Campus Alive

‘ആയിത്തീരലും’ മരണത്തിന്റെ ആധ്യാത്മികതയും

(ഇബ്രാഹിം മൂസയുടെ ‘Considering Being and Knowing in an Age of Techno-­Science’ എന്ന പഠനത്തിൻ്റെ മലയാള വിവർത്തനം, മൂന്നാം ഭാഗം)


ഒരേ ഇടത്തിലും കോലത്തിലും നിലനില്‍ക്കുന്ന മറ്റുപല ആശയധാരകളെയും വെച്ച് താരതമ്യം ചെയ്താല്‍ തത്വചിന്താ ദര്‍ശനങ്ങള്‍ക്ക് ഒരു സ്ഥിരമായ പരിവര്‍ത്തനസ്വഭാവമുണ്ട്. സമകാലിക മുസ്‌ലിം ഭവശാസ്ത്രം പുത്തന്‍ ആശയങ്ങളെ തേടുന്ന ഈ ഘട്ടത്തില്‍ ജൈൽസ് ദെല്യൂസും ഫെലിക്‌സ് ഗ്വത്താരിയും പറഞ്ഞ ചില കാര്യങ്ങള്‍ ഓര്‍ക്കാം, ‘പുതിയ ആശയങ്ങള്‍ നമ്മുടെ പ്രശ്‌നങ്ങളുമായും, ചരിത്രവുമായും എല്ലാത്തിലുമുപരി നമ്മുടെ ആയിത്തീരലുമായും (becoming) ബന്ധപ്പെട്ടിരിക്കണം’ ഒരു പ്ലേറ്റോണിസ്‌റ്റോ അരിസ്‌റ്റോട്ടിലിയനോ ഇബ്‌നുസീനിയനോ ഗസ്സാലിയനോ സാഡ്രിയനോ കാന്റിയനോ ഒക്കെ ആവുന്നതിന്റെ ഒരു അടിസ്ഥാനം ‘അവരുടെ ചിന്തകള്‍ നമ്മുടെ പ്രശ്‌നങ്ങളുമായി സ്വരച്ചേര്‍ന്ന് സജീവമാകുന്നുവെന്ന’ ന്യായീകരണമാകണം. പക്ഷെ അതത്ര എളുപ്പത്തില്‍ കൈവരിക്കാവുന്ന ജോലിയല്ല. പൂര്‍വകാല ചിന്തകരുടെ ചിന്തകളുമായി ഇടപെടുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ടത് പുതുതായുണ്ടാകേണ്ട ആശയങ്ങളെ അവ പ്രചോദിപ്പിക്കണമെന്നതാണ്. നമ്മുടെ വര്‍ത്തമാനകാലവുമായി ചില തുടര്‍ച്ചകളുണ്ടെന്ന് കാണിക്കാന്‍ അവര്‍ പറഞ്ഞ ചില കാര്യങ്ങള്‍ നമ്മള്‍ ആവര്‍ത്തിക്കാറുണ്ട്, അല്ലെങ്കില്‍ അവ പഴഞ്ചനായെന്ന് ചിലപ്പോള്‍ തിരിച്ചറിയുകയും ചെയ്‌തേക്കും, എന്തായാലും മേല്‍പറഞ്ഞ ‘അവര്‍ ചെയ്തത് ചെയ്യുകയും’ പുതിയ പ്രശ്‌നങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും വേണ്ട വേറിട്ട ചിന്തകള്‍ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുക എന്ന ജോലി ബാക്കിയാണ്. ചുരുക്കത്തില്‍ ഇന്നത്തെ മുസ്‌ലിമിന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ പുതുചിന്തകള്‍ രചിച്ച് മുസ്‌ലിം നൈതിക പാരമ്പര്യത്തിന് പുതുജീവന്‍ പകരേണ്ടത് സമുദായത്തിന്റെ ആവശ്യമാണ്. ജീവിതവും ജീവിതാനുഭവങ്ങളും ഒരിക്കലും സ്ഥായിയല്ലാത്തതു പോലെ ഉണ്‍മയും സ്ഥായീസ്വഭാവമുള്ളതല്ല, ആയിത്തീരല്‍ (becoming) എന്ന അവസ്ഥയിലാകും എപ്പോഴുമത്. നാമിന്ന് കഴിയുന്ന തുറന്ന ശാസ്ത്രപ്രപഞ്ചത്തെ പ്രതിധ്വനിക്കുന്നതാണ് നമ്മുടെ സ്ഥിരമായ ഈ ആയിത്തീരല്‍ സ്വഭാവം.

മറ്റൊരു രീതിയിലാണെങ്കിലും, ‘ആയിത്തീരല്‍’ എന്ന ആശയം മുസ്‌ലിം തത്വചിന്തയുടെ ചരിത്രത്തിന് അപരിചിതമല്ലയെന്ന കാര്യം നമ്മുടെ തത്വചിന്താ ആലോചനകളിലേക്ക് മടക്കിക്കൊണ്ടുവന്നത് മാര്‍ട്ടിന്‍ ഹൈഡെഗറിനെപ്പോലുള്ളവരാണ്. ചലനാത്മകത, ആയിത്തീരല്‍ പോലുള്ളവയുമായി വളരെ കാര്യമായി ഇടപെട്ട ദാര്‍ശനികരിൽ പെട്ടവരാണ് ശിഹാബുദ്ദീന്‍ സുഹ്‌റവര്‍ദിയും മുല്ല സദ്‌റയെന്നറിയപ്പെടുന്ന സദ്‌റുദ്ദീന്‍ ശീറാസിയുമൊക്കെ. മുല്ല സദ്റയുടെ വീക്ഷണങ്ങൾ പിന്നീട് മുല്ല ഹാദി സബ്‌സവാരി നവീകരിക്കുന്നുണ്ട്.

