Campus Alive

കിഴക്കും പടിഞ്ഞാറും: വൈജ്ഞാനിക കൊള്ളയുടെ ചരിത്രം

യാഥാര്‍ത്ഥ്യങ്ങൾ കുഴിച്ച് മൂടപ്പെടുകയും, മിത്തുകള്‍ കൊടികുത്തി വാഴുകയും ചെയ്യുന്ന ഉത്തരാധുനിക ലോകത്താണ് നാം ജീവിച്ച് കൊണ്ടിരിക്കുന്നത്, അഥവാ പാശ്ചാത്യര്‍ക്കിടയിൽ പിറവിയെടുക്കുന്ന മിത്തുകള്‍ പൗരസ്ത്യരുടെ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് വലിയ വെല്ലുവിളികളായിക്കൊണ്ടിരിക്കുകയാണ്. ഇത്തരം യാഥാര്‍ത്ഥ്യങ്ങളുടെ അഴിച്ചുപണി തുടങ്ങിയിട്ട് നൂറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. യാഥാര്‍ത്ഥ്യങ്ങളെ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയരാക്കി, ഒടുവില്‍ വിഷത്തിന്റെ പഞ്ഞികള്‍ നിറച്ച് അവകളുടെ പുതിയ പതിപ്പുകള്‍ മിത്തുകളായി പ്രസിദ്ധീകരിക്കുക എന്നതായിരുന്നു ഇത്തരം പാശ്ചാത്യ ‘വൈദികന്മാരു’ടെ തന്ത്രം. ലോകത്ത് ഇന്ന് നിലവിലുള്ള സർവ മേഖലകളുടെയും അസ്ഥിത്വത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോഴും അറേബ്യന്‍ പാരമ്പര്യത്തിന്റെ ഒരു കയ്യൊപ്പ് പതിഞ്ഞിരിക്കുന്നതായി നമുക്ക് കാണാവുതാണ്.

അല്‍-ഖവാരിസ്മി, ഇബ്‌നു സീന, ഇബ്‌നു റുഷ്ദ്, അല്‍-ഇദ്‌രീസി തുടങ്ങിയ വൈജ്ഞാനിക, ധൈഷണിക ലോകത്തെ അതികായര്‍ പടുത്തുയര്‍ത്തിയ സമുച്ചയങ്ങള്‍ക്ക് യൂറോപ്പില്‍ നൂറ്റാണ്ടുകളോളം അഭിവൃദ്ധിയുണ്ടായിരുന്നു. അതായത് ക്രൈസ്തവ ലോകത്തെ അജ്ഞതയില്‍ നിന്ന് മോചിപ്പിക്കുന്നതിലും, ‘പാശ്ചാത്യം’ എന്ന ആശയരൂപികരണത്തിലും അറേബ്യന്‍ ശാസ്ത്രവും തത്ത്വശാസ്ത്രവും ഏറെ സഹായിച്ചിട്ടുണ്ട്. എന്നാൽ, അവരെക്കുറിച്ചുള്ള പരാമര്‍ശങ്ങൾ അരികുവത്കരിക്കപ്പെടുന്നതായി നമുക്ക് കാണാം. എന്ത് കൊണ്ട് അവര്‍ ‘മാര്‍ജിനലൈസ്’ ചെയ്യപ്പെടുന്നുവെന്നന്വേഷിക്കാൻ ഒരാളും തയ്യാറല്ല എന്ന വാസ്തവം മുഴച്ച് നില്‍ക്കുതായി ഏതൊരുത്തനും ദര്‍ശിക്കാവുന്നതേയുള്ളൂ.

മധ്യകാലത്തിന്റെ തുടക്കത്തില്‍ തന്നെ ക്രൈസ്തവ ലോകം വൈകല്യരായിത്തീര്‍ന്ന സമയഗണനാരീതിക്ക് പരിഹാരമായത് അറബി ശാസ്ത്രലോകമാണെന്നത് വരികള്‍ക്കിടയിലൂടെ കണ്ണോടിക്കുവര്‍ക്ക് തിരിച്ചറിയാവുന്നതാണ്. ഘടികാരവും കലണ്ടറുമില്ലാതെ അന്ധകാരത്തില്‍ തപ്പിനടന്ന സമൂഹത്തിനിടയില്‍ ജ്വലിക്കുന്ന സൂര്യനായി തീര്‍ന്നത് മുസ്‌ലിം ലോകമാണെന്ന യാഥാര്‍ത്ഥ്യം നവ മുസ്‌ലിം സമൂഹം പോലും തിരിച്ചറിയാത്ത ഒന്നാണ്. എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഗലേഷ്യക്കാര്‍ക്ക് സെറ്റ് പോള്‍ എന്ന സന്യാസി എഴുതിയ കത്തില്‍ സമയത്തിന്റെ പിന്നാലെ പോകുന്നത് യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് ഒട്ടും പാടില്ലാത്തതും, തീര്‍ത്തും ലൗകീകവുമായ കാര്യമാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞിട്ടുണ്ട്: ‘നിങ്ങള്‍ ദൈവത്തെ അറിഞ്ഞ സ്ഥിതിക്ക്, അഥവാ ദൈവം നിങ്ങളെ അറിഞ്ഞിരിക്കെ നിങ്ങളെന്തിനാണ് ദുര്‍ബലവും ഗര്‍ഹണീയവുമായ പ്രാപഞ്ചിക നിയമങ്ങളുടെ നേര്‍ക്ക് വീണ്ടും തിരിയുന്നത്? വീണ്ടും അവയുടെ അടിമകളാവാന്‍ കൊതിക്കുന്നത്.’ (ഗലേഷ്യന്‍സ്: 4:910)

