Campus Alive

കൊറോണയും ഹദീസുകളിലെ പകർച്ചവ്യാധിയും: സംക്രമണത്തിന്റെ ഇസ്‌ലാമിക മാനങ്ങൾ

ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളെയും നിശ്ചലമാക്കി അനേകായിരങ്ങളുടെ ജീവൻ കവർന്ന കൊറോണ വൈറസ് പുതിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മറ്റു മനുഷ്യരിലേക്കും പടർന്ന് കൊണ്ടിരിക്കുന്ന ഈ വൈറസ് ജനജീവിതം പൂർണ്ണമായി സ്തംഭിപ്പിച്ചിരിക്കുകയാണ്. വൈറസ് പടരുമെന്ന ഭീതിയിൽ ആരാധനാലയങ്ങളും  പാഠശാലകളുമടക്കം ജനങ്ങൾ ഒരുമിച്ച് കൂടുന്നിടമെല്ലാം വിലക്കപ്പെട്ടിരിക്കുകയാണ്. ഒരു സാമൂഹിക ജീവിത ദർശനമെന്ന നിലക്ക് ഇസ്‌ലാമിൽ പകർച്ചവ്യാധിയെയും മറ്റു രോഗങ്ങളെക്കുറിച്ചും നിരവധി അധ്യാപനങ്ങളും നിർദേശങ്ങളും നമുക്ക് കാണാം. എന്നാൽ ഈ ഘട്ടത്തിൽ പകർച്ചവ്യാധിയെ പറ്റിയുള്ള ഹദീസുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുകയും തിരുനബിയുടെ സന്ദേശങ്ങൾ വൈരുദ്ധ്യാത്മകമാണെന്ന് വരുത്തിത്തീർക്കാനും ചിലർ ശ്രമിക്കുന്നുണ്ട്. അത്തരക്കാരുടെ അബദ്ധ വാദങ്ങളെ തിരുത്തി പകർച്ചവ്യാധിയെ പറ്റിയുള്ള ഇസ്‌ലാമിന്റെ യഥാവിധിയെ വായിക്കാനുള്ള ശ്രമമാണിത്.

പകർച്ചവ്യാധികളെക്കുറിച്ച് വന്ന ഹദീസുകളുടെ  ബാഹ്യാർത്ഥം പരിശോധിക്കുമ്പോൾ ചിലത് പകർച്ചവ്യാധി ഉണ്ട് എന്നും മറ്റ് ചിലത് രോഗം പകരുകയില്ല എന്നും സാധൂകരിക്കുന്നുണ്ട്. ഹദീസുകളുടെ പൊരുൾ മനസ്സിലാക്കാതെ കേവല ബാഹ്യാർത്ഥം കൊണ്ട് വിരുദ്ധചേരിയിലാക്കാൻ ശ്രമിക്കുന്നവർ മതത്തിന്റെ സാമൂഹിക വികാസത്തോട് അജ്ഞത പുലർത്തുന്നവരാണ്. പകർച്ചവ്യാധിയില്ലെന്നതിന് വ്യാപകമായി തെളിവാക്കുന്ന ഹദീസാണ് “ലാ അദ്‌വ (രോഗം പടരില്ല)” എന്നത്. ആരോഗ്യമുള്ള ഒട്ടകത്തിനെ രോഗമുള്ള ഒട്ടകത്തിനടുത്ത് കെട്ടുമ്പോൾ അതിനും രോഗം വരുന്നു എന്ന് ഒരു സ്വഹാബി  വേവലാതിപ്പെട്ടപ്പോൾ ”ആദ്യം ആര് പരത്തി” എന്ന നബി തങ്ങളുടെ ചോദ്യവും ഇമാം തിർമുദി റിപ്പോർട്ട്‌ ചെയ്ത ഹദീസിൽ കുഷ്‌ഠ രോഗിയുടെ കൈ പിടിച്ച്  ശേഷം റബ്ബിന്റെ  നാമം ചൊല്ലി  തവക്കുലാക്കി(ഭരമേൽപ്പിച്ച്) കൂടെ ഭക്ഷിക്കൂ എന്ന കല്പനയും പകർച്ചവ്യാധി ഇല്ല  എന്നതിലേക്ക് സൂചന നൽകുന്നുണ്ട്. എന്നാൽ “സിംഹത്തിൽ നിന്ന് ഓടുന്നത് പോലെ നീ കുഷ്‌ഠ രോഗിയിൽ നിന്ന് ഓടുക”എന്ന ഹദീസും ‘രോഗമുള്ള നാട്ടിലേക്ക് പോകരുതെന്നും, രോഗമുള്ള നാട്ടിലാണ് നീ ഉള്ളതെങ്കിൽ പുറത്ത് കടക്കരുതെന്നുമുള്ള’ പൂർണ്ണ ഐസൊലേഷന്റെ അനിവാര്യത ആവശ്യപ്പെടലും “രോഗബാധിതരെ രോഗമില്ലാത്തവരുടെ അടുത്ത് കൊണ്ട് വരരുത്” എന്നീ തിരുനബി കല്പനയും പകർച്ച വ്യാധി ഉണ്ട് എന്നതിലേക്കും സൂചിപ്പിക്കുന്നു!!!

