Campus Alive

HCU ഇലക്ഷൻ : ബഹുജൻ മുസ്‌ലിം സമവാക്യങ്ങളുടെ രാഷ്ട്രീയം

( ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി ഇലക്ഷനോടനുബന്ധിച്ച് എ എസ് എ – എ ഐ എസ് എ – ഫ്രറ്റേണിറ്റി – എം എസ് എഫ് സഖ്യം ഇറക്കിയ ലഘുലേഖകൾ )

 

(1)

ഇരകളിൽ നിന്ന് രാഷ്ട്രീയ കർത്താക്കളിലേക്ക്: എസ് എഫ് ഐ യുടെ ചുവപ്പൻ ഓറിയൻറലിസത്തെ തുറന്ന് കാട്ടുമ്പോൾ

ധൈഷണികവും ആശയപരവുമായ അനുരഞ്ജനങ്ങൾ രാഷ്ട്രീയത്തിൽ പുതുമയുള്ള കാര്യമല്ല; സ്വയം പ്രഖ്യാപിത വിപ്ലവകാരികൾ വരെ വിമർശനങ്ങൾ ഉന്നയിക്കുന്നവരെ നിശ്ശബ്ദരാക്കാൻ ഫാഷിസ്റ്റ് അജണ്ടകളുടെ പ്രയോക്താക്കളാകുന്ന സാഹചര്യത്തിൽ, രാഷ്ട്രീയ അനുരഞ്ജന ശ്രമങ്ങളെ ഇത്തരം പ്രവണതകളുടെ ചരിത്ര പശ്ചാത്തലത്തിൽ മനസ്സിലാക്കാവുന്നതാണ്. ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ സമാന സ്വഭാവത്തിലുള്ള അനുരഞ്ജന ശ്രമങ്ങൾ തുടർച്ചയായി നടക്കുന്നത് നമുക്ക് കാണാവുന്നതാണ്. അധീശ ബ്രാഹ്മണ്യ സ്വഭാവമുള്ള സംഘടനകൾ പ്രതിരോധ മുന്നേറ്റങ്ങളുടെ ഭാഷയെ മേലങ്കിയാക്കി കീഴാള മുന്നേറ്റങ്ങളെ വർഗീയവാദികളും ഹിംസയുടെ പ്രയോക്താക്കളും റാഡിക്കലുമായി ചിത്രീകരിക്കുന്നത് കാണാൻ സാധിക്കും. ഇത് ആകസ്മികമായി സംഭവിക്കുന്നതല്ല മറിച്ച് ഇവക്ക് ഹിന്ദുത്വ ഭൂരിപക്ഷ പദ്ധതികളുമായി അഭേദ്യ ബന്ധമുണ്ട് .

പുരോഗമനവാദികൾ എന്ന് വിളിക്കുന്ന എസ് എഫ് ഐയെ പോലെയുള്ളവർ പോലും ഇത്തരം ആഖ്യാനങ്ങളുടെ പുനരുത്പാദകരായി മാറുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിൽ മുസ്ലിം വിദ്യാർത്ഥികളും മറ്റും ഉന്നയിച്ച വിമർനങ്ങളെ എസ് എഫ് ഐ നേരിട്ടത്, അവരെ രാജ്യദ്രോഹികൾ ആയി മുദ്രകുത്തുന്ന “ദേശ് കെ ഗധാറോണ് കോ..” പോലെയുള്ള ആർ എസ് എസിന് സമാനമായ ഭാഷയിലുള്ള മുദ്രാവാക്യങ്ങൾ ഉയർത്തിയാണ്. ഇത്തരം വഞ്ചനാത്മകമായ സമീപനങ്ങൾ എസ് എഫ് ഐയുടെ തന്നെ പ്രഖ്യാപിത നയങ്ങളായ ജനാധിപത്യത്തോടും സോഷ്യലിസത്തോടുമുള്ള അവരുടെ തന്നെ പ്രതിബദ്ധതയുടെ പരിമിതികളെ തുറന്ന് കാട്ടുന്നതാണ്. ബ്രാഹ്മണിക്കൽ ഹിന്ദുത്വയെ നേരിടുന്നതിന് പകരം മുസ്ലിം രാഷ്ട്രീയ അവകാശവാദങ്ങളെ കളങ്കപ്പെടുത്താനും അവയെ മെരുക്കിയെടുത്ത് ‘ഇസ്ലാമിസ്റ്റ്’ ‘ഫണ്ടമെന്റലിസ്റ്റ്’ ചാപ്പയടികൾ നടത്താനുമാണ് എസ് എഫ് ഐ തീരുമാനിച്ചിരിക്കുന്നത്.

ഇത് കേവല നാക്കു പിഴയല്ല മറിച്ച് നിരന്തരമായി തുടർന്ന് പോരുന്ന രീതിയാണ്. സംരക്ഷണവും സഹതാപവും ആവശ്യമുള്ള കേവല ഇരകളായി മാത്രം മുസ്ലിങ്ങളെയും ദളിതരെയും ആദിവാസികളെയും സ്വീകരിക്കാൻ എസ് എഫ് ഐ തയാറാണെന്ന സ്വഭാവത്തിൽ പലരും നിരീക്ഷിക്കാറുണ്ട്. പക്ഷെ ഈ സമുദായങ്ങൾ അധികാരവും, അവകാശപരമായ ഇടവും, തുല്യ പങ്കാളിത്തവും ആവശ്യപ്പെടുന്ന നിമിഷം അവരെ ഭീഷണിയായി മുദ്രകുത്തുകയാണ് ചെയ്യുന്നത്.

