Campus Alive

ഇന്ത്യൻ രാഷ്ട്രീയവും രണാത്മക ആശയങ്ങളും: അപരവിദ്വേഷമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ആണിക്കല്ല് – 2

(Combat-Concepts In Indian Politics: Understanding Democracy As Politics Of Enmity എന്ന തലക്കെട്ടിൽ പോളിസ് പ്രൊജക്ട് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ രണ്ടാം ഭാഗം. ഒന്നാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യുക)


ഹിന്ദു താലിബാൻ

ദില്ലിയുടെ പ്രതാപമുറങ്ങുന്ന കെട്ടിട സമുച്ചയങ്ങൾ തകർത്തു കൊണ്ട് നിർമ്മാണം പുരോഗമിക്കുന്ന ‘സെൻട്രൽ വിസ്താര പ്രൊജക്റ്റിനെ’ പരാമർശിച്ചു കൊണ്ട് പ്രമുഖ വാസ്തുശിൽപ്പിയായ സർ അനീഷ് കപൂർ നരേന്ദ്ര മോദിയെ ‘നമ്മുടെ കാലഘട്ടത്തിലെ ഔറംഗസേബ്’ എന്നും ‘ഹിന്ദു താലിബാന്റെ ഉപജ്ഞാതാവ്’ എന്നും വിശേഷിപ്പിച്ചിരുന്നു. കപൂറിന്റെ ഉപമ കേവലം യാദൃശ്ചികമോ നിഷ്കളങ്കമോ ആണെന്ന് വിശ്വസിക്കാൻ വയ്യ; മുസ്‌ലിം സ്വത്വവുമായി ബന്ധപ്പെടുത്തി മാത്രമേ അദ്ദേഹത്തിന് ഏറ്റവും വിനാശകരമായ ഒരു സംഗതിയെ അവതരിപ്പിക്കാൻ കഴിയുന്നുള്ളൂ. നയതന്ത്രജ്ഞനായിരുന്ന ജനതാദൾ നേതാവ് പവൻ വർമ്മ ബി.ജെ.പിയുടെയും ആർ.എസ്.എസ്സിന്റെയും സ്വഭാവം  ‘താലിബാൻ വൽക്കരിക്കപ്പെട്ട ഹിന്ദൂയിസം’ ആണെന്ന് പറയുന്നു. രണാത്മക ആശയത്തിന്റെ (Combat concept) കണ്ണുകളിലൂടെ നോക്കുമ്പോൾ ഈ വിമർശനങ്ങൾ യഥാർത്ഥത്തിൽ ആർ.എസ്.എസ്സിനെയും ബിജെപിയെയും പുകഴ്ത്തുകയാണ് ചെയ്യുന്നത്. എന്തെന്നാൽ, കപൂറും വർമയും നൈസർഗികമായി തന്നെ ധർമ്മനിഷ്ഠയും നീതിബോധവുമുള്ള ഒന്നായി ഹൈന്ദവതയെ കണക്കാക്കുകയും വിനാശവും തിന്മയും ഔറംഗസേബോ താലിബാനോ പോലെ ഒരു ‘അപരനിലൂടെ’ മാത്രം പ്രവേശിക്കുന്ന ഒന്നായി മനസ്സിലാക്കുകയും ചെയ്യുന്നു. കാലഗണന പരിഗണിച്ചു കൊണ്ട് ഈ ഉപമയെ പരിശോധിച്ചാൽ പോലും നേരെ മറിച്ചാവാനേ സാധ്യതയുള്ളൂ. കേവലം തൊണ്ണൂറുകളുടെ മദ്ധ്യത്തിൽ മാത്രമാണ് താലിബാൻ ഉദയം ചെയ്തതെങ്കിൽ ഒരു നൂറ്റാണ്ട് മുൻപ് ആർ.എസ്.എസ് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. കപൂറിന്റെയും വർമ്മയുടെയും യുക്തി അനുസരിച്ചു താലിബാനെ ‘ഇസ്‌ലാമിന്റെ ഹൈന്ദവവത്കരണം’ എന്ന് വിശേഷിപ്പിക്കലാവും കൂടുതൽ അഭികാമ്യം.

അനീഷ് കപൂർ

എന്താണ് ഹൈന്ദവത എന്നതിന് കപട മതേതരത്വവും ഹിന്ദു താലിബാനും വളരെ വിഷലിപ്തവും ആധുനികവുമായ വ്യാഖ്യാനമാണ് നൽകിയിട്ടുള്ളത്; മറ്റെല്ലാ മതങ്ങളെയും പോലെയുള്ള ഒരു മതം എന്നല്ല, മറിച്ചു ലോകത്തു നിലനിൽക്കുന്ന ഒരേയൊരു ‘യഥാർത്ഥ മതം’ ആണ് ഹൈന്ദവത എന്ന് അത് പറഞ്ഞു വെക്കുന്നു.  സ്വാമി വിവേകാനന്ദനാണ് (1863-1902) ഇത്തരമൊരു ആശയം ആദ്യമായി അവതരിപ്പിച്ചത്. 1898-ൽ ഒരു മുസ്‌ലിമിന് അയച്ചു കൊടുത്ത കത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി; “തത്വചിന്തയുടെയും മതങ്ങളുടെയും അവസാന വാക്കാകുന്നു അദ്വൈതം. എല്ലാ മതങ്ങളെയും ഒരേപോലെ സ്നേഹിക്കാൻ കഴിയുന്ന മനസ്സിന്റെ ഉറവിടവും അതാകുന്നു. ഭാവിയിലെ പ്രബുദ്ധമായ മാനവരാശിയുടെ മതവും അദ്വൈതമാണെന്ന് ഞാൻ വിശ്വസിക്കുന്നു”. വംശീയമായി ജൂതരെക്കാളും അറബികളെക്കാളും പൗരാണികർ ഹിന്ദുക്കളാണെന്നു പറഞ്ഞ വിവേകാനന്ദൻ ‘വേദാന്തയുടെ തലയും ഇസ്‌ലാമിന്റെ ഉടലും’ തമ്മിൽ സംശ്ലേഷണം നടക്കണമെന്നും അഭിപ്രായപ്പെടുന്നുണ്ട്. അത്തരമൊരു സംശ്ലേഷണം തലച്ചോറിനെ ഉത്‌കൃഷ്ടവും ശരീരത്തെ തരംതാണതുമായി കണക്കാക്കി കൊണ്ടുള്ള ശ്രേണീവ്യവസ്ഥ  ഉത്പാദിപ്പിക്കുന്നുണ്ട് എന്ന് മാത്രമല്ല, മുഹമ്മദിനും യേശുവിനും മോസസിനും മുൻപ് വെളിപ്പെട്ട ഒരേയൊരു യാഥാർഥ്യമാണ് ഹൈന്ദവത എന്ന കുത്തകവത്കരണവും അന്തർലീനമായി നടത്തുന്നു.

