Campus Alive

ആഫ്രിക്കൻ അറബ് ഐക്യവും അലി മസ്റൂഇയുടെ ആഫ്രേബ്യൻ സങ്കൽപവും

ആഫ്രിക്ക ഒരു സമസ്യയായാണ് രാഷ്ട്രീയ-സാമൂഹ്യ രചനകളിൽ സ്ഥാനം നേടിയിരിക്കുന്നത്. വർണ്ണത്തിന്റെയും വംശത്തിന്റെയും പേരിൽ ആഫ്രിക്കൻ ജനതയെ അപരവത്കരിക്കുകയായിരുന്നു പാശ്ചാത്യൻ ചരിത്ര രചനകൾ ചെയ്തത്. ഫലത്തിൽ മനുഷ്യരല്ലെന്ന് പോലും മുദ്രകുത്തപ്പെട്ട ഒരു ജനതയെ അവരവിടെ നിർമിച്ചു. ഇതിന് പുറമെ, ആഭ്യന്തര ഭൂമിശാസ്ത്ര-സാമൂഹിക സംഘർഷങ്ങളും ആഫ്രിക്കയെ ഉലച്ചിരുന്നു. സഹാറ മരുഭൂമി തീർത്ത വിഭജനം തന്നെയായിരുന്നു പ്രധാനം. നോർത്ത് ആഫ്രിക്ക-സൗത്ത് ആഫ്രിക്ക(Sub-Saharan Africa) എന്നീ ദ്വന്ദങ്ങൾ രൂപപ്പെട്ടു. അതുകൊണ്ടു തന്നെ പാൻ-ആഫ്രിക്കനിസം എന്ന ആശയം ‘ആഫ്രിക്ക’ എന്ന ദേശത്തിന്റെ പുനരുദ്ധാരണം മാത്രമല്ല, പത്തൊമ്പതാം നൂറ്റാണ്ടിൽ രൂപപ്പെട്ട യൂറോപ്യൻ വംശീയ ഭാഷയുടെ നിഷേധം കൂടിയായിരുന്നു. സബ് സഹാറൻ സ്റ്റേറ്റുകളെ നോർത്ത് ആഫ്രിക്കയിൽ നിന്നും മാറ്റി നിർത്തുന്ന ഘടകങ്ങൾ സഹാറ മരുഭൂമി മാത്രമായിരുന്നില്ല. അതിലുപരി നോർത്ത് ആഫ്രിക്കൻ സ്റ്റേറ്റുകൾക്ക് പൂർണ്ണാർത്ഥത്തിലും ഉണ്ടായിരുന്ന മധ്യേഷ്യൻ സ്വഭാവവുമായിരുന്നു. അറബ് ലീഗിന്റെ ഭാഗമായിരുന്നു അവ. യൂറോപ്പിനോടും ഏഷ്യയോട്ടും നിത്യബന്ധം പുലർത്തിയിരുന്നു. ഇസ്‌ലാമായിരുന്നു അവിടുത്തെ മതവും രാഷ്ടീയും. ഇക്കാരണങ്ങളെല്ലാം കൊണ്ടു തന്നെ സാമ്പത്തികമായും സാമൂഹികമായും ആഫ്രിക്ക വിരുദ്ധങ്ങളായി വർത്തിച്ചു. ഈ അകൽച്ചയെ ഇല്ലാതാക്കി ആഫ്രിക്കയെ ഒറ്റ ശക്തിയായി നിലനിർത്താനാണ്, സഹാറ ഒരു വിഭജന രേഖയല്ല, പാരസ്പര്യത്തിന്റെ മാധ്യമമാണെന്ന് പാൻ-ആഫ്രിക്കനിസ്റ്റുകൾ വാദിച്ചത്.

