Campus Alive

ആവലും അറിയലും; ടെക്നോ സയൻസ് യുഗത്തിൽ

ഒരു ദാര്‍ശനികന്റെ സഹോദരന്‍ മരിച്ചനേരത്ത് ഒരാള്‍ അദ്ദേഹത്തോട് “താങ്കളുടെ സഹോദരന്‍ എന്ത് അസുഖം കാരണമാണ് മരിച്ചത്?” എന്ന് ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി: “അവന്റെ ഈ ലോകത്തെ അസ്തിത്വം (kaynunatuhu fi l-dunya) ”
– അലി ബിന്‍ മുഹമ്മദ് അബൂ ഹയ്യാന്‍ അല്‍-തൗഹീദി
അല്‍ ബസാഇര്‍ വല്‍ ദഖാഇര്‍

മുഖ്യധാരാ വൈദ്യശാസ്ത്രത്തിന്റെ കണ്ണില്‍ മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തി മരിച്ചുകഴിഞ്ഞു. എന്നാല്‍ കൃത്രിമ ശ്വാസോഛാസ ഉപകരണം ഘടിപ്പിച്ച് കിടത്തിയിരിക്കുന്ന ആ വ്യക്തിയുടെ ധാര്‍മികവും ആധ്യാത്മികവുമായ (metaphysical) പദവിയെ സംബന്ധിച്ച് വിവിധ മതവിശ്വാസങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ട്. ഇസ്‌ലാമിക കര്‍മശാസ്ത്ര സരണികളുടെ കാര്യവും വ്യത്യസ്തമല്ല. ശരീഅത്തിന്റെയും മുസ്‌ലിം നൈതികതയുടെയും വെളിച്ചത്തില്‍ ചില കര്‍മശാസ്ത്ര പണ്ഡിതരും സരണികളും മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയെ ‘മരിച്ചതായി’ കണക്കാക്കാമെന്ന് വിധിയെഴുതുമ്പോള്‍ മറ്റു ചില പണ്ഡിതര്‍ വിയോജിക്കുന്നു. ആശുപത്രികളില്‍ അത്തരമൊരു നിര്‍ണായക ഘട്ടത്തില്‍ ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് അവയവദാനം നടത്താനും മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയുടെ വെന്റിലേഷന്‍ നീക്കാനും സുപ്രധാനമായ തീരുമാനമെടുക്കാന്‍ കുടുംബങ്ങള്‍, പ്രത്യേകിച്ചും മുസ്‌ലിം കുടുംബങ്ങള്‍ കുഴങ്ങാറുണ്ട്.

എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു? ശരിപ്പെടുത്താനാകാത്ത വിധം ആഘാതമേറ്റ മസ്തിഷ്‌കവുമായി ജീവനോടെ തുടരുന്ന ശരീരവും നന്നായി പ്രവര്‍ത്തിക്കുന്ന മനുഷ്യജീവിയും തമ്മിലുള്ള വ്യത്യാസമെന്തെന്ന് കൃത്യമായി മനസിലാക്കാനുള്ള കര്‍മശാസ്ത്ര-നൈതിക അവബോധം പ്രദാനം ചെയ്യുന്നതില്‍ നൈതികവും കര്‍മശാസ്ത്രപരവുമായ യുക്തിക്ക് കഴിയുന്നില്ല എന്നാണ് എന്റെ അനുമാനം. കേവലമായ ‘ആണ്’, ‘അല്ല’, ‘അനുവദനീയം’, ‘നിഷിദ്ധം’ മറുപടികള്‍ തരുന്ന നീതി-നിയമാധ്യാപനങ്ങള്‍ ഒട്ടുമിക്ക സാധാരണക്കാര്‍ക്കും പ്രഫഷണലുകള്‍ക്കുമെല്ലാം അപര്യാപ്തമായി തോന്നും.

ഭേദമാക്കാനാകാത്ത മസ്തിഷ്‌ക മരണവും ചികിത്സിച്ചു മാറ്റാന്‍ കഴിയാത്ത ആഘാതവുമേറ്റ വ്യക്തിത്വത്തെക്കുറിച്ച (personhood) ധാരണകളെ സാധാരണക്കാരനും പ്രഫഷണലിനും ഒരുപോലെ മനസിലാക്കാന്‍ കഴിയുന്ന രീതിയില്‍ കുറെക്കൂടി മെച്ചപ്പെട്ട ഇസ്‌ലാമിക വിജ്ഞാനമായി പകര്‍ന്നു നല്‍കാന്‍ സാധിക്കുമോ? അതിനായി മുസ്‌ലിം തത്വചിന്തയുടെ പാരമ്പര്യത്തിലും അതിന്റെ സമകാലീന വ്യാഖ്യാനത്തിലും നിന്നുകൊണ്ട് ഭവശാസ്ത്രം (Ontology), ജ്ഞാനശാസ്ത്രം (epistemology), ദൈവശാസ്ത്രം (theology) എന്നിവയെ മുസ്‌ലിം നീതിശാസ്ത്രജ്ഞര്‍ പുനപരിശോധിക്കേണ്ടതുണ്ട്.