വാജ്‌പേയിയുടെ കപട മതേതരത്വം പോലെ, താലിബാൻ എന്ന ആശയത്തിന്റെ രണാത്മക ശക്തിയും ദേശീയതയുമായാണ് ബന്ധപ്പെട്ടു കിടക്കുന്നത്. തന്റെ സംസ്ഥാനത്തിലെ മദ്രസകളിൽ ‘ദേശവിരുദ്ധ തീവ്രവാദികൾ’ സജീവമാണെന്ന് മാർക്സിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യ  2002-ൽ പ്രസ്താവിക്കുകയുണ്ടായി. ദേശവിരുദ്ധ തീവ്രവാദികൾ കേവലം ചില  മദ്രസകളിൽ മാത്രമല്ല എല്ലായിടത്തും സജീവമാണെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. മാർക്സിസ്റ്റുകാരനായ ഭട്ടാചാര്യക്ക് രാഷ്ട്രീയ സമ്പത്ത് വ്യവസ്ഥയല്ല അതിനുള്ള കാരണഹേതു  മറിച്ചു  മത മൗലിക വാദമാണ്.

ദേശ വിരുദ്ധർ

രണാത്മക ആശയങ്ങളിൽ ഏറ്റവും വിനാശകരമായ ഒന്നാണ് ദേശ വിരുദ്ധൻ എന്ന പ്രയോഗം. അതെടുത്തുപയോഗിക്കുന്ന ആദ്യത്തെ നേതാവല്ല ഭട്ടാചാര്യ. പരോക്ഷമായാണെങ്കിലും ദേശ വിരുദ്ധൻ എന്ന പദം ആദ്യമായി ഉപയോഗിച്ചത് മോഹൻദാസ് കരംചന്ദ് ഗാന്ധി ആയിരിക്കാം. ഒരു രാഷ്ട്രത്തിലെ സാധാരണക്കാരെ ബാധിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ വിഷയങ്ങളെ അഭിസംബോധന ചെയ്യാൻ ഈ പദം ഉപയോഗിക്കാമെങ്കിലും സമകാലിക സാഹചര്യത്തിൽ ദേശ വിരുദ്ധൻ എന്ന പ്രയോഗം തീർത്തും വിഭിന്നമായ അർത്ഥത്തിലാണ് ഉപയോഗിക്കപ്പെടുന്നത്. കൊളോണിയലിസത്തെ പ്രാബല്യത്തിൽ വരുത്തുവാൻ വേണ്ടിയോ അല്ലെങ്കിൽ കോളോണിയലിസ്റ്റുകൾക്ക് വേണ്ടി പണിയെടുത്തവരെയോ ദേശ വിരുദ്ധൻ എന്ന് വിളിക്കാറില്ല. അങ്ങനെ ആയിരുന്നുവെങ്കിൽ ഇന്ത്യൻ നവോത്ഥനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന രാജ റാം മോഹൻ റോയ്ക്ക് (d.1833) ആകും അത്തരമൊരു വിളി ഏറ്റവും നന്നായി ചേരുക. എന്തെന്നാൽ, വഞ്ചകരുടെ (മുസ്‌ലിം ഭരണാധികാരികൾ എന്ന് വായിക്കുക) ദാസ്യത്തിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാൻ ദൈവം പറഞ്ഞയച്ച ശ്രേഷ്ഠരാകുന്നു ബ്രിട്ടീഷുകാർ എന്നാണ് റോയ് വിശ്വസിച്ചിരുന്നത്.

ബുദ്ധദേവ് ഭട്ടാചാര്യ

അതുപോലെ തന്നെ, ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി “അത്യുത്സാഹപൂർവം സഹകരിച്ചിരുന്ന” ബംഗാളി ഹിന്ദുക്കളെയോ ധനവ്യാപാരികളായ ഹിന്ദുക്കളെയോ പരാമർശിക്കാൻ ആരും  എവിടെയും ദേശ വിരുദ്ധൻ എന്ന പദം ഉപയോഗിച്ചിട്ടില്ല. എന്തിനേറെ പറയുന്നു, ബ്രിട്ടീഷുകാർക്കെതിരെ ഒന്നാം സ്വാതന്ത്ര്യ സമര വേളയിൽ പൊരുതാതെ, നിർലോഭം ബ്രിട്ടീഷ് നിയമവ്യവസ്ഥയെ പിന്തുണക്കുകയും അതിനെ പവിത്രമായി കരുതുകയും ചെയ്തവരെ പോലും ദേശ വിരുദ്ധർ എന്ന് വിളിക്കാറില്ല.

നേരെ മറിച്ച്, പാകിസ്ഥാനെന്ന ദേശരാഷ്ട്രത്തെ പിന്തുണക്കുകയും പാകിസ്ഥാന്റെ കലയെയും വിനോദത്തെയും സംസ്കാരത്തെയും സ്നേഹിക്കുകയും ചെയ്യുന്ന ഇന്ത്യൻ മുസ്‌ലിങ്ങളെ മുദ്രകുത്താനാണ് ഏറ്റവും കൂടുതലായി ദേശ വിരുദ്ധൻ എന്ന സംജ്ഞ ഉപയോഗിക്കാറ്. രാജ്യത്തോടുള്ള വഞ്ചന അല്ലെങ്കിൽ നെറികേട് എന്ന അർത്ഥത്തിൽ ദേശ വിരുദ്ധൻ എന്ന പദം യഥാർത്ഥത്തിൽ വിരൽ ചൂണ്ടുന്നത് ഇന്ത്യ എന്ന ഹൈന്ദവ ദേശരാഷ്ട്രത്തിലേക്കും നിരന്തരമായി ആവർത്തിക്കപ്പെടാറുള്ള ഇന്ത്യയോടുള്ള മുസ്‌ലിങ്ങളുടെ  വിശ്വാസകൂറില്ലായ്മയിലേക്കും ആണ്. ദേശവിരുദ്ധൻ എന്നതിന് ഇത്തരമൊരു അർത്ഥതലം ഏറ്റവും നന്നയി ചാർത്തി നൽകിയത് ഗാന്ധിയല്ലാതെ മറ്റാരുമല്ല. 1948-ൽ ഒരു ഹിന്ദു ഗാന്ധിയോട് ആരാഞ്ഞു: “ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധം പൊട്ടിപുറപ്പെട്ടാൽ മുസ്‌ലിമിന് നമ്മുടെ സഹോദരങ്ങളാവാനും ഇന്ത്യൻ യൂണിയനോട് കൂറുള്ളവനായിരിക്കുവാനും കഴിയുമോ?” അതിനുള്ള ഗാന്ധിയുടെ മറുപടി ഇപ്രകാരമായിരുന്നു: “ഇന്ത്യയിലെ കോടിക്കണക്കിനു മുസ്‌ലിങ്ങൾ ഇന്ത്യയോട് കൂറുള്ളവരായിരിക്കുകയും പാകിസ്താനെതിരെ പടപൊരുതുകയും ചെയ്യുമെന്ന് ഞാൻ വിശ്വസിക്കണോ? [….] ഒരാൾ തെറ്റുകാരനാണെന്നു തെളിയിക്കപ്പെടുന്നതുവരെ ഒരാളെയും തെറ്റുകാരനായി നാം കണക്കാക്കാൻ പാടില്ല […] പിന്നീട് അവർ (മുസ്‌ലിങ്ങൾ) നിങ്ങളെ വഞ്ചിച്ചാൽ നിങ്ങൾക്ക് അവരെ വെടിവെക്കാം. […] നാം സ്വയം ധീരന്മാരായിരിക്കുകയും മുസ്‌ലിങ്ങളെ വിശ്വസിക്കുകയും വേണം. പക്ഷെ അവർ വിശ്വാസവഞ്ചന കാണിച്ചാൽ നിങ്ങൾക്ക് അവരുടെ തലയെടുക്കാം”.

