Campus Alive

അനീതിയുടെ ലോകക്രമവും സിമിയുടെ നൈതിക രാഷ്ട്രീയവും: ഭീകരതയെക്കുറിച്ച നരവംശശാസ്ത്ര നിരീക്ഷണങ്ങള്‍

ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് ഒരു ഫീല്‍ഡ് വര്‍ക്ക് ചെയ്യുന്നതിന്റെ ഭാഗമായാണ് 2001 ഒക്ടോബറില്‍ ഞാന്‍ അലിഗഢിലെത്തുന്നത്. 2001 സെപ്റ്റംബര്‍ 27നാണ് ഭീകരതയും സാമുദായിക സ്പര്‍ധയും വളര്‍ത്തുന്നു എന്നാരോപിച്ച് കൊണ്ട് ഇന്ത്യന്‍ ഭരണകൂടം സിമിയെ നിരോധിക്കുന്നത്. സിമിയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണ് എന്നതായിരുന്നു ആരോപണം. മാത്രമല്ല, കാശ്മീരിലും പഞ്ചാബിലും അവര്‍ മിലിറ്റന്‍സിയെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നും ഒരു അന്താരാഷ്ട്ര ഇസ്‌ലാമിക ലോകക്രമത്തെ സൃഷ്ടിക്കുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും ഭരണകൂടം ആരോപിക്കുകയുണ്ടായി.

NEW DELHI, 29/01/2010: Metro Plus, Author Irfan Ahmad during an interview in New Delhi on January 29, 2010. Photo: V.V.Krishnan.

നിരോധനത്തിന് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇന്ത്യ ഒരു പുതിയ ഓര്‍ഡിനന്‍സ് പുറത്തിറക്കുകയുണ്ടായി. പോട്ടോ ( The Prevention of Terrorism Ordinance) ആയിരുന്നു അത്. പോട്ടോയെ എതിര്‍ക്കുന്നവര്‍ ഭീകരരെ അറിഞ്ഞോ അറിയാതെയോ പിന്തുണക്കുകയാണ് ചെയ്യുന്നത് എന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ വാദം. 2002 മാര്‍ച്ചിലാണ് പാര്‍ലമെന്റ് പോട്ട പാസാക്കുന്നത്. ഭീകരതക്കെതിരായ അന്താരാഷ്ട്ര യുദ്ധത്തിന്റെ ഭാഗം എന്ന നിലക്കാണ് പാര്‍ലമെന്റില്‍ പോട്ട ന്യായീകരിക്കപ്പെട്ടത്. ‘ഭീകരതക്കെതിരായ സ്ഥിരമായ നിയമ നടപടികളാണ്’ മലീമത്ത് കമ്മറ്റി ( The Malimath Committee) നിര്‍ദേശിച്ചത്. അറബ് ലോകത്തെ ഭീകരതയുടെ കേന്ദ്രമായും പാക്കിസ്ഥാനെ അന്താരാഷ്ട്ര ഭീകരതയുടെ കണ്ണിയായും അവതരിപ്പിക്കാന്‍ റിപ്പോര്‍ട്ട് മറന്നില്ല. പോട്ട നിയമത്തിന് കീഴില്‍ നിര്‍ബന്ധപൂര്‍വ്വമുള്ള കുറ്റസമ്മതങ്ങള്‍ വലിയ തെളിവുകളായാണ് പോലീസ് അവതരിപ്പിച്ചത്. മുസ്‌ലിംകളെ ലക്ഷ്യം വെച്ചാണ് ഈ നിയമം നിര്‍മ്മിക്കപ്പെട്ടതെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നതാണ്. 2004 ല്‍ പോട്ട യു. എ. പി. എ ആയി രൂപാന്തരപ്പെടുകയും 2008 ലും 2013 ലും അത് ഭേതഗതിക്ക് വിധേയമാക്കപ്പെടുകയും ചെയ്തു.

2008 ലെ യു.എ.പി.എ ഭീകരപ്രവര്‍ത്തനങ്ങളെ നിര്‍വ്വചിക്കുന്നത് ഇങ്ങനെയാണ്: ‘ജനങ്ങളില്‍ ഭീതി വിതക്കാനും ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും സുരക്ഷയെയും തകര്‍ക്കാനും ലക്ഷ്യം വെച്ച് നടത്തുന്ന ഏത് ആക്രമണങ്ങളും ഭീകരപ്രവര്‍ത്തനമാണ്’. മുമ്പ് ട്രൈബല്‍ എന്നും എത്‌നിക് എന്നും ഉപദേശീയം എന്നുമൊക്കെ വര്‍ഗീകരിച്ചിരുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര മാനം കൈവരുന്നതിനെക്കുറിച്ച് ഞാന്‍ മുമ്പ് എഴുതിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സിമിയുടെ നിരോധനത്തെ ലൊക്കേറ്റ് ചെയ്യേണ്ടത് എന്നാണ് ഞാന്‍ വാദിക്കുന്നത്.

download (1)

അമേരിക്കക്ക് മുമ്പ് തന്നെ തങ്ങള്‍ ‘ഇസ്‌ലാമിക ഭീകരത’യുടെ ഇരകളായിട്ടുണ്ടെന്ന് യു.എസ് ഗവണ്‍മെന്റിനെ പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ഇന്ത്യയിലെ വലത്പക്ഷ ഭരണകൂടം കഴിവതും ശ്രമിച്ചിട്ടുണ്ട്. ‘ഭീകരത’ക്കെതിരായ ആഗോളയുദ്ധത്തില്‍ പങ്കാളികളാവാനുള്ള അവസരമാണ് സിമി നിരോധനം ഇന്ത്യക്ക് മുമ്പില്‍ തുറന്ന് തന്നത്. ‘ഭീകരത’ ഇസ്‌ലാമില്‍ അന്തര്‍ലീനമാണെന്നും പാക്കിസ്ഥാന്‍ ഇന്ത്യയുടെ പരമാധികാരത്തെ ഭീഷണിപ്പെടുത്തുകയാണെന്നുമുള്ള വ്യവഹാര നിര്‍മ്മിതിയിലൂടെയാണ് ‘ഭീകരവിരുദ്ധ’ പോരാട്ടത്തില്‍ ഇന്ത്യക്ക് പ്രവേശനം ലഭിക്കുന്നത്. 9\11ന് ശേഷമുള്ള ഒരു ടെലിവിഷന്‍ സംവാദത്തില്‍ ബി.ജെ.പിയുടെ അന്നത്തെ ജനറല്‍ സെക്രട്ടറിയായിരുന്ന നരേന്ദ്ര മോദി ‘ഇസ്‌ലാമിക ഭീകരത’ എന്ന വാക്കുപയോഗിച്ചതിന് മീഡിയയെ അദ്ദേഹത്തെ അഭിനന്ദിക്കുകയുണ്ടായി. മീഡിയ സത്യം പറഞ്ഞു എന്നായിരുന്നു മോദിയുടെ കമന്റ്. അതേസമയം പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഈ പദം ഉപയോഗിക്കുന്നത് എന്ന് അദ്ദേഹം പരിതപിക്കുകയും ചെയ്യുന്നുണ്ട്. ‘ഭീകരത’ ഇസ്‌ലാമില്‍ അന്തര്‍ലീനമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. കാരണം, ഇതര മതങ്ങളെ ഇസ്‌ലാം അംഗീകരിക്കുന്നില്ല. കഴിഞ്ഞ 1400 വര്‍ഷങ്ങളായി ( മുഹമ്മദിന്റെ കാലം മുതല്‍ക്ക് തന്നെ) ലോകം ‘ഇസ്‌ലാമിക ഭീകരതക്ക്’ സാക്ഷിയാണ്. 9\11 ന് ശേഷമുള്ള കാലത്തെ സംസ്‌കാരവും ‘ഭീകരത’യും തമ്മിലുള്ള യുദ്ധമായാണ് അദ്ദേഹം വിലയിരുത്തുന്നത്.

കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളായി യു.എസും ഇന്ത്യയും ഇസ്‌ലാമോഫോബിയയുടെ കാര്യത്തില്‍ ഏറെ മുമ്പിലാണ് എന്ന വസ്തുതയെ ഇവിടെ ഊന്നിപ്പറയേണ്ടതുണ്ട്. മോദിയുടെ ഇസ്‌ലാം വിരുദ്ധ പരാമര്‍ശങ്ങളെ ഈ പശ്ചാത്തലത്തിലാണ് വായിക്കേണ്ടത്. സൗത്തേഷ്യന്‍ ചരിത്രകാരനായ ചാള്‍സ് അലെന്‍ 9\11 ന് ശേഷം ഇസ്‌ലാമിനെക്കുറിച്ച പാശ്ചാത്യ വാര്‍പ്പുമാതൃകകള്‍ ഇന്ത്യയിലേക്ക് കടത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ്. അദ്ദേഹം എഴുതി: ‘ 9\11 ന്റെ അതേ സമയത്ത് തന്നെയാണ് വഹാബി എന്ന പദം ജനമനസ്സുകളില്‍ ഇടം പിടിക്കുന്നത്. ഇപ്പോഴത് നാസി എന്ന പദത്തെപ്പോലെ പ്രശസ്തമായിക്കഴിഞ്ഞു’. അത്തരം വാര്‍പ്പുമാതൃകകളെ വളരെ പെട്ടെന്ന് തന്നെ ഇന്ത്യന്‍ ദേശീയ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഏറ്റെടുക്കുകയുണ്ടായി. ചരിത്രപരമായി തന്നെ യൂറോപ്യന്‍ ഓറിയന്റലിസവും ഇന്ത്യന്‍ ദേശീയതയും മുസ്‌ലിംകളെ അപരമാക്കുന്നതില്‍ തുല്യ പങ്കാണ് വഹിച്ചിട്ടുള്ളത് എന്ന വസ്തുത ഇവിടെ ശ്രദ്ധേയമാണ്. 9\11 സംഭവത്തെ ഖുര്‍ആനുമായി ബന്ധപ്പെടുത്തിയ ബല്‍ജിത് റായുടെ സമീപനം ഇതിന് നല്ലൊരു ഉദാഹരണമാണ്.