ഭവശാസ്ത്രം, ജ്ഞാനശാസ്ത്രം, ദൈവശാസ്ത്രം

‘ആധ്യാത്മികത’ (Metaphysics) എന്നു കേള്‍ക്കുമ്പോള്‍ വളരെ സങ്കീര്‍ണവും നിഗൂഢവുമായ പദമായി തോന്നാം, എന്നാല്‍ അത് വളരെ വ്യക്തതയുള്ള ഒന്നാണ്, അഥവാ ഇല്ലെങ്കില്‍ ഒന്നു ചിന്തിച്ചാല്‍ വ്യക്തത ലഭിക്കുന്നതാണ്. മസ്തിഷ്‌ക മരണം സംഭവിച്ചു കഴിഞ്ഞ ഒരു വ്യക്തിയുടെ വെന്റിലേറ്റര്‍ നീക്കംചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാവാതെ നില്‍ക്കുന്ന ബന്ധുവിന്റെ അടുത്ത് നില്‍ക്കുന്ന ഒരു ഡോക്ടറായി നിങ്ങള്‍ സ്വയം സങ്കൽപിച്ചു നോക്കൂ. അല്ലെങ്കില്‍ അങ്ങനെ ചെയ്യാന്‍ നിങ്ങള്‍ വിസമ്മതിക്കുന്നതായി സങ്കല്‍പ്പിക്കൂ. ഈ പറഞ്ഞ സന്ദര്‍ഭങ്ങളിലെല്ലാം നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ ഒരുതരം ആധ്യാത്മികതയെ ആശ്രയിച്ചാണ് നിലകൊണ്ടത്, അത് പ്രത്യക്ഷത്തില്‍ തോന്നില്ലെങ്കിലും നിങ്ങളുടെ തീരുമാനമെടുക്കലിനെ സ്വാധീനിച്ചിരിക്കും. അത്തരമൊരു മരണം സംഭവിച്ച വ്യക്തിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അയാളുടെ വ്യക്തിത്വം (personhood) , മനുഷ്യജീവശാസ്ത്രം, ശാസ്ത്രത്തിന്റെയും വൈദ്യത്തിന്റെയും പരിമിതികള്‍ എന്നിവയെക്കുറിച്ച് ചില തീര്‍പ്പുകളില്‍ നിങ്ങളെത്തിയേക്കും. ഇനിയഥവാ ആ തീര്‍പ്പുകള്‍ എതിര്‍ദിശയിലാണെങ്കില്‍ നിങ്ങളുടെ തീരുമാനവും വ്യത്യാസപ്പെടും. ഏതു തീരുമാനത്തിലാണ് എത്തുന്നതെങ്കിലും അതിലേക്കുള്ള നിങ്ങളുടെ വാദങ്ങളും കാഴ്ച്ചപ്പാടുകളുമെല്ലാം ഉണ്‍മയെക്കുറിച്ചും ഈ ലോകത്തെ അസ്തിത്വത്തെക്കുറിച്ചും (being in the world) സങ്കീര്‍ണമായ ചിന്തകളുണര്‍ത്തിയിരിക്കും. ആധ്യാത്മികതയെ ആശ്രയിക്കുന്നതിനെ മറികടക്കുന്നതിനായി ഈ സങ്കല്‍പ്പങ്ങളെല്ലാം അമൂര്‍ത്തമാണെന്നാണ് നിങ്ങള്‍ വിശ്വസിക്കുന്നതെങ്കില്‍ അതിലേക്ക് ആഴത്തില്‍ വലിച്ചിടുകയാണ് അത് ചെയ്യുക എന്ന് സൂസന്‍ നീമാന്‍ പറയുന്നുണ്ട്.

ആദ്യകാല മുസ്‌ലിം ദാര്‍ശനികരും മധ്യകാലത്തെ തത്വചിന്താ ആഭിമുഖ്യമുണ്ടായിരുന്ന ദൈവശാസ്ത്രജ്ഞരുമെല്ലാം ആധ്യാത്മികതയെ വളരെ ഗൗരവത്തോടെയാണ് നോക്കിക്കണ്ടത്. തത്വചിന്തയ്ക്ക് അടിത്തറയിടുന്നതാണ് ആധ്യാത്മികതയെന്നും ഈ ലോകമെന്താണെന്ന് നമ്മെ അത് ബോധ്യപ്പെടുത്തുകയും ചെയ്യുന്നുവെന്ന് നമുക്ക് പ്രാപ്യമായ ഏറ്റവും മികച്ച ശാസ്ത്രീയ ഉപകരണങ്ങളും, ഗ്രാഹ്യശേഷിയും കൊണ്ട് മനസിലാക്കാം. പ്രമുഖ രാഷ്ട്രീയ തത്വചിന്തകന്‍ അബൂ നസര്‍ ഫാറാബി (d950-51), സമര്‍ഥനായ ആധ്യാത്മികജ്ഞാനി അബൂ അലി ഇബ്‌നു സീന (d1037), കര്‍മശാസ്ത്രജ്ഞനും ബഹുമുഖപ്രതിഭയുമായ അബൂഹാമിദ് ഗസാലി (d1111) എന്നിവരെല്ലാം തങ്ങളുടെ ശാസ്ത്രം, വിശ്വാസം, ധാര്‍മിക മൂല്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ചിന്തകളുടെ അവിഭാജ്യ ഘടകമായി ആധ്യാത്മികതയെ കണ്ടവരാണ്. ആധ്യാത്മിക ചിന്തയുടെ അഭാവവും ദാര്‍ശനികവും ധാര്‍മികവുമായ ആഴത്തിലുള്ള ചിന്തകളുടെ ശുഷ്‌കാവസ്ഥയും സമകാലീന മുസ്‌ലിം ധിഷണയുടെ പ്രത്യേകിച്ചും നൈതിക ചിന്തയുടെ പാപ്പരത്വത്തിന് കാരണമാണെന്ന് പറയാതെ വയ്യ.

