Campus Alive

ലിബറലിസവും പൊതുമണ്ഡലത്തെക്കുറിച്ച ആകുലതകളും

1

എനിക്ക് പിശാചുക്കളെക്കുറിച്ച് അധികമൊന്നും അറിയില്ല. എന്നാല്‍ ആയത്തുല്ല ഖുമൈനി അമേരിക്കയെ ഏറ്റവും വലിയ പിശാചായി (Great Satan) കണ്ടിരുന്നു എന്ന് എനിക്കറിയാം. നാഗരികതകള്‍ തമ്മിലുള്ള ഇത്തരത്തിലുള്ള സംഘര്‍ഷങ്ങളെ മനസ്സിലാക്കിയാല്‍ തന്നെ ശീത യുദ്ധാനന്തര ലോകത്തെ കൃത്യമായി വിലയിരുത്താന്‍ സാധിക്കും. അതേസമയം ഖുമൈനിയുടെ പ്രഖ്യാപനത്തെ പടിഞ്ഞാറിന്റെ അധികാരത്തെ ചുരുക്കാനുള്ള ശ്രമമായും സാര്‍വ്വലൗകിക സംസ്‌കാരമായി മനസ്സിലാക്കപ്പെടുന്ന പടിഞ്ഞാറ് എന്ന ആശയത്തിന്റെ നിരാകരണമായും കാണാവുന്നതാണ്. 1999ല്‍ അന്നത്തെ ഇറാന്‍ പ്രസിഡന്റായിരുന്ന ആയത്തുല്ല ഖാതമി നാഗരിക സംഘര്‍ഷങ്ങള്‍ക്ക് ഒരു ബദല്‍ നിര്‍ദേശിക്കുകയുണ്ടായി. സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംവാദമായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. യു.എന്‍ അതേറ്റെടുക്കുകയും ചെയ്തു. പരസ്പര സംവാദങ്ങളിലൂടെ ഭൗമരാഷ്ട്രീയ വ്യത്യസ്തതകളെ അടിസ്ഥാനമാക്കിയുള്ള ധ്രുവീകരണത്തെയും നാഗരികതകളുടെ സംഘര്‍ഷത്തിലൂടെയുള്ള അതിന്റെ പ്രതിനിധാനത്തെയും മറികടക്കാന്‍ കഴിയുമെന്നായിരുന്നു ഖാതമിയുടെ പ്രതീക്ഷ. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ സംവാദം വ്യത്യസ്തതയെ മറികടക്കും. 2001 സെപ്റ്റംബറില്‍ നടന്ന വേള്‍ഡ്ട്രേഡ് സെന്റര്‍ ആക്രമണത്തെത്തുടര്‍ന്ന് നോര്‍ത്ത് തെഹ്റാനില്‍ നിന്നുള്ള ഇറാനികള്‍ കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ചു കൊണ്ട് തെരുവിലിറങ്ങിയത് ഇതിനോട് ചേര്‍ത്തു വായിക്കാവുന്നതാണ്. എല്ലാ വ്യത്യസ്തകകള്‍ക്കും ഉപരിയായി മനുഷ്യരെല്ലാം ഒന്നാണെന്ന വികാരമായിരിക്കാം അവരെ അതിലേക്ക് നയിച്ചത്. അപ്പോള്‍ ഒരു സാര്‍വ്വലൗകിക ഭാഷയാണ് നമ്മുടെ പൊതുവായ മാനവികത (Common humanity) യുടെ ആവിഷ്‌കാരം എന്ന് പറയാവുന്നതാണ്. പ്രശ്നങ്ങളുടെയും കലഹങ്ങളുടെയും അന്ത്യം എന്നതാണ് പൊതുമാനവികതയുടെ ആശയം. ഒട്ടുമിക്ക പേരും പറയുന്നത് നമ്മളൊന്നാണ് എന്ന് അംഗീകരിച്ചാല്‍ ലോകത്ത് കൂടുതല്‍ സമാധാനവും നീതിയും കൈവരുമെന്നാണ്.

2

വേള്‍ഡ് ട്രേഡ് സെന്ററിന്റെ നിര്‍മ്മാണത്തോടെ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം അതായിത്തീര്‍ന്നു. അമേരിക്കയുടെ അധികാരത്തിന്റെയും നേട്ടങ്ങളുടെയും പ്രതീകമായിരുന്നു അത്. എന്നാല്‍ അതിനേക്കാളും പ്രാധാന്യമുള്ള ഒരു ടവറുണ്ടായിരുന്നു. ബാബേല്‍ എന്നായിരുന്നു അതിന്റെ പേര്. അതിനെക്കുറിച്ച് ഒരു കഥ നിലനില്‍ക്കുന്നുണ്ട്. ഇറാഖിലാണ് കഥ നടക്കുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അവിടെയുണ്ടായ വലിയൊരു വെള്ളപ്പൊക്കത്തെത്തിന് ശേഷം ഒരു വലിയ ഗോപുരത്തോട് കൂടിയ നഗരം പണിയാന്‍ ആളുകള്‍ തീരുമാനിച്ചു. അങ്ങനെയാണ് ബാബേല്‍ ഗോപുരം നിര്‍മ്മിക്കപ്പെടുന്നത്. ദൈവത്തിലക്കുള്ള കവാടമായാണ് അത് പരിഗണിക്കപ്പെട്ടിരുന്നത്. ദൈവികക്രമത്തെ ഭൂമിയില്‍ സ്ഥാപിക്കുക എന്ന ലക്ഷ്യവും ഗോപുര നിര്‍മ്മാണത്തിന്റെ പിന്നിലുണ്ടായിരുന്നു. ബാബേല്‍ തകര്‍ക്കപ്പെടുന്നതിന് മുമ്പ് ഭൂമി ഒരു ഭാഷയായിരുന്നു എന്നാണ് കഥ പറയുന്നത്. അന്ന് ലോകത്തുള്ള മനുഷ്യരെല്ലാം ഒരു കുടുംബമായിരുന്നു. പരസ്പരം പോരടിക്കുന്ന ഒരു സംഘവും അന്നുണ്ടായിരുന്നില്ല. ഒരു രാഷ്ട്രമോ ദേശമോ നിലനിന്നിരുന്നില്ല. രാഷ്ട്രീയപൂര്‍വ്വമായ സമൂഹമായിരുന്നു അക്കാലത്ത് നിലവിലുണ്ടായിരുന്നത്. ബാബേലിന്റെ തകര്‍ച്ചയോടു കൂടി ഏകകമായി നിലനിന്നിരുന്ന സന്തുഷ്ട മനുഷ്യകുടുംബം വ്യത്യസ്ത ദേശങ്ങളും ഗോത്രങ്ങളും ഭാഷാസമൂഹങ്ങളുമായി വിഭജിക്കപ്പെടുകയാണുണ്ടായത്. അങ്ങനെ ലോകം സംഘര്‍ഷത്തിലേക്ക് നീങ്ങി. അതേസമയം ഈ വിഭജനത്തിലൂടെ ബഹുസ്വരത സാധ്യമാവുകയുണ്ടായി. കാരണം പൊതുഭാഷയുടെ തകര്‍ച്ചയോടെ ഭാഷാപരമായ വ്യത്യസ്തകളാണ് ഉടലെടുത്തത്. ഈ വ്യത്യസ്തതകള്‍ സംവാദത്തിന്റെ സാധ്യതകളെ ഇല്ലാതാക്കുകയും അങ്ങനെ പരസ്പരശത്രുതക്ക് തുടക്കം കുറിക്കപ്പെടുകയും ചെയ്തു. പരസ്പര സംവാദത്തെ സാധ്യമാക്കുന്ന സാര്‍വ്വലൗകികമായ ഒരു ഭാഷക്ക് വേണ്ടിയുള്ള ആഹ്വാനങ്ങള്‍ ഒരര്‍ത്ഥത്തില്‍ വ്യത്യസ്തതകളെ മറികടക്കാനുള്ള ആഗ്രഹം കൂടിയാണ്.

