Campus Alive

അറിയലും ആവലും ആധുനികതയിൽ

(ഭാഗം രണ്ട്)

ഗസ്സാലിയുടെ കാലത്തെക്കാള്‍ പ്രകൃതിയെയും പ്രപഞ്ചത്തെയും, അതുപോലെ ശരീരത്തെയും മനസിനെയും കുറിച്ച നമ്മുടെ മനസിലാക്കലിലും കാഴ്ച്ചപ്പാടിലും ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പ്രപഞ്ചത്തെയും പദാര്‍ഥത്തെയുമെല്ലാം മുമ്പൊന്നും സാധിക്കാത്ത വിധം ഗ്രഹിച്ചുള്‍ക്കൊള്ളാന്‍ പാകത്തില്‍ പ്രകൃതിയില്‍ സാങ്കേതിക വിദ്യയുടെ വിപ്ലവവുമുണ്ടായിട്ടുണ്ട്. പദാർഥങ്ങളെക്കുറിച്ചും ആകസ്മികതയെക്കുറിച്ചും (substances and accidents) നാം ഇനിയും സംസാരിക്കുമായിരിക്കും, പക്ഷേ വ്യത്യസ്ത പരിസ്ഥിതിയില്‍ പദാർഥങ്ങൾ വര്‍ത്തിക്കുന്നതെങ്ങനെയെന്ന കാര്യത്തില്‍ നമ്മുടെ മുന്‍ഗാമികള്‍ സങ്കല്‍പ്പിക്കാത്ത തരത്തില്‍ ഫിസിക്‌സിലൂടെ നാം മനസിലാക്കിയേക്കും. ‘ഗണിതം, ഭവശാസ്ത്രം, അതിഭൗതികത എന്നിവ ആധുനികശാസ്ത്രത്തിന് ദിശാബോധം നല്‍കത്തക്ക വിധം ഇന്ന് ഒന്നിച്ചുകൂടിയിരിക്കുന്നു’ എന്നെഴുതിയത് നോവലിസ്റ്റും ചിന്തകയുമായ മര്‍ലിന്‍ റോബിന്‍സണാണ്. ഭൗതികലോകത്തിന്റെ പ്രവര്‍ത്തനവും വ്യവഹാരങ്ങളും ഇന്ന് അനുഭവതലത്തില്‍ തന്നെ ഉറപ്പുവരുത്താനാകു. ഇന്നും പല ഭൗതികവാദികളും ‘ആധ്യാത്മികജ്ഞാനം എന്നത് തത്വചിന്തയെ സയന്‍സിന്റെ വേഷംകെട്ടിച്ച് എഴുന്നള്ളിക്കലാണ്’ എന്ന അഭിപ്രായമുള്ളവരാണ്. ഭൗതികവാദികളുടെ ഈ ന്യൂനീകരണയുക്തി പലരെയും ചൊടിപ്പിച്ചിട്ടുണ്ട്. ഒരു ഗോട്ടി കളി പോലെ നിസാരമായി മനസിന്റെ പ്രവര്‍ത്തനത്തെ വിവരിക്കാവുന്ന മേഖലയായി റോബിന്‍സണ്‍ ന്യൂറോസയന്‍സിനെ കാണുന്നു. ‘തലച്ചോറിനെ പഠിക്കുന്നത് വഴി നമ്മുടെ മനസിലെന്താണെന്നും ചിന്തിക്കുന്നതെന്താണെന്നും ഒക്കെ മനസിലാക്കാന്‍ അത് നമ്മെ പ്രാപ്തരാക്കും എന്ന ചിന്ത ഒരു ആധ്യാത്മിക അബദ്ധമാണെന്ന് (meraphysical error) തത്വചിന്തകന്‍ ആന്റണി കെന്നിയും ചൂണ്ടിക്കാണിക്കുന്നു. ശാസ്ത്രസാമഗ്രികളുടെ കാര്യത്തില്‍ അമിത ആത്മവിശ്വാസം കാണിക്കാന്‍ മാത്രം ഒന്നുമില്ല, അല്‍പം വിനയമൊക്കെയാകാം. പ്രസിദ്ധനായ ചരിത്രകാരന്‍, തത്വചിന്തകന്‍ യുവാല്‍ നോഹ ഹരാരി എഴുതുന്നുണ്ട്: ‘നൂറ്റാണ്ടുകള്‍ നീണ്ട ആഴത്തിലുള്ള ശാസ്ത്രീയ ഗവേഷണങ്ങള്‍ക്കൊടുവില്‍ തലച്ചോര്‍ ബോധത്തെ ഉല്‍പ്പാദിപ്പിക്കുന്നതെങ്ങനെയെന്നതിന് ഉചിതമായ ഉത്തരം കണ്ടെത്തുന്നതില്‍ തങ്ങള്‍ പരാജയപ്പെട്ടെന്ന് ബയോളജിസ്റ്റുകള്‍ സമ്മതിക്കുന്നു’.

