റഷ്യയുടെയും ചൈനയുടെയും ആയുധ, ഡിപ്ലോമാറ്റിക് പിന്തുണയോടു കൂടി ഇറാന്‍, സിറിയ, ലെബനാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ തുടര്‍ച്ചയായി മൂന്നുമാസം രാപ്പകല്‍ ഭേദമില്ലാതെ ടെല്‍ അവീവിനു മേല്‍ ബോംബ് വര്‍ഷിക്കുന്നതായി സങ്കല്‍പ്പിച്ചു നോക്കൂ. ഇന്നത്തെ ഗസ്സയെപ്പോലെ പതിനായിരങ്ങളെ കൊന്നൊടുക്കുകയും എണ്ണമില്ലാത്ത അനവധിപ്പേരെ പരിക്കേല്‍പ്പിക്കുകയും ലക്ഷക്കണക്കിനാളുകളെ കൂരയില്ലാത്തവരാക്കി നഗരത്തെയാകെ മനുഷ്യപ്പാര്‍പ്പിനു സാധ്യമല്ലാത്ത വിധം കെട്ടിടാവശിഷ്ടങ്ങളാല്‍ നിറച്ചിരുന്നെങ്കിലോ.
വെറുതെ സങ്കല്‍പ്പിക്കൂ: പരമാവധി ജനങ്ങളെ കൊന്നൊടുക്കുകയെന്ന ലക്ഷ്യവുമായി ഇറാനും സഖ്യകക്ഷികളും ആശുപത്രികള്‍, സിനഗോഗുകള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, ലൈബ്രറികള്‍ എന്നുതുടങ്ങി ഏതൊരു ജനനിബിഡ പ്രദേശവും കരുതിക്കൂട്ടി ആക്രമിക്കുന്ന രംഗം. അതിനവര്‍ കാരണമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും അദ്ദേഹത്തിന്റെ യുദ്ധമന്ത്രിസഭയെയും പിടികൂടാന്‍ വേണ്ടിയെന്നു മാത്രം പറയുകയാണ്. ഈ സാങ്കല്‍പിക രംഗത്ത് ഇങ്ങനെയൊരു ആക്രമണം നടന്ന് ഇരുപത്തിനാലു മണിക്കൂറിനകം യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയന്‍, കാനഡ, ഓസ്‌ട്രേലിയ, പിന്നെ പ്രത്യേകിച്ചും ജര്‍മനി എന്തായിരിക്കും ചെയ്യുന്നുണ്ടാവുക എന്ന് സ്വയം ചോദിക്കുക. ഇനി യാഥാര്‍ഥ്യത്തിലേക്കു വരാം, ഒക്ടോബര്‍ 7 മുതല്‍ (പതിറ്റാണ്ടുകള്‍ മുമ്പു മുതല്‍)ഇസ്രായേല്‍ ഫലസ്തീന്‍ ജനതയോട് ചെയ്തുകൊണ്ടിരിക്കുന്നതിനെ വെറുതെ കണ്ടുനില്‍ക്കുക മാത്രമല്ല അവരുടെ പാശ്ചാത്യ ചങ്ങാതിമാര്‍ ചെയ്തത്. മറിച്ച് അവര്‍ക്ക് പട്ടാളസാമഗ്രികള്‍, ബോംബുകള്‍, വെടിമരുന്ന്, നയതന്ത്ര സുരക്ഷ എന്നിവയെല്ലാം നല്‍കുകയും ഫലസ്തീനികളുടെ വംശഹത്യയ്ക്ക് ആശയപരമായ ന്യായീകരണങ്ങള്‍ വരെ അമേരിക്കന്‍ മാധ്യമങ്ങള്‍ യഥേഷ്ടം നല്‍കിപ്പോരുകയാണ്.