ബാബേല്‍ ഗോപുരത്തിന്റെ തകര്‍ച്ച യഥാര്‍ത്ഥത്തില്‍ സാമൂഹികതയിലേക്കുള്ള (social) പരിവര്‍ത്തനത്തിന്റെ രൂപകമാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ രാഷ്ട്രീയപരതയുടെ (political) ഉദയത്തിന്റെ തുടക്കത്തെയാണ് അത് സൂചിപ്പിക്കുന്നത്. അഥവാ, വ്യത്യസ്തകളെ നിയന്ത്രണ വിധേയമാക്കിക്കൊണ്ട് സമൂഹത്തിന്റെ നിര്‍മ്മാണത്തിന് തുടക്കം കുറിക്കപ്പെട്ട സന്ദര്‍ഭമാണ് ബാബേലിന്റെ തകര്‍ച്ച എന്നു പറയാവുന്നതാണ്. അതോടെ ശത്രുക്കളെയും മിത്രങ്ങളെയും അടിസ്ഥാനപ്പെടുത്തിയുള്ള ഒരു കര്‍തൃത്വം (subjectivity) രൂപപ്പെടുകയും ചെയ്തു. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ വ്യത്യസ്തത സാധ്യമാക്കുന്ന ഒരു മാര്‍ഗമായി രാഷ്ട്രീയപരത (political) മാറി. അഥവാ, വ്യത്യസ്തത തന്നെ രാഷ്ട്രീയപരതയുടെ നിലനില്‍പ്പിനെ നിര്‍ണ്ണയിക്കുന്ന ഘടകമായിത്തീര്‍ന്നു.

ബാബേലിന്റെ തകര്‍ച്ചയിലൂടെ സംവാദത്തിന്റെ സാധ്യതകള്‍ അടയുകയും ഒത്തൊരുമ നഷ്ടപ്പെടുകയുമാണ് ചെയ്തത്. സംവാദം എന്നത് നഷ്ടപ്പെട്ട ആ ഒത്തൊരുമയെ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ്. അതിലൂടെ സംഘര്‍ഷത്തെ മറികടക്കാന്‍ കഴിയുന്ന ഒരു ഭാഷ വികസിപ്പിക്കാന്‍ സാധിച്ചേക്കാം എന്നാണ് സംവാദത്തിന്റെ ആളുകള്‍ വിശ്വസിക്കുന്നത്. എന്നാല്‍ സംവാദത്തിന്റെ ആ പൊതുഭാഷ നല്‍കുന്നത് പാശ്ചാത്യരാണ് എന്നുമാത്രം.

ലോകത്തെ അതിന്റെ പൂര്‍ണ്ണതയില്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു ഭാഷ നിര്‍മ്മിക്കാനാണ് നൂറ്റാണ്ടുകളായി പടിഞ്ഞാറ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. യുക്തി, ചരിത്രം, സയന്‍സ് എന്നിവയുടെയെല്ലാം അപ്രമാദിത്യത്തെ മുന്‍നിര്‍ത്തി പടിഞ്ഞാറ് ആ പൊതുഭാഷയെ നിര്‍വ്വചിച്ചിട്ടുണ്ട്. അഥവാ, പടിഞ്ഞാറിന്റെ യുക്തിയും ചരിത്രവും സയന്‍സുമൊന്നും സ്വീകരിക്കാത്തവര്‍ പൊതുഭാഷക്ക് പുറത്താണ്. അതുകൊണ്ടുതന്നെ അവര്‍ ലോകസമാധാനത്തിന് ഭീഷണിയുമാണ്. ഇവിടെ ലോകത്തിന്റെ വിധിയെ തന്നെ തീരുമാനിക്കുന്നത് പടിഞ്ഞാറാണ് എന്നു ചുരുക്കം. എന്നാല്‍ വേള്‍ഡ്ട്രേഡ് സെന്ററിന്റെ തകര്‍ച്ചയോടെ ബാബേലിന്റെ വീഴ്ചക്ക് ശേഷം തുടക്കം കുറിക്കപ്പെട്ട അവ്യവസ്ഥക്ക് പൊതുഭാഷയിലൂടെ മാറ്റം വരുത്താമെന്ന പടിഞ്ഞാറിന്റെ സ്വപ്നമാണ് ഇല്ലാതായത്. സ്വന്തം ഇടത്തില്‍ സുരക്ഷയും സമാധാനവും ഉറപ്പുവരുത്താന്‍ കഴിയാത്തവര്‍ പിന്നെ എങ്ങനെയാണ് ലോകത്തുടനീളമുള്ള ‘ഭീഷണികളെ’ ഇല്ലാതാക്കുക? പാശ്ചാത്യന്റെ സാര്‍വ്വലൗകിക ഭാഷയുടെ പതനത്തോടെ ഇനി നമുക്ക് നേരിടാനുള്ളത് വ്യത്യസ്തതയുടെ അപകടകരമായ ഒരു ലോകമാണ്.

