Campus Alive

മാലിക് ബദ്‌രി: ആധുനിക ഇസ്‌ലാമിക മനഃശാസ്ത്രത്തിന്റെ പിതാവ്

ആഫ്രിക്കൻ രാഷ്ട്രങ്ങളിലൂടെ മാൽക്കം എക്‌സ് നടത്തിയ യാത്രകളിൽ അതിപ്രധാനമായ ഒന്നായിരുന്ന അദ്ദേഹത്തിന്റെ 1959ലെ സുഡാൻ സന്ദർശനം. സുഡാൻ നിവാസികളുടെ വരവേൽപ്പും ആത്മധൈര്യവും മാൽകം എക്‌സിൽ മതിപ്പുളവാക്കുന്നതായിരുന്നു. ജീവിതത്തിലുടനീളം സുഡാനികളുടെ ഐക്യത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും അദ്ദേഹം പ്രശംസിക്കുമായിരുന്നു. മാൽകം എക്സിന്റെ ഈ സുഡാൻ യാത്രയിൽ വഴികാട്ടിയായി ഉണ്ടായിരുന്നത് മനഃശാസ്ത്ര വിദ്യാർത്ഥിയായ  27കാരൻ മാലിക് ബദ്‌രിയായിരുന്നു. ഇതിനകം മാൽകം എക്‌സിനെ ബദ്‌രി വളരെയധികം സ്വാധീനിക്കുന്നുണ്ട്. 1964ൽ ഹജ്ജ് നിർവ്വഹണശേഷം മാൽകം എക്സിന്റെ ആദ്യ യാത്ര തന്നെ ബെയ്‌റൂത്തിലേക്കായിരുന്നു. അവിടെ അമേരിക്കൻ സർവകലാശാലയിലെ മനഃശാസ്ത്ര അധ്യാപകനായി മാറിയിരുന്ന ആത്മ മിത്രം മാലിക് ബദ്‌രിയുടെ അടുക്കലേക്കായിരുന്നു അത്. മലിക് ഷഹബാസ് എന്ന് മാൽകം പേരിട്ടത് തന്റെ നാമം കണ്ടിട്ടാണെന്ന് മാലിക് ബദ്‌രി അഭിപ്രായപ്പെടുന്നുണ്ട്.

ആധുനിക മനഃശാസ്ത്രവും ഇസ്‌ലാമും യോജിക്കുന്ന ഇടങ്ങളെ മനസ്സിലാക്കി അവയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയ മുസ്‌ലിം മനഃശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരി 8ന് മരണപ്പെട്ട ആധുനിക മുസ്‌ലിം മനഃശാസ്ത്രത്തിന്റെ പിതാവായ മാലിക് ബദ്‌രി. പൂർണമായും മതേതരവത്കരിക്കപ്പെടുകയും മതകീയ ചിന്തകളെ ഒഴിച്ച്നിർത്തിയും രൂപപ്പെട്ട വൈജ്ഞാനിക വിഷയങ്ങളിൽ പെട്ട ആധുനിക മനഃശാസ്ത്രത്തിനെ ഇസ്‌ലാമികവൽകരിക്കാനുള്ള പ്രഥമശ്രമങ്ങൾ ആരംഭിക്കുകയും തുടർന്ന് മരണം വരെ ഇത് തുടരുകയും പാരമ്പര്യ ഇസ്‌ലാമിലെ മനഃശാസ്ത്ര സമീപനങ്ങളെ പുനരാവിഷ്കരിക്കുകയും ചെയ്ത അമൂല്യ സംഭാവനകൾക്ക് ഉടമയാണ് അദ്ദേഹം.