ദൈവശാസ്ത്രം, മിസ്റ്റിസിസം എന്ന് തുടങ്ങുന്ന നിയമ-നീതിശാസ്ത്രത്തില്‍ വരെ മുസ്‌ലിം മതചിന്തയെ വലിയ അളവില്‍ സ്വാധീനിച്ച അരിസ്റ്റോട്ടിലും പ്ലേറ്റോയുമടങ്ങുന്ന ഗ്രീക്ക് തത്വചിന്താ പാരമ്പര്യവുമായി അടുത്ത് ഇടപഴകിയിരുന്നവരായിരുന്നു മധ്യകാല മുസ്‌ലിം പണ്ഡിതര്‍. ഉദാഹരണത്തിന്, ഫിസിക്‌സ്, ഗണിതം, അതിഭൗതികശാസ്ത്രം (metaphysics) പോലുള്ള ശാസ്ത്ര സിദ്ധാന്തങ്ങള്‍ (അല്‍ ഇല്‍മുല്‍ നസരി) ഉണ്‍മയെ (being), നിലനില്‍ക്കുന്നവയെ മനസിലാക്കാനുള്ള വഴികളാണെന്ന അരിസ്‌റ്റോട്ടിലിന്റെ വാദത്തെ ഗസാലി സദാ ഉദ്ധരിച്ചിരുന്നു. ഒരു ദൈവശാസ്ത്രജ്ഞനെന്ന നിലയില്‍ ഗസാലി എപ്പോഴും മുസ്‌ലിം ചിന്തകര്‍ ‘ദിവ്യജ്ഞാനം’ എന്ന് വിളിക്കുന്ന ആധ്യാത്മികജ്ഞാനത്തിന് മുന്‍ഗണന നല്‍കി, മാത്രമല്ല അദ്ദേഹം അരിസ്‌റ്റോട്ടില്‍ ആധ്യാത്മികജ്ഞാനത്തെ വിവക്ഷിച്ച കണക്കെ ‘ആദ്യത്തെ തത്വചിന്ത’ (അല്‍ ഫല്‍സഫതുല്‍ ഊലാ) എന്നും അതിനെ വിളിച്ചു. ‘എല്ലാ നിദാനങ്ങളും അനന്തമായിരിക്കണം… അവ ദൈവികമായി പലതിലും പ്രവര്‍ത്തിക്കുന്നത് നാം കാണുന്നു’ എന്നതാണ് അരിസ്റ്റോട്ടിലിനെ സംബന്ധിച്ച് ആദ്യത്തെ തത്വചിന്ത, ഈ വാക്യത്തെ ഗസാലി ഹൃദയപൂര്‍വം നെഞ്ചേറ്റുന്നുണ്ട്. ‘ചലിപ്പിക്കാനാവാത്ത പദാര്‍ഥ’ത്തെക്കുറിച്ചുള്ള (an immovable substance) ശാസ്ത്രമായതു കൊണ്ട് ആധ്യാത്മികജ്ഞാനത്തിന് പ്രഥമസ്ഥാനം നല്‍കപ്പെടുമെന്ന് പറഞ്ഞത് അരിസ്റ്റോട്ടിലാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇങ്ങനെയാണ് ആധ്യാത്മികത പ്രാപഞ്ചികമാകുന്നത്, ദൈവികമായതിന് യുക്തിപൂര്‍വമായ വിശദീകരണം നല്‍കാനാവുന്നത്, അതുതന്നെയാണ് ദൈവശാസ്ത്രമെന്ന് വിളിക്കുന്നതും. ചലിപ്പിക്കാനാവാത്ത സൃഷ്ടാവിനെ സമഗ്രമായി അവതരിപ്പിക്കലാണ് അതിന്റെ ദൗത്യം. അത്യുന്നതനായ ദൈവം ഒരു പദാര്‍ഥമോ (jawhar) ഒരു ആകസ്മികതയോ (arad) അല്ല എന്ന ഗസാലിയുടെ അരുളപ്പാട് പോലെ മിക്ക മുസ്‌ലിം ആധ്യാത്മികരും ദൈവശാസ്ത്രജ്ഞരും ‘ചലനമില്ലാത്ത’തിനെ ‘പദാര്‍ഥമായി’ എണ്ണുന്നില്ല.

