്ധിക-സൂഫീ ശൃംഖലകൾ ദേശരാഷ്ട്രത്തിന്റെ ഈ അതിർത്തി താൽപര്യങ്ങൾക്ക് വെല്ലുവിളിയായി തുടരുന്നു. പ്രാദേശിക-ദേശീയ ഗവണ്മെന്റുകളുടെ പരിമിതമായ ഭരണസ്വാതന്ത്ര്യം എന്ത്കൊണ്ടും സാധ്യമാണ് (അത് അഭിലഷണീയവുമാണ്), എന്നാൽ ദേശരാഷ്ട്രം വിഭാവന ചെയ്യുന്ന പരമാധികാര സങ്കൽപം ഇതിനപ്പുറം കടന്നുകയറുന്നവയാണ്. ആയതിനാൽ, ഒരു പ്രദേശത്തെ ഭരണ-നിയമ സംവിധാനം എന്ന നിലയിൽ ഗവണ്മെന്റിനെ, അമൂർത്തവും സമഗ്രാധിപത്യ സംവിധാനവുമായ സ്റ്റേറ്റിൽ നിന്നും വേർപ്പെടുത്തി മനസ്സിലാക്കേണ്ടത് പ്രധാനമാകുന്നു. അപ്രകാരം, ഭാവി ഖിലാഫത്തിനു വേണ്ടിയുള്ള ആലോചനകൾ പ്രാദേശിക നിർവഹണ കേന്ദ്രങ്ങളെയും, സ്ഥാപനങ്ങളെയും, സമുദായങ്ങളെയും, ചരിത്രത്തെയും തകർത്തുകൊണ്ടുള്ള പ്രാദേശിക-അതിരാഷ്ട്രം (regional-superstate) നിർമിക്കുന്നതിലേക്കു തെന്നിമാറരുത്.

ദേശ രാഷ്ട്രത്തിനെതിരെ മറ്റു വിമർശനങ്ങൾ ഉന്നയിക്കുക സാധ്യമാണ്, തീർച്ചയായും ഉന്നയിക്കപ്പെട്ടിട്ടുമുണ്ട്. എന്നാൽ ദേശരാഷ്ട്രത്തിനെതിരെ സമഗ്രമായ വിമർശനമുന്നയിക്കുക എന്നതല്ല നമ്മുടെ ലക്ഷ്യം. മറിച്ച് മുസ്‌ലിം നാടുകളിൽ എന്തുകൊണ്ടാണ് ദേശരാഷ്ട്രങ്ങൾ ദയനീയമായി പരാജയപ്പെട്ടത് എന്നതിന്റെ കാരണം അന്വേഷിക്കുകയാണ് നമ്മൾ ചെയ്തത്. ദേശരാഷ്ട്രങ്ങളുടെ അസ്തമയത്തോടെ, ഇസ്‌ലാമികവും കൂടുതൽ മനുഷ്യത്വപരവുമായ രാഷ്ട്രീയ അസ്തിത്വം നിർമിക്കാനുള്ള ചരിത്രപരമായ അവസരം മുസ്‌ലിംകൾക്കു ലഭിക്കുന്നതെങ്ങനെയെന്നും നമ്മൾ അന്വേഷിക്കേണ്ടതുണ്ട്.

ഭാവി പരിപാടികൾ

“സാമ്പത്തിക വിദഗ്ധരുടെയും രാഷ്ട്രീയ തത്വചിന്തകന്മാരുടെയും അഭിപ്രായങ്ങൾ, അവ ശരിയോ തെറ്റോ ആകട്ടെ, സാമാന്യധാരണകളെക്കാൾ ശക്തമാണ്. തീർച്ചയായും, ലോകത്തെ ചലിപ്പിച്ചുകൊണ്ടിരിക്കുന്നതും മറ്റൊന്നല്ല”. (ജോൺ മെയ്നാഡ് കെയ്ൻസ്)