യഥാർത്ഥത്തിൽ രോഗം പടരുമോ?? പടരില്ലെങ്കിൽ പിന്നെ നാം കേട്ടറിഞ്ഞ മഹാമാരികൾ എങ്ങെനെയാണ് ലക്ഷങ്ങളെ കൊന്നൊടുക്കിയത്.? ഇവിടെ തിരുവചനത്തിന്റെ ബാഹ്യാർത്ഥം മാത്രമെടുക്കുന്ന, യാഥാർത്ഥ്യം അറിയാത്ത അതല്ലെങ്കിൽ മനസ്സിലാക്കാൻ ശ്രമിക്കാത്ത ചില സാധുക്കൾ ഈ ഹദീസിനെ മുൻനിർത്തി ഹദീസുകൾ പരസ്പര വിരുദ്ധമാണെന്ന് വിശ്വസിക്കുന്നു. ‘രോഗമുള്ളതിനെ രോഗമില്ലാത്തത്തിലേക്ക് കൊണ്ട് വരരുത്’ എന്ന ഹദീസ് പകർച്ചവ്യാധിയിൽ നിന്ന് രക്ഷപ്പെടാൻ കല്പിക്കുമ്പോൾ ‘അള്ളാഹുവിനെ തവക്കുലാക്കി കൂടെ ഭക്ഷിക്കൂ’ എന്ന ഹദീസ് പകർച്ചവ്യാധിയില്ല എന്നും എന്നാൽ “രോഗം പടരില്ല. സിംഹത്തിൽ നിന്ന് ഓടുന്നത് പോലെ കുഷ്‌ഠ രോഗിയിൽ നിന്ന് നീ ഓടുക” എന്ന ഹദീസിന്റെ ആദ്യ ഭാഗം പകർച്ച വ്യാധി ഇല്ല എന്നും രണ്ടാം ഭാഗം ഉണ്ട് എന്നും ഒരേ സമയം സ്ഥിരപ്പെടുത്തുന്നു!!!. ഹദീസിൽ വൈരുദ്ധ്യാത്മകത നിലനിൽക്കുന്ന കാലത്തോളം അത് ദിവ്യ സന്ദേശം (വഹ്‌യ്) അല്ലെന്നും മനുഷ്യനെന്ന നിലയിൽ നബിക്ക് സംഭവിച്ച അബദ്ധമാണെന്നുമിവർ വാദിക്കുന്നു. ഇബ്നു ഖൽദൂൻ ഇവരിൽ പ്രമുഖനാണ്. മുഹമ്മദ് മുനീർ ദഹബിന്റെ  സ്വറാഉൽ ഉസൂലിയ്യാത്  എന്ന ഗ്രന്ഥത്തിൽ ഇബ്നു ഖൽദൂന്റെ  ഈ കാഴ്ചപ്പാടിനെ കുറിച്ച്  വിവരിക്കുന്നതായി കാണാം. ”ഹദീസിൽ നിവേദനം ചെയ്തു വന്നതായ ചികിത്സാ രീതികൾ വഹ്‌യല്ലെന്നും അറബികളുടെ പതിവിൽ പെട്ടത് നബിയുടെ വാക്കിലും പ്രവർത്തനത്തിലും കടന്ന് വന്നതാണെന്നും അത് കൊണ്ട് തന്നെ അത് ദീനിൽ സ്ഥിരപെട്ടതല്ലെന്നുമാണ് ഇബ്നു ഖൽദൂൻ വാദിക്കുന്നത്. നബി തങ്ങൾ നിയോഗിക്കപ്പെട്ടത് മതം പഠിപ്പിക്കാനാണെന്നും ചികിത്സാ രീതികൾ പോലെയുള്ള പതിവ് കാര്യങ്ങൾ പഠിപ്പിക്കാനുമല്ല എന്നതാണിതിന്റെ കാരണം. ഈന്തപ്പഴത്തിന്റെ പരാഗണവുമായി ബന്ധപ്പെട്ട് നബി തങ്ങൾക്ക് സംഭവിച്ചതും ശേഷം ”അൻതും അഅലമു ബി ഉമൂരി ദുൻയാകും” (ദുനിയാവിന്റെ വിഷയത്തിൽ നിങ്ങളാണ് കൂടുതൽ അറിവുള്ളവർ) എന്നരുളിയതും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ, നിവേദനം ചെയ്തു വന്നതായ ചികിത്സാ രീതികൾ ബറകത്ത് എന്നതിലപ്പുറം നാം പിന്തുടരേണ്ട ആവശ്യമില്ല (സ്വറാഉൽ ഉസൂലിയ്യാത് 128). അത്ഭുതം തന്നെ. എത്ര നിസ്സാരമായാണ് തിരുമൊഴിയുടെ സൗന്ദര്യത്തെയും പൊരുളുകളെയും നിഷേധിക്കുന്നത്. നബി തങ്ങളുടെ സംസാരം വഹ്‌യ് മുഖേനെയാണെന്നും ജനങ്ങൾക്ക് മതപരവും ഭൗതികവുമായ സർവ്വ വിജ്ഞാനങ്ങളും പഠിപ്പിക്കാൻ വേണ്ടിയാണ് അവിടുന്ന് നിയോഗിക്കപ്പെട്ടതെന്നും നിസ്സംശയം സ്ഥിരപ്പെട്ട വസ്തുതയാണെന്നിരിക്കെ ഇങ്ങനെയുള്ള മുടന്തൻ ന്യായങ്ങൾക്ക് അൽപായുസ്സ് മാത്രമേയുള്ളൂ.

