Campus Alive

ഇസ്‌ലാമിലൂടെ ഫലസ്തീനിനെ ആലോചിക്കുമ്പോൾ

ഇസ്ലാമിക അപകോളനീകരണത്തിലൂടെ തൗഹീദിനെ മനസ്സിലാക്കുമ്പോൾ

ഇസ്ലാമിക വിശ്വാസത്തിന്റെ കേന്ദ്ര തത്വമായ ലാ ഇലാഹ ഇല്ലല്ലാഹ്, അഥവാ “അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹില്ല (ദൈവമില്ല)” എന്ന പ്രഖ്യാപനം ഓരോ മുസ്ലീമിന്റെയും അസ്തിത്വത്തിൽ അന്തർഭവിക്കുന്ന ഒരു അടിസ്ഥാന ബോധത്തെ രൂപപ്പെടുത്തുന്നുണ്ട്. ഈ പ്രഖ്യാപനം, അല്ലെങ്കിൽ കലിമ, പ്രത്യക്ഷത്തിൽ വിരുദ്ധമെന്ന് തോന്നുന്ന രണ്ട് പ്രസ്താവനകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഒരു നിഷേധവും തുടർന്നൊരു സ്ഥിരീകരണവും. ഒറ്റ നോട്ടത്തിൽ പൊരുത്തമില്ലാത്തതായി തോന്നിയേക്കാം. എന്നാൽ അതിൻ്റെ ഉണ്മ തികച്ചും വ്യത്യസ്തമാണ്. അതിനെ അടുത്തറിയുമ്പോൾ മനസ്സിലാവുക, വിശ്വാസ-സാക്ഷ്യത്തിന് അടിത്തറപാകുന്ന യുക്തിസഹമായ സ്ഥിരതയുള്ള ഒരു ഘടനയെ അത് നിർമ്മിച്ചെടുക്കുന്നുവെന്നതാണ്. ഇല്ലല്ലാഹ്, അക്ഷരാർത്ഥത്തിൽ, “അല്ലാഹു അല്ലാതെ” എന്നതിന്റെ സ്ഥിരീകരണം ഒരു നിഷേധത്തിന് ശേഷമാണ് വരുന്നത്. ലാ ഇലാഹ, അതായത് “ദൈവമില്ല” അല്ലെങ്കിൽ ഒരു ഫോസിലൈസ്ഡ് (fossilyzed system) സംവിധാനമില്ല എന്ന് പറയുന്നത്, ബഹുമുഖവും അതിഭൗതികവുമായ ഒരു ക്രമത്തിൽ സത്യത്തെ അവകാശപ്പെടുന്നതോടൊപ്പം അതിൻ്റെ വേരുകളിൽ ദൈവികതയുടെ അന്തർലീനമായ ശ്രേണിയെ ചോദ്യവും ചെയ്യുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അല്ലാഹുവിന്റെ സമ്പൂർണ്ണ ദിവ്യത്വത്തെ തന്നെ സംശയിക്കുക.1 എന്നാൽ സത്യം അവകാശപ്പെടുന്ന മറ്റ് സംവിധാനങ്ങളെല്ലാം (സ്വന്തം ദൈവമെന്ന് പ്രഖ്യാപിച്ച ഫറോവയെപ്പോലെ) നീതി നിഷേധിക്കുകയും (عدل) പരിധികൾ ലംഘിക്കുകയും മറ്റുള്ളവരെ കീഴടക്കുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്തുകൊണ്ട് അവരുടേതായ സാമൂഹിക-സാമ്പത്തിക ശ്രേണികൾ സൃഷ്ടിക്കുന്ന തെറ്റായ ബോധത്തിന്റെ ഉൽപ്പന്നങ്ങളാണ്.

