സിഗ്മണ്ട് ബോമാന്‍ കഴിഞ്ഞ ജനുവരി പത്തിന് അന്തരിച്ചു. സോഷ്യോളജിസ്റ്റും ഉത്തരാധുനികമായ പഠന സമ്പ്രദായങ്ങള്‍ പരിചയപ്പെടുത്തിയ ചിന്തകനെന്ന നിലയിലും സര്‍വ്വോപരി ആധുനിക ജിവിതത്തിന്റെ പ്രശ്നത്തെ വ്യക്തമായും കൃത്യമായും അവലോകനം ചെയ്ത എഴുത്തുകാരനുമെന്ന നിലയില്‍ അറിയപെട്ടയാളാണ് ബോമാന്‍. പോളണ്ടില്‍ 1929 ല്‍ ജൂത കുടുംബത്തില്‍ ജനിച്ച ബോമാന്‍ നാസി ജെര്‍മനിയുടെ അധിനിവേശത്തില്‍ നിന്ന് രക്ഷ നേടി സോവിയറ്റ് യൂനിയനിലേക്ക് പലായനം ചെയ്തു. അതുകൊണ്ട് തന്നെ യൗവനത്തിന്റെ ആദ്യഘട്ടത്തില്‍ കമ്മ്യുണിസ്റ്റ് സമഗ്രാധിപത്യ രാഷ്ട്രീയവുമായി അടുപ്പം പുലര്‍ത്തിയിരുന്നു. പക്ഷെ, ഈ അടുപ്പം പോളണ്ടിലെ അദ്ദേഹത്തിന്റെ ജൂത കുടുംബത്തെ നാസി ജര്‍മനിയുടെ അധിനിവേശത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ച യു. എസ്. എസ്. ആറിനോടുള്ള ആത്മനിഷ്ഠ സമീപനം കൊണ്ടായിരിക്കാമെന്നാണ് പല വിമര്‍ശകരും കരുതുന്നത്. മുമ്പൊരിക്കല്‍ ഗാര്ഡിയന് ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ പക്ഷെ തന്റെ സമഗ്രാധിപത്യ ബന്ധത്തെ കൗമാര കാലഘട്ടത്തിലെ ഒരു വഴുക്കന്‍ തീരുമാനമായാണ് അദ്ദേഹം വിലയിരുത്തിയതെന്നു തോന്നുന്നു. 1968 നു ശേഷം കമ്യൂണിസ്റ്റ് സമഗ്രധിപത്യവുമായ ബന്ധത്തെ ബോമാന്‍ പുനര്‍വിചിന്തനത്തിനു വിധേയമാക്കുകയും അങ്ങിനെ പോളണ്ട് വിടാന്‍ തിരുമാനിക്കുകയും ചെയ്തു. അക്കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ സയണിസ്റ്റ് അനുഭാവിയായ പിതാവിനെ ഇസ്രയേലിലെ സയണിസ്റ്റ് ലോബി സ്വാധീനിക്കുകയും അദ്ദേഹത്തെ ഇസ്രായേലിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഉറച്ച സയണിസ്റ്റ് വിരോധിയായ ബോമാന്‍ സയണിസ്റ്റ് രാഷ്ട്രീയത്തിന് ഒരിക്കലും വഴങ്ങിയിരുന്നില്ല. തുടര്‍ന്ന് ഇംഗ്ലണ്ടിലെ ലീഡ്സ് സര്‍വകലാശാലയില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച അദേഹം ലോകത്തെ പ്രധാനപെട്ട ചിന്തകരില്‍ ഒരാളായി മാറി.
മുപ്പത്തിനാലാമത്തെ വയസ്സില്‍ തന്റെ ആദ്യ പുസ്തകം പോളിഷ് ഭാഷയില്‍ പ്രസിദ്ധീകരിച്ചെങ്കിലും ആയിരത്തി തൊള്ളായിരത്തി എഴുപത്തി രണ്ടിലാണ് ആ പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു വരുന്നത്. ആദ്യ കാലഘട്ടത്തില്‍ യാഥാസ്ഥിതിക മാര്‍ക്സിസത്തിന്റെ തടവുകാരനായിരുന്നെങ്കിലും അന്റോണിയോ ഗ്രംഷിയും ജോര്‍ജ്ജ് സിമലും അദ്ദേഹത്തെ സ്വധീനിച്ചിരുന്നു. തുടര്‍ന്നു അദ്ദേഹം സോഷ്യോളജിയിലും ആധുനികതയെ കുറിച്ചുള്ള പഠനങ്ങളിലും വലിയ സംഭാവനകള്‍ നല്കി. തൊണ്ണൂറുകള്‍ക്ക് ശേഷം ആഗോളീകരണത്തിന്റെ രാഷ്ട്രീയത്തെ കുറിച്ച് ബോമാന്‍ സജീവമായി തന്നെ ആലോചിക്കാന്‍ തുടങ്ങി. അറുപതിനടുത്തു പുസ്തകങ്ങളും നുറു കണക്കിന് ലേഖനങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.
