Campus Alive

ജാതിവിരുദ്ധ രാഷ്ട്രീയത്തിന്റെ പുതിയ വഴികള്‍

ട്വിറ്ററിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായ ജാക്ക് ഡോഴ്‌സിക്ക് ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥയെക്കുറിച്ച് എത്രത്തോളം പരിജ്ഞാനമുണ്ട് എന്നത് അവ്യക്തമായ കാര്യമാണ്. കഴിഞ്ഞയാഴ്ച ഇന്ത്യയിലായിരുന്ന ഡോഴ്‌സി ഒരു സംഘം വരുന്ന വനിതാ പത്രപ്രവര്‍ത്തകരെ കാണുകയുണ്ടായി. ഒരു അനൗദ്യോഗിക കൂടിക്കാഴ്ചയായിരുന്നു അതെങ്കിലും ‘ബ്രാഹ്മണിക്കല്‍ പുരുഷാധിപത്യത്തെ തകര്‍ക്കുക’ എന്ന പോസ്റ്റര്‍ പിടിച്ചു നില്‍ക്കുന്ന ഡോഴ്‌സിയുടെ ഫോട്ടോ മാധ്യമങ്ങളിലുടനീളം പ്രചരിക്കുകയുണ്ടായി.

ഒരു കൊടുങ്കാറ്റാണ് ആ ഫോട്ടോ അഴിച്ചുവിട്ടത്. സ്മിത ബറൂഅ എഴുതുന്നു: ”ആ പോസ്റ്റര്‍ ഉയര്‍ത്തിപ്പിടിച്ചതിലൂടെ താന്‍ ബ്രാഹ്മണരെ വെറുക്കുന്ന വംശീയവാദിയാണെന്ന് ജാക്ക് തെളിയിച്ചിരിക്കുകയാണ്. വ്യാജ ഫെമിനിസ്റ്റാണയാള്‍”. മണിപ്പാല്‍ ഗ്ലോബല്‍ എഡുക്കേഷന്റെ ചെയര്‍മാന്‍ മോഹന്‍ദാസ് പായ് വെറുപ്പിന്റെ പോസ്റ്റര്‍ എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. ബോളിവുഡ് തിരക്കഥാകൃത്തായ അദ്വൈത കാലയാകട്ടെ, വിദ്വേഷപ്രസംഗം എന്നാണ് പോസ്റ്ററിനെക്കുറിച്ച് എഴുതിയത്. അതേസമയം റിപ്പബ്ലിക്ക് ടി.വിയുടെ എഡിറ്റോറിയല്‍ ഉപദേശകനായ ചിത്ര സുബ്രഹമണ്യം ബ്രാഹ്മണിക പുരുഷാധിപത്യത്തെയും ചൈനീസ് ഏകാധിപത്യത്തെയും തുലനം ചെയ്തുകൊണ്ടാണ് സംസാരിച്ചത്. ചൈനീസ് പ്രസിഡണ്ടിനോട് സ്വതന്ത്ര തെരെഞ്ഞെടുപ്പ് നടത്താന്‍ ആവശ്യപ്പെടുന്ന ഒരു പോസ്റ്റര്‍ പിടിക്കാന്‍ ഡോഴ്‌സി തയ്യാറാകുമോ എന്നാണ് അദ്ദേഹം ചോദിച്ചത്.

ട്വിറ്റര്‍ പെട്ടെന്ന് തന്നെ ഡോഴ്‌സിയുടെ ചെയ്തിയില്‍ ഖേദം പ്രകടിപ്പിക്കുകയുണ്ടായി. ഹിന്ദു ജാതി വ്യവസ്ഥയെ സൂചിപ്പിക്കാന്‍ ബ്രാഹ്മണിക്കല്‍ എന്ന് വിശേഷിപ്പിച്ചതിനെതിരെയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിരുന്നു. എന്നാല്‍ ബ്രാഹ്മണിക്കല്‍ എന്നത് ഒരു പുതിയ പ്രയോഗമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഹിന്ദുമതത്തില്‍ അന്തര്‍ലീനമായ ജാതിയെ സൂചിപ്പിക്കാന്‍ ബി. ആര്‍ അംബേദ്ക്കറടക്കമുള്ളവര്‍ ബ്രാഹ്മണിസം എന്ന പദമാണ് ഉപയോഗിച്ചിട്ടുള്ളത്.

‘രണ്ട് ശത്രുക്കളെയാണ് ഇന്ത്യക്ക് നേരിടാനുള്ളത്. ബ്രാഹ്മണിസവും മുതലാളിത്തവുമാണത്. ബ്രാഹ്മണിസം എന്നതുകൊണ്ട് ഞാനുദ്ദേശിക്കുന്നത് ഒരു സമുദായം എന്ന അര്‍ത്ഥത്തില്‍ ബ്രാഹ്മണരെയല്ല. മറിച്ച്, സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനുമെതിരായ നിഷേധമായാണ് ബ്രാഹ്മണിസത്തെ ഞാന്‍ കാണുന്നത്. അതുകൊണ്ടുതന്നെ ബ്രാഹ്മണര്‍ക്കിടയില്‍ മാത്രമല്ല, വിവിധങ്ങളായ സമൂഹങ്ങളില്‍ സജീവമായ സാന്നിധ്യമാണ് ബ്രാഹ്മണിസം.