‘ഇസ്ലാമിസ്റ്റ്’ എന്ന പദം കേവലമായ വാർപ്പ് മാതൃകകളെ ദ്യുതിപ്പിക്കുന്നതും, മുസ്ലിം രാഷ്ട്രീയ അവകാശവാദങ്ങളെ തീവ്രതയാക്കി ചിത്രീകരിക്കുന്നതിനും, അവരുടെ അവകാശ പരിശ്രമങ്ങളെ അസാധുവാക്കുന്നതിനും (Delegitimize) വേണ്ടിയുള്ള സവിശേഷമായ പരിമിതപ്പെടുത്തലുകളോടെയുള്ള പ്രയോഗമാണ്. ഇത് നിരുപാധികം ഇസ്‌ലാമോഫോബിയ എന്ന് വിളിക്കാവുന്നവയെ സമീകരണത്തിന്റെ കുപ്പായമണിയിപ്പിച്ച് കൊണ്ടുവരുന്നതാണ്. ഹിന്ദുത്വയുടെ സമാനമായ ഉൽക്കണ്ഠകളും പുറംതള്ളൽ യുക്തിയുമൊക്ക പങ്കിടുമ്പോൾ തന്നെ ഇത്തരം പ്രവണതകൾ എസ് എഫ് ഐയെ എല്ലാ ഭാഗത്ത് നിന്നുമുള്ള അക്രമങ്ങൾ ചെറുക്കുന്നവരാക്കി സ്വയം വാദിക്കാനും ‘ന്യായമായ മധ്യമ നിലയിൽ’ നിലനിർത്താൻ അനുവദിക്കുകയും ചെയ്യുന്നു. ഇത്തരമൊരു രാഷ്ട്രീയത്തിന് ഹിന്ദുത്വയെ ദുർബലപ്പെടുത്താൻ കഴിയില്ല. മാത്രമല്ല, മുസ്ലിമിനെ എപ്പോഴും പുറമെ നിന്നുള്ളവനാക്കി സ്ഥാനപ്പെടുത്തുന്ന ഹിന്ദുത്വ അജണ്ടയെ സാധ്യമാക്കുക മാത്രമാണ് ഇതിലൂടെ നടക്കുന്നത്, അതല്ലാതെ അവരെ കാമ്പസിന്റെ ജനാധിപത്യ രൂപീകരണത്തിലെ പങ്കാളികളാക്കി പരിഗണിക്കാൻ ഇടത് പക്ഷത്തിന് കഴിയുന്നില്ല. ഈ അനുരഞ്ജനത്തിന്റെ രാഷ്ട്രീയത്തെ ഞങ്ങൾ തള്ളിക്കളയുന്നു. കേവലമായ വർഗീയ താല്പര്യങ്ങളോ ആത്യന്തിക വാദപരമോ ആയിരുന്നില്ല എച് സി യുവിലെ അരികുവത്കൃതരുടെ രാഷ്ട്രീയ സംഘാടന ചരിത്രം, മറിച്ച് ബ്രാഹ്മണിക ശക്തികളെയും അധികാരം പങ്കിടാൻ തയ്യാറല്ലാത്ത പുരോഗമന വാദികളെന്ന് പറയപ്പെടുന്ന ഇടത് പക്ഷത്തെയും അസ്വസ്ഥതപ്പെടുത്തുന്ന ചരിത്ര ധൗത്യത്തിന്റെ സാക്ഷ്യമാണ് അവരുടെ ഇടപെടലുകൾ. കേവല ഇരകൾ എന്നതിനപ്പുറം, ഇവിടെയുള്ള മുസ്ലിങ്ങളെയും ദളിതരെയും മറ്റു അധഃസ്ഥിത വിഭാഗങ്ങളെയും തുല്യരായി കാണുന്നതിലൂടെ മാത്രം സാധ്യമാവുന്ന ജനാധിപത്യത്തിനും, സ്വാതന്ത്ര്യത്തിനും സോഷ്യലിസത്തിനും (സമുദായ തുല്യതയുടെ സമവാക്യങ്ങളെ പരിഗണിക്കാതെയുള്ള ഈ ആശയങ്ങൾക്ക് യാതൊരു അർത്ഥവും ഇല്ല) വേണ്ടിയാണ് നമ്മുടെ പോരാട്ടം.

മുസ്ലിം ദളിത് സഖ്യത്തെ രാഷ്ട്രീയ ‘അവസരവാദ’മെന്നും ‘ചരിത്രാതീത’മെന്നും തുടർച്ചയായി മുദ്രകുത്തുന്ന എസ് എഫ് ഐയുടെ നിലപാട് അറപ്പുളവാക്കുന്നതും വികൃതവുമാണ്. ഇന്ത്യയിലെ സെൻട്രൽ യുണിവേഴ്സിറ്റികളിലേക്കുള്ള ‘കീഴാള ജനത’യുടെ പ്രവേശനം, ഇവിടെയുള്ള ഫാഷിസ്റ്റ് ശക്തികളെ നേരിടാൻ വേണ്ടി മാത്രമല്ല. മറിച്ച്, ഇവിടെയുള്ള ഇടത് പക്ഷത്തിന്റെ സംരക്ഷണ വ്യാദിയെ എതിരിടാനുള്ള പോരാട്ടങ്ങുളുടേത് കൂടിയാണ്. എച് സി യുവിന്റെ രാഷ്ട്രീയ, തിരഞ്ഞെടുപ്പ് സഖ്യങ്ങൾ ഒക്കെയും ജൈവികമായി രൂപം കൊണ്ട മുസ്ലിം ദളിത് അംബദ്കറൈറ്റ് രാഷ്ട്രീയത്തെ ഉയർത്തിക്കാട്ടുന്നതാണ്.

