Campus Alive

അക്രമിക്കപ്പെടുന്ന മുസ്ലിം സര്‍വ്വകലാശാലകള്‍: മറ്റെങ്ങുമില്ലാത്ത പോരാട്ടങ്ങള്‍

ഇന്ത്യയിലെ അക്കാദമിക സ്വാതന്ത്ര്യത്തെയും ക്യാമ്പസ് ജനാധിപത്യത്തെയും കുറിച്ച് സംസാരിക്കുമ്പോള്‍, പൊതുവായ സ്വഭാവത്തിലുള്ള- ഏറെക്കുറെ ബൃഹത്-ആഖ്യാനമായി മാറിയ ഒരു സമീപനം സാധാരണയായി കണ്ടുവരുന്നുണ്ട്: സര്‍വ്വകലാശാലകള്‍ അക്രമിക്കപ്പെടുന്നു, ഉന്നതവിദ്യാഭ്യാസം പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു, എന്നെല്ലാമാണത്. എന്നാല്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ ആഴത്തിലുള്ള മറ്റൊരു യാഥാര്‍ഥ്യം ഈ പൊതുവായ കാഴ്ച്ചപ്പാടിനകത്ത് മറഞ്ഞുകിടക്കുന്നതായി കാണാം; അഥവാ എല്ലാ സര്‍വ്വകലാശാലകളും ഒരേ തരത്തിലുള്ള ഭീഷണികളെയല്ല അഭിമുഖീകരിക്കുന്നത്. പ്രത്യേകിച്ചും ‘മുസ്ലിം’ സ്വഭാവമുള്ള സ്ഥാപനങ്ങള്‍ തങ്ങളുടെ പരമാധികാരത്തിനുമേലുള്ള വ്യവസ്ഥാപിതമായ, രാഷ്ട്രീയമായി ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ള അതിക്രമങ്ങളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നുണ്ട്. ബി.ജെ.പി ശക്തിപ്രാപിച്ചതും അതോടൊപ്പമുണ്ടായി വന്നിട്ടുള്ള രാഷ്ട്രീയ മാറ്റങ്ങളും ഈ അതിക്രമങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ടെങ്കിലും അതിന് മുമ്പുതന്നെ ആരംഭം കുറിച്ചിട്ടുള്ളതാണത്.

അലീഗഡും ജാമിയയും

‘മുസ്ലിം’ ഭാവുകത്വമുള്ള സര്‍വ്വകലാശാലകള്‍, പ്രത്യേകിച്ചും അലീഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയും ജാമിഅ മില്ലിയ ഇസ്ലാമിയയും ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവുമായി നൂറുവര്‍ഷത്തിലധികമായ, മഹത്തായ പാരമ്പര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഒരുപാട് തലമുറകളില്‍ പെട്ട മുസ്ലിംകളെ വിദ്യാസമ്പന്നരാക്കുന്നതില്‍ അവ അനിഷേധ്യമായ പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്. സാമാന്യമായ ‘ദേശ-നിര്‍മാണം’ എന്നതിനപ്പുറത്തേക്കുകൂടി പ്രാധാന്യമുള്ള സ്ഥാപനങ്ങളാണവ. മുസ്ലിം സമുദായത്തിനിടയില്‍ ജൈവികമായ(Organic) നേതൃത്വത്തെ വാര്‍ത്തെടുക്കുന്നതില്‍ ഈ സ്ഥാപനങ്ങള്‍ ചരിത്രപരമായ പങ്ക് വഹിക്കുന്നു. സ്വാതന്ത്ര്യപൂര്‍വ്വ സമരങ്ങള്‍ മുതല്‍ ഇന്ത്യന്‍ സ്റ്റേറ്റ് രൂപീകരണമടക്കം ഇന്ത്യയിലെ മുസ്ലിംകളുമായി ബന്ധപ്പെട്ട എല്ലാ വ്യവഹാരങ്ങളും ഈ കലാലയങ്ങളുമായി കൂടി ബന്ധപ്പെട്ടതാണ്.