ഉണ്ടായതെങ്ങനെയെന്ന ചോദ്യം, (the question of being) അതായത് ഭവശാസ്ത്രവുമായി ‘കെട്ടുപിണഞ്ഞു’കിടക്കുന്ന ശാസ്ത്രശാഖകളിലേക്ക് റോബിന്‍സണും കെന്നിയും നമ്മുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. സ്ഥലകാതീതമായി പരമാണുവിലുണ്ടാകുന്ന പരസ്പരബന്ധം (quantum entanglement) സമയത്തെയും സ്ഥലത്തെയും കുറിച്ച് പ്രധാനമായും കാര്യകാരണബന്ധത്തെ (causality) കുറിച്ച് ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. കെട്ടുപിണയുന്ന കണികകള്‍ (particles) തമ്മില്‍ എത്ര അകലമുണ്ടെങ്കില്‍ സമാന മാറ്റങ്ങള്‍ ഒരേസമയം സംഭവിച്ചുകൊണ്ടിരിക്കുന്നു. അപ്പോള്‍ ഭവശാസ്ത്രം ചോദിക്കുന്ന അടിസ്ഥാനചോദ്യമിതാണ്, ‘എന്താണ് നിലനില്‍ക്കുന്നത്?’, മെറ്റഓണ്‍ടോളജി ചോദിക്കുന്നത് ‘ഭവശാസ്ത്രത്തിന്റെ അടിസ്ഥാനചോദ്യങ്ങള്‍ക്ക് യുക്തിസഹമായ മറുപടികളുണ്ടോ?’ എന്നാണ്. ‘വ്യക്തമായും സ്പഷ്ടമായും പറയാന്‍ കഴിയുമോ എന്താണ് നിലനില്‍ക്കുന്നതെന്ന്?’ എന്നും ചോദിക്കാവുന്നതാണ്. ഭവശാസ്ത്ര ഭൗതികവാദികള്‍ ഉടനെ മറുപടി പറയും ‘കഴിയും’ എന്ന്, എന്നാല്‍ ഭൗതികവിരുദ്ധ വാദികള്‍ കുറച്ചുകൂടെ ചിന്തിച്ച് പറയും ‘കഴിയില്ല’ എന്ന്. പക്ഷെ ഇവിടെ ഒറ്റ പ്രപഞ്ചമല്ല പല പ്രപഞ്ചങ്ങളാണ് (multiverse) എന്ന സിദ്ധാന്തത്തിന്റെ വക്താവാണ് നിങ്ങളെങ്കില്‍ മറ്റൊരു ചോദ്യം പിന്നാലെ വരും: ‘ഏതു ലോകത്തെപ്പറ്റിയാണ് നിങ്ങളീ പറയുന്നത്?’ റോബിന്‍സണ്‍ വ്യക്തമായി എഴുതുന്നു: ‘ഈ കെട്ടുപിണയല്‍ (entanglement) എത്ര ശക്തവും വ്യാപകവും ആണെങ്കിലും അല്ലെങ്കിലും സാമാന്യബോധത്തിന്റെ പ്രപഞ്ചത്തോടുള്ള (universe of common sense) അപര്യാപ്തമായ താരതമ്യത്തിൻ്റെ തത്വങ്ങളുരുവം കൊള്ളുന്ന ലോകമാണത്. നമുക്ക് പരിചിതമായ നാലെണ്ണത്തിലേക്ക് ഏഴ് പ്രകടമല്ലാത്ത മാനങ്ങൾ കൂടി ചേർക്കുന്ന സ്ട്രിങ് തിയറിയുടെ പ്രേരണയിലാണതുള്ളത്. സമയത്തിന്റെയും ഇടത്തിൻ്റെയും അടിസ്ഥാന സ്വഭാവം ചോദ്യം ചെയ്യപ്പെടുന്നേരം ആ നാലെണ്ണം ദുർബലമാകുമെന്നത് ശരിതന്നെയാണ്”.

അതെ, വിശാലമായിക്കൊണ്ടേയിരിക്കുന്ന പ്രപഞ്ചത്തിന്റെ പൊരുള്‍ മനുഷ്യന്റെ ബോധത്തിലും പ്രപഞ്ചത്തിന്റെ തന്നെ ഇതിവൃത്തം തന്നെയും സ്ഥിരമായി മാറിമറിയുന്നതും തുറന്നതുമാണ്, ലോകവുമായുള്ള നമ്മുടെ ബന്ധത്തെക്കുറിച്ച നമ്മുടെ ജ്ഞാനത്തിനനുസരിച്ചാണ് അതിന്റെ മാറിമറിയല്‍. ഈ ഭൗതിക പ്രപഞ്ചത്തിനപ്പുറം ഇതിന്റെ പൊരുളറിയാന്‍ ‘മറ്റുവല്ലതും’ ഉണ്ടോ? ആധ്യാത്മികത തത്വചിന്തയുടെ മറ്റു ശാഖകളുമായി എങ്ങനെ ബന്ധപ്പെടുന്നുവെന്ന് മനസിലാക്കാന്‍ വിറ്റഗന്‍സ്റ്റീനിന്റെ ‘തത്വചിന്ത ഒരു വീടായിരുന്നില്ല, ഒരു മരവുമല്ല, ഒരു ചിലന്തിവലയാണ്’ എന്ന തത്വം ആവശ്യമായി വന്നേക്കാം. ഒരു ചിലന്തിവല എപ്പോഴും ഏകതാനമായ ഒന്നിനെ സൃഷ്ടിക്കാന്‍ വ്യത്യസ്തമായ പലതിനെയും കൂട്ടിയിണക്കുന്നു.

അക്ഷരവ്യാഖ്യാതക്കളല്ലാത്ത ഇസ്‌ലാമിക പണ്ഡിതര്‍ക്ക് എല്ലായ്‌പ്പോഴും വിജ്ഞാനത്തിനും ജ്ഞാനശാസ്ത്രത്തിനും ഒരു ആധ്യാത്മികതയുടെ പിന്‍ബലമുണ്ടായിരുന്നു. ഈ ലോകത്തെക്കുറിച്ചുള്ള നമ്മുടെ ഊഹങ്ങളുടെയും നമ്മുടെ സ്വത്വത്തെ അളവുകളെയും സ്വാധീനിച്ചിരിക്കാവുന്ന മറഞ്ഞുകിടന്ന ആധ്യാത്മികതയുടെ പിന്നാമ്പുറത്തെപ്പറ്റി ചിന്തിക്കാം. അര്‍ഥമുണ്ടാക്കല്‍ എന്നതിന്റെയും നമ്മുടെ വിജ്ഞാന ചട്ടക്കൂട് രൂപീകരിക്കുന്നതിന്റെയും അതിസൈദ്ധാന്തികതയാണ് ചുരുക്കത്തില്‍ ആധ്യാത്മികത. പൊരുള്‍ അല്ലെങ്കില്‍ അര്‍ഥത്തെ വിശാലമായി അഭിമുഖീകരിക്കുകയാണ് ആധ്യാത്മികര്‍ ചെയ്യുന്നത്. തത്വചിന്തകര്‍ അതിന് പേരുനല്‍കും, being or be-ing ലോകത്ത് ‘നിലനില്‍ക്കല്‍’, അല്ലെങ്കില്‍ എങ്ങനെ ഇവിടെ നിലനില്‍ക്കുന്നു എന്നൊക്കെ. ലോകത്ത് നിലനില്‍ക്കല്‍, നിലനില്‍പ്പ് എന്നത് നമ്മില്‍ നിന്നും വേറെ നില്‍ക്കുന്ന കാര്യമല്ല, നമ്മള്‍ ഇവിടെ നിലനില്‍ക്കുകയും ലോകവുമായി ചേര്‍ന്നുപോവുകയും ചെയതവരാണ്. ചുരുക്കത്തില്‍, നമ്മള്‍ നമ്മെ അറിയലാണ്, അല്ലെങ്കില്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി, പരിപാവനമായതും മതേതരവുമായതുമായി ബന്ധപ്പിച്ച് നമ്മുടെ ജീവിതത്തിന് അര്‍ഥമുണ്ടാക്കുകയാണ്.