Washington: Prime Minister Narendra Modi addressing a joint meeting of Congress on Capitol Hill in Washington on Wednesday. PTI Photo by Kamal Kishore(PTI6_8_2016_000205A)

അന്തര്‍ദേശീയ ബന്ധമുള്ളതും എപ്പോഴും സംശയിക്കപ്പെടേണ്ടതുമായ ഒരു സമുദായമായി മുസ്‌ലിംകളെ ചിത്രീകരിക്കാന്‍ സിമി നിരോധവും ‘ഭീകരത’യെക്കുറിച്ച വ്യവഹാരവും ഇന്ത്യന്‍ ഭരണകൂടത്തെ സഹായിച്ചിട്ടുണ്ട്. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് പ്രകാരം 3500 ഓളം മുസ്‌ലിംകളെയാണ് പോട്ട നിയമപ്രകാരം ജയിലിലടച്ചത്. ഗുജറാത്തിലായിരുന്നു ഏറ്റവും കൂടുതല്‍ ( 287) തടവുകാരുണ്ടായിരുന്നത്. അതില്‍ ഒന്നൊഴികെ ബാക്കിയെല്ലാം മുസ്‌ലിംകളായിരുന്നു.

1976 ല്‍ രൂപീകരിക്കപ്പെട്ട സിമിയില്‍ യുവാക്കളും വിദ്യാസമ്പന്നരുമായിരുന്നു ഉണ്ടായിരുന്നത്. ഇന്ത്യയിലെ ഏത് വിദ്യാര്‍ത്ഥിക്കും യുവാവിനും അതില്‍ അംഗത്വമെടുക്കാമായിരുന്നു. മുപ്പത് വയസ്സ് പൂര്‍ത്തിയാകുന്നതോടെ അംഗത്വം ഇല്ലാതാകും എന്നായിരുന്നു ഭരണഘടനയില്‍ പറഞ്ഞിരുന്നത്. മിക്ക സിമി അംഗങ്ങളും ഒന്നുകില്‍ വെസ്റ്റേണ്‍ മാതൃകയിലുള്ള കോളേജുകളിലോ ആധുനിക മദ്രസകളിലോ പഠിച്ചവരായിരുന്നു. കര്‍ശനമായ പെരുമാറ്റച്ചട്ടങ്ങളുണ്ടായിരുന്നതിനാല്‍ തന്നെ ( നമസ്‌കാരത്തിലുള്ള ശ്രദ്ധ, ലൈംഗിക ആഭാസങ്ങളെയും വയലന്‍സിനെയും പ്രോല്‍സാഹിപ്പിക്കുന്ന സിനിമകള്‍ കാണാതിരിക്കുക, സ്ത്രീധനം വെടിയുക തുടങ്ങിയവ) സിമി അംഗത്വം വളരെ കുറവായിരുന്നു. 1977 ല്‍ സിമിയുടെ അംഗങ്ങള്‍ (അന്‍സാര്‍) 132ഉം അനുഭാവികള്‍ (ikhvan) 5000 വുമായിരുന്നു. 1981 ല്‍ അന്‍സാറുകള്‍ 461 ഉം ഇഖ്‌വാനികള്‍ 40,000 വുമായി വര്‍ധിക്കുകയുണ്ടായി. എന്നാല്‍ 1996 ആയപ്പോഴേക്കും അന്‍സാറുകള്‍ 413 ആയി കുറയുകയുണ്ടായി. അതില്‍ 54 പേര്‍ സ്ത്രീകളായിരുന്നു. 2001 ല്‍ നിരോധിക്കപ്പെടുമ്പോള്‍ അംഗങ്ങള്‍ ആയിരത്തില്‍ കൂടുതലുണ്ടായിരുന്നില്ല.

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സിമിയുടെ അഭിസംബോധിതര്‍ വിദ്യാര്‍ത്ഥികളും പ്രധാന പ്രവര്‍ത്തനം ധാര്‍മ്മിക ശിക്ഷണവുമായിരുന്നു. ഉദാഹരണത്തിന്, മദ്യത്തിനും മയക്ക്മരുന്നിനുമെതിരെ വിദ്യാര്‍ത്ഥികളെ ബോധവാന്‍മാരാക്കുന്നതിന് വേണ്ടി സിമി ഒരു ക്യാംപെയ്ന്‍ സംഘടിപ്പിക്കുകയുണ്ടായി. അത് പോലെ അക്കാദമിക വര്‍ഷം ആരംഭിക്കുന്ന സമയങ്ങളില്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിന് വേണ്ടി സിമി ബൂത്തുകള്‍ സ്ഥാപിക്കാറുണ്ട്. ‘ പുതിയ ഇന്ത്യയുടെ സൃഷ്ടിപ്പില്‍ ഇസ്‌ലാമിന്റെ പങ്ക്’ എന്ന തലക്കെട്ടില്‍ നിരവധി സമ്മേളനങ്ങളും സിമി സംഘടിപ്പിക്കുകയുണ്ടായി. മുസ്‌ലിം വ്യക്തിനിയമത്തിലുള്ള ഗവണ്‍മെന്റിന്റെ കൈകടത്തലിനെതിരെയും സോവിയേറ്റ് യൂണിയന്റെ അഫ്ഗാന്‍ അധിനിവേശത്തിനെതിരെയും സിമിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കപ്പെടുകയുണ്ടായി. ഭരണഘടനയില്‍ സിമിയുടെ ലക്ഷ്യമായി പറയുന്നതിതാണ്: ‘ അല്ലാഹുവും റസൂലും നിര്‍ദേശിച്ച തത്വങ്ങള്‍ക്കനുസരിച്ച് മനുഷ്യജീവിതത്തെ ക്രമപ്പെടുത്തിക്കൊണ്ട് ദൈവപ്രീതി കരസ്ഥമാക്കുക’.

നിരോധനത്തിന് ശേഷം വ്യാപകമായി സിമി പ്രവര്‍ത്തകരെ ഭരണകൂടം അറസ്റ്റ് ചെയ്യുകയുണ്ടായി. അലിഗഢിലെ സിമിയുടെ ലൈബ്രറി കണ്ടെടുക്കുകയും ചെയ്തു. എല്ലാ ദിവസവും സിമി ‘തീവ്രവാദി’കളുടെ അറസ്റ്റിനെക്കുറിച്ച വാര്‍ത്തകളായിരുന്നു മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നത്. സ്റ്റേറ്റ് പറയുന്ന വാര്‍ത്തകളായിരുന്നു അവര്‍ പ്രസിദ്ധീകരിച്ചിരുന്നത്. അന്ന് അംസ്റ്റെര്‍ഡാം യൂണിവേഴ്‌സിറ്റിയിലായിരുന്ന ഞാനും സംശയത്തിന്റെ നിഴലിലായിരുന്നു. മുസ്‌ലിംകളെക്കുറിച്ച വിവരങ്ങള്‍ ശേഖരിക്കുന്ന വെസ്റ്റേണ്‍ ഡച്ച് ഏജന്റ് എന്ന ആരോപണമായിരുന്നു ഞാന്‍ നേരിട്ടിരുന്നത്. ആ സന്ദര്‍ഭത്തില്‍ എനിക്കേറെ അസ്വസ്ഥത അനുഭവപ്പെടുകയുണ്ടായി. അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെ ലൈബ്രറിയിലായിരുന്നു ഞാനന്ന് മിക്ക സമയങ്ങളിലും ഉണ്ടായിരുന്നത്. ആ സമയത്താണ് മുസ്‌ലിംകള്‍ക്കിടയിലെ സാമൂഹ്യ വര്‍ഗ്ഗീകരണത്തെക്കുറിച്ച് ഉര്‍ദു മാഗസിനില്‍ വന്ന ഒരു ലേഖനം എന്റെ ശ്രദ്ധയില്‍ പെടുന്നത്. അതെഴുതിയ ആളുടെ അഡ്രസ്സും കൂടെയുണ്ടായിരുന്നു. ഞാനദ്ദേഹത്തെ കാണാന്‍ പോവുകയും കുറച്ച് നേരം സംസാരിക്കുകയും ചെയ്തു. തിരിച്ച് പോരാന്‍ നേരത്ത് ഒന്ന്കൂടി കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

download (2)

മന്‍സൂര്‍ എന്നായിരുന്നു ആ ലേഖകന്റെ പേര്. ഞാനിടക്കൊക്കെ അദ്ദേഹത്തെ കാണാന്‍ പോവുകയും ഏറെ നേരം സംസാരിക്കുകയും ചെയ്തു. ബീഹാറിലെ ഒരു ഗ്രാമത്തില്‍ ജനിച്ച മന്‍സൂറിന്റെത് ഒരു ദരിദ്ര കുടുംബമായിരുന്നു. സയ്യിദ്, ഖാന്‍, ശെയ്ഖ് തുടങ്ങിയ കുടുംബ പാരമ്പര്യങ്ങളില്‍ പെട്ടവര്‍ അവജ്ഞയോടെ മാത്രം പരിഗണിച്ചിരുന്ന പച്ചക്കറി കച്ചവടക്കാരുടെ കുടുംബമായിരുന്നു അവരുടേത്. മന്‍സൂറിന്റെ ചെറുപ്രായത്തില്‍ തന്നെ പിതാവ് മരണപ്പെട്ടിരുന്നു. മൂത്ത സഹോദരനായിരുന്നു മന്‍സൂറിന്റെ വിദ്യാഭ്യാസ ചെലവുകള്‍ വഹിച്ചിരുന്നത്. ഒരു മദ്രസാധ്യാപകനായിരുന്ന മന്‍സൂറിന്റെ സഹോദരന്‍ അയല്‍ സംസ്ഥാനമായ യു.പി യിലേക്ക് മാറിത്താമസിക്കുകയുണ്ടായി. തന്റെ കുടുംബത്തോടൊപ്പമാണ് മന്‍സൂര്‍ താമസിച്ചിരുന്നത്. എട്ടാം ഗ്രേഡില്‍ നിന്നും പാസ്സായ ശേഷം ഈസ്റ്റേണ്‍ യു.പി യിലെ ജംഇയ്യത്തുല്‍ ഫലാഹ് എന്ന മദ്രസ്സയിലായിരുന്നു മന്‍സൂറിന്റെ തുടര്‍പഠനം.  ഒരു വര്‍ഷത്തെ ഫീല്‍ഡ് വര്‍ക്കിന് ശേഷം അംസ്റ്റര്‍ഡാമിലേക്ക് തിരിക്കുന്നതിന്റെ മാസങ്ങള്‍ക്ക് മുമ്പാണ് മന്‍സൂര്‍ തന്റെ സിമി ബന്ധത്തെക്കുറിച്ച് എന്നോട് പറയുന്നത്. അതിനിടക്ക് ഞാനവന്റെ അക്കാദമിക ഉപദേശകനായി മാറിക്കഴിഞ്ഞിരുന്നു. ഭീകരവാദം ആരോപിച്ച് ജയിലിലടക്കപ്പെടുകയും പിന്നീട് മോചനം ലഭിക്കുകയും ചെയ്ത ഖാസിം ഉമറിനെയും സാമിന്‍ പട്ടേലിനെയും മന്‍സൂര്‍ വഴിയാണ് ഞാന്‍ പരിചയപ്പെടുന്നത്. ഈ മൂന്ന് സിമി പ്രവര്‍ത്തകരുടെ ജീവിതത്തെ മുന്‍നിര്‍ത്തിയാണ് ഞാന്‍ ഭീകരതയെക്കുറിച്ച് സ്റ്റേറ്റിന്റെ ( ഓറിയന്റലിസ്റ്റ്) അധീശ ആഖ്യാനങ്ങളെ ചോദ്യം ചെയ്യുന്നത്. ദേശീയമായ ലാഭത്തെയും നഷ്ടത്തെയും മുന്നില്‍ വെച്ചുകൊണ്ടുള്ള യുക്തിബന്ധിതമായ സമകാലിക രാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്തമായി നീതിക്ക് വേണ്ടിയുള്ള നൈതിക രാഷ്ട്രീയമാണ് സിമി മുന്നോട്ട് വെക്കുന്നത് എന്നാണ് ഞാന്‍ വാദിക്കുന്നത്.