ഈ സ്ഥാപനങ്ങള്‍ നടത്തിയ ചരിത്രപരമായ സംഭാവനകള്‍ ഒരുഭാഗത്ത് ഉണ്ടായിരിക്കേ തന്നെ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ളതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ സമീപനമാണ് ഭരണകൂടം ഇവയോട് കാണിക്കുന്നത്. രാജ്യത്താകമാനം പല വിദ്യാഭ്യാസ സ്ഥാപനങ്ങളും പുരോഗമിക്കുകയും ആഗോള-അംഗീകാരം ലക്ഷ്യം വെച്ച് വികാസം പ്രാപിക്കുകയും ചെയ്യുമ്പോള്‍ അലീഗഢും ജാമിഅയും മുസ്ലിം തീവ്രവാദത്തിന്റെ കേന്ദ്രങ്ങളായി നിരന്തരം മുദ്രകുത്തപ്പെടുന്നു. രാഷ്ട്രഭരണം ആരുടെ കൈകളിലാണെങ്കിലും, ഈ സ്ഥാപനങ്ങള്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലും അധികാരത്തിലും തുടരുന്നു.

ഇന്ത്യയിലെ മുസ്ലിം സ്വഭാവമുള്ള ചുരുക്കം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്ന നിലക്ക് തങ്ങളുടെ ദൈനംദിന യാഥാര്‍ഥ്യങ്ങളെയും ചരിത്രപരമായ അസ്തിത്വത്തെയും കുറിച്ച് മുസ്ലിം വിദ്യാര്‍ഥികള്‍ സംവദിക്കുന്ന സുപ്രധാന കേന്ദ്രങ്ങളായി ഈ സ്ഥാപനങ്ങൾ മാറുന്നതായി കാണാം. തങ്ങളുടെ സമുദായത്തിനുമേലുള്ള ഭരണകൂടത്തിന്റെ വ്യവസ്ഥാപിതമായ വിവേചനത്തെയും അരികുവത്കരണത്തെയും അവര്‍ പ്രശ്‌നവത്കരിക്കുന്നു. കൂടാതെ, മുസ്ലിംകളെ ആശങ്കയോടും മുന്‍വിധികളോടും കൂടി നോക്കിക്കാണുന്ന ആഗോള ആഖ്യാനങ്ങളെ അവര്‍ വെല്ലുവിളിക്കുന്നു. ഇത്തരം ഇടങ്ങളില്‍, മുസ്ലിം വിദ്യാര്‍ഥികള്‍ തങ്ങളുടേതായ വ്യവഹാരങ്ങള്‍ നിര്‍മിക്കുകയും, അനുഭവങ്ങളെ ആവിഷ്‌കരിക്കുകയും, സ്വത്വത്തോടൊപ്പം വിശ്വാസത്തെയും മുറുകെ പിടിക്കുകയും ചെയ്യുന്നു. സ്വാഭാവികമായും ഇത് ഇന്ത്യന്‍ സ്റ്റേറ്റിനെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. രാജ്യത്തെ പ്രമുഖ കേന്ദ്ര സര്‍വ്വകലാശാലകളില്‍ പഠിക്കുന്ന മുസ്ലിം വിദ്യാര്‍ഥികള്‍ തങ്ങളുടെ സ്വന്തം ആഖ്യാനങ്ങള്‍ നിര്‍മ്മിക്കുകയും തങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട വാര്‍പ്പുമാതൃകകളെ ചെറുക്കുകയും ചെയ്യുന്നത് പലരെയും അസ്വസ്ഥപ്പെടുത്തുന്നതായി കാണാം. ചരിത്രം പരിശോധിക്കുമ്പോള്‍, സ്വാതന്ത്ര്യത്തിന് തൊട്ടുടനെ തന്നെ അലീഗഢിന്റെയും ജാമിഅയുടെയും ‘മുസ്ലിം’ ഭാവുകത്വം ചോദ്യം ചെയ്യപ്പെട്ടതായി കാണാം. അതോടൊപ്പം തന്നെ എ.എം.യു വിന്റെ ‘ദേശസാത്കരണത്തെ’ കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരുന്നു. എന്നാല്‍ ബനാറസ് ഹിന്ദു സര്‍വ്വകലാശാല പോലുള്ള മറ്റു കലാലയങ്ങളെ കുറിച്ച് അത്തരം ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്നിരുന്നില്ല. ഇന്നും ഈ സ്ഥാപനങ്ങളുടെ ന്യൂനപക്ഷ പദവി എന്നത് നിയമ-രാഷ്ട്രീയ മണ്ഡലങ്ങളിലെ തര്‍ക്കവിഷയമായി തുടരുന്നു.

