Campus Alive

ഗള്‍ഫ് പ്രതിസന്ധിയുടെ കാലത്ത് ആന്റി സ്റ്റേണിനെ വായിക്കുമ്പോള്‍

ഫാസില്‍ ഫിറോസ്

ഗള്‍ഫ് രാജ്യങ്ങളെ കൂട്ടുപിടിച്ച് സൗദിഅറേബ്യയുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന ബഹിഷ്‌കരണ നാടകങ്ങള്‍ക്ക് ഇരയായ ഖത്തറിനെക്കുറിച്ച് പത്രങ്ങളും ചാനലുകളും സോഷ്യല്‍ മീഡിയകളും ചര്‍ച്ച ചെയ്യുന്ന സമയത്താണ് അദര്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ആന്റി സ്റ്റേണിന്റെ ‘വൂ വോണ് ദ ഓയില്‍ വാര്‍’ എന്ന പുസ്തകം കയ്യിലെത്തിയത്. എണ്ണയുദ്ധങ്ങളുടെ രാഷ്ട്രീയം എന്ന പേരില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പശ്ചാത്തലത്തിലൂടെ കണ്ണോടിച്ചപ്പോഴാണ് ഈ കൃതിയുടെ ആഴമേറിയ പ്രസക്തി ഞാന്‍ മനസ്സിലാക്കുന്നത്. രണ്ട് ലോക മഹാ യുദ്ധങ്ങളിലും എണ്ണ പ്രധാനപ്പെട്ട ഘടകമായിരുന്നുവെന്നതിലേക്കും, സൂയസ് പ്രതിസന്ധി, ഇറാന്‍ഇറാഖ് യുദ്ധം, അംഗോളയിലെ സംഘര്‍ഷം തുടങ്ങിയ അന്താരാഷ്ട്ര പ്രശ്‌നങ്ങളിലെല്ലാം എണ്ണകമ്പനികള്‍ ഗൂഢമായ പങ്കുവഹിച്ചിട്ടുണ്ടെന്നതിലേക്കും , എണ്ണ വിതരണത്തിന്റെ അവകാശം കൈക്കലാക്കുവാന്‍ 1920 മുതല്‍ ഭരണകൂടങ്ങളും ബഹുരാഷ്ട്ര കുത്തകകളും സംഘടിപ്പിച്ച സംഘര്‍ഷങ്ങളുടെയും ഭീകരതയുടെയും അഴിമതിയുടെയും ഞെട്ടിപ്പിക്കുന്ന സത്യങ്ങളിലേക്കുമെല്ലാം പുസ്തകം വിരല്‍ചൂണ്ടുന്നുണ്ട്.

1850 മുതല്‍ 1990 വരെയുള്ള ഗ്ലോബല്‍ പെട്രോളിയത്തിന്റെ കഥ പറയുന്ന ഡാനിയല്‍ യെര്‍ജിന്റെ ദ പ്രൈസ് ദ എപിക് കൊസ്റ്റ് ഫോര്‍ ഓയില്‍, മണി, ആന്റ് പവര്‍ എന്ന പുസ്തകത്തില്‍ നിന്നും വിഭിന്നമായ ശൈലിയോടെയാണ് ആന്റി സ്‌റ്റേണ് തന്റെ വൂ വോണ്‍ ദ ഓയില്‍ വാറെന്ന പുസ്തകം രചിക്കുന്നത്. വാര്‍നര്‍ ഹെര്‍സൊക്ക് സംവിധാനം ചെയ്ത ലെസ്സന്‍സ് ഓഫ് ഡാര്‍ക്ക്‌നസ്സ് എന്ന സിനിമയുടെ സൗന്ദര്യവും, മിഡിലീസ്റ്റ് രാജ്യങ്ങളില്‍ അമേരിക്കന്‍ സൈന്യം നടത്തിയ എണ്ണ യുദ്ധങ്ങളുടെ രാഷ്ട്രീയം പകര്‍ത്തിയ ജെറമി ഏര്‍പ്പ് സംവിധാനം ചെയ്ത ബ്ലെഡ് ആന്റ് ഓയിലിന്റെ ഒഴുക്കും ആന്റി സ്റ്റേണിനെ വായിക്കുമ്പോള്‍ മനസ്സിലാകും.