ജീവിതവും പ്രാരംഭചിന്തകളും

1932ൽ റുഫാ നഗരത്തിലായിരുന്നു മാലിക് ബദ്‌രിയുടെ ജനനം. സുഡാനിലെ ആദ്യത്തെ ഗേൾസ് സ്കൂൾ സ്ഥാപകനായ ബാബികിർ ബദ്‌രിയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. പിതാവിന്റെ വിദ്യാലയത്തിൽ തന്നെ പ്രാഥമിക പഠനങ്ങൾ പൂർത്തിയാക്കുകയും ബെയ്റൂത്തിലെ അമേരിക്കൻ സർവ്വകലാശാലയിൽ നിന്ന്  മനഃശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ലെയ്‌സെസ്റ്റർ സർവകലാശാലയിൽ നിന്ന് പി.ച്ച്.ഡി യും കരസ്ഥമാക്കി. മിഡിൽസെക്സ് മെഡിക്കൽ സ്കൂളിൽ നിന്ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. നിരവധി സർവ്വകലാശാലകളിൽ സേവനമനുഷ്ഠിക്കുകയും ഖാർതൂം സർവ്വകലാശാല (University of Khartoum), ജൂബ സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസ വിഭാഗം തലവനായി നിയമിക്കപ്പെടുകയും ചെയ്തു. ഖാർതൂമിലും മുഹമ്മദ് ബിൻ സഊദ് യൂണിവേഴ്സിറ്റിയിലും അപ്പ്ലൈഡ്‌ സൈക്കോളജി വിഭാഗം സ്ഥാപിച്ചതും ഇദ്ദേഹമാണ്. റിയാദ് സർവകലാശാലയിൽ മാലിക് ബദ്‌രി സ്ഥാപിച്ച മനഃശാസ്ത്ര ക്ലിനിക് വളരെ പ്രശസ്തമാണ്. സുഡാൻ, എത്യോപ്യ, മലേഷ്യ, ഇംഗ്ലണ്ട്, സൗദി, ജോർദാൻ, ലെബനാൻ, മൊറോക്കോ എന്നീ രാജ്യങ്ങളിൽ മനഃശാസ്ത്ര രംഗത്ത് പ്രവർത്തിച്ചിട്ടുമുണ്ട് അദ്ദേഹം.

മാലിക് ബദ്‌രി

മാലിക് ബദ്‌രിയുടെ ഡിഗ്രി പഠനകാലത്തു തന്നെ ഫ്രോയിഡിയൻ ആശയങ്ങളോടും പ്രത്യേകിച്ച് സൈക്കോഅനാലിസിസിനോടും അദ്ദേഹത്തിന് താൽപര്യമോ പ്രതീക്ഷയോ ഉണ്ടായിരുന്നില്ല. സാധാരണ-അസാധാരണ എന്ന വ്യത്യാസമില്ലാതെ എല്ലാ സ്വഭാവങ്ങളെയും അബോധലൈംഗികതയുമായി ബന്ധപ്പെടുത്തിയിരുന്ന ഫ്രോയിഡിയൻ രീതി അടിസ്ഥാനരഹിതമായാണ് ബദ്‌രിക്ക് അനുഭവപ്പെട്ടത്. അതുപോലെ അന്ന്  സൈക്കോഅനാലിസിസിന് വെല്ലുവിളിയായി നിലനിന്നിരുന്ന കാൾ റോജർസിന്റെ ക്ലയന്റ് സെന്റേഡ് തെറാപ്പി(Client Centered Therapy), ക്ലയന്റിനെ പൂർണമായി അംഗീകരിക്കുകയും ജഡ്ജ് ചെയ്യാതെ അവരെ സ്വന്തമായി തന്നെ പരിഹാരം കാണാൻ പ്രാപ്തമാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന രീതിയായതിനാൽ തെറാപ്പി പ്രോസസ്സിന്റെ മൂല്യം നഷ്ടപ്പെടുന്നതായാണ് മാലിക് ബദ്‌രിക്ക് മനസ്സിലായത്. പക്ഷെ ഒരു വിദ്യാർത്ഥിയെന്ന നിലയിൽ മറ്റൊരു മാർഗ്ഗം അദ്ദേഹത്തിന്റെ മുന്നിലില്ലായിരുന്നു. മുഹമ്മദ് ഖുതുബിന്റെ ‘Islam; The Misunderstood Religion’ എന്ന പുസ്തകവും മൗദൂദിയുടെ ലേഖനങ്ങളും വായിക്കുന്നതോടു കൂടിയാണ് ഇസ്‌ലാമിന്റെ മനഃശാസ്ത്ര സമീപനങ്ങളിലേക്ക് ആഴത്തിലേക്കിറങ്ങിച്ചെല്ലാൻ മാലിക് ബദ്‌രിക്ക് പ്രചോദനമായത്. ഇവരുടെ രണ്ടു പേരുടെയും എഴുത്തുകൾ വിശാലമായ പഠനങ്ങളായിരുന്നില്ല, മറിച്ച് പൊതു സ്വഭാവത്തിലുള്ളവയായിരുന്നു. സെക്കുലർ വെല്ലുവിളികൾക്കുള്ള ഇസ്‌ലാമിക പരിഹാരങ്ങൾ കണ്ടെത്തുകയാണ് ഇസ്‌ലാമികവത്കരണത്തിലേക്കുള്ള ആദ്യപടിയെന്ന്‌ മാലിക് ബദ്‌രി തിരിച്ചറിഞ്ഞു.