തൗഹീദ്: നാഗരിക ചരിത്രത്തിൽ

ആദം മുതൽ മുഹമ്മദ് (സ) വരെയുള്ള എല്ലാ പ്രവാചകന്മാർക്കും ‘ഇല്ലല്ലാഹ്’ (الا الله) എന്ന ഘടകത്തിന്റെ അടിത്തറ പാകാൻ അവരുടെ ജനങ്ങൾക്കിടയിൽ (لا اله) ‘മറ്റൊരു ഇലാഹില്ല’ എന്നതിനു മുകളിൽ നിന്നു കൊണ്ടാണ് പ്രവർത്തിക്കേണ്ടി വന്നത്. എന്നുവെച്ചാൽ, മറ്റെല്ലാ വ്യാജ ദൈവങ്ങളെയും തെറ്റായ അവകാശവാദങ്ങളെയും ജനങ്ങളുടെ ഹൃദയത്തിൽ നിന്നും മനസ്സിൽ നിന്നും ഉന്മൂലനം ചെയ്തുകൊണ്ട് തൗഹീദിനെ സ്ഥാപിക്കുന്നതിനുള്ള സാഹചര്യം ആദ്യം അവർക്ക് ഒരുക്കേണ്ടതുണ്ടായിരുന്നു. ലാ ഇലാഹ അഥവാ ദൈവമില്ല എന്ന സങ്കൽപ്പം -അക്ഷരാർത്ഥത്തിൽ നിരീശ്വരവാദം- മനുഷ്യ നാഗരികതയുടെ കാതലിനെ ഭീഷണിപ്പെടുത്തുന്ന ഒരു പ്രശ്‌നമായിരുന്നില്ല. അതുകൊണ്ട് തന്നെ, പ്രവാചകന്മാർ അതിനെ പ്രത്യേകം അഭിസംബോധന ചെയ്‌തതുമില്ല. കാരണം മനുഷ്യർ വിശ്വസിക്കുന്ന ‘എന്തെങ്കിലും’ ഒരു ഘടകം എപ്പോഴുമുണ്ടായിരുന്നു. മനുഷ്യരാശിയുടെ ആദ്യ കാലം മുതൽക്കെ തന്നെ ഓരോ പ്രവാചകന്റെയും പ്രാഥമിക ദൗത്യം, ഈ ‘എന്തെങ്കിലും’ – ബാഹ്യവും (ഉദാഹരണത്തിന്, വിഗ്രഹാരാധന) ആന്തരികവും (ഉദാഹരണത്തിന്, തകബ്ബൂർ, അല്ലെങ്കിൽ അഹങ്കാരം) – അവരുടെ ജനങ്ങളിൽ നിന്ന് തടയുക എന്നതായിരുന്നു. ഓരോ പ്രവാചകനെയും തങ്ങളുടെ സമൂഹത്തിലേക്കയച്ചത് മാറ്റമില്ലാത്ത സന്ദേശവുമായാണ്. അല്ലാഹു ഏകനാണ്, അവൻ മാത്രമാണ് ആരാധനയ്ക്ക് അർഹൻ. എന്നിരുന്നാലും, ഈ സന്ദേശം ശരിയായി വിതരണം ചെയ്യപ്പെടുന്നതിന്, ഓരോ പ്രവാചകനും നിലവിലുള്ള തെറ്റായ (باطل) ആശയങ്ങളെയും വ്യവഹാരങ്ങളെയും, ബാഹ്യവും (یَتۡلُوا۟ عَلَیۡهِمۡ ءَایَـٰتِكَ وَیُعَلِّمُهُمُ ٱلۡكِتَـٰبَ وَٱلۡحِكۡمَةَ രേഖപ്പെടുത്തിയ പ്രവാചകൻ ഇബ്രാഹിം (അ)മിൻ്റെ പ്രാർത്ഥന: “ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് നിൻ്റെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിച്ചു കൊടുക്കുകയും, വേദവും വിജ്ഞാനവും അഭ്യസിപ്പിക്കുകയും…) ആന്തരികവുമായ (وَیُزَكِّیهِمۡۖ –“അവരെ ശുദ്ധീകരിക്കുകയും,” ഇവിടെയാണ് മനുഷ്യപ്രകൃതിയെയും മനഃശാസ്‌ത്രത്തെയും ശരിയാക്കുക എന്ന തലത്തിൽ തസ്കിയത്തുന്നഫ്സിൻ്റെ(تزكية النفس ) ഇസ്‌ലാമിക പാരമ്പര്യം പ്രകടമാവുന്നത്)2 മാർഗങ്ങളിലൂടെ പരിഷ്കരണം സാധ്യമാക്കുന്നതിന് ദൈവികമായി നിശ്ചയിച്ച ശരിയായ ഒരു നിലം ഒരുക്കേണ്ടതുണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, ഒരു പ്രവാചകന്റെ അധികാരവും ഇസ്ലാഹും (ബാഹ്യവും ആന്തരികവുമായ മാർഗനിർദ്ദേശങ്ങൾ) ഓരോ തവണയും മനുഷ്യരാശി വഴിതെറ്റിയപ്പോൾ അതിന്റെ സമ്പൂർണ്ണ നവീകരണത്തിന് ആവശ്യമായിരുന്നു. കാരണം, ഇസ്‌ലാം മാത്രമാണ് സമ്പൂർണ്ണമായ മതം. അതിനാണ് യഥാർത്ഥ തത്വശാസ്‌ത്രവും, ന്യായീകരിക്കാവുന്ന ഒരേയൊരു സർവ്വശാസ്‌ത്രവുമുള്ളത്. ആദ്യകാലം മുതൽ, അതിന്റെ സന്ദേശം മാറ്റമില്ലാതെ നിലനിൽക്കുന്നു. അല്ലാഹു പറയുന്നത് ഇതിന് തെളിവാണ്; “ഞാനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല, അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല.” 3