നാഗരികതകളുടെ സംഘര്‍ഷത്തിനും ഇസ്ലാമും പടിഞ്ഞാറും എന്ന വിഭജനത്തിനും അപ്പുറം ഒരു സാധ്യത കണ്ടെത്തുന്നതിന്റെ ഭാഗമായി ഹാമിദ് ദബാശി വ്യത്യസ്തതയുടെ വ്യാഖ്യാനശാസ്ത്രം (hermeneutics of alterity) എന്ന ഒരാശയം മുന്നോട്ടുവെക്കുന്നുണ്ട്. അതിന്റെ വെളിച്ചത്തിലാണ് സംഘര്‍ഷങ്ങളെയും ശത്രുതകളെയും ഇല്ലാതാക്കുന്ന ഒരു ആഗോള പൊതുമണ്ഡലത്തെ ആവിഷ്‌കരിക്കാനുള്ള ശ്രമത്തെ കാണേണ്ടത്. ഒന്നുകില്‍ സാമ്രാജ്യത്വം അല്ലെങ്കില്‍ ഭീകരത എന്ന തെരെഞ്ഞെടുപ്പിനെ അത് നിഷേധിക്കുന്നു. അതേസമയം സംസ്‌കാരങ്ങളുടെ സംഘട്ടനത്തെ സംസ്‌കാരങ്ങള്‍ക്കിടയിലുള്ള സംഭാഷത്തിലൂടെ മറികടക്കാന്‍ കഴിയുമെന്ന വാദം പൊതുവെ സ്വീകരിക്കപ്പെടുന്നുണ്ട്. എന്നാല്‍ ലിബറലിസത്തിന്റെ അധീശത്വമായാണ് ഈ വാദത്തെ കാണേണ്ടത്. യുക്തിയുള്ള മനുഷ്യന്‍ എന്ന അടിസ്ഥാനത്തെ മുന്‍നിര്‍ത്തിയാണ് ലിബറല്‍ തത്വചിന്ത നിലനില്‍ക്കുന്നത്. അപ്പോള്‍ സംഘര്‍ഷങ്ങള്‍ എന്നത് കൃത്യമായ പരിഹാരം കണ്ടെത്തുന്നതിലുള്ള പരാജയം മൂലം സംഭവിക്കുന്നതാണ്. എന്നാല്‍ ഈ പരാജയം താല്‍ക്കാലികമാണ്. യുക്തിയിലൂടെയും സദുദ്ദേശ്യത്തിലൂടെയും അതിനെ മറികടക്കാവുന്നതാണ്. ഈ വീക്ഷണപ്രകാരം ലോകത്തെ വ്യത്യസ്തതയുടെ നിലനില്‍പ്പ് ഒരു പ്രായോഗിക പരിമിതി തന്നെയാണ്. അഥവാ, ലോകത്തിന്റെ സമാധാനപൂര്‍ണ്ണമായ നിലനില്‍പ്പിന് വ്യത്യസ്തത ഭീഷണിയാണ്.

ഈ അധ്യായത്തിന്റെ ഇനിയുള്ള ഭാഗങ്ങളില്‍ ഇസ്ലാമിനും പടിഞ്ഞാറിനുമിടയിലുള്ള അതിര്‍ത്തി മറികടക്കാനുള്ള ആയത്തുല്ല ഖാതമിയുടെ ശ്രമത്തെ വായിക്കാനാണ് ഞാന്‍ താല്‍പര്യപ്പെടുന്നത്.

3

സി.എന്‍.എന്‍ ലെ ജേര്‍ണലിസ്റ്റായ ക്രിസ്റ്റിയന്‍ അമന്‍പോറുമായുള്ള (Christiane Amanpour) ഒരു അഭിമുഖത്തില്‍ ഖാതമി പറഞ്ഞത് നാഗരികതകളുടെയും സംസ്‌കാരങ്ങളുടെയും സംവാദത്തിന്റെ ലക്ഷ്യം പരസ്പരമുള്ള തെറ്റിദ്ധാരണകളില്‍ നിന്ന് വിമുക്തമായ ഒരു ലോകത്തിന്റെ സൃഷ്ടിപ്പാണ് എന്നാണ്. അവിടെ ദേശങ്ങള്‍ പരസ്പരം മനസ്സിലാക്കുകയും പരസ്പര ബഹുമാനവും യുക്തിയും ദേശബന്ധങ്ങളെ നിര്‍ണ്ണയിക്കുകയും ചെയ്യും. ഖാതമിയെ സംബന്ധിച്ചിടത്തോളം സംവാദം വ്യത്യസ്ത മറികടക്കാനുള്ള ഒരു മാര്‍ഗ്ഗമാണ്. വ്യത്യസ്തതയാണ് പരസ്പര ശത്രുതയെ സൃഷ്ടിക്കുന്നത്. അതേസമയം ആശയവിനിമയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു വിദേശനയമാണ് അമേരിക്ക സ്വീകരിച്ചിരിക്കുന്നത് എന്ന ഖാതമിയുടെ പ്രസ്താവനയില്‍ നിന്ന് തന്നെ അദ്ദേഹത്തിന്റെ ലിബറലിസം വളരെ വ്യക്തമാണ്. പിന്നീടദ്ദേഹം പറയുന്നത് ആശയവിനിമയം അമേരിക്കക്ക് അപരിചിതമായ സംഗതിയൊന്നുമല്ല എന്നാണ്. കൂടാതെ, പ്യൂരിറ്റനുകളുടെ (puritans) ചിന്തയെയും കാഴ്ചപ്പാടിനെയും മുന്‍നിര്‍ത്തിയാണ് അമേരിക്കയുടെ അടിത്തറ തന്നെ നിലനില്‍ക്കുന്നത് എന്നുമദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ഖാതമിയെ സംബന്ധിച്ചിടത്തോളം പ്യൂരിറ്റനുകള്‍ ദൈവത്തില്‍ വിശ്വസിക്കുകയും ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും മുറുകെപ്പിടിക്കുകയും ചെയ്യുന്ന മതവിഭാഗമാണ്. ഇംഗ്ലണ്ടിലെ ഭൂരിപക്ഷ മതപീഢനത്തില്‍ നിന്നും രക്ഷപ്പെട്ട പ്യൂരിറ്റനുകള്‍ വിശ്വസിക്കുന്നത് മതമില്ലെങ്കില്‍ മാത്രമേ സ്വാതന്ത്ര്യം സാധ്യമാവുകയുള്ളൂ എന്നാണ്. ഔപചാരിക മതത്തില്‍ സ്വാതന്ത്ര്യത്തിന് സ്ഥാനമൊന്നുമില്ല.

