Campus Alive

ഇടതുപക്ഷവും മുസ്‌ലിംകളും: നിര്‍ണ്ണായക സന്ദര്‍ഭത്തിലെ നിങ്ങളുടെ വോട്ട്‌

ജെ എന്‍ യു വിദ്യാർത്ഥി യൂണിയൻ വരും ദിവസങ്ങളിൽ ഇലക്ഷൻ നേരിടുകയാണ്. ഭരണവിഭാഗം ഗവേഷണസീറ്റുകളുടെ 90% വെട്ടിച്ചുരുക്കിയ സന്ദര്‍ഭത്തിലാണ്‌ ഈ ഇലക്ഷൻ. റിസർച്ച് ഗൈഡൻസിനെ സംബന്ധിച്ച് യു ജി സി നിർദ്ദേശിച്ച നിയന്ത്രണങ്ങളും നിയമങ്ങളും ഇപ്പോഴുള്ള വിദ്യാർത്ഥികളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ബി ഗ്രേഡും സി ഗ്രേഡും ഉള്ള സർവകലാശാലകളിൽ ഗവേഷണം ചെയ്യുന്നതിന് നെറ്റ്‌ നിർബന്ധമാക്കാനുള്ള യു ജി സിയുടെ നിർദ്ദേശവും ഇതിനൊപ്പം ചേർത്ത് വായിക്കേണ്ടതുണ്ട്. മുൻപ് ജൂണിലും ഡിസംബറിലും നടത്തിയിരുന്ന നെറ്റ്‌ പരീക്ഷ ഇനി മുതൽ കൊല്ലത്തിൽ ഒരിക്കൽ നടത്തിയാൽ മതി എന്നതും പ്രായോഗികമായി തീരുമാനിക്കപ്പെട്ടുകഴിഞ്ഞു. ഭരണത്തിലുള്ള ബി ജെ പി ഗവണ്മെന്റിൽ നിന്നും ജെ എന്‍ യു ഭരണവിഭാഗത്തിൽ നിന്നും നമ്മുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനുമേലും വിദ്യാഭ്യാസത്തിന്റെ സാമൂഹിക വശങ്ങൾക്കു മേലും ഉള്ള നിരന്തരമായ ആക്രമണങ്ങള്‍ക്കാണ്‌ നാം സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ വർഷം ഏറെ ചർച്ചയായിരുന്ന എ ബി വി പി ഭീഷണി, അവർക്കേറെ സഹായം നൽകുന്ന ഭരണകർത്താക്കളും ക്ഷമാപണ നിലപാടുകൾ സ്വീകരിക്കുന്ന എസ്. എഫ്. ഐ- ഐസ കൂട്ടുകെട്ടിന്റെ ഭരണപക്ഷവും ചേർന്ന സാഹചര്യത്തിൽ കൂടുതൽ കരുത്ത് നേടി.