ഗിൽസ് ദെല്യൂസ്, ഫെലിക്സ് ഗുത്താരി

വ്യക്തികളുടെ രൂപഘടനയും ജനിതക ഗുണങ്ങളുമായും ബന്ധപ്പെട്ടുകിടക്കുന്ന ആധ്യാത്മിക ജ്ഞാനത്തിന്റെ ഒരു ഇനത്തെ സദ്‌റ തിരിച്ചറിയുന്നുണ്ട്. ‘മനുഷ്യരെക്കുറിച്ചും (ഇല്‍മുല്‍ ഇന്‍സാന്‍) അവരുടെ ചിന്താപരവും പ്രായോഗികവുമായ ശേഷിയെ കുറിച്ചുമുള്ള പഠനം എന്നാണദ്ദേഹം അതിനെക്കുറിച്ച് പറയുന്നത്. സദ്‌റയുടെ അഭിപ്രായത്തില്‍ തത്വചിന്തക്ക് രണ്ട് ഭാഗങ്ങളാണുള്ളത്. ഒരു രീതിശാസ്ത്രത്തിനുള്ളില്‍ നിന്നും പ്രകടമായ തെളിവുകളുടെയും (ബറാഹിന്‍) അനുമാനങ്ങളുടെയും (ളന്ന്) പ്രാമാണിക വാദങ്ങളുടെയും (തഖ്‌ലീദ്) സഹായത്തോടെ ഒരു തീരുമാനത്തിലെത്തിക്കൊണ്ട് (ഹുകും) കാര്യങ്ങള്‍ മനസിലാക്കുന്നതിനെയും (മഅ്‌രിഫ) അതിലൂടെ അവയെക്കുറിച്ച വിജ്ഞാനം കരഗതമാക്കുന്നതുമായ ഭാഗമാണ് ഒന്നാമത്തെത്. തത്വചിന്തയുടെ മറ്റൊരു തലം മനുഷ്യാത്മാവിന്റെ പൂര്‍ത്തീകരണത്തിനുവേണ്ടി (ഇസ്തിക്മാലുന്നഫ്‌സുല്‍ ഇന്‍സാനിയ്യ), -അത് ശരീരം, മനസ്, ആത്മാവ് ഉള്‍പ്പെടെ- ആ വിജ്ഞാനത്തെ പ്രയോഗതലത്തിലാക്കലാണ്. എന്നിരുന്നാലും നിലനില്‍ക്കുന്ന ഒരു ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടാണ് അന്നും ഇന്നും ദൈവശാസ്ത്രജ്ഞരും ധാര്‍മിക ചിന്തകരും നൈതികജ്ഞാനികളുമെല്ലാം പ്രവര്‍ത്തിക്കുന്നത്, അവരുടെ ഭവശാസ്ത്രപരമായ ചട്ടക്കൂടാണത്. പൂര്‍വകാല മുസ്‌ലിം ചിന്തകരും ദൈവശാസ്ത്രജ്ഞരും അസ്തിത്വം (വുജൂദ്) എന്ന വിഷയം കൊണ്ടാണ് പലപ്പോഴും തങ്ങളുടെ പൊസിഷൻ വ്യക്തമാക്കിയത്. 

ജ്ഞാനവും ധിഷണയും (തഅക്കുല്‍) ആണ് അസ്തിത്വത്തിന്റെ രൂപങ്ങളെന്ന് മുല്ല സദ്‌റ എഴുതുന്നു. അസ്തിത്വം അതിന്റെ സത്ത (മാഹിയ)യുമായി ഒന്നുചേര്‍ന്നതാണ്; അതുപോലെ, അറിയലെന്നത് അറിയപ്പെട്ടതുമായി ഒന്നുചേര്‍ന്നതാണ്. ചില നിലനില്‍ക്കുന്ന കാര്യങ്ങള്‍ താഴ്ന്നതും മറ്റുചിലവ ഉയര്‍ന്നതുമായിരിക്കും. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ തത്വചിന്തയെ വഴികാണിക്കാനായി സമകാലിക ഇസ്‌ലാമിക ചിന്തകളെ ഏറ്റവും നന്നായി പ്രയോജനപ്പെടുത്താന്‍ ഉപകാരപ്പെടുന്ന പൂര്‍വകാല മുസ്‌ലിം ദാര്‍ശനികരില്‍ നമ്മുടെ ഏറ്റവും മികച്ച കൂട്ടാളിയായിരിക്കാം അദ്ദേഹം. അത്തരമൊരു അംഗീകാരം അദ്ദേഹം അര്‍ഹിക്കുന്നുണ്ട്. അസ്തിത്വമാണ് (വുജൂദ്) എല്ലാ ദാര്‍ശനിക തത്വങ്ങളുടെയും അടിത്തറയെന്നാണ് സദ്‌റയുടെ നിലപാട്. എല്ലാ അസ്തിത്വങ്ങളും സത്യത്തില്‍ അനവധി സ്ഥാനങ്ങളും ഉയര്‍ന്നതും താഴ്ന്നതുമായ പദവികളും ഉള്‍ക്കൊള്ളുന്ന ഒരൊറ്റ സ്വത്വമുള്ള ഒറ്റപ്പഥാര്‍ഥമാണ് എന്നാണ് അദ്ദേഹം കാണുന്നത്.