അലെക്സിസ് ഡി ടോഖുവില്ലെയുടെ (Alexis de Tocqueville) Democracy in America എന്ന ഒരു പുസ്തകം ഖാതമി പരിചയപ്പെടുത്തുന്നുണ്ട്. അമേരിക്കന്‍ നാഗരികതയില്‍ എക്കാലത്തും മതവും സ്വാതന്ത്ര്യവും പരസ്പരം ഒത്തുപോയിട്ടുണ്ട് എന്നാണ് അലെക്സിസ് പറയുന്നതെന്ന് ഖാതമി ചൂണ്ടിക്കാണിക്കുന്നുണ്ട്. അമേരിക്കയില്‍ ചര്‍ച്ചും സ്റ്റേറ്റും പരസ്പരം വേറിട്ടുനില്‍ക്കുന്നവയാണെന്നും ഈ വിഭജനമാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനമെന്നുമുള്ള അമേരിക്കന്‍ കാഴ്ചപ്പാടിനെ തന്നെയാണ് പുസ്തകത്തെ മുന്‍നിര്‍ത്തി ഖാതമി ചോദ്യം ചെയ്യുന്നത്. മതവും സ്വാതന്ത്ര്യവും പരസ്പര പൂരകങ്ങളാണെന്നും ഇക്കാലത്തും അമേരിക്കന്‍ ജനത മതജീവിതമാണ് നയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഇറാനിയന്‍ വിപ്ലവത്തെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അമേരിക്കന്‍ യുദ്ധവുമായാണ് ഖാതമി സമീകരിക്കുന്നത്. അദ്ദേഹം പറയുന്നു: ‘വിപ്ലവത്തോടുകൂടി നാഗരിക പുനര്‍നിര്‍മ്മാണത്തിന്റെ ഒരു പുതിയ ഘട്ടമാണ് ഞങ്ങള്‍ അനുഭവിക്കുന്നത്. അമേരിക്കന്‍ നാഗരികതയുടെ നിര്‍മ്മാതാക്കള്‍ നാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് എന്താണോ അന്വേഷിച്ചത് അതുതന്നെയാണ് ഇന്ന് നമ്മളും തേടുന്നത്. അതുകൊണ്ടാണ് അമേരിക്കന്‍ നാഗരികതയുമായുള്ള ബന്ധത്തെ ഇന്നും നാം കാത്തുസൂക്ഷിക്കുന്നത്’. ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സൂചിപ്പിക്കുന്നതിലൂടെ ഇരുരാജ്യങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന വ്യത്യസ്തതകളെയും സംഘര്‍ഷങ്ങളെയും മറികടക്കാം എന്നാണ് ഖാതമി പ്രതീക്ഷിക്കുന്നത്. മതത്തിന്റെ പശ്ചാത്തലത്തിലാണ് ടോഖുവില്ലെയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച ആശയം തന്നെ നിലനില്‍ക്കുന്നത് എന്നും ഖാതമി ചൂണ്ടിക്കാണിക്കുന്നു. ഇറാന്റെയും അമേരിക്കയുടെയും പൊതുവായ മതമൂല്യങ്ങളെയും ഇരുരാജ്യങ്ങളിലും സ്വാതന്ത്ര്യത്തിന് വേണ്ടി നടന്ന വിപ്ലവങ്ങളിലെ സാമ്യതകളെയും അംഗീകരിക്കുന്നതില്‍ അമേരിക്കന്‍ വിദേശനയം പരാജയപ്പെട്ടിട്ടുണ്ടെന്നാണ് ഖാതമി പറയുന്നത്.

ഇസ്ലാമിസ്റ്റ് ഇറാനും മുതലാളിത്ത അമേരിക്കയും തമ്മിലുള്ള സംവാദത്തെ സാധ്യമാക്കുന്ന ഒരു പൊതുഭാഷ Democracy in America എന്ന പുസ്തകം നല്‍കുമെന്നാണ് ഖാതമി പ്രതീക്ഷിക്കുന്നത്. ഒരു പാശ്ചാത്യ കൃതി എന്നതില്‍ നിന്ന് സംസ്‌കാര വിനിമയത്തെ സാധ്യമാക്കുന്ന ഒരു മാധ്യമമായി ആ പുസ്തകം മാറുകയാണ് ചെയ്യുന്നത്. മാത്രമല്ല, ഇസ്ലാമിക വിദ്യാഭ്യാസം ലഭിച്ച ഒരാളാണ് അത് വായിക്കുന്നത്. തീര്‍ച്ചയായും അമേരിക്കന്‍\പാശ്ചാത്യ സ്വത്വത്തിന് അത് കനത്ത വെല്ലുവളിയാണ് ഉയര്‍ത്തുന്നത് എന്നാണ് അമേരിക്കന്‍ ബുദ്ധിജീവിയായ ഡൊണാള്‍ഡ് പീസ് പറയുന്നത്. ഖാതമിയുടെ അഭിമുഖത്തോടുള്ള പ്രതികരണമായി ന്യൂ റിപ്പബ്ലിക്ക് എന്ന ജേര്‍ണലില്‍ വന്ന എഡിറ്റോറിയലിനെ അദ്ദേഹം വിമര്‍ശനാത്മക വായനക്ക് വിധേയമാക്കുന്നുണ്ട്. ടോഖുവില്ലെയും മുല്ലയും എന്നതായിരുന്നു എഡിറ്റോറിയലിന്റെ തലക്കെട്ട്. പാശ്ചാത്യ അധീശ വ്യവഹാരങ്ങള്‍ ഒരിക്കലും പാശ്ചാത്യമല്ലാത്ത ഒരു ഭാഷയെയും വായനയെയും അംഗീകരിക്കില്ലെന്ന് പീസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ന്യൂ റിപ്പബ്ലിക്കിന്റെ എഡിറ്റര്‍മാരെ സംബന്ധിച്ചിടത്തോളം ഖാതമിയുടെ അഭിമുഖം ഇറാനെ ഒരു കര്‍ക്കശ രാഷ്ട്രമായി (rough state) അന്യവല്‍ക്കരിക്കാനുള്ള യു.എസ് നയത്തിനുള്ള ഭീഷണിയാണ്. മാത്രമല്ല, ഇസ്ലാമിനെ ചരിത്ര-സാംസ്‌കാരിക അപരമായി പുറന്തള്ളിക്കൊണ്ട് നിര്‍മ്മിക്കപ്പെട്ട ലോകക്രമത്തിന്റെ നിലനില്‍പ്പിനും അത് കനത്ത വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. പാശ്ചാത്യ സംസ്‌കാരത്തിനകത്തെ പോപ്പുലര്‍, അക്കാദമിക്, പബ്ലിക്ക് പോളിസി മേഖലകളിലെല്ലാം നിലനില്‍ക്കുന്ന ഇസ്ലാമിനെക്കുറിച്ച വിവിധങ്ങളായ ഓറിയന്റലിസ്റ്റ് പ്രതിനിധാനങ്ങളെ മുന്‍നിര്‍ത്തിയാണ് ചരിത്ര-സാംസ്‌കാരിക അപരമായി ഇസ്ലാം നിര്‍വ്വചിക്കപ്പെടുന്നത്. ചരിത്രത്തിന് പുറത്ത് നില്‍ക്കുന്ന ഒരു സാംസ്‌കാരിക സത്തയാണ് ഇസ്ലാമിന്റേത്. സാര്‍വ്വലൗകിക നാഗരിക സ്വഭാവമില്ലാത്തതിനാല്‍ തന്നെ കമ്മ്യൂണിസത്തെപ്പോലെ ഇസ്ലാമും അപരമായിത്തന്നെയാണ് നിലനില്‍ക്കുന്നത്. അതുകൊണ്ടാണ് ന്യൂ റിപ്പബ്ലിക്കിന്റെ എഡിറ്റര്‍മാര്‍ ഖാതമിയുമായി ഒരു സംഭാഷണത്തിന് തന്നെ മുതിരാതിരുന്നത്. ഖാതമിയെ പൂര്‍ണ്ണമായും അവഗണിക്കുകയും തള്ളിക്കളയുകയുമാണ് അവര്‍ ചെയ്തത്. പീസ് സൂചിപ്പിച്ചത് പോലെ Democracy in America എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി ഖാതമിയുമായി സംവാദം സാധ്യമാക്കുന്നതിന് പകരം അന്താരാഷ്ട്ര സമൂഹവുമായുള്ള അദ്ദേഹത്തിന്റെ വിനിമയ അവകാശത്തെ നിഷേധിക്കുകയാണ് അവര്‍ ചെയ്തത്. അതിനര്‍ത്ഥം ഒരു ഇസ്ലാമിക പണ്ഡിതന് മുന്നില്‍ സംവാദം തുറക്കപ്പെടാന്‍ പാടില്ല എന്നാണ്. കാരണം ഇസ്ലാം തന്നെ പടിഞ്ഞാറിന്റെ ലോകക്രമത്തിന് പുറത്താണല്ലോ നിലനില്‍ക്കുന്നത്. ഖാതമിയെയും അദ്ദേഹത്തിന്റെ സംസാരത്തെയും ഇസ്ലാമിക ഭീകരതയുടെ അടയാളങ്ങളായിട്ടാണ് ന്യൂ റിപ്പബ്ലിക്ക് വിലയിരുത്തിയത്.