ഇസ്‌ലാമും മനഃശാസ്ത്രവും; മാലിക് ബദ്‌രിയുടെ യാത്ര

1963ൽ ബെയ്‌റൂത് സർവകലാശാലയിൽ വെച്ചായിരുന്നു മനഃശാസ്ത്രത്തിന്റെ ഇസ്‌ലാമികവത്കരണവുമായി ബന്ധപ്പെട്ട ആദ്യ ലക്ച്ചർ അദ്ദേഹം നിർവഹിക്കുന്നത്. സാധാരണക്കാരായ ശ്രോതാക്കൾക്ക് ഇഷ്ടപ്പെട്ടെങ്കിലും സഹപ്രവർത്തകർ തന്റെ അവതരണത്തിൽ തൃപ്തരായിരുന്നില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. മതചിന്തകളാൽ സ്വാധീനിക്കപ്പെടാത്ത, സ്വതന്ത്ര-നിഷ്പക്ഷ ശാസ്ത്രരീതി പിന്തുടരുന്ന, മതവിശ്വാസങ്ങളുടെ ‘അന്ധത’ ബാധിക്കാത്തവരായി അവർ സ്വയം അഹങ്കരിച്ചു. ഇത് തന്നെയായിരുന്നു 60കളിലെ അറബ് സാമൂഹ്യശാസ്ത്രജ്ഞരുടെ പൊതുഅഭിപ്രായം. അവർ പരിഹാസരൂപേണെ, കപട ഭൗതികശാസ്ത്രമോ അനിസ്‌ലാമിക രസതന്ത്രമോ ഉണ്ടോയെന്ന് ബദ്‌രിയോട് ചോദിക്കുകയും പിന്നെന്തിനാണ് ഇസ്‌ലാമിക മനഃശാസ്ത്രമെന്നും, വൈകാരികമായി ബുദ്ധിമുട്ടുകളനുഭവിക്കുന്നവർക്ക് ഫ്രോയിഡിയൻ രീതി സ്വീകാര്യമല്ലെങ്കിൽ നല്ലൊരു ബദൽ കാണിക്കാനും അവർ ആവശ്യപ്പെട്ടു. ഹാൻസ് ഐസിംഗിനെ (Hans Eyesenck) വായിച്ചു തുടങ്ങുന്നതിലൂടെയാണ് ആധുനിക മനഃശാസ്ത്രത്തിലെ ബദ്‌രിയെ അലട്ടിയിരുന്ന പ്രശ്നങ്ങൾക്കുള്ള മറുപടികൾ അദ്ദേഹം കണ്ടെത്തുന്നത്. അദ്ദേഹത്തിന്റെ Uses and Abuses of Psychology, Sense and Nonsense in Psychology, Fact and Fiction in Psychology എന്നീ പുസ്തകങ്ങൾ ബദ്‌രി തേടിക്കൊണ്ടിരുന്ന ചോദ്യങ്ങൾക്കുള്ള വ്യക്തമായ ഉത്തരങ്ങളായിരുന്നു. ഹാൻസ് ഐസിംഗി ഫ്രോയിഡിയൻ പൊള്ളത്തരങ്ങളെയും അതിലെ ചതിക്കുഴികളെക്കുറിച്ചും പഠനം നടത്തി തുറന്നുകാണിച്ചു. ബിഹേവിയർ (Behavior) തെറാപ്പിയുടെ വക്താവായിരുന്ന ഐസിംഗ് നല്ലൊരു സൈദ്ധാന്തികനായിരുന്നുവെങ്കിലും കഴിവ്തെളിയിച്ച തെറാപ്പിസ്റ്റ് ആയിരുന്നില്ല. പിന്നീട് അദ്ദേഹത്തിന്റെ വഴിപിന്തുടർന്ന് ജോസഫ് വോൾപ്പെയാണ് (Joseph Wolpe) ഇതിനെ വിജയകരമായി പ്രയോഗവത്കരിച്ചത്.

