Campus Alive

ഉത്തരാഖണ്ഡും ഏക സിവിൽ കോഡും, ഒരു ലഘു വിശകലനം

 

ബിജെപി യുടെ പ്രധാന ഇലക്ഷൻ വാഗ്ദാനമായ ഏക  സിവിൽ കോഡിന്റെ ആദ്യപടിയായി  ഉത്തരാഖണ്ഡിലെ ഏക സിവിൽ കോഡ് നിലവിൽ വന്നിരിക്കുകയാണ്. ജയ് ശ്രീറാം , ഭാരത് മാതാ കി ജയ് വിളികളോടെയാണ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ദാമി നിയമസഭയിൽ ഏക സിവിൽകോഡ് അവതരിപ്പിച്ചത്. രണ്ടു ദിവസത്തെ ചർച്ചകൾക്ക് ശേഷം ഇന്നലെ അത് പാസ്സാവുമാകയും ചെയ്തു. സംഘ പരിവാരവും ബിജെപിയും ഏക സിവിൽ കോഡ് നടപ്പിലാക്കുമെന്ന് മുമ്പ് മുതലേ പറഞ്ഞിരുന്നെവെങ്കിലും ആദ്യമായാണ് ഇന്ത്യയിൽ ഏക സിവിൽ കോഡ് എന്നതിന്റെ ഒരു മൂർത്ത രൂപം മുന്നോട്ട് അവർ മുന്നോട്ടു വെക്കുന്നത്. ഭരണഘടനപരമായ സുപ്രധാന ചോദ്യം ഉത്തരാഖണ്ഡിലെ നടപടി മുന്നോട്ട് വെക്കുന്നുണ്ട്. പ്രസിഡന്റിന്റെ സമ്മതം ഇല്ലാതെ തന്നെ പാർലിമെന്റ് പാസ്സാക്കിയ നിയമങ്ങൾ പൂർണ്ണമായും റദ്ദ് ചെയ്യാൻ ഒരു സംസ്ഥാന നിയമസഭക്ക് അധികാരമുണ്ടോ ?. അതേ പോലെ ഭരണഘടന വാഗ്ദാനം ചെയുന്ന മത സാംസ്കാരിക സ്വാതന്ത്രത്തെ മറികടക്കാൻ ഒരു സംസ്ഥാന നിയമസഭക്ക് അധികാരമുണ്ടോ? ഉണ്ടെന്ന് വരികയാണെങ്കിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും അവരുടെ ഇഷ്ടനുസരണം ഉള്ള വ്യക്തിനിയമങ്ങൾ രൂപീകരിക്കാൻ സാധിക്കില്ലേ? എല്ലാ സംസ്ഥാനങ്ങൾക്കും അവരവരുടെ ഇഷ്ടമുള്ള സിവിൽ കോഡ് വരികയാണേൽ ഇന്ത്യയിൽ 28 ‘ഏക’ സിവിൽ കോഡുകൾ ഉണ്ടായി വരും. അതിനു പുറമെ, അതിൽ ഉൾപ്പെടാതെ മാറി നിൽക്കാൻ ആഗ്രഹിക്കുന്ന അനേകം ഗോത്രങ്ങളും മറ്റു വിഭാഗങ്ങളും. അതിനാൽ ഏക സിവിൽ കോഡ് ഇന്ത്യയിലെ ഫെഡറൽ ഘടനയിൽ കൂടി ബിജെപി നടത്തിയിട്ടുള്ള പുതിയ ഇടപെടലായി മനസ്സിലാക്കണം. അത് ഭാവിയിൽ ഏത് തരം കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് കാത്തിരുന്നു തന്നെ കാണണം.