ആദ്യം പറഞ്ഞ സാങ്കല്‍പ്പിക രംഗം സംഭവിക്കാന്‍ ഒരു ദിവസത്തേക്കു പോലും അനുവദിക്കില്ല ഇന്നത്തെ ലോകക്രമം. യുഎസ്, യൂറോപ്പ്, ആസ്‌ട്രേലിയ, കാനഡ എന്നിവരുടെ പട്ടാളമുഷ്ടിക്കു മുമ്പില്‍ ഈ ലോകത്തെ ഫലസ്തീനികളും നമ്മളുമെല്ലാം അടങ്ങുന്ന നിസ്സഹായരായ ജനത ഒന്നുമല്ലാതായിരിക്കുന്നു. ഇതൊരു രാഷ്ട്രീയ യാഥാര്‍ഥ്യമെന്നതിലുപരി ‘പാശ്ചാത്യം’ എന്നു വിളിക്കപ്പെടുന്നതിന്റെ ധാര്‍മിക സങ്കല്‍പ്പവും ദാര്‍ശനിക ലോകവുമായും ഇഴചേര്‍ന്നുകിടക്കുന്നതാണ്. യൂറോപ്യന്‍ ധാര്‍മിക സങ്കല്‍പ്പത്തിന്റെ വൃത്തത്തിനു പുറത്തുള്ള നമ്മളാരും അവരുടെ ദാര്‍ശനിക പ്രപഞ്ചത്തിലും നിലനില്‍പ്പുള്ളവരല്ല. യൂറോപ്യന്‍ തത്വചിന്തകരുടെ കണ്ണില്‍ അറബ്, ഇറാനിയന്‍, മുസ്‌ലിം അല്ലെങ്കില്‍ ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ ജനങ്ങളായ നമുക്ക് യൊതൊരു സത്താപരമായ യാഥാര്‍ഥ്യവുമില്ല, മറിച്ച് പിടിച്ചടക്കാനും നിശബ്ദമാക്കാനും പോന്ന ആധ്യാത്മികതാ ഭീഷണി മാത്രമാണ് നമ്മള്‍.
ഇമ്മാനുവേല്‍ കാന്‍്‌റിലും ഹെഗലിലും തുടങ്ങി ഇമ്മാനുവേല്‍ ലെവിനാസും സ്ലാവോയ് സിസേകും വരെ നീളുന്നവര്‍ക്ക് നമ്മള്‍ ഓറിയന്റലിസ്റ്റുകളാല്‍ സൂക്ഷമപഠനത്തിനു വിധേയമാക്കേണ്ട അപൂര്‍വതകളോ, വസ്തുക്കളോ ഒക്കെയാണ്. അതുപോലെ ഇസ്രായേലോ യുഎസോ അവരുടെ യൂറോപ്യന്‍ ചങ്ങാതിമാരോ നമ്മളില്‍ പതിനായിരങ്ങളെ കൊന്നൊടുക്കിയാലും ഈ യൂറോപ്യന്‍ തത്വചിന്തകരുടെ മനസുകളില്‍ ഒരു ചെറുനടുക്കം പോലും സംഭവിക്കില്ല.
യൂറോപ്പിലെ ഗോത്രീയ കാണികള്‍
നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍, പ്രമുഖ യൂറോപ്യന്‍ തത്ത്വചിന്തകനായ യുര്‍ഗന്‍ ഹബര്‍മാസിനെയും അദ്ദേഹത്തിന്റെ ചില കൂട്ടാളികളെയും നോക്കുക, അവര്‍ അമ്പരപ്പിക്കും വിധം നഗ്നവും ക്രൂരവുമായ അശ്ലീലതയോടെ, ഫലസ്തീനികളെ ഇസ്രായേല്‍ കശാപ്പ് ചെയ്യുന്നതിനെ പിന്തുണച്ചു. ഇപ്പോള്‍ 94 വയസുള്ള ഹബര്‍മാസിനെ ഒരു മനുഷ്യനായി നാം ചിന്തിക്കണോയെന്നതല്ല ചോദ്യം. ഒരു സാമൂഹിക ശാസ്ത്രജ്ഞന്‍, ദാര്‍ശനികന്‍, വിമര്‍ശനചിന്തകന്‍ എന്ന നിലയ്ക്ക് അദ്ദേഹത്തെക്കുറിച്ച് നാമെന്തു ചിന്തിക്കണമെന്നതാണ്. അദ്ദേഹമെന്തു ചിന്തിക്കുന്നുവെന്നത് ഈ ലോകത്ത് പ്രസക്തമാണോ ഇനിമുതല്‍, മുമ്പ് അങ്ങനെയായിരുന്നുവെങ്കില്‍? മറ്റൊരു ജെര്‍മന്‍ തത്വചിന്തകനായ മാര്‍ട്ടിന്‍ ഹൈഡഗറെക്കുറിച്ച് അദ്ദേഹത്തിന്റെ നാസിസത്തോടുള്ള വിനാശകരമായ ബാന്ധവത്തിന്റെ പേരില്‍ ഈ ലോകം സമാനചോദ്യങ്ങള്‍ ചോദിക്കുന്നുണ്ടായിരുന്നു. എന്റെയഭിപ്രായത്തില്‍ ഹബര്‍മാസിന്റെ ആക്രമണോത്സുക സയണിസത്തെക്കുറിച്ചും അതേ ചോദ്യങ്ങളുയരണം; അദ്ദേഹത്തിന്റെ മുഴുവന്‍ ദാര്‍ശനിക പദ്ധതിയുടെയും നമ്മള്‍ ചിന്തിക്കുന്ന പ്രധാന പ്രത്യാഘാതങ്ങളെക്കുറിച്ചും.
