മലയാളത്തിൽ നോർമൽ എന്ന പദം മിക്കവാറും ഉപയോഗിക്കപ്പെടുന്നത് സാധാരണ എന്ന അർത്ഥത്തിലാണ്. നോം (Norm) എന്നാൽ ഇംഗ്ലീഷിൽ നിയമം, പ്രാമാണികത എന്നെല്ലാമാണ് അർത്ഥം. സമൂഹത്തിൽ പല സംഭവങ്ങൾ നടക്കുമ്പോഴും ചിലർ പറയുന്ന സ്ഥിരം പ്രയോഗമാണ് അത് ‘നോർമൽ’ അല്ലേ എന്നത്. എന്നാൽ ഒരു സംഭവം നോർമലാവുന്നത് അഥവാ സാധാരണയാവുന്നത് സമൂഹത്തിൽ പലരും സ്ഥിരമായി അത് ചെയ്യുകയോ സംഭവിക്കുകയോ ചെയ്യുമ്പോഴാണ്. ഈ സാധാരണതകൾ ഉണ്ടാകുന്നത് ഒരു നിശ്ചിത മൂല്യം, രീതി വ്യവസ്ഥാപിതമാവുമ്പോഴും അത് ആവർത്തിക്കപ്പെടുമ്പോഴുമാണ്. എന്നാൽ ഇത്തരം മൂല്യങ്ങളെയും ചട്ടങ്ങളെയും മാനദണ്ഡങ്ങളെയും ധാർമികതയെയും (Norms) സമൂഹത്തിൽ പ്രയോഗവൽക്കരിക്കുന്ന അധികാര ഘടനകൾ, കാരണങ്ങൾ എന്തെല്ലാമായിരിക്കും.
ആധുനിക ഡിജിറ്റൽ ആഗോള സമൂഹത്തിൽ നോർമൽ, അഥവാ സാധാരണയായത് എന്ന് നാം വിളിക്കുന്ന പല സംഭവങ്ങൾക്കും പിന്നിൽ ഇത്തരം അധികാര ഘടനകൾ പ്രത്യക്ഷമായും പരോക്ഷമായും പ്രവർത്തിക്കുന്നുണ്ട്. ഡിജിറ്റൽ ഇടങ്ങളിൽ വൈവിധ്യങ്ങളെ തകർത്ത് സാധാരണതകളെ സ്ഥാപിക്കുന്ന പ്രക്രിയകൾ നടക്കുന്നുണ്ട്. ഡിജിറ്റൽ ഉപയോക്താക്കളെ നിയന്ത്രിക്കുന്ന ഇത്തരം സാധാരണീകരണ ചട്ടങ്ങളെ (Norms) കുറിച്ചുള്ള ഒരു ആഖ്യാനമാണ് ഈ കുറിപ്പ്. ആധുനിക അധികാര ഘടനയിൽ പൗരസമൂഹം നിയന്ത്രിക്കപ്പെടുന്നത് ഭരണകൂട നിയമങ്ങൾക്കപ്പുറം കൂടുതലായും ഇത്തരം സാധാരണീകരണ ചട്ടങ്ങളിലൂടെയാണ്. നോംസ് (Norms) എന്ന് നാം വിളിക്കുന്ന ഇത്തരം ചട്ടങ്ങൾ മനുഷ്യൻറെ വ്യക്തിസ്വാതന്ത്ര്യത്തിനു മേലുള്ള ഒരു രാഷ്ട്രീയ കടന്നു കയറ്റം കൂടി ആയിരിക്കുന്നു. ഫൂക്കോ നിയമത്തെയും (Law) നാം ചർച്ച ചെയ്യുന്ന ചട്ടങ്ങളെയും വേർതിരിച്ചു മനസ്സിലാക്കുന്നുണ്ട്. തന്റെ ഡിസിപ്ലിൻ ആൻഡ് പണിഷ് എന്ന പുസ്തകത്തിൽ നിയമങ്ങൾ ജനങ്ങളെ നിർബന്ധപൂർവ്വം കല്പിക്കുകയും നിരോധിക്കുകയും ശിക്ഷിക്കുകയുമാണെങ്കിൽ ചട്ടങ്ങൾ അവരെ ഒതുക്കി നിർത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നു എന്ന് നിരീക്ഷിക്കുന്നു. ചട്ടങ്ങൾ എന്നത് പൗരന്മാരെ പരസ്പരം താരതമ്യം ചെയ്ത്, അളന്ന് തിട്ടപ്പെടുത്തി ഓരോരുത്തർക്കും ഒരു പദവി നിശ്ചയിച്ച് അവരെ ശരിപ്പെടുത്തുന്ന, താഴെയുള്ളവരെ തിരുത്തുന്ന ഒരു പ്രക്രിയയാണ് ചെയ്യുന്നത്. നിയമങ്ങൾക്കുപരി ഇവ പ്രവർത്തിക്കുന്നത് തീർത്തും അപ്രത്യക്ഷമായിട്ടായിരിക്കും. ഔദ്യോഗികതകൾക്കപ്പുറം പ്രത്യക്ഷത്തിൽ നിർബന്ധ വിധേനയല്ലാതെ തന്നെ പൗരന്മാർ ഈ അധികാരങ്ങളെ സ്വീകരിക്കുന്നു. മനുഷ്യൻറെ ആവിഷ്കാരങ്ങൾ, സ്വഭാവങ്ങൾ, സ്വത്വം, സൗന്ദര്യം തുടങ്ങി വിവിധ ജീവിത വ്യവഹാരങ്ങളിലും ‘സാധാരണ’ ‘അസാധാരണ’ എന്ന ബൈനറിയെ നിർമ്മിച്ചെടുക്കാൻ അധികാരഘടനകൾക്ക് ഇതിലൂടെ സാധിച്ചിട്ടുണ്ട്.
ഈ വ്യവസ്ഥാവൽക്കരണത്തിന് കൂടുതലായും സംഭാവന നൽകിയ ഉപകരണങ്ങളാണ് ഇന്ന് നാം ഉപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങളായ സാമൂഹ്യ മാധ്യമങ്ങളും സെർച്ച് എഞ്ചിനുകളും. ചുരുക്കത്തിൽ ഇവ മനുഷ്യന്റെ കർതൃത്വശേഷിയെ (agency), ചിന്തിക്കാനും പ്രവർത്തിക്കാനും, പൊതുവിടങ്ങളിൽ മാറ്റങ്ങൾ സൃഷ്ടിക്കാനുമുള്ള ശേഷിയെ, എത്രമാത്രം ചുരുക്കുകയും വ്യവസ്ഥവൽക്കരിക്കുകയും, സ്വാതന്ത്ര്യത്തെ നിഷേധിക്കുകയും ചെയ്തിട്ടുണ്ടെന്ന് നമുക്ക് ചിന്തിച്ചാൽ മനസ്സിലാകും.
നിയമങ്ങൾ രാഷ്ട്രീയപരമായും ജനാധിപത്യ മാർഗ്ഗങ്ങളിലൂടെയുമാണ് സ്ഥാപിക്കപ്പെടുന്നതെങ്കിൽ ഇത്തരം വ്യവസ്ഥകളും ചട്ടങ്ങളും അധികാര സാമ്പത്തിക താൽപര്യങ്ങളാൽ ഏകപക്ഷീയമായി സ്ഥാപിക്കപ്പെടുന്നതാണ്.