ഉത്തരാഖണ്ഡിലെ ഏകസിവിൽ കോഡ് ഇന്ത്യയിൽ ഉടനീളം ബിജെപി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഏകസിവിൽ കോഡിന്റെ ആദ്യ രൂപമായാണ് അവർ അവതരിപ്പിക്കുന്നത്. എന്നാൽ ഉത്തരാഖണ്ഡ് ഏക സിവിൽ കോഡ്  എന്നത് ചില മാറ്റങ്ങൾ വരുത്തിയ ഹിന്ദു കുടുംബ  നിയമങ്ങൾ  മുസ്ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും വിവാഹേതര ബന്ധങ്ങൾ പിന്തുടരുന്നവരിലുടെയും  മേൽ അടിച്ചേല്പിക്കുക എന്നതിലാണ് ശ്രദ്ധ കൊടുത്തിരിക്കുന്നത്. ഏക സിവിൽ കോഡിന്റെ ആദ്യ പരീക്ഷണ വേദിയായി ഉത്തരാഖണ്ഡിനെ തിരഞ്ഞെടുത്തത് തികച്ചും യാദൃശ്ചികമല്ല. ഉത്തരാഖണ്ഡിലെ ജാതി മത വിതരണത്തിന്റെ ഘടന മനസ്സിലാക്കിയാൽ ആരുടെ താല്പര്യങ്ങൾക്കനുസരിച്ച ഏക സിവിൽ നിയമമാണ് ബിജെപി കൊണ്ട് വരാൻ ഉദ്ദേശിച്ചത് എന്നത് കൃത്യമായി മനസിലാവും. ഇന്ത്യയിൽ ബ്രാഹ്മിണർ ഏറ്റവും കേന്ദ്രീകരിച്ചിരിക്കുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഇന്ത്യയിൽ ഉന്നത ജാതി ഭൂരിപക്ഷവുമുള്ള അപൂർവം  സംസഥാനങ്ങളിലൊന്നുമാണ്  ദേവ് ഭൂമിയെന്ന പേരിൽ അറിയപ്പെടുന്ന ഉത്തരാഖണ്ഡ്. അതിനാൽ അവിടെയുള്ള ജനങ്ങളിൽ നിന്ന് അഭിപ്രായം സ്വരൂപിച്ചാൽ അത് ബ്രാഹ്മിണ ക്ഷത്രിയ ജന വിഭാഗങ്ങളെ യാതൊരു തരത്തിലും ബാധിക്കുകയില്ല എന്നുറപ്പാക്കാമെന്ന് ബിജെപി കരുതിക്കാണണം. അത് പോലെ തന്നെ ബിജെപി യുടെ ‘ഏക’ സിവിൽ കോഡ്  ട്രൈബൽ ജനതകൾക്കുള്ള ഭരണഘടന  നൽകിയിട്ടുള്ള സിവിൽ നിയമ പരിരക്ഷയെ ഒരു തരത്തിലും ബാധിക്കുക ഇല്ല എന്നും ഉത്തരാഖണ്ഡിൽ ബിജെപി ഉറപ്പു നൽകുന്നു.

ഇന്ത്യയിലെ നിയമ വിദഗ്ധർ ഒക്കെയും ഏക സിവിൽ കോഡ് സാധ്യമാകാൻ ഏറ്റവും പ്രാഥമികമായി പറഞ്ഞ നിബന്ധന പ്രോപ്പർട്ടി സങ്കൽപം ഏകീകരിക്കുക എന്നതാണ്.  ഹിന്ദു പൈതൃക സ്വത്തിൽ അധിഷ്ഠിതമായ  ഹിന്ദു അൺഡിവൈഡഡ്  ഫാമിലി (HUF)  ഉത്തരാഖണ്ഡിലെ യൂണിഫോം സിവിൽ കോഡ് പരാമർശിക്കുന്നില്ല  എന്ന് കാണാം. ഹിന്ദു മിതാക്ഷര കുടുംബ നിയമത്തിൽ നിന്ന് രൂപം കൊണ്ട HUF ഇന്ത്യയിലെ ഹിന്ദു മേൽജാതി കുടുംബ വ്യവസ്ഥയുടെ അടിത്തറയാണ്. ഇന്ത്യയിൽ 1940 മുതലുള്ള വിവിധ ലോ കമ്മീഷനുകൾ അതിനെ നിരോധിക്കണം എന്ന ഒരു നിർദേശം മുന്നോട്ട് വെച്ചെങ്കിലും അതിനെതിരെ ബിജെപി ഇത് വരെ ഒരക്ഷരവും ഉരിയാടിയത് കാണാൻ സാധിക്കില്ല. ഇന്ത്യയിലെ നികുതി വരുമാനത്തിൽ വലിയ ക്ഷതം വരുത്തുന്ന HUF നെ നിരോധിക്കാതെയാണ് ബിജെപി ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് പാസ്സാക്കിയത് എന്ന് കരുതപ്പെടുന്നു. അതിനാൽ തന്നെ ഏക സിവിൽ കോഡ് HUF ന് പുറത്ത് ഇന്ത്യയിലെ അതി സമ്പന്ന മേൽജാതി കുടുംബങ്ങളും കോർപറേറ്റുകളും അനുഭവിക്കുന്ന എല്ലാ തരം ഇളവുകളിലും ഒരിളക്കവും വരുത്താതെയാണ് ബിജെപി കൊണ്ട് വന്നിരിക്കുന്നത് എന്ന് വേണം കരുതാൻ. ഇനി പരാമർശിക്കാത്തതിന് കാരണം അത് പൂർണ്ണമായി എടുത്ത് കളഞ്ഞു എന്നതാണ് എങ്കിൽ ഭാവിയിൽ ഏക സിവിൽ കോഡിന് ഏറ്റവും എതിർപ്പ് ഉയരുന്നത് മേൽജാതി ഹിന്ദുക്കളുടെ ഭാഗത്ത് നിന്നാവും.