പടിഞ്ഞാറിന്റെ ചരിത്രാഖ്യാനത്തെ നിഷേധിച്ചുകൊണ്ട് വേറൊരു വായനയാണ് ഖാതമിയുടെ അഭിമുഖം മുന്നോട്ടുവെക്കുന്നത്. അഥവാ, പുരാതന ഗ്രീസ്, റോം, നവോത്ഥാനം, വ്യവസായവല്‍ക്കരണം, ആധുനികത എന്നിവയൊന്നുമല്ല ഇനി പാശ്ചാത്യലോകത്തെ ആവിഷ്‌കരിക്കാന്‍ പോകുന്നത്. മറിച്ച് അതിന്റെയൊക്കെ വിപരീതമായി നിലനില്‍ക്കുന്ന ഇസ്ലാമും ഇറാനുമൊക്കെയാണ്. അതേസമയം പാശ്ചാത്യലോകം മുന്നോട്ടുവെക്കുന്നത് ഒരു സാര്‍വ്വലൗകിക വ്യവഹാരമാണ്. അത് പാശ്ചാത്യ സംസ്‌കാരം തന്നെയാണ്. അഥവാ, പാശ്ചാത്യ സംസ്‌കാരമാണ് സാര്‍വ്വലൗകികമായി എല്ലാവരും മുറുകെപ്പിടിക്കേണ്ട സംസ്‌കാരവും നാഗരികതയുമൊക്കെയായി ആഘോഷിക്കപ്പെടുന്നത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ പാശ്ചാത്യ മൂല്യങ്ങള്‍ മാത്രമാണ് സാര്‍വ്വലൗകികമായ മൂല്യങ്ങള്‍. ഈ മൂല്യങ്ങള്‍ക്ക് പുറത്താണ് ഖാതമിയും ഇറാനുമൊക്കെ നിലനില്‍ക്കുന്നത്. അതുകൊണ്ടാണ് ന്യൂ റിപ്പബ്ലിക്കിന് ഖാതമിയെ നിരാകരിക്കേണ്ടി വന്നത്. ടോഖുവില്ലെയുടെ ഖാതമിയന്‍ വായന പടിഞ്ഞാറിനെ സംബന്ധിച്ചിടത്തോളം ആശങ്കക്ക് വക നല്‍കുന്ന ഒന്നാണ്. കാരണം പടിഞ്ഞാറിനെ ലോകഭൂപടത്തിന്റെ കേന്ദ്രത്തില്‍ നിന്നും മാറ്റുകയാണ് അദ്ദേഹം ചെയ്യുന്നത്. അതുകൊണ്ടാണ് ന്യൂറിപ്പബ്ലിക്കിന്റെ എഡിറ്റര്‍മാര്‍ക്ക് ഖാതമി പ്രശ്നക്കാരനായി മാറുന്നത്. പാശ്ചാത്യ മൂല്യങ്ങളെ അസ്ഥിരപ്പെടുത്തുകയും പാശ്ചാത്യവും സാര്‍വ്വലൗകികതയും തമ്മിലുള്ള ബന്ധത്തെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഇസ്ലാമിസ്റ്റ് വ്യവഹാരങ്ങളുടെ പ്രതിനിധാനമായാണ് അവര്‍ ഖാതമിയെ കണ്ടത്. അതേസമയം ഇസ്ലാമിസം ലോകത്തിന് വേറൊരു ഭാവിയെയാണ് സമ്മാനിക്കുന്നത്. പാശ്ചാത്യ ഭാവിയെ അത് നിരാകരിക്കുന്നു. പാശ്ചാത്യലോകം ഗുണകരമെന്നു കരുതുന്ന ഘടകങ്ങളെ തള്ളിക്കളയുകയല്ല ഇസ്ലാമിസം ചെയ്യുന്നത്. മറിച്ച് ആ ഘടകങ്ങളും പാശ്ചാത്യ സ്വത്വവും തമ്മിലുള്ള ബന്ധത്തെയാണ് ഇസ്ലാമിസം നിരാകരിക്കുന്നത്. അഥവാ, ലോകത്ത് നിലനില്‍ക്കുന്ന മൂല്യങ്ങളുടെയെല്ലാം (സ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയവ) പാശ്ചാത്യ വംശാവലികളെ വെല്ലുവിളിക്കുകയാണ് ഇസ്ലാമിസം ചെയ്യുന്നത്. അങ്ങനെ പാശ്ചാത്യവും സാര്‍വ്വലൗകികതയും തമ്മില്‍ സവിശേഷമെന്ന പോലെ നിലനില്‍ക്കുന്ന ബന്ധത്തിന്റെ യുക്തിയെ ഇസ്ലാമിസം അസ്ഥിരപ്പെടുത്തുകയും ചെയ്യുന്നു.