“എല്ലാ സമുദായത്തിലും അവരിൽ നിന്ന് തന്നെ അവരിലേക്ക് ഒരു സാക്ഷിയെ അയക്കുന്ന ദിവസം ഇക്കൂട്ടരുടെ മേൽ സാക്ഷിയായി നബിയേ അങ്ങയെ നാം കൊണ്ടുവരുന്നതാണ്, മാർഗദർശനമായും കാരുണ്യമായും  മുസ്‌ലിംകൾക്കൊരു സന്തോഷ വാർത്തയായും എല്ലാ കാര്യങ്ങൾക്കുമുള്ള വിവരണമായും അങ്ങയുടെ മേൽ നാം വേദഗ്രന്ഥത്തെ അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു”(നഹ്ൽ 89) ”എന്റെ ആയത്തുകൾ പാരായണം ചെയ്തു തരികയും നിങ്ങളെ സംസ്കരിക്കുകയും വിശുദ്ധ ഗ്രന്ഥവും വിജ്ഞാനവും നിങ്ങൾക്ക് അറിയാത്ത എല്ലാ കാര്യങ്ങളും പഠിപ്പിച്ചു തരികയും ചെയ്യുന്ന ഒരു പ്രവാചകനെ നിങ്ങളിലേക്ക് അയച്ചത് പോലെ”(അൽ ബഖറ 151). എല്ലാ കാര്യവും പഠിപ്പിക്കാൻ വേണ്ടി നിയുക്തമായത് തന്നെയാണ്  നബിയെന്ന് ഈ ഖുർആനിക സൂക്തങ്ങൾ അടി വരയിടുന്നുണ്ട്. “അവിടുന്ന് സ്വന്തം ഇച്ഛ പ്രകാരം ഒന്നും പറയുകയില്ലെന്നും പറയുന്നതെല്ലാം ദിവ്യ സന്ദേശം (വഹ്‌യ്) മുഖേനെ മാത്രമാണെന്നുമുള്ള”  അള്ളാഹുവിന്റെ പ്രഖ്യാപനം അറബി സാഹിത്യത്തിൽപെട്ട ഹസ്റിന്റെ (ക്ലിപ്തപ്പെടുത്തൽ) വാചകങ്ങൾ ഉപയോഗിച്ചു കൊണ്ടാണ്. അറബി നിയമപ്രകാരം ഒരു ഹസ്വർ വന്നാൽ, അത് ആപേക്ഷിക ക്ലിപ്തപ്പെടുത്ത(ഹസ്ർ ഇളാഫിയ്യ്) ലാണെന്ന് തെളിയാത്ത കാലത്തോളം, അത് യഥാർത്ഥ ക്ലിപ്തപ്പെടുത്തൽ(ഹസ്ർ ഹക്കീകിയ്യ്) ആയിരിക്കും. അത് തന്നെയാണ് അല്ലാഹുവിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നതും. അഥവാ മതം ഭൗതികം എന്ന ആപേക്ഷികതക്കപ്പുറം നബി തങ്ങൾ പറയുന്നതെന്തും വഹ്‌യ് തന്നെയാണ്. നബിയുടെ ചികിത്സാ രീതികൾ വഹ്‌യല്ലെന്നും മനുഷ്യനെന്ന നിലക്ക് വന്ന്  പോയ പിഴവാണെന്നും പറയുന്നവരുടെ ന്യായം പ്രാമാണിക വസ്തുതയുടെ നിരാകരണത്തോടൊപ്പം ഇത്തരം ഭാഷാ പ്രയോഗങ്ങളെക്കുറിച്ചുള്ള അജ്ഞതയുമാണ്. ഇങ്ങനെയിരിക്കെ ‘ദുൻയാവിന്റെ കാര്യത്തിൽ നിങ്ങളുടെയത്ര വിവരമില്ലാത്തവനാണ് ഞാൻ’ എന്ന് ”അൻതും അഅലമു ബി ഉമൂരി ദുൻയാകും” എന്ന തിരുവചനത്തിന് അർത്ഥം നൽകുന്നതെത്ര ബാലിശമാണ്. ഇതിന്റെ ശരിയായ അർത്ഥം മനസ്സിലാക്കാൻ, ഹദീസിന്റെ പശ്ചാത്തലവും  അതുമായി സാമ്യമുള്ള ഹദീസുകളും മനസ്സിലാക്കൽ അത്യാവശ്യമാണ്.