ഹാൻസ് ഐസിംഗ്

ബിഹേവിയർ തെറാപ്പി ഇസ്‌ലാമിനോട് യോജിക്കുന്നതും തെളിവടിസ്ഥാനത്തിലുള്ള യുക്ത്യാധിഷ്ഠിത ചികിത്സയുമാണെന്ന് മനസ്സിലായപ്പോൾ ബദ്‌രി ലണ്ടനിലേക്ക് പോകാൻ തീരുമാനിച്ചു. ഒരു ബിഹേവിയർ തെറാപ്പിസ്റ്റായി പരിശീലനം നേടാനും അതിന്റെ സൈദ്ധാന്തിക അടിത്തറകൾ മനസ്സിലാക്കാനും വേണ്ടിയായിരുന്നു ഇത്. 1966ൽ ലണ്ടനിൽ എത്തി പ്രൊഫസർ ഐസിംഗുമായി ആഗമനോദ്ദേശം പങ്കുവച്ചപ്പോൾ ബിഹേവിയർ തെറാപ്പിയിൽ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ട്രെയ്നർ ഡോ: വിക്ടർ മെയറാണെന്ന് (Dr Victor Meyer) നിർദ്ദേശിക്കുകയും അദ്ദേഹത്തിന്റെ അടുത്തേക്ക് ബദ്‌രിയെ അയക്കുകയുമുണ്ടായി. മനഃശാസ്ത്രത്തിൽ അധ്യാപകനായിരുന്നതിനാൽ തന്നെ ചുരുങ്ങിയ കാലം കൊണ്ട് ബദ്‌രിക്ക് ബിഹേവിയർ തെറാപ്പിയിലെ ആശയങ്ങളും പ്രായോഗികപരിജ്ഞാനവും കൈവരിക്കാനായി. മെയറും ബദ്‌രിയും തമ്മിൽ നല്ലൊരു ആത്മബന്ധം സ്ഥാപിക്കുകയും ആശയങ്ങളും ചിന്തകളും പരസ്പരം കൈമാറുകയും ചെയ്തിരുന്നു. ബിഹേവിയർ തെറാപ്പിയിൽ രോഗികളെ പരിഗണിക്കുന്ന രീതിയുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുകയും പാവ്‌ലോവിന്റെ പട്ടിയെ പോലെ അവരോട് പെരുമാറരുതെന്നും തെറാപ്പിസ്റ്റും രോഗിയും തമ്മിലുള്ള ബന്ധത്തെ മാനുഷികവൽക്കരിക്കണമെന്നുമുള്ള ആശയങ്ങൾ ബദ്‌രി പ്രകടിപ്പിച്ചപ്പോൾ ഇവയെല്ലാം പുതുമയുള്ള ചിന്തകളാണെന്നും പ്രസിദ്ധീകരിക്കണമെന്ന് മെയർ നിർദ്ദേശിക്കുകയുണ്ടായി. വോൾപേയുടെ സിസ്റ്റമാറ്റിക് ഡിസെൻസിറ്റൈസേഷൺ തെറാപ്പിക്ക് (Wolpe’s  systematic desensitization therapy) നാല് മാറ്റങ്ങളോട് കൂടെ അമേരിക്കൻ ജേർണൽ ഓഫ് സൈക്കോളജിയിൽ “A new technique for the systematic desensitization of pervasive anxiety and phobic reactions” എന്ന തലക്കെട്ടിൽ ബദ്‌രിയുടെ പഠനം പ്രസിദ്ധീകൃതമായി. വിക്ടർ മെയർ തന്റെ പുസ്തകത്തിൽ ഈ പഠനത്തെ പരാമർശിക്കുകയും മാർട്ടിൻ സെലീഗ്‌മാൻ (Martin Seligman), സ്റ്റീവൻ ഹൊള്ളോൻ (Steven Hollon) പോലെയുള്ള അക്കാലത്തെ പ്രമുഖ മനഃശാസ്ത്രജ്ഞർ ഈ പഠനത്തെ അംഗീകരിക്കുകയും ചെയ്തു.

