Campus Alive

എ കെ പിയും തുർക്കിയുടെ രാഷ്ട്രീയ പരിസരവും

മധ്യേഷ്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളില്‍ അനല്‍പമായ സ്വാധീനം ചെലുത്തുന്ന തുര്‍ക്കിയുടെ രാഷ്ട്രീയവും സാമൂഹിക ചലനങ്ങളും ഇക്കഴിഞ്ഞ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലൂടെ വീണ്ടും ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നു. തുര്‍ക്കി രാഷ്ട്രീയത്തന്റെ ചലനവും വികാസവും ഭരണകക്ഷി എ കെ പാർട്ടിയുടെയും പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാനിന്റെയും നീക്കങ്ങള്‍ മാത്രമായി വായിക്കുന്നത് ആ മേഖലയിലെ സാമൂഹിക രാഷ്ട്രീയ വിചാരങ്ങളെ അവഗണിക്കുന്നതിന് തുല്യമാണ്.

തുര്‍ക്കിയുടെ രാഷ്ട്രീയ ചരിത്രം എന്നും ഏകവ്യക്തി കേന്ദ്രീകൃതമായിരുന്നു. സല്‍ജൂക്കുകള്‍, ഒട്ടോമൻസ് എന്ന് തുടങ്ങി തുര്‍ക്കിയുടെ ഇസ്‌ലാമിക പ്രതാപകാലത്തെല്ലാം വ്യക്തി കേന്ദ്രീകൃതമായ ഭരണവ്യവസ്ഥയായിരുന്നു നിലനിന്നിരുന്നത്. ഖിലാഫത്തിന്റെ പതനശേഷം റിപ്പബ്ലിക്കായി മാറിയ തുര്‍ക്കി അതേ മനോഭാവം തന്നെ പ്രകടിപ്പിച്ചു. കമാല്‍ അത്താ തുര്‍ക്ക്, ഇസ്മത് ഇനോജ, അദ്‌നാന്‍ കെന്‍ദരസ്, തുര്‍ഗുക് ഒസാല്‍, നജ്മുദ്ദീന്‍ അര്‍ബകാന്‍ എന്ന നീണ്ട നിര എര്‍ദോഗാനില്‍ എത്തിനില്‍ക്കുന്നു. ഇതിനാല്‍ തന്നെ എ കെ പാർട്ടി നിലവില്‍ നേരിടുന്ന ചോദ്യം, എര്‍ദോഗാനിന് ശേഷം ആരാണ് എന്നുളളതാണ്. പാര്‍ട്ടി ഡൈനാമിക്‌സിലൂടെ യുവ തലമുറയെ വളര്‍ത്തിയെടുക്കുകയും ഭരണപരിചയം നേടികൊടുത്ത് നേതൃത്വങ്ങളിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുക എന്നതിലാണ് എ കെ പാര്‍ട്ടി നിലവില്‍ ശ്രദ്ധിക്കുന്നത്.