ഈ വിരുദ്ധ്യോക്തിയെ ഉൾക്കൊണ്ടും നിരാകരിച്ചുമുള്ള ചരിത്ര രചനകളുമുണ്ടായിട്ടുണ്ട്. ജോൺ ലിഫീസ് ‘ ആഫ്രിക്കൻസ്; ദി ഹിസ്റ്ററി ഓഫ് എ കോണ്ടിനെന്റ്’ എന്ന പുസ്തകത്തിൽ നോർത്തിനെയും സൗത്തിനെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് ആഫ്രിക്കൻ ചരിത്രത്തെ വായിക്കുന്നത്. എന്നാൽ ഫെഡ്രിക് കൂപേർക്ക ‘ആഫ്രിക്ക സിൻസ് 1940’ എന്ന പുസ്തകത്തിൽ ആഫ്രിക്കൻ ചരിത്രത്തെ സബ് സഹാറൻ നാടുകളിലേക്ക് മാത്രമായി ചുരുക്കുന്നു.

അലി മസ്റൂഇ

അലി മസ്റൂഇയും ആഫ്രേബ്യയും

ആഫ്രിക്കൻ പൊളിറ്റിക്സ്, ഇന്റർനാഷണൽ പൊളിറ്റിക്കൽ കൾച്ചർ, പൊളിറ്റിക്കൽ ഇസ്‌ലാം, നോർത്ത്-സൗത്ത് ആഫ്രിക്കൻ ബന്ധങ്ങൾ തുടങ്ങിയ മേഖലകളിൽ നിരവധി രചനകൾ നടത്തിയ, ലോകത്തെ പ്രമുഖരായ നൂറ് ചിന്തകരിൽ ഒരാളായി എണ്ണപ്പെടുന്നയാളാണ് അലി അൽ അമീൻ മസ്റൂഇ. ആഫ്രിക്കൻ സോഷ്യലിസത്തെയും മാർക്സിസത്തെയും വിമർശിച്ച ഇദ്ദേഹം, യൂറോപ്യൻ മോഡൽ ഗവൺമെന്റും മുതലാളിത്ത സാമ്പത്തിക നയങ്ങളും പോലെ ആഫ്രിക്കൻ സാഹചര്യത്തോട് യോജിക്കാത്ത ഒന്നാണ് കമ്മ്യൂണിസമെന്നും വാദിച്ചു. ഇറാഖ് യുദ്ധം പോലെ വികസ്വര രാജ്യങ്ങളിലുള്ള പാശ്ചാത്യ ഇടപെടലുകളെ വിമർശിച്ചു. മുതലാളിത്ത വ്യവസ്ഥ ആഫ്രിക്കയെ ചൂഷണം ചെയ്യുന്നതാണെന്നും, പരിഹാരമെന്നോണം പുതിയൊരു ലോകക്രമത്തിനായി ശബ്ദിച്ചു. Afrabia: Africa and the arabs in the new world order എന്ന ലേഖനത്തിലൂടെയാണ് ഈ ആവശ്യത്തെ മുന്നോട്ട് വെക്കുന്നതും ‘ആഫ്രേബ്യ’ എന്ന ദേശ സങ്കൽപം അവതരിപ്പിക്കുന്നതും.