തീവൃവാദത്തിന്റെ കേന്ദ്രങ്ങളായി മുദ്രകുത്തുന്നതോടെ ഈ സ്ഥാപനങ്ങള്‍ക്കുമേല്‍ തങ്ങള്‍ നടത്തുന്ന നേരിട്ടുള്ള ഇടപെടലുകളെ ‘ന്യായീകരിക്കാന്‍’ ഭരണകൂടത്തിന് എളുപ്പം സാധിക്കുന്നു. കഴിഞ്ഞ കാലങ്ങളില്‍ തീവ്രവാദവുമായി ബന്ധപ്പെട്ട പല വ്യാജ കേസുകളിലും നിരവധി വിദ്യാര്‍ഥികള്‍ പ്രതിചേര്‍ക്കപ്പെടുകയും മാധ്യമ വിചാരണക്കും പൊതു ഇടങ്ങളിലെ അധിക്ഷേപങ്ങള്‍ക്കും അവർ ഇരയാവുകയുമുണ്ടായി. ഈ രണ്ടു സ്ഥാപനങ്ങളിലും പല തവണ കടുത്ത ഭരണകൂട അതിക്രമങ്ങള്‍ നടക്കുകയും വിദ്യാര്‍ഥികള്‍ ക്രൂരമായി ലാത്തിച്ചാര്‍ജിന് ഇരയാവുകയും അറസ്റ്റ് ചെയ്യപ്പെടുകയും ക്രൂരമായി അടിച്ചമര്‍ത്തപ്പെടുകയുമുണ്ടായി.

കൂടാതെ, ഈ കാംപസുകളിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ നിന്നും മുഖ്യധാരാ രാഷ്ട്രീയ സംഘടനകള്‍ വ്യവസ്ഥാപിതമായി പുറന്തള്ളപ്പെടുകയും, വിദ്യാര്‍ഥികള്‍ പ്രാദേശിക രാഷ്ട്രീയത്തിനകത്ത് ചുരുക്കപ്പെടുകയും ചെയ്യുന്നതിലൂടെ ശക്തമായ മുസ്ലിം നേതൃത്വത്തെ വാര്‍ത്തെടുക്കാനുള്ള അവയുടെ ശേഷി ഇല്ലാതാക്കപ്പെടുന്നു. ബാബരി മസ്ജിദ് ശഹാദത്ത്, ഗുജറാത്ത് വംശഹത്യ, സിമി നിരോധനം, ബട്‌ല ഹൗസ് വെടിവെപ്പ്, നജീബ് അഹമ്മദിന്റെ നിര്‍ബന്ധിത തിരോധാനം തുടങ്ങിയ ചരിത്ര ഘട്ടങ്ങളിലെല്ലാം തന്നെ അടിച്ചമര്‍ത്തലിന്റെ ഈ രീതി പിന്തുടര്‍ന്നതായി കാണാം. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് സി.എ.എ വിരുദ്ധ സമര കാലത്ത് അലീഗഢിലും ജാമിഅയിലും നടന്നിട്ടുള്ള ക്രൂരമായ അടിച്ചമര്‍ത്തല്‍ അടുത്തകാലത്ത് നടന്ന ഭരണകൂട ഭീകരതയുടെ വ്യക്തമായ തെളിവുകളാണ്. സി.എ.എ വിരുദ്ധ സമരം ഈ യാഥാര്‍ഥ്യത്തെ കൃത്യമായി വെളിച്ചത്ത് കൊണ്ടുവരുന്നുണ്ട്. മുസ്ലിം വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നുള്ള സാന്ദര്‍ഭികമായ പ്രതികരണമായിരുന്നില്ല ഈ സമരങ്ങള്‍; മറിച്ച് ഭരണകൂടത്തിന്റെ അധീനതയിലുള്ള ഇടങ്ങള്‍ എന്നതില്‍ നിന്നും മാറി സ്റ്റേറ്റ് വയലന്‍സിന്റെ നേരിട്ടുള്ള സ്വീകര്‍ത്താക്കളായും, പ്രത്യയശാസ്ത്ര യുദ്ധത്തിലെ എതിരാളികളായും മുസ്ലിം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറുകയും അക്കാദമിക ഇടങ്ങളിലെ അവയുടെ സ്വത്വത്തെയും നിലനില്‍പ്പിനെയും മായ്ച്ചുകളയാനുള്ള വ്യവസ്ഥാപിതമായ ശ്രമങ്ങള്‍ നടക്കുകയുമുണ്ടായി.