വിശ്രുത പണ്ഡിതൻ സയ്യിദ് അലവി മാലികി തന്റെ ‘അൽ ഇൻസാനുൽ കാമിലിൽ’ പറയുന്നത് പോലെ, നബി തങ്ങൾ അനുചരന്മാരുടെ തവക്കുലും കാരണങ്ങളോട് ബന്ധപ്പെടാതെയുള്ള, അല്ലാഹുവിലുള്ള അപാരമായ വിശ്വാസത്തെയും പരീക്ഷിക്കാറുണ്ട്. അബൂ റാഫിഇനെ തൊട്ട് അഹ്മദ് റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ അത് സുവ്യക്തമാണ്. ഹദിയ കിട്ടിയ ആടിനെ വേവിക്കുന്ന സമയത്ത് നബി തങ്ങൾ കയറിവരികയും അതെന്താണെന്ന് ചോദിക്കുകയും ചെയ്തു. ഹദിയ കിട്ടിയ ആടിനെ വേവിക്കുകയാണെന്ന് പറഞ്ഞപ്പോൾ ഒരു  കൊറുക് കൊണ്ട് വരാൻ കല്പിച്ചു. ശേഷം വീണ്ടും കൊറുക് ആവശ്യപ്പെട്ടു. മൂന്നാമതായും കൊറുക് കൊണ്ടു വരാൻ കല്പിച്ചപ്പോൾ അബൂ റാഫി ചോദിച്ചു. ”ഒരാടിന് രണ്ട് കൊറുകല്ലേ ഉണ്ടാവൂ നബിയേ….” ആടിന് എത്ര കൊറുക് ഉണ്ടാവുമെന്ന് നബിക്കറിയില്ലേ? പിന്നെന്തിനാണ് വീണ്ടും കൊണ്ടുവരാൻ കല്പിച്ചത്? ഈ ഹദീസ് മുൻനിർത്തി നബി ജാഹിലാണെന്നും കൊറുകിന്റെ എണ്ണം പോലുമറിയാത്ത വിവരമില്ലാത്തവനാണെന്നും ഈ വിമർശകർ വാദിക്കുമോ? അപ്പോൾ മൂന്നാമതായി കൊറുക് കൊണ്ട് വരാൻ കല്പിച്ചത് അബൂ റാഫിഇൻ്റെ  തവക്കുൽ പരീക്ഷിക്കാനായിരുന്നു. ”നീ മിണ്ടാതിരുന്നെങ്കിൽ ഇനിയും ധാരാളം കൊറുക് നീ തരുമായിരുന്നു” എന്ന മറുപടിയും ഇതിലേക്കുള്ളൊരു സൂചനയാണ്. അഥവാ, ഞാൻ പറഞ്ഞ പ്രകാരം (കാരണം നോക്കാതെ) നീ പാത്രത്തിൽ കയ്യിട്ടിരുന്നെങ്കിൽ നിനക്കിനിയും കൊറുക് ലഭിക്കുമായിരുന്നു. ഇതിനു സമാനമാണ് ഈത്തപ്പഴ പരാഗണ സംഭവവും. ഈത്തപ്പഴം ധാരാളമായുള്ള മദീനയിൽ താമസിച്ച വ്യക്തി എന്ന നിലക്ക് പരാഗണം ചെയ്താൽ ഫലം വർധിക്കുമെന്നത് നബി തങ്ങൾ അറിയാതിരിക്കാൻ വകയില്ല. പരാഗണം വർധനവിനൊരു കരണമാണല്ലോ. അപ്പോൾ കാരണവുമായി ബന്ധപ്പെടാതെയുള്ള, അല്ലാഹുവിന്റെ മേലുള്ള തവക്കുലിനെ പരീക്ഷിക്കാൻ വേണ്ടിയാണ് പരാഗണം ഉപേക്ഷിക്കാൻ നബി കല്പിച്ചത്. കൊറുകിന്റെ വിഷയത്തിൽ അബൂ റാഫി പരാജയപ്പെട്ടത് പോലെ ഈത്തപ്പഴത്തിന്റെ വിഷയത്തിൽ അനുചരന്മാർ പരാജയപ്പെട്ടപ്പോഴാണ് ”അൻതും അഅലമു ബി ഉമൂരി ദുൻയാകും” എന്ന്  നബി പറഞ്ഞത്.

”അഅലമു” എന്ന വാചകം പരമശ്രേഷ്ഠത (അഫ്‌ളലു തഫ്ളീൽ)യെ കുറിക്കുന്നത് കൊണ്ട് തന്നെ അതിനൊരു ശ്രേഷ്ഠീയർ(മുഫള്ളൽ അലൈഹി) ഉണ്ടാവൽ നിർബന്ധമാണ്. ഭാഷയിലെ ഈ ശ്രേണീകരണമറിയാത്തവർ “നിങ്ങളുടെ ദുനിയാവിന്റെ കാര്യത്തിൽ എന്നെക്കാൾ നിങ്ങളാണ് അറിവുള്ളവർ” എന്നർത്ഥത്തിൽ തിരുവാക്യത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. എന്നാൽ അല്ലാമാ ബന്നാനി തന്റെ ഹാശിയതുൽ ബന്നാനിയിൽ വിശദീകരിക്കുന്നത് പോലെ, അത് ദീനിന്റെ കാര്യങ്ങളാണ്. അഥവാ ”നിങ്ങളുടെ ദീനിയ്യായ കാര്യങ്ങളേക്കാൾ ദുനിയാവിന്റെ  കാര്യത്തിലാണ് നിങ്ങൾക്ക് അറിവുള്ളത്”. തവക്കുൽ എന്ന ദീനിയ്യായ കാര്യത്തിൽ പരാജയപ്പെട്ട സമയത്തുണ്ടായ ഈ ഒരു പ്രയോഗത്തിന് ഈ അർത്ഥം തന്നെയാണ് ഉചിതമാകുന്നതും. കേരളീയ പണ്ഡിതൻ നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്ലിയാർ രചിച്ച വിശ്രുത ഹദീസ് ഗ്രന്ഥമായ മിഷ്കാതുൽ മസാബീഹിന്റെ വിശദീകരണ ഗ്രന്ഥമായ മിർആതിൽ ഇങ്ങനെ കാണാം. ‘അഅലമു” എന്ന വാചകം രണ്ടർത്ഥത്തിന് വരും, “ഏറ്റവും അറിയുന്നവൻ” എന്നർത്ഥത്തിനും “ഞാൻ അറിയുന്നു” എന്നർത്ഥത്തിനും. രണ്ടാമത്തെ അർത്ഥ പ്രകാരം ”നിങ്ങളുടെ ദുനിയാവിന്റെ കാര്യം ഞാൻ അറിയുന്നവനാണ്” എന്ന് വരും. കിതാബിന്റെ ശൈലിയിൽ അർത്ഥം പറയുകയാണെങ്കിൽ ”നിങ്ങളാകുന്നത്, നിങ്ങളുടെ ദുനിയാവിന്റെ കാര്യം ഞാനറിയുന്നതാണ്” (പ്രബലമല്ലെങ്കിലും ഇതും ഒരു സാധ്യതയാണ്). ചുരുക്കത്തിൽ, വിമർശകരുടെ വിമർശനങ്ങൾ നിലംപതിക്കുകയും ഹദീസിന്റെ പവിത്രത കാലാതീതമായി വർദ്ധിക്കുകയും ചെയ്യുന്നു.