എണ്ണയെ ചുറ്റിപറ്റിയുള്ള രാഷ്ട്രീയ വൈജാത്യങ്ങളെ സൈദ്ധാന്തികമായി വായിക്കാനും സ്റ്റേണ്‍ ധൈര്യം കാണിക്കുന്നുണ്ട്. കോണ്‍സ്പിറസി തിയറിസ്റ്റുകള്‍ വിശ്വസിക്കുന്നത് സുയസ് പ്രതിസന്ധി, ഇറാന്‍-ഇറാഖ് യുദ്ധം, ബിയഫ്ര യുദ്ധം, അംഗോളയിലും ഛാഡിലും അരങ്ങേറിയ യുദ്ധം തുടങ്ങിയവയിലെല്ലാം എക്‌സോണ് മൊബില്‍, എല്‍ഫ് തുടങ്ങിയ എണ്ണ കമ്പനികളുടെ ഇടപെടലുകളായിരുന്നു വില്ലന്‍ വേഷം അണിഞ്ഞതെന്നാണ്. ഈ ഒരു ചിന്താധാരയെ വ്യക്തമാക്കുന്നതില്‍ സ്റ്റേണ്‍ നടത്തിയ ഇടപെടല്‍ തീര്‍ത്തും പ്രസക്തമാണ്. 1920 മുതലുള്ള മള്‍ട്ടി നാഷനല്‍ കമ്പനികള്‍, ഗവണ്‍മെന്റുകള്‍ തുടങ്ങിയവയുടെ ഇടപെടലുകള്‍, രാഷ്ട്രീയം, സെക്ക്യൂരിറ്റി, വില്‍പ്പന, യുദ്ധം തുടങ്ങിയ എണ്ണയുമായി ബന്ധപ്പെട്ട സകല മേഖലയെയും സ്റ്റേണ്‍ ഇതിനുവേണ്ടി വരച്ചുകാട്ടുന്നുണ്ട്. ആന്റി സ്റ്റേണ്‍ തന്റെ പുസ്തകം ആരംഭിക്കുന്നത് ഇരുപതാം നൂറ്റാണ്ടില്‍ ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ വന്‍കിട രാഷ്ട്രങ്ങള്‍ മൂന്നാം ലോകത്തിന്റെ ഭൂമികളെ കോളനിയാക്കി എണ്ണ ഖനനം ചെയ്യുന്നതിന്റെ കഥ പറഞ്ഞിട്ടാണ്. ഒപ്പം 1839 ല്‍ ഒരു ദരിദ്രകുടുംബത്തില്‍ ജനിച്ച റോക്‌ഫെല്ലര്‍ എന്ന യുവാവിന്റെ അതിസാഹസികമായ ജീവിതചരിത്രവും സ്റ്റേണ്‍ വിവരിക്കുന്നുണ്ട്.