ഭാവി ഖിലാഫത്തിനെ ഒരു അതിരാഷ്ട്രമായോ, നിലവിലുള്ള സ്റ്റേറ്റുകളെ ബന്ധിപ്പിക്കുന്ന കേവലമായ സംവിധാനമായോ അല്ല, മറിച്ച് വ്യത്യസ്തമായ രാഷ്ട്രീയ ചിന്തയിൽ നിന്നു രൂപപ്പെടുന്ന സവിശേഷ ഭരണ സംവിധാനമായി വിഭാവന ചെയ്യേണ്ടതുണ്ട് എന്നതാണ് ആധുനിക സ്റ്റേറ്റിനെ കുറിച്ച മേലുദ്ധരിച്ച വിമർശനങ്ങളുടെ അനിവാര്യ താൽപര്യം. ഈ രാഷ്ട്രീയ ചിന്ത ദേശീയതയിലും, സെക്കുലറിസത്തിലും വെസ്റ്റ്ഫാലിയൻ മാതൃകയിലും ഊന്നിയ രാഷ്ട്രീയ ചിന്തകളിൽ നിന്നു വിഭിന്നമാണ്. ആധുനിക അനുഭവങ്ങളെ നിരാകരിച്ചുകൊണ്ട് പൂർവാധുനിക മാതൃകകളിലേക്ക് മടങ്ങണം എന്നതല്ല ഇതിന്റെ താൽപര്യം. മറിച്ച്, ഭാവിയെ വീക്ഷിക്കുമ്പോൾ ഭൂതകാലത്തിൽ നിന്നും വിവേകവും മാർഗനിർദേശങ്ങളും സ്വീകരിച്ചുകൊണ്ട് അധീശ ചിന്തകൾക്കപ്പുറത്തേക്ക് രാഷ്ട്രീയ വീക്ഷണങ്ങളെയും ഇടപാടുകളെയും വികസിപ്പിക്കാൻ നമുക്കു സാധിക്കണം. ദേശരാഷ്ട്രങ്ങൾ നമുക്ക് പകർന്നുതന്ന അബദ്ധധാരണകളെ തിരുത്താൻ നാം തയ്യാറായാൽ, വർത്തമാന-ഭൂത കാലങ്ങളിൽ നിന്നുള്ള അനേകം പ്രചോദനങ്ങൾ നമുക്കു ലഭ്യമാകും.

അബ്ദു റസാഖ് സൻഹൂരി

ഖിലാഫത്ത് പുനഃസ്ഥാപിക്കുക എന്നത് ഒട്ടും അചിന്തനീയമല്ല. ഒരുപാട് മുസ്‌ലിം ചിന്തകർ അങ്ങനെയാണ് മനസ്സിലാക്കിയിരുന്നത്. ഈജിപ്ഷ്യൻ നിയമ വിശാരദനും, ഈജിപ്ഷ്യൻ-ഇറാഖി-മറ്റു അറബ് സിവിൽ നിയമങ്ങളുടെ പ്രധാന കർത്താവുമായ അബ്ദുറസാഖ് സൻഹൂരി, വ്യവസ്ഥാപിതവും പുരോഗമനപരവുമായി ഖിലാഫത്ത് പുനഃസ്ഥാപിക്കുക എന്ന ആശയത്തെ കുറിച്ച് എഴുതുന്നു: “പൂർണവും റാഷിദൂൻ മാതൃകയിലുള്ളതുമായ ഖിലാഫത്ത് സ്ഥാപിക്കുക എന്നത് നിലവിലെ സാഹചര്യത്തിൽ അസാധ്യമാവുന്നു. എന്നാൽ നിലവിലെ സാഹചര്യങ്ങളുടെ തേട്ടമനുസരിച്ച്, താൽക്കാലികമായ ഇസ്‌ലാമിക ഗവൺമെന്റ് (ഹുകൂമ) സ്ഥാപിക്കുക എന്നതല്ലാതെ മറ്റു ബദലുകൾ ഇസ്‌ലാമിക ലോകത്തിനു മുന്നിലില്ല. എന്നാൽ, അത്തരം ഗവൺമെന്റുകൾ താൽകാലികവും അപൂർണവുമാണെന്ന ഓർമ വേണം. ശരീഅത്ത് പ്രത്യേകമായ ഭരണ സംവിധാനം നിഷ്‌കർഷിച്ചിട്ടില്ല എന്നതിനാൽ, ഭാവിയിലെ മാതൃകാ ഖിലാഫത്ത് കൂടുതൽ അയവുള്ളതാവണം”[1].