പക്ഷെ വിറ്റിംഗ്സ്റ്റീന്‍ തുടര്‍ച്ചയായി നമ്മുടെ സ്വസ്ഥലോകത്തെ അലോസരപ്പെടുത്തുകയും നമ്മുടെ ഊഹങ്ങളെ ചോദ്യംചെയ്യുകയും ചെയ്യുന്നുണ്ട്. ‘ഈ ലോകത്ത് എവിടെയാണ് ഒരു ആധ്യാത്മിക വിഷയിയെ കണ്ടെത്താന്‍ കഴിയുന്നത്/’ അദ്ദേഹം ചോദിക്കുന്നു. ‘ഇത് ശരിക്കും കണ്ണിന്റെയും കാഴ്ച്ചാമണ്ഡലത്തിന്റെയും വിഷയമാണെന്ന് നിങ്ങള്‍ പറഞ്ഞേക്കാം. കാഴ്ച്ചാമണ്ഡലത്തിലുള്ള ഒന്നും തന്നെ കണ്ണുകൊണ്ടു കാണുന്നതാണെന്ന് അനുമാനിക്കാന്‍ നിങ്ങളെ അനുവദിക്കില്ല. നമ്മള്‍ നോക്കുമ്പോള്‍ നമ്മുടെ സ്വന്തം കണ്ണ് നമുക്ക് കാണാന്‍ കഴിയാത്തത് പോലെയാണ് നിലനില്‍ക്കുന്ന പലതിന്റെയും ചില മാനങ്ങളെങ്കിലും നാം കാണാത്തത്. കാര്യങ്ങളെല്ലാം അവിടെയുണ്ടെന്ന് അനുഭവമായി നമ്മള്‍ മനസിലാക്കുന്നുണ്ടെങ്കില്‍ കൂടിയും കാഴ്ച്ച സാധ്യമാക്കുന്ന ഉപകരണത്തെ നാം കാണുന്നില്ലല്ലോ.

ആധ്യാത്മികരും, തത്വചിന്തകരും ദൈവശാസ്ത്രജ്ഞരുമെല്ലാം നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നവയെന്ത് അറിയപ്പെടുന്നവയെന്ത് (what exists and what is known?) എന്നതിനെ ചുറ്റിപ്പറ്റി കളിക്കുന്നു. എന്തുകൊണ്ട്? നിലനിൽക്കുന്നതെന്ത് എന്നറിയാനുള്ള നിരവധി മാര്‍ഗങ്ങള്‍ മനുഷ്യര്‍ കണ്ടുപിടിക്കുകയും കണ്ടെത്തുകയും ചെയ്തു. കൂടാതെ ഈ അറിയപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്ക് അര്‍ത്ഥം നല്‍കുന്നതിനുള്ള ഒന്നിലധികം വഴികളും നിലവിലുണ്ട്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ചില അറിവുണ്ടാക്കല്‍ മാര്‍ഗങ്ങളില്‍ മനുഷ്യാനുഭവങ്ങള്‍ ചുരുങ്ങിക്കൂടുകയും മറ്റുചില മാര്‍ഗങ്ങള്‍ അവ്യക്തമാക്കി നിര്‍ത്തുകയുമാണ് ചെയ്തത്. ഉണ്ടാവലിന്റെയും അറിവുണ്ടാക്കലിന്റെയും ചില മാര്‍ഗങ്ങളും ദൃശ്യവും മറ്റുചിലവ അദൃശ്യവുമാക്കിയതില്‍ നാഗരികത്വ അധികാരത്തിനും പങ്കുണ്ട്.

ദാർശനികനായ ഓവൻ ഫ്ലനഗൻ അതിനെ ഇങ്ങനെ പറയുന്നു: “സംസ്‌കാരങ്ങള്‍ക്കും വ്യക്തികള്‍ക്കും എല്ലാം ഇടയിലെ എല്ലാ വ്യത്യസ്തതകളും നൈതികതയുടെ വിവരാണാത്മക വശത്തിന് മാത്രമല്ല ബാധകമാകുന്നത്. നന്മ-ധാര്‍മികത, സൗന്ദര്യാത്മകത, ജ്ഞാനപരത- ഇവയെല്ലാം തന്നെ പാരമ്പര്യത്തിന്റെയും നടപ്പുരീതികളുടെയുമെല്ലാം ഉള്ളിലുള്ളവയാണ് പലപ്പോഴും, അപരിചിതമായ രീതികളില്‍ പരസ്പരം കലര്‍ന്നവയുമാകും. സാധാരണത്വം കൈവരിച്ച ഒരു സങ്കീര്‍ണമായ വെബ്ബിനുള്ളില്‍ കഴിയുന്ന ഒട്ടുമിക്ക എല്ലാവരും തന്നെ അവരതിനുള്ളില്‍ എങ്ങനെയെന്നതിനനുസരിച്ച് ചില രീതികള്‍ ശരി, തെറ്റ്, നല്ലത്, മോശം എന്നിങ്ങനെ തരംതിരിച്ചു മനസിലാക്കും, ഭാഗികമായി അതവരുടെ തീരുമാനം തന്നെയാണ്.”