എ കെ പാര്‍ട്ടിയുടെ പശ്ചാത്തലം 

M. Hakan Yavuz

എ കെ പാര്‍ട്ടിയെ ജമാഅത്തെ ഇസ്‌ലാമി, മുസ്‌ലിം ബ്രദർഹുഡ് തുടങ്ങിയ ഇസ്‌ലാമിക സംഘടനകളോട് താരതമ്യം ചെയ്യുക സാധ്യമല്ല. ഒരു ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഘടനയോ പോളിസിയോ സ്വീകരിച്ചിട്ടില്ലാത്ത എ.കെ പാര്‍ട്ടി, തുര്‍ക്കി സമൂഹത്തിന്റെ പൈതൃകം, ചരിത്ര സമ്പ്രദായം, സാമൂഹിക മൂല്യങ്ങള്‍ എന്നിവയെല്ലാം പരിഗണിച്ചുകൊണ്ടുളള കണ്‍സര്‍ട്ടീവ് ഡെമോക്രസി എന്ന ആശയമാണ് Political Ideology യായി സ്വീകരിച്ചിട്ടുളളത്. സൂഫീ വീക്ഷണമാണ് എ. കെ പാര്‍ട്ടിയുടെ പ്രധാന മതാടിത്തറ. സൂഫി ത്വരീഖത്തുകള്‍, ലിബറലുകള്‍, വികസനത്തിലും തുല്യനീതിക്കും പ്രാമുഖ്യം നല്‍കുന്ന അര്‍ബന്‍ ക്ലാസ്, റൂറല്‍ ക്ലാസ് പൗരന്മാര്‍ അടങ്ങുന്നതാണ് എ കെ പാര്‍ട്ടിയുടെ അനുയായി വൃന്ദം. ശരീഅത്ത്, ഇഖാമത്തുദ്ദീന്‍ എന്ന് തുടങ്ങിയ ഇസ്‌ലാമിക സംഞ്ജകള്‍ ഒരിക്കലും എ കെ പാര്‍ട്ടി രാഷ്ട്രീയ വ്യവഹാരങ്ങളില്‍ ഉപയോഗിച്ചിട്ടില്ല. തുര്‍ക്കിയുടെ സെക്യൂലർ ഘടനയെയും ദേശീയതയെയും സര്‍വനാസ്വീകരിച്ചുകൊണ്ടാണ് എ. കെ പാര്‍ട്ടിയുടെ ഭരണം. എ. കെ പാര്‍ട്ടിയുടെ സെക്യൂലരിസം Assertive Secularism ആണ്. അര്‍ബകാനിന്റെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഭരണകാലം വരെ തുര്‍ക്കിയുടെ രാഷ്ട്രീയ-സാമൂഹിക മേഖലകളെ ഭരിച്ചിരുന്നത് സ്റ്റേറ്റ്-കേന്ദ്രീകൃതമല്ലാത്ത എല്ലാ ആവിഷ്‌കാരങ്ങളെയും അടിച്ചമര്‍ത്തുന്ന Passive Secularism ആയിരുന്നു. അതും മിലിട്ടറിയുടെ നിര്‍ബന്ധത സംരക്ഷണത്തില്‍. എ. കെ പാര്‍ട്ടി Assertive Secularism ത്തിലൂടെ തുര്‍ക്കി സമൂഹത്തിലെ വിവിധ രാഷ്ട്രീയ- സാമൂഹിക സ്വരങ്ങള്‍ക്ക് അനിവാര്യമായ ഭൂമിക സൃഷ്ടിക്കാന്‍ സാധിച്ചു. ഹെഡ്‌ സ്‌കാഫ് മുതല്‍ മറ്റ് മത- വംശീയ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള രാഷ്ട്രീയ- സാമൂഹിക വിലക്കുകള്‍ നീക്കാനും മിലിട്ടറിയെ നിയന്ത്രിക്കാനും എ. കെ പാര്‍ട്ടിക്ക് കഴിഞ്ഞു. ഹകാൻ യാവുസ് (M. Hakan Yavuz) വിശകലനം ചെയ്ത പോലെ മുസ്‌ലിം ഡെമൊക്രാറ്റ്‌സ് ആണ് എ. കെ പാര്‍ട്ടി. ഒട്ടോമന്‍ സെല്‍ജൂക് പാരമ്പര്യത്തെയും പൈതൃകത്തെയും അഭിമാന പൂര്‍വ്വം ഉയര്‍ത്തിപ്പിടിക്കുകയും മുസ്‌ലിം സാംസ്‌കാരിക ചിഹ്നങ്ങളെ മാനിക്കുകയും കൂടാതെ സാമൂഹിക രാഷ്ട്രീയ വ്യവഹാരങ്ങളില്‍ ജനാധിപത്യപ്രക്രിയയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് എ. കെ പാര്‍ട്ടി. ഇതിനാലാണ് ലോകമുസ്‌ലിം വിഷയങ്ങളില്‍ അനുഭാവവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്നതില്‍ എര്‍ദോഗാനും എ. കെ പാര്‍ട്ടിയും മുന്നിട്ട് നില്‍ക്കുന്നത്.