മറ്റു ചിലർ പറയുന്നത് ”രോഗമുള്ളതിനെ ആരോഗ്യമുള്ളതിലേക്ക് കൊണ്ട് വരരുത്” എന്ന ഹദീസ് ”ലാ അദ്‌വാ” എന്ന ഹദീസ് കൊണ്ട് ദുർബലം (നസ്ഖ്) ആയിട്ടുണ്ടെന്നും അത് കൊണ്ട് തന്നെ പകർച്ചവ്യാധി ഇല്ല എന്നുമാണ്. ഇതിനുള്ള മറുപടി ഇമാം നവവി പറയുന്നുണ്ട് “ഇമാം മാദിരിയും ഖാളി ഇയാളും ചില പണ്ഡിതന്മാരെ തൊട്ട് ഉദ്ധരിച്ചത് ”രോഗമുള്ളതിനെ രോഗമില്ലാത്തതിലേക്ക് കൊണ്ട് പോകരുതെന്ന” ഹദീസ് “ലാ അദ്‌വാ” എന്ന ഹദീസ് കൊണ്ട് ദുർബല(നസ്ഖ്) മായിട്ടുണ്ടെന്നാണ്. രണ്ട്  രീതിയിൽ വാസ്തവത്തോടെതിരാണീ അഭിപ്രായം. ഒന്നാമതായി, ഹദീസ് നസ്ഖ് ആണെന്ന് വിധിക്കണമെങ്കിലുള്ള നിബന്ധനയാണ് പരസ്പരം ഒത്തുചേർക്കാൻ (ജംഅ) സാധിക്കാതിരിക്കുക എന്നത്. ആ ഒരു പ്രശ്നം ഇവിടെയില്ല എന്ന് മാത്രമല്ല, നാമതിനെ ഒത്തുചേർത്തിട്ടുമുണ്ട്. രണ്ടാമതായി, ദുർബലമാക്കുന്നത്(നാസിഖ്) ശേഷം വന്നതാണെന്ന് തുടങ്ങി, അതിന്റെ പൂർണ ചരിത്രമറിയലും നിബന്ധനയാണ്. അതും ഈ ഹദീസുകളിൽ  നമുക്ക് കാണാൻ സാധിക്കില്ല (ശറഹ് മുസ്‌ലിം 14/434). ഉദ്ധരിക്കപ്പെട്ടതായ ഹദീസുകളൊക്കെ യാഥാർത്ഥ്യമാണെന്നും നബി തങ്ങളിൽ നിന്ന് സ്വഹീഹായി വന്നതാണെന്നും ഇതിലൂടെ വ്യക്തമായി.

ഇനി ബാഹ്യാർത്ഥത്തിൽ വൈരുദ്ധ്യം തോന്നിപ്പിക്കുന്ന ഹദീസുകളുടെ  ശരിയായ അർത്ഥം എന്താണെന്ന് പരിശോധിക്കാം. ”ലാ അദ്‌വാ” എന്ന ഹദീസിനെ വ്യത്യസ്‌ത രീതിയിൽ പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. അല്ലാമാസുലൈമാനുൽ ജമൽ തന്റെ ഹാശിയതുൽ ജമലിലും അല്ലാമാ ബുജൈരിമി ഇമാമിന്റെ ഹാശിയതുൽ ബുജൈരിമി അലൽ ഖതീബിലും വിശദീകരിക്കുന്നത് “അദ്‌വ” എന്നാൽ, അല്ലാഹുവിന്റെ  സ്വാധീനമില്ലാതെ, രോഗം മറ്റൊരാളിലേക്ക് സ്വമേധയാ പടരുമെന്നുള്ള ജാഹിലിയാ കാലഘട്ടത്തിലെ വിശ്വാസമാണ്. “അദ്‌വ”യോടൊപ്പം മറ്റ് നിവേദനങ്ങളിൽ വന്ന ‘ത്വീറത്’, ‘ഹാമ്മത്’, ‘സ്വഫർ’ എന്നതൊക്കെ ജാഹിലിയ്യാ വിശ്വാസമായത് കൊണ്ട് തന്നെ “അദ്‌വ”യും ജാഹിലിയ്യ വിശ്വാസമാവലാണ് അനുയോജ്യം. ആ വിശ്വാസത്തെ നിഷേധിക്കുകയും അള്ളാഹുവിന്റെ അചഞ്ചലമായ നിശ്ചയം(ഖദ്ർ) കൊണ്ടും വിധി(ഖളാഅ്) കൊണ്ടുമാണ് രോഗമുണ്ടാവുകയുള്ളു എന്നാണ് ”ലാ അദ്‌വ” കൊണ്ടുള്ള ഉദ്ദേശം. പകർച്ചവ്യാധിയെക്കുറിച്ച് ആഇശാ(റ) ബീവി ചോദിച്ചപ്പോൾ നബിതങ്ങൾ പറഞ്ഞ മറുപടിയും വിരൽ ചൂണ്ടുന്നത് അതിലേക്കാണ് ”അത് റബ്ബിൽ നിന്നുള്ള ശിക്ഷയാണ്. അവനുദ്ദേശിക്കുന്നവർക്കത് പടരും. വിശ്വാസികൾക്കത് അനുഗ്രഹമാണ്. തന്റെ നാട്ടിൽ പകർച്ചവ്യാധിയുണ്ടാവുകയും, അത് അല്ലാഹു വിധിച്ചവർക്ക് മാത്രമേ ഉണ്ടാവുകയുള്ളു, എന്ന് വിശ്വസിച്ചു കൊണ്ട് ക്ഷമിച്ചിരിക്കുന്നവന് രക്തസാക്ഷിയുടെ പ്രതിഫലമുണ്ട്” (സ്വഹീഹുൽ ബുഖാരി,3287). അഥവാ രോഗം സ്വമേധയാ പടരില്ലെന്നും അള്ളാഹുവിന്റെ തീരുമാന പ്രകാരമാണ് പടരുന്നതെന്നുമാണ് യഥാർത്ഥ വിശ്വാസി മനസ്സിലാക്കേണ്ടത്.  ഹദീസിലുള്ളത് പകർച്ച വ്യാധിയുടെ ഉണ്മയെ നിഷേധിക്കലല്ലെന്നും അതിന് പിന്നിലെ കാരണം/പ്രേരകത്തെയാണ് നിഷേധിക്കുന്നതെന്നും സംക്ഷിപ്തം. എല്ലാത്തിന്റെയും പിന്നിലെ യഥാർത്ഥ കാരണം അള്ളാഹുവാണെങ്കിലും അതിന്റെ പ്രായോഗിക പ്രത്യക്ഷതക്ക് വേണ്ടി പല കാരണങ്ങളും അവൻ സൃഷ്ടിച്ച് വെച്ചിട്ടുണ്ട്. അത്കൊണ്ട് തന്നെ അള്ളാഹു ഉദ്ദേശിച്ചവർക്കേ രോഗം വരൂ എന്ന് ഉറച്ച് വിശ്വസിക്കുന്നതോടൊപ്പം രോഗാതുരതക്ക് അവൻ സംവിധാനിച്ച കാരണങ്ങളുമായി ബന്ധപ്പെടാതിരിക്കലും നമ്മുടെ ബാധ്യതയാണ്.