ഈ വർഷത്തെ ചുരുക്കം സീറ്റുകളിൽ പോലും സംവരണസീറ്റുകളുടെ അവശ്യകതയുടെ കാര്യത്തിൽ ഭരണവിഭാഗം വേണ്ടത്ര ശ്രദ്ധ നൽകിയിട്ടില്ല എന്ന് മാത്രമല്ല, പൂർണമായ മെറിറ്റ് ലിസ്റ്റ് പുറത്ത് വിടാതിരിക്കാനുള്ള ശ്രമവും അവർ നടത്തി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ നിർബന്ധിതമായ അപ്രത്യക്ഷമാക്കലുകള്‍ക്കും വ്യവസ്ഥാപിത കൊലപാതകങ്ങള്‍ക്കും വിധേയരാകുമ്പോള്‍ തന്നെയാണ്‌ അവരെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വ്യവസ്ഥാപിതമായി പുറത്താക്കുന്ന ഈ രീതി നടക്കുന്നത്‌. download (2)ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ അഞ്ച്‌ ദളിത് വിദ്യാർത്ഥികളെ അഡ്മിനിസ്ട്രേഷൻ സാമൂഹിക ബഹിഷ്‌കരണത്തിന് വിധേയമാക്കിയ നടപടിയാണ്‌ രോഹിത് വെമുലയുടെ മരണത്തിലേക്ക്‌ നയിച്ചത്. അതുപോലെ നമ്മുടെ ജെ എന്‍ യു വിൽ നിന്ന് നജീബ് അഹമ്മദിനെ കാണാതാക്കിയിട്ട് ഇപ്പോൾ 10 മാസത്തിലധികമായിരിക്കുന്നു. ന്യൂനപക്ഷവിഭാഗങ്ങളുടെ അധഃസ്ഥിതാവസ്ഥ ചൂണ്ടിക്കാണിച്ചതിന് ഭരണപക്ഷം മറുപടി നൽകിയത് പാർശ്വവൽകൃത വിദ്യാർത്ഥികളെ തെരഞ്ഞുപിടിച്ച് സ്ഥാപനങ്ങളിൽ നിന്ന് പുറത്താക്കിയും വലിയ പിഴകൾ ചുമത്തിയും നോട്ടീസുകൾ പുറപ്പെടുവിച്ചുമാണ്; അടുത്തിടെ ഇഫ്‌ലുവിൽ #JusticeforRohit പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തു എന്ന കാരണത്താൽ കുറച്ച് വിദ്യാർത്ഥികൾക്ക് ഹാൾ ടിക്കറ്റ് നിഷേധിച്ചത് സമാനസ്വാഭാവത്തിലുള്ള സംഭവമാണ്. സംഘ് അഡ്മിനിസ്ട്രേഷന്റെ കീഴിലുള്ള ഓരോ സർവകലാശാലകളിലും വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഇത്തരത്തിലുള്ള അനേകം നിയന്ത്രണങ്ങൾ നമുക്ക് കാണാൻ കഴിയും.

നജീബിനു മേലുണ്ടായ ക്രൂരമായ ആക്രമണത്തിലും എ ബി വി പി അവരുടെ സംവിധാനങ്ങളുടെ സഹായത്തോടെ നടത്തിയ ആ തട്ടിക്കൊണ്ടുപോകലിലും അന്വേഷണവകുപ്പുകളും ജെ എന്‍ യു ഭരണവിഭാഗവും ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ ഇപ്പോഴും തന്റെ പോരാട്ടം തുടരുകയും അധികാര കേന്ദ്രങ്ങൾക്ക് മുന്നിൽ പ്രതിഷേധങ്ങൾ നയിക്കുകയും ചെയ്യുമ്പോൾ ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്റെ പങ്ക് സഹായകമായിരുന്നു എന്ന് പറയാൻ കഴിയില്ല. നജീബിനെ ആക്രമിച്ച കേസിലെ ഒരു പ്രതിയെ എ ബി വി പി ഈ വർഷം ഇലക്ഷനിൽ സ്ഥാനാർത്ഥിയായി നിർത്തിയിട്ടുണ്ട്. നജീബിനു നേരെ നടന്ന ക്രൂരമായ ആക്രമണത്തിൽ അന്ന് രാത്രി യൂണിയന്‍ പ്രസിഡന്റ് മോഹിത് പാണ്ഡെയുടെയും ഐസ കൗൺസിലർ ഖാസിമിന്റെയും നിലപാടുകൾ നജീബിനെ കുറ്റക്കാരനായി ആരോപിച്ച് കൊണ്ടും അവനെ ഹോസ്റ്റൽ മാറ്റണമെന്നും പറഞ്ഞുള്ള പരാതിയിൽ അവർ ഒപ്പുവെച്ചപ്പോൾ നാം കണ്ടതാണ്. പിന്നീടുണ്ടായ പ്രതിഷേധങ്ങളിൽ യൂണിയന്റെ നേതൃത്വപരമായി സജീവപങ്കാളിത്തമില്ലായ്മയാണ് മറ്റ്‌ വിദ്യാർഥികൂട്ടായ്മകള്‍ രൂപീകരിച്ച് മുന്നോട്ട് പോവേണ്ട സാഹചര്യമൊരുക്കിയത്.15179213_1669629456660604_1292983515452148446_n ദേശീയ ന്യൂനപക്ഷ കമ്മീഷന്‌ ഭീമ ഹരജി സമർപ്പിച്ചും #MuslimLivesMatter എന്ന പേരിൽ മുദ്രാവാക്യങ്ങളുയർത്തിയും നജീബിന്റെ നീതിക്ക് വേണ്ടിയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുസ്‌ലിം വിദ്യാർത്ഥികളുടെ സുരക്ഷക്ക് വേണ്ടിയും പോരാടാൻ എസ്. ഐ. ഒ മുന്നോട്ട് വന്നു. എന്നാല്‍ എസ്. ഐ. ഒ വിന്റെ ഇടപെടലുകളെ വർഗീയമെന്ന് മുദ്രകുത്തുന്നതിലായിരുന്നു ഇടതുപാർട്ടികൾക്ക് താല്‍പര്യം. ആശയപരമായ ദൗർബല്യങ്ങൾ മൂലം സംഘ് ഫാസിസത്തെ നേരിടുന്നതിൽ മര്‍ദ്ദിത ഐഡന്റിറ്റിയെ ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ശക്തിയെ തിരിച്ചറിയാൻ അവർക്ക് സാധിച്ചുമില്ല.