ആധുനികതയെ കുറിച്ച് ബോമന്‍ എമ്പതുകളിലും തൊന്നൂറുകളിലും പുറത്തിറക്കിയ പുസ്തങ്ങള്‍ ഹന്നാ ആരെന്റ്, തിയോഡര്‍ അഡോണോ തുടങ്ങിയവരുടെ ആധുനികതാ വിമര്‍ശനത്തിന്റെ സാധ്യതകളെ വിപുലീകരികുന്നതായിരുന്നു. ഹോളോകാസ്റ്റിനെ കുറിച്ചും ആധുനികതയെ കുറിച്ചും ഹന്നാ ആരെന്റ് എഴുതിയ Eichman in Jerusalem : A Report on the Banality of Evil എന്ന പുസ്തകത്തിന്റെ തുടര്‍ച്ച പോലെ വായിക്കാവുന്നതാണ് ബോമാന്‍ എഴുതിയ Holocaust and Modernity എന്ന പഠനം. ഹന്നാ അരന്റ് ബനാലിറ്റി ഓഫ് ഈവില്‍ എന്ന പദം ഉപയോഗിച്ചത് ഒട്ടോ അഡോള്‍ഫ് ഐക്മാന് എന്ന നാസി ഓഫീസറുടെ നൈതിക ജീവിതത്തെ നിര്‍വ്വചിക്കാന്‍ ആയിരുന്നു. ഐക്മാന് നാസി കാലഘട്ടത്തില്‍ നടന്ന ജൂത ഉന്മൂലനത്തിന്റെയും ഫൈനല്‍ സൊല്യൂഷന് എന്ന പേരില്‍ അറിയപെട്ട വംശഹത്യാ പരിപാടിയുടെയും മുഖ്യ ശില്പി ആയിരുന്നു.
ആരെന്റ് നടത്തിയ പഠനം 1960-ല്‍ ഐക്മാന്റെ വിചാരണക്ക് ജെറുസലേമില്‍ വെച്ച് സാക്ഷിയായതിനു ശേഷമാണ് പുറത്ത് വരുന്നത്. ആരെന്റ് വാദിച്ചത് ഇപ്രകാരമാണ് : നമ്മള് ഐക്മാന് എന്നു കേള്‍ക്കുമ്പോള്‍ ഒരു പിശാചിനെയാണ് പ്രതീക്ഷിക്കുക. അയാള്‍ ആറു മില്യന്‍ മനുഷ്യരുടെ മരണത്തിനു ഉത്തരവാദിയാണ്. വെറുക്കപ്പെട്ട ഒരു മനുഷ്യനെയാണ് നാം അവിടെ തേടുന്നത്. പക്ഷെ, അവിടെ വിചാരണക്കോടതിയില്‍ നാം കാണുന്നത് വെറുമൊരു ബ്യൂറോക്രാറ്റിനെയാണ്. ആരെന്റ് പറഞ്ഞത് ഇയാള്‍ ഒരസാധാരണ മനുഷ്യനല്ല എന്നാണ്. അയാളില്‍ എന്തെങ്കിലും സവിശേഷമായ തിന്മയുടെ ആധിക്യമില്ല. മറ്റു മനുഷ്യരില്‍ നിന്ന് വ്യത്യസ്തമായി ഒന്നും തന്നെ അയാളില്‍ നമുക്കു കാണാന്‍ കഴിയുന്നില്ല.
തിര്‍ച്ചയായും ഐക്മാന് സെമിറ്റിക്ക് വിരുദ്ധനും ആര്യന് വംശ മേധാവിത്വത്തില്‍ വിശ്വസിച്ചിരുന്ന ആളുമായിരുന്നു. എന്നാല്‍ യുറോപ്പില്‍ അക്കാലഘട്ടത്തില്‍ ഏകദേശം എല്ലാവരും ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രിതിയില്‍ സെമിറ്റിക് വിരുദ്ധരായിരുന്നു. അയാള്‍ നാസി പാര്‍ട്ടിയില്‍ അംഗമായിരുന്നു. എന്നാല്‍ അക്കാലത്ത് അതൊരു അസാധാരണ സംഭവമായി ആരും കണ്ടിരുന്നില്ല.