കുര്‍ദിഷ് വിഷയവും തുര്‍ക്കി രാഷ്ട്രീയത്തിലുളള ഇസ്‌ലാമിക നവജാഗരണവുമായിരുന്നു കെമാലിസ്റ്റ് പ്രതാപകാലത്ത് സ്റ്റേറ്റിന്റെയും മിലിറ്ററിയുടെയും പ്രധാന എതിരാളികള്‍. അര്‍ബകാനിന്റെ നേതൃത്വത്തിലുളള National Outlook Movement (Milli Gorist) ന്റെ രാഷ്ട്രീയ പ്രതിനിധാങ്ങളെയും കുര്‍ദിഷ് രാഷ്ട്രീയ വ്യവഹാരങ്ങളെയും ഒരുപോലെ അടിച്ചമര്‍ത്തുകയാണുണ്ടായത്. തുര്‍ക്കി ദേശീയത എന്ന സങ്കീര്‍ണ ഘടന കുര്‍ദിഷ് വിഭാഗത്തിന്റെ പ്രാഥമികാവകാശങ്ങളെപ്പോലും നിഷേധിക്കാനും, Kurdistan Worker’s Party (പി.കെ.കെ) എന്ന ത്രീവ ഇടതുപക്ഷ മിലിറ്റന്റ് ഗ്രൂപ്പിന്റെ ആക്രമണോത്സുകതക്ക് ആക്കം കൂട്ടാനും കാരണമായി.

സാമൂഹിക മാറ്റങ്ങള്‍

Necmettin Erbakan

നവ ഇസ്‌ലാമിക വിചാരങ്ങളെ ‘തുര്‍ക്കിഷ്-ഇസ്‌ലാമിക് സിന്തസിസ് (Turkish-Islamic Synthesis) എന്ന സ്റ്റേറ്റ്-സെന്റ്രിക് വായനയിലൂടെ തളച്ചിടാനുളള ശ്രമവും തുര്‍ക്കിയുടെ കെമാലിസ്റ്റ് – സെകുലര്‍ ഘടന ആരംഭിച്ചു (ശീത യുദ്ധകാലത്ത് കമ്മ്യൂണിസത്തെ എതിര്‍ക്കുക എന്നത് മറ്റൊരു ലക്ഷ്യമായിരുന്നു). ഇസ്‌ലാം/ മുസ്‌ലിം ചിഹ്നങ്ങളെയും സാംസ്‌കാരികത്തനിമകളെയും നിര്‍മാര്‍ജനം ചെയ്യാന്‍ തുനിഞ്ഞ അതേ കെമാലിസ്റ്റ് സെകുലര്‍ ഘടനയാണ് നവ ഇസ്‌ലാമിക ചലനങ്ങളെ തടയിടാന്‍ സ്‌റ്റേറ്റ്-സ്‌പോൺസേർഡ് ഇസ്‌ലാമിക വായനക്ക് തുനിഞ്ഞത്. അര്‍ബകാനിന്റെ രാഷ്ട്രീയ ചിന്താധാരക്ക് അതിനെ അതിജയിക്കാന്‍ സാധിക്കുകയും അറുപത് വര്‍ഷത്തിലധികം തുര്‍ക്കി സാമൂഹിക- രാഷ്ട്രീയ വ്യവഹാരങ്ങളെ സ്വാധീനിച്ചിരുന്ന കെമാലിസ്റ്റ്- സെകുലര്‍ ഘടനയില്‍ മുസ്‌ലിം രാഷ്ട്രീയ ധാരക്ക് സ്ഥാനമുണ്ടെന്ന് കാണിച്ചുകൊടുക്കാനും സാധിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ തീവ്രമായ യൂറോപ്പ്യന്‍ യൂണിയന്‍ വിരുദ്ധ നിലപാടും (അര്‍ബക്കാനും പാര്‍ട്ടിയും യൂറോപ്പ്യന്‍ വിരുദ്ധ നിലപാട് ആദ്യകാലങ്ങളില്‍ സ്വീകരിച്ചിരുന്നില്ല; മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെത്തന്നെ യൂറോപ്പ്യന്‍ യൂണിയന്‍ അംഗത്വത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിരന്തരമായ അവഗണനക്ക് ശേഷമാണ് അവര്‍ ആ നിലപാടിലേക്ക് എത്തിച്ചേര്‍ന്നത്) ഇസ്‌ലാമിക് യൂണിയന്റെ ഇസ്‌ലാമിക് കറന്‍സി എന്നു തുടങ്ങിയ, തുര്‍ക്കി സാമൂഹിക- രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളില്‍ നിന്നകന്ന ആശയങ്ങളും ആണ് പ്രധാനമായും പാര്‍ട്ടി പിളരാനും എര്‍ദോഗാനിന്റെ നേതൃത്വത്തില്‍ 2000-ല്‍ എ. കെ പാര്‍ട്ടി രൂപപ്പെടാനും കാരണം. സെകുലരിസത്തിന്റെ സംരക്ഷണം എന്ന പേരില്‍ പട്ടാള അട്ടിമറികള്‍ സ്വാഭാവികമായിരുന്ന തുര്‍ക്കി രാഷ്ട്രീയത്തിന്റെ ചരിത്രം മാറ്റുന്നതിനും കുര്‍ദിഷ് അടക്കമുളള മറ്റു വംശീയ ന്യൂനപക്ഷങ്ങള്‍ക്കു പുറമെ സിംഹഭാഗം വരുന്ന മതവിശ്വാസികൾക്കും പ്രവര്‍ത്തകസ്വാതന്ത്ര്യം നേടികൊടുക്കാന്‍ എ. കെ പാര്‍ട്ടിക്ക് സാധിച്ചു. കുര്‍ദുകള്‍ക്കിടക്കിയിൽ വര്‍ധിച്ചുവരുന്ന രാഷ്ട്രീയാവബോധവും People’s Democratic Party (എച് ഡി പി) പോലുളള രാഷ്ട്രീയ കക്ഷികളുടെ വളര്‍ച്ചയും പോലും എ. കെ പാര്‍ട്ടി നടത്തിയ സാമൂഹിക- രാഷ്ട്രീയ പരിവര്‍ത്തന ഫലമായാണ്. ‘സമാധാനം’ എന്ന ആശയത്തിന്റെ സ്ഥാപനം അക്രമണോത്സുകമായ ശൈലിയിലൂടെ, ഭിന്നസ്വരങ്ങളെ അടിച്ചമര്‍ത്തുന്ന മാര്‍ഗം സ്വീകരിച്ചിരുന്ന കെമാലിസ്റ്റ് ചിന്തയെ വിമര്‍ശിച്ചുകൊണ്ട്, ‘സ്വാതന്ത്ര്യം ഇല്ലാതെ സമാധാനം ഇല്ല’ എന്ന് ദേശീയ പോളിസിയെ തിരുത്തിയത് എര്‍ദോഗാനും അഹ്മദ് ദാവൂദോഗ്‌ലുവുമാണ്.