പാകിസ്താനോട് കൂറുള്ളവൻ സമം ദേശ വിരുദ്ധൻ എന്ന അർത്ഥതലം, ആരാണ് ഇന്ത്യൻ എന്നതിനെ നിർണയിക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നു. തീവ്ര ഹിന്ദു വലതുപക്ഷക്കാരനും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രിയുമായിരുന്ന സർദാർ വല്ലഭായ് പട്ടേൽ പറയുകയുണ്ടായി: “ഓരോ ഇന്ത്യൻ പൗരനും തങ്ങൾ ഇന്ത്യക്കാരനാണെന്നും തങ്ങൾക്ക് ഈ രാജ്യത്ത് എല്ലാവിധ അവകാശങ്ങളും ഉണ്ടെന്നും ഒപ്പം ചില ബാധ്യതകളും ഉണ്ടെന്നും അറിഞ്ഞിരിക്കണം”.  നിരന്തരം ആവർത്തിച്ചു പലരും പറയുന്ന ഈയൊരു പരുപരുത്തതും വിലക്ഷണവുമായ പ്രസ്താവന ദേശീയതയിൽ അന്തർലീനമായിട്ടുള്ള ശത്രുതയെ തുറന്നു കാട്ടുന്നുണ്ട്. ഇന്ത്യൻ പൗരന്മാരാണ് തങ്ങൾ എന്നതിനെ കുറിച്ച് തികഞ്ഞ ബോധവാന്മാരാണ് ഹിന്ദുക്കളെന്നും പക്ഷെ ഇന്ത്യൻ എന്ന സ്വത്വത്തെ മറക്കാൻ സാധ്യതയുള്ളവരും പാകിസ്താനോട് കൂറ് പുലർത്താൻ സാധ്യതയുള്ളവരും ആണ് മുസ്‌ലിങ്ങൾ എന്ന ധ്വനി കൂടി പട്ടേലിന്റെ പ്രസ്താവനക്കുണ്ട്.

ലാലാ ലജ്പത് റായ്, വല്ലഭായ് പട്ടേൽ

പാകിസ്ഥാൻ

ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന അബുൽ കാലം ആസാദ് പട്ടേലിനെ വിശേഷിപ്പിച്ചത് “ഇന്ത്യാ വിഭജനത്തിന്റെ സ്ഥാപകൻ” എന്നായിരുന്നു. വിഭജനം യാഥാർഥ്യവത്കരിച്ചതിൽ അനിഷ്യേധ്യമായ പങ്ക് പട്ടേലിനുണ്ടെങ്കിലും യഥാർത്ഥത്തിൽ വിഭജനത്തിന്റെ ആസൂത്രണം നടത്തിയത് വിനായക് സവർക്കറിനും മുമ്പ് ലാല ലജ്പത് റായ് ആയിരുന്നു. “അനാരോഗ്യകരമായ മുടന്തിനെ വെട്ടി മാറ്റി” എന്ന് വിശേഷിപ്പിച്ചു കൊണ്ട് വിഭജനത്തെ പിന്തുണച്ച വ്യക്തിയായിരുന്നു പട്ടേൽ. ഇങ്ങനെയൊക്കയാണെങ്കിലും, ഇന്ത്യയെ വിഭജിക്കുകയും പാകിസ്താനെ രൂപീകരിക്കുകയും ചെയ്തതിൽ അനിഷ്യേധ്യമായ പങ്ക് സങ്കല്പിച്ചു കൊടുത്തു കൊണ്ട് ദേശ വിരുദ്ധൻ എന്ന  സമൂർത്തമായ പ്രതിരൂപം നിരന്തരം കെട്ടി വക്കുന്നത് മുഹമ്മദ് അലി ജിന്നയിൽ ആണ്. ചരിത്രപരമായി, പാകിസ്ഥാൻ എന്നതിന്റെ ബദലായി ദേശ വിരുദ്ധതയും രാജ്യദ്രോഹത്തിനു ബദലായി പാകിസ്ഥാനും നിലകൊള്ളുകയും ചെയ്യുന്നതിനാൽ അത്തരമൊരു കൊടുക്കൽ വാങ്ങലിന്റെ പരിണിതഫലമായി ഇവ രണ്ടും ദേശീയതയുടെ പദാവലിയിൽ ഏറ്റവും നീചമായ അസഭ്യമായി നിലനിൽക്കുന്നു.