ഫലസ്തീകളെപ്പോലുള്ള മനുഷ്യര്‍ക്ക് ഹബര്‍മാസിന്റെ ധാര്‍മിക ഭാവനയില്‍ ഒരു കണികയിടം പോലും ഇല്ലായെങ്കില്‍ അദ്ദേഹത്തിന്റെ മുഴുവന്‍ തത്വചിന്താ പദ്ധതിയെടുത്താലും ഏതെങ്കിലും വിധത്തില്‍ അത് മാനവരാശിയുമായി -അദ്ദേഹത്തിന്റെ തൊട്ടടുത്ത ഗോത്രീയ യുറോപ്യന്‍ കാണികള്‍ക്കു പുറമെയുള്ള- ബന്ധപ്പെടുന്നതണെന്ന് ചിന്തിക്കാന്‍ എന്താണ് ന്യായം?ഗസ്സയുടെ കാര്യം വരുമ്പോള്‍ ‘അദ്ദേഹം സ്വന്തം ആശയങ്ങളെ തന്നെ ഖണ്ഡിക്കുന്നു’വെന്നാണ് ഹബര്‍മാസിനെഴുതിയ തുറന്ന കത്തില്‍ പ്രസിദ്ധ ഇറാനിയന്‍ സോഷ്യോളജിസ്്റ്റായ അസഫ് ബയാത് പറയുന്നത്. എല്ലാ ബഹുമാനത്തോടും കൂടി ഞാനതിനെ എതിര്‍ക്കുന്നു. ഫലസ്തീനി ജീവിതങ്ങളോടുള്ള ഹബര്‍മാസിന്റെ അവഹേളനം അദ്ദേഹത്തിന്റെ സയണസിത്തോടൊപ്പം തന്നെ സ്ഥായിയായുള്ളതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതെപ്പോഴും യൂറോപ്യനിതര ജനങ്ങള്‍ മുഴുവനായും മനുഷ്യരല്ല അല്ലെങ്കില്‍ ഇസ്രായേലി പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പരസ്യമായി പ്രഖ്യാപിച്ചതു പോലെ ‘മനുഷ്യമൃഗങ്ങള്‍’ ആണ് എന്ന ലോകവീക്ഷണവുമായി പൂര്‍ണമായും സ്ഥായിയാണ്.
ഫലസ്തീനികളോടുള്ള ഈ അങ്ങേയറ്റത്തെ അഹവേളനം ജര്‍മന്‍, യൂറോപ്യന്‍ തത്വചിന്താ സങ്കല്‍പത്തില്‍ വേരൂന്നിയതാണ്. ഹോളോകാസ്റ്റ് കുറ്റബോധത്താല്‍ ഇസ്രായേലിനോട് ഒരു അടിയുറച്ച പ്രതിബദ്ധത ജര്‍മന്‍കാര്‍ വികസിപ്പിച്ചിട്ടുണ്ടെന്നതാണ് പൊതുവായ ധാരണ.
പക്ഷെ ജര്‍മനിയിതര ലോകത്തെ സംബന്ധിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ സൗത്ത് ആഫ്രിക്ക അവതരിപ്പിച്ച ഗംഭീര രേഖയില്‍ തെളിയുന്നതു പോലെ ജര്‍മനി അവരുടെ നാസി കാലത്ത് ചെയ്തതും അവരുടെ സയണിസ്റ്റ് കാലത്ത് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും തമ്മില്‍ അപാരമായ പൊരുത്തമാണുള്ളത്.