എന്താണ് നിലനില്‍ക്കുന്നത് അല്ലെങ്കില്‍ എന്താണ് ഉള്ളത് എന്നതിനെക്കുറിച്ചുള്ള മൊത്തത്തിലുള്ള കാഴ്ച്ചയാണ് ഭവശാസ്ത്രം (ontology), ആധ്യാത്മികതയുടെ മധ്യത്തിലാണത് നിലകൊള്ളുന്നത്. ഇന്ന് എന്താണ് നിലനില്‍ക്കുന്നതെന്ന് നമ്മെ അറിയിക്കുന്നതില്‍ പ്രധാന പങ്കും ഫിസിക്‌സ്, രസതന്ത്രം, കോസ്‌മോളജി, ആസ്‌ട്രോഫിസിക്‌സ് എന്നീ ശാസ്ത്രശാഖകളാണ് വഹിക്കുന്നത്. പക്ഷെ ആല്‍വില്‍ ടോഫ്‌ളര്‍ ഉണര്‍ത്തിയതു പോലെ, ശാസ്ത്രം ഒരു ‘നിരാശ്രയ വസ്തു’വല്ല (independent variable) അതിനു ചുറ്റുമുള്ള ലോകത്തു നിന്നും പൂര്‍ണമായി വേര്‍പെട്ട് അതിന് വികസിക്കാന്‍ കഴിയില്ല. ശാസ്ത്രീയമായ പല പരികല്‍പനകളും -അത് വൈദ്യത്തെ സംബന്ധിച്ചാകട്ടെ സിദ്ധാന്തങ്ങളോ രൂപകങ്ങളോ മാതൃകകളോ എന്തുമാകട്ടെ- ശാസ്ത്രത്തിനു വെളിയില്‍ പ്രവര്‍ത്തിക്കുന്ന സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ ശക്തികളാലാണ് രൂപപ്പെടുന്നത്. എന്നിരുന്നാലും അങ്ങനെ നിലനില്‍ക്കുന്ന എല്ലാത്തിനെയും കുറിച്ച് ഒരു യുക്തിഭദ്രമായ ധാരണ കൈവരിക്കാന്‍ ആഗ്രഹിക്കുന്നതു പോലും സാധ്യമാണോയെന്ന സംശയം മനുഷ്യസഹജമായ പരിമിതിയും ഉത്തരാധുനിക എളിമയും ജനിപ്പിച്ചേക്കും. ചില അഭിപ്രായവ്യത്യാസങ്ങളോടെയാണെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ പോസിറ്റീവിസത്തിന് ആധ്യാത്മികതയോടുണ്ടായിരുന്ന വൈരത്തെ മാറ്റിപ്പണിയാന്‍ പുതിയ നീക്കങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്, അതിന് സയന്‍സിന്റെ തന്നെ നമ്മുടെ ബദല്‍ചിത്രങ്ങള്‍ക്ക് നന്ദി. സ്ഥിരത, ക്രമം, ഏകതാനത, സന്തുലിതാവസ്ഥ എന്നിവയിലൂന്നാനുള്ള പരമ്പരാഗത ശാസ്ത്രത്തിന്റെ ത്വരയെ അടഞ്ഞ സംവിധാനമായും ഫിസിക്‌സിലും സയന്‍സിലും ഉള്ള രേഖീയമായ ബന്ധങ്ങളുമായും ബന്ധപ്പെടുത്തിക്കൊണ്ട് കൂടുതല്‍ വിശാലമായാണ് ഇല്യ പ്രിഗോജിനും ഇസബെല്‍ സ്‌റ്റെംഗേഴ്‌സും വിവരിക്കുന്നത്. സമയത്തിന്റെ ഒഴുക്കുമായി താല്‍ക്കാലികമായി ബന്ധപ്പെടുന്നതും ‘ചെറിയ നിവേശങ്ങള്‍ വരെ വമ്പന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും’ (“small inputs can trigger massive consequences”) എന്നതിലുമുള്ള ക്രമരാഹിത്യം, അസ്ഥിരത, നാനാത്വം, സന്തുലിതത്വമില്ലായ്മ, രേഖീയമല്ലാത്ത ബന്ധങ്ങള്‍ എന്നിവയടങ്ങിയ വേഗയുഗത്തിലേക്ക് ഈ പ്രിഗോജിനിയന്‍ അധ്യാപനം നമ്മുടെ ശ്രദ്ധയെ മാറ്റും. തുറന്നതും വേഗത്തിലുമുള്ളതുമായ പ്രപഞ്ചശാസ്ത്രക്രമത്താല്‍ സംഭവിച്ച ഭവശാസ്ത്രപരമായ മാറ്റം നമ്മുടെ ജ്ഞാനശാസ്ത്ര ഇനങ്ങളെയും ശക്തിയായി സ്വാധീനിച്ചിരിക്കും. ആദ്യത്തെ അത്യാഹിതം ഉദാഹരണത്തിന് നിശ്ചിതത്വം (certainty) എന്ന ആശയമാണ്, പ്രത്യേകിച്ചും ടെക്‌നോ-സയന്‍സ് കൊണ്ടുവന്ന സങ്കീര്‍ണതയുടെ തലങ്ങളുമായി ഇടപഴകുമ്പോള്‍. നമ്മുടെയുള്ളില്‍ ഉള്ള ടെക്‌നോ-സയന്‍സിന്‌റെ ‘മാനിപ്പുലേറ്റീവ്’ എഫക്ടിനാല്‍ നിര്‍മിക്കപ്പെട്ട യുക്തിയും നിശ്ചിതത്വത്തെക്കുറിച്ചുള്ള അരിസ്റ്റോട്ടിലിയന്‍ യുക്തിയും വ്യത്യസ്തമാണ്. പ്രപഞ്ചത്തിന്റെ ചെറിയ ചില ഭാഗങ്ങളിലെങ്കിലും അടഞ്ഞ വ്യവസ്ഥകള്‍ കാണപ്പെടുന്നുണ്ടെങ്കിലും ഊര്‍ജം, ദ്രവ്യം, വിവരം എന്നിവ പരിസ്ഥിതിയുമായി സദാ കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുന്ന, ഒരു തുറന്ന വ്യവസ്ഥിതിയാണ് പ്രപഞ്ചത്തില്‍ അധികവുമുള്ളതെന്ന് നാം ഇന്ന് സമ്മതിക്കുന്നു. എന്നാലും യാന്ത്രിക സംവിധാനങ്ങളും ചിന്താരീതികളും നമുക്ക് പരിമിതമായ കാഴ്ച്ചപ്പാടാണ് തരുന്നത്. ആന്റണി കെന്നി എന്ന ദാര്‍ശനികന്‍ കുറിച്ചതു പോലെ ‘കാണാത്ത ലോകങ്ങളെ തേടുന്നവര്‍ക്കായി സമൃദ്ധവും ബഹുസ്വരവുമായ ആധ്യാത്മികത’യുണ്ട്. നാമെങ്ങനെ ഈ പ്രപഞ്ചത്തെ കാണുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നു എന്ന കാര്യത്തിലെ ‘ ജ്ഞാനശാസ്ത്രപരമായ അടുക്കിവെക്കലിലെ സങ്കീര്‍ണതയ്ക്ക്’ ദാര്‍ശനികരും, ആധ്യാത്മികരും, ദൈവശാസ്ത്രപണ്ഡിതരും തമ്മിലെ തര്‍ക്ക വിതര്‍ക്കങ്ങള്‍ സാക്ഷിയാണ്.