ഈയൊരു ദേശീയതാ അസഭ്യം അത്രമേൽ രൂക്ഷമല്ലാത്ത മറ്റൊരു രണാത്മക ആശയമായ ലിബ്റ്റാർടിൽ (ലിബറൽ മൂരാച്ചികൾ) നിന്നും തികച്ചും വ്യത്യസ്തമാണ്. ലിബ്റ്റാർടിൽ നിന്നും വ്യത്യസ്തമായി പാകിസ്താനി, ദേശ വിരുദ്ധൻ എന്നീ രണാത്മക ആശയങ്ങൾക്ക് ദേശ രൂപീകരണത്തിന്റെ മുൻപുള്ള സ്ഥിതിഗതികളുമായും ആൺകോയ്മയുമായും സ്ത്രീകളെ അപമാനിക്കുന്ന അസഭ്യങ്ങൾ അടങ്ങിയ വർഗീയ ബോധ്യവുമായും സമാനമായ മറ്റു സാംസ്‌കാരിക വകഭേദങ്ങളുമായും ബന്ധമുണ്ട്. 2020-ലെ ദില്ലി വംശഹത്യാ സമയത്ത് മുസ്‌ലിങ്ങൾക്ക് നേരേ ഉയർന്നു വന്ന പാകിസ്ഥാൻ ചായ്‌വുള്ളവരെന്ന വിളിയും “രാജ്യദ്രോഹികളെ  രാജ്യത്തിൽ നിന്നും പുറത്താക്കുക” തുടങ്ങിയ  അസഭ്യ വർഷങ്ങളും സമീപ ഭാവിയിൽ നിന്നും പറയാൻ കഴിയുന്ന ഏറ്റവും നല്ല ഉദാഹരണമാണ്. സമാനമായി അനുരാഗ് ഠാക്കൂർ മുസ്‌ലിങ്ങളെ വംശഹത്യ ചെയ്യാൻ പരസ്യമായി ആഹ്വാനം ചെയ്ത വേളയിൽ ഉയർത്തിയ മുദ്രാവാക്യവും അസഭ്യം നിറഞ്ഞതായിരുന്നു: “ദേശ് കോ ഗദ്ദാരോൻ കോ ഗോലി മാരോ സാലോൻ കോ” (രാജ്യദ്രോഹികളായ വൃത്തികെട്ടവന്മാരെ വെടിവെച്ചു കൊല്ലൂ) എന്നിങ്ങനെയുള്ള കേട്ടാൽ അറക്കുന്ന വിഷലിപ്തമായ മുദ്രാവാക്യങ്ങളാണ്  ആ സമയത്ത് ഡൽഹി തെരുവുകളിൽ ഉയർന്നു പൊങ്ങിയത്.

മൻമോഹൻ സിങ് = ദില്ലി സൽത്തനത്ത്; ഗാന്ധി = ഷെഹ്‌സാദ

മേലെ നിരത്തിയ ഉദാഹരണങ്ങളിലെ അസഭ്യങ്ങൾക്ക് ഇസ്‌ലാം/മുസ്‌ലിങ്ങൾ വിധേയരായത് യാദൃശ്ചികമായല്ല, മറിച്ച് അവയുടെ നിദാനം തന്നെ ഇസ്‌ലാം/മുസ്‌ലിങ്ങളാണ്. മൻമോഹൻ സിംഗ് സർക്കാരിനെ “ദില്ലി സൽത്തനത്ത്” എന്ന് വിശേഷിപ്പിച്ച മോദി അതിനറുതി വരുത്തുമെന്ന് ശപഥം ചെയ്തിരുന്നു. മൻമോഹന്റെ ഭരണം സ്വതേ വിനാശകാരി അല്ലെങ്കിലും “മുസ്‌ലിം” ഭരണത്തിന്റെ സ്വഭാവം കൈവരുന്നതോടു കൂടി വിനാശകരമായി തീരുന്നു. സമാന യുക്തിയാണ് രാഹുൽ ഗാന്ധിയെ ഷെഹ്‌സാദ എന്ന് വിളിക്കുന്നതിന്‌ പിന്നിലും. രാജകുമാരൻ എന്നതിന്റെ ഹിന്ദി വാക്കായ യുവരാജ് എന്നതിന് പകരം ഉറുദു വാക്കായ ഷെഹ്‌സാദ എന്നഭിസംബോധന ചെയ്യുന്നതിന് പിന്നിലുള്ള വാക്കുകളുടെ തിരഞ്ഞെടുപ്പ്, മുസ്‌ലിം പ്രീണനം നടത്തുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന മിഥ്യയെ പെരുപ്പിക്കാൻ വേണ്ടി ബോധപൂർവം നടത്തുന്ന ശ്രമമാണ്. ഈ ഉദാഹരങ്ങളിലെല്ലാം, സ്വതേ മൻമോഹനും രാഹുൽ ഗാന്ധിയും ശത്രുപക്ഷതെല്ലെങ്കിലും ഒരു ബുദ്ധിമുട്ടുമില്ലാതെ അവരെ ശത്രുപക്ഷത്താക്കൻ കേവലം ഒരു മുസ്‌ലിം ചിഹ്നം കൊണ്ട് സാധിക്കുന്നു.