ബില്ലിൽ നിലവിൽ ഏറ്റവും വിമർശനം നേരിടുന്ന ഭാഗം വിവാഹേതര സ്ത്രീ പുരുഷ ബന്ധങ്ങളെ ബിജെപി യുടെ ഏക സിവിൽ കോഡ് ക്രിമിനൽവൽകരിക്കുന്നു എന്നതാണ്. അത് മതിയായ കാരണം ബോധിപ്പിക്കൽ, രെജിസ്ട്രേഷൻ, സർക്കാർ സംവിധാനത്തെ അറിയിക്കൽ, മാതാപിതാക്കളുടെ സമ്മതം എന്നീ അനേകം കടമ്പകൾ കടന്നാൽ മാത്രമേ ഇനി ഉത്തരാഖണ്ഡിൽ സാധ്യമാകൂ എന്നാണ് യൂണിഫോം സിവിൽ കോഡ് വ്യക്തമാക്കുന്നത്. ഇല്ലെങ്കിൽ ജയിലും വലിയ പിഴയും ഒടുക്കേണ്ടി വരും.

അതായത് വിവാഹത്തിന് പുറത്തുള്ള ആൺ പുരുഷ സങ്കലനങ്ങൾ നടക്കുന്ന സ്വകാര്യ ഇടങ്ങളിലേക്ക് ഇനി പോലീസിനും മോറൽ പോലിസ് നടത്തുന്നവർക്കും യഥേഷ്ഠം കടന്നു കയറാൻ അധികാരം ഉത്തരാഖണ്ഡിലെ ഏക സിവിൽ കോഡ് അധികാരം കൊടുക്കുന്നു. ഇത് മിശ്രവിവാഹത്തെയും മത ജാതി മിശ്ര സങ്കലനങ്ങളെയും തടയാൻ ലക്ഷ്യമിട്ടു കൊണ്ടുള്ള ബിജെപി ഇടപെടൽ കൂടിയായി വേണം മനസ്സിലാക്കാൻ. ഇന്ത്യയിൽ മിശ്ര വിവാഹതിന് ഇപ്പോൾ ആശ്രയിക്കപ്പെടുന്ന സ്പെഷ്യൽ മാര്യേജ് ആക്റ്റിനു വിരുദ്ധമായുള്ള ബിജെപിയുടെ നീക്കത്തിന് തുടർച്ചയായി കൂടിയാണ് ഇത് കാണേണ്ടത്.