ഒരു അടഞ്ഞ വ്യവസ്ഥിതിക്കുള്ളിലെ ഭവശാസ്ത്രത്തിന് പണ്ട് ഗസാലിയെപ്പോലെ ആരോ മറുപടി നല്‍കിയിട്ടുണ്ട്. പക്ഷെ അടിസ്ഥാനതലത്തില്‍ തന്നെ ഇന്നും വിവേകപൂര്‍ണമായ തലങ്ങളുള്ള ആ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചര്‍ച്ചയിലേക്ക് നാമിന്ന് കണ്ണോടിക്കുകയും അദ്ദേഹത്തിലേക്ക് തിരിയുകയും ചെയ്യുകയാണ്. വളരെ പ്രാഥമികതലത്തില്‍ നിന്നുകൊണ്ട് അദ്ദേഹം ഉണ്‍മയെ/നിലനില്‍പ്പിനെ (wujud) രണ്ട് ഇനങ്ങളായി വിവരിക്കുന്നു, ഒരു പഥാർഥവും (substance, jawhar) രണ്ട്, ആകസ്മികതയും (arad). അണുക്കള്‍ പദാർഥമാണെങ്കില്‍ ആപ്പിളിന്റെ ചുവപ്പുനിറമാണ് ആകസ്മികതയ്ക്ക് ഉദാഹരണം. ഐഹികമായ എല്ലാ കാര്യങ്ങളും ഒന്നുകില്‍ പദാര്‍ഥമായോ അല്ലെങ്കില്‍ ആകസ്മികതയായോ ആയിരിക്കും നിര്‍മിക്കപ്പെട്ടിരിക്കുക. ദൈവം ഒരു അനിവാര്യമായ അസ്തിത്വമാണെന്ന് നമ്മള്‍ കരുതുന്നുണ്ടെങ്കില്‍ ‘അത്തരമൊരു അസ്തിത്വം സ്വതവേ സ്പഷ്ടമായിരിക്കും, അതിന് പുറമെ നിന്നുള്ള സംഗതികളുടെ സൂചനകള്‍ ആവശ്യമുണ്ടാവില്ല’ എന്ന് കൃത്യമായി പറഞ്ഞത് ലെന്‍ ഗുഡ്മാനാണ്. ‘ഒരു യാദൃശ്ചിക വസ്തുവിന്റെ നിലനില്‍പ് സ്വതവേ സ്പഷ്ടമായിരിക്കില്ല’ എന്നും അദ്ദേഹം പറയുന്നു. നിലനില്‍ക്കലിന്റെ അവസ്ഥകള്‍ നമ്മുടെ ചിന്തകളെ എവ്വിധം സ്വാധീനിക്കുമെന്ന് തിരിച്ചറിഞ്ഞ ഗസാലി ‘ഉണ്‍മയുടെ യാഥാര്‍ഥ്യം (mawjud) പോലുള്ള പൊതുവായ കാര്യങ്ങള്‍’ അവലോകനം ചെയ്യുന്നതിന് പ്രപഞ്ചത്തിന്റെ ആകെത്തുകയെ പഠിക്കല്‍ ആവശ്യമാണെന്ന് ദൈവശാസ്ത്രജ്ഞരോട് ഉദ്‌ബോധിച്ചു. ഗസ്സാലി മാനസികമായ ഇനങ്ങളെക്കുറിച്ചാണ് ചിന്തിച്ചതെങ്കിലും നിലനില്‍ക്കുന്നവയെക്കുറിച്ചുള്ള (existing) പ്രായോഗിക ഇനങ്ങളെക്കുറിച്ചുള്ള ചിന്തയെയും ഗസാലി എതിര്‍ക്കാനിടയില്ല.