ചില രണാത്മക ആശയങ്ങൾ സ്വദേശീയവും തീർത്തും ഇന്ത്യൻ പശ്ചാത്തലത്തിൽ നിന്നുമുള്ളതാകുമ്പോൾ മറ്റു ചിലതാകട്ടെ, അന്തർദേശിയ മാനങ്ങൾ ഉള്ളതാണ്. പരസ്പര പൂരിതമായി നിൽക്കുന്നത് കൊണ്ട് തന്നെ, രണാത്മക ആശയങ്ങളാൽ വേട്ടയാടപ്പെടുന്ന സമുദായങ്ങളുടെയും ജനസഞ്ചയങ്ങളുടെയും പ്രതികരണം കൂടി നാം അറിഞ്ഞിരിക്കണം. നിസ്സംശയമായും സമ്മിശ്ര പ്രതികരണങ്ങൾ നമുക്ക് കാണാൻ കഴിയും. ‘യുദ്ധം നയിക്കുന്നവരും’ ‘യുദ്ധത്താൽ വേട്ടയാടപ്പെടുന്നവരും’ തമ്മിൽ വലിയ രീതിയിലുള്ള അസന്തുലിതാവസ്ഥ നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, സമുദായങ്ങളുടെ പ്രതികരണങ്ങൾ പൊതുവിൽ മൂന്ന് തരത്തിലുള്ളവയാണ്; വിഷാദാവസ്ഥ, സഹകരണം, കലഹം എന്നിങ്ങനെ. 2016-ൽ പുറത്തിറങ്ങിയ സഈദ് നഖ്‌വിയുടെ ‘Being the Other: The Muslim in India’ എന്ന പുസ്തകം വിഷാദാവസ്ഥയിലുള്ള പ്രതികരണം ഉളവാക്കുന്ന ഒന്നാണ്. തന്റെ നഷ്ടത്തെ എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടതെന്ന് അറിയാതിരിക്കുന്ന അവസ്ഥ മാത്രമല്ല, എന്താണ് നഷ്ടപെട്ടതെന്നുപോലും കൃത്യമായി മനസ്സിലാക്കാൻ കഴിയാത്ത ഒരാളുടെ അവസ്ഥയെന്ന നിലയിലാണ് വിഷാദാവസ്ഥ എന്ന മനോനിലയെ ഞാൻ നോക്കികാണുന്നത്. ചില ആത്മകഥാ ശകലങ്ങൾ കൂടി ഉൾപ്പെടുത്തി കൊണ്ട്, എപ്രകാരമാണ് ഇന്ത്യൻ ദേശരാഷ്ട്രവുമായി ബന്ധപ്പെട്ട് മുസ്‌ലിങ്ങൾ സാമൂഹികമായ രൂപാന്തരണത്തിനു വിധേയമായതെന്ന് നഖ്‌വി വിശദീകരിക്കുന്നു. വിഭജനത്തെ അംഗീകരിച്ചു കൊണ്ട് നെഹ്‌റു ഇന്ത്യയിലുള്ള മുസ്‌ലിങ്ങളെ നിരാശപ്പെടുത്തിയതിനെ കുറിച്ചും സമകാലിക ഹിന്ദുത്വ ആയ ഹിന്ദു വലതുപക്ഷത്തിനുള്ള കോൺഗ്രസിന്റെ ഉപഹാരമായി വിഭജനത്തെ വിശേഷിപ്പിച്ച മോഹൻദാസ് ഗാന്ധിയെ കുറിച്ചുമെല്ലാം നഖ്‌വി എഴുതുന്നുണ്ട്. ‘മതേതരനായ’ നെഹ്‌റു അധികാരത്തിൽ ഇരിക്കുമ്പോൾ ഹൈദരാബാദിലും ജമ്മുവിലും നടന്ന മുസ്‌ലി വിരുദ്ധ വംശഹത്യകളെ കുറിച്ച് അവ എപ്രകാരം ‘മതേതരത്വത്തിന്റെ നിലനിൽപിന് വേണ്ടി’ അവഗണിക്കപ്പെട്ടുവെന്നും അദ്ദേഹം എഴുതുന്നു. ഇത്തരം മനോഭാവങ്ങൾ ഇന്ത്യയുടെ സ്ഥാപന നേതാക്കൾക്ക് വരെ ഉണ്ടായിരുന്നു എന്നദ്ദേഹം ഊന്നുന്നു.

എന്നിരുന്നാലും ഈയൊരു അപരവത്കരണത്തിനുള്ള മറുമരുന്ന് നഖ്‌വി ഇന്ത്യയുടെ ‘സ്ഥാപക നേതാക്കളിൽ’ തന്നെയാണ് കണ്ടെത്തുന്നത്. ഗൃഹാതുരതയോട് കൂടി താൻ കുട്ടിക്കാലം ചിലവഴിച്ച  അവധിലെ മഹിതമായ ‘സമ്രിശ്ര-സംസ്കാരത്തെ’ അദ്ദേഹം ഓർക്കുന്നു. ഒരു സാങ്കല്പിക ഭവനത്തിലേക്കുള്ള തിരിച്ചു പോക്കാണ് ഗൃഹാതുരത്വം എന്ന് സ്വ്റ്റ്ലാന ബോയിം പറയുന്നുണ്ട്, സാങ്കല്പിക ഭവനമാവട്ടെ ദേശരാഷ്ട്രത്തിനു ഉപോൽബലകമായി നിലനിൽക്കുകയും ചെയ്യുന്നു. പക്ഷെ നഖ്‌വി ഇതുവരെയും തന്റെ ഭവനത്തിലേക്ക് തിരിച്ചു വരാൻ അവിടം വിട്ടു പോയിട്ടില്ല. അതുകൊണ്ടു തന്നെ അത്തരമൊരു വികാരം പുസ്തകത്തിൽ നിഴലിക്കുന്നുണ്ടെങ്കിൽ അദ്ദേഹം അനുഭവിക്കുന്ന നഷ്ടദുഖം അത്രമേൽ തീവ്രമാണ്.

സഹകരണം എന്ന അർത്ഥതലത്തിലുള്ള രണ്ടാമത്തെ പ്രതികരണത്തെ മനസ്സിലാക്കാൻ 2014 മുതൽ പട്ടാപ്പകൽ പോലും നിരന്തരം അരങ്ങേറുന്ന ആൾക്കൂട്ട കൊലപാതകങ്ങളെ പഠനവിധേയമാക്കാം. ആൾക്കൂട്ടാക്രമണങ്ങളും അതുമൂലം സംഭവിക്കുന്ന കൊലപാതകവും വീഡിയോ ചിത്രീകരിച്ചു പ്രചരിപ്പിക്കുക വഴി ആത്മാഭിമാനത്തെ കുറിച്ചും സ്വാതന്ത്ര്യത്തെ കുറിച്ചുമെല്ലാം ചിന്തിക്കുക എന്നത് ക്ലേശകരമാവുന്നു. ചിന്തിക്കുക എന്ന പ്രക്രിയ തന്നെ കൂടുതൽ കൂടുതൽ ഭയമുളവാക്കുന്നതായി മാറുന്നു. ഈയൊരവസ്ഥയിൽ മറിച്ചൊന്നും ചെയ്യാൻ കഴിയാത്ത നിസ്സഹായാവസ്ഥയിൽ നിലനിൽക്കുക എന്നത് തന്നെ ഏറ്റവും വലിയ പോരാട്ടമായി ചിലർ കരുതും. ആക്രമണങ്ങൾ നിരന്തരം കണ്മുൻപിൽ സംഭവിക്കുന്നതിന്റെ ഞെട്ടലിലും മാധ്യമങ്ങളിൽ സ്ഥിരമായി പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളും കാരണം ചിലരെങ്കിലും രണാത്മക ആശയങ്ങൾ നടപ്പിൽ വരുത്തുന്ന  പാർട്ടിയിൽ തന്നെ ചേർന്ന് കൊണ്ട് ഇത്തരം ഹിംസാത്മകമായ പ്രവർത്തികളോട് തങ്ങളുടെ സഹകരണവും അംഗീകാരവും രേഖപ്പെടുത്തും. തങ്ങളുടെ സ്വന്തം നിലനിൽപ്പിനു മാത്രമാണ് അവർ മുൻഗണന കൊടുക്കുക. പല അർത്ഥത്തിലും നജ്മുൽ ഹുദാ എഴുതിയ ലേഖനം ഇത്തരമൊരു പ്രതികരണത്തിന്റെ നല്ലൊരു മാതൃകയാണ്.