നിലനിൽക്കുന്ന അനന്തര അവകാശ നിയമങ്ങളിലും  സുപ്രധാന മാറ്റങ്ങൾ കാണാൻ പറ്റും. ഹിന്ദു അനന്തര അവകാശ നിയമത്തെ ചില മാറ്റങ്ങൾ വരുത്തി എല്ലാവർക്കും മേൽ നടപ്പിലാക്കുകയാണ് ചെയ്യുന്നത്. നിലനിൽക്കുന്ന ഹിന്ദു അനന്തര നിയമത്തിൽ നിന്നുള്ള ഒരു പ്രധാന മാറ്റം ആണിനും പെണ്ണിനും ഉള്ള അവകാശികളിൽ ഹിന്ദു പിന്തുടർച്ച അവകാശ നിയമത്തിൽ നില നിൽക്കുന്ന വിവേചന രീതി ഇവിടെ അവസാനിപ്പിച്ചതയാണ് കാണാൻ പറ്റുന്നത്. ആണിനും പെണ്ണിനും വിഭിന്നമായ അവകാശികൾ (Legal heirs Hindu Female / Legal Heirs of Male) എന്ന ഹിന്ദു അനന്തരാവകാശ രീതി പൂർണ്ണമായി ഏക സിവിൽ കോഡ് ബില്ലിൽ ഉപേക്ഷിച്ചിട്ടുണ്ട്. നിലവിൽ ഭർത്താവും ഭർത്താവിന്റെ അവകാശികളും ഇല്ലെങ്കിൽ മാത്രമായിരുന്നു സ്വമാതാപിതാക്കളും രക്തബന്ധുക്കളും ഹിന്ദു സ്ത്രീയുടെ അവകാശിയാവുന്നത്. എന്നാൽ ആണിനുള്ള അതെ അവകാശികൾ തന്നെയാണ് ഉത്തരാഖണ്ഡ് ഏക സിവിൽ കോഡ് മുന്നോട്ട് വെച്ചത്. ഇരുവരുടെയും മാതാപിതാക്കൾ ഇസ്ലാമിക അനന്തര അവകാശത്തിന് സമാനമായി പ്രാഥമിക അവകാശികളായി വരുന്നതും ഇത് ഇന്ത്യയിൽ ആദ്യമാണ്. ഇതും  നിലനിൽക്കുന്ന നിയമത്തിൽ നിന്നുള്ള പ്രധാന മാറ്റമാണ്. ക്രിസ്ത്യൻ നിയമത്തിലോ ഹിന്ദു നിയമത്തിലോ മാതാപിതാക്കൾ നിലവിൽ പ്രഥമിക അവകാശികൾ ആവുന്നില്ല. ഹിന്ദു പുരുഷന്റെ പ്രാഥമിക അവകാശിയായി മാതാവ് ഉണ്ടായിരുന്നുവെങ്കിലും  പിതാവിനെയും അതെ സ്ഥാനത്ത് ഉൾപെടുത്തിയിരുന്നില്ല. ഇത് ഹിന്ദു ക്രിസ്ത്യൻ വിവാഹത്തിന്റെ അടിസ്ഥാനമായ സ്ത്രീ ഭർത്താവിന്റെ കുടുംബത്തിന്റെ ഭാഗമാണെന്ന ആശയത്തിനെ (Coverture) തള്ളി കളയുന്ന ഒരു നടപടി കൂടിയാണ്. ഇത് ഹിന്ദു ക്രിസ്ത്യൻ സ്ത്രീകൾക്ക്‌ കൂടുതൽ സ്വന്തം മാതാപിതാക്കളുമായും അവരുടെ സ്വഗ്രഹത്തിനോടുമുള്ള ബന്ധം ശക്തമാക്കാനും വിധവയായ ശേഷമുള്ള ജീവിതം മെച്ചപ്പെടുത്താനും സാധിക്കും. പോരാതെ, ഇത് ഹിന്ദു ക്രിസ്ത്യൻ വിധവകൾക്ക് പുനർ വിവാഹത്തിനുമുള്ള സാധ്യത സൃഷ്ടിക്കുകയും ചെയ്യും.  യൂറോപ്യൻ സിവിൽ കോഡുകളിലോ ഇന്ത്യയിൽ നിലനിൽക്കുന്ന ഇസ്ലാമികേതര അനന്തര നിയമങ്ങളിലോ നിലവിൽ ഇല്ലാതെ ഒരു രീതിയാണിത്. ചൈനയിൽ  ഈയടുത്ത് കൊണ്ട് വന്ന സിവിൽ കോഡിലും ഇതേ ഒരു മാറ്റം ഇടം പിടിച്ചിരുന്നു.

മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ശരീഅത്ത് അനുസരിച്ചുള്ള എല്ലാ തരം അനന്തര വിതരണത്തെയും ഏക സിവിൽ കോഡ് സാരമായി ബാധിക്കും. മുസ്‌ലിം നിയമത്തിൽ നിലനിൽക്കുന്ന ഖുർആനിലെ നിർബന്ധിത ഓഹരികൾ മുൻനിർത്തിയുള്ള വിശാല അനന്തര അവകാശ വിതരണ ശാസ്ത്രം (ഫറായിദ്) കോടതി മുഖേനെ നിയമം വന്നു കഴിഞ്ഞാൽ ഇനി ഉത്തരഖണ്ഡിൽ നടപ്പിലാക്കാൻ കഴിയില്ല. ഫറായിദിന്റെ എല്ലാ നിർബന്ധിതവും അല്ലാത്തതും ഓഹരികളോടും നിലവിലെ ഏക അനന്തരം നിയമം ഏറ്റു മുട്ടുന്നു. ഉദാഹരണത്തിന് ഒരു പെൺ കുട്ടി മാത്രം ഉള്ള സാഹചര്യത്തിൽ പെൺകുട്ടിക്ക് നേർ പകുതി, ഒന്നിലധികം പെൺകുട്ടികൾ ഉള്ള സാഹചര്യത്തിൽ എല്ലാവര്ക്കും കൂടി മൂന്നിൽ രണ്ട്, ആൺ മക്കൾ ഉള്ള സാഹചര്യത്തിൽ ആൺകുട്ടിയുടെ വിഹിതത്തിന്റെ നേർ പാതി എന്നിങ്ങനെയാണ് ഇസ്ലാമിക അനന്തര നിയമത്തിലെ നിർബന്ധിത ഓഹരികൾ. എന്നാൽ  ഉത്തരാഖണ്ഡിലെ ഏക സിവിൽ കോഡ്  അനുസരിച്ചു പ്രാഥമിക അവകാശികളായ ഭാര്യ/ ഭർത്താവ്, മാതാപിതാക്കൾ, ആൺമക്കൾ എന്നിവരുടെ സമാന ഓഹരിയാണ് ഒരു എല്ലാ ഘട്ടത്തിലും ഒരു പെൺകുട്ടിക്ക് ലഭിക്കുക. ചില സാഹചര്യങ്ങളിൽ ഇത് മുസ്‌ലിം പെൺകുട്ടികൾക്ക്‌ അനുകൂലവും മറ്റു ചില സാഹചര്യങ്ങളിൽ പ്രതികൂലവുമായി വന്നു ചേരും.

എന്നാൽ അനന്തര വിതരണം വിൽപത്രത്തിന്റെ അഭാവത്തിൽ മാത്രം സംഭവിക്കുന്ന ഒന്നായതിനാൽ ഇങ്ങനെയുള്ള എല്ലാ മാറ്റങ്ങളും വളരെ എളുപ്പം എല്ലാ സമുദായങ്ങൾക്കും മറികടക്കാൻ സാധിക്കും. ഹിന്ദു ക്രിസ്ത്യൻ നിയമങ്ങളിൽ നിലവിൽ നിലനിൽക്കുന്ന അനിയന്ത്രിതമായ വിൽപത്ര അധികാരം അതേ പടി തന്നെ ഉത്തരാഖണ്ഡ് ഏക സിവിൽ കോഡ്  നിലനിർത്തിയിട്ടുണ്ടെന്ന് കാണാം. മുസ്ലിങ്ങൾക്ക്‌ കൂടി അനിയന്ത്രിതമായ വില്പത്ര സ്വാതന്ത്രം നൽകുന്നതിനാൽ ശരീയത് അനുസരിച്ചുള്ള ഖുറാനിക അനന്തര വിഭജനങ്ങൾ ഇനി മുസ്ലിങ്ങൾ വിൽപത്രത്തിൽ എഴുതി വെക്കാൻ നിർബന്ധിക്കപ്പെടും. ഗോവയിലെ ഏക സിവിൽ കോഡിലെ പോലെയോ ഇസ്ലാമിക വില്പത്ര നിയമത്തെ ആശ്രയിച്ചോ ഹിന്ദു ക്രിസ്ത്യൻ വില്പത്രത്തിൽ നിയന്ത്രണം കൊണ്ട് വരണം എന്നായിരുന്നു 2018 ലോ കമ്മീഷന്റെ നിർദേശം. ഇസ്ലാമിക വില്പത്ര നിയമം പ്രകാരം നിലവിൽ അനന്തര അവകാശികൾക്ക് അനുകൂലമോ പ്രതികൂലമോ ആയി വിൽ പത്രം എഴുതാൻ പറ്റില്ല. മൂന്നിൽ ഒന്നിലധികം സ്വത്ത്‌ അനന്തര അവകാശികൾ അല്ലാത്തവർക്ക് വിൽപത്രം മുഖേനെ എഴുതി കൈമാറാനും പറ്റില്ല. ഇതിൽ നിന്ന് തികച്ചും വിഭിന്നമായി ഒരാൾ ഉദ്ദേശിക്കുന്ന തരത്തിൽ അയാളുടെ  മുഴുവൻ സ്വത്തും ഇഷ്ടാനുസരണം ആർക്കും ഉത്തരാഖണ്ഡിലെ ഏക സിവിൽ  കോഡ് പ്രകാരം വില്പപത്രത്തിലൂടെ കൈമാറാം.