അറിയലിന് പലവിധ ഭാഷകളുള്ള (multitude of languages of knowing) പോലെതന്നെ അസ്തിത്വത്തെ (being), അല്ലെങ്കില്‍ ഭവശാസ്ത്രത്തെ വിവരിക്കാനും ഒന്നിലധികം ആഖ്യാനങ്ങളുണ്ടെന്ന് നാം സമ്മതിക്കേണ്ടിയിരിക്കുന്നു. അറിയലിനെയും നിലനില്‍ക്കലിനെയും കുറിച്ചുള്ള മുന്‍ധാരണകള്‍, മനസിലാക്കലുകള്‍, തോന്നലുകള്‍ എല്ലാമുള്ള സൈദ്ധാന്തിക തലത്തിലാണ് ഈ വൈജാത്യങ്ങള്‍ കാണാനാവുക. പക്ഷെ പ്രായോഗിക തലത്തില്‍ ഫ്‌ലനഗന്‍ വിവരിച്ച മാര്‍ഗങ്ങളിലാണ് അറിയലും ഉണ്ടാവലും ഉള്ളത്.

വ്യക്തികള്‍, സമുദായങ്ങള്‍, അല്ലെങ്കില്‍ വിഷയവിദഗ്ധര്‍ അല്ലെങ്കില്‍ വ്യവഹരിക്കപ്പെടുന്ന സമുദായത്തിന്റെ കാഴ്ച്ചപ്പാടുകള്‍ സ്വീകരിച്ച യാഥാര്‍ഥ്യത്തിന്റെ കാഴ്ച്ചപ്പാടാണ് നൈതികവും ധാര്‍മികവുമായ മറുപടികള്‍ നിര്‍ണയിക്കുന്നത്. ‘ഒരു ജിഗ്‌സോ പസിലിന്റെ കഷണങ്ങള്‍ പരസ്പരം ബന്ധിതമായ പോലെ പരസ്പരം ബന്ധിതമായ ഒരു വിശ്വാസങ്ങളുടെ ഒരു വ്യവസ്ഥയാണ് ‘ലോകവീക്ഷണം’ (world view) എന്ന വാക്കു കൊണ്ട് ഒരുകാലത്ത് അര്‍ഥമാക്കിയത്. ലളിതമായ രൂപത്തില്‍, ഒരു സങ്കീര്‍ണ കാഴ്ച്ചപ്പാടുകളുടെ കൂട്ടത്തെ എങ്ങനെ ചുരുക്കിയെടുക്കണമെന്നതാണ് ലോകവീക്ഷണ സമീപനം, അത് അറിവിനെയും അറിയലിനെയും (knowledge and knowlng) ലോകത്തെ നിലനില്‍പ്പിനെയും (being-in-the-world) ഒറ്റപ്പെടുത്താതെയാണ് ചെയ്യുന്നത്. ലോകവീക്ഷണത്തിന്റെ കൂടുതല്‍ സങ്കീര്‍ണമായ മനസിലാക്കലുകള്‍ ലോകത്തിലെ നിലനില്‍ക്കലും (being-in-the-world) വിജ്ഞാനവും രണ്ട് വ്യത്യസ്ത നിലത്താണ് പ്രവര്‍ത്തിക്കുന്നതെന്ന് കാണിക്കുമെന്നതിന് ഉദാഹരണങ്ങളുണ്ട്. അതുകൊണ്ട് ഒരാള്‍ എപ്പോഴും ആ ജോലിയില്‍ വ്യാപൃതനാവണം, പക്ഷെ അതിനൊരു ചരിത്രപരതയും അനുഭവപരതയും തുടര്‍ന്ന് ആധ്യാത്മികതയിലൂന്നിയ ഭവശാസ്ത്രപരതയും വേണം. ദൈവികമായതിലേക്ക് ആധ്യാത്മികതയെ ചേര്‍ത്തുവെച്ച ഗസ്സാലിയെപ്പോലൊരാള്‍.

ആധ്യാത്മികതയും ദൈവശാസ്ത്രവും തമ്മിലുള്ള മുന്‍കാല സങ്കല്‍പങ്ങള്‍ തീര്‍ച്ചയായും അപര്യാപ്തമാണ്. ഇന്ന് പ്രവിശാല പ്രപഞ്ചവുമായി ബന്ധിപ്പിച്ച് ദൈവത്തെക്കുറിച്ച് ചിന്തിക്കുന്നത് സയന്‍സിന്റെ യാന്ത്രിക വീക്ഷണവും വളര്‍ന്നുകൊണ്ടിരിക്കുന്ന തുറന്ന വീക്ഷണവും അടിസ്ഥാനമാക്കിയ ആധ്യാത്മികതയുടെ മുറകളെ കൂട്ടിപ്പിടിക്കുന്നുണ്ട്. ഇത്തരം ബന്ധങ്ങള്‍ മുമ്പത്തെക്കാള്‍ കൂടുതല്‍ സങ്കീര്‍ണവും പരസ്പരാശ്രിതവുമായിട്ടുണ്ട്. ഭവശാസ്ത്രം ദൈവശാസ്ത്രവുമായി കൂട്ടിയിണക്കപ്പെട്ടാല്‍ അസ്തിത്വത്തിന്റെ (being) രൂപത്തിന് സ്വന്തത്തെയും ലോകത്തെയും അറിയലുമായി ഇംപ്ലിക്കേഷനുണ്ടാകും.