യുണൈറ്റഡ് ഡെമോക്രറ്റിക് അലയൻസിന്റെ (യു.ഡി.എ ) കഴിഞ്ഞ പതിറ്റാണ്ടിലെ ചരിത്രം മാത്രം പരിശോധിച്ചാൽ ഈ കാര്യം വ്യക്തമാവുന്നതാണ്. ഈ കർതൃത്വത്തെ നിരാകരിക്കുന്നതും ഇത്തരം രാഷ്ട്രീയ സംഘാടനങ്ങൾ കാമ്പസിൽ സാധ്യമാക്കിയ കൂട്ടായ പ്രക്ഷോഭങ്ങളെ തുടച്ച് നീക്കാൻ ശ്രമിക്കുന്നതും, അതിനു വേണ്ടിയുള്ള ശ്രമങ്ങളെ ‘അവസരവാദരരാഷ്ട്രീയം’ എന്ന് വിളിച്ച് കൊണ്ടുള്ള മുദ്രകുത്തലുകൾ നടത്തുന്നതും തികച്ചും നീചമായ രാഷ്ട്രീയ നവജാകരണത്തിന്റെ സൂചനയാണ്. തങ്ങളുടെ സംരക്ഷണ സ്വഭാവത്തെ ഊട്ടിയുറപ്പിക്കുന്നതിനും അധഃസ്ഥിത വിഭാഗങ്ങളുടെ കർതൃത്വത്തെയും സഖ്യങ്ങളെയും കീഴൊതുക്കാനുമുള്ള എസ് എഫ് ഐയുടെ രാഷ്‌ടീയ ശ്രമമാണ് നിലവിലെ ‘അഭിജാതനായ മുസ്ലിം അപരൻ’ പ്രയോഗയത്തിലൂടെ ആരെല്ലാം ‘പ്രതിനിധീകരിക്കപ്പെടണം’ എന്ന ആഖ്യാനത്തിലൂടെ ഉയർത്തിക്കാണിക്കാൻ ശ്രമിക്കുന്നത്.

ഈ ഇലക്ഷൻ നമ്മെ സംബന്ധിച്ചിടത്തോളം കേവലമായ പ്രതിനിധി നിർണയനം മാത്രമല്ല. മറിച്ച്, ഇവിടെയുള്ള പൊള്ളയായ മുദ്രാവാക്യങ്ങളെ തള്ളിക്കളയുന്നതിനും നമ്മിലെ തന്നെയുള്ള ദുർബല സമുദായങ്ങളെ വഞ്ചിക്കുന്ന അനുരഞ്ജനത്തിന്റെ പ്രത്യയശാസ്ത്രങ്ങളെ തുറന്ന് കാണിക്കുന്നതിനും കൂടിയുള്ളതാണ്. നമ്മൾ നില കൊള്ളുന്നത് ഇവിടെയുള്ള അധഃസ്ഥിതർക്കു വേണ്ടി സംസാരിക്കാനല്ല മറിച്ച് അവരോട് തുല്യമായ ശബ്‌ദത്തിൽ സംസാരിച്ച് കൊണ്ട്, അതിലൂടെ യഥാർത്ഥമായ ഒരു ജനാധിപത്യ കാമ്പസിനെ സാധ്യമാക്കാൻ വേണ്ടിയാണ്.

– ഫ്രറ്റേണിറ്റി മൂവ്മെൻറ്

(2)

‘ഇനിമുതൽ മുതൽ ആരും മേൽ ജാതീയരുടെ മുന്നിൽ മാനക്കേടും ദുർബലതയും കാണിക്കരുത്. അവർക്ക് വേണ്ടി നിങ്ങൾ മാറി നിൽക്കരുത്. നിങ്ങളുടെ കണ്ണുകളിൽ ഭയം നിഴലിക്കരുത്.’ – ആലി മുസ്‌ലിയാർ

അടുത്തിടെ ആലി മുസ്ലിയാരുടെ ഗ്രാഫിറ്റിക്ക് നേരെ, ‘വർഗീയ’ കൂട്ടക്കൊലയെ വാഴ്ത്തുന്നതിന് വേണ്ടിയുള്ളതാണെന്ന സ്വഭാവത്തിൽ ദുരുദ്ദേശത്തോടെയും ഇസ്‌ലാമോഫോബിക്കൽ ഉള്ളടക്കത്തോടെയും നടത്തിയ ആരോപണങ്ങൾ ചരിത്രത്തിന്റെ അമിതമായ ലഘൂകരണവും വളച്ചൊടിക്കലുമാണ്. ഈ ആഖ്യാനം നിഷ്പക്ഷമായ ചരിത്ര വിവരണമല്ലെന്ന് മാത്രമല്ല, ഇതേ ആഖ്യാനമാണ് അധിനിവേശ വിരുദ്ധവും ശക്തവുമായ ഒരു പോരാട്ടത്തെ വളച്ചൊടിക്കുന്നതിന് വേണ്ടി ബ്രിട്ടീഷ് കൊളോണിയൽ അതോറിറ്റികളും ഉപയോഗിച്ചത്. ഇന്ന് ഈ കൊളോണിയൽ നരേറ്റീവുകൾ തന്നെ ഹിന്ദുത്വ ശക്തികൾ തങ്ങളുടെ ഭിന്നിപ്പിന്റെ രാഷ്ട്രീയ അജണ്ടകൾക്ക് വേണ്ടി വിമർശനരഹിതമായി ആവർത്തിക്കുകയാണ്.

മലബാർ പ്രക്ഷോഭത്തെ മനസ്സിലാക്കണമെങ്കിൽ ഈ കൊളോണിയൽ ആഖ്യാനങ്ങൾക്കപ്പുറമുള്ള കാര്യങ്ങളിലേക്ക് നോക്കേണ്ടി വരും.ആ പോരാട്ടങ്ങൾക്ക് അടിസ്ഥാനപരമായി രണ്ട് തലമുണ്ട്.

1)അതൊരു കോളനി വിരുദ്ധ പോരാട്ടമായിരുന്നു
2)അതൊരു ജാതി വിരുദ്ധവും, ഫ്യൂഡൽ വിരുദ്ധവും മേൽ ജാതികൾക്ക് മേൽക്കയ്യുണ്ടായിരുന്ന ചൂഷണകേന്ദ്രീകൃതവുമായ ജന്മിത്ത ഘടനക്കെതിരായതുമായ പോരാട്ടമായിരുന്നു.