ദിയാര്‍ബേകിര്‍ (Diyarbakir) അടക്കമുളള കുര്‍ദിഷ് ഭൂരിപക്ഷ മേഖലകളില്‍ എ. കെ പാര്‍ട്ടിക്ക് ഇന്നും നല്ല സ്വീധീനമാണുളളത്. ഇക്കഴിഞ്ഞ പ്രസിഡന്‍ഷ്യല്‍ ഇലക്ഷനില്‍പോലും എച് ഡി പി ക്ക് ശേഷം എ. കെ പാര്‍ട്ടിയാണ് കൂടുതലും വോട്ട് നേടിയത്. 2004 -ന് ശേഷം പി. കെ. കെ യുമായുളള സമാധാന ഉടമ്പടികള്‍, കുര്‍ദിഷ് ഭാഷയെ ദേശീയവല്‍കരിച്ചതും വിദ്യാഭ്യാസ കരിക്കുലത്തില്‍ കുര്‍ദിഷ് ഭാഷയില്‍ അധ്യാപനം അനുവദിച്ചതും, എ. കെ പാര്‍ട്ടിക്ക് സ്വാധീനവും സ്വീകാര്യതയും നേടികൊടുത്തു. ചരിത്രപരമായിതന്നെ തുര്‍ക്കി രാഷ്ട്രത്തോട് യുദ്ധം പ്രഖ്യാപിച്ച പി. കെ. കെ യുടെ അക്രമണങ്ങള്‍ കുര്‍ദ് വംശത്തെ മുഴുവന്‍ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ കാരണമായി. പി. കെ. കെ യുടെ കുര്‍ദിഷ് ദേശീയതാവാദം മറ്റെല്ലാ തുര്‍ക്കി രാഷ്ട്രീയ കക്ഷികളെന്ന പോലെ എ. കെ പാര്‍ട്ടിക്കും സ്വീകാര്യമല്ല. പി. കെ. കെ യോടുളള ഈ കാര്‍ക്കശ്യനിലപാടിനെ മുഴുവന്‍ കുര്‍ദുകളോടുമുളള സമീപനമായി ചിത്രീകരിക്കുന്നത് അസാംഗത്യമാണ്.