തുടർന്ന് ഫലപ്രദവും പൂർണവുമായ ഖിലാഫത്ത് സ്ഥാപിക്കുന്നതിനു വേണ്ട ആവശ്യോപാധികളെ അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്;

(1) ഇസ്‌ലാമിക നാടുകളുടെ ഏകീകരണം

(2) ഇസ്‌ലാമിക നിയമം സ്ഥാപിക്കൽ

(3) മതപരവും രാഷ്ട്രീയപരവുമായ ചില ഘടകങ്ങൾ. അവയെന്തൊക്കെയാണെന്ന് അദ്ദേഹം തുടർന്നു വിവരിക്കുന്നു.

(a) അധികാര വികേന്ദ്രീകരണം: പ്രത്യേക വ്യക്തിയിലോ സംഘത്തിലോ അധികാരം കേന്ദ്രീകരിക്കപ്പെടുന്നത്, മതത്തിനും നൈതികതക്കും മേൽ രാഷ്ട്രീയം (political) ആധിപത്യം നേടുന്നതിന് എങ്ങനെ കാരണമാകുന്നു എന്നതിനു ചരിത്ര-വർത്തമാന അനുഭവ സാക്ഷ്യങ്ങളുണ്ടല്ലോ.

(b) നിയമ പരിഷ്‌കാരം: സാമ്പ്രദായിക ഇസ്‌ലാമിക നിയമ സംവിധാനങ്ങളിൽ (ആചാരപരമായവ ഒഴിച്ച്) ഗവേഷണം നടത്തുകയും, അവ നടപ്പിൽ വരുത്തുന്നതിന് മുൻപ് പരിഷ്കരിക്കരണ വിധേയമാക്കുകയും ചെയ്യുക.

(c) വികേന്ദ്രീകരണവും പ്രാദേശിക ഭരണവും: ഇസ്‌ലാമിക ലോകത്തിന്റെ ഐക്യം കേന്ദ്രീകൃത ഭരണം വഴി നിലനിർത്താൻ സാധ്യമല്ല എന്നത് ചരിത്ര വസ്തുതയാണ്. ഇസ്‌ലാമിക കർമശാസ്ത്രം അതിനു നിർബന്ധിക്കുന്നുമില്ല. ഓരോ പ്രാദേശിക ഭരണ മേഖലകൾക്കും വലിയ അളവിൽ സ്വാതന്ത്ര്യം നൽകിക്കൊണ്ട്, വികേന്ദ്രീകൃതമായ ഭരണമാണ് സാധ്യമാകേണ്ടത്.

സൻഹൂരി വെറുമൊരു സ്വപ്നജീവിയായിരുന്നില്ല. അദ്ദേഹത്തിന്റെ തുടർന്നുള്ള പഠനങ്ങളിൽ അത്തരമൊരു ബഹുമുഖ ഭരണവ്യവസ്ഥ അഭിമുഖീകരിക്കേണ്ടി വരുന്ന വിഷയങ്ങളെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. മതപരവും അല്ലാത്തതുമായ വ്യവഹാരങ്ങളുടെ നിർവഹണത്തിനു വേണ്ട കമ്മിറ്റികൾ മുതൽ അമുസ്‌ലിം പൗരന്മാരുടെയും അവകാശങ്ങൾ, അമുസ്‌ലിം അയൽ നാടുകളുമായുള്ള ഇടപാടുകൾ വരെ ഇതിൽ പെടും.