സാങ്കേതികവിദ്യയുടെ വളർച്ച മനുഷ്യർക്കും സംസ്കാരങ്ങൾക്കും ഇടയിലുള്ള വിദൂരതയെ അടുപ്പിക്കുകയും അവർക്കിടയിലെ കാല വ്യത്യാസങ്ങളെ ചുരുക്കുകയും ചെയ്തത്, മനുഷ്യ ചരിത്രത്തിൽത്തന്നെ വലിയ വ്യത്യാസങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. സമൂഹം രാജ്യം എന്ന വീക്ഷണങ്ങളിൽ നിന്നും മനുഷ്യൻറെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക ചിന്തകൾ ആഗോളതലത്തിലേക്ക് കടന്നിരിക്കുന്നു. സാമൂഹിക മാധ്യമങ്ങളുടെ വളർച്ച അകലം കുറയ്ക്കുന്നതിനോട് കൂടെ തന്നെ ഒരു ആഗോള സാങ്കേതിക സമൂഹത്തെ രൂപീകരിച്ചു കൊണ്ടുമിരിക്കുന്നുണ്ട്.
സാങ്കേതികവിദ്യയും ജനകീയതയും
1970 കളിൽ സാങ്കേതികവിദ്യ അവതരിപ്പിക്കപ്പെടുമ്പോൾ അതിനെ ഭരണകൂട നിയന്ത്രണത്തിന്റെ ഉപാധിയായാണ് കാണപ്പെട്ടിരുന്നത്. അവ മനുഷ്യൻറെ സ്വയം നിയന്ത്രണാധികാരത്തെയും സ്വാതന്ത്ര്യത്തെയും ക്രിയാത്മകതയെയും നശിപ്പിക്കുമെന്ന് അന്ന് നിലനിന്നിരുന്ന സാമൂഹ്യ ചിന്തകർ (Counter Culture) വീക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ കമ്പ്യൂട്ടറുകളെ അവർ അത്രമേൽ വിശ്വസിച്ചിരുന്നില്ല. ഇതിന്റെ പ്രധാന കാരണം അന്ന് സാങ്കേതികവിദ്യ ഭരണകൂടത്തിന്റെയും അധികാര വർഗ്ഗത്തിന്റെയും നിയന്ത്രണ, നിരീക്ഷണ ഉപകരണങ്ങളായി മാത്രമായിരുന്നു പ്രവർത്തിച്ചിരുന്നത് എന്നതാണ്.
അരിസ്റ്റോട്ടിലിയൻ രാഷ്ട്രീയ വീക്ഷണമായ മനുഷ്യനെ ‘സ്വതന്ത്രമാക്കുന്ന’, ‘അഭിവൃദ്ധിപ്പെടുത്തുന്ന’ പ്രവർത്തനങ്ങൾ അവ ചെയ്തിരുന്നില്ല. പിന്നീട് 1970 കൾക്ക് ശേഷം സാങ്കേതികവിദ്യയെയും കമ്പ്യൂട്ടറുകളെയും മനുഷ്യൻറെ വ്യക്തിത്വത്തെ വിപുലപ്പെടുത്തുന്ന ഉദ്യോഗ മേധാവിത്വത്തെ ഇല്ലാതാക്കുന്ന തരത്തിലുള്ള ഉപകരണങ്ങളായി മനസ്സിലാക്കപ്പെടുന്നു. ഇത് സംഭവിക്കുന്നത് പ്രതിസംസ്കാര (Counter Culture) വീക്ഷണങ്ങളും സാങ്കേതികവിദ്യ നിപുണരും ഒത്തുചേർന്നതിലൂടെയാണ്.