എര്‍ദോഗാന്റെ രാഷ്ട്രീയവീക്ഷണം

Ahmet Davutoğlu

എര്‍ദോഗാനിന്റെയും എ. കെ പാര്‍ട്ടിയുടെയും ഇലക്ഷന്‍ വിജയത്തെയും ഭരണ പരിഷ്‌കാരങ്ങളെയും ഖിലാഫിത്തിന്റെ മുന്നോടിയായും നിയോ-ഓട്ടോമന്‍ പദ്ധതിയായും വിലയിരുത്തുന്നത് അസ്ഥാനത്താണ്. സ്റ്റേറ്റ് സംവിധാനത്തെ പരിപൂര്‍ണമായി അംഗീകരിച്ചുകൊണ്ട് നീതി, വികസനം എന്ന ആശയങ്ങളെ രാഷ്ട്രീയമായി പ്രയോഗവല്‍ക്കരിക്കുകയാണ് എ. കെ പാര്‍ട്ടി ചെയ്തത്. സൂഫീ പശ്ചാത്തലമുളള എര്‍ദോഗാനിന്റെയും മറ്റ് പാര്‍ട്ടി നേതാക്കളുടെയും രാഷ്ട്രീയ ജീവിതത്തില്‍ ഇസ്‌ലാം/ മുസ്‌ലിം ആഭിമുഖ്യങ്ങള്‍ സ്വാഭാവികമാണ്. പാര്‍ട്ടിയുടെ ഇസ്‌ലാമിക പശ്ചാത്തലവും ഭൂമിശാസ്ത്രപരമായ തുര്‍ക്കിയുടെ സ്ഥാനവും ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടും മുസ്‌ലിം വിഷയങ്ങളോടും ശക്തമായ അനുഭാവം പുലര്‍ത്താന്‍ കാരണമാണ്. എ. കെ പാര്‍ട്ടിയുടെയും എര്‍ദോഗാനിന്റെയും ഈ സവിശേഷതകളെ മറ്റൊന്നായി ചിത്രീകരിക്കേണ്ടതാവശ്യമില്ല. എ. കെ പാര്‍ട്ടിയുടെ വരവോടെ മധ്യേഷ്യന്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്ന തുര്‍ക്കിഷ് മോഡല്‍ (Turkish Model), അറബ് വസന്താനന്തരം രൂപപ്പെട്ട തുനീഷ്യന്‍ മോഡല്‍ (Tunisian Model) എന്നീ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നപ്പോള്‍, എ. കെ പാര്‍ട്ടി നേതൃത്വവും റാശിദുല്‍ ഗണൂഷിയും അഭിപ്രായപ്പെടുന്നത്, ഒരു സ്‌റ്റേറ്റില്‍ നടക്കുന്ന സാമൂഹിക രാഷ്ട്രീയ മാറ്റങ്ങളെ മറ്റൊരു സ്റ്റേറ്റിലേക്ക് പറിച്ചുനടാന്‍ ആവില്ല എന്നാണ്. ഏതൊരു രാഷ്ട്രവും അതിന്റെ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലത്തിലധിഷ്ഠിതമായാണ് പോളിസികള്‍ രൂപീകരിക്കേണ്ടതെന്നും, തുര്‍ക്കിഷ്, തുനീഷ്യന്‍ മോഡലുകള്‍ കടമെടുക്കേണ്ടതാവശ്യമില്ലെന്നും അവര്‍ പ്രസ്താവിക്കുകയുണ്ടായി.

എര്‍ദോഗാനും എ. കെ പാര്‍ട്ടിയും ആധുനിക തുര്‍ക്കിക്കും ഇസ്‌ലാമിക ലോകത്തിനും വികാരവും വിചാരവുമായി മാറുന്നത് അവരുടെ ശരിയായ രാഷ്ട്രീയ നിലപാടുകളിലൂടെയാണ്. നീതിയുക്തമായ നിലപാടുകളോടുളള രാഷ്ട്രീയ ഐക്യദാര്‍ഢ്യം (Political Solidarity) ആവണം എര്‍ദോഗാനിനോടുളള സമീപനം. ക്രിയാത്മകവും വിമര്‍ശനാത്മകവുമായ രാഷ്ട്രീയ നിലപാടുകളാണ് എ. കെ പാര്‍ട്ടി/ എര്‍ദോഗാന്‍ ആഭ്യമുഖ്യത്തിലും വേണ്ടത്.

(തുടരും)

ഡോ: സൈഫുദ്ദീൻ കുഞ്ഞ്. എസ്