രണ്ട് ഭാഗങ്ങളായാണ് ഈ ലേഖനം വിഭജിക്കപ്പെട്ടിരിക്കുന്നത്. എന്റെ വാദത്തിന്റെ കേന്ദ്രമെന്നത് ഇസ്‌ലാമിനാല്‍ പ്രചോദിതമായ, മാനവികതക്ക് വേണ്ടിയുള്ള നൈതിക രാഷ്ട്രീയം എന്ന സങ്കല്‍പ്പമാണ്. ആഗോള പശ്ചാത്തലത്തിലാണ് ഞാന്‍ ഈ രാഷ്ട്രീയത്തെ ലൊക്കേറ്റ് ചെയ്യുന്നത്. പ്രത്യേകിച്ച്, രണ്ടാം ലോകയുദ്ധത്തിന് ശേഷമുള്ള അന്താരാഷ്ട്ര ക്രമത്തോടാണ് ഞാന്‍ ഈ രാഷ്ട്രീയത്തെ ബന്ധപ്പെടുത്തുന്നത്. എന്റെ വീക്ഷണത്തെ വികസിപ്പിക്കുന്നതില്‍ ബൗദ്ധികമായ പങ്ക് വഹിച്ച തലാല്‍ അസദ്, ജാക്‌സണ്‍, എഡ്‌വേര്‍ഡ് സെയ്ദ്, സുലൈഖ തുടങ്ങിയ പണ്ഡിതരോട് ഞാന്‍ ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തുന്നു. നരവംശശാസ്ത്ര പഠനങ്ങളെയും ഭീകരതയെക്കുറിച്ച വിമര്‍ശന പഠനങ്ങളെയും അവലംബിച്ചാണ് ഞാനിവിടെ ഭീകരതയെക്കുറിച്ച ഇന്ത്യന്‍ വ്യവഹാരങ്ങളെ പരിശോധിക്കുന്നത്.

download (3)

ഭീകരതയെക്കുറിച്ച നരവംശ ശാസ്ത്ര സമീപനങ്ങളില്‍ മൂന്നെണ്ണം ഇവിടെ സൂചിപ്പിക്കേണ്ടതുണ്ടെന്ന് തോന്നുന്നു: 1: ഭീകരരുടെയും സംശയിക്കപ്പെടുന്ന സമുദായങ്ങളുടെയും ജീവിതാനുഭവങ്ങളെയും സബ്ജക്ടിവിറ്റിയെയും പരിഗണിക്കുക; 2: ഒരു ന്യൂട്രല്‍ റിയാലിറ്റി എന്നതിന് പകരം രാഷ്ട്രീയ അപ്രമാദിത്യത്തിനെതിരെയും ഭരണകൂട ഭീകരതക്കെതിരെയുമുള്ള ചെറുത്തുനില്‍പ്പായി ഭീകരതയെ മനസ്സിലാക്കുകയും പഠിക്കുകയും ചെയ്യുക; 3: സഹാറയിലെ ഭീകരതയെക്കുറിച്ച പഠനത്തില്‍ കെന്നന്‍ ചെയ്ത പോലെ അന്തര്‍ദേശീയ രാഷ്ട്രീയവുമായി പ്രാദേശികമായ ഭീകര പ്രവര്‍ത്തനങ്ങളെ ബന്ധിപ്പിക്കുക.

രണ്ടാം ഭാഗത്ത് മൂന്ന് സിമി ആക്ടിവിസ്റ്റുകളുടെ ജീവചരിത്രമാണ് തയ്യാറാക്കിയിരിക്കുന്നത്. അവര്‍ പ്രതിനിധീകരിക്കുന്ന ആശയത്തെയും രാഷ്ട്രീയത്തെയുമാണ് ഞാന്‍ ഫോക്കസ് ചെയ്യുന്നത്. ഒരു ക്രിട്ടിക്കല്‍ ഇസ്‌ലാമിസ്റ്റ് ഫ്രെയിംവര്‍ക്കില്‍ നിന്ന് കൊണ്ടാണ് അവര്‍ ലോകത്തെ മനസ്സിലാക്കുകയും നിലപാടുകള്‍ രൂപീകരിക്കുകയും ചെയ്യുന്നത്. അവരുടെ ആഖ്യാനങ്ങളില്‍ പ്രാദേശികം, ദേശീയം, അന്തര്‍ദേശീയം, പാരമ്പര്യം, ആധുനികം തുടങ്ങിയവയെല്ലാം പരസ്പരം കൂടിച്ചേരുകയാണ് ചെയ്യുന്നത്. അവയെ പരസ്പരം വേര്‍തിരിച്ച് മനസ്സിലാക്കുക വളരെ പ്രയാസമാണ്. അവരുടെ ജീവചരിത്രത്തിലൂടെ തന്നെ അവരെ വായിക്കാനും അവരുടെ രാഷ്ട്രീയത്തെ മനസ്സിലാക്കാനുമുള്ള ശ്രമമാണ് ഞാന്‍ നടത്തുന്നത്. ഉപസംഹാരത്തില്‍ എന്റെ വാദത്തിലേക്ക് തന്നെ തിരിച്ച് വരാനും ഇസ്‌ലാമിസ്റ്റ് റാഡിക്കലിസത്തെക്കുറിച്ച ചില നിരീക്ഷണങ്ങള്‍ പങ്ക് വെക്കാനുമാണ് ഞാനുദ്ദേശിക്കുന്നത്. എന്റെ പ്രധാന വാദമിതാണ്: ‘ഭീകരത’ക്കെതിരെ തുടര്‍ച്ചയായ നിയമങ്ങള്‍ നിര്‍മ്മിക്കുന്നതിനിടയില്‍ സിമിയടക്കമുള്ള മൂവ്‌മെന്റുകളുടെ റാഡിക്കലായ രാഷ്ട്രീയത്തെ മനസ്സിലാക്കുന്നതില്‍ ഇന്ത്യക്കും പാശ്ചാത്യ രാഷ്ട്രങ്ങള്‍ക്കും അബന്ധം പിണഞ്ഞിട്ടുണ്ട്.

download (4)

9\11 ന് മുമ്പ് തന്നെ ഞാന്‍ പ്ലാന്‍ ചെയ്ത ഫീല്‍ഡ് വര്‍ക്ക് ജമാഅത്തിനെക്കുറിച്ചും എസ്.ഐ.ഒ വിനെക്കുറിച്ചുമായിരുന്നു. സിമി നിരോധനത്തിലൂടെയാണ് എനിക്ക് സിമിയെക്കുറിച്ച് പഠിക്കാനുള്ള താല്‍പര്യം ജനിക്കുന്നത്. അങ്ങനെ ഒക്ടോബര്‍ 2001 മുതല്‍ ഒക്ടോബര്‍ 2002 വരെയും ജനുവരി 2004 മുതല്‍ മെയ് 2004 വരെയും രണ്ട് ഘട്ടങ്ങളിലായാണ് ഞാന്‍ സിമിയെക്കുറിച്ച് പഠനം നടത്തിയത്. അലിഗഢിനെയായിരുന്നു ഞാനെന്റെ പ്രധാന കേന്ദ്രമായി തിരഞ്ഞെടുത്തത്.

അലിഗഢ് ഹോസ്റ്റലുകളില്‍ ആഴ്ച തോറും നടക്കാറുള്ള എസ്.ഐ.ഒ വിന്റെ ഖുര്‍ആന്‍ പഠന ക്ലാസുകള്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഞാന്‍ നിരീക്ഷിക്കുകയുണ്ടായി. അത് പോലെ ‘നല്ല ഇന്ത്യക്ക് വേണ്ടിയുള്ള വിദ്യാര്‍ത്ഥി ഐക്യം’ എന്ന തലക്കെട്ടില്‍ നടന്ന ക്യാംപെയ്‌നുകളും ഞാന്‍ നിരീക്ഷിച്ചിരുന്നു. ഫീല്‍ഡ് വര്‍ക്കിന് വേണ്ടി പ്രധാനമായും ഇന്റര്‍വ്യൂ ആയിരുന്നു ഞാന്‍ ആശ്രയിച്ചത്. ഇന്‍ര്‍വ്യൂ പിന്നീട് ട്രാന്‍സ്‌ക്രൈബ് ചെയ്യുകയാണ് ചെയ്തിരുന്നത്. അഅ്‌സംഗഢില്‍ വെച്ചാണ് ഞാന്‍ ഉമറിനെ പരിചയപ്പെടുന്നത്. പട്ടേലിനെ ആദ്യമായി കാണുന്നതും സംസാരിക്കുന്നതും ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചായിരുന്നു. മന്‍സൂറിനെ ഇടക്കിടക്ക് അലിഗഢില്‍ ഞാന്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു.