യൂണിവേഴ്‌സിറ്റിക്ക് പുറത്ത് അവസ്ഥ ഒന്നുകൂടി അപകടകരമാണ്, മുസ്‌ലിംകളെ തുടർച്ചയായി രാജ്യത്തുടനീളം ഹിന്ദുത്വ ശക്തികൾ തെരഞ്ഞുപിടിച്ച് സംഘം ചേർന്ന് കൊലപ്പെടുത്തുകയാണ്. പശു മനുഷ്യരെക്കാൾ വിശുദ്ധവും ഉയർത്തപ്പെട്ടതുമായ ഈ സമയത്ത് മുഖ്യധാരാ രാഷ്ട്രീയപാർട്ടികളുടെ പ്രതിഷേധശബ്ദങ്ങൾ അധീശ വ്യവഹാരങ്ങളുടെ തന്നെ ഭാഷ ഏറ്റെടുക്കുന്നത് അവസ്ഥകളെ കൂടുതൽ പരിതാപകരമാക്കുന്നു. ഇവിടുത്തെ ബ്രാഹ്മണിക ഘടനയെ ശ്രദ്ധിക്കുന്നതിനും വിലയിരുത്തുന്നതിനും പകരം മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ ആചാരപരമായ പ്രതിഷേധങ്ങൾ, അവർ ഹിന്ദുത്വത്തിന്റെ നല്ല പതിപ്പിനെ പിന്തിടരുന്നില്ല എന്ന് പറയാൻ മാത്രമുള്ള ഒരു സവർണ വീണ്ടെടുപ്പായി ചുരുങ്ങുന്നു. പശുവിന്റെ പേരിലുള്ള അക്രമണങ്ങള്‍ മുസ്‌ലിംകളുടെയും ദളിതുകളുടെയും നിലനില്‍ക്കുവാനും അതിജീവിക്കാനുമുള്ള അവകാശത്തെ അടിച്ചമർത്താനാണ് ലക്ഷ്യം വെക്കുന്നത്. നജീബ് അഹമ്മദിന്റെ വിഷയം ഒരു മുസ്‌ലിം പ്രശ്നമായി ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ ക്യാമ്പസിലെ ഇടതുപാർട്ടികൾ പരാജയപ്പെടുക മാത്രമല്ല, അതിനെ എതിര്‍ക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നു അവര്‍.

പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങൾ അവരുടെ നേരെയുള്ള ക്രൂരതകളെയും അനീതികളെയും കുറിച്ച് ബോധവാന്മാരാകുകയും അവക്കെതിരെ തങ്ങളുടേതായ രീതിയിൽ സംഘടിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന അവസരങ്ങളിലെല്ലാം അത്തരം പ്രസ്ഥാനങ്ങളെ സ്വത്വവാദമെന്ന് അധിക്ഷേപിക്കാനാണ് പരമ്പരാഗത ഇടതുപക്ഷ മുദ്രാവാക്യങ്ങൾ ഉയരുന്നത്. ഇടത് രാഷ്ട്രീയത്തിന്റെ ഈ അധിക്ഷേപം മുസ്‌ലിം വിഷയങ്ങളിൽ വരുമ്പോഴേക്കും അസന്നിഗ്ധമായി തീവ്രവും മൂർച്ചയേറിയതുമായി മാറുന്നു. 1980 കളിലെ ശരീഅത്ത് വിവാദത്തിൽ തുടങ്ങി തൊണ്ണൂറുകളിൽ സംവരണ വിരുദ്ധ പ്രസ്ഥാനം, ബാബരി മസ്ജിദ് തകർക്കലിലൂടെ സമീപകാല വിവാദമായ ലൗ ജിഹാദിൽ വരെ ഇടതു പാർട്ടികൾ തങ്ങളുടെ വലതു പക്ഷ സഹാപാർട്ടികൾക്കൊപ്പം സ്ഥാനം പിടിക്കുന്നുവെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്. പുരോഗമന വാദികളെന്ന മുഖം മൂടി അണിഞ്ഞ ഇടതുസംഘടനകൾക്ക്‌ അവരുട അധീശ ബ്രാഹ്മണിക വ്യവഹാരങ്ങളില്‍ നിന്ന്‌ നിന്ന് ഇനിയും പുറത്തു വരാനായിട്ടില്ല എന്ന് വർഷങ്ങളോളം അവർ ഭരണത്തിലിരുന്ന കേരളം, വെസ്റ്റ് ബംഗാൾ എന്നിവിടങ്ങളിൽ അവർ സ്വീകരിച്ച നയനിലപാടുകളിൽനിന്നും നമുക്ക് വ്യക്തമാണ്.

ഇടതുപാർട്ടികൾ ബ്രാഹ്മണിക വ്യവസ്ഥയെ മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടതല്ല, മറിച്ച് അവർ ഈ ബ്രാഹ്മണിക ഹിന്ദു വ്യവസ്ഥക്കകത്തു തന്നെയാണ് എന്നതാണ്.Dsc_1106 ബാബരി മസ്ജിദ് ധ്വംസനം നടന്നപ്പോൾ മസ്ജിദിന്റെ ഒരു ഭാഗം അമ്പലം പണിയാൻ നല്കാൻ നിർദ്ദേശിക്കുകയും കേരളത്തിലെ ഒരു പ്രമുഖ മുസ്‌ലിം സംഘടനയെ പിരിച്ചുവിടാൻ പറയുകയും ചെയ്ത കേരളത്തിലെ സി പി ഐ (എം) നേതാവ് ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ പ്രസ്താവന ഇതിന് തെളിവാണ്. കേരളത്തിലെ മുസ്‌ലിം ഭൂരിപക്ഷ ജില്ലകളിൽ വിദ്യാർത്ഥികൾക്ക് നല്ല മാർക്ക് ലഭിക്കുന്നത് പരീക്ഷക്ക് കോപ്പി അടിച്ചാണെന്ന് എല്‍ ഡി എഫ് മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്തൻ കുപ്രസിദ്ധമായ ഒരു പ്രസ്താവന നടത്തിയിട്ടുണ്ട്. സച്ചാർ കമ്മറ്റി റിപ്പോർട്ട് പ്രകാരം, വെസ്റ്റ് ബംഗാളിലെ ഇടതുഭരണകർത്താക്കളുടെ 34 വർഷം അവിടുത്തെ മുസ്‌ലിംകള്‍ക്കെതിരായ വിവേചനത്തിന് വ്യവസ്ഥാപിത ഘടന നൽകി. ഇതുകൂടാതെ, ക്യാമ്പസുകളിൽ എപ്പോഴൊക്കെ ദളിത്- മുസ്‌ലിം വിദ്യാർത്ഥികൾ അവരുടെ ശബ്ദം ഉയർത്തുന്നോ, അപ്പോഴെല്ലാം ഇടതുപക്ഷത്തിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എസ് എഫ് ഐ അവരെ ആക്രമിക്കുകയും ചെയ്യുന്നു. എം ജി യൂണിവേഴ്‌സിറ്റിയിലെ വിവേക് കുമാരന്റെയും മഹാരാജാസ് കോളേജിലെ ഫുആദ് മുഹമ്മദിന്റെയും നേരെയുണ്ടായ ആസൂത്രിത ആക്രമണങ്ങൾ ഇതിന്റെ ഭാഗമാണ്.