ബിഹേവിയർ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റ് ലഭിച്ചപ്പോൾ തന്നെ മനഃശാസ്ത്രത്തെ ഇസ്‌ലാമികവത്കരിക്കാൻ അവസരം കാത്തിരിക്കുകയായിരുന്ന മാലിക് ബദ്‌രി, ഖാർത്തൂമിൽ സേവനമനുഷ്ഠിക്കുമ്പോൾ അവിടത്തെ മനഃശാസ്ത്ര വിഭാഗം തലവനായിരുന്ന താഹ ബഷീറിനോട് തന്റെ ആശയങ്ങൾ പങ്കുവെക്കുകയും തുടർന്ന് അത് പ്രയോഗവത്കരിക്കാൻ അദ്ദേഹത്തിൽ നിന്ന് സമ്മതം ലഭിക്കുന്നുമുണ്ട്. ഇതിന്റെ പ്രതിഫലനമായി ഒരുപാട് മാറ്റങ്ങൾ ബദ്‌രിക്ക് അനുഭവിച്ചറിയാൻ സാധിച്ചു. പിന്നീട് റിയാദ് സർവകലാശാലയിൽ ആദ്യ മനഃശാസ്ത്ര ക്ലിനിക് അദ്ദേഹം സ്ഥാപിച്ചു. തന്റെ പഠനപരീക്ഷണങ്ങൾ തുടരുകയായിരുന്നു മാലിക് ബദ്‌രി. അപ്പോഴാണ് അമേരിക്കയിലെ ഇന്ത്യനാപോളിസിലുള്ള ‘അസോസിയേഷൻ ഓഫ് ഇസ്‌ലാമിക് സോഷ്യൽ സയന്റിസ്റ്റി’ന്റെ വാർഷിക സമ്മേളനത്തിലേക്ക് ബദ്‌രി ക്ഷണിക്കപ്പെടുന്നത്. പ്രസ്തുത സമ്മേളനത്തിലായിരുന്നു “Muslim psychologists in the lizard’s hole” എന്ന വളരെയധികം ചർച്ചകൾക്ക് കാരണമായ പഠനം മാലിക് ബദ്‌രി അവതരിപ്പിച്ചത്. മുസ്‌ലിംകൾ ഇതര മതസ്ഥരുടെ പാതകൾ അന്ധമായി പിന്തുടരുമെന്ന ഹദീസിന്റെ വെളിച്ചത്തിലായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ അടിസ്ഥാനപ്പെടുത്തിയിരുന്നത്. മുസ്‌ലിം മനഃശാസ്ത്രജ്ഞരുടെ ഈ പഠനത്തിനോടുള്ള താല്പര്യമാണ് മാലിക് ബദ്‌രിയെ വ്യക്തവും വിശാലവുമായ ഒരു പുസ്തകം രചിക്കുന്നതിലേക്ക് പ്രേരിപ്പിക്കുന്നത്. ‘Dilemma of Muslim  Psychologists’ എന്ന പേരിൽ 1979ൽ പുറത്തിറങ്ങിയ ബദ്‌രിയുടെ പുസ്തകം സൈക്കോതെറാപ്പി, സെക്കുലർ പാശ്ചാത്യ മനഃശാസ്ത്രം, അതിന്റെ ആശയങ്ങളോടും രീതികളോടുമുള്ള മുസ്‌ലിം ശാസ്ത്രജ്ഞൻമാരുടെ അന്ധമായ അനുകരണം എന്നിവക്കുള്ള ശക്തമായ വിമർശനങ്ങളായിരുന്നു ഉൾക്കൊണ്ടിരുന്നത്. ഇമാം ഗസ്സാലി, അൽ ബാൽകി, ഇബ്ൻ ഖയ്യിം അൽ ജൗസി, ഇബ്ൻ സീന, അൽ റാസി പോലെയുള്ള മുൻകാല മുസ്‌ലിം ജ്ഞാനികളുടെയും പണ്ഡിതരുടെയും മനഃശാസ്ത്ര സമീപനവും മാനസിക അസ്വസ്ഥത അനുഭവിക്കുന്നവരെ അവർ പരിഗണിച്ച രീതിയും പുസ്തകത്തിൽ ഉൾകൊള്ളിച്ചിട്ടുണ്ട്.