പിന്നെ പ്രധാനമായും മാറ്റം കൊണ്ട് വന്നിട്ടുള്ളത് വിവാഹ മോചന നിയമത്തിലാണ്. വിവാഹ മോചനത്തിന് ഹിന്ദുക്കൾക്ക്‌ നിലനിൽക്കുന്ന നിബന്ധനകൾ മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും കൂടി ബില്ല് ബാധകമാക്കുന്നു. ക്രിസ്ത്യാനികളുടെ വിവാഹ മോചന നിയമമാണ് നിലവിൽ ഇന്ത്യയിൽ ഏറ്റവും കർക്കശ സ്വഭാവം പുലർത്തുന്നത്. ഉഭയസമ്മത പ്രകാരമുള്ള വിവാഹ മോചനം പോലും വളരെ നീണ്ട കാലത്തെ വേർ പിരിഞ്ഞുള്ള ജീവിതം കോടതിയിൽ ബോധിപ്പിക്കുമ്പോഴാണ് വിവാഹ മോചനം നിലവിൽ ക്രിസ്ത്യൻ വ്യക്തിനിയമ പ്രകാരം അനുവദിക്കുന്നത്. അതിനാൽ ഉത്തരഖണ്ഡിലെ ഏക സിവിൽ കോഡ് ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം താരതമ്യേനെ വിവാഹ മോചനം എളുപ്പമാകും. എന്നാൽ അതിൽ നിന്ന് നേർ വിപരീതമായി മുസ്ലിങ്ങളുടെ വിവാഹ മോചനം ഈ ബിൽ വളരെയധികം കർക്കശമാക്കും. നിലവിൽ ഏക പക്ഷീയമായി തന്നെ ആണിനും പെണ്ണിനും നിലനിൽക്കുന്ന വിവാഹ മോചന സ്വാതന്ത്രം (തലാഖ്, ഖുൽഅ) ഏക സിവിൽ കോഡ് വരുന്നതോട് കൂടി ഇല്ലാതാവും. കോടതിയെ സമീപിച്ചു ഹിന്ദുവിനെ പോലെയോ ക്രിസ്ത്യാനിയെ പോലെയോ അംഗീകൃത കാരണം തെളിയിച്ചോ, അല്ലെങ്കിൽ ഉഭയ സമ്മത പ്രകാരമോ മാത്രമേ മുസ്ലിങ്ങൾക്കും ബിൽ പ്രകാരം ഇനി വിവാഹ മോചനം സാധ്യമാകുകയുള്ളൂ. അതേ പോലെ തന്നെ വിഹാഹ മോചനാനന്തര സ്ഥിര ജീവനാംശം എന്ന ആശയം മുസ്ലിങ്ങൾക്ക് കൂടി ബിൽ അടിച്ചേൽപ്പിക്കുന്നു. ഇത് ഷാ ബാനു വിവാദത്തെ തുടർന്ന് നിലവിൽ വന്ന 1984 ലെ മുസ്‌ലിം ജീവനാംശ നിയമത്തെ റദ്ദാക്കുന്നു.