രണ്ട് വാദങ്ങളാണ് ഞാന്‍ മുമ്പോട്ട് വെക്കുന്നത്. ദേശീയ വ്യവഹാരത്തിനകത്ത് മുസ്‌ലിം റാഡിക്കലിസത്തെ മനസ്സിലാക്കുന്നതും ‘ഭീകരരെ’ മാനസിക വിഭ്രാന്തിയുള്ളവരായി കരുതുന്നതും ഭീമാബന്ധമാണ്. ഇസ്‌ലാമിസ്റ്റ് റാഡിക്കലിസത്തെ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായാണ് ഞാന്‍ മനസ്സിലാക്കുന്നത്. എന്നാല്‍ മുഖ്യധാര രാഷ്ട്രീയത്തില്‍ നിന്നും ഈ രാഷ്ട്രീയം ഏറെ വ്യത്യസ്തമാണ്. അത്‌പോലെ തന്നെ ‘ഭീകരത’യെക്കുറിച്ച് വെസ്റ്റിലും ഇന്ത്യയിലും നിലനില്‍ക്കുന്ന അധീശ ധാരണകള്‍ തെറ്റാണ് എന്നാണ് ഞാന്‍ വാദിക്കുന്നത്. കാരണം ഇസ്‌ലാമിനെക്കുറിച്ചും ഇസ്‌ലാമിസ്റ്റുകളെക്കുറിച്ചുമുള്ള അത്തരം (മുന്‍) ധാരണകള്‍ റാഡിക്കലുകളായ മന്‍സൂറും ഉമറും പട്ടേലും ഇസ്‌ലാമിനെയും രാഷ്ട്രീയത്തെയും വായിക്കുന്നതില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ഈ റാഡിക്കലുകള്‍ എങ്ങനെയാണ് ഇസ്‌ലാമിനെ നിര്‍വ്വചിക്കുന്നത് എന്ന് മനസ്സിലാക്കുക വളരെ പ്രധാനമാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ ‘മോഡേണിസ്റ്റ്’ ഇസ്‌ലാമിലാണ് അവരുടെ വംശാവലി ചെന്നെത്തുന്നത്.

160920125202-03-george-hw-bush-file-exlarge-169

9\11 ന് ശേഷം മാത്രമല്ല ആഗോള പാശ്ചാത്യ രാഷ്ട്രീയത്തിന് ഇസ്‌ലാം ഒരു താല്‍പര്യ വിഷയമാകുന്നത്. ശീതയുദ്ധക്കാലത്തും 1990 ല്‍ ജോര്‍ജ്ജ് ബുഷ് സീനിയര്‍ ഒരു പുതിയ ലോകക്രമം പ്രഖ്യാപിച്ച രാഷ്ട്രീയ സന്ദര്‍ഭത്തിലും ഇസ്‌ലാം ഒരു മുഖ്യവിഷയം തന്നെയായിരുന്നു. മെത്തഡോളജിക്കല്‍ നാഷലിസത്തില്‍ നിന്നും വിഭിന്നമായി രണ്ടാം ലോകയുദ്ധത്തിന് ശേഷമുള്ള ലോകക്രമത്തെയാണ് സിമി ആക്ടിവിസ്റ്റുകളുടെ റാഡിക്കല്‍ പൊളിറ്റിക്‌സിന്റെ രാഷ്ട്രീയ പശ്ചാത്തലമായി ഞാന്‍ മനസ്സിലാക്കുന്നത്. വ്യക്തികളുടെ ജീവചരിത്രങ്ങളെ അവര്‍ ജീവിക്കുന്ന വിശാലമായ സാമൂഹ്യ-രാഷ്ട്രീയ ലോകവുമായി ബന്ധിപ്പിക്കാനുള്ള മില്‍സിന്റെ ( 1959) ആഹ്വാനം എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. ഈ രണ്ട് വാദങ്ങളെയുമാണ് ലേഖനത്തിന്റെ ഈ ഭാഗം വിശദീകരിക്കുന്നത്. രണ്ടാം ഭാഗത്ത് റാഡിക്കലുകള്‍ എങ്ങനെയാണ് ഇസ്‌ലാമിനെ വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നത് എന്നതിനെക്കുറിച്ച അന്വേഷണമാണ്.

നൈതികതയും രാഷ്ട്രീയവും

എത്തിക്‌സിനെക്കുറിച്ച ചോദ്യങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും കല്‍പ്പിക്കാത്ത രാഷ്ട്രീയത്തെയാണ് വെസ്റ്റ് പ്രൊമോട്ട് ചെയ്യുന്നത്. ഒരു നൂറ്റാണ്ട് മുമ്പ് ബ്രിട്ടന്‍ സന്ദര്‍ശിച്ച സുലൈമാന്‍ നദ്‌വി ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി: ‘ ഇവിടെ (ബ്രിട്ടന്‍) എല്ലാം കച്ചവടമാണ്. രാഷ്ട്രീയവും കച്ചവടമാണ്. ആര്‍ക്കാണോ പണമുള്ളത് അവരാണ് ജനങ്ങളെയും മാധ്യമങ്ങളെയും നിയന്ത്രിക്കുന്നത്. മിക്ക അമേരിക്കക്കാരും രാഷ്ട്രീയത്തെ നൈതിക വിരുദ്ധമായാണ് മനസ്സിലാക്കുന്നതെന്ന് ഈയടുത്ത് ബെല്ല എഴുതുകയുണ്ടായി. 2010 ല്‍, 9\11 ല്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരസൂചകമായി ഖുര്‍ആന്‍ കത്തിക്കുമെന്ന് പാസ്റ്റര്‍ ടെറി ജോണ്‍സ് പറഞ്ഞപ്പോള്‍ വൈറ്റ് ഹൗസ് പ്രതിനിധിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘ നമ്മുടെ സൈന്യത്തിന് ഭീഷണി വരുത്തുന്ന കാര്യങ്ങള്‍ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അഫ്ഗാനിലെ യു.എസ് കമാന്‍ഡറുടെ പ്രതികരണവും സമാനമായിരുന്നു. ഖുര്‍ആന്‍ കത്തിക്കല്‍ നൈതിക വിരുദ്ധമല്ലെങ്കിലും അത് യു.എസ് സൈന്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാണ് എന്നാണയാള്‍ പറഞ്ഞത്.

ഇതില്‍ നിന്നും വ്യത്യസ്തമായി ഇസ്‌ലാമിക പാരമ്പര്യത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടു കൊണ്ടുള്ള നൈതിക രാഷ്ട്രീയമാണ് സിമി മുന്നോട്ട് വെക്കുന്നത്. മുഴുവന്‍ മനുഷ്യസമൂഹവുമാണ് അതിന്റെ അഭിസംബോധിതര്‍. സയ്യിദ് അഹമ്മദ് ഖാന്റെ നിലപാടുകളോട് ഇതിന് സാമ്യമുണ്ട്. ഇസ്‌ലാം മനുഷ്യസമൂഹത്തിന് യാതൊരു സംഭാവനയും നല്‍കിയിട്ടില്ല എന്ന ഓറിയന്റലിസ്റ്റ് ആരോപണങ്ങള്‍ക്ക് മറുപടിയായി Life of Muhammad എന്ന തന്റെ പുസ്തകത്തിന്റെ അവസാന ഭാഗത്ത് അദ്ദേഹം ചോദിക്കുന്നത് ചരിത്രത്തിലുടനീളം മനുഷ്യസമൂഹത്തിന് ഇസ്‌ലാം ഗുണമാണോ ദോഷമാണോ വരുത്തിവെച്ചത് എന്നാണ്. ഖാന്റെ അഭിസംബോധിതര്‍ പ്രധാനമായും യൂറോപ്യരും ക്രിസ്ത്യാനികളുമായിരുന്നു. അത് പോലെ അദ്ദേഹത്തിന്റെ സമീപന രീതി കംപാരറ്റീവ് തിയോളജിയായിരുന്നു. മുസ്‌ലിംകള്‍ക്കിടയിലെ അടിമത്വ സമ്പ്രദായം മനുഷ്യ സമൂഹത്തിന് ദോഷകരമായിരുന്നു എന്ന് അംഗീകരിക്കുന്ന ഖാന്‍ പോപ്പിന്റെ അധികാരത്തിനെതിരായ ചെറുത്തുനില്‍പ്പും അതുണ്ടാക്കിയ ബൗദ്ധിക സ്വാതന്ത്ര്യവുമാണ് ഇസ്‌ലാമിന്റെ ഏറ്റവും വലിയ സംഭാവന എന്നവകാശപ്പെടുന്നുണ്ട്. ( ഇസ്‌ലാമില്‍ നിന്നാണ് നവോത്ഥാനത്തെക്കുറിച്ച ആശയം ലൂഥര്‍ കടമെടുത്തത് എന്നായിരുന്നു ഖാന്റെ വാദം)

MTE5NDg0MDU0NTg1ODM3MDcx

ആന്റി-കൊളോണിയല്‍ ആക്ടിവിസ്റ്റും ദൈവശാസ്ത്ര പണ്ഡിതനുമായിരുന്ന അബ്ദുല്‍ കലാം ആസാദിന്റെ ജിഹാദിനെക്കുറിച്ച നിരീക്ഷണം ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ മുസ്‌ലിംകള്‍ മാത്രം നിര്‍വ്വഹിക്കേണ്ട കര്‍ത്തവ്യമല്ല ജിഹാദ്. സത്യത്തിന് വേണ്ടിയും അടിമത്വത്തെയും പീഢനത്തെയും തൂത്തെറിയാനും നടത്തുന്ന ഏത് പ്രവര്‍ത്തനവും ജിഹാദാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം നീതിക്കും മാനവികതക്കും വേണ്ടിയുള്ള അന്വേഷണം ത്യാഗത്തെയും രക്തസാക്ഷിത്വത്തെയും അനിവാര്യമാക്കുന്നുണ്ട്. സിമി പ്രവര്‍ത്തകരുടെ രാഷ്ട്രീയവും ഇത് തന്നെയാണ്. ത്യാഗത്തെയും രക്തസാക്ഷിത്വത്തെയും കുറിച്ച അവരുടെ വീക്ഷണങ്ങള്‍ നമ്മുടെ ആലോചനാ വിഷയമാകേണ്ടതുണ്ടെന്നാണ് ഞാന്‍ വാദിക്കുന്നത്.