 

ആലി മുസ്ലിയാർ

ആലി മുസ്ലിയാരെ പോലെയുള്ളവരുടെ നേതൃത്വത്തിലുള്ള ആ പോരാട്ടങ്ങൾ, അടിച്ചമർത്തപ്പെട്ട കർഷക, കുടിയാൻ, തൊഴിലാളി വർഗങ്ങളുടെ വിമോചനത്തിന് വേണ്ടിയായിരുന്നു. അവിടെ ഉണ്ടായിരുന്ന അധഃസ്ഥിതരായ ജനസമൂഹത്തെ ഒരുമിപ്പിച്ച ഒരു സമരം കൂടിയായിരുന്നു അത്. ചരിത്ര രേഖകൾ പറയുന്നത് പ്രകാരം, തങ്ങളുടെ പൊതു ശത്രുവായ ചൂഷക ബ്രിട്ടീഷ്-രാജിനും മേലാള ഭൂവുടമകൾക്കുമെതിരെ, മുസ്ലിംകളും കീഴാളരും അടങ്ങുന്ന പതിനായിരക്കണക്കിന് കർഷകരും തൊഴിലാളികളും അണിനിരന്ന പോരാട്ടമായിരുന്നു അത്. ഈ പോരാട്ടത്തിലെ കീഴാള കർതൃത്വത്തെ മായ്ക്കാനുള്ള ശ്രമമാണ് അവരെ ഇരകളാക്കി ചിത്രീകരിക്കുന്ന തികഞ്ഞ അനീതിയിലൂടെ നടക്കുന്നത്. ഗാന്ധിയെ പോലെയുള്ള ദേശീയ നേതാക്കളുടെ വിമർശനങ്ങൾ ഉണ്ടാവുന്ന സാഹചര്യങ്ങൾ വ്യക്തമാക്കേണ്ടത് പ്രധാനമാണ്. ഗാന്ധിയടക്കമുള്ള കോൺഗ്രസ്സുകാർ നിസ്സഹകരണ പ്രസ്ഥാനത്തിനും ഖിലാഫത്ത് സമരത്തിനും വേണ്ടി മാപ്പിളമാരെ സംഘടിപ്പിച്ചിരുന്നു. അഹിംസ പരാജയപ്പെടുന്നിടത്ത് മുസ്ലികൾ അവരുടെ വിശ്വാസത്തിലൂന്നിയുള്ള പോരാട്ടങ്ങൾ സാധ്യമാക്കാൻ നിർബന്ധിതരാണെന്ന് ഗാന്ധി സ്വയം തന്നെ പറഞ്ഞതായി കാണാവുന്നതാണ്.

എന്നിരുന്നാലും മാപ്പിള സമൂഹം തീവ്രമായ ബ്രിട്ടീഷ് ഹിംസയെ സായുധമായി നേരിടാൻ തുനിഞ്ഞപ്പോൾ ദേശീയ നേതാക്കൾ അവരെ കയ്യൊഴിയുകയാണുണ്ടായത്. പിന്നീട് വിദൂരതയിൽ നിന്ന് രൂപപ്പെട്ട വിമർശനങ്ങൾ, അവർ തന്നെ എരിയിട്ട് കൊടുക്കുകയും പിന്നീട് അവരുടെ കയ്യിൽ നിൽക്കാതിരിക്കുകയും ചെയ്ത ആ സമരത്തെ കൈവെടിയാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു. ഈ കയ്യൊഴിയൽ യഥാർത്ഥത്തിൽ, പ്രക്ഷോഭത്തോട് മാത്രമല്ല മലബാറിലെ അടിസ്ഥാന വിഭാഗങ്ങളിൽ നിന്ന് ഉരുവം കൊണ്ട കോളനി വിരുദ്ധ മുന്നേറ്റങ്ങളോടു തന്നെയുള്ള വലിയ വഞ്ചനയാണ്.