പാശ്ചാത്യലോകവുമായി ഒരു സംവാദം സാധ്യമാക്കാനാണ് ഖാതമി ശ്രമിക്കുന്നതെങ്കില്‍ അതിനോട് വളരെ നിഷേധാത്മകമായാണ് അവര്‍ പ്രതികരിക്കുന്നത്. ഖാതമിയുടെ അഭിമുഖത്തെക്കുറിച്ച് ന്യൂ റിപ്ലബ്ബിക്കില്‍ വന്ന കോളം വായിച്ചാല്‍ തന്നെ മുല്ല, ജിഹാദ് തുടങ്ങിയ ഓറിയന്റലിസ്റ്റ് ഭാവനകള്‍ അതില്‍ കാണാന്‍ സാധിക്കും. ഭീകരത, തീവ്രവാദം, ഇസ്ലാമിക മതമൗലികവാദം തുടങ്ങിയ വിശേഷണങ്ങളുമായി അവയെ ബന്ധപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഖാതമിയുമായി ഒരു സംവാദം സാധ്യമാക്കുന്നതിന് പകരം ടോക്കുവില്ലെയുടെ മേല്‍ ഉടമസ്ഥാവകാശം സ്ഥാപിക്കുകയാണ് ആ കോളം ചെയ്യുന്നത്. ചുരുക്കിപറഞ്ഞാല്‍ ഖാതമിക്ക് ടോക്കുവില്ലെയെ വായിക്കാന്‍ കഴിയില്ല. കാരണം ഖാതമി പാശ്ചാത്യനല്ല. ടോക്കുവില്ലെ പാശ്ചാത്യനാണ്.

പാശ്ചാത്യ നാഗരികതയുമായി ഇസ്ലാം ഒത്തുപോകുമെന്ന ചില ഇസ്ലാമിക ബുദ്ധിജീവികളുടെ നിലപാടുകളുമായി ഖാതമിയുടെ സംവാദ സമീപനങ്ങള്‍ക്ക് സാമ്യതയുണ്ട്. അതേസമയം ഖാതമിയുടെ നിലപാടിന് ഒരു സവിശേഷതയുണ്ട്. പടിഞ്ഞാറ് എന്ന അധികാരകേന്ദ്രത്തെ അസ്ഥിരപ്പെടുത്തുകയാണ് Democracy in America എന്ന പുസ്തക വായനയിലൂടെ ഖാതമി ചെയ്യുന്നത്. പടിഞ്ഞാറും സാര്‍വ്വലൗകികതയും തമ്മിലുള്ള സവിശേഷമായ ബന്ധത്തെ ഖാതമി ചോദ്യം ചെയ്യുന്നുണ്ട്. മാത്രമല്ല, ഇറാന്റെ രാഷ്ട്രീയ സാന്നിധ്യത്തിന്റെ സാധുതയെ ചോദ്യം ചെയ്യുന്ന സമീപനങ്ങളെയും അദ്ദേഹം എതിര്‍ക്കുന്നുണ്ട്. ഖാതമിയുടെ വായനയില്‍ പടിഞ്ഞാറ്-പടിഞ്ഞാറിതരം എന്ന വിഭജനം തന്നെ അപ്രസക്തമായിത്തീരുന്നതായി കാണാം. ലോകക്രമത്തിന്റെ വ്യാകരണം തന്നെയാണ് ഇവിടെ വെല്ലുവിളിക്കപ്പെടുന്നത്. ഖാതമിയുടെ വായനയിലൂടെ ടോഖുവില്ലെ അമേരിക്കന്‍ ജനാധിപത്യത്തിന്റെ വാഹകന്‍ എന്നതില്‍ നിന്നും ഇസ്ലാമിക് റിപ്പബ്ലിക്കിനെ പിന്തുണക്കുന്നവനായി മാറുകയാണ് ചെയ്യുന്നത്. അഥവാ, ടോഖുവെല്ലി പറയുന്ന സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും കുറിച്ചുള്ള അമേരിക്കന്‍ മൂല്യങ്ങള്‍ ഇറാന്റെ സാമൂഹ്യഭാവനകളുമായി ഒത്തുപോകുന്നതാണെന്ന് വാദിക്കുന്നതിലൂടെ അദ്ദേഹത്തെ ഇറാനെ പിന്തുണക്കുന്നവനായി മാറ്റുകയാണ് ഖാതമി ചെയ്യുന്നത്.

അതേസമയം ടോഖുവില്ലെയെ സാര്‍വ്വലൗകീകരിക്കുന്നതിലൂടെ ഒരു കോളനിയാനന്തര അപനിര്‍മ്മാണ വായനയുടെ സാധ്യതയെയാണ് ഖാതമി ഇല്ലാതാക്കുന്നത്. ലിബറലിസവും സാമ്രാജ്യത്വവും തമ്മില്‍ നിലനില്‍ക്കുന്ന സവിശേഷമായ ബന്ധങ്ങളെ മനസ്സിലാക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. ‘ഭീകരത’ക്കതിരായ യുദ്ധത്തോട് കൂടി ആ ബന്ധം കൂടുതല്‍ പ്രകടമായിട്ടുണ്ട്. ടോഖുവെല്ലി അമേരിക്കയിലെ മതത്തെ ഒരുമയുടെയും സാമൂഹ്യഭദ്രതയുടെയുമൊക്കെ അടിസ്ഥാനമായി കാണുന്നത് കൊണ്ടാണ് ഖാതമി അദ്ദേഹത്തെ ഉപയോഗിക്കുന്നത്. ഇറാനിലെ മതാവേശത്തെയും പോസിറ്റീവായി കാണണമെന്നാണ് ഖാതമി പറയുന്നത്. എന്നാല്‍ ടോഖുവില്ലെ അത് അംഗീകരിക്കുമോ എന്ന കാര്യം ഉറപ്പില്ല. കാരണം അള്‍ജീരിയയെ ദുര്‍ബലമായ രാജ്യം എന്നാണ് അദ്ദേഹം ഒരിക്കല്‍ വിശേഷിപ്പിച്ചിട്ടുള്ളത്. അള്‍ജീരിയയും ഇറാനുമൊക്കെ പാശ്ചാത്യ ഇതര രാഷ്ട്രങ്ങളാണല്ലോ. ടോക്കുവില്ലെയെ സംബന്ധിച്ചിടത്തോളം പടിഞ്ഞാറ്, പടിഞ്ഞാറിതരം എന്ന വിഭജനം പ്രധാനം തന്നെയാണ്. കാരണം, അപ്പോള്‍ മാത്രമേ അദ്ദേഹത്തിന് പടിഞ്ഞാറന്‍ മൂല്യങ്ങളുടെ മഹത്വങ്ങളെക്കുറിച്ച് സംസാരിക്കാന്‍ കഴിയുകയുള്ളൂ. അതേസമയം അമേരിക്കന്‍ സാമ്രാജ്യത്വത്തെയും ഭീകരതക്കെതിരായ യുദ്ധത്തെയും പിന്തുണക്കുന്ന സമകാലിക ലിബറലുകളില്‍ നിന്ന് വ്യത്യസ്തമായി അല്‍ജീരിയയിലെ ഫ്രഞ്ച് അധിനിവേശത്തെയും അമേരിക്കന്‍ സാമ്രാജ്യത്വത്തെയും പൂര്‍ണ്ണമായി പിന്തുണക്കുന്നതില്‍ ടോഖുവില്ലെക്ക് പ്രശ്നമുള്ളതായി കാണാന്‍ സാധിക്കും. എന്നാല്‍ കൊളോണിയലിസത്തോട് വിമര്‍ശനാത്മകമായ ഒരു സമീപനം സ്വീകരിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