ആധുനിക മുസ്‌ലിം ആധ്യാത്മികത

ആധുനിക സാങ്കേതിക വിദ്യയോടും ആധുനിക നൈതിക വ്യവഹാരങ്ങളോടും മല്ലിട്ടുനില്‍ക്കുന്ന പൂര്‍വാധുനിക ഭവശാസ്ത്ര, ജ്ഞാനശാസ്ത്ര നിര്‍മിതികളുടെ ഒരു സങ്കരമാണ് ആധുനിക മുസ്‌ലിം ആധ്യാത്മികത. മുസ്‌ലിം ബയോഎത്തിസിസ്റ്റുകളും പൊതു എതിസിസ്റ്റുകളും മുസ്‌ലിം കര്‍മശാസ്ത്ര-ദൈവശാസ്ത്രജ്ഞര്‍ പ്രത്യേകിച്ചും ഒന്നിച്ച് ഭവശാസ്ത്രപരമായ പ്രതിബദ്ധതകളും ചുറ്റുപാടുകളും ചിട്ടയോടെ ക്രോഡീകരിക്കാന്‍ വളരെ കുറഞ്ഞ ശ്രമം മാത്രമേ നടത്തിയിട്ടുള്ളൂ.

പ്രായോഗിക തലത്തില്‍ കാര്യക്ഷമത ഒരുപാട് നഷ്ടപ്പെട്ട അരിസ്റ്റോട്ടിലിയന്‍ ആധ്യാത്മിക ക്രമത്തില്‍ ചുറ്റപ്പെട്ട വിധിന്യായ രീതികളെ അവര്‍ വരച്ചുവെച്ചു. ഒരു അടഞ്ഞ ഭവശാസ്ത്ര, ആധ്യാത്മിക ക്രമത്തിന്റെ ഭാഗമായി രേഖീയമായതാണ് ആ വിധിന്യായ ചിന്ത. ഇന്ന് മുസ്‌ലിം കര്‍മശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്ന നിശ്ചിതത്വം (certainity), സത്യം (truth), കാരണം (cause), പ്രഭാവം (effect), അനുപാതം(ratio), യാഥാര്‍ഥ്യം (reality) എന്നീവാക്കുകളെല്ലാം തന്നെ വളരെ വ്യത്യസ്തമായ കാര്യക്രമങ്ങളുമായി ബന്ധപ്പെട്ടവയാണ്. ഇവയെല്ലാം ആലങ്കാരികമായി പ്രയോഗിക്കുമ്പോഴും സമകാലിക ആധ്യാത്മികതയുമായി വളരെക്കുറഞ്ഞ ഭാഗം മാത്രം ഇവ പ്രതിധ്വനിക്കാറുള്ളൂ.

ചിലപ്പോഴൊക്കെ സമകാലീന നൈതിക പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി മുസ്‌ലിം കര്‍മശാസ്ത്രജ്ഞര്‍ നൂറ്റാണ്ടുകള്‍ മുമ്പുണ്ടാക്കിയ നിയമങ്ങളില്‍ നിന്നും ഉത്തരം എടുക്കും. ചിലപ്പോള്‍ അനുവദനീയം (മുബാഹ്, ജാഇസ്) നിഷിദ്ധം (ഹറാം) എന്നീ വാക്കുകളില്‍ പരിമിതപ്പെട്ട് വിധിന്യായം നല്‍കും. ചിലപ്പോള്‍ ഈ പുതിയ പ്രശ്‌നം പഴയവയുമായി ഏതെങ്കിലും വിധത്തില്‍ സമാനതയുള്ളവയാണോ എന്ന് പരിശോധിച്ച് അനുവദനീയം അല്ലെങ്കില്‍ നിഷിദ്ധം എന്ന് വിധിനല്‍കപ്പെടും, അല്ലെങ്കില്‍ പൊതുതാല്‍പര്യം (മസ്ലഹ) പരിഗണിക്കും. പക്ഷെ പൊതുനന്‍മ/പൊതുതാല്‍പര്യം എന്നതൊരു പുരോഗതിയാണെങ്കിലും ആ പൊതുനന്‍മയുടെ ഉപയോഗം വൈയക്തികവും സാമൂഹികവും ആയ ഉപദ്രവങ്ങള്‍ ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള കണിശമായ പരിശോധനയില്ലെങ്കില്‍ അത് വെറും പ്രയോജനവാദപരമായി മാറും. ഭവശാസ്ത്രത്തെയും ആധ്യാത്മികതയെയും തന്റെ ലോകവുമായി ഗൗരവതരമായി ബന്ധിപ്പിച്ച ഗസാലിയെ അപേക്ഷിച്ച് മുസ്‌ലിം കര്‍മശാസ്ത്രജ്ഞരുടെ നിയമ, നൈതിക വ്യവഹാരങ്ങളും സമകാലിക ആധ്യാത്മികതയും തമ്മില്‍ വളരെക്കുറഞ്ഞ കൊടുക്കല്‍വാങ്ങലുകളേയുള്ളൂ. ശാസ്ത്രവും വൈദ്യവും ഒരുവശത്തും നൈതികവ്യവസ്ഥ മറുവശത്തുമായി തമ്മിലുള്ള വിടവിനെ സാങ്കേതികമായി ബന്ധപ്പെട്ട പക്ഷെ ജൈവികമായി അകന്ന രണ്ട് വ്യത്യസ്ത ഭാഷകളെ കാണിക്കുനനു.