സത്യത്തില്‍ ആരാണ് വൈജ്ഞാനിക ലോകത്തെ നവോത്ഥാന വാദികളെന്ന കുഴപ്പിക്കുന്ന ചോദ്യത്തിനു മുന്നില്‍ ഉശിരോടെ മുസ്‌ലിം സമൂഹമാണെന്ന് ഉറപ്പിച്ച് പറയുന്ന ഒരു ജനത ഉയിര്‍ത്തെഴുന്നേൽക്കേണ്ടിയിരിക്കുന്നു. കാരണം പതിനാറാം നൂറ്റാണ്ടിനുമപ്പുറത്തേക്ക് വ്യാപിച്ച ഈ വൈജ്ഞാനിക സ്വാധീനം കോപ്പര്‍നിക്കസ്സിലും ഗലീലിയോ ഗലീലിയിലും വിസ്മയകരമായ കണ്ടെത്തലുകള്‍ക്ക് മാര്‍ഗ്ഗ രേഖകളായിട്ടുണ്ട്. എന്നാല്‍ ഇസ്‌ലാമും മുസ്‌ലിം ലോകവും പ്രശംസനീയമായ ഒരു സംഭാവനയും രേഖപ്പെടുത്തിയിട്ടില്ലായെന്നാണ് ഭൂരിപക്ഷം അമേരിക്കക്കാരും വിശ്വസിക്കുന്നതെന്ന് പല സര്‍വ്വേകളിലും വെളിപ്പെടുത്തിയിരിക്കുന്നു. തികഞ്ഞ മുസ്‌ലിം വിരുദ്ധത സമൂഹത്തിനിടയില്‍ എങ്ങനെ ധരിപ്പിക്കുമെന്നതിന് തലപുകഞ്ഞാലോചിച്ചിട്ടും ഉത്തരം കിട്ടാത്ത ക്രൈസ്തവ ലോകം ഈ മണ്ണില്‍ ജീവിച്ചുപോയിരുന്നുവെന്നത് ഇത്തരം അമേരിക്കക്കാര്‍ ഓർക്കാന്‍ ഇഷ്ടപ്പെടാത്ത കാര്യമാണ്. ഇവിടെയെല്ലാം മറ്റുള്ളവരുടെ കഴിവുകള്‍ക്കുമേലുള്ള അധിനിവേശത്തിന്റെ അഴിഞ്ഞാട്ടമാണെന്നത് തികഞ്ഞ വാസ്തവമാണ്. ഇത്തരം മിഥ്യാധാണരകൾ തച്ചുടക്കാന്‍ മുസ്‌ലിം സമൂഹം കച്ചകെട്ടിയിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഇന്ന് അന്റാക്യ എന്ന പേരിലറിയപ്പെടുന്ന തുര്‍ക്കിയിലെ ഒരു പട്ടണമായ അന്ത്യോക്യ വിജ്ഞാന ദാഹികളായവര്‍കക്ക് സാന്ത്വനത്തിന്റെ കണ്ണീര്‍കുടമായിത്തീര്‍ന്നിരുന്നു. ബി.സി നാലാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട അന്ത്യോക്യ ഏഷ്യയിലെ ഏറ്റവും വലിയ വൈജ്ഞാനിക നഗരമായിരുന്നു. അതേകുറിച്ചുള്ള ഓര്‍മയാകട്ടെ, ക്രൈസ്തവ ലോകത്തിന് ഏറെ പ്രിയപ്പെട്ടതുമായിരുന്നു. കാരണം ‘ക്രിസ്ത്യന്‍’ എന്ന പേര് ആദ്യമായി ഉപയോഗിക്കപ്പെട്ടത് ഈ മണ്ണിലാണ്. ഈ നഗരത്തിലെ വൈജ്ഞാനിക മികവിന്റെ തലപ്പത്ത് മുസ്‌ലിം സംഭാവന ഏറെ ഓര്‍ക്കേണ്ട ഒരു വസ്തുത കൂടിയാണ്. അറേബ്യന്‍ ധൈഷണിക ശേഖരം തേടിപ്പിടിച്ചിറങ്ങിയ അദിലാഡിനെപ്പോലുള്ള ക്രൈസ്തവ സന്യാസിമാര്‍ക്ക് അറേബ്യന്‍ ഗുരുക്കന്മാരുമുണ്ടായിരുന്നു.