ഐക്മാന് സാധാരണ അര്‍ത്ഥത്തില്‍ ഒരു സിവില്‍ സര്‍വന്റ് മാത്രമായിരുന്നു. അങ്ങനെ അയാള്‍ തന്റെ ജോലി ഭംഗിയായി നിര്‍വഹിച്ചിരുന്നു. ആരെന്റ് പറയാന്‍ ശ്രമിച്ചത് ഹോളോകാസ്റ്റ് പോലെയുള്ള ഒരു കൃത്യം ചെയ്യാന്‍ നിങ്ങള്‍ക്ക് ഒരു സുപ്പര്‍ വില്ലനെ ആവശ്യമില്ല എന്നാണ്. അതിനു നല്ലൊരു അക്കൌണ്ടന്റ് മതിയാവുമെന്നാണ്. നിങ്ങള്‍ക്ക് സ്വന്തം ജോലി ഭംഗിയായി ചെയ്യുന്ന ഒരാള്‍ ഉണ്ടായാല്‍ മതി. അയാള്‍ക്ക് ചെയ്യുന്ന ജോലിയോട് ഒരു താല്പര്യമില്ലെങ്കിലും അയാള്‍ യാന്ത്രികമായി വളരെ കാര്യക്ഷമമായി ആ തൊഴില്‍ ചെയ്താല്‍ മതി.
ഇങ്ങനെ വരുമ്പോള്‍ തിന്മയുടെ സര്‍വ്വസാധാരണത്വം ഒരു പ്രത്യേക സാംസ്കാരിക അവസ്ഥയെ കുറിക്കുന്നു. ഇവിടെയാണ് ബോമാന്‍ ആരെന്റിന്റെ ഉള്‍ക്കാഴ്ചയെ ആധുനികതയുടെ ജീവിതയുക്തിയിലേക്ക് കൊണ്ടുവരുന്നത്. ഹോളോകാസ്റ്റ് കുറേ പിശാചുക്കള്‍ ചേര്‍ന്ന് ചെയ്ത ഒരു പൈശാചിക പ്രവര്‍ത്തനമായി ബോമാന്‍ കരുതുന്നില്ല. തങ്ങളുടെ പൈശാചിക ചോദന കൊണ്ടുമാത്രമല്ല ആളുകള്‍ ഹോളോകാസ്റ്റ് പോലുള്ള വംശ്യഹത്യയുടെ രാഷ്ട്രീയത്തിന്റെ ഭാഗമാവുന്നത്.
ഹോളോകാസ്റ്റ് സാധ്യമാക്കുന്ന ജീവിതസമീപനം നിങ്ങള്‍ക്ക് ആധുനികതയുടെ ക്രമത്തില്‍ തന്നെ കാണാമെന്നു ബോമാന്‍ വാദിച്ചു. ഹോളോകാസ്റ്റ് ഒരര്‍ഥത്തില്‍ ഒരു ഡെത്ത് ഫാക്ടറിയായിരുന്നു. മരണത്തെ ഉത്പാദിപ്പിക്കുന്ന ഫാക്ടറി എന്ന പ്രയോഗം എത്ര അര്‍ത്ഥവത്താണ്!. നാസി ജെര്‍മനിയില്‍ ഫാക്ടറികള്‍ ആണ് മരണത്തെയാണ് ഉത്പാദിപ്പിക്കുന്നത്. ഷൂസ് പോലെ, സോപ്പ് പോലെ മരണവും ഫാക്ടറിയില്‍ ഉത്പാദിപ്പിക്കുന്നു. ഹോളോകോസ്റ്റിന്റെ ഹൊറര്‍ എന്നത് ആളുകളുടെ അനിയന്ത്രിതമായ വികാരം കൊണ്ടോ ദേഷ്യം കൊണ്ടോ മാത്രം വിശദികരിക്കാന്‍ കഴിയില്ല എന്നാണ് ബൊമാന്‍ കരുതിയത്. നാസി കാലത്തെ വംശഹത്യകള്‍ ആധുനിക ബ്യുറോക്രസി ഒരു ഫയല്‍ നീക്കുന്ന ലാഘവത്തോടെ ചെയ്തു തീര്‍ത്ത ഒരു കാര്യമായിരുന്നു. വംശഹത്യകള്‍ ചെയ്യുമ്പോള്‍ കര്തവ്യ നിര്വഹണത്തിലുപരി ആരെയും ഒരു നൈതിക പ്രശ്നവും വേട്ടയാടിയില്ല. പലര്‍ക്കും ചെയ്തു തീര്‍ക്കേണ്ട ഒരു മുഷിപ്പന്‍ ജോലി മാത്രമായിരുന്നു കൂട്ടക്കൊലപാതകങ്ങളും നരഹത്യകളും. നൈതികതയെ ദൈനംദിന ജീവിതത്തില്‍ നിന്ന് അകറ്റി മാറ്റി കാണാന്‍ കഴിയുന്ന ഒരു ബ്യുറോക്രാറ്റിക് യുക്തി ആധുനികതയുടെ തന്നെ ദര്‍ശനമായിരുന്നു.