സദ്‌റയുടെ ഭവശാസ്ത്രം പറയുന്നത്, ശരീരങ്ങളും സംഭവ്യതകളും (potentialities, തബഇയ്യ്) എല്ലായ്‌പോഴും ഒഴുക്കിനും, വഴക്കത്തിനും, മാറ്റത്തിനും തകര്‍ച്ചയ്ക്കും എല്ലാം പാത്രമാകുന്നവയാണ്. അതുകൊണ്ട് തന്നെ രണ്ട് വിഭിന്ന നിമിഷങ്ങളില്‍ അവയ്ക്ക് സ്ഥായിത്വം ഉണ്ടാവില്ല. ക്രമാനുഗതമായ നിലനില്‍പ്പുള്ള (തദ്‌റിയതുല്‍ വുജൂദ്) ശരീരങ്ങള്‍ക്കും സംഭവ്യതകള്‍ക്കും ഒരുപോലുള്ള ചലനങ്ങളാണ്. സത്തയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നേരം അത്തരം എല്ലാ പദാര്‍ഥങ്ങളും (ജവാഹിര്‍) ഒരു തരം ചലനം കാണിക്കാറുണ്ട്. ഈ പദാര്‍ഥങ്ങളെ നിഷ്‌ക്രിയമായി (സാകിന) കാണപ്പെടുമ്പോള്‍ യാദൃശ്ചികമായി അവയില്‍ ചലനമുണ്ടാകുന്നുവെന്ന് അതിനര്‍ഥമില്ല. മറ്റു ആകസ്മിക ഇനങ്ങളിലുണ്ടാകുന്ന എല്ലാ ചലനങ്ങളും പദാര്‍ഥങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഈ ന്യായങ്ങള്‍ കൊണ്ടുതന്നെ ഇവ [ശരീരങ്ങളും സംഭവ്യതകളും] സ്ഥായിയല്ല, പലവിധ ചലനങ്ങളിലെ ഒരൊറ്റ വസ്തുവും സ്ഥായിയല്ലാത്തതുപോലെ.

മേല്‍പ്പറഞ്ഞവയെ വിശദീകരിച്ചുകൊണ്ട് സദ്‌റയുടെ ആശയങ്ങളെ വിവരിക്കുകയാണ് ക്രിസ്റ്റിയന്‍ ജാംബെറ്റ്: ‘ഉണ്ടാവല്‍ എന്ന പ്രവൃത്തി (act of being) അത് കടന്നുപോവുന്നതോ പ്രതിനിധാനം ചെയ്യുന്നതോ ആയ വ്യത്യസ്ത പദവികളിലെ നിലനില്‍പ്പിന്റെ എല്ലാ സ്ഥിരതയെയും കവരുന്ന ചലനത്തെയാണ് വരച്ചുകാണിക്കുന്നത്. അതിന്റെ പ്രേരണയാല്‍ രൂപപ്പെട്ട ഇത്തരം താല്‍ക്കാലിക താവളങ്ങളുടെ യാഥാര്‍ഥ്യത്തെ അത് സംശയാസ്പദമാക്കുന്നു. being ന്റെ ഈ അനിശ്ചിതത്വം അതിന്റെ തന്നെ സത്യത്തെയും അതിന്റെ പ്രകടനത്തിലെ ഓരോ തലങ്ങളിലുമുള്ള നിശ്ചിതവും വിഭിന്നവുമായ യാഥാര്‍ഥ്യത്തെയും സംശയാസ്പദമാക്കുന്നുണ്ട്. യാഥാര്‍ഥ്യത്തിന്റെ പ്രകടനപരമായ ഓരോ തലവും സദ്‌റയുടെ ചിന്തയെ വരച്ചിടുന്നതായി ജാംബെറ്റ് എഴുതുന്നു. ഈ പ്രകടനം പിന്നീട് ‘ദൈവത്തില്‍ മാത്രമായി ഉറവിടവും സത്യവുമുള്ള ആ അനുപമമായ ഉണ്ടാവല്‍ പ്രവൃത്തിയില്‍ നിന്നും ദൂരെയായ ഒരു യാഥാര്‍ഥ്യത്തിലേക്ക് ഒന്നുചേരുന്നു’. ഉണ്‍മയുടെ ചലനത്തെ അതിന്റെ ‘അസ്വസ്ഥത’യായി വ്യാഖ്യാനിച്ചത് ഹെന്റി കോര്‍ബിനായിരുന്നു. ‘ഉണ്‍മയുടെ സ്വാതന്ത്ര്യം എല്ലായ്‌പോഴും അതിന്റെ പ്രകടനങ്ങള്‍ക്കപ്പുറം നിര്‍മിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു, കൂടുതല്‍ ആഴത്തിലുള്ള പ്രകടനമായി, അതിന്റെ അനശ്വരമായ സ്ഥിരോത്സാഹത്തിലൂടെ അന്തമായി നശ്വരതയെ മറികടക്കുകയും ചെയ്യുന്നു’.