പകരുക എന്നത് കാരണവും രോഗമുണ്ടാവുക എന്നത് അതിന്റെ ഫലവുമാണ്. ഭൗതികമായ നമ്മുടെ മനുഷ്യ ജീവിതത്തിൽ കാരണങ്ങളെ തുടർന്നാണ് ഫലങ്ങൾ വരാറുള്ളത്. ചികിത്സിച്ചു രോഗം മാറുമ്പോൾ ചികിത്സിക്കൽ കാരണവും രോഗം മാറൽ ഫലവുമാകുന്നു. ജോലി ചെയ്ത് പണം സമ്പാദിക്കുമ്പോൾ ജോലി കാരണവും സമ്പാദ്യം ഫലമാവുന്നു. എന്നാൽ യഥാർത്ഥത്തിൽ ഈ ഫലങ്ങളൊന്നും കാരണങ്ങളെത്തുടർന്ന് വരുന്നതല്ല. അല്ലാഹുവിന്റെ തീരുമാനങ്ങൾ മാത്രമാണ്. അത് കൊണ്ട് തന്നെയാണ്, ചില സമയങ്ങളിൽ ഫലമില്ലാതെ കാരണവും കാരണമില്ലാതെ ഫലങ്ങളും ഉണ്ടാവുന്നത്. ഇബ്രാഹീം നബിയെ തീ കുണ്ഡാരത്തിലെറിഞ്ഞപ്പോൾ സംഭവിച്ചതും കുഷ്‌ഠ രോഗിയുടെ കൈ പിടിച്ച്  നബി തങ്ങൾ ഭക്ഷിച്ചതും ഇതിനൊരുദാഹരണം മാത്രം.

ഇപ്രകാരമാണ് ”ആദ്യമാരുണ്ടാക്കി” എന്ന ചോദ്യത്തെയും പണ്ഡിതന്മാർ വിശദീകരിച്ചത്. അഥവാ ആദ്യ രോഗിയിൽ മറ്റാരിൽ നിന്നും പകരാതെ അല്ലാഹുവിന്റെ തീരുമാന പ്രകാരമാണല്ലോ രോഗം ഉണ്ടായത്. അത് പോലെത്തന്നെയാണ് തുടർന്നുള്ള വ്യക്തികളിലും ഉണ്ടാവുന്നത്. അത് കൊണ്ട് തന്നെ, രോഗം അല്ലാഹുവിന്റെ തീരുമാനപ്രകാരം മാത്രമാണെന്നും മറ്റൊരു ശക്തിക്കതിൽ സ്വാധീനം ചെലുത്താൻ സാധിക്കില്ലെന്നുമിവർ പറയുന്നു. ബാഹ്യമായ കാരണങ്ങളുള്ളതും ഇല്ലാത്തതുമുണ്ടായേക്കാം. ഒന്നാമത്തെ രോഗിയിലെ കാരണം നാമറിയാത്തതും പിന്നീടുള്ളതിലെ കാരണം നാമറിയുന്നതുമാണ്. എങ്കിലും അള്ളാഹു ഉദ്ദേശിച്ചാൽ ആ കാരണത്തിന്റെ സ്വാധീനത്തെ തടയാനും അവന് സാധിക്കും. അത് കൊണ്ട് തന്നെയാണ് രോഗമുള്ളിടത്തേക്ക് പോയാൽ ചിലതിന് രോഗം പിടിപെടുന്നതും മറ്റുചിലതിന് പിടിപെടാത്തതും.

മറ്റൊരു അർത്ഥപ്രകാരം “ലാ അദ്‌വാ” എന്നത് വിരോധനം (നഹ്‌യ്‌) ആണ്, നിഷേധം(നഫ്‌യ്) അല്ല. രോഗം പകരുകയില്ല എന്നല്ല, നിങ്ങൾ പകർത്തരുത് എന്നാണർത്ഥം. അബൂ ഉമർ(റ) മാലിക്കിനെ തൊട്ട് റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇതിനോട് സമാനമായത് കാണാം. ‘ലാ അദ്‌വ വലാ ത്വീറത”, “രോഗമുള്ളവർ ആരോഗ്യമുള്ളവരിലേക്ക് പടർത്തരുത്” ഈയൊരർത്ഥ പ്രകാരം “ലാ അദ്‌വ” എന്നത് വാചകത്തിൽ വിവരണ വാചകവും (ഖബരിയ്യായ ജുംല) അർത്ഥത്തിൽ നിർമാണാത്മക വാചകവുമാണ് (ഇന്ഷാഇയ്യായ ജുംല).