ശീതയുദ്ധാനന്തരമുണ്ടായ സോഷ്യലിസത്തിന്റെ തകർച്ചയോടെ , തൊണ്ണൂറുകളിലെ നവലിബറലിസത്തിന്റെ കടന്നുകയറ്റത്തോടെയും മധ്യേഷ്യൻ എണ്ണ വിപണിയിൽ ചുവടുറപ്പിക്കാനുള്ള പടിഞ്ഞാറിന്റെ ശ്രമങ്ങൾ ഊർജ്ജിതമായി. ഈയൊരു ഭീഷണിയെ പ്രതിരോധിച്ച്, ആഫ്രിക്കയെയും മധ്യേഷ്യയെയും പടിഞ്ഞാറിൽ നിന്നും അകറ്റി നിർത്താനുള്ള മുന്നേറ്റമായാണ് അലി മസ്റൂഈ ഈ സങ്കൽപ്പത്തെ കൊണ്ട് വരുന്നതെന്ന് ഹസ്സൻ മാർശ് നിരീക്ഷിക്കുന്നുണ്ട്. ആഫ്രിക്കൻ അറബ് ഐക്യം എന്നത് വളരെ സങ്കീർണ്ണമായ ഒന്നാണെങ്കിലും അമേരിക്ക-ബ്രിട്ടൻ, യുഎസ്-ജപ്പാൻ അനുനയ സമീപനങ്ങളെ ഉദാഹരിച്ച് ഇതും സാധ്യമായ ഒന്ന് തന്നെയാണെന്ന് മസ്റൂഇ പറയുന്നു. 1776-ൽ ബ്രിട്ടീഷ് വിരുദ്ധ സമരമായി ആരംഭിച്ച് പിന്നീട് സ്വാതന്ത്ര്യ സമരമായി മാറിയ കാലത്തെല്ലാം അമേരിക്കൻ ജനതക്ക് അങ്ങേയറ്റം വെറുക്കപ്പെട്ടവരായിരുന്നു ബ്രിട്ടൻ. 1941-ൽ യുദ്ധപ്രഖ്യാപനങ്ങളൊന്നുമില്ലാതെത്തന്നെ അമേരിക്കൻ പേൾ ഹാർബറിൽ ജപ്പാൻ ബോംബിടുകയും പ്രതികാരമായി ലോകമനസാക്ഷിയെ ഞെട്ടിച്ച ഹിരോഷിമയും നാഗസാക്കിയും സംഭവിക്കുകയുമുണ്ടായി. എങ്കിലും, ഇന്ന് ഈ വലിയ ഭിന്നതകൾ മാഞ്ഞ് പല കാര്യങ്ങളിലും സഹകരണസഖ്യങ്ങളായി ഇവർ വർത്തിക്കുന്നു. ഈ രണ്ട് ഉദാഹരണങ്ങളെ മുൻ നിർത്തിക്കൊണ്ട് ആഫ്രിക്കൻ-അറബ് സഖ്യം സാമൂഹിക രാഷ്ട്രീയ ചരിത്രത്തിലെ ഭിന്നതകൾക്ക് മാപ്പ് നൽകിക്കൊണ്ടുള്ള ഒന്നാവണമെന്ന് അദ്ദേഹം വാദിക്കുന്നു.

ആഫ്രേബ്യയെ സാധ്യമാക്കുന്ന പല കാര്യങ്ങളിൽ നിന്നും മൂന്നെണ്ണത്തെ അദ്ദേഹം വളരെ പ്രാധാന്യത്തോടെ കാണുന്നുണ്ട്. ഭീകരവാദത്തിനെതിരെയുള്ള യുദ്ധം (War on terror) ആണ് ഒന്നാമത്തേത്. മിഡിൽ ഈസ്റ്റിനെയും ആഫ്രിക്കയെയും സർവ്വ തലത്തിലും തളർത്തുന്ന മുഖ്യഘടകം ഇതുതന്നെയാണ്. ആഫ്രിക്കൻ രാജ്യങ്ങളായ കെനിയ, സൗത്ത് ആഫ്രിക്ക, ടാൻസാനിയ, ഉഗാണ്ട ഇവയെല്ലാം തന്നെ ഭീകര വിരുദ്ധ നയം സ്വീകരിക്കുന്നതിനായി അമേരിക്കൻ സമ്മർദ്ദം നിരന്തരം അഭിമുഖീകരിക്കുന്നുണ്ട്. മിഡിൽ ഈസ്റ്റ് രാജ്യങ്ങളെ അമേരിക്ക പാവകളാക്കി മാറ്റിയിരിക്കുന്നു. ഈ പടിഞ്ഞാറൻ മധ്യസ്ഥതയെ ആഫ്രിക്കൻ-ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ഒഴിവാക്കുന്ന ശക്തിയായാണ് ആഫ്രേബ്യയെ അലി മസ്റൂഇ കാണുന്നത്. രണ്ടാമതായി ‘ഇസ്‌ലാ’മാണ്. ആഫ്രിക്കക്കും മധേഷ്യക്കുമിടയിലെ സാംസ്കാരികവും രാഷ്ട്രീയപരവുമായ ഒരു പൊതുശക്തിയായി അദ്ദേഹം ഇസ്‌ലാമിനെ മനസ്സിലാക്കുന്നു. നൈജീരിയ പോലുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ നടക്കുന്ന ശരീഅ ചർച്ചകൾ, ആഫ്രിക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ശരീഅ നിയമങ്ങൾക്ക് ലഭിക്കുന്ന പ്രാധാന്യമാണെന്നും ഇത് ആഫ്രേബ്യ എന്ന ആശയത്തിന് പിൻബലമേകുന്നുവെന്നും നിരീക്ഷിക്കുന്നു. മൂന്നാമതായി സാമ്പത്തിക രംഗമാണ്. മധ്യേഷ്യൻ രാഷ്ട്രങ്ങളെപ്പോലെത്തന്നെ ആഫ്രിക്കൻ രാജ്യങ്ങളും എണ്ണയുൽപാദന കേന്ദ്രങ്ങളാണ്. പരസ്പര സഹകരണ സ്വഭാവത്തിലുള്ള സമകാലിക വിനിമയ ലോകത്ത് ഈയൊരു ഐക്യം വലിയൊരു ശക്തിയാകുമെന്നതിൽ അദ്ദേഹം അസന്നിഗ്ദ്ധനാണ്.