ഇവ്വിഷയകമായി, യു.എസിന്റെ ഭരണഘടനാ സംവിധാനമാണ് ആധുനിക ലോകം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച രാഷ്ട്രീയ വിഭാവന. ഒരു സമകാലിക രാഷ്ട്രീയ ചിന്തകർക്കും ഇത് അവഗണിക്കുക സാധ്യവുമല്ല. ഇറാഖിൽ ജനാധിപത്യം കൊണ്ടുവരാൻ ജോർജ് ബുഷിന്റെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങൾ പരാജയപ്പെട്ടത് ഇറാഖിന് ജോൺ ലോക്കിനെ പോലെ ഒരു തത്വചിന്തകനോ, ജോർജ് വാഷിങ്ടണെ പോലെ ഒരു രാഷ്ട്ര തന്ത്രജ്ഞനോ, അലക്സാണ്ടർ ഹാമിൽട്ടണെ പോലെ ഒരു സാമ്പത്തിക വിദഗ്ദ്ധനോ ഇല്ലാതെ പോയതുകൊണ്ടാണെന്ന് വലതുപക്ഷ ചിന്തകനായ ജോർജ് വിൽ അദ്ദേഹത്തിന്റെ ‘ദി കൺസർവേറ്റീവ് സെൻസിബിലിറ്റി’ എന്ന പുസ്തകത്തിനു വേണ്ടി നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെടുകയുണ്ടായി. അമേരിക്കയുടെ രാഷ്ട്രീയ വ്യവസ്ഥയെ സംവിധാനിച്ച പ്രതിഭാശാലികൾ, വിജയകരമായ ജനാധിപത്യത്തിനു വേണ്ട സംസ്കാരവും വ്യക്തിത്വവും കൂടി സ്ഥാപിച്ചെടുത്തു എന്നതാണ് അദ്ദേഹം ഉന്നയിച്ച വാദത്തിന്റെ സാരാംശം. മറ്റൊരർഥത്തിൽ, വിജയകരമായ രാഷ്ട്രീയ സംവിധാനത്തിന് മൂന്ന് അനിവാര്യമായ ഘടകങ്ങളുണ്ട്; സംഘടിതമായ ഒരു ആശയം, ധൈര്യശാലികളും അസാമാന്യ പ്രതിഭകളുമായ പണ്ഡിതർ, അവരുടെ വിഭാവനകളോട് പ്രതികരിക്കാൻ ശേഷിയുള്ള സമൂഹം എന്നിവയാണിവ. ജോർജ് വില്ലിന്റെ ഇറാഖിനെ കുറിച്ച ധാരണകൾ ആഴമുള്ളവയല്ല. ഇറാഖിന്റെ ചരിത്രത്തിലെ രക്തപങ്കിലമായ അധ്യായങ്ങളെ വിൽ അവഗണിച്ചുകളയുന്നു. എന്നാൽ, ധിഷണാശാലികളായ പണ്ഡിതർ, സമൂഹത്തിന്റെ അംഗീകരണ-പ്രതികരണ ശേഷി, ഇറക്കുമതി ചെയ്യപ്പെടുന്ന പരിഹാരങ്ങളുടെ പരാജയം തുടങ്ങിയ അദ്ദേഹത്തിന്റെ നിരീക്ഷങ്ങൾ പ്രസക്തമാണ്. അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ കുറിച്ച വില്ലിന്റെ നിരീക്ഷണം അതിലേറെ പ്രസക്തമാണ്. മുകളിൽ നിന്ന് താഴേക്കിടയിലേക്ക് അനുവദിച്ചുകൊടുക്കുന്ന വിധത്തിൽ അവകാശങ്ങളെ കണ്ടെത്തുകയല്ല, മറിച്ച് ദൈവദാനമെന്ന് വിശ്വസിക്കപ്പെടുന്ന പൂർവ അവകാശങ്ങളെ സംരക്ഷിച്ചു നിർത്തുകയാണ് അതിന്റെ താൽപര്യം എന്നാണ് വിൽ നിരീക്ഷിക്കുന്നത്.