ബോമാന്‍ നമ്മുടെ കാഴ്ചപ്പാടില്‍ ഒരു വലിയ അട്ടിമറി തന്നെ നടത്തി. വംശഹത്യകളും കുട്ടക്കൊലപാതകങ്ങളും നടത്തുന്നത് സാധാരണ മനുഷ്യരും സാധാരണ ആളുകളും തന്നെയായിരുന്നു. രണ്ടാമത്തെ കാര്യം ഇതൊക്കെ നടന്നത് ഏതെങ്കിലും അപരിഷ്കൃത ഇടങ്ങളിലോ സമൂഹങ്ങളിലോ അല്ല എന്നതാണ്. മറിച്ച്, ലോകത്തെ തന്നെ എറ്റവും വികസിതമായ മുതലാളിത്ത രാജ്യമായ ജര്‍മ്മനിയിലെ, വ്യവസായ നാഗരികതയിലും ആധുനിക യുക്തിയിലും അധിഷ്ഠിതമായ ഒരു സമൂഹത്തിലായിരുന്നു. ഹോളോകോസ്റ്റ് എന്നത് ആധുനികതയിലേക്ക് പൂര്‍വാധുനികതയുടെ ക്രമരാഹിത്യം തിരിച്ചു വരുന്നതല്ല. ആധുനിക ജീവിതത്തിന്റെ ഉള്ളില്‍ നിന്നു തന്നെയാണ് ഹോളോകോസ്റ്റിന്റെ ക്രമത്തിലും ചിട്ടയിലും അധിഷ്ടിതമായ യുക്തിയെ അദേഹം കണ്ടെടുക്കുന്നത്.
ബോമാന്റെ ആധുനികത വിമര്‍ശനം അദ്ദേഹത്തെ ഒരു ലക്ഷണമൊത്ത ഉത്തരാധുനിക ചിന്തകനായി എണ്ണാന്‍ കാരണമായി. മറ്റു പല സമകാലിക ചിന്തകന്മാരെയും പോലെ അദ്ദേഹം ഉത്തരാധുനികതയുടെ ലേബല്‍ എടുക്കാന്‍ വിസമ്മതിച്ചിരുന്നു. തന്റെ ആദ്യകാല മാര്‍ക്സിസ്റ്റ് പക്ഷപാതിത്വം ഒരിക്കലും കയ്യൊഴിയാതെ നിന്ന ബോമാന്‍ ഉത്തരാധുനികമായ രാഷ്ട്രീയത്തെ കുറിച്ചും പ്രതിരോധത്തെ കുറിച്ചും സംസാരിച്ചിരുന്നു. എന്നാല്‍ ഴാന്‍ ഫ്രാന്‍സ്വാ ലിയോറ്റാര്‍ഡ്, ജീന്‍ ബോദ്രിയാദ്, തുടങ്ങിയ ഉത്തരാധുനിക ചിന്തകരില്‍ നിന്ന് വ്യത്യസ്തമായി ആധുനിക വിമര്‍ശനത്തില്‍ അധിഷ്ടിതമായ ഉത്തരാധുനിക രാഷ്ട്രീയത്തെ കുറിച്ചും പ്രതിരോധത്തെ കുറിച്ചും അദ്ദേഹം എഴുതി.
ലിയോറ്റാര്‍ഡ് ബ്രഹദാഖ്യാനങ്ങളുടെ നിരാകരണവും വിമര്‍ശനവുമായാണ് തന്റെ ഉത്തരാധുനിക സമീപനങ്ങളെ നിര്‍വ്വചിച്ചത്. നമ്മുടെ അസ്തിത്വത്തെ നിര്‍ണയിക്കുകയും നമ്മുടെ അറിവിനെ സാധ്യമാക്കുകയും ചെയ്യുന്ന ബ്രഹദാഖ്യാനങ്ങളെ നാം സംശയിക്കണമെന്നാണ് ലിയോറ്റാര്‍ഡ് കരുതിയത്. പുരോഗതിയിലും ശാസ്ത്രീയ സത്യത്തിലും അധിഷ്ടിതമായ ആധുനിക ജീവിതത്തിന്റെ അടിത്തറകള്‍ അങ്ങിനെ ചോദ്യം ചെയ്യപ്പെട്ടു.