റാഡിക്കലുകള്‍ വെസ്‌റ്റേണ്‍ രാഷ്ട്രങ്ങള്‍ക്കെതിരെ സംസാരിക്കുന്നുവെങ്കില്‍ അതിന് കാരണം അവര്‍ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും ശത്രുവായത് കൊണ്ടല്ല. മറിച്ച് അവ കുത്തകയാക്കി വെക്കുന്നവരില്‍ നിന്ന അവയെ വിമോചിപ്പിക്കാനാണ് റാഡിക്കലുകള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും മനുഷ്യാവകാശത്തെയും സാര്‍വ്വലൗകികമാക്കുകയാണവര്‍ ചെയ്യുന്നത്. അത്‌കൊണ്ടാണ് ബോസ്‌നിയയിലെയും ഫലസ്തീനിലെയും സൗത്താഫ്രിക്കയിലെയും ജനങ്ങളുടെ പ്രശ്‌നങ്ങളെ പരസ്പരം ബന്ധിപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നത്. 1993 ല്‍ സിമി ഒരു മനുഷ്യാവകാശ ക്യാംപെയ്ന്‍ സംഘടിപ്പിക്കുകയുണ്ടായി. അന്നവര്‍ പുറത്തിറക്കിയ ലഘുലേഖയില്‍ നിന്നുള്ള ചെറിയൊരു ഭാഗമാണ് താഴെ കൊടുത്തിരിക്കുന്നത്.

‘ മനുഷ്യര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കും രക്തച്ചൊരിച്ചിലുകള്‍ക്കുമൊക്കെ കാരണം മനുഷ്യന്റെ അന്തസ്സിനോടുള്ള അവഗണനയും അടിസ്ഥാനാവകാശങ്ങളുടെ നിഷേധവുമാണ്. ബോസ്‌നിയയിലെ നിരപരാധികളായ ജനങ്ങളുടെ മേലുള്ള യൂറോപ്യന്‍ സമൂഹത്തിന്റെ കടന്ന് കയറ്റം, സൗത്താഫ്രിക്കയിലും ഫലസ്തീനിലും നടന്ന് കൊണ്ടിരിക്കുന്ന കൊളോണിയല്‍ അധിനിവേശം, ലോകത്തെ വിവിധ സമൂഹങ്ങള്‍ക്ക് നേരെ നടന്ന് കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍…..പാശ്ചാത്യ സംസ്‌കാരം മുന്നോട്ട് വെക്കുന്ന മനുഷ്യാവകാശങ്ങളുടെ ആന്തരിക വൈരുദ്ധ്യത്തെയാണ് ഇതെല്ലാം തുറന്ന് കാണിക്കുന്നത്. നമ്മുടെ രാഷ്ട്രത്തിലെ നേതാക്കന്‍മാരും ഭരണാധികാരികളുമൊക്കെ വെറും അധരവ്യായാമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഖുര്‍ആനും സുന്നത്തും മനുഷ്യര്‍ക്ക് ലഭിക്കേണ്ട മൗലികാവകാശങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ജനനം, വര്‍ഗം, വംശം, വര്‍ണ്ണം, ഭാഷ തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള ചേരിതിരിവുകളെ ഇസ്‌ലാം വിലക്കുന്നു. വിടവാങ്ങല്‍ ഹജ്ജില്‍ പ്രവാചകന്‍ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രഭാഷണത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സിമി ഒരാഴ്ച നീളുന്ന മനുഷ്യാവകാശ ക്യാംപെയ്ന്‍ സംഘടിപ്പിക്കുന്നത്’.

മതത്തിനും വംശത്തിനുമപ്പുറം മാനവികതക്ക് സിമി നല്‍കുന്ന പ്രാധാന്യത്തെയാണ് ഈ ലഘുലേഖ വിളിച്ചോതുന്നത്. ചില സന്ദര്‍ഭങ്ങളില്‍ അവര്‍ മുസ്‌ലിംകള്‍ക്ക് വേണ്ടിയും സംസാരിക്കാറുണ്ട്. അതവര്‍ മുസ്‌ലിംകളായത് കൊണ്ട് മാത്രമല്ല. മറിച്ച് ലോകത്തുടനീളമുള്ള മുസ്‌ലിംകള്‍ കൊല്ലപ്പെടുന്നതിലൂടെ മാനവികതയാണ് വേരറ്റ് പോകുന്നത് എന്ന ബോധ്യം സിമി പ്രവര്‍ത്തകര്‍ക്കുള്ളത് കൊണ്ട് കൂടിയാണ്. വിയറ്റ്‌നാം യുദ്ധം മുതല്‍ ഇങ്ങോട്ട് അമേരിക്ക നടത്തിയ ആക്രമണങ്ങളിലെല്ലാം മരണപ്പെട്ട മൂന്നില്‍ രണ്ട് പേരും മുസ്‌ലിംകളാണ്. മാനവികതയുടെ നഷ്ടമായാണ് സിമി ഇതിനെ വിലയിരുത്തുന്നത്.

‘ഭീകരരുടെ’ മാനവികത: മൂന്ന് ജീവചരിത്രങ്ങള്‍

ഇനി നമുക്ക് മന്‍സൂറിലേക്ക് തന്നെ തിരിച്ച് വരാം. മന്‍സൂറുമായി ഞാന്‍ നടത്തിയ സംഭാഷണത്തിനിടക്ക് എഴുതി വെച്ച കുറിപ്പുകള്‍ക്കിടയില്‍ നിന്ന് മുസ്‌ലിംകള്‍ക്കിടയിലെ സാമൂഹ്യ വിഭജനത്തെക്കുറിച്ച് അദ്ദേഹം എഴുതിയ ഒരു ലേഖനം എന്റെ ശ്രദ്ധയില്‍ പെടുകയുണ്ടായി. ജെ.എന്‍.യുവിലെ സംസ്‌കാരവുമായി തനിക്ക് യോജിച്ച് പോകാന്‍ കഴിയില്ലെന്ന് അദ്ദേഹം അതിലെഴുതിയിരുന്നു. രണ്ട് മാസങ്ങള്‍ക്ക് ശേഷം അദ്ദേഹം ഒരു ഇടത്പക്ഷ വിദ്യാര്‍ത്ഥി സംഘടനയില്‍ ചേരുകയുണ്ടായി. ജെ.എന്‍.യു വിലെ ബൗദ്ധികാന്തരീക്ഷം മന്‍സൂര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. 2004 ല്‍, എന്റെ ഫീല്‍ഡ് വര്‍ക്കിന്റെ രണ്ടാം ഘട്ടത്തില്‍ ഞാനവനെ പല തവണ കാണുകയുണ്ടായി. ഒരു യുവ ഉര്‍ദു എഴുത്തുകാരനായി അവന്‍ വളര്‍ന്നു കഴിഞ്ഞിരുന്നു. പിന്നീടവന്‍ ജോലിയാവശ്യാര്‍ത്ഥം ഗള്‍ഫില്‍ പോകുകയുണ്ടായി. 2009 ല്‍ അധ്യാപക ജോലിയാവശ്യാര്‍ത്ഥം ഡല്‍ഹിയിലേക്ക് തിരിച്ച് വന്നതിന് ശേഷം പിന്നീട് ഞാനവനെ കണ്ടിട്ടില്ല.

JNU_2.

നാല് വര്‍ഷമാണ് ഫലാഹില്‍ മന്‍സൂര്‍ പഠിച്ചത്. ഹോസ്റ്റലിലാണവന്‍ താമസിച്ചിരുന്നത്. ഒരു സംഭവം അവനില്‍ ചില മാറ്റങ്ങള്‍ വരുത്തുകയുണ്ടായി. ഒരിക്കല്‍ ഫുട്ബാള്‍ കളിച്ച് കൊണ്ടിരിക്കെ ഒരു സിമി അനുഭാവിയും പുറത്തുള്ള ഒരു വിദ്യാര്‍ത്ഥിയും തമ്മില്‍ ചെറിയൊരു തര്‍ക്കമുണ്ടായി. തന്റെ സുഹൃത്തുക്കളെയും കൂട്ടി വന്ന ആ വിദ്യാര്‍ത്ഥി സിമി അനുഭാവിയെ തല്ലുകയുണ്ടായി. മന്‍സൂര്‍ പറഞ്ഞത് അത് അനീതി (zulm) യാണെന്നാണ്. ഫലാഹിലെ നിയമപ്രകാരം പുറത്തുള്ളവര്‍ ആരും ക്യാംപസിലേക്ക് കടക്കാന്‍ പാടില്ല. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അധികൃതരോട് സിമി ആവശ്യപ്പെട്ടെങ്കിലും അതിനവര്‍ തയ്യാറായില്ല. മന്‍സൂറിനെ സംബന്ധിച്ചിടത്തോളം അഡ്മ്‌നിസ്‌ട്രേഷന്‍ ചെയ്തത് അനീതിയായിരുന്നു. സംഭവത്തില്‍ സത്യത്തിന്റെ പക്ഷത്ത് നിലയുറപ്പിച്ച സിമിയുടെ പൊസിഷനാണ് മന്‍സൂറിനെ ആകര്‍ഷിച്ചത്. പ്രാദേശിക ദേശിയതയെയാണ് അഡ്മിന്‌സ്‌ട്രേഷന്‍ പ്രൊമോട്ട് ചെയ്തതെങ്കില്‍ സിമി ഹഖിനെയാണ് ആര്‍ട്ടിക്കുലേറ്റ് ചെയ്തത് എന്നാണവന്‍ വാദിച്ചത്.