എന്നാല്‍ അള്‍ജീരിയയിലെ ഫ്രഞ്ച് കൊളോണിയലിസത്തെ പിന്തുണച്ച ടോഖുവില്ലെയുടെ നിലപാടിനെ നിസ്സാരവല്‍ക്കരിക്കാന്‍ സാധ്യമല്ല. കാരണം അദ്ദേഹത്തെപ്പോലുള്ള ലിബറല്‍ ചിന്തകന്‍മാര്‍ ഓരോ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലങ്ങളിലും വൈരുദ്ധ്യപൂര്‍ണ്ണമായ നിലപാടാണ് സ്വീകരിക്കുക. അതുകൊണ്ടാണ് സ്വാതന്ത്ര്യത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചുമൊക്കെ വാതോരാതെ സംസാരിക്കുന്ന അവര്‍ക്ക് പടിഞ്ഞാറന്‍ അധീശത്വത്തെ പിന്തുണക്കേണ്ടി വരുന്നത്. സ്ത്രീകള്‍ക്ക് വോട്ടുചെയ്യാനുള്ള സ്വാതന്ത്ര്യത്തെ ഇംഗ്ലണ്ടില്‍ എതിര്‍ക്കുന്നവര്‍ തന്നെയാണ് ഈജിപ്തിലെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയും മുഖമക്കനയുടെ നിരോധനത്തിന് വേണ്ടിയും വാദിക്കുന്നത്. എല്ലാ മനുഷ്യര്‍ക്കും സമത്വത്തിന് വേണ്ടി ഒച്ചയിടുന്നവരാണ് ആഫ്രിക്കക്കാരെ അടിമകളാക്കി വെക്കുന്നത്. ഇതുപക്ഷേ ചില വ്യക്തികളുടെയോ സമൂഹങ്ങളുടെയോ കാപട്യമായി മാത്രം കാണാന്‍ കഴിയില്ല. പടിഞ്ഞാറിന്റെ ഘടനാപരമായ പ്രശ്നം തന്നെയാണത്. ടോഖുവില്ലെയും ഈ വംശീയ ഘടനയെ നിലനിര്‍ത്തുന്നതിന്റെ ഭാഗം തന്നെയാണ്.

അള്‍ജീരിയയെക്കുറിച്ച ടോഖുവില്ലെയുടെ നിലപാടിനോട് ഖാതമി പ്രതികരിക്കുന്നതായി കാണുന്നില്ല. അതൊരുപക്ഷെ ഖാതമിയുടെ തന്ത്രപരമായ നീക്കമാകാം. ടോഖുവില്ലെയെ വിമര്‍ശനാത്മകമായി വായിക്കാന്‍ ഖാതമി തയ്യാറായിരുന്നുവെങ്കില്‍ ഒരു അപകോളനീകരണ വിമര്‍ശനമായി അത് മാറിയേനെ. അതോടുകൂടി പടിഞ്ഞാറുമായുള്ള സംഭാഷണം എന്ന ലക്ഷ്യത്തില്‍ നിന്ന് മാറി പടിഞ്ഞാറിന്റെ മൂല്യങ്ങളെ തന്നെ വിമര്‍ശനാത്മകമായി സമീപിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. എന്നാല്‍ അത്തരത്തിലുള്ള നീക്കങ്ങളൊന്നും തന്നെ ഖാതമിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അതിനാല്‍ തന്നെ അമേരിക്കന്‍ അധീശത്വത്തോടുള്ള അദ്ദേഹത്തിന്റെ വിമര്‍ശനത്തിന് പരിമിതിയുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

4

ഖാതമിയുടെ അഭിമുഖത്തോടുള്ള പാശ്ചാത്യ അധികാരികളുടെ സമീപനം രസകരം തന്നെയാണ്. ഖാതമി ടോഖുവില്ലെയുടെ വിവര്‍ത്തകനും വിദ്യാര്‍ത്ഥിയും മാത്രമല്ല, മറിച്ച് മാഖിയവെല്ലിയെക്കൂടി പാര്‍സിയിലേക്ക് അദ്ദേഹം വിവര്‍ത്തനം ചെയ്തിട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ അദ്ദേഹം ഖുമൈനിയുടെ വിദ്യാര്‍ത്ഥി കൂടി ആയതിനാല്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് അവര്‍ പറയുന്നത്. കാരണം വിവര്‍ത്തനത്തില്‍ ഖുമൈനിയുടെ ആശയങ്ങള്‍ അദ്ദേഹം ചേര്‍ത്തിട്ടുണ്ടാകുമെന്നാണ് അവര്‍ ആരോപിക്കുന്നത്. അപ്പോള്‍ ഖാതമി സംവാദമല്ല വാഗ്ദാനം ചെയ്യുന്നത്. മറിച്ച് പാശ്ചാത്യ ലോകത്തിനെതിരായ പോരാട്ടങ്ങളുടെ തുടര്‍ച്ച തന്നെയാണ് അദ്ദേഹം നടത്തുന്നത്. അതുകൊണ്ടുതന്നെ democracy in america എന്ന പുസ്തകത്തിന്റെ ഖാതമിയന്‍ വായന സ്വീകാര്യമല്ല എന്നാണവര്‍ പറയുന്നത്. കാരണം അവര്‍ വിശ്വസിക്കുന്നത് വ്യത്യസ്ത സംസ്‌കാരങ്ങള്‍ തമ്മില്‍ സംഭാഷണം തന്നെ സാധ്യമാവുകയില്ല എന്നാണ്. ഏകകമായ സംസ്‌കാരത്തിന് കീഴില്‍ മാത്രമേ സംഭാഷണം നടക്കുകയുള്ളൂ എന്നാണവരുടെ പക്ഷം.