ജനാധിപത്യപരമായോ അല്ലെങ്കിൽ ശൂറ (കൂടിയാലോചനാ സമിതി-നിലവിൽ അതിന് മാതൃകകളില്ല) -പ്രാതിനിധ്യം, കൂടിയാലോചന, വിശ്വാസ്യത എന്നിവ സാധ്യമാകുന്ന- മുഖേനയോ ഭരിക്കപ്പെടുന്ന പ്രാദേശിക ഗവൺമെന്റുകളുടെ ഫെഡറേഷൻ ആയാണ് ഖിലാഫത്തിനെ നാം വിഭാവന ചെയ്യുന്നത്. ഇസ്‌ലാമിക ശരീഅത്ത് പ്രകൃത്യാ ബഹുസ്വരതയെ അംഗീകരിക്കുന്ന നിയമ വ്യവസ്ഥയാണ്. അമുസ്‌ലിംകൾക്കു മേൽ വർഗീയ ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ അതു താൽപര്യപ്പെടുന്നില്ല. ജനങ്ങൾ വിശ്വാസമർപ്പിക്കുന്ന നിയമങ്ങൾ കൊണ്ടു മാത്രമേ അവരെ ഭരിക്കാൻ കഴിയൂ എന്ന, സാമുദായിക ജീവിതത്തെയും ഭരണ നിർവഹണത്തെയും കുറിച്ച ഉത്തമ ഇസ്‌ലാമിക ബോധ്യത്തിൽ നിന്നു കൂടിയാണ് ഇത് ഉരുത്തിരിയുന്നത്. ഇസ്‌ലാമിക ഭരണത്തിന്റെ മറ്റൊരു സവിശേഷത, കുടുംബങ്ങളുടെയും സമൂഹത്തിന്റെയും ധാർമികവൽക്കരണമാണ്. മൂന്നാമത്തെ സവിശേഷത, പ്രാദേശിക സമ്പ്രദായങ്ങളോടും ആചാരങ്ങളോടുമുള്ള മമതയാണ്. ആധുനിക ദേശരാഷ്ട്രങ്ങൾ ഇവയെ അവഗണിച്ചുകൊണ്ട് ഇസ്‌ലാമിക നിയമങ്ങളെ രാഷ്ട്ര നിയമങ്ങളായി പരിവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോൾ ദുരന്തപൂർണമായ ഫലങ്ങളാണ് ഉണ്ടായത്.

മേൽവിവരിച്ച സവിശേഷതകളെല്ലാം ഗവണ്മെന്റിന്റെ അധികാരങ്ങളെ പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു ഭരണഘടനയുടെ ആവശ്യത്തിലേക്കു വിരൽ ചൂണ്ടുന്നുണ്ട്. ഭാവി മുസ്‌ലിം ഫെഡറേഷന്റെ ഭരണഘടനാ സംവിധാനത്തിന്റെ പ്രധാന സ്രോതസ്സ് ഇസ്‌ലാമിക വൈജ്ഞാനിക പാരമ്പര്യങ്ങളായിരിക്കും. അതിനോടനുരൂപമായ സമകാലിക വൈജ്ഞാനിക സ്ഥാപനങ്ങളും പരിഗണിക്കപ്പെടേണ്ടതുണ്ട്.