മാനു: മുസ്ലിം ഇടം രൂപപ്പെടുമ്പോൾ

മൗലാനാ ആസാദ് നാഷണല്‍ ഉര്‍ദു യൂണിവേഴ്‌സിറ്റിയിലും സമാനമായ സാഹചര്യങ്ങള്‍ കാണാം. 1998-ല്‍ സ്ഥാപിതമായ മാനുവിന് ന്യൂനപക്ഷ പദവിയില്ലെങ്കില്‍ പോലും, അതിന്റെ സവിശേഷമായ ‘ഉര്‍ദു’ സ്വഭാവം, ഉര്‍ദു സംസാരിക്കുന്ന, ഭൂരിഭാഗവും മുസ്ലിം വിദ്യാര്‍ഥികളെ, ആകര്‍ഷിച്ചതായി കാണാം. മുസ്ലിം യുവത്വത്തിന് വിദ്യാഭ്യാസം നല്‍കുന്നതിലും ശാക്തീകരിക്കുന്നതിലും മാത്രമല്ല, മറിച്ച് അവരെ രാഷ്ട്രീയമായി ഉത്‌ബോധിപ്പിക്കാനും ശേഷിയുള്ള അക്കാദമിക ഇടം മാനുവിലുണ്ട്. എന്നാൽ, 2023-ലാണ് മാനുവില്‍ അവസാനമായി വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2024-ലെ ഒരു വിദ്യാര്‍ഥി സമരത്തിന് ശേഷം യൂണിവേഴ്‌സിറ്റി അധികാരികള്‍ പൊടുന്നനെ തെരഞ്ഞെടുപ്പ് നിര്‍ത്തിവെച്ചു. എ.എം.യുവിന് സമാനമായി മാനുവിലും മുഖ്യധാരാ വിദ്യാര്‍ഥി രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കുകയും പൊതുവായ രാഷ്ട്രീയ വ്യവഹാരങ്ങള്‍ക്ക് പകരം പ്രാദേശിക പ്രശ്‌നങ്ങളിലേക്ക് വിദ്യാര്‍ഥി നേതൃത്വത്തെ ചുരുക്കുകയും ചെയ്യുന്നതായി കാണാം.

മുസ്ലിം യുവത്വത്തെ കര്‍മ്മനിരതരായ പൗരന്മാരാക്കാന്‍ പ്രാപ്തിയുള്ള ക്രിയാത്മകമായ ഇടമായി മാറാന്‍ കെല്‍പ്പുണ്ടായിരുന്ന ഒരു ക്യാംപസ് ഭരണകൂടത്തിന്റെ പ്രോപ്പഗണ്ടകള്‍ മാത്രം നടപ്പാക്കുന്ന ഒന്നായി മാറിയതായി കാണാം. സ്ഥാപന അധികാരികള്‍ ഭരണകൂട ആഖ്യാനങ്ങളുമായി ചേർന്നുനിൽക്കുകയും ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കളെ നിരന്തരം ക്യാംപസിലേക്ക് ക്ഷണിക്കുകയും ഹൃദ്യമായി അവരെ വരവേല്‍ക്കുകയും ചെയ്യുന്നു, കൂടാതെ ദാരാ ശികോഹിനെ പോലുള്ള ചരിത്ര-കഥാപാത്രങ്ങളെ കുറിച്ച് പരിപാടികള്‍ സംഘടിപ്പിച്ച് സംഘപരിവാര്‍ നിര്‍മ്മിച്ചുവെച്ച ‘നല്ല മുസ്ലിം’ ആഖ്യാനങ്ങളെ സാധൂകരിക്കാന്‍ അവർ ശ്രമിക്കുന്നു.