ഈ സംഭവത്തിന് ശേഷം മന്‍സൂര്‍ സിമിയുടെ പരിപാടികളില്‍ പങ്കെടുക്കാന്‍ തുടങ്ങി. നിരോധനത്തിന് ഒരു വര്‍ഷം മുമ്പാണ് അവന്‍ സിമിയുടെ മെമ്പര്‍ ( അന്‍സാര്‍) ആകുന്നത്. ഹിന്ദുത്വ ശക്തികളുടെ( ബ്രാഹ്മണിസം എന്നാണവന്‍ ഉപയോഗിച്ചത്) ബാബരി മസ്ജിദ് ആക്രമണത്തെ മുസ്‌ലിംകളോടുള്ള ഏറ്റവും വലിയ അനീതിയായാണ് മന്‍സൂര്‍ വിശേഷിപ്പിച്ചത്. അവനെ സംബന്ധിച്ചിടത്തോളം സിമിയാണ് ളാലിമിനെ തിരിച്ചറിയുകയും മുസ്‌ലിംകളോട് പ്രതികരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്ത ഏക പ്രസ്ഥാനം. നീതിക്ക് വേണ്ടിയുള്ള ജിഹാദിനെക്കുറിച്ചാണ് സിമി സംസാരിച്ചത്.

War_016b

ആയുധമെടുക്കാന്‍ സിമി ഒരിക്കല്‍ പോലും ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍, മുസ്‌ലിംകള്‍ കാലങ്ങളായി ഉപയോഗിക്കാതിരുന്ന ജിഹാദ് എന്ന പദത്തെ റിവൈവ് ചെയ്യുകയാണ് സിമി ചെയ്തത്. 2002 ലെ ഗുജറാത്ത് വംശഹത്യയെ സൂചിപ്പിച്ച് കൊണ്ട് മന്‍സൂര്‍ ചോദിക്കുന്നത് മുസ്‌ലിംകള്‍ സ്വയം പ്രതിരോധിച്ചില്ലെങ്കില്‍ പിന്നെ ആരാണവരെ പ്രതിരോധിക്കുക എന്നാണ്. അവനെന്നോട് ചോദിക്കുകയുണ്ടായി: ‘ പോലീസും സ്‌റ്റേറ്റും കൂടി ചേര്‍ന്നാണ് മുസ്‌ലിംകളെ കൊന്നതെന്ന് നിങ്ങള്‍ പത്രങ്ങളില്‍ വായിച്ചില്ലേ? അത്തരം സന്ദര്‍ഭങ്ങളില്‍ സ്വയം പ്രതിരോധിച്ചില്ലെങ്കില്‍ പിന്നെ നമുക്ക് വേണ്ടി മാലാഖമാര്‍ രംഗത്തിറങ്ങുമോ?’

മന്‍സൂറിന്റെ അഭിപ്രായത്തില്‍ ബ്രാഹ്മണ ശക്തികള്‍ നയിക്കുന്ന ഇന്ത്യന്‍ മീഡിയയാണ് ജിഹാദ് എന്ന പദത്തെ തെറ്റായി വ്യാഖ്യാനിച്ചത്. ഈ ബ്രാഹ്മണിക്കല്‍ ശക്തികള്‍ തന്നെയാണ് മുസ്‌ലിംകള്‍ക്കിടയില്‍ ജാതീയത വളര്‍ത്തുന്നത്. ചില ഉലമാക്കള്‍ ഈ കെണിയില്‍ വീഴുകയും കുഫ്വ്വിനെ തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തുവെന്ന് അവന്‍ വാദിക്കുന്നു. അവന്റെ അഭിപ്രായത്തില്‍ ജാതീയതക്കും സാമൂഹ്യ വര്‍ഗീകരണത്തിനുമെതിരെയുള്ള ജിഹാദിനെതിരെയും സിമി സംസാരിച്ചിട്ടുണ്ട്. സിമിയാണ് യഥാര്‍ത്ഥ ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നത് എന്നാണവന്‍ പറയുന്നത്. ജനനം, ജാതി, പ്രദേശം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വര്‍ഗീകരണമൊന്നും സിമിയിലില്ല. അത്‌പോലെ സ്ത്രീധനത്തിനെതിരെയുള്ള ജിഹാദിനെക്കുറിച്ചും സിമി സംസാരിച്ചിട്ടുണ്ട്. സ്ത്രീധനം വാങ്ങിയതിന്റെ പേരില്‍ സംഘടനയില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരാളെക്കുറിച്ച് അവനെന്നോട് പറയുകയുണ്ടായി.

സിമി നിരോധനത്തിന് ശേഷം മന്‍സൂര്‍ സിമി അംഗത്വം രാജി വെക്കുകയുണ്ടായി. എന്നാല്‍ സിമിയുമായുള്ള ബന്ധം തെറ്റായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ ഒരിക്കലുമായിരുന്നില്ല എന്നായിരുന്നു അവന്റെ മറുപടി. അതേസമയം ചില സിമി പ്രവര്‍ത്തകര്‍ വൈകാരികമാവുകയും യുക്തിയെയും വിസ്ഡത്തെയും കുറിച്ച ഇസ്‌ലാമിക അധ്യാപനങ്ങള്‍ അവഗണിക്കുകയും ചെയ്തതായി മന്‍സൂര്‍ ആരോപിക്കുകയുണ്ടായി.

ഖാസിം ഉമര്‍ എന്ന ഒരു സിമി നേതാവിനെക്കുറിച്ച് മന്‍സൂറും മറ്റ് സിമി ആക്ടിവിസ്റ്റുകളും എന്നോട് സംസാരിച്ചിരുന്നു. എന്നാല്‍ ജയിലിലായതിനാല്‍ എനിക്കവനെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ല. സിമി നിരോധനത്തിന് വെറും മണിക്കൂറുകള്‍ക്ക് ശേഷമാണ് ഉമര്‍ ഡല്‍ഹിയിലെ സിമി ഓഫീസില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെടുന്നത്. 2004 ലെ എന്റെ രണ്ടാം ഘട്ട ഫീല്‍ഡ് വര്‍ക്കിനിടയില്‍ ഉമര്‍ ജയില്‍ മോചിതനായ വിവരം സിമി പ്രവര്‍ത്തകരില്‍ നിന്ന് എനിക്കറിയാന്‍ സാധിച്ചു.

മന്‍സൂറിലൂടെയാണ് ഞാന്‍ ഉമറിനെ ബന്ധപ്പെടുന്നത്. അവനെന്നെ അവന്റെ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും ഞങ്ങളൊരുപാട് നേരം സംസാരിക്കുകയും ചെയ്തു. തന്റെ സെക്കന്ററി വിദ്യാഭ്യാസത്തിന് വേണ്ടി ഫലാഹില്‍ ചേര്‍ന്നപ്പോഴാണ് ഉമര്‍ സിമിയില്‍ അംഗത്വമെടുക്കുന്നത്. അലിഗഢിലെ പഠനത്തിന് ശേഷം ഡല്‍ഹിയിലേക്ക് പോയതിന് ശേഷം അവിടെ വെച്ചാണ് ഉമര്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്.

ബീഹാറിലെ ഏത് ജില്ലയില്‍ നിന്നാണ് ഞാന്‍ വരുന്നതെന്ന് അവനെന്നോട് ചോദിക്കുകയുണ്ടായി. സിമിയുടെ ദേശീയ നേതാവെന്ന നിലക്ക് അവന്‍ ഇന്ത്യ മുഴുവനും യാത്ര ചെയ്തിട്ടുണ്ട്. ബീഹാറിലെ യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതകളെക്കുറിച്ചും റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ചുമാണ് അവനെന്നോട് സംസാരിച്ചത്. ഇന്ത്യയിലെവിടെയും യാത്രാ സൗകര്യങ്ങള്‍ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ വിജയപ്രദമല്ല എന്നായിരുന്നു അവന്റെ വാദം. അതിന് കാരണമായി അവന്‍ പറയുന്നത് അനീതി നിറഞ്ഞ വ്യവസ്ഥ ഒരിക്കലും ജനതാല്‍പര്യങ്ങള്‍ സംരക്ഷിക്കില്ല എന്നാണ്. മധ്യപ്രദേശിലെ പല ഭാഗങ്ങളിലും സ്ത്രീകള്‍ക്ക് ടോയ്‌ലറ്റ് സൗകര്യം ഇല്ലാത്തതിനെക്കുറിച്ചും അവനെന്നോട് സംസാരിക്കുകയുണ്ടായി. അവനെ സംബന്ധിച്ചിടത്തോളം ഇത് ളുല്‍മ് ആണ്. അല്ലാഹുവില്‍ വിശ്വാസമുള്ള ഭരണാധികാരിക്ക് മാത്രമേ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ എന്നായിരുന്നു അവന്റെ വാദം.

ഉമറിനെക്കുറിച്ചും സമീന്‍ പട്ടേലിനെക്കുറിച്ചും ഒരേ ശ്വാസത്തിലാണ് സിമി പ്രവര്‍ത്തകര്‍ സംസാരിച്ചിരുന്നത്. അവരെ സംബന്ധിച്ചിടത്തോളം രണ്ട് പേരും ഹഖിന് വേണ്ടി നിലകൊണ്ടവരാണ്. പട്ടേലിനെ ഞാന്‍ കാണാന്‍ പോയപ്പോള്‍ എന്തിനാണ് തന്നെ കാണുന്നതെന്ന് അവന്‍ ചോദിക്കുകയുണ്ടായി. എന്റെ പോസ്റ്റ് ഡോക്ടോറല്‍ റിസേര്‍ച്ച് മൗദൂദി വിമര്‍ശനത്തെ കുറിച്ചായത് കൊണ്ട് അവന്റെ കാഴ്ചപ്പാടുകള്‍ അറിയാനാണെന്നാണ് ഞാന്‍ പട്ടേലിനോട് പറഞ്ഞത്. അപ്പോഴവനെന്നോട് ചോദിച്ചതിതായിരുന്നു: ‘ മൗദൂദി വിമര്‍ശനമെന്നാല്‍ അദ്ദേഹത്തിന്റെ ചിന്തകളെ അപ്രസ്‌കതമാക്കലാണോ? നമ്മുടെ ശത്രുക്കള്‍ക്കല്ലേ അത് ഗുണകരമാവുക?

ഇര്‍ഫാന്‍: നിങ്ങളെന്താണ് അര്‍ത്ഥമാക്കുന്നത്?

പട്ടേല്‍: വെസ്റ്റില്‍ നി്ന്നാണ് നിങ്ങള്‍ റിസേര്‍ച്ച് ചെയ്യുന്നത്. ഒരു ഡച്ച് ക്രിസ്റ്റ്യന്‍ ലീഡര്‍ പറഞ്ഞത് ഖുര്‍ആന്‍ ഒരു ഫനാറ്റിക്ക് പുസ്തകമാണെന്നും അത് നിരോധിക്കണമെന്നുമാണ്.