റോക്‌ഫെല്ലറുടെ കഥ പറയാതെ ഈ പുസ്തകം പരിപൂര്‍ണമാകില്ലെന്ന് ഈ പുസ്തകത്തിന്റെ വായനയില്‍ നമുക്ക് മനസ്സിലാകും. ഒരു ഗുമസ്തനായിട്ട് ജീവിതം തുടങ്ങിയ റോക്‌ഫെല്ലര്‍ രണ്ട് ഇംഗ്ലീഷുകാര്‍ക്കൊപ്പം പങ്കാളിത്ത ബിസിനസ് തുടങ്ങുകയും പിന്നീട് അവരില്‍ നിന്ന് വില കൊടുത്ത് സ്വന്തമാക്കുകയും ചെയ്തു. എങ്ങനെ കൂടുതല്‍ ലാഭം കൊയ്യാം എന്നു മാത്രം ശ്രദ്ധിച്ച റോക്‌ഫെല്ലര്‍ പണക്കാരനാകാന്‍ തുടങ്ങി. മണ്ണെണ്ണ ഉല്‍പാദനത്തിലെ ഉപോല്‍പന്നങ്ങള്‍ക്ക് പുതിയ വിപണി തിരഞ്ഞും പണം മുടക്കാതെ, ഉപയോഗശൂന്യമായ വീപ്പകളില്‍ നിന്ന് മുറിച്ചെടുത്ത് സ്വന്തമായി വീപ്പകള്‍ നിര്‍മിച്ചുമൊക്കെയായിരുന്നു ഇത്. 1870 ല്‍ പത്തുലക്ഷം പൗണ്ട് മൂലധവുമായി സ്റ്റാന്‍ഡേര്‍ഡ് ഓയില്‍ ആരംഭിക്കുമ്പോള്‍ വളരെ ചെറുപ്പമായിരുന്ന അദ്ദേഹം പിന്നീട് 1875 ആയപ്പോഴേക്കും അമേരിക്കന്‍ എണ്ണ ശുദ്ധീകരണശേഷിയുടെ 95 ശതമാനവും തന്റെ കരങ്ങളിലാക്കി. ടെക്‌സാസ്, ഓക്ലഹോമ, കാലിഫോര്‍ണിയ തുടങ്ങിയ സ്റ്റേറ്റുകളിലും പെന്‍സില്‍വാനിയയിലും പുതിയ എണ്ണഖനികള്‍ കണ്ടെത്തിയതോടെ അമേരിക്കന്‍ എണ്ണയുല്‍പാദനം വേഗത്തില്‍ വര്‍ധിച്ചു, ഒപ്പം റോക്‌ഫെല്ലറുടെ സമ്പത്തും. പിന്നീട് റോക്‌ഫെല്ലറെ കുറിച്ച് ഒരുപാട് ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നു. ജോണ്‍ ഡി. റോക്‌ഫെല്ലര്‍ ഒരു രാജവംശം സൃഷ്ടിച്ചുവെന്നും അമേരിക്കയില്‍ ഒരു അദൃശ്യ സര്‍ക്കാര്‍ പണിതെന്നും പുകമറയ്ക്കു പിന്നില്‍ ഭരണചക്രങ്ങള്‍ നിയന്ത്രിക്കുന്ന ഹിംസ്ര മൂലധനമായെന്നും പലരും വിശ്വസിച്ചുവെന്നാണ് മോറിസ് ബിയലി തന്റെ ‘റോക്‌ഫെല്ലറുടെ വീട്’ എന്ന പുസ്തകത്തില്‍ പറയുന്നത്.