ക്രിസ്റ്റ്യൻ ജാംബെറ്റ്

എല്ലാ കാര്യങ്ങളുടെയും ദൈവിക ഉറവിടവുമായി കണ്ണിചേര്‍ന്നിരിക്കുന്നതാണ് മനുഷ്യന്റെ ഗ്രാഹ്യശേഷിയെന്ന് സദ്‌റ പറയുന്നു: ഉണ്‍മ (being) സത്യമെന്ന നിലയില്‍. ദൈവത്തെ കുറിച്ച് ലോകത്തോട് പ്രഖ്യാപിക്കുന്നത് വെളിപാടാണ്. ആ പ്രഖ്യാപനത്തിന്റെ കർത്താവ് ദൈവമാണെങ്കിലും മനുഷ്യനോടൊപ്പം ദൈവവും വെളിപാട് വചനങ്ങളുടെ വിഷയിയാണ്. അതിനാലാണ് പ്രവാചകത്വം മനുഷ്യരൂപത്തിൽ സാധ്യമാകുന്നത്. അത് കൊണ്ട് തന്നെ പ്രവാചകന്റെ രൂപത്തിലുള്ള ആ മാതൃകാമനുഷ്യന് എല്ലായ്‌പോഴും വെളിപാടും ദിവ്യപ്രഭാഷകന്റെ വാക്കുകളും ആവശ്യമായി വരുന്നു, ഉണ്‍മയുടെ സത്യമാണ് വെളിപാട്. അങ്ങിനെ നോക്കുമ്പോള്‍ ഭവശാസ്ത്രം (ontology) അന്തര്‍ലീനമായിരിക്കുന്ന മതമാണ് ഇസ്‌ലാം എന്ന് ജാംബെറ്റ് എഴുതുന്നു. അതീന്ദ്രിയതയും (ദൈവത്തില്‍ നിന്നും ദൈവികസാന്നിധ്യത്തില്‍ നിന്നും അകലെ, transcendence) അനുഭവപരവും (അടുത്തുള്ളത്, immanence) തമ്മിൽ കാലങ്ങളായുള്ള ദ്വന്ദം പരിഹരിക്കപ്പെടുന്നത് ഒറ്റവീക്ഷണത്തില്‍ അതീന്ദ്രിയതയുടെയും അനുഭവപരതയുടെയും കണ്ണിലൂടെ ദൈവത്തെ കാണുമ്പോളാണ്, അല്ലാതെ ഇരട്ടയായല്ല എന്ന് സദ്റ അഭിപ്രായപ്പെടുന്നു. ഈ മാതൃകയനുസരിച്ച് പ്രകൃതി എന്നും ചലനാത്മകമാണ്. അതിനാല്‍ കൂടുതല്‍ മികച്ച ഫലത്തിനു വേണ്ടി പ്രകൃതിയോടൊപ്പം മനുഷ്യാനുഭവവും സംസ്‌കാരവും കൂടെ ചേര്‍ക്കുന്നത് സാധ്യമാകും. ‘തത്വചിന്താപരമായ അടിത്തറ’യെന്ന നിലയിൽ ഉദ്യാനകലയിലെ വിവിധ പ്രകടനങ്ങള്‍, കാലിഗ്രഫി, പെയിന്റിങ്, മിസ്റ്റിക്കല്‍ ഉള്ളറിവ് തുടങ്ങിയ വ്യക്തിപരമായ പ്രവൃത്തികളുടെ ഒരു വലിയനിര തന്നെ നിരത്തുന്നുണ്ട് ഹെന്റി കോര്‍ബിന്‍. ഭൂതകാലത്തെ വര്‍ത്തമാനത്തിലേക്ക് നയിക്കുന്ന സാധ്യതയുള്‍പ്പെടുന്ന ഒരു പ്രതിപാദ്യത്തിന്റെ പ്രവൃത്തിയുടെ പ്രാധാന്യം കാണാം. “അത് അടിസ്ഥാനപരമായി ഹെര്‍മന്യൂട്ടിക് ആണ് (വ്യാഖ്യാനശാസ്ത്രപരം)- വ്യാഖ്യാതാവ് അയാള്‍ ഗ്രഹിച്ചതിന്റെ ഉത്തരവാദിത്തം വ്യംഗ്യമായി പേറുന്നുണ്ട്”. ലെന്‍ ഗുഡ്മാന്‍ നമ്മെ ഓര്‍മപ്പെടുത്തുന്നത് പോലെ “ഫലപ്രദമായ കാരണങ്ങളിലുള്ള ശ്രദ്ധയാണ് ഭൗതികവാദത്തിന്റെ കാതൽ, പക്ഷെ എല്ലാ കാര്യങ്ങളുടെയും നിലനില്‍പ്പിന്റെ പരമമായ അടിസ്ഥാനത്തെയാണ് ആധ്യാത്മികത തേടുന്നത്.”

മരണത്തിന്റെ ആധ്യാത്മികത

മരണത്തെക്കുറിച്ചുള്ള ആധുനിക മുസ്‌ലിം വ്യവഹാരങ്ങളില്‍ അതിന്റെ ആധ്യാത്മിക വശങ്ങള്‍ പലപ്പോഴും ഉണ്ടാവാറില്ല. സമകാലിക കര്‍മശാസ്ത്രജ്ഞര്‍ തങ്ങളുടെ ആധ്യാത്മികവാദങ്ങളെ വേണ്ടവിധത്തില്‍ വിശദമാക്കാത്തതാണ് അതിനു കാരണം. ഹൃദയമെന്ന സങ്കല്‍പത്തില്‍ കുടുങ്ങിയാണ് മരണത്തെക്കുറിച്ചുള്ള സംസാരങ്ങള്‍ ഉണ്ടാവാറുള്ളത്, പ്രത്യേകിച്ചും ഹൃദയമെന്ന അവയവത്തില്‍. അതുപോലെ ഹൃദയം എന്നത് ഒരു സ്വത്വത്തിന്റെയും വ്യക്തിത്വത്തിന്റെയും റൂഹിനെയും (spirit) നഫ്‌സിനെയും (soul)  ദ്യോതിപ്പിക്കുന്ന ഒന്നായും സൂചിപ്പിക്കാറുണ്ട്. ആത്മാവ്- ആത്മമനസ് (soul)-ഹൃദയം സങ്കരതയെക്കുറിച്ച് സംസാരിക്കലാണ് ഉത്തമം. എന്തെന്നാൽ അവ ഓരോന്നും വ്യതിരിക്തമാണ് എന്നതോടൊപ്പം അവയുടെ പ്രവര്‍ത്തനത്തില്‍ ഏകോപിക്കുകയും ചെയ്യുന്നു.