അഥവാ സാങ്കേതികവിദ്യ നിർമ്മാതാക്കൾ അതിനെ ജനകീയവൽക്കരിക്കാനും മനുഷ്യ ക്ഷേമത്തിനുള്ള മാർഗമായി അവതരിപ്പിക്കാനും തുടങ്ങി. അങ്ങനെ പ്രതിസംസ്കാര (Counter Culture) മൂല്യങ്ങളും ഗീക്ക് (Geek) സംസ്കാരവും ഒരുമിച്ച് വന്നപ്പോൾ സാങ്കേതികത മനുഷ്യനെ അധികാര നിയന്ത്രണങ്ങളിൽ നിന്ന് സ്വാതന്ത്രമാക്കുന്ന ഉപകരണമായി മാറ്റി പണിയാൻ ആരംഭിച്ചു. അവർ ജനങ്ങൾക്കിടയിലെ സംഭാഷണങ്ങൾ ആവിഷ്കാരങ്ങൾ തുടങ്ങിയുള്ള മേഖലകളിലേക്ക് ശ്രദ്ധ തിരിച്ചു. 1984 ൽ ‘മാക്’ തങ്ങളുടെ പുതിയ മോഡെലിന് പരസ്യമായി ഉപയോഗിച്ച വാക്യം “ബിഗ് ബ്രദറിനെതിരെയുള്ള ആയുധം” എന്നായിരുന്നു. പിന്നീട് 1991 വേൾഡ് വൈഡ് വെബ് കണ്ടെത്തുന്നതോടെ ഈ സ്വപ്നസാക്ഷാത്കാരത്തിന് വേഗത വന്നു. ഉപയോക്താക്കൾ സ്വയം വെബ്സൈറ്റുകൾ നിർമ്മിച്ച് വ്യത്യസ്ത സമൂഹങ്ങളിലേക്ക് വിജ്ഞാനം സ്വതന്ത്രമായി എത്തിക്കാൻ തുടങ്ങി. കോർപ്പറേറ്റ് നിയന്ത്രണത്തിനപ്പുറമുള്ള ഒരു പുതിയ പൊതുമണ്ഡലമായി വെബ് കാണപ്പെട്ടു.
പക്ഷേ ഈ സ്വതന്ത്ര വ്യവഹാരത്തിലും ആമസോൺ ഗൂഗിൾ പോലെയുള്ള കുത്തകകൾ ഈ സൗകര്യത്തെ വാണിജ്യ അവസരമായി കാണുകയും അങ്ങനെ അതുപയോഗിക്കുകയും ചെയ്തതോടെ അതിൽ സംശയങ്ങൾ നിഴലിക്കുന്നു. 2000 ത്തിന് ശേഷം രണ്ടാംഘട്ടത്തിൽ കൂടുതൽ വ്യക്തി പങ്കാളിത്തവും ഉപഭോക്തൃ കേന്ദ്രിത വാഗ്ദാനങ്ങളോടെയും ബ്ലോഗർ, വിക്കിപീഡിയ, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ മാധ്യമങ്ങൾ കടന്നുവരുന്നു. പ്രത്യക്ഷത്തിൽ ഇവ വ്യക്തിപരമായ ആവിഷ്കാരങ്ങൾക്ക് സൗകര്യം നൽകുകയും ജനാധിപത്യവൽക്കരിക്കുകയുമെല്ലാം ചെയ്തിട്ടുണ്ടെങ്കിലും അവ കേവലം പ്ലാറ്റ്ഫോം ജനാധിപത്യമായി മാത്രമേ കാണാൻ സാധിക്കുന്നുള്ളൂ. വ്യക്തികൾക്ക് അഭിപ്രായം പറയാനുള്ള സൗകര്യങ്ങൾ ഇവ നല്കുന്നുണ്ടെകിലും തീരുമാനങ്ങളും നിയന്ത്രണങ്ങളും സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളുടെ പക്കലാണ്. അതുപോലെ തന്നെ ഇത്തരം പ്ലാറ്റ്ഫോമുകളെ ആത്യന്തികമായി നിയന്ത്രിക്കുന്ന താൽപര്യങ്ങൾ പൊതു, വ്യക്തി ഗുണങ്ങളുമായി യോജിക്കാനാവാത്ത കോർപ്പറേറ്റ് താൽപര്യങ്ങൾ മാത്രമാണ്.
ഡിജിറ്റൽ സ്പേസ്
നവമാധ്യമങ്ങൾ മനുഷ്യൻറെ സ്വഭാവ ഗുണങ്ങളെയും സാമൂഹിക ബന്ധങ്ങളെയും നിത്യജീവിതത്തെയും അനുഭവങ്ങളെയും വൈകാരികതയെയും നല്ല രീതിയിൽ ഡിജിറ്റലൈസ് ചെയ്യുകയും അവയെ വാണിജ്യവൽക്കരിക്കുകയും ചെയ്യുന്നുണ്ട്.