സവിശേഷമായ സാഹചര്യം

മുസ്ലിം സര്‍വ്വകലാശാലകള്‍ക്കുമേലുള്ള അതിക്രമങ്ങള്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിനും അധീതമായി കിടക്കുന്ന ഒന്നാണ്. ക്യാംപസുകള്‍ നിരന്തരം സൈനിക ഇടപെടലുകളുള്ള സംഘര്‍ഷഭൂമികയാവുകയും ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന രാഷ്ട്രീയ പ്രോപ്പഗണ്ടകള്‍ മാത്രം സംഭവിക്കുന്ന ഇടങ്ങളായി മാറുകയും ചെയ്യുന്നു. അക്കാദമിക മെറിറ്റിനുപരി രാഷ്ട്രീയ ചായ്‌വ് പരിഗണിച്ചുകൊണ്ടാണ് വൈസ് ചാന്‍സ്ലറിന്റെയും ഫാക്കല്‍ട്ടി മെമ്പര്‍മാരുടെയുമെല്ലാം നിയമനങ്ങള്‍ പോലും നടക്കുന്നത്. തത്ഫലമായി, ഇത്തരം സ്ഥാപനങ്ങളുടെ അക്കാദമിക നിലവാരം ഇല്ലാതാക്കപ്പെടുന്നു. അഥവാ, ഈ സ്ഥാപനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന പോരാട്ടങ്ങള്‍ അക്കാദമിക സ്വാതന്ത്ര്യത്തിന് വേണ്ടി മാത്രമല്ല, മറിച്ച് സ്ഥാപനങ്ങളുടെ നിലനില്‍പ്പിന് വേണ്ടി കൂടിയാണ്.

രാജ്യമൊട്ടുക്കും അക്കാദമിക സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെങ്കിലും, വ്യവസ്ഥാപിതവും ഭീകരവുമായ അടിച്ചമര്‍ത്തലുകളാണ് മുസ്ലിം സര്‍വ്വകലാശാലകളില്‍ നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ബഡ്ജറ്റ് നിര്‍ണ്ണയം, ഫാക്കല്‍ട്ടി നിയമനങ്ങള്‍ എന്നിവയും എക്‌സിക്യൂട്ടീവ് കൗണ്‍സിലുകള്‍, യൂണിവേഴ്‌സിറ്റി കോര്‍ട്ടുകള്‍, അക്കാദമിക കൗണ്‍സിലുകള്‍ തുടങ്ങിയ സ്വതന്ത്ര സംവിധാനങ്ങള്‍ക്കകത്ത് ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളും തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയ വിദ്യാര്‍ഥികള്‍ക്കുമേല്‍ കൈക്കൊണ്ട ശിക്ഷാ നടപടികളും സൂക്ഷ്മമായി പരിശോധിച്ചാല്‍ ഈ സ്ഥാപനങ്ങള്‍ക്കുമേല്‍ നടത്തപ്പെട്ടുകൊണ്ടിരിക്കുന്ന പ്രോപ്പഗണ്ടകള്‍ തിരിച്ചറിയാന്‍ കഴിയും. ഈ സര്‍വ്വകലാശാലകളുടെ സവിശേഷമായ ചരിത്ര-സാംസ്‌കാരിക സ്വത്വത്തെ മായ്ച്ചുകളഞ്ഞുകൊണ്ട് അവയെ പൊതുവായ ഭൂരിപക്ഷ ചട്ടക്കൂടിലേക്ക് ചേര്‍ക്കാനുള്ള ശ്രമങ്ങളെ കൂടിയാണ് അവിടങ്ങളിലെ സമരങ്ങള്‍ പ്രതിരോധിച്ചു നിര്‍ത്തുന്നത്. ചരിത്ര-സാംസ്‌കാരിക വൈവിധ്യങ്ങളെ നിരാകരിക്കുക എന്നത് അക്കാദമിക ഇടങ്ങളില്‍ തങ്ങളുടെ വിശ്വാസത്തെയും, സ്വത്വത്തെയും, ജനാധിപത്യ അവകാശങ്ങളെയും മുറുകെ പിടിച്ചുകൊണ്ട് വിവേചനങ്ങള്‍ക്കെതിരെ പോരാടുന്ന മുസ്ലിം വിദ്യാര്‍ഥികളുടെ ജീവിത യാഥാര്‍ഥ്യങ്ങളെ അവഗണിക്കുക എന്നതുകൂടിയാണ്.