മുസ്‌ലിം രാഷ്ട്രീയ പാർട്ടികളെ വർഗീയമെന്നും സംഘ്പരിവാറിന്‌ തുല്യമെന്നും ആരോപിച്ചുകൊണ്ട് അവരുടെ രാഷ്ട്രീയ അസ്ഥിത്വത്തെ നിഷേധിക്കുന്ന ഇടത് പാർട്ടികള്‍ മതത്തിന്റെ ചോദ്യങ്ങളെയോ ചരിത്രപരമായി ഇസ്‌ലാമിന്റെ വിപ്ലവകാരമായ ശേഷിയെയോ ശരിയായി മനസ്സിലാക്കാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല.14940132_1150396448372097_5758940695743079047_o 17264919_1284476121630795_7813278980049823603_n സമൂഹത്തിലെ പാർശ്വവൽക്കരിക്ക പ്പെട്ടവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും രാഷ്ട്രീയ അവകാശങ്ങൾക്ക് വേണ്ടി എസ്. ഐ. ഒ എപ്പോഴും നിലകൊണ്ടിട്ടുണ്ട്, അതിന് ഇടത് ബ്രാഹ്മണിക് രാഷ്ട്രീയത്തിന്റെ സ്വീകാര്യത ആവശ്യമില്ല. മറിച്ച്, ഹിന്ദു ഇടത് പക്ഷം എന്തുകൊണ്ടാണ്‌ മുസ്‌ലിം സ്ത്രീകളെക്കുറിച്ച് ഇത്രയധികം വ്യാകു‌ലപ്പെടുന്നു എന്നതും, എന്നാല്‍ രാജ്യത്തു നിന്നും മുസ്‌ലിം സ്ത്രീപുരുഷന്മാർ ക്രൂരമായി ഉന്മൂലനം ചെയ്യപ്പെടുമ്പോൾ അവർ എന്ത് കൊണ്ട് കുറ്റകരമായ മൗനം പാലിക്കുന്നു എന്നതുമായിയിരിക്കണം ചോദ്യം.