ഹിന്ദുത്വ ഫാഷിസ്റ്റുകൾ അംബേദ്‌കറിന്റെ വിമർശനങ്ങളെ ആയുധമാക്കി പ്രത്യേകം ഉപയോഗിക്കുന്നത് അദ്ദേഹത്തിന്റെ പൂർണമായ ജീവിത ദൗത്യത്തോടുള്ള വഞ്ചനാത്മകമായ നിലപാടാണ്. ജാതി നിർമൂലനമായിരുന്നു അദ്ദേഹത്തിൻറെ പ്രധാന ദൗത്യം. മലബാർ പ്രക്ഷോഭത്തിന്റെ അടിസ്ഥാന ലക്ഷ്യം തന്നെ അവിടെ ഉണ്ടായിരുന്ന ക്രൂരമായ ജാതികേന്ദ്രീകൃത ജന്മിത്ത വ്യവസ്ഥക്കെതിരെ പോരാടുക എന്നതായിരുന്നു. ആലി മുസ്ലിയാരെ ‘മതഭ്രാന്ത’നായി ചിത്രീകരിക്കാനുള്ള ഹിന്ദുത്വയുടെയും നൈതികതയില്ലാത്ത കപട ഇടത് ബുദ്ധിജീവികളുടെയും ശ്രമങ്ങൾ, അടിച്ചമർത്തപ്പെടുന്ന സ്വത്വങ്ങൾക്കിടയിലുള്ള ജൈവികമായ ഐക്യപ്പെടലുകളെ അസാധുവാക്കുന്നതിനും ജാതി വിരുദ്ധ പ്രക്ഷോഭങ്ങളെ അപകീർത്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ള ഉദ്ദേശ്യത്തിലാണെന്ന് ഒരു നിബന്ധനകളും ഇല്ലാതെ പറയാൻ കഴിയും. ബാബാസാഹേബിന്റെ ഓർമകളെ ഒരു ജാതി വിരുദ്ധമായ സമരത്തിന് വേണ്ടി ഉപയോഗിച്ചു എന്നുള്ളതല്ല അദ്ദേഹത്തോട് ചെയ്ത അനീതി. ചൂഷകരുടെ ചരിത്ര ആഖ്യാനത്തെ പ്രതിരോധിക്കാൻ അദ്ദേഹത്തിന്റെ നാമത്തെ ഉപയോഗിച്ചു എന്നതാണ് അദ്ദേഹത്തോട് ചെയ്ത യഥാർത്ഥ വഞ്ചന. അടിച്ചമർത്തപ്പെടുന്നവരും അധഃസ്ഥിത സമുദായങ്ങളും മുസ്ലിംകളും ബഹുജനങ്ങളും ഒന്നിച്ചണിനിരന്ന ജന്മിത്തമ്പുരാക്കൾക്കെതിരായ സമര പാരമ്പര്യത്തെ മായ്ക്കാൻ ശ്രമിക്കലാണ് ബഹുജൻ ചരിത്രത്തോട് ചെയ്യുന്ന ഏറ്റവും വലിയ അനീതി. നിലവിലെ സാഹചര്യത്തിലെ മാപ്പിള സമൂഹങ്ങളെ ‘മതഭ്രാന്തരാ’ക്കുന്ന കൊളോണിയൽ ചരിത്ര നിർമിതികളെ വെല്ലുവിളിക്കുക എന്നത് പ്രസക്തമാണ്. അന്ധമായ മതാന്ധതയായിരുന്നില്ല അവരുടെ വിശ്വാസത്തിന്റെ തേട്ടം മറിച്ച് അവരുടെ പോരാട്ടത്തിനുള്ള വിശ്വാസപരവും ആത്മീയവുമായ പ്രചോദനത്തിന്റെ പ്രധാന കാരണം അവരുടെ വിശ്വാസമായിരുന്നു. മാപ്പിള സമൂഹത്തിന്റെ ഇസ്‌ലാമിക വിശ്വാസം വിമോചനത്തിന് ശക്തമായ ആശയാടിത്തറകൾ അവർക്ക് പകർന്ന് നൽകിയതായി കാണാവുന്നതാണ്. ഈ ദൈവശാസ്ത്രമാണ് ചൂഷിതർക്ക് വേണ്ടി എഴുന്നേറ്റ് നിൽക്കാനും ചൂഷകർക്കെതിരെ പ്രതിരോധം തീർക്കാനും അവർക്ക് പ്രചോദനമായത്. യാഥാർത്ഥ ഉടമാവകാശം ദൈവത്തിന് മാത്രമാണെന്നും അവനല്ലാതെയുള്ള മനുഷ്യർക്ക്, അത് ബ്രിട്ടിഷുകാരോ ഭൂവുടമകളോ ആവട്ടെ, ആ ഉടമാവകാശം അനുവദിച്ച് കൊടുക്കേണ്ടെന്ന് അവരെ പഠിപ്പിച്ചതും ഇതേ ദർശനമാണ്. പ്രക്ഷോഭത്തിന്റെ പാതയിൽ ജീവൻ അർപ്പിക്കാൻ മാപ്പിളമാർക്ക് പ്രചോദനമായത് ഇതിന്റെ നീതിയുക്തമായ ആത്മീയ മൂല്യങ്ങളാണ്. അത്കൊണ്ട് തന്നെ കൊളോണിയൽ അപമാനവ-വൽക്കരണത്തിനും ജാതി കേന്ദ്രീകൃത ചൂഷണത്തിനും എതിരായ മുസ്ലിം രാഷ്ട്രീയ സ്വത്വത്തിന്റെയും മനുഷ്യന്റെ അന്തസ്സിന്റെയും ശക്തമായ ഒരു അവകാശ നിർധാരണമായിരുന്നു മാപ്പിള പ്രക്ഷോഭം. ഇത് ഒരു ഒറ്റപ്പെട്ട സമരമായിരുന്നില്ല മറിച്ച് പതിനാറാം നൂറ്റാണ്ടു മുതൽ തുടർന്ന് വരുന്ന കോളോണിയൽ ശക്തികൾക്കും ക്രൂരരായ പ്രഭുക്കൾക്കും എതിരായ നൂറ്റാണ്ടുകൾ നീണ്ടുനിന്ന പ്രക്ഷോഭത്തിന്റെ തുടർച്ചയായിരുന്നു. ഈ ചരിത്രത്തെ അവഗണിക്കുക എന്നുള്ളത് ഇന്ത്യൻ മുസ്ലിംകളുടെ സ്വാതന്ത്ര്യ സമരത്തിലെ തന്നെ ഒഴിച്ച് കൂടാനാവാത്തവണ്ണമുള്ള അടിസ്ഥാനപരമായ പങ്കിനെ നിരാകരിക്കലാണ്.
അതുകൊണ്ട്തന്നെ മലബാർ പ്രക്ഷോഭത്തെയോ ആലി മുസ്ലിയാരെയോ ഓർക്കുക എന്നുള്ളത് ഹിംസയെ മഹത്വപ്പെടുത്തലല്ല, മറിച്ച് അധികാര ശക്തികൾ നമ്മളെ കൊണ്ട് മറപ്പിക്കാൻ ശ്രമിക്കുന്നവയെ ഓർമിച്ച് കൊണ്ടിരിക്കുക എന്ന രാഷ്ട്രീയ പ്രവർത്തനമാണത്. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ മുസ്‌ലിംകളുടെ ഒഴിച്ച്കൂടാനാവാത്ത പങ്കിനെ ഉയർത്തിക്കാണിക്കുക മാത്രമല്ല അത് ചെയ്യുന്നത്, ഇന്ത്യയിലെ തന്നെ ജാതിവിരുദ്ധവും കോളനി വിരുദ്ധവുമായ വളരെ പ്രധാനപ്പെട്ട ഒരു പോരാട്ടത്തോടുള്ള നമ്മുടെ ആദരസൂചന കൂടിയാണ്. ഈ പോരാട്ടത്തെ ഓർക്കുക എന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിനും അവരുടെ ചരിത്ര വക്രീകരണത്തിനും എതിരെ എഴുന്നേറ്റു നിൽക്കുക എന്നതാണ്. അന്യോന്യമുള്ള ഈ പ്രതിരോധ പാരമ്പര്യത്തെ ആദരിക്കുക എന്നുള്ളതാണത്. ആലി മുസ്ലിയാരുടെ ഗ്രാഫിറ്റി, വർഗീയ വിദ്വേഷത്തിന്റെ അടയാളമല്ല മറിച്ച് അടിച്ചർമർത്തലിനെതിരായ ശക്തമായ ഒരു ഐക്യനിരയുടെ ഓർമപ്പെടുത്തലാണ്.