നൈതികവും ധാര്‍മികവുമായ ആലോചനയുടെ വിടവ് നികത്താന്‍ രണ്ട് മാര്‍ഗങ്ങളാണ് ഇന്ന് നിലവിലുള്ളത്: ഒന്ന് വേദഗ്രന്ഥപരവും (sciptural approach) രണ്ട് നിയമവ്യവഹാരപരവും (canonical discursive approach). പലപ്പോഴും വേദഗ്രന്ഥപരമായ സമീപനം വളരെ വിശാലമായി ഏര്‍പ്പെടുത്താറുണ്ട്. നൈതിക, ധാര്‍മിക മാതൃകയ്ക്ക് പരമപ്രധാന ഉപാധികളായി ഖുര്‍ആനിലെ തെരഞ്ഞെടുത്ത സൂക്തങ്ങളും തിരുസുന്നത്തുമാണ് വേദഗ്രന്ഥ സമീപനത്തിലുണ്ടാവുക. പഴയ വ്യാഖ്യാനഫലങ്ങളെ (Hermenuetical Harvest) ആശ്രയിച്ചുകൊണ്ട് പുതിയ പ്രശ്‌നങ്ങള്‍ക്കനുസരിച്ച് അതില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുകയാണ് ചെയ്യുന്നത്. വ്യാഖ്യാതാക്കള്‍ വെളിപാട് എന്താണ് വാഗ്ദാനം ചെയ്യുന്നതെന്ന് സമര്‍ഥിക്കുകയാണ് ഈ സമീപനത്തില്‍ കൂടുതലായും സംഭവിക്കുന്നത്, തുടര്‍ന്ന് വെളിപാട് എന്ത് കല്‍പ്പിക്കുന്നുവെന്ന് അതില്‍ നിന്നും വിധിനിര്‍ധാരണം ചെയ്ത് പറയപ്പെടും. വ്യാഖ്യാതാവിന്റെ ‘world-to-word’ ആവശ്യത്തിനനുസൃതമായി ഖുര്‍ആനിലും സുന്നത്തിലും സുനിശ്ചിതമായ വസ്തുതകള്‍ വടിവൊത്തരീതിയില്‍ ഉണ്ടാകുമെന്ന് ഒരു ഊഹമോ പ്രതീക്ഷയോ കാണും. അത് ‘word-to-world’ പരിഹാരം വേദത്തില്‍ നിന്നും എടുത്ത് കാണിക്കുന്നതിന് വേണ്ടിയാണ്. ദൈവികഗ്രന്ഥത്തിലും പ്രവാചക ചര്യയിലും എല്ലാ മൂല്യങ്ങളും സ്വയം വെളിപ്പെട്ടതും വസ്തുതാ ഘടനയില്‍ നിര്‍വചിക്കപ്പെട്ടതുമാണെന്ന ധാരണയവിടെ സ്ഥിരപ്പെടുന്നു.

മുസ്‌ലിം വ്യാഖ്യാനശാസ്ത്ര ചരിത്രത്തോടുള്ള സങ്കീര്‍ണ വ്യാവഹാരിക സമീപനമാണ് നൈതിക, ധാര്‍മിക ആലോചനയുടെ വിടവ് നികത്താനുള്ള മറ്റൊരു മാര്‍ഗം. ലളിതമായി ഉപസംഹരിക്കുന്നതിനു പകരം അതില്‍ വളരെ സങ്കീര്‍ണമായി പ്രമാണങ്ങള്‍ എഴുതപ്പെടുന്നു. പാരമ്പര്യത്തോടുള്ള ശക്തമായ സംവേദനക്ഷമത -വിശാലാര്‍ഥത്തില്‍- ഈ മാര്‍ഗത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുളളത്. അതില്‍ ദൈവശാസ്ത്രത്തിലും തത്വചിന്തയിലും ധാര്‍മികതാവിധിയിലും ബന്ധിതമായ ഭവശാസ്ത്ര, ജ്ഞാനശാസ്ത്ര താല്‍പര്യങ്ങള്‍ മുതല്‍ വെളിപാടിനാലും പ്രവാചകത്വത്താലും ഉണ്ടായി വന്ന സമൂഹത്തിന്റെ ചരിത്രവായനയും വരെയുള്ള വിവിധ ജ്ഞാനപദ്ധതികളുടെ സഹായത്താലാണ് ലോകത്തെ മനസിലാക്കുന്നത്. ചരിത്രപരമായി സുന്നിയും ശിയായും അടക്കമുള്ള മുസ്‌ലിം നിയമസരണികളെല്ലാം ഈ സമീപനമാണ് കൈക്കൊണ്ടിട്ടുള്ളത്, ഈ വ്യാഖ്യാന പാരമ്പര്യത്തിന്റെ (മദ്ഹബ്) പല ഘടകങ്ങളും എടുത്തുകളയപ്പെട്ടെങ്കിലും ഇന്നും അവയെല്ലാം അതില്‍ പല രൂപത്തില്‍ നിലകൊള്ളുന്നു. ‘ഒരേസമയം നിര്‍മാണാത്മക വ്യാഖ്യാന രീതിയായും മുന്നേ നിര്‍ധാരണം ചെയ്യപ്പെട്ട നിയമങ്ങളുടെ ന്യായീകരണവേദിയായും’ ഈ സരണികളുടെ വേദാഖ്യാനം പ്രവര്‍ത്തിക്കുന്നു. അതിസൂക്ഷ്മമായ വ്യാഖ്യാനങ്ങളുടെ പ്രയോഗവും ഒരുവിധം ചരിത്രപരമായ സാഹചര്യം പരിഗണിക്കലുമെല്ലാം ഈ കര്‍മശാസ്ത്ര സരണികള്‍ തിരിച്ചറിയുന്നുണ്ട്. കിതാബിന്റെ പ്രാമാണികതയെ (authority) അവര്‍ വേണ്ടതുപോലെ ആദരിക്കുമ്പോഴും വിശുദ്ധമാക്കപ്പെട്ട ഗ്രന്ഥങ്ങളുടെയും നിയമങ്ങളുടെയും ആധികാരികത മാത്രമല്ല, വ്യാഖ്യാന പാരമ്പര്യങ്ങള്‍ അവയുടെ ബഹുത്വത്തില്‍ (multiplicity) ഉല്‍പാദിപ്പിച്ച പ്രാമാണികതയും പ്രയോഗങ്ങളുമാണ് ഇതിനെ വിജയത്തിലേക്കെത്തിക്കുന്നത്. നൂറ്റാണ്ടുകളായി ആധികാരികമായി നിലനില്‍ക്കുന്ന വ്യാഖ്യാന, വിശദീകരണ പാരമ്പര്യത്തിലേക്കാണ് നിയമപരമായ സമീപനം ചെന്നെത്തിക്കുന്നത്.