‘അസ്തിത്വത്തിന്റെ കാരണങ്ങളെക്കുറിച്ച് (causes of being) അതിന്റെ ആകെത്തുകയില്‍ ചിന്തിക്കുകയാണ് അതിഭൗതികജ്ഞാന’ത്തില്‍ ഒരാള്‍ ചെയ്യുന്നതെന്ന് ഗസ്സാലി എഴുതുന്നു. നിലനില്‍ക്കലിന്റെ അടിത്തറകള്‍ ക്രമീകരികരിക്കുന്നതിന് ഒരു ലളിതമായ ഹേതു ചിന്തയെയും പ്രതിഫലനത്തെയും സജീവമാക്കുന്നുണ്ട്, അതായത് ‘ഒരു കാരണവും അതിന്റെ ഫലവും’ കൂടാതെ ഒറ്റക്കാരണവും തീര്‍ച്ചയായും നിലനില്‍ക്കുന്ന ദൈവത്തെയും ജ്ഞാനപരമായി തിരയല്‍. ദൈവികമായതിന്റെ ഗുണഗണങ്ങള്‍ മനസിലാക്കിയെടുക്കലാണ് കൂടുതല്‍ പ്രസക്തമായത്, അതോടൊപ്പം ‘നിലവിലുള്ള സകലതും ദിവ്യത്വവുമായി എവ്വിധം ബന്ധപ്പെട്ടിരിക്കുന്നുവെന്നും കാര്യങ്ങള്‍ എത്തരത്തിലാണ് ദൈവത്തില്‍ നിന്നും ഉദ്ഭവിക്കുന്നതെന്നും മനസിലാക്കിയെടുക്കണം. ഗസ്സാലിയെ സംബന്ധിച്ചെടുത്തോളം ഈ ലോകവും അതിഭൗതികതയും തമ്മിലെ ബന്ധം അഭേദ്യമാണ്, ഇത്തരം തത്വചിന്താപരമായ വശങ്ങളെ കാര്യമായി വിലവെക്കുന്ന പ്രത്യേക തരം കര്‍മശാസ്ത്ര-ദൈവശാസ്ത്രപണ്ഡിതരില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുന്നതും ഇക്കാരണം കൊണ്ടാണ്. ഈ ലോകത്തിന്റെ ആകെത്തുകയെ ഒരു ദൈവശാസ്ത്രജ്ഞന്‍ ഗ്രഹിക്കുമ്പോള്‍ ധാര്‍മികതയുടെ ഒരു സൂക്ഷ്മപ്രപഞ്ചവുമായി അവിടെ ഒരു ഇഴബന്ധമുണ്ടാകുന്നുണ്ട്. “അതിന്റെ അനന്തരഫലമായി പ്രവാചകചര്യയില്‍ നിന്നും വേദഗ്രന്ഥത്തില്‍ നിന്നും ഉരുത്തിരിഞ്ഞ ജീവിത വിശുദ്ധിയുടെ (മതം) അറിവ്”. എന്നാണദ്ദേഹം അതിനെ എഴുതുന്നത്.

പ്രവാചകത്വത്തിന്റെ അനിവാര്യതയെ യുക്തിയുടെ പ്രാമാണികത കൊണ്ട് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ദൈവത്തെ പ്രഥമ തത്വചിന്തയായി കാണുന്ന ഭവശാസ്ത്രപ്രശ്‌നത്തെ പിന്തുടര്‍ന്നുള്ളതാണെന്ന് ഗസ്സാലി സ്വയം ആലോചിക്കുന്നുണ്ട്. ദൈവിക അധികാരത്തിന് ഭവശാസ്ത്രപരമായ (ontological) പിന്തുണ ലഭിച്ചുകഴിയുന്നത് മുതല്‍ അതിനെ ചുറ്റിപ്പറ്റിയുള്ള എല്ലാ അധ്യാപനങ്ങള്‍ക്കും ഒരു ആധ്യാത്മികതയുടെ താങ്ങുണ്ടാകും. പ്രവാചകരും അവര്‍ നിയോഗിതരായ സമൂഹവും തമ്മിലെ വിശ്വാസ്യതയിലൂന്നിയ ബന്ധം ഊട്ടിയുറപ്പിക്കുന്നതും ജീവിതവിശുദ്ധി (മതപഠനം) പുഷ്ടിപ്പെടുന്ന ലോകം നിര്‍മിക്കുന്നതും അടങ്ങുന്ന ദൈവികദൂതരുടെ യോഗ്യതാപത്രങ്ങളുറപ്പിക്കുന്ന അധ്യാപനങ്ങളും ഇതില്‍പെടും.

യുക്തിയുടെ പ്രാമാണികതയ്ക്ക് ഒരുപക്ഷെ ദൈവത്തിങ്കല്‍ നിന്ന് പ്രവാചകര്‍ക്ക് ആഗതമായ അധ്യാപനങ്ങളുടെ ആകെത്തുകയുടെ സാധുത പരിശോധിക്കാന്‍ കഴിയണമെന്നില്ല എന്ന് അശ്അരി പണ്ഡിതന്‍ കൂടിയായ ഗസാലി കരുതുന്നു. പരമാധികാര പരമാത്മാവിന്റെ പുറത്തു നിന്നുമുള്ള പ്രാമാണികത്വത്തില്‍ നിന്നും വരുന്നതിനാല്‍ യുക്തിക്ക് അത്തരം കാര്യങ്ങളെക്കുറിച്ച് ധാരണയുണ്ടാക്കാനോ അതിനുപോദ്ബലകമായ വാദങ്ങള്‍ അവതരിപ്പിക്കാനോ കഴിയുകയില്ല. തത്വചിന്തകര്‍ ഇതിനെ ഹെട്രോണമി എന്നാണ് വിളിക്കുക, അതായത് ഒരു വ്യക്തിക്ക് പുറമെ നിന്നും ലഭിക്കുന്ന സമ്മര്‍ദത്താലുള്ള ക്രിയ. ഉദാഹരണത്തിന് ദൈവത്തോടുള്ള അനുസരണം പരലോകത്ത് സന്തുഷ്ടിക്കും ധിക്കാരം അസന്തുഷ്ടിക്കും കാരണമാകുന്നതെന്തുകൊണ്ട് എന്ന് വിശദീകരിക്കാന്‍ യുക്തിക്ക് കഴിയില്ല എന്ന് ഗസ്സാലി പറയുന്നു. പരലോകത്ത് സന്തോഷവും ക്ലേശവും അനുഭവിക്കല്‍ അസാധ്യമാണ് എന്ന് വിശദീകരിക്കാന്‍ പോലും യുക്തിക്ക് കഴിയില്ല. ഭൗതികലോകത്ത് ധാര്‍മിക കല്‍പനകളോടുള്ള അനുസരണയും ധിക്കാരവും അല്ലെങ്കില്‍ സമ്മതവും എതിര്‍പ്പും സന്തോഷത്തിനും ക്ലേശത്തിനും എങ്ങനെ കാരണമാകും എന്നതിനെക്കുറിച്ച വിശദീകരണങ്ങള്‍ നല്‍കാന്‍ മാത്രമേ യുക്തിക്ക് കഴിയൂ.