ആഫ്രേബ്യൻ ജനത

പോസ്റ്റ് കൊളോണിയൽ പാൻ ആഫ്രിക്കനിസ്റ്റുകളായ ക്വാമ എൻക്രൂമയെ പോലുള്ളവർ സഹാറയെ ഒരു വിഭജനഭൂമിക എന്നതിലുപരി പാരസ്പര്യത്തിന്റെ മാധ്യമമായി കണ്ടു. ഇവർ പറഞ്ഞ Trans Saharan Pan Africanism ആണ് ആഫ്രേബ്യ എന്ന ആശയത്തിന് അടിത്തറയേക്കുന്നത്. ആഫ്രിക്കൻ അറബ് സ്വത്വങ്ങൾക്ക് തമ്മിലുള്ള കൂടിക്കാഴ്ച അല്ല ആഫ്രേബ്യ എന്നതുകൊണ്ട് മസ്റൂഇ ഉദ്ദേശിക്കുന്നത്. മറിച്ച് അവ രണ്ടും ഒന്നായി ചേർന്നുള്ള ഒരു നരവംശത്തെ കുറിച്ചാണ്. ആഫ്രേബ്യൻ ജനതയെ അദ്ദേഹം നാലായി തരം തിരിക്കുന്നു.

ക്വാമ എൻക്രൂമ

ഒന്ന്: കൾച്ചറൽ ആഫ്രേബ്യനുകൾ. സംസ്കാരവും പൊതു ജീവിതശൈലിയും അറബ് വൽക്കരിക്കപ്പെട്ട സ്വാഹിലി, സൊമാലി, ഹൗസ വിഭാഗങ്ങളാണ് ഈ ഗണത്തിൽ. ഇവരുടെ മാതൃഭാഷ അറബിയല്ലെങ്കിലും ഇസ്‌ലാമിന്റെയും അറബിയുടെയും വലിയ സ്വാധീനം ഇവരിൽ നിലനിൽക്കുന്നു.

രണ്ട്: ഐഡിയോളജിക്കൽ ആഫ്രേബ്യനുകൾ. ധൈഷണികപരമായ ആഫ്രിക്കൻ അറബ് ഐക്യത്തിൽ വിശ്വസിക്കുന്നവരാണ് ഇവർ. ഘാനയുടെ പ്രസിഡണ്ട് ക്വാമ എൻക്രൂമ, ജമാൽ അബ്ദുൽ നാസർ, പോസ്റ്റ് കൊളോണിയൽ ഗിനിയയുടെ പിതാവ് സെകുവോ ടോറോ, പ്രഭൃതികൾ ഈ വിഭാഗത്തിലാണ്. ഇവർ സഹാറ മരുഭൂമി ഒരു വിഭജനഭൂമി എന്നതിലുപരി ഒരു മാധ്യമമായി കാണുന്നു.