– ഫ്രറ്റേണിറ്റി മൂവ്മെൻറ്

(3)

ക്വിയർ വിമോചനമോ, പൊതിഞ്ഞ് കെട്ടിയ ഇസ്‌ലാമോഫോബിയയോ – ‘പിങ്ക് വാഷിങ്ങി’ന്റെ രാഷ്ട്രീയം

‘പിങ്ക് വാഷിങ്’ എന്നത് ക്വിയർ വിമോചനത്തിന്റെ പേരിൽ മനുഷ്യാവകാശ നിരാസനകളെ ന്യായീകരിക്കാൻ ഫാഷിസ്റ്റുക;ൾ പൊതുവായി ഉപയോഗിക്കുന്ന ഒരു തന്ത്രത്തിന്റെ പേരാണ്. ക്വിയർ കമ്യൂണിറ്റിയുടെ ഉന്നമനത്തിനെ സവിശേഷമായി ഉയർത്തിക്കാട്ടി ലോകത്തിലെ പല ഭാഗത്തുമുള്ള അധഃസ്ഥിതരാക്കപ്പെട്ട മുസ്ലിം സമൂഹത്തെ പ്രത്യേകം ലക്ഷ്യമിടുന്നതിന് ഇത് ഉപയോഗിച്ച് വരുന്നുണ്ട്. കാശ്മീരിൽ ഹിംസാത്മകമായ സൈനിക ഇടപെടലോടെ അന്യായമായി ആർട്ടിക്കിൾ 370 പിൻവലിച്ചപ്പോൾ ക്വിയർ സമൂഹത്തിന്റെ വളർച്ചയെ മുൻനിർത്തിയുള്ള ആഖ്യാനങ്ങൾ ഉയർത്തിയാണ് അവർ തങ്ങളെ ന്യായീകരിച്ചത്. യാഥാർത്ഥത്തിൽ പ്രസ്തുത നടപടി ക്വിയർ കമ്മ്യൂണിറ്റിയുടെ സാഹചര്യങ്ങളെ കൂടുതൽ ദുസ്സഹമാക്കുകയാണ് ചെയ്തത്. ‘ഖ്വാജ സീറകൾ’ അല്ലെങ്കിൽ കശ്മീരിലെ ക്വിയർ കമ്മ്യുണിറ്റികൾ ആർട്ടിക്കിൾ 370 ന്റെ പിൻവലിക്കലിന് ശേഷം വലിയ അർത്ഥതത്തിലുള്ള പീഡനങ്ങൾക്ക് വിധേയമായിട്ടുണ്ട്. അമേരിക്കയും സമാനമായി ക്വിയർ അവകാശങ്ങൾ ഉന്നയിച്ചാണ് ലക്ഷക്കണക്കിന് ആളുകളെ പശ്ചിമേഷ്യയിൽ വധിക്കാൻ കാരണമായ ഭീകര വിരുദ്ധ യുദ്ധത്തിന് ന്യായംപറഞ്ഞത്. ഇതേ ക്വിയർ വിമോചന ന്യായീകരണം തന്നെയാണ് ഫലസ്തീനിലെ വംശീയ വിവേചനങ്ങൾക്കും ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന വംശഹത്യക്കും ഇസ്രായേൽ ഉയർത്തുന്ന പ്രതിരോധം.

ബ്രാഹ്മണിക്കൽ സ്റ്റേറ്റ് ശക്തികൾ കാര്യമായ അർത്ഥത്തിൽ മുസ്‌ലിംകളെ ലക്ഷ്യമിടുന്ന ഈ സാഹചര്യത്തിൽ പോലും, മുസ്ലിം രാഷ്ട്രീയ കർതൃത്വത്തെയും അവരുടെ പ്രാതിനിധ്യത്തെയും നിരാകരിക്കുന്നതിന് ഇത്തരം ശക്തികളെ പ്രതിരോധിക്കുന്നവർ എന്ന് പറയുന്ന പുരോഗമന സഖ്യങ്ങൾ നവ ലിബറൽ ഫാഷിസ്റ്റുകളെ പോലെ ഇതേ ഭാഷയാണ് ഉപയോഗിക്കുന്നത് എന്നതാണ് വിരോധാഭാസം. മതന്യുനപക്ഷങ്ങളെ ഉന്മൂലനം ചെയ്യുന്ന അതേ നിർമ്മിത ഭയം തന്നെയാണ് ജനാധിപത്യത്തിനെതിരാകുന്ന വിധം ക്വിയർ സമൂഹത്തിന്റെ തന്നെ വിമോചനത്തിന് വിപിരീത ഫലം ചെയ്യുന്നതും. കാരണം മുസ്‌ലിംകൾക്കെതിരെ നിഷേധാത്മക നിലപാടെടുക്കുന്ന അതേ ശക്തികൾ തന്നെയാണ് ക്വിയർ വിഭാഗത്തിനെതിരെ സമാനമായ രാഷ്ട്രീയം പയറ്റുന്നത്.
നർമപ്രധാനമായ കാര്യമെന്തെന്നാൽ ക്വിയർ വിരുദ്ധമെന്ന് ആരോപണ വിധേയമായ സംഘടന തന്നെയാണ് കഴിഞ്ഞ പതിറ്റാണ്ടിൽ ജാതി വിരുദ്ധ ക്വിയർ രാഷ്രീയത്തിൽ കാര്യമായ ക്വിയർ പ്രാതിനിധ്യവുമായി സജീവമായി ഇടപ്പെട്ടതും ക്വിയർ നേതാക്കളുണ്ടായിരുന്നതും ആദ്യത്തെ ക്വിയർ യൂണിയൻ പ്രസിഡന്റ് എന്നത് സാധ്യമാക്കിയതും ആദ്യ ട്രാൻസ്‍ജെൻഡർ ഐ സി സി – ജി എസ് സി എ എസ് എച് പ്രതിനിധിയെ സാധ്യമാക്കിയതും ട്രാൻസ്‍ജെൻഡർ കമ്മിറ്റിക്ക് മുമ്പാകെ കാമ്പസിലെ ട്രാൻസ്‍ജെൻഡറുകളുടെ അവകാശങ്ങൾ ഉറപ്പ് വരുത്തുന്നതിനുള്ള 10 പേജടങ്ങുന്ന നയരേഖ സമർപ്പിച്ചതും എന്ന് കാണാവുന്നതാണ്..