മാലിക് ബദ്‌രിയുടെ രചനകൾ

സൈക്കോളജി എന്ന പദം psyche യെ കുറിച്ചുള്ള വ്യവസ്ഥാപിത പഠനശാഖയെയാണല്ലോ സൂചിപ്പിക്കുന്നത്. psyche എന്ന പദത്തിന്റെ അർഥങ്ങൾ മനുഷ്യമനസ്സ്, ആത്മാവ് എന്നൊക്കെയാണ്. ഇസ്‌ലാമിക വൈജ്ഞാനിക പാരമ്പര്യങ്ങളിൽ ഇൽമു നഫ്‌സ് എന്നാണ് പ്രസ്തുത വിജ്ഞാനശാഖയെ വിളിക്കാറുള്ളത്. ആധുനിക മനഃശാസ്ത്രത്തെപോലെ സ്വതന്ത്രമായ പഠനശാഖയായി ഇസ്‌ലാമിക വിജ്ഞാനങ്ങളിൽ ഇൽമു നഫ്സിനെ കാണാൻ സാധിക്കുകയില്ല. പകരം പല വിജ്ഞാനശാഖകളിലും ഉൾച്ചേർന്ന ഒരു വിഷയമായിട്ടായിരുന്നു മനഃശാസ്ത്രത്തെ ഇസ്‌ലാമിക പണ്ഡിതർ നോക്കിക്കണ്ടിരുന്നത്. അതിൽ നിന്ന് വ്യത്യസ്തമായിരുന്നു അബു സയ്ദ് അൽ ബൽഖിയുടെ മാലിക് ബദ്‌രി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത ‘sustenance of the soul’ എന്ന പുസ്തകം. അറുപതോളം ഗ്രന്ഥങ്ങൾ രചിച്ച അൽ ബൽഖിയുടെ മനഃശാസ്ത്രപരമായ തെറാപ്പിയെ കുറിച്ചും ചികിത്സകളെ കുറിച്ചും അദ്ദേഹമെഴുതിയ ഏക കൃതിയാണിത്. മാലിക് ബദ്‌രിയുടെ “മുസ്‌ലിം മനഃശാസ്ത്രജ്ഞന്റെ ആകുലതകൾ”(Dilemma of Muslim Psychologists”) രചിക്കപ്പെട്ടതിന് ശേഷം മുസ്‌ലിം ജ്ഞാനികളുടെ രചനകൾ ആധുനിക മനഃശാസ്ത്രജ്ഞർക്കിടയിൽ ഉണ്ടാവണമെന്ന തോന്നലിൽ നിന്നാണ് മാലിക് ബദ്‌രി ഈ മനഃശാസ്ത്ര സംബന്ധിയായ 9-ാം നൂറ്റാണ്ടിലെ അൽ ബൽഖിയുടെ ഗ്രന്ഥത്തെ വിവർത്തനം ചെയ്ത് ജനകീയമാക്കുന്നത്. ചരിത്രത്തിലാദ്യമായി സൈക്കോസിസും ന്യൂറോസിസും വ്യത്യസ്തമാക്കിയത് അൽ ബൽഖിയായിരുന്നു. ശാരീരിക ആരോഗ്യവും മാനസിക ആരോഗ്യവും തമ്മിലുള്ള ബന്ധത്തെയും പരസ്പരം സ്വാധീനിക്കാനുള്ള ശേഷിയെക്കുറിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട്. മനഃശാസ്ത്രത്തിന്റെ വളർച്ചയും വികാസവും പാശ്ചാത്യ ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നിടത്ത് ഗ്രീക്ക് തത്വചിന്തകരെ പുകഴ്ത്തുകയും അവരുടെ സംഭാവനകൾ എണ്ണിയെണ്ണി പറയുകയും എന്നാൽ മുസ്‌ലിം സംഭാവനകളെ മനപ്പൂർവം മറന്നുകൊണ്ട് നൂറ്റാണ്ടുകൾ ചാടിക്കടന്ന് നവോത്ഥാന-ജ്ഞാനോദയ കാലത്തെ സംഭവനകളിലേക്ക് എത്തിച്ചേരുന്നതുമായ രീതിക്ക് തിരുത്തായിരുന്നു മാലിക് ബദ്‌രിയുടെ എഴുത്തുകളും കണ്ടെത്തലുകളും.