ബ്രാഹ്മണിസം, ബ്രാഹ്മണിക്കല്‍ എന്നീ പ്രയോഗങ്ങള്‍ ബ്രാഹ്മണര്‍ക്കെതിരായ വിദ്വേഷമാണ് എന്ന് വാദിക്കുന്നത് പുരുഷാധിപത്യം എന്ന പദം പരുഷന്‍മാര്‍ക്കെതിരാണ് എന്ന് പറയുന്നതിന് തുല്യമാണ്. മനുഷ്യ സമത്വത്തിനെതിരായത് കൊണ്ടാണ് പുരുഷാധിപത്യം എതിര്‍ക്കപ്പെടുന്നത്. ഏതെങ്കിലും ഒരാള്‍ക്ക് പുരുഷാധിപത്യം എന്ന പ്രയോഗം അസ്വാരസ്യമുണ്ടാക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം അയാള്‍ ആ വ്യവസ്ഥയെ പിന്തുണക്കുന്നുണ്ട് എന്നാണ്. ബ്രാഹ്മണിക്കല്‍ എന്ന പദപ്രയോഗത്തെയും സമാനമായാണ് മനസ്സിലാക്കേണ്ടത്.

വെറും അഞ്ച് ശതമാനം വരുന്ന ന്യൂനപക്ഷമാണ് ബ്രാഹ്മണരെന്നാണ് എഴുത്തുകാരനായ ഹിന്ദോല്‍ സെന്‍ഗുപ്ത പറയുന്നത്. അതുകൊണ്ടുതന്നെ ബ്രാഹ്മണ പുരുഷാധിപത്യം അവസാനിപ്പിക്കാനുള്ള ആഹ്വാനം വിദ്വേഷപ്രസംഗമാണെന്നാണ് അദ്ദേഹം വാദിക്കുന്നത്.

ബ്രാഹ്മണിസം, ബ്രാഹ്മണിക്കല്‍ എന്നീ പ്രയോഗങ്ങള്‍ ബ്രാഹ്മണര്‍ക്കെതിരായ വിദ്വേഷമാണ് എന്ന് വാദിക്കുന്നത് പുരുഷാധിപത്യം എന്ന പദം പരുഷന്‍മാര്‍ക്കെതിരാണ് എന്ന് പറയുന്നതിന് തുല്യമാണ്. എന്നാല്‍ അക്കങ്ങളുടെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷത്തെ അടയാളപ്പെടുത്തുന്നത് അബന്ധമാണ്. അങ്ങനെയാണെങ്കില്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ന്യൂനപക്ഷമായിരുന്നു എന്ന് പറയേണ്ടി വരും. അതിനാല്‍ തന്നെ അധികാരവുമായി ബന്ധപ്പെടുത്തിയാണ് ന്യൂനപക്ഷം എന്ന സംവര്‍ഗത്തെ മനസ്സിലാക്കേണ്ടത്.

ആധുനിക ഇന്ത്യയില്‍ ബ്രാഹ്മണ സമുദായം കൈവശം വെക്കുന്ന സാമൂഹ്യ-സാമ്പത്തിക അധികാരത്തിന് ലോകത്ത് സമാനതകളില്ല. അതിനാല്‍ തന്നെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ബ്രാഹ്മണരുടെ സാമൂഹിക സ്ഥാനത്തെ നോക്കിക്കാണുന്നതില്‍ പരിമിതിയുണ്ട്. 2006 ല്‍ നടന്ന ഒരു സര്‍വ്വെ പ്രകാരം ദേശീയ പത്രപ്രവര്‍ത്തന രംഗത്തെ 49 ശതമാനം വരുന്ന ഉയര്‍ന്ന തസ്തികകള്‍ കൈവശം വെച്ചിരിക്കുന്നത് ബ്രാഹ്മണരാണ്. മാത്രമല്ല, ഇന്ത്യയിലെ ഒട്ടുമിക്ക വൈറ്റ്കോളര്‍ ജോലികളുടെയെല്ലാം തലപ്പത്ത് ബ്രാഹ്മണരാണ്. ഇത്തരത്തില്‍ അസമത്വം നിറഞ്ഞുനില്‍ക്കുന്ന ഒരു സാമൂഹിക സാഹചര്യത്തില്‍ ജാതി വ്യവസ്ഥക്കെതിരായ ആഹ്വാനം വളരെ പ്രധാനമാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

അഭിലാഷ്‌