വ്യത്യസ്തതകള്‍ ഒരിക്കലും നാം മറികടക്കേണ്ട തടസ്സങ്ങളല്ല. മറിച്ച് സ്വത്വത്തെ തന്നെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങളാണവ. വ്യത്യസ്തതയാണ് സ്വത്വത്തിന് സാധ്യതകള്‍ നല്‍കുന്നത്. അതിനാല്‍ തന്നെ വ്യത്യസ്തതകളെ മറികടക്കാന്‍ വേണ്ടി സംവാദ സാധ്യതകളെ അന്വേഷിക്കുന്നത് യഥാര്‍ത്ഥത്തില്‍ സ്വത്വങ്ങളെ ഇല്ലായ്മ ചെയ്യലാണ്. സ്വത്വത്തിന്റെ നിര്‍മ്മാര്‍ജനം നൈതികവിരുദ്ധമായ പ്രവര്‍ത്തനം തന്നെയാണ്. തീര്‍ച്ചയായും വ്യത്യസ്തതകളുടെ നിലനില്‍പ്പ് സംഘര്‍ഷത്തിന്റെ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അതേസമയം വ്യത്യസ്തതയെ മുന്‍നിര്‍ത്തിയുള്ള സംഘര്‍ഷങ്ങള്‍ പുതിയൊരു ലോകത്തെ നിര്‍മ്മിക്കാനുള്ള തുറന്ന ഒരു ഇടത്തിന്റെ സാധ്യതകള്‍ നല്‍കുന്നുണ്ട്. നിലനില്‍ക്കുന്ന അധീശമായ സാമൂഹ്യക്രമങ്ങളില്‍ നിന്ന് വിടുതല്‍ നേടാന്‍ സംഘര്‍ഷങ്ങള്‍ നമ്മെ സഹായിക്കുന്നുണ്ട്. മാത്രമല്ല, അവ സാമൂഹ്യബന്ധങ്ങളെ പരിവര്‍ത്തിപ്പിക്കുകയും വ്യത്യസ്ത രീതിയില്‍ സാമൂഹ്യബന്ധങ്ങള്‍ സാധ്യമാക്കുകയും ചെയ്യുന്നു. അതേസമയം യുക്തിയുടെ സാര്‍വ്വലൗകികതയെ സ്വീകരിക്കുന്നതിലൂടെ വംശകേന്ദ്രീകൃത സമീപനങ്ങളെ മറികടക്കാം എന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍ യുക്തിയൊരിക്കലും അധികാരത്തിന് പുറത്തല്ല നിലനില്‍ക്കുന്നത്. തങ്ങള്‍ സത്യത്തെയും നന്‍മയെയും യുക്തിയെയും പ്രതിനിധീകരിക്കുന്നവരാണ് എന്ന് അവകാശവാദമുന്നയിച്ചു കൊണ്ടാണ് ഒട്ടുമിക്ക അധികാരകേന്ദ്രങ്ങളും തങ്ങളുടെ വംശീയ ചെയ്തികളെ ന്യായീകരിച്ചിട്ടുള്ളത്. പാശ്ചാത്യ നവോത്ഥാന മൗലികവാദങ്ങളും അതില്‍ നിന്ന് ഭിന്നമല്ല.

5

മുസ്ലിം രാഷ്ട്രങ്ങളിലുടനീളം അമേരിക്കന്‍ സാമ്രാജ്യത്വം അധീശത്വം സ്ഥാപിക്കുകയും മുസ്ലിം സ്വത്വങ്ങളുടെ സ്വയം നിര്‍വ്വാഹകത്വം നിഷേധിക്കുകയും ചെയ്തതുകൊണ്ടാണ് ഖുമൈനി അമേരിക്കയെ ‘ഏറ്റവും വലിയ പിശാച്’ എന്നു വിളിച്ചത്. സമാധാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഭാഷയുപയോഗിച്ച് അമേരിക്ക തങ്ങളുടെ അധിനിവേശത്തിന് മറയിടാന്‍ ശ്രമിച്ചാലും ഖുമൈനിയെ സംബന്ധിച്ചിടത്തോളം അതൊരു ‘പൈശാചിക രാഷ്ട്രം’ തന്നെയായിരുന്നു. അദ്ദേഹം അമേരിക്കന്‍ അധികാരത്തെ പൂര്‍ണ്ണമായി നിഷേധിക്കുകയായിരുന്നു. ഖുമൈനിയുടെ ഈ പാരമ്പര്യത്തെ മുന്നില്‍ വെച്ചുകൊണ്ടാണ് ഖാതമിയുടെ സംവാദക്ഷണത്തെ അമേരിക്ക നിരസിക്കുന്നത്. തുറന്ന സംവാദം എന്ന മറ വെച്ചുകൊണ്ട് അമേരിക്കന്‍ ജനതയെ വഞ്ചിക്കുകയാണ് ഖാതമി ചെയ്യുന്നത് എന്നാണ് അമേരിക്ക പറയുന്നത്.

ഒരു ആഗോള പൊതുഇടം എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് ഖാതമി സംവാദത്തെക്കുറിച്ച് സംസാരിക്കുന്നത്. ആ പൊതുഇടത്തില്‍ നമ്മള്‍, അവര്‍ എന്ന വിഭജനം അസന്നിഹിതമാണ്. അനിയന്ത്രിതമായ ആശയവിനിമയമാണ് അവിടെ സാധ്യമാവുക. ബാബേല്‍ മന്ദിരത്തിന്റെ തകര്‍ച്ചക്ക് മുമ്പ് നിലനിന്നിരുന്ന കാലത്തിലേക്കുള്ള രൂപകപരമായ ഒരു തിരിച്ചുപോക്കാണത് (metaphorical return). ആ പൊതുഇടത്തില്‍ സവിശേഷമായ സ്വത്വങ്ങള്‍ക്ക് ഒരിക്കലും നമ്മള്‍ എന്ന് പറഞ്ഞ് മാറിനില്‍ക്കാന്‍ കഴിയുകയില്ല.

അധികാരത്തിന്റെ സൂക്ഷമമായ വശങ്ങളെ കാണാന്‍ സാധിക്കുന്നില്ല എന്നതാണ് ഖാതമിയുടെ പൊതുഇടത്തെക്കുറിച്ച ആലോചനകളുടെ പരിമിതി. വിമര്‍ശനത്തിന് സാധ്യതയില്ലാത്ത ഒരു സാര്‍വ്വലൗകികതയാണ് അദ്ദേഹം വിഭാവനം ചെയ്യുന്നത്. ഒരു ബദല്‍ ലോകവീക്ഷണത്തിന് അവിടെ പ്രസക്തിയുണ്ടായിരിക്കുകയില്ല. ആയത്തുല്ലാ ഖുമൈനിയില്‍ നിന്ന് അകലം പാലിച്ചുകൊണ്ട് ഭൗമരാഷ്ട്രീയത്തിന്റെ ദൈവശാസ്ത്ര വായനയെ നിരാകരിക്കുകയാണ് ഖാതമി ചെയ്യുന്നത്. എന്നാല്‍ രാഷ്ട്രീയപരതയെ നിഷേധിച്ചുകൊണ്ടാണ് അത് സാധ്യമാകുന്നത് എന്നതാണ് ഖാതമിയുടെ പരിമിതിയായി ഞാന്‍ മനസ്സിലാക്കുന്നത്.

സൽമാൻ സയ്യിദ്