ചൈൽഡ് കസ്റ്റഡി നിയമം ഇന്ത്യയിൽ നിലനിൽക്കുന്ന രീതിയിൽ തന്നെ തുടരും. എല്ലാവര്ക്കും അവരരുടെ നിലവിലെ രീതികൾ  പിന്തുടരാൻ അവകാശമുണ്ടാകും. വിവാഹത്തിന്റെ കാര്യത്തിലും വലിയ മാറ്റങ്ങൾ ഇല്ല. നിക്കാഹ് അടക്കമുള്ള നിലനിൽക്കുന്ന എല്ലാ പാരമ്പര്യ രീതികളും നിയമപ്രകാരം സ്വീകാര്യമാണ്. എന്നാൽ ബഹു ഭാര്യത്വം നിയമ സാധുത ഉണ്ടാവുകയില്ല. ഒറ്റ നിലയിൽ ഇത് മികച്ച സ്ത്രീ അനുകൂല നടപടിയായി തോന്നുമെങ്കിലും ഇത് അങ്ങേയറ്റം സ്ത്രീ വിരുദ്ധമായാണ് പ്രതിഫലിക്കുക എന്നത്  നിലവിൽ ബഹുഭാര്യത്വ നിരോധനത്തിന്റെ അവസ്ഥ പരിശോധിച്ചാൽ മനസ്സിലാവും. ഇന്ത്യയിൽ ബഹുഭാര്യത്വം മുമ്പേ നിരോധിക്കപ്പെട്ടിട്ടുള്ള ഹിന്ദുക്കളുടെ ഇടയിലാണ് ഏറ്റവും കൂടുതൽ ബഹു ഭാര്യത്വ രീതികൾ പിന്തുടരുന്നവർ ഉള്ളത് എന്ന് പഠനങ്ങൾ വെളിപ്പിടുത്തിയിട്ടുണ്ട്. അതിനാൽ ഏക സിവിൽ കോഡ് വരുന്നതോട് കൂടി മുസ്‌ലിം വ്യക്തി നിയമത്തിൽ ഭാര്യ എന്ന നിയമ പരിരക്ഷ കിട്ടിയിരുന്ന രണ്ടാം വിവാഹത്തിലെ സ്ത്രീ നിയമത്തിനു കണ്ണിൽ ഭാര്യ അല്ലാതായി മാറും. അത് അവർക്ക് ജീവനാംശം, അനന്തര അവകാശം,  വിവാഹ മോചനം, ആഭ്യന്തര അക്രമത്തിൽ നിന്നുള്ള സംരക്ഷണം  എന്നിങ്ങനെ നിർബന്ധമായും ലഭിക്കേണ്ടുന്ന അനേകം നിയമ പരിരക്ഷകൾ  ഇല്ലാതാക്കും. അതേ സമയം അവരിൽ ഉണ്ടാകുന്ന മക്കൾ നിയമത്തിന്റെ കണ്ണിൽ യഥാർത്ഥ മക്കൾ തന്നെയായും പരിഗണിക്കപ്പെടും. ഏക  സിവിൽ കോഡ് നടപ്പിലാക്കുന്നതിനെതിരെ ഇത് വരെ മുസ്ലിങ്ങളായിരുന്നു ഒരു സമുദായമെന്ന നിലയിൽ പ്രധാനമായും ഏറ്റവും ആശങ്കകൾ മുന്നോട്ട് വെച്ചത്. എന്നാൽ ഇനിയുള്ള നാളുകളിൽ ഉത്തരാഖണ്ഡിലെ ബില്ലിനെ മുൻനിർത്തി  ഇന്ത്യയിലെ  മറ്റനേകം സമുദായങ്ങൾ എതിർപ്പുകൾ  പ്രകടിപ്പിക്കാനാണ് സാധ്യത എന്നാണ് ബില്ലിന്റെ ആദ്യവായനയിൽ ഈ ലേഖകൻ  മനസ്സിലാക്കുന്നത്. കാരണം, നിലവിലെ ഏക സിവിൽ കോഡ് രൂപം മുസ്ലിങ്ങളുടെ ശരീഅത്തിനെ മാത്രമല്ല, മറ്റനേകം സമുദായങ്ങളുടെയും  ശരീഅത്തിനെ (ജീവിത രീതികളെ ) ചെറുതല്ലാത്ത രീതിയിൽ  ബാധിക്കും.

അബ്ദുല്ല കോട്ടപ്പള്ളി