അതിനാല്‍ തന്നെ പാരമ്പര്യത്തിന് ഒരു പരിധി വരെ വികസിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് മാത്രമല്ല ഇന്നും അതിന്റെ പ്രമാണികത മനസിലാക്കിയ അതിന്റെ പ്രയോക്താക്കള്‍ അത് പിന്തുടരുന്നുമുണ്ട്.

ഈ വേദഗ്രന്ഥപരവും നിയമശാസ്ത്രപരവുമായ രണ്ട് സമീപനങ്ങള്‍ ഇന്ന് പിന്തുടരുന്നവര്‍ ആധുനിക ശാസ്ത്രീയ കോസ്‌മോളജിയുടെയും ഭവശാസ്ത്രത്തിന്റെയും മുന്നേറ്റത്തെ തന്ത്രപരമായോ യാന്ത്രികമായോ സമ്മതിക്കുന്നു. കാലിക ശാസ്ത്രത്തിന്റെ ഭവശാസ്ത്ര പരിസരത്തിനും പുതിയ ഭവശാസ്ത്ര ജ്ഞാനശാസ്ത്ര കൂടിച്ചേരലിന് നിലമൊരുക്കാന്‍ പാരമ്പര്യവുമായുള്ള ഭവശാസ്ത്രത്തിന്റെ ഇടപഴകലുമെല്ലാം ഞാന്‍ മുമ്പ് സൂചിപ്പിച്ചതു പോലെ ഈ രണ്ട് സമീപനങ്ങള്‍ക്കും കാര്യമായ ഉത്തരവാദിത്വമുള്ള സംഗതികളല്ല. ഇന്നത്തെ ഭവശാസ്ത്രത്തിന്റെ വ്യവസ്ഥാപരമായ ഉത്തരവാദിത്വരാഹിത്യം വൈരുധ്യം, നിരാകരണം, പഴഞ്ചനാശയം, വിരോധാഭാസം എന്നിവയിലേക്കായിരിക്കും വഴിതുറക്കുക.

ആധുനിക ഭവശാസ്ത്രങ്ങള്‍ അവര്‍ക്കു തന്നെ കണ്ടെത്താന്‍ കഴിയാത്ത ചില ചോദ്യങ്ങളുടെ ബാഹുല്യത്തെയായിരിക്കും ഇന്നത്തെ ഒരു മുസ്‌ലിം നൈതികശാസ്ത്രജ്ഞന് അഭിമുഖീകരിക്കാനുണ്ടാവുക. ആദര്‍ശവാദി (idealist) യാഥാര്‍ഥ്യവാദി (realist) എന്നിങ്ങനെയാണ് ആധുനിക ആധ്യാത്മികരെ ലളിതമായി തിരിച്ചിട്ടുള്ളത്. ഈ ഭൗതികലോകം അതിനെക്കുറിച്ചുള്ള നമ്മുടെ പ്രത്യക്ഷകാഴ്ച്ചകളെ ആശ്രയിച്ചിട്ടല്ല നിലനില്‍ക്കുന്നതെന്നും ലോകത്തെ കുറിച്ച് നമുക്ക് നേരിട്ട് ഇന്ദ്രിയജ്ഞാനം ഇല്ല എന്നുമാണ് ആദര്‍ശവാദികളുടെ പക്ഷം. യാഥാര്‍ഥ്യവാദികള്‍ നേരെ വിപരീതമായും വാദിക്കുന്നു. മനുഷ്യരുടെയും അവര്‍ ലോകത്തെക്കുറിച്ച് പറയുകയും ചിന്തിക്കുന്നതിന്റെയും പൂര്‍ണമായും ആശ്രയിച്ചാണ് യഥാര്‍ഥ ലോകത്തിന്റെ നിലനില്‍പ്പ്. നമ്മള്‍ കാര്യങ്ങളെ എങ്ങനെ വിവരിക്കുന്നുവോ അതിനനുസരിച്ച് തെറ്റും ശരിയും തീരുമാനിക്കപ്പെടുന്നുവെന്നും അവര്‍ വാദിക്കുന്നു. ‘നാശോന്മുഖമായതോ അതിശയിപ്പിക്കുന്നതോ’ ആയ രൂപത്തില്‍ പുകമറയല്ല ഈ ലോകം മറിച്ച് നിങ്ങള്‍ക്കതിനുള്ള സാമര്‍ഥ്യവും അറിവും ഇല്ല എന്ന വളരെ മുഷിപ്പന്‍ കാരണം കൊണ്ട് ലോകത്തെ മനസിലാക്കല്‍ വലിയ ബുദ്ധിമുട്ടാണെന്ന് പറയും’ ജോണ്‍ ആര്‍ സീര്‍ല്‍ എന്ന തത്വചിന്തകന്‍ പറയുന്നു.