മൂന്ന്: ഡിമോഗ്രാഫിക് ആഫ്രേബ്യനുകൾ. അറബ് ലീഗിലും ആഫ്രിക്കൻ യൂണിയനിലും അംഗത്വമുള്ള രാജ്യങ്ങളിലെ ജനത. ഭൂരിപക്ഷ അറബികൾ ഉള്ള ഈജിപ്ത്, തുനീഷ്യ, ഭാഗിക അറബികളുടെ മൗറിത്തേനിയ, സോമാലിയ, കൊമൊറോ ദ്വീപുകളെല്ലാം ഈ ഗണത്തിൽപെടുന്നു. ഇവയുടെയെല്ലാം പൊതുഘടകം ഭൂരിപക്ഷ മുസ്‌ലിം ജനസംഖ്യ ആണ്.

നാല്: ജീനിയോളജിക്കൽ ആഫ്രേബ്യനുകൾ. അറബികളുടെയും ബ്ലാക്ക് ആഫ്രിക്കയുടെയും പാരമ്പര്യം അവകാശപ്പെടാവുന്ന ആളുകളാണ് ഈ വിഭാഗം. നോർത്ത് ആഫ്രിക്കയിൽ ഈജിപ്ഷ്യൻ പ്രസിഡണ്ട് ആയിരുന്ന അൻവർ സാദത്ത് ഈ ഗണത്തിലാണ്. മസ്റൂഇ ഗോത്രവും ഈ വിഭാഗത്തിൽപ്പെടുന്നു.

ചരിത്രപരമായ ഒന്നായിച്ചേരലിന്റെ പാതയിലുള്ള രണ്ട് ഭൂപ്രദേശങ്ങളാണ് ആഫ്രിക്കയും അറേബ്യയും എന്നതിനുള്ള തെളിവായാണ് അദ്ദേഹം ഈ ഉപവിഭാഗങ്ങളെ പറയുന്നത്. പരസ്പര സമ്പർക്കങ്ങൾ വഴി അറബ്-ആഫ്രിക്കൻ സ്വത്വങ്ങളിലായി വളരുന്ന, നിലവിലുള്ള ഒരു ജനതയെ അദ്ദേഹം നാലു വിഭാഗങ്ങളിലൂടെ അവതരിപ്പിച്ച് ആഫ്രേബ്യ ഇന്നും നിലവിലുള്ള ഒന്നു തന്നെയെന്ന് ബോധ്യപ്പെടുത്തുകയാണ്.

ഭാഷ-സാംസ്കാരിക ഐക്യങ്ങൾ

ആഫ്രേബ്യയുടെ സാധുതയിലേക്ക് മറ്റു ചില നിരീക്ഷണങ്ങൾ കൂടി മസ്റൂഇ കൊണ്ടുവരുന്നുണ്ട്. ജനസംഖ്യ, ഭാഷ, സംസ്കാരം എന്നിവയിൽ രണ്ട് ജനതകളും തമ്മിലുള്ള ഏകസ്വഭാവങ്ങളെ കണ്ടെത്തുകയാണ് അദ്ദേഹം. ജനസംഖ്യാപരമായി അറബ് ജനതയുടെ ഭൂരിഭാഗവും ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ്. ഏഷ്യൻ അറബ് പ്രദേശങ്ങളേക്കാൾ ആഫ്രിക്കൻ അറബ് രാഷ്ട്രങ്ങൾക്ക് ഭൂവിസ്താരമുണ്ട്. ഇസ്‌ലാമിന്റെ ആഗമനത്തോടെ, നോർത്ത് ആഫ്രിക്കക്ക് മേലുള്ള അറബ് വിജയം ചെങ്കടൽ തീർക്കുന്ന ഭൂമിശാസ്ത്രപരമായ വിഭജനത്തെ ഇല്ലാതാക്കി. അതോടെ നോർത്ത് ആഫ്രിക്കയിൽ രണ്ട് പ്രക്രിയകൾ സജീവമായി, ഇസ്‌ലാമീകരണവും(മതാശ്ലേഷണം) അറബീകരണവും. ഇതോടെ നോർത്ത് ആഫ്രിക്കക്കും മധ്യേഷ്യക്കുമിടയിലുണ്ടായിരുന്ന വിഭജനങ്ങൾ പൂർണ്ണമായും മാഞ്ഞ്, ഇന്ന് രാഷ്ട്രീയ ഭാഷാ സംസ്കാരിക തലത്തിൽ ഒന്നായി മാറി. ഇതേ രീതിയിലുള്ള ഒരു ഐക്യമാണ് ആഫ്രിക്കക്കുള്ളിൽ നടക്കേണ്ടതെന്നും അതോടെ ആഫ്രേബ്യ സാധ്യമാകുന്നുവെന്നുമാണ് മസ്റൂഇയുടെ പക്ഷം.