ഉദാഹരണമായി മുതലാളിത്തം നമ്മുടെ ജിവിതത്തിനു മേല്‍ വലിഞ്ഞു മുറുകിയെന്നും അതിനാല്‍ നമ്മള് കമ്യൂണിസം പോലെയുള്ള മറ്റൊരു ബ്രഹദാഖ്യാനത്തെ സ്വീകരിക്കണമെന്നുമല്ല ലിയോറ്റാര്‍ഡ് പറഞ്ഞത്. മുതലാളിത്തത്തെ കേവല അര്‍ത്ഥത്തില്‍ അനുകൂലിച്ചോ പ്രതികൂലിച്ചോ ഉണ്ടാവുന്ന ഒരു രാഷ്ട്രീയം ഇനി സാധ്യമല്ല. ലോകത്തെ മുഴുവന്‍ നിര്‍വ്വചിക്കാന്‍ ശേഷിയുള്ള എല്ലാ രാഷ്ട്രീയത്തെയും അവകാശ വാദങ്ങളെയും നിലപാടുകളെയും നിരന്തരം സംശയിക്കുകയും എന്നാല്‍ പുതിയ സാദ്ധ്യതകള്‍ അന്വേഷിക്കുകയും ചെയ്യുക എന്നതാണ് രാഷ്ട്രിയ പ്രതിരോധത്തിന്റെ വഴിയെന്നു ലിയോറ്റാര്‍ഡ് വിശദീകരിച്ചു.
ലിയോറ്റാര്ഡില് നിന്ന് വ്യത്യസ്തമായി ജീന്‍ ബോദ്രിയാദ് ഉത്തരാധുനികതയെ യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള ഒരു സമീപനത്തിന്റെ പ്രശ്നം എന്ന നിലയില്‍ നിന്ന് മാറ്റി പ്രതിഷ്ഠിച്ചു. ബോദ്രിയാദ് ബ്രഹദാഖ്യാനങ്ങളുടെ അന്ത്യമോ അല്ലെങ്കില്‍ അതിനുശേഷമുള്ള പുതിയ സാധ്യതകളുടെ അനന്തമായ തുറവികളോ ആയി ഉത്തരാധുനികതയെ കണ്ടില്ല. ലിയോറ്റാര്‍ഡ് ബ്രഹദാഖ്യാനങ്ങളുടെ അന്ത്യത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ പുതിയ യാഥാര്‍ത്ഥ്യങ്ങള്‍ നിര്‍മ്മിക്കാനുള്ള ആഖ്യാന രാഷ്ട്രീയത്തിന്റെ സാധ്യതയെ നിരാകരിച്ചിരുന്നില്ല. പക്ഷെ യാഥാര്‍ത്ഥ്യത്തിന്റെ നിരാസമോ അതിന്റെ സംശയമോ അതിന്റെ വിമര്‍ശനമോ ബോദ്രിയാദ് കാര്യമായെടുത്തില്ല. അദ്ദേഹം പ്രതീതി യാഥാര്‍ത്ഥ്യത്തിന്റെ മണ്ഡലത്തെക്കുറിച്ചാണ് സംസാരിച്ചത്. നമ്മള് ജീവിക്കുന്നത് യാഥാര്‍ത്ഥ്യത്തിന്റെ മണ്ഡലത്തില്‍ അല്ല എന്നും പ്രതീതി യാഥാര്‍ത്ഥ്യത്തില്‍ ആണെന്നും അദ്ദേഹം കരുതി.
പ്രതിതി യാഥാര്‍ത്ഥ്യത്തിലൂടെയാണ് നാം നമ്മുടെ അസ്തിത്വത്തെ കുറിച്ചും അറിവിനെ കുറിച്ചും ബോധവാന്മാര് ആകുന്നതെന്നു അദ്ദേഹം നിരീക്ഷിച്ചു. ആയതിനാല്‍ നമ്മുടെ അസ്തിത്വത്തെ കുറിച്ച് നമുക്കുണ്ട് എന്ന് നമ്മള് കരുതിയ ഉറപ്പുകള്‍ ഇന്നില്ല. അതായത് യഥാര്‍ത്ഥ്യവും പ്രതിനിധാനവും തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കുന്നു. ഇതിനര്‍ത്ഥം യാഥാര്‍ത്ഥ്യം ഇല്ല എന്നല്ല. യാഥാര്‍ത്ഥ്യം നമുക്ക് ലഭ്യമല്ല എന്ന് മാത്രമാണ് മനസ്സിലാക്കേണ്ടത്. യഥാര്‍ത്ഥ്യം ലഭ്യമാകാതിരിക്കുകയും ജനം പ്രതീതി യാഥാര്‍ത്ഥ്യത്തില്‍ ജീവിക്കുകയും ചെയ്യുന്നു. അങ്ങിനെ ജനജീവിതം യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വിദൂരമാകുമ്പോഴാണ് ഉത്തരാധുനികത സാധ്യമാകുന്നത്.