വിശ്വസിക്കാനാവാത്ത പല നഗ്‌നസത്യങ്ങളും വിളിച്ചുപറയാന്‍ ധൈര്യം കാണിക്കുന്ന ആന്റി സ്റ്റേണിന്റെ ഈ പുസ്തകം എണ്ണയെ ചുറ്റിപറ്റിയുള്ള രാഷ്ട്രീയം, മതം, വരുമാനം, വിനിമയം, നയതന്ത്രങ്ങള്‍, കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍, അറബ് പ്രതിസന്ധികള്‍, ഗള്‍ഫ് യുദ്ധം, തുടങ്ങിയ മേഖലകളെ ഡോക്യുമെന്റ് ചെയ്ത് ചര്‍ച്ച ചെയ്യുന്നുണ്ട്. അമേരിക്കന്‍ ലോബികള്‍ മെക്‌സിക്കോ, വെനിസ്വേല, ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങള്‍, അറബ് രാജ്യങ്ങള്‍ എന്നിവയിലെല്ലാം നടത്തിയ നരനായാട്ടുകളെയും ഒപ്പം ജോര്‍ജ്. ഡബ്യു. ബുഷ് സദ്ദാം ഹുസൈന്റെ കാലത്ത് ഇറാഖില്‍ നടത്തിയ കൊലപാതകങ്ങളെയും അക്ഷരാര്‍ത്ഥത്തില്‍ സ്റ്റേണ്‍ ചൂണ്ടികാണിക്കുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് യുദ്ധത്തിനുള്ള വാഹനങ്ങളും ആയുധങ്ങളും നിര്‍മിക്കാനും, പ്രവര്‍ത്തിക്കാനും കൂടുതല്‍ എണ്ണ വേണ്ടിവന്നു എന്നതു മുതലാണ് ആധുനിക കാലത്തെ എണ്ണക്കുള്ള ചോദനയും അതിനുവേണ്ടിയുള്ള പരക്കംപാച്ചിലും തുടങ്ങുന്നത്. എന്നാല്‍ ‘യുദ്ധത്തിന് എണ്ണ’ എന്നതു പരിണമിച്ച് ‘എണ്ണക്കുവേണ്ടിയുള്ള യുദ്ധം’ എന്ന നിലവന്നത് വര്‍ത്തമാനകാലത്താണ്.

എണ്ണയെ തുടര്‍ന്നുള്ള തര്‍ക്കങ്ങള്‍ക്ക് അറബ് രാഷ്ട്രങ്ങള്‍ വേദിയാവുകയും യുദ്ധങ്ങളുടെയും നയതന്ത്രരൂപീകരണത്തിന്‍െയും മറപിടിച്ച് ഇത്തരം വേദികളിലേക്ക് പാശ്ചാത്യര്‍ കടന്നുകയറുകയും ചെയ്തപ്പോള്‍ നഷ്ടപ്പെട്ടതെല്ലാം അറബ് രാഷ്ട്രങ്ങള്‍ക്കായിരുന്നു. ഇറാനിലെ മുസദ്ദിഖ് ഭരണകൂടത്തെ അട്ടിമറിച്ച സംഭവം ഇതിനൊരു ഉദാഹരണം. 1953 ല്‍ മുസദ്ദിഖ് എണ്ണ വ്യവസായം ദേശസാല്‍ക്കരിച്ചതായിരുന്നു പ്രകോപനം. അന്നുവരെ ഇറാനിലെ എണ്ണ വ്യവസായം അടക്കിഭരിച്ചിരുന്നതും ,പിന്നീട് ബ്രിട്ടീഷ് പെട്രോളിയം (ബി.പി) ആയി മാറിയതുമായ ആംഗ്ലോ ഇറാനിയന്‍ ഓയില്‍ കമ്പനിയെ രക്ഷിക്കാന്‍ വേണ്ടി ഈ ഉപജാപത്തിന് സി.ഐ.എയാണ് രംഗത്തിറങ്ങിയത് എന്നതും അത് ബ്രിട്ടീഷ് ചാരസംഘത്തിന്റെ അപേക്ഷ അനുസരിച്ചായിരുന്നുവെന്നും അതിനുപിന്നില്‍ അമേരിക്കന്‍ താല്‍പര്യങ്ങളും ഉള്‍പെട്ടിരുന്നുവെന്നതും ഇന്നും നിഷേധിക്കപ്പെടാത്ത സത്യങ്ങളാണ്. അതിനു വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ പശ്ചിമേഷ്യയിലെ എണ്ണയുടെ മേല്‍ അമേരിക്കയുടെ സ്വാധീനത്തിനു വേണ്ടിയുള്ള ശ്രമം തുടങ്ങിയിരുന്നു എന്നും പറയാം.