സയണിസ്റ്റുകള്‍ ഫലസ്തീന്‍ ജനതയെ കശാപ്പ് ചെയ്യുന്നതിനോടൊപ്പം നില്‍ക്കുകയെന്ന ജര്‍മന്‍ സര്‍ക്കാര്‍ നയത്തോടൊത്തു തന്നെയാണ് ഹബര്‍മാസിന്റെ നിലപാടുമുള്ളതെന്ന് ഞാന്‍ കരുതുന്നു. വംശീയവെറിയും, ഇസ്ലാമോഫോബിയയും അറബികളോടും മുസ്‌ലിംകളോടും അപരവിദ്വേഷം നിറഞ്ഞതുമായ ‘ജര്‍മന്‍ ഇടതുപക്ഷം’ എന്നറിയപ്പെടുന്നവരുടെ ഇസ്രായേല്‍ അധിനിവേശ കോളനിരാജ്യത്തിന്റെ വംശഹത്യാ പ്രവര്‍ത്തികളോടുള്ള മൊത്തമായ പിന്തുണയും അതോടൊപ്പമുള്ളതാണ്.
ജര്‍മനി ഇന്ന് പ്രകടിപ്പിക്കുന്നത് അവരുടെ ഹോളോകോസ്റ്റ് കുറ്റബോധമല്ല മറിച്ച് വംശഹത്യാ നൊസ്റ്റാള്‍ജിയയാണെന്ന് നാം ചിന്തിച്ചുപോയാല്‍ നമ്മോട് ക്ഷമിക്കണം. കാരണം അവര്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടായി (നൂറു നാളല്ല) ഇസ്രായേല്‍ ഫലസ്തീനികളോട് ചെയ്തുകൊണ്ടിരിക്കുന്നതില്‍ പരോക്ഷമായി ആനന്ദിച്ചവരാണ്.
ധാര്‍മിക അപചയം
യൂറോപ്യന്‍ തത്വചിന്തകരുടെ ലോകവീക്ഷണത്തിന് എന്നും എതിരായി വരാറുള്ള യൂറോകേന്ദ്രീകൃതം എന്ന ആരോപണം അവരുടെ ചിന്തയിലെ ജ്ഞാനശാസ്ത്രപരമായ കുറവുകള്‍ കൊണ്ട് മാത്രമല്ല. അത് ധാര്‍മികമായ അപചയത്തിന്റെ സ്ഥിര അടയാളമാണ്. യൂറോപ്യന്‍ തത്വചിന്തയുടെയും അതിന്റെ ഇന്ന് കൊണ്ടാടപ്പെടുുന്ന വക്താക്കളുടെയും ഹൃദയത്തില്‍ അടിഞ്ഞിട്ടുള്ളത് ചികിത്സിച്ചു മാറ്റാനാവാത്ത വംശീയതയാണെന്ന മുമ്പ് പല അവസരത്തിലും ഞാന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഈ ധാര്‍മിക അപചയം ഒരു രാഷ്ട്രീയ അബദ്ധമോ ആശയപരമായ ബ്ലൈന്‍ഡ് സ്‌പോട്ടോ ഒന്നുമല്ല. അതവരുടെ ശരിപ്പെടുത്താനാകാത്ത ഗോത്രീയതയിലൂന്നിയ തത്വചിന്താ സങ്കല്‍പങ്ങളില്‍ ആഴത്തില്‍ എഴുതിവെച്ചിട്ടുള്ളതാണ്.
ഇവിടെ നാം പ്രസിദ്ധ മാര്‍ട്ടിനിക്കന്‍ കവി ഐമെ സീസറുടെ പ്രശസ്തമായ വാക്യം ഓര്‍മിക്കണം: ‘ഹിറ്റ്‌ലറുടെയും ഹിറ്റ്‌ലറിസത്തിന്റെയും ഓരോ ചെയ്തികളും സൂക്ഷ്മപഠനത്തിന് വിധേയമാക്കിയ ശേഷം ഇരുപതാം നൂറ്റാണ്ടിലെ ബഹുമാന്യനായ, മാനവികനായ, ക്രിസ്ത്യന്‍ ബൂര്‍ഷ്വാസിക്ക് മുന്നില്‍ ചെന്ന് അവനറിയാതെ തന്നെ അവന്റെ ഉള്ളില്‍ ഒരു ഹിറ്റ്‌ലറുണ്ടായിരുന്നുവെന്നും, ഹിറ്റ്‌ലര്‍ അയാളില്‍ വസിക്കുന്നുവെന്നും ഹിറ്റ്‌ലര്‍ അയാളുടെ ചെകുത്താനാണെന്നും അയാള്‍ക്കെതിരെ തിരിഞ്ഞ നീ അതില്‍ ഉറച്ചുനിന്നിരുന്നില്ലെന്നും, ഏറ്റവും അടിത്തട്ടില്‍, അവന് ഹിറ്റ്‌ലറോട് മാപ്പുകൊടുക്കാന്‍ കഴിയാത്തത് അയാള്‍ മനുഷ്യരോട് ചെയ്തുകൂട്ടിയ നിന്ദയുടെയും കുറ്റങ്ങളുടെയും പേരിലല്ല, വെളുത്തവനോട് ചെയ്ത കുറ്റങ്ങളുടെ പേരില്‍, വെളുത്തവനേല്‍പ്പിച്ച അപമാനത്തിന്റെ പേരില്‍ മാത്രമാണ് എന്ന് വെളിപ്പെടുത്തിക്കൊടുക്കണം.