പതിനെട്ടാം നൂറ്റാണ്ടിലെ ഇന്ത്യന്‍ മുസ്‌ലിം ചിന്തകനും സൂഫിവര്യനുമെല്ലാമായിരുന്ന ഷാ വലിയുള്ളാ ദഹ്ലവി മരണത്തെക്കുറിച്ച് വിവരിച്ചതില്‍ നിന്നും തുടങ്ങുന്നത് നന്നാകും. ആത്മാവ് (റൂഹ്) ശരീരത്തില്‍ നിന്നും വേര്‍പെടുന്നതോടെയാണ് മരണമുണ്ടാകുന്നതെന്നാണ് അദ്ദേഹം പറയുന്നത്. പക്ഷെ ആത്മാവ് വേര്‍പെട്ടു എന്ന് നമുക്കെങ്ങനെ മനസിലാകും? ശരീരം സ്വയമേവ ജൈവികോല്‍പാദനം (തൗലീദ്) നടത്തുന്നത് നിലക്കുമ്പോള്‍. പിന്നീട് വിശദമാക്കാം. ആദ്യം ഷാ വലിയുള്ളാ ഉയര്‍ത്തുന്ന ചില പ്രശ്‌നങ്ങള്‍ നോക്കാം.

ആത്മാവിനെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നത് മുസ്‌ലിംകള്‍ക്ക് വിലക്കിയിരിക്കുന്നുവെന്ന് പറയുന്ന ഖുര്‍ആനിലെ ഒരു സൂക്തത്തിന്റെ നാമമാത്ര വായനയാണ് ആദ്യമായി അദ്ദേഹം പരിഗണിക്കുന്നത്. ‘ഈ ജനം നിന്നോട് റൂഹിനെക്കുറിച്ചു ചോദിക്കുന്നുവല്ലോ. പറയുക: ‘റൂഹ് എന്റെ നാഥന്റെ ആജ്ഞയാല്‍ വരുന്നതാകുന്നു. പക്ഷേ, ജ്ഞാനത്തില്‍നിന്ന് തുച്ഛമായ ഒരംശം മാത്രമേ നിങ്ങള്‍ക്കു ലഭിച്ചിട്ടുള്ളൂ.’ (17:85). പ്രവാചകനോട് അക്കാലത്ത് ചോദിക്കപ്പെട്ട കുനിഷ്ട് ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് ഈ ഖുര്‍ആന്‍ സൂക്തം അവതീര്‍ണമായതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ചോദ്യക്കാരെ നിശബ്ദരാക്കുന്നതിനുള്ളതായിരുന്നു ഇത്തരമൊരു പ്രതികരണം, അല്ലാതെ ആത്മാവിനെക്കുറിച്ചുള്ള ധൈഷണികമായ അന്വേഷണങ്ങളെ തടയലല്ല. കേവലം അക്ഷരവായനയല്ല വേണ്ടതെന്നുള്ള ഇസ്‌ലാമിന്റെ സങ്കീര്‍ണ, നിയമപാരമ്പര്യത്തിന്റെ വ്യാഖ്യാനശാസ്ത്രത്തെക്കുറിച്ചുള്ള ഒരു പാഠമാണ് വലിയുള്ളാഹിയുടെ മറുപടി. അതിനാല്‍ തന്നെ അത് മുഴുവനായും ഇവിടെ കൊടുക്കേണ്ടതുണ്ട്.

“അല്ലാഹുവിന്റെ കാരുണ്യമുള്ള ഒരു സമുദായത്തിലെ ആരും തന്നെ ആത്മാവിന്റെ യാഥാര്‍ഥ്യവുമായി ബന്ധപ്പെട്ട വിജ്ഞാനം കരസ്ഥമാക്കുകയില്ല എന്ന രീതിയിൽ മനസ്സിലാക്കപ്പെടുന്ന ആ സൂക്തം ഒരു ഏകാര്‍ഥമുള്ളതോ പ്രമാണമോ (നസ്സ്) അല്ല. ദിവ്യവചനങ്ങള്‍ (ശറഅ്) മൗനം പാലിച്ച വിഷയങ്ങളെ സംബന്ധിച്ച വിജ്ഞാനം ആര്‍ജിക്കല്‍ അസാധ്യമാണെന്നും ഇതിനര്‍ഥമില്ല. മറിച്ച് ദിവ്യവചനങ്ങൾ മൗനം പാലിച്ച പല വിഷയങ്ങളിലും വളരെ നൂതനമായ അറിവ് ആവശ്യമാണ്. ചിലര്‍ക്ക് മാത്രമായി അത് പങ്കുവെക്കലെ സാധ്യമാവുകയുള്ളൂ. അതിനാൽ തന്നെ ആ വിജ്ഞാനത്തെ മുഴുവന്‍ സമൂഹത്തിനും എത്തിക്കല്‍ ഭൂഷണമല്ല.