ഇതൊരു സായുധ വിപ്ലവത്തിനുള്ള പ്രേരണയല്ല. അത്തരം വിപ്ലവങ്ങൾക്ക് ഹിംസയുടെയും ഭീകരതയും അകമ്പടിയുണ്ടാകും. മറിച്ച്, ആഗോള മുസ്‌ലിം സമൂഹത്തിന്റെ ഭാവി നിശ്ചയിക്കുന്ന ഖിലാഫത്തിനെ കുറിച്ച വിശാലവും സംഘടിതവുമായ വ്യവഹാരവും പ്രയോഗവും നിർമിച്ചെടുക്കാനുള്ള ഗൗരവകരമായ ശ്രമമാണിത്. സമീപ പ്രധാനമായ ബാധ്യതകളെയും കടമകളെയും അവഗണിക്കാതെ തന്നെ ആഗോളമായി ചിന്തിക്കാൻ മുസ്‌ലിംകളെ പ്രേരിപ്പിക്കുന്ന ചിന്തയാണിത്. അഥവാ, പ്രാദേശികമായി പ്രവർത്തിക്കുമ്പോൾ തന്നെ ആഗോളമായി ചിന്തിക്കാൻ നമുക്കു സാധിക്കേണ്ടതുണ്ട്. രാഷ്ട്രീയമായും (politically) മുസ്‌ലിംകളായി ജീവിക്കാനുള്ള സാധ്യതകളെ കുറിച്ച ചർച്ചകളും ശൃംഖലകളും പര്യാലോചനകളും ഉൽപാദിപ്പിക്കാനുള്ള ആഹ്വാനമാണിത്. മനുഷ്യനിർമിത അതിർത്തികൾ ഭേദിച്ചുകൊണ്ട് പ്രായോഗികവും നൈതികവുമായ ചോദ്യങ്ങളുയർത്താൻ മുസ്‌ലിം യുവതയെ ഇതു പ്രേരിപ്പിക്കുന്നുണ്ട്. എങ്ങനെയാണ് ദൈവനിരാസത്തോടും വിശ്വാസരാഹിത്യത്തോടും പ്രതികരിക്കുക, അധീശ വിഭാഗങ്ങളുടെ അഴിമതിയും ഉദാസീനതയും എങ്ങനെയാണ് ചെറുക്കുക, കുടിയിറക്കപ്പെട്ട അഭയാർഥി സമൂഹത്തിന് എങ്ങനെയാണ് ഉയിരു നൽകുക, പീഡനത്തിനിരയാകുന്ന വിശ്വാസി സഹോദരങ്ങൾക്ക് എങ്ങനെയാണ് തുണയാവുക, സാമ്പത്തിക സഹകരണവും, രാഷ്ട്രീയ സ്ഥാപനങ്ങളുടെ അഴിച്ചുപണിയും, മതവ്യവഹാരങ്ങളുടെ ഉന്നമനവും എങ്ങനെയാണ് സാധ്യമാക്കുക, വിഭാഗീയവും ദേശീയവുമായ അതിർത്തികളെ മറികടന്നുകൊണ്ട് ആഗോള മുസ്‌ലിം സമുദായവുമായുള്ള സംവാദങ്ങളെ എങ്ങനെയാണ് ബലപ്പെടുത്തുക, ദൂരത്തിന്റെയും, ഭാഷയുടെയും, മുൻധാരണകളുടെയും പ്രതിബന്ധങ്ങളെ മറികടന്നുകൊണ്ട് വിഭ്യാഭ്യാസവും ആശയവിനിമയവും എങ്ങനെയാണ് മെച്ചപ്പെടുത്തുക?

ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്തേണ്ടതുണ്ട്. അനുക്രമമായി, സ്വേച്ഛാധിപത്യവും തീവ്രവാദവും അവയുടെ തന്ത്രങ്ങളോടും ലോകവിക്ഷണത്തോടും പ്രത്യയശാസ്ത്രങ്ങളോടുമൊപ്പം പിഴുതെറിയപ്പെടേണ്ടതുണ്ട്.