മൂന്നാമതൊരർത്ഥം നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്ലിയാർ തന്റെ മിർആതിൽ വിശദീകരിക്കുന്നതായി കാണാം. ”ചില ഇന്ത്യക്കാരുടെ വിശ്വാസം പോലെ, ജാഹിലിയ്യാ കാലഘട്ടത്തിൽ വിശ്വസിച്ചിരുന്ന, രോഗം പടർത്തുന്ന ശൈത്താന്റെ പേരാണ് “അദ്‌വ” എന്ന് ചില പണ്ഡിതന്മാർ വിവരിക്കുന്നന്നതായി ഞാൻ കേട്ടിട്ടുണ്ട്. അങ്ങനൊരു ശൈത്താനില്ല എന്നതാണ് ”ലാ അദ്‌വാ” എന്നതിലൂടെ നബി ഉദ്ദേശിച്ചത്(മിർആതുൽ മിശ്കാത് 167/7).

നാലാമതായി, നാം ആദ്യം പറഞ്ഞ അർത്ഥത്തെ(ജാഹിലിയ്യാ കാലത്തെ വിശ്വാസമാണെന്നും അതിനെയാണ് നബി നിഷേധിച്ചതെന്നും) പ്രബലമാക്കിയ ശേഷം നവവി ഇമാം പറയുന്നു: ”ലാ അദ്‌വ” അതിന്റെ ബാഹ്യാർത്ഥത്തിൽ തന്നെയാണെന്ന് മറ്റു ചില പണ്ഡിതന്മാർ പറയുന്നു. രോഗമുള്ളതിനെ രോഗമില്ലാത്തതിലേക്ക് കൊണ്ടുവരപ്പെടരുതെന്ന കല്പന രോഗം പകരുന്നത് കൊണ്ടല്ലെന്നും കുഷ്‌ഠ രോഗിയുടെ രൂപവും വെറുക്കപ്പെടുന്ന വാസനയും കാരണം ബുദ്ധിമുട്ടില്ലാതിരിക്കാൻ വേണ്ടിയുമാണെന്നും ഇവർ വ്യാഖ്യാനിക്കുന്നു (ശറഹ് മുസ്‌ലിം 434/14). ഈയൊരർത്ഥം തന്നെയാണ് ഇബ്നു ഹജറുൽ അസ്‌ഖലാനി തന്റെ നുഖ്ബത്തുൽ ഫിക്റിൽ വിശദീകരിച്ചതും. ”ഒന്ന് മറ്റൊന്നിലേക്ക് പടരുകയില്ല എന്ന പ്രഖ്യാപനവും ആദ്യം ആര് പരത്തി എന്ന ചോദ്യവും സ്വഹീഹായ നിലക്ക് “ലാ അദ്‌വ” അതിന്റെ ബാഹ്യാർത്ഥത്തിൽ നിൽക്കലാണ് ഉചിതം. അഥവാ ആദ്യവ്യക്തിയിൽ എങ്ങനെയാണോ(പ്രൈമറി സോഴ്സ് വഴിയാണല്ലോ) ഉണ്ടായത് അത് പോലെ തന്നെയാണ് രണ്ടാമത്തെ വ്യക്തിയിലും ഉണ്ടായത്. അപ്പോൾ കുഷ്‌ഠരോഗിയിൽ നിന്ന് ഓടി രക്ഷപ്പെടണമെന്നുള്ള തിരു വചനം, അല്ലാഹുവിന്റെ കല്പന പ്രകാരം, രോഗിയോട് സമ്പർക്കം പുലർത്തി രോഗം വന്നാൽ സമ്പർക്കം കാരണമാണ് രോഗം വന്നതെന്നവൻ വിശ്വസിക്കുകയും തൽഫലമായി പകർച്ചവ്യാധി യാഥാർഥ്യമാണെന്ന് ധരിക്കുകയും ചെയ്യും. ഈയൊരു തെറ്റായ ധാരണ ഒഴിവാക്കാൻ വേണ്ടിയാണ് നബിതങ്ങൾ കല്പിച്ചത്(നുഖ്ബത്തുൽ ഫിക്ർ ഫീ മുസ്തലഹി അഹ്‌ലിൽ അസർ). അഭിപ്രായ ഭിന്നതകളേറെ ഉണ്ടെങ്കിലും നിപുണരും മുഹറിറുൽ മദ്ഹബും രണ്ടാം ശാഫിഈയുമായ നവവി ഇമാം പറയുന്നത് “മുമ്പ് പറഞ്ഞതാണ് (ജാഹിലിയ്യാ കാലത്തുള്ള വിശ്വാസമാണ്)വസ്തുത”(ശറഹ് മുസ്‌ലിം 434/14) എന്നാണ്. ഹദീസുകൾ ഇരു ധ്രുവങ്ങളിലല്ലെന്നും ഇതെല്ലാം അറിവില്ലാത്തവരുടെ ചില ബാലിശമായ വിമർശനങ്ങൾ മാത്രമാണെന്നും മനസ്സിലാകുന്നു.