ഇര്‍ഫാന്‍: അതിനെക്കുറിച്ച് ഞാന്‍ വായിച്ചിട്ടുണ്ട്. പക്ഷേ, യൂണിവേഴ്‌സിറ്റി ഓട്ടോണമസ് ആണ്. ഡച്ച് രാഷ്ട്രീയക്കാരെപ്പോലെയല്ല.

പട്ടേല്‍: അത് തെറ്റാണ്. ഞാനൊരു അമേരിക്കന്‍ പൗരനാണ്. ഞാനമേരിക്കയില്‍ ജീവിച്ചിട്ടുണ്ട്. വെസ്റ്റിനെ എനിക്കറിയാം. അവിടെ ഓട്ടോണമിയൊന്നുമില്ല.

വളരെ അണ്‍ഫ്രണ്ട്‌ലി ആയ പട്ടേലിന്റെ പെരുമാറ്റം എന്നെ അസ്വസ്ഥപ്പെടുത്തുകയുണ്ടായി. അവന്റെ പൊസിഷനെ ഞാന്‍ ഇങ്ങനെയാണ് കൗണ്ടര്‍ ചെയ്തത്:

ഇര്‍ഫാന്‍: ഹോളണ്ടും അമേരിക്കയും ജനാധിപത്യ രാജ്യങ്ങളാണ്. അതിനാല്‍ യൂണിവേഴ്‌സിറ്റിയും ഓട്ടോണമസാണ്. വെസ്റ്റിന്റെ പോളിസികളെ വിമര്‍ശിക്കുന്ന നോം ചോസ്‌കി തന്നെ ഒരുദാഹരണമാണ്.

പട്ടേല്‍: ചോംസ്‌കിയെ എനിക്കറിയാം. പക്ഷെ, അവിടെ എത്ര ചോംസ്‌കിമാരുണ്ട്? അടിച്ചമര്‍ത്തലിനെ കുറിച്ച സെലക്ടീവായ സംവാദങ്ങള്‍ ഡെമോക്രസി അനുവദിക്കുന്നുണ്ട്. എന്നാലത് അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കുന്നില്ല. ഡെമോക്രസിയല്ല അമേരിക്കയെ ഭരിക്കുന്നത്. മറിച്ച്, ക്യാപിറ്റലിസ്റ്റുകളാണ്. അമേരിക്കയെ എങ്ങനെയാണ് ജൂത ലോബി ഭരിക്കുന്നതെന്ന് അമേരിക്കന്‍ സെനേറ്റര്‍ എഴുതിയ They Dared to Speak Out എന്ന പുസ്തകം വിശദീകരിക്കുന്നുണ്ട്. നിങ്ങളത് വായിച്ചിട്ടുണ്ടോ?

download (5)

ഇര്‍ഫാന്‍: ഇല്ല.

പട്ടേല്‍: ഇസ്‌ലാം വിമര്‍ശകര്‍ എഴുതിയ പുസ്തകമെല്ലാം നിങ്ങള്‍ വായിക്കുന്നുണ്ട്. എന്നാല്‍ ജനാധിപത്യത്തെ വിമര്‍ശിക്കുന്ന പുസ്തകം നിങ്ങള്‍ വായിക്കുന്നില്ല. ഞാനമേരിക്കയില്‍ ജീവിച്ചിട്ടുണ്ട്. എന്താണ് ഗ്വാണ്ടനാമോയില്‍ സംഭവിക്കുന്നത്? അതിനാണോ അമേരിക്കന്‍ ജനത വോട്ട് ചെയ്ത് ഭരണകൂടത്തെ തെരെഞ്ഞെടുത്തത്? ഞാന്‍ പോട്ട പ്രകാരം അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. 27 മാസമാണ് ഞാന്‍ ജയിലില്‍ കിടന്നത്. എന്റെ കുറ്റം ഇത് വരെ ഭരണകൂടത്തിന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നിട്ടും ഡല്‍ഹി വിട്ട് പോകരുതെന്നാണ് കോടതി എന്നോട് കല്‍പ്പിച്ചിട്ടുള്ളത്. ഐ.ബിയാകട്ടെ, എന്നെ സ്ഥിരമായി പിന്തുടരുന്നുണ്ട്. നിങ്ങളെന്നെ കാണാന്‍ വന്നതും അവര്‍ക്കറിയാം.

ഇതാണോ ജനാധിപത്യവും സ്വാതന്ത്ര്യവും? സിമിയെ നിരോധിച്ചതിന്റെ യുക്തിയെന്താണ്? ഹിന്ദുത്വവാദികള്‍ മുസ്‌ലിംകളെ കൊല്ലുകയും എന്നിട്ട് സ്വതന്ത്രമായി വിഹരിക്കുകയും ചെയ്യുന്നു. ഗുജറാത്തില്‍ പോലീസും മുസ്‌ലിംകളെ കൊന്നിട്ടുണ്ട്. ഇന്ത്യന്‍ ഡെമോക്രസിക്ക് പോലീസിനെ നിരോധിക്കാനാവുമോ? സിമി ഇപ്പോഴും നിരോധനത്തിലാണ്. മനുഷ്യാവകാശ നിഷേധങ്ങള്‍ക്കെതിരെ ശബ്ദിച്ചതിനാണത്. നീതിക്ക് വേണ്ടിയാണ് സിമി നിലകൊണ്ടത്. ഈമാനെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ബദല്‍ വ്യവസ്ഥക്ക് മാത്രമേ ലോകത്ത് സമാധാനം കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ എന്നായിരുന്നു സിമിയുടെ വാദം.

ഇസ്‌ലാം മുസ്‌ലിംകള്‍ക്ക് മാത്രമുള്ളതല്ല. മറിച്ച് മുഴുവന്‍ മനുഷ്യ സമൂഹങ്ങള്‍ക്കുള്ളതാണ്. എന്നാല്‍ ആളുകളുടെ ധാരണ ഇസ്‌ലാം മുസ്‌ലിംകള്‍ക്ക് മാത്രമുള്ളതാണെന്നാണ്. ലോകത്തുടനീളം നടന്ന് കൊണ്ടിരിക്കുന്ന അനീതിക്കെതിരായ നീതിയുടെ ശബ്ദമാണ് ഇസ്‌ലാം. അമേരിക്കയും കാപ്പിറ്റലിസ്റ്റ് വ്യവസ്ഥയും മുസ്‌ലിംകള്‍ക്കെതിരെ മാത്രമല്ല അനീതി നടപ്പിലാക്കുന്നത്. മറ്റ് വിഭാഗം ജനങ്ങളും അതിന്റെ ഇരകളാണ്. ആഫ്രിക്കയിലേക്ക് നോക്കൂ. ആഫ്രിക്കയില്‍ നടന്ന് കൊണ്ടിരിക്കുന്ന അനീതി മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു പോലുമില്ല. ക്രൈസ്തവചര്‍ച്ചും അതിന്റെ പാവയായ യു.എന്നുമാണ് ലോകത്ത് അനീതി നടപ്പിലാക്കുന്നത്. അതിനെ ചെറുക്കുന്നത് കൊണ്ടാണ് മാധ്യമങ്ങളില്‍ മുസ്‌ലിംകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. അമുസ്‌ലിംകളും അടിച്ചമര്‍ത്തപ്പെടുന്നുണ്ട്. നമ്മളെല്ലാവരെക്കുറിച്ചും സംസാരിക്കുന്നുണ്ട്.

ഇര്‍ഫാന്‍: ഇങ്ങനെയൊരു മാറ്റം കൊണ്ടുവരാനുള്ള രീതിശാസ്ത്രമെന്താണ്?

പട്ടേല്‍: എങ്ങനെയാണ് ഫ്രഞ്ച് വിപ്ലവമുണ്ടായത്? നമ്മെ അടിച്ചമര്‍ത്തുന്ന വ്യവസ്ഥയെ ചെറുക്കാന്‍ ജനങ്ങളെ നാം ഉല്‍ബോധിപ്പിക്കേണ്ടതുണ്ട്.

സംഭാഷണത്തിനിടയില്‍ പട്ടേല്‍ അസ്‌റ് നമസ്‌കരിക്കാനായി എഴുന്നേറ്റു. ഞാനും അവന്റെ കൂടെ പള്ളിയിലേക്ക് പോയി. പോകുന്ന വഴിയില്‍ ഞാനവനോട് അവന്റെ പഠനത്തെക്കുറിച്ചന്വേഷിക്കുകയുണ്ടായി. അവന്റെ പ്രഥമ വിദ്യാഭ്യാസം ഇന്ത്യയിലും ഉന്നത പഠനം യു.എസിലുമായിരുന്നു. ചിക്കാഗോ കോളേജിലാണവന്‍ പഠിച്ചിരുന്നത്. ഇന്ത്യയിലേക്ക് തിരിച്ച് വന്നതിന് ശേഷം ഫലാഹിലെ പഠനത്തിനിടക്കാണ് അവന്‍ സിമിയുടെ സജീവ പ്രവര്‍ത്തകനാകുന്നത്. നമസ്‌കാരത്തിന് ശേഷം സംഭാഷണം അവസാനിപ്പിക്കാന്‍ അവനെന്നോട് ആവശ്യപ്പെടുകയുണ്ടായി.

ഇര്‍ഫാന്‍: സംഭാഷണം തുടരാനാണ് ഞാനാഗ്രഹിക്കുന്നത്.

പട്ടേല്‍: ഒരു ലക്ഷ്യമില്ലാത്ത സംഭാഷണം വെറുതെയാണ്.

ഇര്‍ഫാന്‍: എന്നാല്‍ എന്റെ റിസേര്‍ച്ചിന് ഈ സംഭാഷണം ഏറെ പ്രയോജനം ചെയ്യും.

പട്ടേല്‍: ഇല്ല. നിങ്ങള്‍ സത്യത്തിന്റെ വക്താക്കളല്ല.

ഇര്‍ഫാന്‍: അത് നിങ്ങളുടെ ധാരണ മാത്രമാണ്.