ഏതൊരു ജീവിയിലും (ഹയവാന്‍) കാണപ്പെടുന്നതുപോലെ തന്നെ ജീവന്റെ ഉല്‍പത്തിയാണ് ആത്മാവെന്ന് ഷാ വലിയുള്ളാ പറയുന്നു. ആത്മാവിന്റെ പ്രവര്‍ത്തനത്തെ അദ്ദേഹം രണ്ട് ഘട്ടങ്ങളായാണ് വിവരിക്കുന്നത്. ഒന്ന്, കറുത്ത പിത്തരസം, മഞ്ഞ പിത്തരസം, രക്തം, കഫം എന്നീ നാല് ഹ്യൂമറുകളുടെ സത്തയും സങ്കലനവും ഹൃദയത്തില്‍ ഒരു സൂക്ഷ്മനീരാവി സൃഷ്ടിക്കുന്നു. വൈദ്യശാസ്ത്ര സിദ്ധാന്തങ്ങള്‍ പ്രകാരം ഈ നീരാവി ഗ്രഹണം, ചലനം, ശരീരത്തിലെ പോഷകങ്ങളുടെ വിതരണം എന്നീ ശേഷികൾ വഹിക്കുന്നുണ്ട്. നീരാവിയുടെ സാന്ദ്രതയോ പ്രകാശമോ പരിശുദ്ധിയോ സുതാര്യതയോ മാറുന്നതിന് ആനുപാതികമായി വിവിധ ശേഷികളിലും അവയുടെ പ്രവര്‍ത്തനങ്ങളിലും മാറ്റമുണ്ടാക്കുന്നുണ്ട്. ഈ നീരാവിയുടെ സാന്നിധ്യമാണ് ജീവന്റെ അടയാളം, അതില്ലാതാവുന്നതാണ് മരണത്തിന്റെ അടയാളം. അപ്പോള്‍ ഈ നീരാവിയെ പലപ്പോഴും ആത്മാവുമായി (റൂഹ്) തുലനപ്പെടുത്തുകയോ ആത്മാവായിത്തന്നെ കരുതുകയോ ചെയ്യപ്പെടാറുണ്ട്. സൂക്ഷ്മമായി നോക്കിയാല്‍ ഈ നീരാവിയാണ് റൂഹിന്റെ ഏറ്റവും താഴ്ന്ന പടി, അഥവാ പ്രാഥമിക ആത്മാവ് എന്നും വിളിക്കാം. സ്വര്‍ഗീയമായ ആത്മാവിന് ശരീരവുമായി ചേരാന്‍ ഹേതു നല്‍കുന്നത് ഈ ആത്മാവാണ്. റോസ് ദളങ്ങളിലെ സുഗന്ധതൈലമോ കല്‍ക്കരിയുടെ ജ്വലനശേഷിയോ ആയി ആത്മാവിനെയും ശരീരത്തെയും കാണുന്നതാണ് അവയെ കുറിച്ച് ചിന്തിക്കാന്‍ മറ്റൊരു വഴി. ഭ്രൂണശാസ്ത്രത്തെക്കുറിച്ചുള്ള നമ്മുടെ ജൈവശാസ്ത്ര വിജ്ഞാനത്തെ വേണമെങ്കില്‍ ഷാ വലിയുള്ളാഹിയുടെ നീരാവിക്ക് പ്രായോഗികമായി പകരംവെക്കാം. ഭ്രൂണത്തിനുള്ളില്‍ ഒരുതരം ജൈവിക ആത്മാവ് ആദ്യം ജനിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

ആത്മാവിന്റെ പ്രവര്‍ത്തനത്തെ വിവരിക്കാനുള്ള രണ്ടാമത്തെ പടി സ്വര്‍ഗീയാത്മാവിനെ ശരീരത്തിലേക്ക് വലിച്ചുകയറ്റുന്ന ജീവിയെ സങ്കല്‍പിക്കലാണ്. സ്വത്വവും പ്രത്യേകതയും പ്രദാനം ചെയ്യുന്ന സ്വര്‍ഗീയാത്മാവ് ഇതെണെന്ന് ഷാ വലിയുള്ള അഭിപ്രായപ്പെടുന്നു. ആത്മാവിനെ വഹിക്കുന്നയാളുടെ വിശേഷണങ്ങള്‍ വ്യത്യാസപ്പെടാം. അതൊരു ചെറുപ്പക്കാരനോ വൃദ്ധനോ ആകാം. അറിവുള്ളവയാളോ ഇല്ലാത്തയാളോ ആകാം, പക്ഷെ ഈ ഘട്ടങ്ങളിലെല്ലാം അയാള്‍ ഒരേ വ്യക്തിയായിരിക്കും. വാദത്തിനുവേണ്ടി ലക്ഷണങ്ങള്‍ മാറുമെന്ന് കരുതിയാലും ഒരു മുതിര്‍ന്നയാള്‍ പതിറ്റാണ്ടുകള്‍ മുമ്പത്തെ ശിശു തന്നെയായിരിക്കും എന്നാണ് വലിയുള്ളാ പറയുന്നത്. തീര്‍ച്ചയായും ഒരു മനുഷ്യന്റെ ഗുണഗണങ്ങള്‍ എല്ലായ്‌പോഴും ഒരേയവസ്ഥയില്‍ തന്നെ നിലനില്‍ക്കുമെന്ന് നമുക്ക് ഉറപ്പിക്കാന്‍ കഴിയില്ല, പക്ഷെ ആ വ്യക്തി എപ്പോഴും അങ്ങനെതന്നെയായിരിക്കുമെന്ന് ഉറപ്പാണ്. ഈ മാറിമറിയുന്ന വൈശിഷ്ട്യങ്ങള്‍ പോലെയല്ല ഒരു വ്യക്തി, മറിച്ച് അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒന്നാണെന്ന് പറയുകയാണ് ഷാ വലിയുള്ളാഹ്. നമ്മുടെ ശരീരങ്ങളുമായി വളരെ അടുത്ത് നിലകൊള്ളുന്നതാണ് ആത്മാവ്/മനസ് എന്ന ഇബ്‌നു സീനായുടെ നിലപാടായിരിക്കാം ഇവിടെ ഷാ വലിയുള്ളാ സ്വീകരിച്ചിട്ടുണ്ടാവുക:

“ഒരു വ്യക്തിയെ അയാളാക്കുന്നത് (haecceity- huwa bihi huwa) ആത്മാവോ ശരീരമോ ആദ്യമാത്രയില്‍ കാണുന്ന വ്യക്തിത്വമോ അല്ല. ഒരു വേറിട്ട വ്യക്തിത്വ സത്താ രൂപവല്‍ക്കരണവും (haqiqa fardaniyya) പ്രകാശിത ബിന്ദുവുമാണ് എല്ലാ അര്‍ഥത്തിലും ആത്മാവെന്നു പറയുന്നത്. ശരീരത്തിന്റെ മറ്റു പല പരിവര്‍ത്തിതവും വൈരുദ്ധ്യവുമായ അവസ്ഥകളില്‍ നിന്നും ഉയര്‍ന്നതാണ് ആത്മാവിന്റെ അവസ്ഥ (luminous light). ഇവയില്‍ ചില അവസ്ഥകള്‍ പദാര്‍ഥങ്ങളാല്‍ നിര്‍മിക്കപ്പെടുന്നതും ചിലവ യാദൃശ്ചികമായുണ്ടാകുന്നതുമാണ്. വയോധികന്റെ ആത്മാവും യുവാവിന്റെ ആത്മാവും ഒന്നുതന്നെയായിരിക്കും, കറുത്തവന്റെയും വെളുത്തവന്റെയും ഒന്നുതന്നെ, അതുപോലെ വിരുദ്ധങ്ങളിലുള്ളവരുടെയെല്ലാം. ഈ പ്രകാശിത ആത്മാവിന് (luminous spirit) ആദ്യമായി വായുസമാനമായ ആത്മാവുമായി (pneumatic spirit) പ്രത്യേക ബന്ധമുണ്ട്. രണ്ടാമതായി ശരീരവുമായും- ശരീരം വായുസമാന ആത്മാവിന്റെ (nasama-spirit) അന്തരാളമായിരിക്കുന്നതിനാല്‍. പരിശുദ്ധ ലോകത്തു (alam al-quds) നിന്നുള്ള വെളിച്ചമാണ് പ്രകാശിത ആത്മാവ്. വായുവിനെ/വാതകത്തെ (pnuema) ഒരുക്കുന്ന എല്ലാം തന്നെ അവിടെ നിന്നാണ് ഇറങ്ങുന്നത്. ശരീരബന്ധിതമായ ആത്മാവിന്റെ മാറ്റങ്ങളാകട്ടെ ഈ ഭൂമിയിലെ സംവിധാനങ്ങളാലാണ് സംഭവിക്കുന്നത്. സൂര്യന്റെ ചൂടുണ്ടാക്കുന്ന വ്യത്യസ്തമായ പ്രതീതികള്‍ക്ക് സമാനമാണത്: [നിറമുള്ള] ശീലയെ അത് വെളുപ്പിക്കുന്നു, തുണികഴുകൽ പ്രവൃത്തി വെയിലത്ത് നിന്നും ചെയ്യുന്നയാളെ അത് കരിവാളിപ്പിക്കുകയും ചെയ്യുന്നു.”

 

ഇബ്രാഹിം മൂസ 

ഒരു ശിശുവിന്റെ ഗുണഗണങ്ങളില്‍ മുതിരുമ്പോള്‍ മാറ്റമുണ്ടാകുന്നതെങ്ങനെയെന്ന് ഷാ വലിയുള്ളാ വിശദീകരിക്കുന്നുണ്ട്, പക്ഷെ അവന്‍/അവള്‍ എപ്പോഴും അതേ വ്യക്തി തന്നെയായിരിക്കും. തീര്‍ച്ചയായും ആ കുട്ടിയുടെ ശരീരബന്ധിതമായ ആത്മാവ് നിരവധി മാറ്റങ്ങളിലൂടെ കടന്നുപോവുന്നുണ്ടാകും. പക്ഷെ സ്വത്വം (identity) ഒരു വേറിട്ട വ്യക്തിത്വ സത്തയുമായി (haqiqa fardaniyya) ഒട്ടിച്ചേര്‍ന്നിരിക്കുന്നുണ്ടാകും, അതിനെയും ആത്മാവെന്നാണ് വിളിക്കപ്പെടുന്നത്. പക്ഷെ വലിയുള്ളാഹിയുടെ വിവരണത്തില്‍ പ്രകാശിതാത്മാവും (nasama) വലിയ പങ്കുവഹിക്കുന്നുണ്ടെന്നോര്‍ക്കുക, അത് മരണത്തിന്റെ അടയാളമെന്ന നിലയിലും പ്രധാന പങ്കുവഹിക്കുന്നുണ്ട്. ദിവ്യാത്മാവിന്റെയും ശരീരത്തിന്റെയും ഇടയില്‍ ഈ നസമയാണ് മധ്യസ്ഥത വഹിക്കുന്നത്. മരണസമയത്ത് ശരീരത്തെ മരണാനന്തര ജീവിതത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതില്‍ ഇതിന് സുപ്രധാന പങ്കാണുള്ളതെന്ന് സാരം.