പശു സംരക്ഷകർ

‘പശുക്കടത്ത്’, ബീഫ് കഴിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുക എന്നീ   ആരോപണങ്ങളുന്നയിച്ചു കൊണ്ട് ഹിന്ദുക്കൾ മുസ്‌ലിങ്ങൾക്ക് നേരെ   നിരന്തരമായി നടത്തുന്ന ആൾക്കൂട്ടാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, ബീഫ് കഴിക്കുക എന്നത് വൈയക്തിക താല്പര്യമാണെന്ന ലിബറൽ വാദത്തെ   നജ്മുൽ ഹുദ എതിർക്കുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പിന്റെ വാദഗതി എന്നത് ‘ലിബറൽ ആശയധാരയെ’ മുറുകെപ്പിടിക്കുന്നത് കൊണ്ടല്ല മറിച്ചു “(മുസ്‌ലിം) വർഗീയതക്കൊരു ന്യായം” ആണ്. ഒപ്പം, മതകീയ മുൻവിധികളുടെ അടയാളവുമാണ്. ആയതിനാൽ, മിക്ക സംസ്ഥാനങ്ങളിലും ബീഫ് നിരോധിക്കപ്പെട്ടത് കൊണ്ടുതന്നെ ‘നിയമവാഴ്ചയെ അനുസരിക്കുന്ന സമുദായമായി’ മാറാൻ മുസ്‌ലിങ്ങളെ ഹുദ ഉപദേശിക്കുന്നു. ഹുദയുടെ വാദഗതിയിൽ ഏറ്റവും അതിശയകരമായ സംഗതി എന്തെന്നാൽ അവർ അക്രമികളുടെ അഥവാ യുദ്ധം നയിക്കുന്നവരുടെ തന്നെ ഭാഷാ പ്രയോഗങ്ങൾ എടുത്തുപയോഗിക്കുന്നു എന്നുള്ളതാണ്. ബഹുസ്വരമായ സമൂഹത്തിലെ ഭക്ഷണ സ്വാതന്ത്ര്യം എന്നതിന് പകരം “ഗോവധം” എന്ന നിലക്കാണ് വിഷയത്തെ അവർ അഭിസംബോധന ചെയ്യുന്നത്. ബീഫ് നിരോധനത്തിന് എതിരെയുള്ള ‘‘ദാർശനികമായ വാദഗതികള’’ ഖണ്ഡിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ നിയമസാധുതകളെ അവലംബിച്ചു കൊണ്ടുള്ള ലിബറൽ വിരുദ്ധ വീക്ഷണം അവതരിപ്പിക്കുന്നത്. “ദാർശനികമായ വാദങ്ങൾ ഒരുപക്ഷെ അവരെ നിയമത്തിന്റെ എതിർചേരിയിൽ നിൽക്കാൻ ഇടവരുത്തുകയും പശുസംരക്ഷകരുടെ അക്രമത്തിനു ഇടവരുത്തുകയും ചെയ്യാം”. ഈ ഉപദേശത്തിൽ ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ, ഇത് അഭിസംബോധന ചെയ്യുന്നത് പശു സംരക്ഷണത്തിന്റെ പേരിൽ അക്രമം അഴിച്ചു വിടുന്നവരെയല്ല, അതിനു ഇരയാവാൻ സാധ്യതയുള്ള സമുദായത്തെയാണ്. ഹുദയുടെ വാദങ്ങൾ പശു സംരക്ഷണത്തിന് നിയമസാധുത കൽപിച്ചു കൊടുക്കുന്നു എന്ന് മാത്രമല്ല ബീഫ് നിരോധനത്തിന് എതിർക്കുന്നവരെ “വർഗീയവാദികളും” “മതകീയ മുൻവിധികൾ വെച്ചുപുലർത്തുന്നവരും” ആയി ചിത്രീകരിക്കുന്നത് കൊണ്ടുതന്നെ പശുസംരക്ഷണം എന്നത് ഒരു രണാത്മക ആശയം ആണെന്ന് പറയാം. ബീഫ് നിരോധനത്തിന് അനുകൂലമായ വാദങ്ങളിലും ബീഫ് നിരോധന നിയമങ്ങളിലും തിരഞ്ഞെടുപ്പിന്റെയും വ്യക്തിഗത താല്പര്യങ്ങളുടെയും അംശം തീരേയില്ല എന്നിരിക്കെ, ഹുദയുടെ വാദങ്ങൾക്ക് പിന്നിലെ യുക്തി “ഒട്ടുമിക്ക ഇന്ത്യക്കാരും (അഥവാ ഹിന്ദുക്കളും)” അവരുടെ ഭൂരിപക്ഷ “അവബോധവും” ആകുന്നു.

PC: Scroll.in

സർവ ധർമ സമഭാവന (സർവ മതങ്ങൾക്കും തുല്യ സ്ഥാനം) എന്ന മതേതരത്വത്തിന്റെ ഹിന്ദു വിവക്ഷയിൽ ഇപ്പോഴുള്ള ഭരണകൂടം ഊന്നൽ കൊടുത്തുകൊണ്ട് ഹിന്ദുക്കളുടെ ഗോവിനെ  ഹനിക്കാതിരിക്കാൻ ബീഫിനെ നിരോധിക്കുമ്പോഴും, അതേ യുക്തി വെച്ച് മുസ്‌ലിങ്ങളുടെ വിശ്വാസത്തെ മാനിച്ചു കൊണ്ട് പന്നിമാംസം നിരോധിക്കുന്നില്ല. യഥാർത്ഥത്തിൽ, സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഒരു ഒറ്റപ്പെട്ട സംഭവമല്ല ബീഫ് നിരോധനം; അത് ഹിന്ദു ദേശരാഷ്ട്രത്തിന്റെ സാക്ഷാൽക്കാരത്തിലേക്കുള്ള ബൃഹത്തായ രാഷ്ട്രീയ പദ്ധതിയുടെ ആണിക്കല്ലായി വർത്തിക്കുന്ന ഒരേടാണ്.

1970-ൽ തന്നെ ആർ.എസ്.എസ് നേതാവ് യാദവ് റാവു ജോഷി വ്യക്തമാക്കിയതാണ്: “ഇന്ത്യയിൽ ജീവിക്കണമെങ്കിൽ ഹിന്ദു മതത്തിലേക്ക് പരിവർത്തനം നടത്തണമെന്ന് മുസ്‌ലിങ്ങളോടും ക്രൈസ്തവരോടും പറയാൻ ഹിന്ദു സമൂഹം ഇപ്പോൾ വളർന്നിട്ടില്ല. പക്ഷെ, ഹിന്ദുക്കൾ ശക്തരാവുമ്പോൾ അവരോടു മതം മാറാനും അല്ലെങ്കിൽ നശിച്ചു പോവാനും  ആർ.എസ്.എസ് പറഞ്ഞിരിക്കും”.