പട്ടേല്‍: ഇത് ഞാന്‍ വെറുതെ പറയുന്നതല്ല. വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റികളില്‍ എന്താണ് നടക്കുന്നതെന്നും എന്ത് തരം റിസേര്‍ച്ചാണ് അവിടെയുള്ളതെന്നും എനിക്ക് നന്നായറിയാം. നിങ്ങള്‍ തിരിച്ച് ഹോളണ്ടിലേക്ക് പോകുമ്പോള്‍ സമീന്‍ ഇങ്ങനെയൊക്കെ പറഞ്ഞെന്നാണ് നിങ്ങളെഴുതുക. ഇതെല്ലാം ഇസ്‌ലാമിന്റെ അധ്യാപനങ്ങളാണെന്ന് ഒരിക്കലും നിങ്ങളെഴുതില്ല. ഖുര്‍ആനും തിരുചര്യയും അനുസരിച്ചാണ് ഞങ്ങളുടെ പ്രവര്‍ത്തനമെന്ന് ഞങ്ങളുറച്ച് വിശ്വസിക്കുന്നു.

ഇര്‍ഫാന്‍: നിങ്ങള്‍ പറഞ്ഞതാണ് ഞാനെഴുതുക. നമുക്ക് സംഭാഷണം തുടരാം.

പട്ടേല്‍: ഞാനെന്റെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നില്ല. ഒരു സംഭാഷണവുമില്ല.

ഫീല്‍ഡ് വര്‍ക്കിനിടയില്‍ എന്നെ ഏറെ അസ്വസ്ഥപ്പെടുത്തിയ അനുഭവമായിരുന്നു പട്ടേലുമായുള്ള സംഭാഷണം. സിമി പ്രവര്‍ത്തകരുടെ ദീര്‍ഘമായ സംസാരങ്ങളെ പരാമര്‍ശിക്കുന്നതിലൂടെ സിമിയെ വിമര്‍ശനങ്ങള്‍ക്കതീതമായി സ്വീകരിക്കുകയല്ല ഞാന്‍ ചെയ്യുന്നത്. മറിച്ച്, അവരുടെ ലോകവീക്ഷണത്തെ മനസ്സിലാക്കാനുള്ള ശ്രമമാണ് ഞാന്‍ നടത്തുന്നത്. അതിലൂടെ ഇസ്‌ലാമിക റാഡിക്കലിസത്തെക്കുറിച്ച് ഓക്‌സിനെയും കാപ്‌സിനെയും പോലുള്ള ആന്ത്രപ്പോളജിസ്റ്റുകള്‍ മുന്നോട്ട് വെക്കുന്ന അധീശമായ ആഖ്യാനങ്ങളെ വെല്ലുവിളിക്കാനാണ് ഞാനുദ്ദേശിക്കുന്നത്. അതിലൂടെ ദേശരാഷ്ട്ര കേന്ദ്രീകൃതമല്ലാത്ത ഒരു വിമോചന രാഷ്ട്രീയത്തെ സ്വപ്‌നം കാണാന്‍ സാധിക്കുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.

ഉപസംഹാരം

മൈ നെയിം ഈസ് ഖാന്‍ എന്ന സിനിമയില്‍ ചരിത്രത്തെ വിഭജിക്കുന്ന ഒരു ബെഞ്ച്മാര്‍ക്കായാണ് 9\11 നെ വിശേഷിപ്പിക്കുന്നത്. ഈ തുടക്കത്തിന് ഒരന്ത്യമുണ്ടോ? 2011 ല്‍ സിഡ്‌നി യൂണിവേഴ്‌സിറ്റി ഒരു സിമ്പോസിയം സംഘടിപ്പിക്കുകയുണ്ടായി. ആസ്‌ട്രേലിയന്‍ ഡിഫന്‍സ് ഫോര്‍സിന്റെ മുന്‍ ചീഫായിരുന്ന പീറ്റര്‍ കോസ്‌ഗ്രോവ്, മുന്‍ യു.എസ് ഡിഫന്‍സ് സെക്രട്ടറിയായിരുന്ന ഡഗ്‌ളാസ് ഫെയ്ത്, ആസ്‌ട്രേലിയന്‍ ജേര്‍ണലിസ്റ്റായ മക്‌ഗോ തുടങ്ങിയവരായിരുന്നു അതിലുണ്ടായിരുന്നത്. ഫെയ്ത് പറയുന്നത് നോക്കൂ: ‘ സ്വതന്ത്രവും തുറന്നതുമായ നമ്മുടെ സമൂഹത്തിന് ഭീകരത ഒരു ഭീഷണിയാണ്. അതിനെ തുടച്ച് നീക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.’

ചര്‍ച്ചയില്‍ ഇടപെട്ട് കൊണ്ട് മക്‌ഗോ പറയുന്നത് കാണുക: ‘ ഇതെത്ര കാലം തുടരുമെന്ന് നമുക്ക് പറയാനാവില്ല. കോസ്‌ഗ്രോവ് അതംഗീകരിക്കുകയും ചെയ്തു. ഫെയ്ത് പറഞ്ഞത് നമ്മുടെ ഹോംലാന്റിനെ സംരക്ഷിക്കുക എന്നതാണ് യുദ്ധത്തിന്റെ ലക്ഷ്യമെന്നാണ്.

സിഡ്‌നി സിമ്പോസിയത്തില്‍ പങ്കെടുത്തവരോ ഇന്ത്യന്‍ മീഡിയയോ ഭീകര വിരുദ്ധ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരെക്കുറിച്ച് ഒന്നും പറയുന്നില്ല. അത്‌പോലെ ഇസ്‌ലാമിനെക്കുറിച്ച മുസ്‌ലിം റാഡിക്കലുകളുടെയും വെസ്റ്റിന്റെയും ആഖ്യാനങ്ങള്‍ ഏറെ വ്യത്യസ്തമാണ്. ഫെയ്ത് പറഞ്ഞ പോലെ വെസ്റ്റിന്റെ കണ്‍സേണ്‍ ഹോംലാന്റിനെയും ഞങ്ങളുടെ സമൂഹത്തെയും സംരക്ഷിക്കുക എന്നതാണെങ്കില്‍ ദേശരാഷ്ട്രങ്ങള്‍ക്കതീതമായി വ്യാപിച്ച് കിടക്കുന്ന മുഴുവന്‍ മനുഷ്യ സമൂഹത്തിനും വേണ്ടി നിലകൊള്ളുക എന്നതാണ് മുസ്‌ലിം റാഡിക്കലുകള്‍ ലക്ഷ്യം വെക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം ജാതിവ്യവസ്ഥക്കെതിരെയും സ്ത്രീധനത്തിനെതിരെയും പോരാടുന്നത് ജിഹാദാണ് (മനസൂര്‍). സ്തീകള്‍ക്ക് പബ്ലിക്ക് ബാത്ത്‌റൂമൊരുക്കാത്ത ഗവണ്‍മെന്റിന്റെ നടപടി ളുല്‍മാണ് (ഉമര്‍). അത്‌പോലെ ലോകത്തുടനീളമുള്ള അനീതിക്കെതിരായ ശബ്ദമാണ് ഇസ്‌ലാം (പട്ടേല്‍).

ചുരുക്കത്തില്‍, ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശത്തെയും അവയെ ചൂഷണം ചെയ്യുന്നവരില്‍ നിന്ന് സംരക്ഷിച്ച് നിര്‍ത്താനാണ് മുസ്‌ലിം റാഡിക്കലുകള്‍ ശ്രമിക്കുന്നത്. ഈ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുന്നതിന് പകരം ഭീകരതയെ നേരിടാനെന്ന പേരില്‍ നിയമങ്ങള്‍ ചുട്ടെടുക്കുകയാണ് ഭരണകൂടങ്ങള്‍ ചെയ്യുന്നത്. ഇന്ത്യയിലെ ഭീകരവിരുദ്ധ വേട്ടയുടെ സ്വഭാവം ഇങ്ങനെയാണ്: ഒരു ഭീകരനെതിരെ ആര് നഗരങ്ങളില്‍ 54 കേസുകള്‍ ഫയല്‍ ചെയ്യപ്പെടുന്നു; രണ്ട് നഗരങ്ങളിലായുള്ള 35 കേസുകളുടെ ചാര്‍ജ് ഷീറ്റുകള്‍ 60,000 പേജാണെങ്കില്‍ ഒരു സിറ്റിയിലെ എട്ട് കേസുകളുടെ ചാര്‍ജ് ഷീറ്റുകള്‍ 12,000 പേജാണ്. 2002 ലെ അക്ഷര്‍ധാം ക്ഷേത്രത്തില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും പിന്നീട് തെളിവുകളില്ലാത്തതിന്റെ പേരില്‍ വിട്ടയക്കുകയും ചെയ്ത മുഫ്തി ഖയ്യൂമിന്റെ ലീഗല്‍ ഡോക്യുമെന്റുകള്‍ എട്ട് വാള്യത്തോളം വരും. 9\11 ന് ശേഷം നടക്കുന്ന ഭീകരവിരുദ്ധ വേട്ടയില്‍ ഇരകളാക്കപ്പെടുന്നവര്‍ തേടുന്നത് നീതിയാണ്. എന്നാല്‍ പുതിയ ഡ്രക്കോണിയന്‍ നിയമങ്ങള്‍ നിര്‍മ്മിച്ചു കൊണ്ടാണ് ഭരണകൂടങ്ങള്‍ അവരുടെ ചോദ്യങ്ങളെ നേരിടുന്നത്.

 

ആസ്‌ട്രേലിയന്‍ കാത്തലിക് യൂണിവേഴ്‌സിറ്റിയില്‍ നരവംശശാസ്ത്രത്തില്‍ അസോസിയേറ്റ് പ്രഫസറാണ്ഇര്‍ഫാന്‍ അഹ്മദ്‌. Islamism and Democracy in India: The Transformation of the Jamaat-e-Islami എന്ന ഒരു പുസ്തകം രചിച്ചിട്ടുണ്ട്. South Asian Magazine, Mainstream, The Radical Humanist, The Third Concept തുടങ്ങിയ മാഗസിനുകളില്‍ കോളമെഴുതാറുണ്ട്. Critical Studies on Terrorism എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിക്കപ്പെട്ട Injustice and the New World Order: An Anthropological Persepective on ‘Terrorism’ in India എന്ന ആര്‍ട്ടിക്കിളിന്റെ സ്വതന്ത്ര വിവര്‍ത്തനമാണിത്‌.

 

 

ഇര്‍ഫാന്‍ അഹ്മദ്‌