ജനങ്ങളുടെ ഉപഭോഗ സംസ്കാരത്തെയും താൽപര്യങ്ങളെയും മനസ്സിലാക്കാനും അവയെ നിർമ്മിച്ചെടുക്കാനും ഇന്ന് കോർപ്പറേറ്റുകൾക്ക് അധികം ശ്രമം നടത്തേണ്ടി വരുന്നില്ല. നാം ഇത്തരം ഇടങ്ങളിൽ നൽകുന്ന ഇടപെടലുകൾ എല്ലാം ഒരു വാണിജ്യ ചരക്കാണ്. ലൈക്ക്, ഷെയർ, റിയാക്ഷൻ തുടങ്ങിയവയെല്ലാം നമ്മെ നിശ്ചിത ഇട്ടാവട്ടത്തിലേക്ക് കൊണ്ടിടുന്നുണ്ട്. അനന്തരം മനുഷ്യരുടെ സ്വഭാവക്രമങ്ങളും മാറി മാറി വരുന്നു. ഇത്തരം പൊതുവിടങ്ങളിൽ പൊതു യുക്തി ഒരിക്കലും പൂർണ്ണമായും പ്രയോഗവൽക്കരിക്കപ്പെടുന്നില്ല എന്നതുകൊണ്ടുതന്നെ, മാധ്യമങ്ങൾ ജനാധിപത്യ ചർച്ചകൾക്ക് ഉപരോധം സൃഷ്ടിക്കുന്നതോടൊപ്പം പൂർവ്വാധുനിക ഗോത്ര സമുദായങ്ങളിലേക്ക് സമൂഹം ചുരുങ്ങുന്നതായും ഭാവിയിൽ കാണാൻ സാധിക്കും.
വ്യക്തിയും അധികാരവും
ചുരുക്കത്തിൽ വ്യക്തിയെ സ്വതന്ത്രമാക്കുന്നതിനപ്പുറം അവൻറെ സ്വഭാവത്തിനും യുക്തി സ്വാതന്ത്ര്യത്തിനും സാമൂഹികതക്കുമെല്ലാം മുകളിൽ നിശ്ചിത അധികാര താൽപര്യങ്ങൾ അധീശ്വത്വം സ്ഥാപിച്ചിട്ടുണ്ട്. ഈ അധീശ്വത്വം കൂടുതലായും പ്രയോഗിക്കപ്പെടുന്നത് പുതിയ സാധരണതകളെ നിർമിച്ചെടുക്കുന്നതിലൂടെയാണ്. നോർമൽ മനുഷ്യൻ, നോർമൽ ആരോഗ്യം, നോർമൽ ഭക്ഷണ സംസ്കാരം, നോർമൽ ആനന്ദങ്ങൾ തുടങ്ങി മാനുഷിക ജീവിത വ്യവഹാരങ്ങളുടെ വൈവിധ്യങ്ങളെ മറികടന്നൊരു നോർമലിനെ ഇത്തരം മാധ്യമങ്ങൾ സ്ഥാപിച്ചെടുക്കുന്നുണ്ട്. ഈ മാനദണ്ഡത്തിന് താഴെ തട്ടിലുള്ളവർ സാമൂഹിക അംഗീകാരം ലഭിക്കാത്തവരായി മാറുന്നു. നവമാധ്യമങ്ങളെ കേവലം ഉപകരണങ്ങളായി കാണുന്നതിനപ്പുറം അവ നമ്മെ ഉപയോഗിക്കുന്നതിന്റെ ഭവിഷ്യത്തുകൾ ഓരോ ഉപയോക്താവും തിരിച്ചറിയേണ്ടതുണ്ട്. ഈ നോർമലൈസേഷൻ പ്രക്രിയ ആഘാതം സൃഷ്ടിക്കുന്നത് കൂടുതൽ പേരിലേക്ക് ഒരു സംഭവം എത്തുകയും കൂടുതൽ ആളുകൾ അത് സ്വീകരിക്കുകയും ചെയ്യുന്നതിലൂടെയാണ്. ഇപ്രകാരമാണ് നമ്മുടെ ജനകീയ സംസ്കാരത്തിൽ സെലിബ്രിറ്റി ഇൻഫ്ലുവൻസർ സംസ്കാരങ്ങൾ വളർന്നുവരുന്നത്.