ഒവാമിർ അഞ്ജും

ഐ.എസ്.ഐ.എസ്സിന്റെ കുത്സിത പ്രവർത്തനങ്ങൾ ഉച്ചസ്ഥായിയിലായിരുന്ന ഘട്ടത്തിൽ പാശ്ചാത്യൻ മാധ്യമങ്ങൾ നരവേട്ടയുടെയും ശിരച്ഛേദത്തിന്റെയും സംഭ്രമജനകമായ വാർത്തകൾ പ്രചരിപ്പിക്കുന്ന തിരക്കിലായിരുന്നു. ഇവ്വിഷയകമായി ഗവേഷണം നടത്തിയ ആൾ എന്ന നിലക്ക്, വാർത്തകൾക്കു പിന്നിലെ യാഥാർഥ്യങ്ങളിലേക്ക് അന്വേഷണം നടത്താൻ ഞാൻ ആഗ്രഹിക്കുകയാണ്. പാശ്ചാത്യൻ മാധ്യമങ്ങൾക്ക് ഐഎസ് വിളമ്പുന്ന വീഡിയോ ക്ലിപ്പുകൾക്കപ്പുറം, അവരുടെ ഹിംസാത്മകതക്കും വിശ്വാസസംബന്ധിയായ അബദ്ധധാരണകൾക്കും പിന്നിലെന്താണെന്നറിയാൻ അവർ പ്രസിദ്ധീകരിച്ചിരുന്ന ‘ദാബിഖ്’ മാഗസിൻ ഞാൻ പരിശോധിച്ചിരുന്നു. ഐ.എസിന്റെ മെമ്പർമാരും അനുഭാവികളും പരസ്പരം എങ്ങനെയാണ് പെരുമാറിയിരുന്നത് എന്നതിനെ കുറിച്ചുള്ള, മറക്കപ്പെട്ടതും ഏറെ അവഗണിക്കപ്പെട്ട റിപ്പോർട്ടുകളാണ് ഐ.എസിനെ കുറിച്ചു മനസ്സിലാക്കാൻ എനിക്ക് ഏറ്റവും സഹായകമായത്. ആ റിപ്പോർട്ടിൽ അനേകം സൂചനയുണ്ടായിരുന്നു. പാശ്ചാത്യൻ/യൂറോപ്യൻ ദേശങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്ന വെള്ളക്കാർ ഉന്നത പരിഗണനകൾ അനുഭവിച്ചിരുന്നു. സന്ദേശങ്ങൾ കൈമാറിയിരുന്നതും അധികാരികളും റിക്രൂട്ട്മെന്റ് നടത്തിയിരുന്നതും അവരായിരുന്നു. അതേസമയം, മൂന്നാം ലോക ദരിദ്ര രാജ്യങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്നവർ അരികുവൽക്കരിക്കപ്പെടുകയും നിരന്തരമായി അപമാനിക്കപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. കുട്ടികളെ ചെറുപ്പം മുതൽ അറിവിനും അനുകമ്പക്കും യുക്തിബോധത്തിനും പകരം വിദ്വേഷവും ഹിംസയും പരിശീലിപ്പിച്ചു. ക്ലാസ്സിക്കൽ ഗ്രന്ഥങ്ങളിൽ നിന്ന് നിയമ വിധികൾ അവയുടെ ചരിത്രവും സന്ദർഭവും പരിഗണിക്കാതെ അവർ ചികഞ്ഞെടുത്തു. ഇസ്‌ലാമിക പാരമ്പര്യം അനുശാസിക്കുന്ന നൈതിക മൂല്യങ്ങളുടെ വിരുദ്ധ കൽപനയാണിത്. ഈ വിശേഷങ്ങളെല്ലാം സി.ഐ.എ പ്രചാരകർക്കു നിർമിക്കാൻ കഴിയുന്നതല്ല എന്നെനിക്കറിയാമായിരുന്നു. നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങളും, പ്രചാരണങ്ങളും നിറഞ്ഞ ഈ വിഷയത്തിൽ ഉപരിസൂചിത മാഗസിൻ പോലെയുള്ള യാഥാർഥ്യ ബോധമുള്ള രേഖകളാണ് മതിഭൃഷ്ടരും തെമ്മാടികളുമായ ഈ കൂട്ടത്തെക്കുറിച്ചു മനസ്സിലാക്കാൻ എനിക്കു സഹായകമായത്. ‘ഖുർആൻ വായിച്ചിട്ടും തങ്ങളുടെ തൊണ്ടക്കുഴിയിലൂടെ താഴേക്കിറങ്ങാത്തവർ എന്ന് ‘മഖാരികളെയും’ ‘ഖവാരിജുകളെയും’ കുറിച്ച് പ്രവാചകൻ പരിതപിക്കുന്നത് ചരിത്രത്തിൽ കാണാം. സമാനമാണ് ഇക്കൂട്ടരുടെയും അവസ്ഥ.

നീതിദായകമായ രാഷ്ട്രീയ ക്രമം രൂപീകരിക്കുന്നതിനുള്ള ഉദ്യമങ്ങൾ പ്രാർഥന, മാതാപിതാക്കളോടുള്ള നന്മ, മെച്ചപ്പെട്ട വൈവാഹിക ബന്ധങ്ങൾ, ആഴമുള്ള സൗഹൃദങ്ങൾ, ശക്തമായ പ്രാദേശിക സമൂഹങ്ങൾ, എല്ലാറ്റിലുമുപരി അധസ്ഥിതരും നിരാലംബരുമായവരുടെ നീതി എന്നിവ സാധ്യമാക്കാനുള്ള ഉദ്യമങ്ങളെ അവഗണിക്കുന്നില്ല.