അപ്പോള്‍, എന്താണ് മരണം? ഒരാളുടെ ആധ്യാത്മികവും മിസ്റ്റിക്കലുമായ അന്തര്‍ജ്ഞാനങ്ങള്‍ അയാളെ ജീവശ്വാസം (nasama) ശരീരത്തില്‍ നിന്നും വേര്‍പെടുന്നതാണ് മരണമെന്ന മനസിലാക്കലിലേക്ക് നയിക്കുന്നു. ഈ വേര്‍പെടലുണ്ടായത് എങ്ങനെ മനസിലാക്കും? ശരീരത്തിലെ നിര്‍മാണശേഷി (generative ability) നഷ്ടമാകുമ്പോള്‍ എന്ന രസകരമായ മറുപടിയാണദ്ദേഹം നല്‍കുന്നത്. പ്രധാനമായി, ജീവശ്വാസത്തില്‍ നിന്നും (pnuena/nasama) പരിശുദ്ധാത്മാവിന്റെ (al-ruh al-qudsi) വേര്‍പെടലല്ല മരണമെന്നദ്ദേഹം പറയുന്നു. ശരീരത്തിന്റെ ജീവനുഭീഷണിയാകുന്ന തരത്തിലുള്ള അസുഖങ്ങള്‍ കാരണം ജീവശ്വാസം (nasama) ദുഷിക്കുന്നതാണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്. ദൈവത്തിന്റെ ഹിതത്താല്‍, നസമയുടെ ഒട്ടുമിക്ക ഭാഗങ്ങളും ശരീരത്തില്‍ നിന്നും വിട്ടുപോവുകയും ചില അവശിഷ്ടങ്ങള്‍ മാത്രം ശേഷിക്കുകയും ചെയ്യുന്നു. മരണാനന്തര ജീവിതത്തിൽ മരണപ്പെട്ടയാളുടെ ശരീരവും ദിവ്യാത്മാവും (al ruh al ilahi) തമ്മിലുള്ള ബന്ധം സാധ്യമാക്കുന്നത് ഈ അവശേഷിക്കുന്ന നസമയാണ്. ആ അവശേഷിക്കുന്ന ജീവശ്വാസം മരണാനന്തര ജീവിതത്തില്‍ ആ വ്യക്തിയില്‍ ഒരു sensus communsi (വിവിധ ഇന്ദ്രിയബോധങ്ങളെ പൊതുവായൊന്നിലേക്ക് സംയോജിപ്പിക്കുന്നത്)  സൃഷ്ടിക്കുന്നു. എന്താണ് sensus communis? ഇന്ദ്രിയഗോചരമായതും അല്ലാത്തതുമായ ലോകങ്ങള്‍ക്കിടയിലെ സമതലമാണത്. ഈ പൊതുവായ ലോകത്ത് കാണാനും കേള്‍ക്കാനും ‘ചിത്രങ്ങളുടെ ലോകത്തിന്റെ’ (alam al-mithal) സഹായത്തോടെ സംസാരിക്കാനും നമ്മള്‍ ഒരു സംവിധാനമാര്‍ജിക്കുന്നു. നമ്മള്‍ ഈ ലോകത്ത് അനുഭവിച്ച ആശയവിനിമയ മാര്‍ഗങ്ങളില്‍ നിന്നും തീര്‍ച്ചയായും വ്യതിരിക്തമായിരിക്കുമത്. എന്നാല്‍ ഒരു ഏകദേശരൂപം മനസിലാകാന്‍ ഈ ലോകത്തെ അനുഭവങ്ങള്‍ സഹായിക്കും.

മരണത്തിന്റെ സമയത്ത് ജീവശ്വാസം (nasama) വെളിച്ചത്തിന്റെയോ ഇരുട്ടിന്റെയോ തുണിയില്‍ പൊതിഞ്ഞിരിക്കുകയായിരിക്കും എന്ന് ഷാ വലിയുള്ളാ വിശദീകരിക്കുന്നു. ചിത്രങ്ങളുടെ ലോകത്തെ അനുഭവങ്ങൾക്ക് നന്ദി. അനന്തരം ആ വ്യക്തി ബര്‍സഖ് എന്ന മധ്യലോകത്തെ അത്ഭുതങ്ങളോ ഭയാനകതയോ അനുഭവിക്കാന്‍ ആരംഭിക്കും. അതൊരാളുടെ ഇഹലോകത്തെ ധാര്‍മിക പ്രവര്‍ത്തിയനുസരിച്ചുള്ള മോക്ഷത്തെ ആശ്രയിച്ചിരിക്കും.

ഈ വായുവിന് (pnuema) അതുപോലെ രണ്ട് തലങ്ങളുണ്ട് ജൈവിക ശരീരത്തിനും ദിവ്യാത്മാവിനും ഇടയിലെ സ്‌ക്രീനായി അത് നിലകൊള്ളുന്നു. ഒരു വശം വിശുദ്ധവും മറുവശം മൃഗീയവുമായിരിക്കും. ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍ ആ സ്‌ക്രീനിന്റെ വിശുദ്ധ വശം സജീവമാവുകയും ദിവ്യാത്മാവിന്റെ വിമോചനത്തിലൂടെ ജീവശ്വാസത്തെ, (നസമ, pneuma) പ്രതിഫലനാളിൽ ശരീരരൂപം കൈവരിക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യും.

(തുടരും)

ഒന്നാം ഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രണ്ടാം ഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വിവർത്തനം: റമീസുദ്ദീൻ വി എം

mm

ഇബ്രാഹിം മൂസ