ചരിത്രപരമായിത്തന്നെ ആഫ്രിക്കൻ-അറബ് വ്യാപാര ബന്ധങ്ങൾ വളരെയേറെയാണ്. ഈസ്റ്റ് ആഫ്രിക്കൻ തീരങ്ങളിലും ആഫ്രിക്കൻ മുനമ്പിലുമൊക്കെയുള്ള അറബ് സാന്നിധ്യം, ഇസ്‌ലാമിലെ ആദ്യ മുഅദ്ദിനായിരുന്ന ബിലാൽ ഹബ്ശിയുമെല്ലാം ഇസ്‌ലാമിന് മുമ്പ് തന്നെയുള്ള അറബ് ആഫ്രിക്കൻ സഞ്ചാരത്തിന്റെ നിദർശനമായും അതിനാൽ തന്നെ ആഫ്രേബ്യ എന്നത് ഒരു പ്രീ-ഹിജ്റി പ്രതിഭാസമാണ് എന്നദ്ദേഹം പറയുന്നു. അടിമവ്യാപാരവും ഇതിൽ പറയപ്പെടേണ്ട ഒന്നു തന്നെ. ഇന്ന് നിരവധി ആഫ്രിക്കൻ-അറബ് വ്യാപാര സഹകരണങ്ങളും കരാറുകളും രൂപപ്പെടുന്നുവെന്നത് അലി മസ്റൂഇയുടെ ആശയത്തോട് ചേർത്ത് വായിക്കുമ്പോൾ ആശാവഹമാണ്. ഏകഭാഷാ സ്വഭാവം ഒരിക്കലും സാധ്യമല്ലെങ്കിൽക്കൂടി ‘അറബിഭാഷ’ വ്യാപനവും വ്യാപ്തിയും മസ്റൂഇ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആഫ്രേബ്യൻ സങ്കൽപ്പത്തിൽ അറബി ഭാഷയുടെ സാന്നിധ്യം വളരെ വലുതാണ്. ആഫ്രിക്കൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന ഭാഷയാണ് അറബി എന്നതോടൊപ്പം തന്നെ ഈസ്റ്റ്‌ ആഫ്രിക്കയിലെ സ്വദേശ ഭാഷയായ സ്വാഹിലി, വെസ്റ്റ് ആഫ്രിക്കയിലെ ഹൗസ എന്നിവയെല്ലാം അറബിയുടെയും ഇസ്‌ലാമിന്റെയും വ്യക്തമായ സ്വാധീനമുള്ളവയാണ്. ഇസ്‌ലാമും അറബി ഭാഷയും തന്നെയാണ് ഐക്യത്തിനുള്ള മുഖ്യബിന്ദുവായി ഇദ്ദേഹം കാണുന്നത്. ആത്യന്തികമായി, അലി മസ്റൂഇ മുന്നോട്ട് വെക്കുന്ന ‘ആഫ്രേബ്യ’ പടിഞ്ഞാറിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യം കൊണ്ടും, സാധൂകരണത്തിനായി കൊണ്ടുവന്ന കാരണങ്ങളാലും വലിയൊരു പ്രതീക്ഷയെ നൽകുന്നുണ്ടെങ്കിലും ആഭ്യന്തര കലാപങ്ങളും, രാഷ്ട്രീയ വൈരാഗ്യങ്ങളും നിലനിൽക്കുന്ന ആഫ്രിക്കൻ-അറബ് രാജ്യങ്ങൾ ഇതിനായി വലിയൊരു മാറ്റത്തിനുള്ള തയ്യാറെടുപ്പ് നടത്തേണ്ടിവരും.

ബിശ്ർ ഇസ്മാഈൽ