അറബി ഇംഗ്ലീഷ് ഭാഷകളിൽ അദ്ദേഹം എഴുതിയ പഠനങ്ങളും, ഇരുപതോളം പുസ്തകങ്ങളും ഇസ്‌ലാമിന്റെ വൈജ്ഞാനിക രംഗത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രങ്ങളാണ്. അവസാനകാലത്തും അദ്ദേഹം പഠിപ്പിക്കുകയും സജീവമായി വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഇടപെടുകയും ചെയ്തിരുന്നു. അദ്ദേഹം 2017ൽ സ്ഥാപിച്ച ഗവേഷണകേന്ദ്രവും മുസ്‌ലിം മനഃശാസ്ത്രജ്ഞരുടെ സംഗമഭൂമിയുമായ ‘ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഇസ്‌ലാമിക് സൈക്കോളജി-IAIP’ എന്ന സംഘടന മാലിക് ബദ്‌രിയുടെ പ്രവർത്തനങ്ങളുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു. 2020 സെപ്റ്റംബറിൽ IAIPയുടെ എക്സിക്യൂട്ടീവ് ഡയറക്ടറും മാലിക് ബദ്‌രിയുടെ പ്രമുഖ ശിഷ്യനുമായ ഡോ: അബ്ദുള്ള റോത്മാൻ പാശ്ചാത്യ-പൗരസ്ത്യ ജ്ഞാനസാഗരങ്ങളെ ഒരുമിപ്പിക്കുന്ന യൂറോപ്പിലെ അതിപ്രധാന കേന്ദ്രമായ അബ്ദുൽഹക്കീം മുറാദിന്റെ കേംബ്രിഡ്ജ് മുസ്‌ലിം കോളേജിൽ പ്രിൻസിപ്പൽ ആയി ചുമതലയേറ്റത് മാലിക് ബദ്‌രിയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുമെന്ന സന്ദേശം പകർന്നു നൽകുന്നുണ്ട്.

ബാബ മാലിക് എന്ന് സ്നേഹിതരും ശിഷ്യരും ബഹുമാനത്തോടെ വിളിച്ചിരുന്ന മാലിക് ബദ്‌രി സംശയലേശമന്യേ ആധുനിക ഇസ്‌ലാമിക മനഃശാസ്ത്രത്തിന്റെ പിതാവാണ്. വളരെ പിന്നോക്കം നിൽക്കുന്ന സുഡാനിൽ നിന്ന് ലോകശ്രദ്ധ നേടിയ അതുല്യമായ സംഭാവനകൾ അർപ്പിക്കാൻ കഴിഞ്ഞ അദ്ദേഹം എന്നും ഓർമിക്കപ്പെടും. അവസാന കാലം വരെ അഹ്‌ഫഡ് സർവകലാശാലയിൽ ഉന്നത പ്രൊഫസറായും മലേഷ്യയിലെ ഇന്റർനാഷണൽ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയിൽ ഇബ്ൻ ഖൽദൂൻ ചെയറായും സേവനമനുഷ്ഠിച്ചിരുന്നു. ജീവിതാന്ത്യം വരെ ഉദാത്തമായ ഒരു ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിച്ച പണ്ഡിതനായി, മറ്റുള്ളവർക്കൊരു ഊർജ്ജമായി മാലിക് ബദ്‌രി ജനഹൃദയങ്ങളിൽ നിത്യ സ്മരണയായി ജീവിക്കും.

ഹാശിർ ബീരാൻ