ലിയോറ്റാര്‍ഡ്, ബോദ്രിയാദ് തുടങ്ങിയവര്‍ തങ്ങളുടെ ഉത്തരാധുനിക സമീപനത്തെ മുതലാളിത്ത ഉത്പാദനത്തിന്റെ സാഹചര്യത്തിലാണ് വികസിപ്പിച്ചത്. എന്നാല്‍ ബോമാന്‍ ഇവരില്‍ നിന്ന് വ്യത്യസ്തമായി മുതലാളിത്ത ഉപഭോഗത്തിന്റെ ലോകത്തെക്കുറിച്ച് ഗൗരവമായി ആലോചിക്കാനാണ് ശ്രമിച്ചത്. ബോമാന്‍ ഒരു സവിശേഷമായ ആധുനികതാ വീക്ഷണത്തെ പിന്തുണയ്ക്കുന്നു എന്നാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. ഇത് ഉത്തരധുനികതയിലെക്ക് എളുപ്പം ചാടാതെ തന്നെയുള്ള, എന്നാല്‍ ആധുനികതക്കുള്ളിലെ ഒരു നീക്കുപോക്കായാണ് വിലയിരുത്തേണ്ടത്.
ബോമാന്‍ പുതിയ ആധുനികതയെ ദ്രവ ആധുനികത എന്നാണ് വിശേഷിപ്പിച്ചത്. ഇത് അദ്ദേഹം തന്നെ ഖര ആധുനികത എന്ന് വിശേഷിപ്പിക്കുന്ന സാഹചര്യത്തില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. ഖര ആധുനികത മുതലാളിത്ത ഉത്പാദനത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഖര ആധുനികതയില്‍ ആളുകള്‍ മൂലധനത്തെ സ്വന്തമാക്കുന്നതിലും ഉത്പാദിപ്പിക്കുന്നതിലും വിശ്വസിച്ചിരുന്നു. എന്നാല്‍ ഉത്തരാധുനികതയില്‍ ആളുകള്‍ മുലധനത്തെ കുന്നുകൂട്ടുന്നതിലോ സ്വരൂപിക്കുന്നതിലോ വിശ്വസിക്കുന്നില്ല. ഉത്തരധുനികതയില് മുലധനത്തിന്റെ ഉപഭോഗത്തിലാണ് കാതലായ മാറ്റങ്ങള്‍ സംഭവിക്കുന്നത്. മൂലധന ഉപഭോഗമാകട്ടെ ഒരിക്കലും അവസാനിക്കാത്ത ഉപഭോഗ ത്വരയെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. നിങ്ങള്‍ക്ക് ഒരു ഉപഭോഗത്തില്‍ നിന്ന് ഒരു ദ്രാവകം പോലെ മറ്റൊരു ഉപഭോഗത്തിലേക്ക് ഒഴുകിപ്പോകാന്‍ സാധിക്കുന്നു. ഇങ്ങനെ ഉണ്ടാകുന്ന ഉപഭോഗം സവിശേഷമായ മനുഷ്യ കര്‍തൃത്വം തന്നെ സാധ്യമാക്കുന്നു. ഉപഭോഗം തന്നെ നാം ആരാണെന്നും നമ്മള് എന്ത് ചെയ്യുന്നു എന്നും നിശ്ചയിക്കുന്നു. അങ്ങനെയൊരു ഉപഭോഗ സമുഹം ഉണ്ടാകുന്നു. ഈ ഉപഭോഗ സമൂഹം കുടുതല്‍ കൂടുതല്‍ വ്യക്തികളെ ഉണ്ടാക്കുന്നു. അങ്ങനെ ഉപഭോഗ സമൂഹം ഉണ്ടാക്കുന്ന വ്യക്തികള്‍ പുതിയ ദ്രവ ആധുനികതയില്‍ കേവലം ചരക്കുകള്‍ ആയി മാറുന്നു.