മുസ്‌ലിം ജ്ഞാനമണ്ഡലത്തെ യുക്തിയും/ധിഷണയും ദിവ്യബോധനങ്ങളും കൂടിച്ചേര്‍ന്ന ഒരു ശക്തിഭൂമിയായി ഗസ്സാലി വ്യക്തമായി വിവരിക്കുന്നുണ്ട്. അറിവിന്റെയും (ഇല്‍മ്) പ്രവര്‍ത്തിയുടെയും (അമല്‍) ദ്വിമാനസഹവര്‍തിത്വമായി ദൈവത്തോടുള്ള അനുസരണയെ ഒരു പ്രസിദ്ധ ചര്‍ച്ചയില്‍ ഗസ്സാലി അവതരിപ്പിച്ചു. പ്രവര്‍ത്തിയില്‍ നിന്നും അടര്‍ത്തിമാറ്റാവുന്ന ഒന്നല്ല അറിവെന്ന് അദ്ദേഹം പറയുന്നു. തീര്‍ച്ചയായും അറിവുണ്ടാക്കല്‍ എന്ന പ്രക്രിയ തന്നെ ഹൃദയത്തിനുള്ളില്‍ ഒരു പ്രത്യേക പ്രവര്‍ത്തനം നടക്കുന്നതിനാലാണ്.ചുരുക്കത്തില്‍, അദ്ദേഹത്തിന്റെ കണ്ണില്‍ അറിയലും ആ ജ്ഞാനത്തെ സൂക്ഷിച്ചുവെക്കലും എപ്പോഴും ഇപ്പോഴും നടക്കുന്നതാണ്. അക്ഷരാര്‍ഥത്തിലും ആലങ്കാരികമായും ഹൃദയം എന്നു പറയുന്നത് മറ്റെല്ലാ അവയവങ്ങളെക്കാളും ശ്രേഷ്ഠതയുള്ള ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് എന്നതുപോലെത്തന്നെ ഏറെ ആദരിക്കപ്പെടുകയും പ്രസക്തിയുള്ളതുമായ ആത്മീയ അവയവം കൂടിയാണത്, ഗസ്സാലി വിവരിക്കുന്നു. ആത്മാവിന്റെയും പ്രാണന്റെയും അടയാളബിന്ദുവെന്ന നിലയ്ക്ക് മനുഷ്യത്വപരവും, സ്വത്വപരവും നമ്മെയും മറ്റുള്ളവരെയും ഈ ലോകത്തെത്തന്നെയും നാമറിയുന്നതിന് ഹൃദയം വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്. ‘മോക്ഷത്തിനു വേണ്ടിയുള്ള ശ്രമങ്ങളുടെ വാഹനം’ (markab-al-diyana) എന്നും ‘ഉത്തരവാദിത്വ കരാറുകളുടെ വാഹനം’ (markab-al-amana) എന്നും ഗസ്സാലി വിവരിക്കുന്ന ധിഷണയുമായി ബന്ധപ്പെട്ടതാണ് മനസിലാക്കല്‍ പ്രക്രിയ.

ധിഷണ/യുക്തി, ദിവ്യവെളിപാട് എന്നീ രണ്ടു സ്രോതസ്സുകളില്‍ നിന്നാണ് വിജ്ഞാനം ഉരുത്തിരിയുന്നതെന്ന് ഗസ്സാലി പറയുന്നു. ചില യുക്തിപരമായ അറിവുകള്‍ നമ്മളില്‍ സന്നിവേശിപ്പിക്കപ്പെട്ടതും മറ്റുചിലവ നമ്മള്‍ ആര്‍ജിക്കുന്നതുമാണ്. വെളിപാട് വിജ്ഞാനങ്ങള്‍ നമുക്ക് പ്രവാചകര്‍ വഴി ലഭിക്കുന്നവയാണ്, പ്രത്യേകിച്ചും ദിവ്യഗ്രന്ഥങ്ങളോ അവര്‍ നയിച്ച ഉദാത്തജീവിതമോ വഴി. പ്രാമാണികമായ അധ്യാപനത്തിലൂടെ ( തഖ്‌ലീദ്) യാണ് ദിവ്യബോധനം വഴിയുള്ള അറിവ് ജനം ആര്‍ജിക്കുന്നത്, എന്നാല്‍ ധിഷണയുടെ സഹായമില്ലാതെ ഈ അധ്യാപനം പൂര്‍ണമായും ഉള്‍ക്കൊള്ളാനും പകര്‍ത്താനും സാധ്യമല്ല. പ്രാഥമികമായി വെളിപാട് ഒരു പ്രതിവിധിയായി വര്‍ത്തിക്കുമ്പോളും, യുക്തിയെക്കൂടി ആശ്രയിച്ച് ഹൃദയത്തിനും ആത്മാവിനും ഒരു രോഗശമനവുമാകുന്നു. ഗസ്സാലി എഴുതുന്നു:
“ധിഷണയ്ക്ക് വെളിപാടിന്റെ പ്രാമാണികതയുമായി മുഴുവനായും വിട്ടുനില്‍ക്കാനോ നേരെ തിരിച്ചോ സാധ്യമല്ല. പ്രാമാണികാധ്യാപനത്തെ മാത്രം പൂര്‍ണമായി ആശ്രയിച്ച് ധിഷണയോട് പുറംതിരിഞ്ഞു നില്‍ക്കുന്നയാള്‍ വിവരദോഷിയാണ്. എന്നാലോ, ധിഷണയെ മാത്രം പുല്‍കുകയും ഖുര്‍ആനും സുന്നത്തും നല്‍കിയ വെളിച്ചത്തെ കാണാതിരിക്കുകയും ചെയ്തയാള്‍ അഹങ്കാരിയുമാണ്. ഈ രണ്ടു കൂട്ടത്തിലും പെടാതെ സൂക്ഷിക്കുക, രണ്ടിനെയും വിളക്കിച്ചേര്‍ത്ത് മനസിലാക്കുക. ബൗദ്ധികശാസ്ത്രം പോഷകമാണെങ്കില്‍ ദിവ്യവെളിപാട് ഔഷധമാണ്.”