ചുരുക്കത്തിൽ “ലാ അദ്‌വ” എന്ന ഹദീസിലെ വിരോധന, സ്വയം പടരില്ല എന്നാണെന്നും അല്ലാഹുവിന്റെ വിധി തീരുമാനങ്ങളെ കൊണ്ടുള്ള സംക്രമണത്തിന് അത് എതിരല്ലെന്നും മനസ്സിലായി. കാരണങ്ങൾക്ക് സ്വന്തമായി സ്വാധീനം ചെലുത്താൻ സാധിക്കില്ലെന്നും അല്ലാഹുവിന്റെ തീരുമാനപ്രകാരമാണെന്നും വിശ്വസിക്കലോട് കൂടെ കാരണങ്ങളിൽ നിന്ന് മാറി നിൽക്കൽ നമുക്കത്യാവശ്യമാണ്. “നാശത്തിൽ കൈകളിടരുത്”(ബഖറ 195) എന്ന ഖുർആനിക സൂക്തവും ഒട്ടകത്തെ കെട്ടിയിട്ട ശേഷം പ്രാർത്ഥിക്കുക എന്ന തിരുവചനവും ഓർമിപ്പിക്കുന്നത് ഇത് തന്നെയാണ്. പോക്ക് വരവുകൾ രോഗം പടരാനുള്ള കാരണമായത് കൊണ്ട് തന്നെ പകർച്ച വ്യാധിയുള്ളിടത്ത് പോകരുതെന്നും ഉള്ള സ്ഥലത്ത് നിന്ന് പുറത്ത് കടക്കരുതെന്നും നബി തങ്ങൾ കൽപ്പിക്കുന്നു. ”ഒരു പ്രദേശത്ത് പകർച്ച വ്യാധി ഉള്ളതായി കേട്ടാൽ അവിടേക്ക് പോകരുത്, ഇനി നിങ്ങൾ നിലകൊള്ളുന്നതായ പ്രദേശത്താണ് പകർച്ചവ്യാധി ഉള്ളതെങ്കിൽ അവിടുന്ന് പുറത്തു കടക്കുകയും ചെയ്യരുത്”(സഹീഹുൽ ബുഖാരി 5730). ഈ ഹദീസിനെ വിശദീകരിച്ചു കൊണ്ട് ഇബ്നു ഹജറുൽ ഹൈതമി ഫത്ഹുൽ ഇലാഹിൽ പറയുന്നതായി കാണാം: ”വിരോധനയുടെ  എതിര് ചെയ്യൽ നിഷിദ്ധമായത്(ഹറാം) കൊണ്ട് തന്നെ ഒരു നാട്ടിൽ പകർച്ച വ്യാധി പിടിപെട്ടു എന്നറിഞ്ഞാൽ ആദ്യ സമയത്ത് പോലും അവിടെ പ്രവേശിക്കൽ നിഷിദ്ധമാണ്. ഹദീസിൽ നാട് (ബലദ്) എന്നുപയോഗിക്കുന്നതിന് പകരം ഭൂമി(അർള്) എന്നുപയോഗിച്ചതിൽ നിന്ന് ഗ്രഹിക്കാൻ സാധിക്കുക, പ്രദേശത്തിന്റെ ഒരു ഭാഗത്ത് പകർച്ചവ്യാധി പിടിപെട്ടു എന്നറിഞ്ഞാൽ എതിർ ഭാഗത്ത് കടക്കലും ഹറാമാണെന്നാണ്. ഒരു ഭാഗത്ത് സംഭവിച്ചാൽ മറുഭാഗത്തും സ്വാഭാവികമായി പടരുമല്ലോ(ഫത്ഹുൽ ഇലാഹ് 440/5). പകർച്ചവ്യാധി പിടിപെട്ടയാളെ പള്ളിയിൽ നിന്നും ജനങ്ങൾ കൂടിയിരിക്കുന്ന സ്ഥലത്ത് നിന്നും തടയുകയും ഇനി അവരുടെ എണ്ണം വർധിച്ചാൽ ആൾ താമസമില്ലാത്തിടത്ത് നിൽക്കാൻ കല്പിക്കുകയും ചെയ്യണമെന്നുള്ള നവവി ഇമാമിന്റെ വാക്കുകളും “വീട്ടിലിരിക്കുന്നതിലൂടെ ഒരാൾ സ്വയം സുരക്ഷിതനാവുകയും അയാളിൽ നിന്ന് മറ്റുള്ളവർ സുരക്ഷിതരാവുകയും ചെയ്‌താൽ അയാൾ അല്ലാഹുവിന്റെ പരിരക്ഷയിലാണെ”ന്ന ഹദീസും ഐസൊലേഷൻ പോലോത്ത ഗവൺമെന്റ് നിർദ്ദേശങ്ങൾ കർശനമായി അനുസരിക്കാനും സമ്പർക്കങ്ങളും ഒത്തുചേരലുകളും ഒഴിവാക്കാനും പ്രേരിപ്പിക്കന്നുണ്ട്. രോഗം പടരുന്നുണ്ടെന്ന ആഗോള സത്യത്തോടും അനുഭവങ്ങളോടും മുഖം തിരിച്ച് ഇത്തരം ഹദീസുകളുടെ യഥാർത്ഥ സൗന്ദര്യത്തെ കളങ്കപ്പെടുത്തി ‘രോഗം പടരില്ലെന്ന്’ പറഞ്ഞിരിക്കുന്നവർ ഇസ്ലാമിന്റെ സാമൂഹിക പ്രായോഗിക പരിസ്ഥിതിയെയാണ് വികൃതമാക്കുന്നത്. സുരക്ഷാകല്പനകൾ അനുസരിക്കുന്നതോടൊപ്പം പാപമോചനവും പശ്ചാത്താപവും വർധിപ്പിച്ചു കൊണ്ട് അള്ളാഹുവിലേക്കടുക്കുകയാണ് ഓരോ മുസ്‌ലിമും ചെയ്യേണ്ടത്. ”തൗബ കൊണ്ടല്ലാതെ ആപത്തുകൾ ഉയരുകയില്ല” എന്ന ഹദീസ് ഉൾക്കൊണ്ട് ജീവിതത്തെ ഇലാഹീ പ്രീതിയിലായി ക്രമപ്പെടുത്താൻ വിശ്വാസികൾ തയ്യാറാവണം.

മുഹമ്മദ് കുറുവന്തേരി