ഇടത് പ്രതികരണം

അക്കാദമിക സ്വാതന്ത്ര്യത്തിന്റെയും കാംപസ് ജനാധിപത്യത്തിന്റെയും കാവല്‍ക്കാരെന്ന് സ്വയം അവകാശപ്പെടുന്ന ഇടതുപക്ഷത്തിന്റെ സമീപനവും ഇവിടെ പ്രശ്‌നവത്കരിക്കപ്പെടേണ്ടതുണ്ട്. വിദ്യാഭ്യാസ ഇടങ്ങളിടെ ഭരണകൂട ഇടപെടലുകളെയും കാംപസുകള്‍ക്കുമേലുള്ള രാഷ്ട്രീയ നിയന്ത്രണങ്ങളെയും എല്ലായ്‌പ്പോഴും അപലപിക്കുന്നവരാണ് ഇടതുപക്ഷ സംഘടനകള്‍. എന്നാല്‍ മുസ്ലിം സ്ഥാപനങ്ങളിലേക്ക് വരുമ്പോള്‍ ഈ സമീപനത്തിന് ചില പ്രശ്‌നങ്ങള്‍ ഉള്ളതായി കാണാം. The left response to the state crackdown faced by universities like JMI, AMU, and MANUU is often generalized (in the case of JMI) and sometimes absent (in the case of AMU and MANUU). അക്കാദമിക സ്വാതന്ത്ര്യത്തിനും കാംപസ് ജനാധിപത്യത്തിനും വേണ്ടി മാത്രമല്ല, മറിച്ച് ഭയപ്പാടോ ഭരണകൂട അതിക്രമങ്ങളോ, പ്രത്യയശാസ്ത്ര യുദ്ധമോ, സാംസ്‌കാരിക അപരവത്കരണമോ ഇല്ലാതെ കാംപസുകളില്‍ ജീവിക്കാന്‍ കൂടി വേണ്ടിയുള്ള മുസ്ലിം വിദ്യാര്‍ഥികളുടെ പോരാട്ടങ്ങളെ അവര്‍ കാണുന്നില്ല. ഒരുവശത്ത് അക്കാദമിക സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ‘വലിയ’ സമരങ്ങള്‍ക്കിടയില്‍ മുസ്ലിം വിദ്യാര്‍ഥികളുടെ സമരങ്ങള്‍ രണ്ടാംതരം (Secondary) ആയി മാറുമ്പോള്‍, മറുഭാഗത്ത് വിദ്യാഭ്യാസ നീതിയുടെ ബൃഹത് ആഖ്യാനങ്ങള്‍ക്കിടയില്‍ മുസ്ലിം സ്ഥാപനങ്ങള്‍ പുറന്തള്ളപ്പെടുന്നു.