അന്റാക്യ

അദിലാഡിന്റെയും അദ്ദേഹത്തിന്റെ പാത പിന്തുടരുന്നവരുടെയും കൈകളിലൂടെ എത്തിച്ചേര്‍ന്ന അറേബ്യന്‍ ശാസ്ത്രവും തത്ത്വചിന്തയും ഏറെ പിന്നോക്കാവസ്ഥയിലായിരുന്ന യൂറോപ്പിനെ വലിയ ശാസ്ത്ര സാങ്കേതിക ശക്തിയാക്കി മാറ്റി. അല്‍ ഇക്‌സിർ അഥവാ എലിക്‌സിറിന്റെ രാസവിദ്യ വിലകുറഞ്ഞ ലോഹത്തെ സ്വര്‍ണ്ണമാക്കി മാറ്റാന്‍ ഉപയോഗിക്കപ്പെട്ടത് പോലെ അറേബ്യന്‍ ശാസ്ത്രം മധ്യകാല ക്രൈസ്തവ ലോകത്തെ തിരിച്ചറിയാനാവാത്ത വിധം മാറ്റുകയായിരുന്നു.

എന്നിട്ടും പൗരസ്ത്യരുമായുള്ള കച്ചവടം വഴി ധാരാളം പണം തെക്കന്‍ യൂറോപ്പിലെ വ്യാപാര സംഘങ്ങളുടെ കൈകളിലേക്കൊഴുകി. ഉത്തരാഫ്രിക്കയും കരിങ്കടല്‍ പ്രദേശവുമായുള്ള വ്യാപാരത്തിന്റെ മുഖ്യ കേന്ദ്രമായി ജനോവയും മാറി. ഈജിപ്ത്, സിറിയ എന്നീ രാജ്യങ്ങളുമായുള്ള വ്യാപാരത്തിന്റെ നേട്ടം മുഴുവന്‍ കൊയ്തത് വെനീസുമായിരുന്നു. എണ്ണ, സുഗന്ധദ്രവ്യങ്ങള്‍, തുണിത്തരങ്ങള്‍, സ്വര്‍ണം, വെള്ളി എന്നിവക്കൊപ്പം പുതിയ ആശയങ്ങളും ചിന്താസരണികളും യൂറോപ്പിലേക്കൊഴുകിയെത്തി. അറബികളും ഇറ്റലിക്കാരും തമ്മിലുണ്ടായ വ്യാപാരക്കരാറുകളിലും പ്രമാണങ്ങളിലും വ്യാപകമായി ഉപയോഗിക്കപ്പെട്ടതുപോലെ ആധുനിക അറബി അക്കങ്ങള്‍ പാശ്ചാത്യര്‍ക്കിടയിൽ ഏറെ പ്രചാരം നേടിയിരുന്നു. ഇപ്പോഴും ഒട്ടനവധി അറബി-പേര്‍ഷ്യൻ പദങ്ങള്‍ യൂറോപ്യന്‍ ഭാഷകളില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. ചെക്ക്, താരീഫ്, ആര്‍സനൽ, ട്രാഫിക് എന്നിവ അതിന് ചില ഉദാഹരണങ്ങള്‍ മാത്രം. ഇവിടെ നാം കൂട്ടിച്ചേര്‍ത്ത് വായിക്കേണ്ട മറ്റൊരു വസ്തുത കൂടി ഒളിഞ്ഞിരിപ്പുണ്ട്; പൗരസ്ത്യ-പാശ്ചാത്യ വാണിജ്യത്തിലുണ്ടായ വിസ്മയകരമായ വളര്‍ച്ചയായിരുന്നു കുരിശുയുദ്ധത്തിന്റെ ഒരു മുഖ്യ ഹേതു.