എണ്ണയുടെ ആവശ്യം പ്രതിവര്‍ഷം രണ്ടുശതമാനം എന്ന കണക്കില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഖത്തറിനെ ചുറ്റിപറ്റിയുള്ള ആലോചനകളും ചിന്തകളും പടിഞ്ഞാറിനെ പിടിച്ചുകുലുക്കിയത്. 2025 ഓടെ ഇപ്പോള്‍ പ്രതിദിനം 81 ദശലക്ഷം വീപ്പ എണ്ണ വേണമെന്നത് 121 ദശലക്ഷമായി ഉയരുമെന്നാണ് സൂചന. ഈ സൂചനയുടെ അടിസ്ഥാനത്തിലാണ് യൂറോഅമേരിക്കന്‍ കുത്തക കമ്പനികള്‍ പുതിയ നയതന്ത്രങ്ങളുമായി ഗള്‍ഫ് രാജ്യങ്ങളെ കീഴടക്കാന്‍ ശ്രമിക്കുന്നത്. ഖത്തര്‍ പ്രതിസന്ധിയും മിഡ്‌ലീസ്റ്റിലെ എണ്ണയെ ചൊല്ലിയുള്ള തര്‍ക്കങ്ങളും ദൈനംദിനം അറബ് രാഷ്ട്രങ്ങളുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുമ്പോള്‍ തീര്‍ത്തും പ്രസക്തമായ പുസ്തകമാണ് ആന്റി സ്റ്റേണിന്റെ എണ്ണ യുദ്ധങ്ങളുടെ രാഷ്ട്രീയം. പുസ്തകത്തിന്റെ അവസാനഭാഗത്ത്, സദ്ദാം പണിത വീട് ചുട്ടെരിക്കുന്നു എന്ന അധ്യായത്തില്‍ സ്റ്റേണ്‍ നടത്തിയ ഇടപെടലുകള്‍, മിഡിലീസ്റ്റിലെ എണ്ണ രാഷ്ട്രീയത്തെ ചൊല്ലിയുള്ള നയതന്ത്രബന്ധങ്ങള്‍, അമേരിക്കന്‍ ഇടപെടലുകള്‍ തുടങ്ങിയവയയെല്ലാം വ്യക്തമാക്കുന്നുണ്ട്.

പുസ്തകത്തിന്റെ ആമുഖത്തില്‍ പി.വി. സഈദ് മുഹമ്മദ് നടത്തിയ ഒരു നിരീക്ഷണം തീര്‍ത്തും വിലപ്പെട്ടതാണ്. ‘ഒരു ക്രോണിക് എന്ന നിലക്ക് ഈ പുസ്തകം നല്കുന്ന പല വിവരങ്ങളും വിലപ്പെട്ടതാണെങ്കിലും സമീപകാല സംഭവങ്ങളുടെ കാര്യത്തില്‍ പല വിവരങ്ങളും അല്‍പ്പായുസ്സുള്ളവയാണ്. ആനുകാലികങ്ങളില്‍ നിന്ന് വ്യത്യസ്തമായി ദീര്‍ഘകാലം വായിക്കേണ്ട രചനയായ പുസ്തകത്തിന് യോജിച്ചവയല്ല അവയില്‍ പലതും. എന്നാല്‍, വസ്തുതകള്‍ ധാരാളമായി ഉണ്ടെന്നതും കാണാതിരുന്നുകൂടാ’. അദര്‍ ബുക്‌സിന് വേണ്ടി ഈ പുസ്തകത്തിന്റെ മൊഴിമാറ്റം നടത്തിയ ആര്‍. കെ. ബിജുരാജ്. യല്‍ദോ എന്നിവര്‍ തീര്‍ത്തും ആത്മാര്‍ത്ഥയോടെയാണ് ഇതിനെ പരിഭാഷപ്പെടുത്തിയത് എന്നു പറയാം. മാത്രമല്ല, പുസ്തകത്തിന് അതിമനോഹരമായ അവതാരിക എഴുതിയ പി.വി സഈദ് മുഹമ്മദും തന്റെ കര്‍മം ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്.

 

ഫാസില്‍ ഫിറോസ്