ഇനി ഈ ഇൻഫ്ലുവൻസർ സംസ്കാരത്തിന്റെ സമീപകാല പ്രശ്നങ്ങളിലേക്ക് വരാം. കൂടുതൽ കാഴ്ചക്കാരെ ലഭിക്കാൻ അധാർമികമായ പല വഴികളും ഇവർ ഉപയോഗിക്കാറുണ്ട്. മനുഷ്യർ യുക്തിപരമായി ചിന്തിക്കുന്നതിനേക്കാൾ കൂടുതൽ വൈകാരികമായി ചിന്തിക്കുന്നവരാണ്. ഈ വൈകാരികതയെ മുതലെടുക്കുന്ന രീതിയിലാണ് ഈ സംസ്കാരത്തിന്റെ പ്രവർത്തനങ്ങൾ. ഇതിൻറെ ദൂഷ്യഫലങ്ങളായി നിയമപരമല്ലാത്ത, സാമൂഹിക മൂല്യങ്ങൾക്ക് അനുസൃതമല്ലാത്ത, ധാർമികതയ്ക്ക് അനുയോജ്യമല്ലാത്ത പല പതിവുകളെയും ഇവർ സാധാരണവൽക്കരിക്കാൻ തുടങ്ങി. ഈ മൂന്ന് മാനദണ്ഡങ്ങളും വ്യത്യസ്തമാണെന്ന് നാം മുന്നേ സ്ഥാപിച്ചിരുന്നു. നിയമം രാഷ്ട്രം രൂപപ്പെടുത്തുന്നതാണെങ്കിൽ ചട്ടങ്ങൾ സമൂഹത്തിൽ പരോക്ഷമായി രൂപപ്പെട്ടുവരുന്ന അധികാരഘടനയാണ്. എന്നാൽ ധാർമികതയെന്നാൽ ഓരോ മനുഷ്യരും തന്റെ സ്വയാധികാരത്തിൽ ചിന്തിച്ചെടുക്കുന്ന തീരുമാനങ്ങളും മാനദണ്ഡങ്ങളുമാണ്. ഇവിടെ മറ്റെല്ലാത്തിനുമുപരി അത്ര സ്ഥിരതയില്ലാത്ത ചട്ടങ്ങളെ മാറ്റിയെഴുതലും തിരുത്തലും നവമാധ്യമങ്ങളിലൂടെ കൂടുതൽ അനായാസമാകുന്നു. ഉള്ളടക്കങ്ങൾ ക്ഷണനേരം കൊണ്ട് മില്യൻ കണക്കിന് ആളുകളിലേക്ക് എത്തുന്നു. കൂടുതൽ പേർ അത് അംഗീകരിക്കുന്നു. വിപരീത ആശയമുള്ളവർ അതിനെ എതിർക്കുന്നു. കൂടുതൽ മനുഷ്യരിൽ വൈകാരികതക്കു മികവ് ലഭിക്കുന്നു എന്നിരിക്കെ, യുക്തിപരത ന്യൂനപക്ഷമായി തന്നെ നിലനിൽക്കുന്നു. ഉദാഹരണത്തിന്, നിലവിലെ സാഹചര്യത്തിൽ ഇങ്ങനെ നോർമലൈസ് ചെയ്യപ്പെട്ട് തകർക്കപ്പെട്ട ഒരു വ്യക്തികേന്ദ്രീകൃത മൂല്യമാണ് ഒരു മനുഷ്യന്റെ സ്വകാര്യത (Privacy) എന്നത്.