‘യൂണിവേഴ്‌സിറ്റിയിലെ ആദ്യ ട്രാൻസ്‍ജെൻഡർ വ്യക്തി എന്ന നിലയിൽ തെലങ്കാന ഹിജഡ ട്രാൻസ്‍ജെൻഡർ സമിതിയിലെ എന്റെ ഹിജഡ സഹോദരിമാർക്കും ട്രാൻസ്‍ജെൻഡർ കുടുംബത്തിനും ഒപ്പം ട്രാൻസ്‍ജെൻഡർ ആത്മാഭിമാനം ഉയർത്തുന്നതിന് വേണ്ടി ആദ്യ സ്വാഭിമാന സഭ രൂപീകരിക്കാൻ ശ്രമിച്ചപ്പോൾ നിങ്ങളായിരുന്നു ആദ്യമായി എന്നെ സമീപിച്ചത്. ട്രാൻസ്‍ജെൻഡറുകളുടെ ആത്മാഭിമാനത്തിന് വേണ്ടിയുള്ള ആദ്യ പോസ്റ്ററുകൾക്ക് പിന്നിലെ പ്രവർത്തനങ്ങൾ സാധ്യമായതും നിങ്ങൾ കാരണമാണ്. അത് പുറത്ത് വിട്ടത് അംബേദ്‌കർ സ്റ്റുഡന്റ്സ് അസോസിയേഷൻ ആയിരുന്നു. ആ പോസ്റ്റർ വിശദമായ വിവരണം ഉൾക്കൊണ്ടതായിരുന്നു. ഒരുപക്ഷെ, ഒരു സഖ്യകക്ഷി ഇത്ര കൃത്യമായ പാതയിൽ പോസ്റ്ററിനെ രൂപപ്പെടുത്തിയത് അപൂർവമായിരിക്കും. പിന്നീട് എനിക്ക് മനസിലായി അത് ഒരുപാട് ദിവസമെടുത്ത് വായിക്കേണ്ടതാണെന്ന്’.

(കാർത്തിക് ബിട്ടു കൊണ്ടയാഹ് (2016) ഇന്ത്യ കത്തുമ്പോൾ: രോഹിത് വെമുലക്ക് ട്രാൻസ്‍ജെൻഡർ സുഹൃത്തിൽ നിന്നുള്ള കത്ത്.)

Karthik Bittu Kondaiah

അത്കൊണ്ട് ഇത്തരം ആരോപണങ്ങൾ ജാതി വിരുദ്ധ ക്വിയർ രാഷ്ട്രീയത്തിന്റെ പാരമ്പര്യത്തെ നിരാകരിക്കലല്ല. മറിച്ച് മുസ്ലിം ശബ്ദങ്ങളെ പുറം തള്ളുന്നതിനും അവർക്കെതിരെയുള്ള രാഷ്ട്രത്തിന്റെ ഉന്മൂലന ശ്രമങ്ങളെ ന്യായീകരിക്കുന്നതിനും വേണ്ടി പുരോഗമനകാരികൾ എന്ന് പറയപ്പെടുന്നവർ ഉപയോഗിക്കുന്ന ‘പിങ്ക് വാഷിങ്’ വാചാടോപങ്ങളാണെന്ന ഉറപ്പിച്ചുപറയലാണ്.

അതേസമയം അവർ നമ്മെ ക്വിയർ രാഷ്രീയത്തെ കുറിച്ച് പഠിപ്പിക്കാൻ വരുമ്പോൾ അവരുടെ കാപട്യം മറച്ച് വെക്കപ്പെടുന്നില്ല. വാട്സപ്പ് ഗ്രൂപ്പുകളിൽ തുടർച്ചയായി പങ്ക് വെക്കപ്പെടുന്ന ഹോമോഫോബിക്കും ജാതീയവുമായ ആരോപണങ്ങളുടെ കാര്യത്തിൽ പുരോഗമന ഇടത് പക്ഷവും വലതുപക്ഷ ഹിന്ദുത്വയും തമ്മിൽ വ്യത്യസ്തപ്പെടുത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്. ആശയപ്രചാരണം ഹാനികരമായ ഒന്നാണോ, ഹോമോഫോബിക്കായ വാദങ്ങൾ ഉന്നയിച്ച് ക്വിയർ വ്യക്തികളെ വേട്ടക്കാരെന്ന വണ്ണം ചിത്രീകരിക്കുന്നതാണോ കാമ്പസിൽ ചെയ്യാവുന്ന യഥാർത്ഥ ക്വിയർ രാഷ്ട്രീയം. അതോ ക്വിയർ സമൂഹത്തതോട് നിരന്തരമായി ഇടപെട്ടുകൊണ്ട് അവരുടെ അടിസ്ഥാന അവകാശങ്ങളായ താമസ സൗകര്യത്തിനും വാഷ്‌റൂമിനും ആരോഗ്യ സംവിധാനങ്ങൾക്കും സംവരണത്തിനും സാമൂഹ്യ പരിഗണനകൾക്കും വേണ്ടി പോരാടുന്നതോ.