ഈ പൊതു-സ്വഭാവമുള്ള ഐക്യപ്പെടല്‍ തീർത്തും പ്രശ്‌നവത്കൃതമാണ്. മുസ്ലിം സര്‍വ്വകലാശാലകള്‍ അഭിമുഖീകരിക്കുന്ന സവിശേഷമായ വെല്ലുവിളികളെ മനസ്സിലാക്കാന്‍ കഴിയാത്ത ഇടതുപക്ഷത്തിന് അവക്കുമേലുള്ള അടിച്ചമര്‍ത്തലിന്റെ സ്വഭാവത്തെ തിരിച്ചറിയാന്‍ കഴിയുന്നില്ല. എ.എം.യു, ജെ.എം.ഐ, മാനു തുടങ്ങിയ സ്ഥാപനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഭരണകൂട അടിച്ചമര്‍ത്തലുകള്‍ ജെ.എന്‍.യു, എച്ച്.സി.യു പോലുള്ള ക്യാംപസുകള്‍ അനുഭവിക്കുന്നതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണെന്ന് ക്യാംപസ് ജനാധിപത്യത്തിന്റെ പതാകവാഹകര്‍ തിരിച്ചറിയേണ്ടതുണ്ട്. ഈ മുസ്ലിം സര്‍വ്വകലാശാലകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികള്‍ യഥാര്‍ഥത്തില്‍ ഇന്ത്യയിലെ മുസ്ലിംകള്‍ ചരിത്രപരമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന വിശ്വാസ,സ്വത്വ, സാംസ്‌കാരിക പ്രതിസന്ധികളുമായി അഗാധമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. അതിനാല്‍ തന്നെ മറ്റു ക്യാംപസുകളിലെ പോലെ പൊതുവായ ആഖ്യാനങ്ങള്‍ രൂപപ്പെടുത്തുന്നതിന് പകരം ആ ക്യാംപസുകളെ കുറിച്ച് സംസാരിക്കുമ്പോള്‍ സവിശേഷമായ മുസ്ലിം അസ്തിത്വത്തെ കൂടി പരിഗണിക്കേണ്ടതുണ്ട്.

തങ്ങളുടെ രാഷ്ട്രീയ അജണ്ടയോട് ചേര്‍ന്നുനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അക്കാദമിക സ്വാതന്ത്ര്യത്തിനായി നിലകൊള്ളുക എന്നത് എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ അരികുവത്കൃത വിഭാഗങ്ങളുടെ, പ്രത്യേകിച്ചും ആദ്യം നിശബ്ദമാക്കപ്പെടുന്നവരുടെ, രാഷ്ട്രീയ കര്‍തൃത്വത്തെ അംഗീകരിച്ചുനല്‍കുന്നതാണ് യഥാര്‍ഥ ഐക്യപ്പെടല്‍. അക്കാദമിക സ്വാതന്ത്ര്യത്തിനായുള്ള പോടാട്ടം സെലക്റ്റീവോ, രാഷ്ട്രീയമായ നേട്ടം ആഗ്രഹിച്ചുള്ളതോ ആവരുത്.

അക്കാദമിക സ്വാതന്ത്ര്യം സംരക്ഷിക്കുന്നതില്‍ നാം ജാഗ്രത പുലര്‍ത്തുന്നുണ്ടെങ്കില്‍, നമ്മുടെ സംസാരങ്ങളില്‍ നിന്നും മുസ്ലിം സര്‍വ്വകലാശാലകളെ നാം മാറ്റിനിര്‍ത്തരുത്. വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടി മാത്രമല്ല അവര്‍ സമരം ചെയ്യുന്നത്, മറിച്ച് തങ്ങളുടെ വിശ്വാസത്തെ പിന്തുടരാനും, സ്വത്വത്തെ പ്രകാശിപ്പിക്കാനും, ഏതൊരു സര്‍വ്വകലാശാലയുടെയും സവിശേഷതയായ വിമര്‍ശനാത്മക ചിന്തയില്‍ ഇടപെടാനുമാണ് അവര്‍ പോരാടുന്നത്. അക്കാദമിക സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നുവെന്ന് അവകാശവാദം ഉന്നയിക്കാനും എന്നാല്‍ ഏറ്റവും ആഴത്തില്‍ അത് തകര്‍ക്കപ്പെടുമ്പോള്‍ അത് കാണാതിരിക്കാനും എങ്ങനെയാണ് നമുക്ക് കഴിയുക? മുസ്ലിം സര്‍വ്വകലാശാലകള്‍ക്കുവേണ്ടി, താത്വികമായല്ല, പ്രായോഗികമായി നിലകൊള്ളാനും ശബ്ദമുയര്‍ത്താനും അവയെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ പോരാടാനുമുള്ള യഥാർഥ സമയമാണിത്.

അനുഷ റേഹാൻ, താഹ മന്നാൻ