പൗരസ്ത്യന്‍ സംസ്‌കാരത്തെ പരിപൂര്‍ണ്ണമായി ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചിരുന്നുവെങ്കിലും, അറേബ്യന്‍ ജീവിതത്തിലെ ഏറ്റവും നല്ല വശങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നതിൽ അവര്‍ ഒരു മടിയും കാണിച്ചില്ല. അറിവിന്റെ ലോകത്ത് പാശ്ചത്യര്‍ ഏറെ പിന്നാക്കം ആയിരുന്നുവെന്നത് ഏറെ നിരാശയോടെ അദിലാഡ് തന്റെ ‘ഓ ദി സെയിം ആൻഡ് ദി ഡിഫറന്റ്’ എന്ന ഗ്രന്ഥത്തിന്റെ തുടക്കത്തില്‍ പ്രഖ്യാപിക്കുന്നുണ്ട്: ‘ഏറെ പ്രശസ്തമായ മിക്ക പൗരാണിക കൃതികളും ഞാന്‍ പരിശോധിച്ചു. അവയില്‍ ജ്വലിച്ചു നില്‍ക്കുന്ന പ്രതിഭാവിലാസവുമായി ആധുനികരുടെ അറിവിനെ താരതമ്യം ചെയ്തപ്പോള്‍ പൗരാണികര്‍ ഏറെ വാചാലരും, ആധുനികര്‍ ഊമകളുമാണെന്ന നിഗമനത്തിലാണ് ഞാനെത്തിച്ചേര്‍ന്നത്.

ഇതിനെല്ലാം പുറമെ ദിവസത്തെ മണിക്കൂറുകളായി വിഭജിക്കാനോ, ഒരു കലണ്ടര്‍ രൂപപ്പെടുത്താനോ പാശ്ചാത്യന്‍ ക്രൈസ്തവ ലോകത്തിന് കഴിഞ്ഞില്ല. ഏറെ കൃത്യതയൊന്നുമില്ലാത്ത ചില സമയ നിര്‍ണ്ണയരീതികൾ മാത്രമാണ് അവര്‍ക്ക് കണ്ടെത്താനായത്. എന്നാൽ, ഇത്തരം കൃത്യതയില്ലാത്ത സമയ നിര്‍ണ്ണയം അവരുടെ പ്രാര്‍ത്ഥനകളെ പോലും ബാധിക്കുകയാണുണ്ടായത്. ഇതിന്റെ പൂര്‍ത്തീകരണത്തിന് അറേബ്യന്‍ ഗണിത ശാസ്ത്രം അവര്‍ നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. നക്ഷത്രദൂരമാപിനിയെയും, അനുബന്ധ സാങ്കേതിക വിദ്യകളെയും കുറിച്ചുള്ള ആദ്യകാല ലാറ്റിന്‍ രചനകള്‍ നിറയെ അബദ്ധങ്ങളായിരുന്നുവെന്ന് ചരിത്രം തെളിയിക്കുന്നുണ്ട്. നക്ഷത്രദൂരമാപിനിയെ സംബന്ധിച്ചുള്ള യുക്തിഭദ്രമായ കൃതികള്‍ സ്വന്തമായി തയ്യാറാക്കാന്‍ പന്ത്രണ്ടാം നൂറ്റാണ്ടിന്റെ മധ്യകാലം വരെയും പാശ്ചാത്യര്‍ക്കായില്ല എന്നതാണ് സത്യം.

പാശ്ചാത്യര്‍ മുസ്‌ലിംകള്‍ക്ക് പ്രത്യുപകാരം ചെയ്തില്ലെങ്കിലും, അറബികളോടുള്ള അളവറ്റ കടപ്പാട് വെച്ചുപുലര്‍ത്താനെങ്കിലും അവര്‍ ശ്രമിക്കേണ്ടതുണ്ട്. നമ്മുടെ ആധുനിക സാങ്കേതിക ശബ്ദകോശത്തിലേക്ക് അസിമുത്ത് മുതല്‍ സെനിത്ത് വരെയും, ആള്‍ജിബ്ര മുതല്‍ സീറോ വരെയുമുള്ള അനവധി അമൂല്യ സമ്പത്തുകള്‍ അവര്‍ സംഭാവന ചെയ്തിട്ടുണ്ടെന്ന കാര്യം നാം മറക്കരുത്. ചുരുക്കത്തില്‍, മുസ്ലിം വൈജ്ഞാനിക ലോകം പാശ്ചാത്യരെ നന്നായി സ്വാധീനിച്ചിരുന്നുവെന്ന സത്യത്തെ കണ്ണടച്ച് ഇരുട്ടാക്കുന്ന പാശ്ചാത്യരുടെ ദൗത്യത്തിന് നേരെ മുസ്‌ലിംകൾ തിരിച്ചറിയേണ്ടതുണ്ട്.

സുഹൈൽ സാഗർ