സമകാലിക സാഹചര്യം വ്യക്തമാക്കുന്നത് പോലെ നശിച്ചു പോവുക എന്നതു കൊണ്ട് യഥാർത്ഥത്തിൽ കൊല്ലപ്പെടാനാണ് അവർ പറഞ്ഞതെന്നത് വ്യക്തമാണ്. കൊസെല്ലെക്കിന്റെ ഭാഷയിൽ പറഞ്ഞാൽ, ജോഷി ഉദ്ദേശിച്ചത് “അപരന്റെ വംശീയ ഉന്മൂലനം” അല്ലാതെ മറ്റൊന്നുമല്ല.

സഹകരണം പോലെത്തന്നെ സംഘട്ടനവും ഒറ്റപ്പെട്ടതല്ല. പലവിധത്തിലുള്ള സംഘട്ടനത്തിൽ ഒരു വിധം എന്നനിലയിൽ ഷർജീൽ ഇമാമിനെ എടുത്ത് നമുക്ക് പരിശോധിക്കാം. സംഘട്ടനത്തിന്റെ മുഖം എന്ന നിലക്കുള്ള ഷർജീൽ ഇമാമിനെ കുറിച്ചുള്ള വായനക്ക് ചില വെല്ലുവിളികളുമുണ്ട്. യുവാവ് ആയതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ലേഖനങ്ങൾ സമൂലമായ ഒരു രചനയായി ഇനിയും പരിവർത്തിച്ചിട്ടില്ല. അതിനേക്കാളുപരി, അദ്ദേഹത്തിന്റെ ചിന്തയും ആക്ടിവിസവും പൂർണാർത്ഥത്തിൽ വളർന്നു വികാസം പ്രാപിക്കുന്നതിന് മുൻപേ തന്നെ ഭരണകൂടം ഇമാമിനെ തുറങ്കിലടച്ചു. ആദ്യം പ്രവർത്തിച്ച ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA) കാലത്ത് അദ്ദേഹത്തിന് ഇടതു പുരോഗമന ഇടങ്ങൾ മുസ്‌ലിങ്ങൾക്ക് നേരെ നടത്തുന്ന പാർശ്വവത്കരണവും ഇസ്‌ലാമിക പാരമ്പര്യത്തെയും ചിഹ്നങ്ങളെയും എപ്രകാരമാണ് അപമാനകരമായ രീതിയിൽ ചിത്രീകരിക്കുന്നത് എന്നും ബോധ്യപ്പെട്ടിരുന്നു. നിരന്തരമായ അനീതികൾ നടക്കുന്നത് തുടർക്കഥയായ നാട്ടിൽ, മുസ്‌ലിങ്ങൾ ഉൾപ്പെടുന്ന പാർശ്വവൽകൃതനും പാമരനും നിത്യേന അനുഭവിക്കുന്ന അക്രമങ്ങളെ കുറിച്ചുള്ള മൗലികമായ ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ട് അവരോടൊപ്പം നിന്നു ഇമാം. അദ്ദേഹത്തെ ഏറ്റവും കൂടുതൽ പ്രകോപിച്ചത് അക്രമികളെക്കാൾ വേഗത്തിൽ അറസ്റ്റ് ചെയ്യപ്പെടുന്നത് ഇരകളാണ് ഇന്ത്യയിലെന്ന വസ്തുതയാണ്. അതുപോലെതന്നെ ജനസംഖ്യാനുപാതത്തിനു വളരെകൂടുതൽ മുസ്‌ലിങ്ങൾ ഇന്ത്യൻ ജയിലുകളിലുണ്ടെന്നതും അദ്ദേഹത്തെ അസ്വസ്ഥതപ്പെടുത്തിയിരുന്നു. ഇഖ്ബാൽ അഹ്മദിൽ ആകൃഷ്ടനായ ആധുനിക ചരിത്ര ഗവേഷകനായ ഷർജീൽ, യാഥാതസ്ഥികമായ വീക്ഷണ കോണിലൂടെയല്ല ഇന്ത്യൻ ചരിത്രത്തെ വായിച്ചത്. അന്തർലീനമായ ശത്രുതാ മനോഭാവത്തിന്റെ അടിത്തറയിൽ കെട്ടിപ്പൊക്കിയ അധീശ ദേശീയതയുടെ ആഖ്യാനത്തിൽ നിന്നും വിട്ടുമാറിയ ഷർജീൽ വ്യതിരിക്തമായ ചരിത്രാഖ്യാനം നിർമ്മിച്ചു വരികയായിരുന്നു. കേവലം ഒരു നയം എന്ന അർത്ഥത്തിൽ രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തുന്നതിന് പകരം രാഷ്ട്രീയത്തിന്റെ അനുധാവനമായിരുന്നു വായനയിലൂടെയും രചനയിലൂടെയും അദ്ദേഹം നടത്തി കൊണ്ടിരുന്നത്.  ജാക്വസ് റാൻസിയർ പറയുന്നത് സമവായത്തിൽ അധിഷ്ഠിതമായതും നിലനിൽക്കുന്ന കലുഷിതമായ ശ്രേണീവ്യവസ്ഥയെ അംഗീകരിക്കുന്നതുമായ ഒന്നാകുന്നു നയം എന്നത്. പക്ഷെ അടിച്ചമർത്തലിലൂടെയും  പോലീസ് നടപടിക്രമങ്ങളിലൂടെയും  നിലനിർത്തപ്പെടുന്ന നീതിരഹിത  ക്രമത്തിനു  പകരം മറ്റൊരു ലോകത്തെ സ്വപ്നം കാണാൻ നമ്മെ പ്രേരിപ്പിക്കുന്ന ‘വിസമ്മതത്തിന്റെ’ അല്ലെങ്കിൽ ‘ഭിന്നാഭിപ്രായത്തിന്റെ’  തലത്തെയാണ് രാഷ്ട്രീയാവസ്ഥ എന്ന നിലയിലുള്ള രാഷ്ട്രീയം സൂചിപ്പിക്കുന്നത്. നിയമത്തെ അനുസരിക്കുന്നിടത്ത് അവസാനിക്കുന്ന ഹുദയുടെ വാദഗതിയിൽ നിന്നും വ്യത്യസ്തമായി, പൗരബോധത്തിലും തർക്കവിതർക്കങ്ങളുടെ  സൗന്ദര്യത്തിലും ഊന്നിയുള്ള ഒരു ലോകക്രമമാണ് ഇമാം സ്വപ്നം കാണുന്നത്. അല്ലാതെ കേവലം യുദ്ധവെറിയുടെ കാലുഷ്യത്തിൽ വാർത്തെടുത്ത പോലീസ് സംവിധാനത്തിൽ അല്ല.