സീസര്‍ ഈ പറഞ്ഞ കൊളോണിയല്‍ അതിക്രമങ്ങളുടെ തുടര്‍ച്ചയാണ് ഇന്നിന്റെ ഫലസ്തീന്‍. ഹബര്‍മാസിന്റെ പൂര്‍വികര്‍ ഹെരറോ നമാക്വു വംശഹത്യാകാലത്ത് നമീബിയയില്‍ ചെയ്തുകൂട്ടിയ അതേ കാര്യമാണ് ഫലസ്തീനികളെ കശാപ്പ് ചെയ്യുന്നതില്‍ താന്‍ നടത്തിയ പിന്തുണാപ്രഖ്യാപനമെന്ന് ഹബര്‍മാസ് മനസിലാക്കുന്നില്ല.
അടിസ്ഥാനപരമായി, പുതിയതായോ വിപരീതമായോ കടവിരുദ്ധമായോ ഒന്നും പറയുകയോ ചെയ്യുകയോ ഹബര്‍മാസ് ചെയ്തിട്ടില്ല. ഒരു സാര്‍വലൗകികത തെറ്റായി ആര്‍ജിച്ച അദ്ദേഹത്തിന്റെ തത്വചിന്താ പാരമ്പര്യത്തില്‍ സ്വതവേയുള്ള ഗോത്രീയതയില്‍ അദ്ദേഹം എന്നും ഉറച്ചുനിന്നിട്ടുണ്ട്. ആ തെറ്റായ സാര്‍വലൗകികതാ ബോധം ലോകം ഇന്ന് തിരുത്തിയിട്ടുണ്ട്. ഹബര്‍മാസും കൂട്ടക്കാരും എക്കാലത്തും ചെയ്തുപോന്നതിനെക്കാള്‍ വലിയ വിശാലമായ സാര്‍വലൗകിക ശരിവാദങ്ങള്‍ കോംഗോയിലെ വി വൈ മുഡിംബെ, അര്‍ജന്റിനയിലെ വാള്‍ട്ടര്‍ മിഗ്നോളോ, എന്റിക് ദുസ്സെല്‍ അല്ലെങ്കില്‍ ജപ്പാനിലെ കോജിന്‍ കരതാനി എന്നിവര്‍ നടത്തിയിട്ടുണ്ട്.
എന്റെ അഭിപ്രായത്തില്‍, ഫലസ്തീനെക്കുറിച്ചുള്ള ഹബര്‍മാസിന്റെ പ്രസ്താവനയുടെ ധാര്‍മ്മിക പാപ്പരത്വം യൂറോപ്യന്‍ തത്ത്വചിന്തയും ലോകത്തിന്റെ മറ്റു ഭാഗങ്ങളും തമ്മിലുള്ള കൊളോണിയല്‍ ബന്ധത്തിലെ ഒരു വഴിത്തിരിവാണ്. യൂറോപ്യന്‍ വംശീയ തത്വചിന്തയുടെ മയക്കത്തില്‍ നിന്നും ലോകം ഇന്ന് ഉണര്‍ന്നെഴുന്നേറ്റിട്ടുണ്ട്. ഈ വിമോചനത്തിന് നാം കടപ്പെട്ടിരിക്കുന്നത് ഫലസ്തീനികളെപ്പോലുള്ളവരുടെ സര്‍വത്ര യാതനകള്‍ക്കാണ്. അവരുടെ നീണ്ട പരിത്യാഗവും ചരിത്രപരമായ വീരത്വവും ‘പാശ്ചാത്യ നാഗരികത’യുടെ അടിക്കല്ലിലെ നഗ്നമായ ക്രൂരതകളെ തച്ചുടച്ചിരിക്കുകയാണിന്ന്.