‘നീ മരിച്ച് ഒരു കൊല്ലം പിന്നിട്ട് നിന്റെ വിയോഗ ദുഃഖത്തിൽ ഞങ്ങൾ പരിതപിച്ച അതേ സമയം തന്നെയാണ് പ്രവല്ലിക എന്ന ട്രാൻസ് വുമണിനെ ഒരാൾ കൊലപ്പെടുത്തിയത്. അതും ട്രാൻസ് വുമൺ ആയ മുപ്പതോളം പേരെ കല്ലുകൊണ്ടും ബ്ലേഡ് കൊണ്ടും ഉപദ്രവിച്ച ഒരാൾ. നീ കാണിച്ച് തന്നത് പോലെ, അനീതി അത്ര മാരകമല്ലെങ്കിൽ വ്യവസ്ഥ നീതിയിലേക്ക് നീങ്ങുകയില്ല എന്ന് ഞങ്ങൾക്ക് അറിയാം. ആ അക്രമങ്ങളിലെ ഏതെങ്കിലും ഒന്നിൽ അറസ്റ് ഉണ്ടായിരുന്നെങ്കിൽ പ്രവല്ലികയുടെ കൊലപാതകം തടയാമായിരുന്നു. നമ്മുടെ ശ്രദ്ധയുടെ കാലയളവുകൾ രക്തദാഹമുള്ളവയാണ്. സമൂഹത്തിന് പ്രവചനാതീതമായി പ്രവർത്തിക്കാൻ മരിച്ച ശരീരങ്ങൾ ആവശ്യമാണ്. ഈ പ്രവചനാതീതമായ അവസ്ഥണ് സമൂഹത്തെ പിടിച്ച് കുലുക്കുന്നത്. താത്കാലികമായെങ്കിലും ഉത്തരവാദിയാക്കാൻ (Accountable) ഉള്ള ശേഷി അതിനുണ്ട്. ഘടനാപരമായ മാറ്റമാണ് ഏറെ പ്രായാസം നിറഞ്ഞത്. യൂണിവേഴ്സിറ്റികളെ അനുശീലരായ റോബോട്ടു നിർമാണ കേന്ദ്രങ്ങളാക്കുകയല്ല മറിച്ച് പഠനത്തിന്റെയും ചോദ്യം ചെയ്യലിന്റെയും ഇടങ്ങളാക്കി അതിനെ മാറ്റിയെടുക്കുക എന്നതാണ്.’

(കാർത്തിക് ബിട്ടു കൊണ്ടയാഹ് (2016) ഇന്ത്യ കത്തുമ്പോൾ: രോഹിത് വെമുലക്ക് ട്രാൻസ്‍ജെൻഡർ സുഹൃത്തിൽ നിന്നുള്ള കത്ത്.)

മുസ്ലിം വിരുദ്ധ വിദ്വേഷ അക്രമങ്ങളും രൂക്ഷമായ ഇസ്ലാമോഫോബിയയും സാമൂഹിക നീതിയുടെയും ഉൾക്കൊള്ളലിന്റെയും പരിമിതമായ മനസിലാക്കലുകളുടെയും സാഹചര്യത്തിലാണ് മുസ്‌ലിം സംഘടനകൾ ക്വിയർ സമൂഹങ്ങളുടെ രാഷ്ട്രീയ അവകാശങ്ങൾക്കൊപ്പം നിൽക്കാത്തവരാണെന്നും അതിനാൽ അവർക്ക് അധികാരത്തിലെ നീതിയുക്തമായ പങ്ക് നൽകേണ്ടതില്ലെന്നും പറയുന്നത്. ഈ യൂണിവേഴ്‌സിറ്റിയിലെ സ്വയം പ്രഖ്യാപിത പുരോഗമന സംരക്ഷകർ ഉൾക്കൊള്ളലിന്റെ രാഷ്ട്രീയത്തെ കുറിച്ചുള്ള അവരുടെ ധാരണകളെ വീണ്ടുവിചാരണക്ക് വിധേയമാക്കേണ്ടതുണ്ട്. ഒരു സാമൂഹ്യ ജനവിഭാഗത്തെ ഉൾകൊള്ളുകയും മറ്റൊരു കൂട്ടത്തെ തള്ളിക്കളയും ചെയ്യുന്നിടത്ത് സാമൂഹിക നീതിയുടെ അടിസ്ഥാന ആശയങ്ങൾക്ക് നിലനിൽക്കാൻ സാധിക്കില്ല. ബാബാസാഹേബ് അംബേദ്‌കർ സൂചിപ്പിച്ച പോലെ : ‘സാമൂഹിക ജനാധിപത്യം കൊണ്ടർത്ഥമാക്കുന്നതെന്താണ്? സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ജീവിതത്തിന്റെ അടിസ്ഥാന ദർശനങ്ങളായി തിരിച്ചറിഞ്ഞ് കൊണ്ടുള്ള ജീവിതരീതിയാണത്’. ക്യാമ്പസിലെ LGBTQIA+ സമൂഹം തീരുമാനിക്കണം ആരാണ് തങ്ങളെ പ്രതിനിധീകരിക്കേണ്ടത് എന്ന്. ക്വിയർ വിമോചനം എന്ന ആശയം തന്നെ നിയോലിബറൽ ഫാഷിസ്റ്റുകൾ ഉപയോഗിക്കുന്ന അതെ ഭാഷയിൽ ഉപയോഗിക്കുകയും അതിലൂടെ മറ്റു അധഃസ്ഥിത വിഭാഗങ്ങളെ ഉന്മൂലനം ചെയ്യൽ ആവശ്യമായി കൊണ്ട് നടക്കുന്ന ഒരു സഖ്യമാണോ അതല്ല സാമൂഹിക ജനാധിപത്യത്തിന്റെയും സാമൂഹിക നീതിയുടെയും മൂല്യങ്ങളെ മുറുകെപ്പിടിക്കുകയും ജാതിവിരുദ്ധ ക്വിയർ രാഷ്ട്രീയത്തിൽ കഴിഞ്ഞ പതിറ്റാണ്ടിലുടനീളം സജീവമായി ഇടപെടുകയും ചെയ്ത സഖ്യമാണോ എന്നത്.

– എ എസ് എ – എ ഐ എസ് എ – ഫ്രറ്റേണിറ്റി – എം എസ് എഫ്

വിവർത്തനം : സഈദ് റഹ്മാൻ