ഇസ്‌ലാമിക ലോകത്തിന്റെ നിലവിലെ അവസ്ഥ തുടർന്നു കൊണ്ടുപോവുക എന്നത് മോശം സ്വപനമാണ്. അവിടുത്തെ നിലവിലെ ഭരണക്രമങ്ങൾ അനിസ്‌ലാമികവും അനൈതികവുമാണ്. മുസ്‌ലിം സമൂഹത്തിന്റെയും, വിശാലാർഥത്തിൽ മനുഷ്യ സമൂഹത്തിന്റെയും മാന്യമായ ഭാവിക്കു യോജിച്ചതല്ല അവ. അതിനെ താങ്ങിനിർത്താൻ ആഗ്രഹിക്കുന്നത് ന്യൂനപക്ഷമായ അധീശ വിഭാഗമാണ്. ഈ സ്വേച്ഛാധിപത്യ രാഷ്ട്രങ്ങളെ താങ്ങിനിർത്താൻ രാജ്യത്തെ ഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങളെ അടിച്ചമർത്തിക്കൊണ്ടിരിക്കുന്നു. കൊന്നും ഭീതിപ്പെടുത്തിയും സ്വതന്ത്ര, നൈതിക ചിന്തകളുടെ അവസാന സാധ്യതകളെയും നിശബ്ദമാക്കുകയും, ഇസ്‌ലാമികാശയത്തെ വക്രീകരിക്കുകയും നിർവീര്യമാക്കുകയും ചെയ്തുകൊണ്ട് മുസ്‌ലിം സമൂഹത്തെ വലിയ അളവിൽ മസ്തിഷ്കപ്രക്ഷാളനത്തിനു വിധേയമാക്കികൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ മർദ്ദക രാഷ്ട്രങ്ങളും ഐ.എസും തമ്മിൽ ന്യൂനമായ വ്യത്യാസങ്ങൾ മാത്രമാണുള്ളത്. ഇരുകൂട്ടരും മുസ്‌ലിം ഐക്യബോധത്തെ ഇല്ലാതാക്കുകയും, ഇസ്‌ലാമിക ദൈവശാസ്ത്ര-കർമശാസ്ത്ര-നൈതിക ചിന്തകളെ സ്വതാൽപര്യങ്ങൾക്കു വേണ്ടി ഇടുക്കിക്കളയുകയും ചെയ്തു.

ഞാൻ നിർദ്ദേശിക്കുന്നത് ഇസ്‌ലാമിക അടിസ്ഥാനങ്ങളിലൂന്നിയ, എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന, എല്ലാ ഭരണ മേഖലയുടെയും രാഷ്ട്രീയ-സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്തുന്ന കോൺഫെഡറേഷനായി ഖിലാഫത്തിനെ നാം പുനരാലോചിക്കണം എന്നാണ്. പ്രാദേശികമായ രാഷ്ട്രീയ സജ്ജീകരണങ്ങൾ ഒരുക്കുന്നതോടൊപ്പം, വിശാലാർഥത്തിൽ ഈ പ്രദേശങ്ങളുടെ മതപരവും സാംസ്കാരികവുമായ ഐക്യത്തെ പുണരാനും അതിലൂടെ മുസ്‌ലിം സമൂഹത്തിനു സാധ്യമാകും. അത്തരമൊരു ഭരണക്രമം ഒരേസമയം, ദൈവിക ശാസനകളെ സാക്ഷാൽകരിക്കുന്നതും, തീവ്രവാദ-സ്വേച്ഛാധിപത്യ അവിശുദ്ധ കൂട്ടുകെട്ടുകൾക്കുള്ള ദീർഘകാല ബദലിനെ ശക്തിപ്പെടുത്തുന്നതുമായിരിക്കും.

(അവസാനിച്ചു)

സൂചന

[1] ‘Abd al-Razzāq al-Sanhūrī, quoted in Muhammad ‘Imāra (ed.), Islāmiyāt al-Sanhūrī Bāshā , vol. 1, 335–37.


വിവർത്തനം: അഫ്സൽ ഹുസൈൻ

കടപ്പാട്: യഖീൻ ഇൻസ്റ്റിറ്റ്യൂട്ട്

ഒവാമിർ അഞ്ജൂം