ലിയോറ്റാര്ഡും ബോദ്രിയാദും ബോമാനും സംസാരിച്ചത് മുതലാളിത്ത വികാസത്തിലെ ഒരു പ്രത്യേക ഘട്ടത്തെക്കുറിച്ചും അതിനു ആധുനികതയുമായുള്ള ബന്ധത്തെപ്പറ്റിയുമാണ്. ഈ ചിന്തകളില്‍ ഉത്തരാധുനിക കാലത്തെ രാഷ്ട്രീയ പ്രതിരോധത്തെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ ഉള്ളടങ്ങിയിട്ടുണ്ട് എന്നാണ് ടോഡ് മെയ് നിരീക്ഷിക്കുന്നത്. ഉദാഹരണമായി ലിയോറ്റാര്ഡിനെ സംബന്ധിച്ചിടത്തോളം ബ്രഹദാഖ്യങ്ങളുടെ നിരാകരണം തന്നെ ഉപഭോഗ സംസ്കാരത്തിന്റെ നിരാകരണമാണ്. ലിയോറ്റാര്‍ഡ് ആഖ്യാനങ്ങളുടെ പുതിയ രാഷ്ട്രീയത്തില്‍ വിശ്വസിച്ചു. ഈ പുതിയ ആഖ്യാനങ്ങള്‍ തന്നെ ബ്രഹദാഖ്യനങ്ങളുടെ അവസാനത്തിനു ശേഷമുള്ള പുതിയ രാഷ്ട്രീയ ആയുധമാണ്. ആഖ്യാനത്തിന്റെ രാഷ്ട്രീയം പുതിയ രാഷ്ട്രിയ മണ്ഡലത്തെയും പ്രതിരോധ സംസ്കാരത്തെയും സാധ്യമാക്കുന്നുവന്നു അദ്ദേഹം കരുതി.
ബോദ്രിയാര്‍ദ് ഭാഷയെയും ആഖ്യാനത്തെയും കുറിച്ചുള്ള ലിയോറ്റാര്ഡിന്റെ സങ്കല്‍പ്പത്തെ പ്രധാനമായി കാണുന്നില്ല. അദ്ദേഹം പ്രതീതി യാഥാര്‍ത്ഥ്യത്തിന്റെ മേഖലയിലുള്ള തന്ത്രങ്ങളെയും ഇടപെടലുകളെയും കുറിച്ചാണ് സംസാരിക്കുന്നത്. ഉദാഹരണമായി പ്രതീതി യാഥാര്‍ത്ഥ്യത്തിന്റെ മണ്ഡലത്തില്‍ ഉപഭോഗ സംസ്കാരത്തിന്റെ വിമര്‍ശനം എങ്ങനെ സാധ്യമാകുന്നുവെന്നു നോക്കാം. ഒരു വസ്തുവിനോട് ഒരാള്‍ക്ക് തോന്നുന്ന അടുപ്പത്തെയാണ് ആകര്‍ഷണം എന്ന് വിളിക്കുന്നത്. എന്നാല്‍ ഇല്ലാത്ത ഒരു വസ്തുവിനോടുള്ള അടുപ്പത്തെ ആകര്‍ഷണം എന്ന് വിളിക്കാന്‍ കഴിയില്ല. ഇല്ലാത്ത വസ്തുവിനോടുള്ള അടുപ്പം ഉണ്ടാവുന്നത് വശീകരണത്തിലൂടെയാണ്. പ്രതീതി യാഥാര്‍ത്ഥ്യത്തിന്റെ ലോകം വശീകരണത്തിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്.
രാഷ്ട്രീയത്തിന്റെ മേഖലയില്‍ വശീകരണം സംഭവിക്കുന്നത് രണ്ടു തരത്തിലാണ്. രാഷ്ട്രീയ നേതാക്കള്‍ക്ക് മാധ്യമങ്ങള്‍ ഉപയോഗിച്ചു കൃത്രിമമായ ഇമേജുകള്‍ ഉണ്ടാക്കിക്കൊണ്ട് അണികളെ വശീകരിച്ചെടുക്കാം. എന്നാല്‍ ഇതൊരു ഏകപക്ഷീയമായ ബന്ധമല്ല. അതായത് അണികള്‍ക്ക് നേതാക്കളുടെ വശീകരണത്തിനു വഴങ്ങി എന്ന വ്യാജേന അവരെ അനുസരിക്കാതെ പറ്റിക്കുകയും ചെയ്യാം. ഇവിടെയാണ് നിശബ്ദ ഭുരിപക്ഷം എന്ന ആശയം പുതിയ മുതലാളിത്ത ക്രമത്തിനകത്തെ പ്രതിരോധ രാഷ്ട്രീയമായി ബോദ്രിയാര്‍ദ് വികസിപ്പിക്കുന്നത്. അങ്ങനെ നിശബ്ദ ഭുരിപക്ഷം ഭരണ വര്‍ഗ്ഗത്തെ തങ്ങള്‍ അനുസരിക്കുന്നു എന്ന പ്രതീതി സൃഷ്ടിച്ചു കൊണ്ട് പുതിയൊരു പ്രതിരോധ രാഷ്ട്രീയം സൃഷ്ടിക്കുന്നു. ഇവിടെ നിശബ്ദ ഭുരിപക്ഷം ഒന്നും സംസാരിക്കുന്നില്ല. അവര്‍ നിശബ്ദമായി പ്രവര്‍ത്തിക്കുകയാണ്. ഇങ്ങനെ നിശബ്ദമായി പ്രവര്‍ത്തിക്കുന്ന, എന്നാല്‍ തുറന്നു സംസാരിക്കാത്ത നിശബ്ദ ഭുരിപക്ഷം എല്ലായ്പോഴും ഭരണ വര്‍ഗ്ഗത്തിന് തലവേദനകള്‍ തീര്‍ക്കുന്നു.