നമ്മെയും നാം ജീവിക്കുന്ന ലോകത്തെയും അറിയണമെങ്കില്‍ പലവിധങ്ങളായ സ്രോതസുകള്‍ ആവശ്യമാണ്.

മധ്യകാല ദൈവശാസ്ത്രജ്ഞനായ ഗസ്സാലിയോ ഇബ്‌നു ഖല്‍ദൂനെ പോലുള്ള പൂര്‍വകാല ആധുനിക പണ്ഡിതരോ ഒക്കെ യാഥാര്‍ഥ്യത്തെ ഗ്രഹിക്കുന്നതില്‍ അത്യുല്‍സാഹികളായിരുന്നു. തങ്ങളുടെ അശ്അരിയന്‍ ദൈവശാസ്ത്ര മനസിനാല്‍ നിയന്ത്രിക്കപ്പെട്ടതു കൊണ്ടാവാം അങ്ങനെ. യാഥാര്‍ഥ്യവുമായി അടുത്തിടപഴകാന്‍ ഗസ്സാലി നമ്മെ പ്രേരിപ്പിക്കുമ്പോഴും അദ്ദേഹം യാഥാര്‍ഥ്യത്തെ ഗ്രഹിക്കാനുള്ള ഏത് ശുഭാപ്തിയോടുള്ള ശ്രമങ്ങളെയും തളര്‍ത്തിക്കളയും. യാഥാര്‍ഥ്യം നിര്‍വചിക്കല്‍ അതികഠിനമാം വിധം സങ്കീര്‍ണമാണെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് അദ്ദേഹം പറയുന്നു.’ ഇന്ദ്രിയ ഗോചരമായ (അല്‍മുദാറകത്തുല്‍ ഹിസ്സിയ്യ) ഏതു സംഗതിയും നിര്‍വചിക്കല്‍ വെല്ലുവിളി നിറഞ്ഞതാണ്, ഉദാഹരണത്തിന് കസ്തൂരിയുടെ വാസനയോ തേനിന്റെ മാധുര്യമോ നിര്‍വചിക്കുന്നതില്‍ നമ്മള്‍ ബുദ്ധിമുട്ടാറില്ലേ. ഇന്ദ്രിയഗോചരമായ സംഗതികളെ നിര്‍വചിക്കുന്നതില്‍ ഇത്ര ബുദ്ധിമുട്ടാണെങ്കില്‍ സൂക്ഷ്മജ്ഞാനങ്ങളുടെ (idarakat) കഥ കൂടുതല്‍ കഷ്ടമാവില്ലേ. ഗസ്സാലിയെപ്പോലെ ഒരു മൃദു ആദര്‍ശവാദിയെ സംബന്ധിച്ച് നമ്മുടെ മനസിലുള്ളിനുള്ളില്‍ യാഥാര്‍ഥ്യത്തെക്കുറിച്ച ഒരു നല്ല ചിത്രമുണ്ട്. അഥവാ ആന്തരികമായി അതില്‍ അനിശ്ചിതത്വങ്ങളുണ്ടെങ്കില്‍ ബാഹ്യയാഥാര്‍ഥ്യങ്ങളോടുള്ള കാഴ്ച്ചപ്പാടിനെയും അത് ബാധിക്കും. അദ്ദേഹത്തിന്റെ ധാരണകള്‍ മുസ്‌ലിം ചിന്തകരില്‍ വെച്ച് ഒറ്റപ്പെട്ടവയായിരുന്നില്ല, മറിച്ച് അശ്അരിയന്‍ ദൈവശാസ്ത്രജ്ഞരില്‍ പൊതുവായുള്ള സവിശേഷതയാണ്. ഒരുപക്ഷെ കൃത്യമായും ഈ ദൈവശാസ്ത്ര സങ്കല്‍പ്പം കടമെടുത്ത ഈ അനിശ്ചിതത്വം തന്നെയായിരിക്കാം സമകാലിക ശാസ്ത്രത്തിന്റെ തുറന്ന സംവിധാനങ്ങള്‍ക്കൊപ്പം പ്രതിധ്വനിക്കുകയും അനുരണനമുണ്ടാക്കുകയും ചെയ്യുന്നത്.

(തുടരും)

വിവർത്തനം: റമീസുദ്ധീൻ വി.എം

mm

ഇബ്രാഹിം മൂസ