ഐഡിയലിസ്റ്റ് ആധ്യാത്മികതയുടെ ആളല്ല സീര്‍ല്‍ എങ്കിലും ശാസ്ത്രയുഗത്തില്‍ മതത്തിന്റെയാളുകള്‍ നേരിടുന്ന ധര്‍മസങ്കടത്തെ അയാള്‍ തുറന്നുകാണിക്കുന്നുണ്ട്. ന്യൂട്ടോണിയന്‍ മെകാനിക്‌സിന്റെയും ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിന്റെയും യുഗത്തില്‍ ഈ പ്രപഞ്ചമൊരു സ്പഷ്ടദൃഷ്ടാന്തമാണെന്ന വാദം ചില വിദ്യാസമ്പന്നരും വിശ്വാസികളും വിശ്വസിച്ചേക്കും. ഇവിടെ രണ്ട് ആധ്യാത്മിക മണ്ഡലങ്ങളാണുള്ളത്: ഒന്ന് ആത്മീയവും മാനസികവുമായ ആധ്യാത്മക മണ്ഡലവും രണ്ട് ഭൗതിക ആധ്യാത്മിക മണ്ഡലവും. ആത്മീയ, മാനസീക ആധ്യാത്മിക മണ്ഡലം മതത്തിന്റെ കൈയിലുള്ളതാണെന്ന് സീര്‍ല്‍ പറയുന്നു. ഭൗതിക ആധ്യാത്മിക മണ്ഡലമാകട്ടെ ശാസ്ത്രത്തിന്റെ പക്കലും. മതം, ആധ്യാത്മികത, തത്വചിന്ത എന്നിവയുമായുള്ള സംഭാഷണത്തിലൂടെ ശാസ്ത്രത്തെ മനസിലാക്കുന്നതും നമ്മുടെ വിജ്ഞാനത്തിന്റെ ശരിയായ വളര്‍ച്ചയുമെല്ലാം ഭവശാസ്ത്രത്തിന്റെ കൂടുതല്‍ തലങ്ങളെ പ്രാപ്യമാക്കുന്നുണ്ട്. സമകാലിക നൈതികതയുമായി തട്ടിച്ചുനോക്കിയാല്‍ മുസ്‌ലിം മണ്ഡലത്തില്‍ ഈ ചര്‍ച്ച ശൈശവദശയിലാണുള്ളത്.

പക്ഷെ ഇസ്‌ലാമിക പാരമ്പര്യത്തിനുള്ളില്‍ ഒരു ശാസ്ത്രീയ പ്രകൃതിവാദ ആധ്യാത്മികത നിര്‍ണായകമാകുമോ, അല്ലെങ്കില്‍ മതിയാകുമോ? ശാസ്ത്രീയ പ്രകൃതിവാദം പറയുന്നത് പ്രകൃതി നിയമങ്ങളും ശക്തികളുമാണ് ലോകം നിയന്ത്രിക്കുന്നതെന്നും നമ്മുടെ ആധ്യാത്മികതയെ നിര്‍മിക്കുന്നതെന്നുമാണ്. എന്റെയഭിപ്രായത്തില്‍ അത് അപര്യാപ്തമാണ്, എന്തുകൊണ്ട്? ബോധത്തെ ഫസ്റ്റ് പെഴ്‌സണ്‍ ഓണ്‍ടോളജിയാക്കിയുള്ള പ്രശ്‌നം അതിന്റെ തലതിരിക്കുകയും ശാസ്ത്രീയ പ്രകൃതിവാദത്തിന് വൈരുധ്യമാവുകയും ചെയ്യും. പ്രകൃതിവാദത്തിന്റെ (naturalism) കൂടുതല്‍ മേധാവിത്വ രൂപങ്ങള്‍ പ്രകൃതിയെയും ശരീരത്തെയും ഭൗതികമായി ചുരുക്കുന്നതിനാല്‍ അവയ്ക്ക് ദൈവവിശ്വാസവുമായി പൊരുത്തെപ്പെടാനാകില്ല.

മതത്തിന്റെ കൈയിലുള്ള ആത്മീയവും മാനസികവുമായ മണ്ഡലത്തിനു പുറമെ ശാസ്ത്രത്തിന്റെ കൈയിലുള്ള ഭൗതികവും മൂര്‍ത്തവുമായ മണ്ഡലങ്ങള്‍ ആധിപത്യമുറപ്പിക്കുമ്പോള്‍ സാഹചര്യം കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാകുന്നു. രണ്ടാമത്തെതാകട്ടെ ഭവശാസ്ത്ര ഗെയിമിനെ നിര്‍ണയിക്കുകയും അധീശപ്പെടുത്തുകയും കൂടി ചെയ്യുന്നതാണ്. ലോകത്തിന്റെ ഭൗതികവും മൂര്‍ത്തവും മാനസികവും സാങ്കല്‍പികം, ആത്മീയവുമായ വിപുല തലങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇസ്‌ലാമിക പാരമ്പര്യത്തിലെ ആധ്യാത്മികതയുടെ ചരിത്രം പുഷ്‌കലമാണെന്ന് ഒരാള്‍ സമ്മതിച്ചാലും അവ തമ്മില്‍ വ്യത്യാസം നിലനില്‍ക്കും. നിശ്ചിതമായതിനെ പുല്‍കുന്ന അടയാളങ്ങളുള്ള അടഞ്ഞ വ്യവസ്ഥിതിയായിരുന്നു അവ. അനിശ്ചിതിത്വത്തിന്റെയും യാദൃശ്ചികതയുടെയും ടെക്‌നോസയന്‍സിന്റെയും കാലത്ത് ശാസ്ത്രത്തിന്റെ തുറസ്സായ ഭവശാസ്ത്രത്തിന് പുതിയ ദൈവശാസ്ത്ര, ധാര്‍മിക ഇനങ്ങള്‍ വേണ്ടതുണ്ട്. പരിഹരിക്കപ്പെട്ടുവെന്ന് തീര്‍പ്പുകല്‍പ്പിച്ച നൈതികവും ധാര്‍മികവുമായ നിയമപ്രശ്‌നങ്ങളെ പുനപരിശോധിക്കുന്നത് കാരണത്താല്‍ തുറന്നതും യാദൃശ്ചികയിലൂന്നിയതുമായ ആധ്യാത്മികതയെ വിശ്വാസികളില്‍ പലരും ഏറെ ഭീതിയോടെയാണ് കാണുന്നത്. മരണം ഒരിക്കലും ഒറ്റപ്പൊരുള്‍ മാത്രമുള്ള ഒരു ഏകശിലയല്ല. ഇന്ന് നമുക്ക് ജീവന്റെ തുടിപ്പ് നിലനിര്‍ത്തുന്ന മസ്തിഷ്‌ക മരണത്തെ വ്യക്തമായി തിരിച്ചറിയാനുള്ള സംവിധാനമുണ്ട്.

തുടരും…….

വിവർത്തനം : റമീസുദ്ധീൻ വി.എം

mm

ഇബ്രാഹിം മൂസ