എന്നാല്‍ സിഗ്മണ്ട് ബോമന്റെ കാര്യത്തില്‍ പ്രതിരോധ രാഷ്ട്രീയം വളരെ വ്യക്തമാണ്. അതൊരു അമൂര്‍ത്തമായ പ്രോജക്റ്റ് അല്ല. ശക്തരായ വ്യക്തികളെയും വ്യക്തി ബന്ധങ്ങളെയും നിര്‍മ്മിക്കുകയും അങ്ങിനെ ഉണ്ടാകുന്ന വ്യക്തി ബന്ധങ്ങള്‍ സാമുഹിക ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നാണ് ബോമാന്‍ വിശ്വസിച്ചത്. അങ്ങനെ ശക്തരായ വ്യക്തിയെയും സമൂഹത്തെയും നിര്‍മിച്ചുകൊണ്ട് ദ്രവ ആധുനികതയുടെ അധിനിവേശത്തെ ചെറുക്കാന്‍ നമുക്ക് കഴിയണം. ബോമന്റെ പ്രതിരോധ സിദ്ധാന്തത്തിനു മറ്റൊരു വശം കൂടിയുണ്ട്. വ്യക്തി എന്ന ആശയത്തിന് പുതിയ ഉപഭോഗ മുതലാളിത്തത്തില്‍ മേല്‍കോയ്മ കൈവരികയും അത് പൊതു മണ്ഡലത്തെ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്നാണ് അദ്ദേഹം കരുതുന്നത്. അത് കൊണ്ട് തന്നെ പൊതുമണ്ഡലത്തിന് മേലെയുള്ള ഉപഭോഗത്വര ബാധിച്ച വ്യക്തികളുടെ അധിനിവേശത്തെ ചെറുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
സോഷ്യല്‍ വെല്ഫയരിസത്തിന്റെ കാലത്തെ ഘര ആധുനികതയില്‍ നിന്നും പുറപ്പെട്ട യൂറോപ്യന്‍ സമൂഹത്തെയാണ് അദ്ദേഹം അഭിസംബോധന ചെയ്തത്. എന്നാല്‍ യുറോപ്പിനു പുറത്തുള്ള സാമൂഹിക ജീവതത്തെ പറ്റി ബോമന്‍ വളരെ കുറച്ചു മാത്രമേ വിലയിരുത്തിയുള്ളൂ. യുറോപ്പിലെക്കുള്ള അഭയാര്‍ഥി പ്രവാഹത്തെ പറ്റിയും കുടിയേറ്റത്തെയും പറ്റിയും എഴുതുമ്പോഴും യുറോപ്പിനു പുറത്തെ ലോകങ്ങള്‍ അദ്ദേഹം അധികം കണ്ടിട്ടില്ല. ഫലസ്തീന് ഒഴികെയുള്ള വിഷയങ്ങളില്‍ അദേഹത്തിന്റെ രാഷ്ട്രീയ ശ്രദ്ധ വേണ്ട ഗൗരവത്തോടെ പതിഞ്ഞിട്ടില്ല എന്നാണ് തോന്നുന്നത്. അതുകൊണ്ട് തന്നെ രണ്ടാം ലോകയുദ്ധത്തിനു ശേഷം യുറോപ്പിനകത്തും പുറത്തുമുള്ള പുറമ്പോക്ക് സമൂഹങ്ങളുടെ ചെറുത്തു നില്‍പ്പാണ് യുറോപ്പില്‍ ആധുനികതയുടെ കേന്ദ്ര പ്രമേയങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഇടവരുത്തിയതെന്ന സ്റ്റുവര്‍ട്ട് ഹാളിന്റെ നിരീക്ഷണം ഉത്തരാധുനികതയെ കുറിച്ചു ബോമാന്‍ അടക്കമുള്ളവര്‍ പുലര്‍ത്തിയ യുറോകേന്ദ്രീകൃത വായനകളുടെ തിരുത്തായി നമുക്കനുഭവപ്പെടുന്നു.