മുസ്‌ലിം സ്ത്രീകളെ സംബന്ധിച്ച്‌ സവർണര്‍ വളരെയധികം ശ്രദ്ധാലുക്കളാണ്‌, അതിനുവേണ്ടി മുസ്‌ലിം പുരുഷനെന്ന ക്രൂരനായ വില്ലനെ അവര്‍ നേരത്തെ തന്നെ എതിർ സ്ഥാനത്ത് പ്രതിഷ്ഠിച്ചിട്ടുമുണ്ട്. ഇതേ അധീശ രാഷ്ട്രീയം തന്നെയാണ് കേരളത്തിൽ ഇസ്‌ലാമിലേക്കുള്ള മതം മാറ്റം സംബന്ധിച്ചുള്ള പ്രശ്നങ്ങളുടെ കാര്യത്തിൽ ഇടതുസംഘടനകൾ സ്വീകരിച്ച നയത്തിലും വ്യക്തമായി കാണുന്നത്. ഇസ്‌ലാം സ്വീകരിക്കുന്നതിലൂടെ മതപരമായ അടിച്ചമര്‍ത്തലില്‍ നിന്നും ജാതീയ പീഡനങ്ങളിൽ നിന്നുമുള്ള സ്വാതന്ത്ര്യവും മോക്ഷവും കാണുകയും പൂർണ മനസ്സോടെ അതിലേക്ക് കടന്നുവരികയും ചെയ്തവരാണ് ഇന്ത്യയിലെ ജനങ്ങളിൽ അധികവും. മതം മാറ്റം അടിസ്ഥാന പരമായി ഒരു ഭരണഘടനാ അവകാശമായി നിലനിൽക്കെ ഹാദിയ എന്ന പെൺകുട്ടി ഇപ്പോഴും വീട്ടുതടങ്കലിൽ തുടരുന്നു. സംസ്ഥാനത്തെ ഭരണകൂടം അവൾക്ക് ഇഷ്ടം തോന്നിയ മതത്തിൽ വിശ്വസിക്കാനും ആചാരാനുഷ്ടാനങ്ങൾ ചെയ്യാനുമുള്ള സ്വാതന്ത്ര്യം നൽകുന്നതിൽ പരാജയപ്പെടുന്നു എന്ന് മാത്രമല്ല, അവളെ വീട്ടുതടങ്കലിൽ തുടരാൻ വേണ്ട ഒത്താശകൾ നടത്തുകയും ചെയ്യുന്നു. മതപരിവർത്തനം പോലെ തന്നെ ഭരണഘടന ഉറപ്പുനല്കിയതാണ് മത പ്രബോധനത്തിനുള്ള അവകാശം. എന്നാൽ അടുത്ത ദിവസങ്ങളിൽ സമാധാന രീതിയിൽ മതപ്രബോധനം നടത്തിയിരുന്ന ഒരു മുസ്‌ലിം സംഘടനയിലെ ആളുകളെ ആര്‍ എസ് എസ്‌ ആക്രമിച്ചത് ഈ രാജ്യത്ത് നിലനില്ക്കുന്ന വ്യവസ്ഥിതിയുടെ ഭീകരമുഖമാണ് കാണിച്ചുതരുന്നത്. വിനാശകാരികളായ ഈ ശക്തികളെ വെല്ലുവിളിക്കുന്നതിന് പകരം കാമ്പസിലെ ഇടതു സംഘടനകൾക്ക് താല്പര്യം ചില പ്രത്യേക മുസ്‌ലിം സംഘടനകളെ വർഗീയമെന്ന് മുദ്രകുത്തി പൊതുധാരയിൽ നിന്ന് മാറ്റി നിർത്തുന്നതിലാണ്. മുസ്‌ലിംകളിലെ ഒരു പ്രത്യേക വിഭാഗം തങ്ങളുടെ ലഖുലേഖകളിലൂടെ ആര്‍ എസ് എസിനെ പ്രകോപിപ്പിക്കുകയാണ് ചെയ്തതെന്ന കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ തദവസരത്തിലുള്ള പ്രസ്താവന, ഇടതുസംഘടനകൾ ഹിന്ദുത്വ രാഷ്ട്രീയത്തെ എത്ര മാത്രം സ്വാംശീകരിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ്.

ജെ എന്‍ യുവിലെ ഇത്തവണത്തെ ഇലക്ഷൻ ഇപ്പോഴത്തെ നിർണായകമായ രാഷ്ട്രീയ പ്രശ്നത്തെ -മുസ്‌ലിം പ്രശ്നത്തെ- ഇടത്പക്ഷം അഭിമുഖീകരിക്കാത്തതിന്റെയും വഞ്ചിച്ചതിന്റെയും പേരിൽ അടയാളപ്പെടുത്തപ്പെടും. അടിച്ചമർത്തപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും വലിയ മുന്നേറ്റങ്ങള്‍ രൂപപ്പെടുത്തിക്കൊണ്ട്‌
മാത്രമേ ഈ പ്രശ്നത്തെ അഭിമുഖീകരിക്കാനും നേരിടാനും കഴിയു എന്ന് എസ്. ഐ. ഒ മനസ്സിലാക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ക്യാമ്പസില്‍ ഈ രാഷ്ട്രീയത്തെ ഉയർത്തിക്കൊണ്ടുവരുന്നതിലും ശക്തിപ്പെടുത്തുന്നതിലും ബാപ്‌സ (BAPSA)യുടെ പങ്ക് എസ്. ഐ. ഒ സ്മരിക്കുന്നു. നമ്മുടെ ക്യാമ്പസിലെ സമൂഹ്യനീതിക്ക് വേണ്ടിയുള്ള ശബ്ദങ്ങൾക്കും പാർശ്വവൽക്കരിക്കപെട്ടവരുടെ അവകാശങ്ങൾക്ക് വേണ്ടിയും താങ്കളുടെ പൂർണമായ പിന്തുണ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. താങ്കളുടെ വിലയേറിയ വോട്ട് ബാപ്‌സക്ക് നൽകുകയും അന്തസ്സിനും സമൂഹ്യനീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ അണി ചേരുകയും ചെയ്യുക.

campusadmin