സ്വകാര്യതയും പുതിയ നോർമലും

ആധുനിക നവമാധ്യമങ്ങൾ വ്യക്തിത്വത്തെ പരസ്യമായി പ്രകടിപ്പിക്കുന്നതും അവതരിപ്പിക്കുന്നതും സാധാരണവൽക്കരിച്ചിട്ടുണ്ട്. തന്റെ വ്യക്തിത്വ നേട്ടങ്ങളോ സ്വകാര്യ ജീവിതത്തിലെ സംഭവങ്ങളോ ഓരോ മനുഷ്യരും മറ്റുള്ളവരുമായി പങ്കുവെക്കൽ ഒരു സാംസ്കാരിക മൂല്യമായി വളർന്നു വരുന്നുണ്ട്. കൂടുതൽ പ്രശസ്തി നേടുന്നവർ സാമൂഹിക അംഗീകാരമുള്ളവരായി മാറുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ഇടപെടാത്തവർ പൊതുവിടങ്ങളിൽ നിന്ന് മാറ്റിനിർത്തപ്പെടുന്നു. ഇത്തരം സ്വാഭാവികതകൾ സംസ്കാരത്തിൽ കടന്നുവരുന്നത് ഫൂക്കോ നിരീക്ഷിക്കുന്നതുപോലെ നവമാധ്യമ അധികാര ഘടനകൾ കൊണ്ട് തന്നെയാണ്. സാമൂഹ്യതയെയും സൗഹൃദങ്ങളെയും അക്കങ്ങളിലേക്ക് ചുരുക്കുന്നതിന്റെയും താല്പര്യം ഇതുതന്നെയാണ്.
ഒരു മനുഷ്യൻറെ സ്വകാര്യത മുന്നേ പാശ്ചാത്യ ലിബറൽ ധാർമിക മൂല്യമായിരുന്നെങ്കിലും ചരിത്ര വികാസത്തിൽ, നിലവിലെ സാമൂഹ്യ സംസ്കാരത്തിൽ എല്ലാ വ്യക്തികളും പൊതു വ്യക്തിത്വങ്ങളായി മാറിയിട്ടുണ്ട്. ആദ്യകാലത്ത് സ്വകാര്യത നിർവചിക്കപ്പെട്ടിരുന്നത് ഒരു അടിസ്ഥാന അവകാശമായിട്ടായിരുന്നെങ്കിൽ ഇന്നത് ഒരു മനുഷ്യൻറെ, തന്നെക്കുറിച്ചുള്ള വിവരങ്ങൾ സംരക്ഷിക്കാനുള്ള ശേഷി ആയിട്ടാണ് നിർവചിക്കപ്പെട്ടിട്ടുള്ളത്. ആ ശേഷി ദിനംപ്രതി എല്ലാവർക്കും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. സ്വകാര്യതയെ ഒരു നിശ്ചിത സാംസ്കാരിക മൂല്യമായി മാത്രം കാണാതെ ബഹുസ്വര ഇടങ്ങളിൽ അവ കുറഞ്ഞത് മനുഷ്യന്റെ അഭിമാനത്തെ മോശമായി ബാധിക്കുന്നുവോ, എന്തെങ്കിലും ഉപദ്രവം വരുത്തി വെക്കുന്നുവോ, അവരുടെ പ്രതാപത്തെ ഹനിക്കുന്നുവോ എന്നെങ്കിലും ചിന്തിക്കണം. പുതിയകാലത്ത് സംസ്കാരത്തിൻറെ ചരിത്രപരമായ വികാസത്തിൽ തന്നെക്കുറിച്ചുള്ള വിവരങ്ങളും ഫോട്ടോയും സ്ഥാനങ്ങളും പ്രവർത്തികളും താനിരിക്കുന്ന വീടിൻറെ അകം പോലും ഒരു സന്ദേഹവുമില്ലാതെ തന്നെ പല അധികാര ഘടനകളോടും പങ്കുവെക്കുന്നുണ്ട്. ചുരുക്കത്തിൽ പുതിയ നോർമലിൽ സ്വകാര്യത എന്ന മൂല്യം നിലനിൽക്കുന്നില്ല എന്നർത്ഥം.