ജിഹാദ്

ലവ് ജിഹാദ്, കൊറോണ ജിഹാദ്, ഭൂ ജിഹാദ്, മാർക് ജിഹാദ് തുടങ്ങി വ്യത്യസ്ത പേരുകളിൽ ജിഹാദ് ഭീകരമായ അളവിൽ ഒരു രണാത്മക ആശയമായി മാറിയിട്ടുണ്ട് സമകാലിക ഇന്ത്യയിൽ. ജീവിതത്തിലെന്ന പോലെ മരണത്തിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഇത്തരം ‘പുത്തൻ പ്രയോഗങ്ങൾ’ ഹിന്ദു ഓറിയന്റലിസത്തിന്റെ പ്രവർത്തന ഫലമായാണ് പ്രചാരം നേടുന്നത് എന്ന കാര്യം വിസ്മരിക്കരുത്. രണാത്മക ആശയമെന്ന നിലയിൽ ജിഹാദ് നിരന്തരം പ്രയോഗിക്കപ്പെടുമ്പോൾ ഇരുപക്ഷത്തുമുള്ളവർ അഥവാ അങ്കം വെട്ടുന്നവരും എതിർഭാഗത്തുള്ളവരും തമ്മിലുള്ള വിടവ് നികത്താനാവാത്ത നിലയിലേക്ക് വ്യാപിക്കുകയാണ്. ഇപ്പോൾ പ്രയോഗിക്കപ്പെടുന്ന ജിഹാദെന്ന പദത്തിന്റെ വിവക്ഷ മതകീയ കാര്യങ്ങളിൽ അഗ്രഗണ്യനായിരുന്ന മൗലാന ആസാദിനെ പോലുള്ള ഇന്ത്യക്കാരിൽ നിന്നല്ല ഇവർ പഠിച്ചത്. പകരം, w.w.ഹണ്ടറിനെ പോലുള്ള പാശ്ചാത്യ ഓറിയന്റലിസ്റ്റുകളിൽ നിന്നാണ്. മുസ്‌ലിങ്ങളെന്നോ മറ്റുള്ളവരെന്നോ ഭേദമില്ലാതെ നീതിക്കും സത്യത്തിനും വേണ്ടി പൊരുതുന്നതിനെയാണ് ആസാദ് ജിഹാദ് എന്നു വിശേഷിപ്പിച്ചത്. സ്ത്രീധനത്തുക നൽകാൻ തങ്ങളുടെ മാതാപിതാക്കൾക്ക് കഴിവില്ലാത്തതിനെ തുടർന്ന് 1914-ൽ സ്നേഹലത ദേവി എന്ന ഹിന്ദു സ്ത്രീ സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തപ്പോൾ എപ്രകാരമായിരിക്കും അവളുടെ ഹൃദയം മനുഷ്യത്വം മരവിച്ച ഈ ലോകത്തെ കുറിച്ച് ചരമഗീതം രചിച്ചിട്ടുണ്ടാവുക എന്ന് ആസാദ് വ്യാകുലപ്പെടുന്നുണ്ട്. ആസാദിനെ സംബന്ധിച്ചിടത്തോളം അവളുടെ ആത്മഹുതി “അല്ലാഹുവിന്റെ മാർഗത്തിലുള്ള ജിഹാദ്” ആണ്. “ഇന്ന് ഈ രാജ്യത്തിന്റെ ക്ഷേമത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതുന്ന ഹിന്ദുക്കൾ നടത്തുന്നതും ഒരു തരത്തിൽ ജിഹാദ് ആണ്”.

സമകാലിക ഇന്ത്യയുടേയും ഇന്ത്യൻ രാഷ്ട്രീയത്തിന്റെയും ആകെത്തുക രണാത്മക ആശയമാണെന്നാണ് ഇത്രയും പറഞ്ഞതിന്റെ ആകെത്തുക. റാൻസിയറിന്റെ കണ്ണിലൂടെ നോക്കുകയാണെങ്കിൽ വ്യതിരിക്തമായ ഒരു ലോകത്തിലേക്കുള്ള അന്വേഷണമായി കാണുന്നതിനപ്പുറം കേവലം ഒരു നയം എന്നതിലേക്ക് രാഷ്ട്രീയം ഇന്ന്  ചുരുങ്ങിയിരിക്കുന്നു. ജഡാത്മകമായ നയം എന്ന അർത്ഥത്തിൽ രാഷ്ട്രീയം ചുരുങ്ങിയപ്പോൾ ജനാധിപത്യവും വാണിഭക്കാർക്കായി മാറി സമകാലിക ഇന്ത്യയിൽ.  യഥാർത്ഥ രാഷ്ട്രീയത്തെക്കുറിച്ച മനസ്സിലാക്കൽ രണാത്മക ആശയത്തിൽ മാത്രം പരിമിതപ്പെടരുത്. മാനസിക അടിമത്തം ധൈഷണിക ശൗര്യമായും, യാദൃശ്ചികത അനിവാര്യമായും, ഭീരുത്വം ധൈര്യമായും, അരോചകം നിയമമായും, നിലവിലുള്ളത് ഏറ്റവും മികച്ചതായും, അപൂർണത പൂർണമായും വിഭാഗീയത സൗഭാഗ്യമായും കാണുന്ന നിലവിലെ ജീർണിച്ച രാഷ്ട്രീയാവസ്ഥയെ മാറ്റിമറിക്കേണ്ടതുണ്ട്. അതിനുവേണ്ടി നിരന്തരം പ്രവർത്തിക്കുന്ന നീതിയുടെ വക്താക്കൾക്കും ആക്ടിവിസ്റ്റുകൾക്കും ഗവേഷകർക്കും മുൻപാകെ, അവരുടെ പ്രയത്നത്തിന് പ്രയോജനമാവാൻ, പുതിയൊരു നീതിയധിഷ്ഠിത ലോകം പണിയുവാൻ ‘രണാത്മക ആശയം’ എന്ന സങ്കല്പനം ഉപകരിക്കുമെങ്കിൽ അത്രമാത്രം!

(അവസാനിച്ചു)


വിവർത്തനം: ബിലാൽ ഇബ്നു ശാഹുൽ

ഇര്‍ഫാന്‍ അഹ്മദ്‌