തൗഹീദ്: ഇസ്റയേൽ അധിനിവേശത്തിനെതിരായ ഫലസ്തീൻ പശ്ചാത്തലത്തിൽ

യഹൂദ വിശ്വാസം പ്രപഞ്ചത്തെ മനസ്സിലാക്കുന്നതിനുള്ള കൃത്യമായ മാർഗവും, അല്ലാഹുവിൻ്റെ ദിവ്യത്വവും ഏകത്വവും തിരിച്ചറിയാനും അംഗീകരിക്കാനും ഒരു നേരായ ചട്ടക്കൂടും, കബ്ബാലയിലെ യഹൂദ മിസ്റ്റിക് പാരമ്പര്യം – മാറ്റമില്ലാത്ത, ശാശ്വതമായ ദൈവവും മർത്യവും പരിമിതവുമായ പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കുന്ന നിഗൂഢമായ പുരാതന യഹൂദ അധ്യാപനങ്ങളാണിത് – ദൈവത്തിന്റെ സൗന്ദര്യം മഹത്വം എന്നിവയോട് ആന്തരികമായി ഇടപഴകുന്നതിന് ശരിയായ അടിത്തറയും നൽകിയിരുന്നുവെങ്കിൽ, പിന്നെ, എന്തുകൊണ്ടാണ് അല്ലാഹു ഒന്നിനുപുറകെ ഒന്നായി ഇസ്രായേൽ സന്തതികളിലേക്ക് (ബനൂ ഇസ്രാഈൽ) പ്രവാചകന്മാരെ അയച്ചത്? ദാവൂദ്, സുലൈമാൻ, സകരിയ, യഹ് യ എന്നീ പ്രവാചകന്മാരെയും ഒടുവിൽ ഈസാ നബി(അ)യെയും അവരിലേക്ക് എന്തിനയച്ചു? അവരിൽ അന്ത്യപ്രവാചകനും ലോകർക്ക് അനുഗ്രഹവുമായി മുഹമ്മദിനെ (സ) അയക്കേണ്ടതിന്റെ ആവശ്യകത എന്തായിരുന്നു?4 കാരണം ലളിതമാണ്, അവസാന പ്രവാചകൻ വരെയുള്ള എല്ലാവരും പരിശ്രമിച്ചത് തെറ്റ് തിരുത്താനും സ്വയത്തിലേക്ക് തിരിഞ്ഞ് സ്ഥാന മാറ്റം സംഭവിച്ച ശ്രേണികളെ (ദൈവികമായി നിയമിതമായ) പുന:സ്ഥാപിക്കാനും പുനനിർമ്മിക്കാനുമാണ്. വലിയ ദോഷവും ഗുരുതരമായ ഫിത്നയും ഉണ്ടാക്കുന്ന തരത്തിൽ മനുഷ്യരുടെ ദൈവവുമായുള്ള ബാഹ്യബന്ധത്തെ അവനിൽ നിന്ന് വിച്ഛേദിക്കുകയും ചെയ്തു.5 തൗഹീദിനെ (ഏകത്വം) നിഷേധിച്ചതിനാൽ തന്നെ ഈ ഫിത്ന സമൂഹങ്ങളിൽ യാഥാർത്ഥ്യമായി. മറ്റ് അതിഭൗതിക സംവിധാനങ്ങളുടെ സ്വഭാവവുമായി ഇടകലർന്ന് അതിന്റ (തൗഹീദിൻ്റെ) അടിസ്ഥാന ധാരണയെ തന്നെ മാറ്റുകയും ചെയ്തു. ചരിത്രപരമായി, ഈ സന്ദർഭത്തിലാണ് തെറ്റ് തിരുത്തുന്നതിന് വേണ്ടി അല്ലാഹു പ്രവാചകരെ അയക്കുന്നത്. ജനങ്ങൾ തങ്ങളോടുതന്നെ ചെയ്യുന്ന ഈ അനീതി അവസാനിപ്പിക്കാനും ഭൂമിയിൽ അല്ലാഹുവിൻ്റെ ശരിയായ ക്രമം പുനഃസ്ഥാപിക്കാനും അവൻ അവരോട് പറയും. ഈ ചക്രം അവസാനത്തെ പ്രവാചകൻ മുഹമ്മദിൻ്റെ (സ) സന്ദേശം ഉമ്മത്തിലേക്ക് പൂർണ്ണമായി എത്തുന്നതു വരെയും, അവൻ്റെ സന്ദേശത്തിൽ വിശ്വസിച്ച അവസാനത്തെയാൾ ഈ ലോകത്തു നിലനിൽക്കുന്നതു വരെയും തുടരും.

ബനൂ ഇസ്രായീൽ അല്ലെങ്കിൽ ഇസ്രായീൽ സന്തതികളിലേക്ക് നിരവധി പ്രവാചകന്മാരും ദൂതന്മാരും അയക്കപ്പെട്ടിട്ടുണ്ട്. പ്രവാചകൻ യഅഖൂബി(അ)നെ ‘ഇസ്രായീൽ’ എന്ന് വിളിച്ചിരുന്നു. ഈ സന്താന പരമ്പരയിൽ ഉൾപ്പെട്ടതുകൊണ്ടാണ് ബനൂ ഇസ്രാഈൽ എന്ന് ആ സമൂഹത്തെ വിളിച്ചിരുന്നത്. തൗറാത്ത്, ഇഞ്ചിൽ, സബൂർ, അവസാനമായി ഖുർആൻ എന്നീ വേദഗ്രന്ഥങ്ങൾ അവതരിപ്പിച്ച അല്ലാഹുവിനെ തന്നെയാണ് ഈ പ്രവാചകന്മാരും ദൂതന്മാരും പിന്തുടർന്നിരുന്നത്. ചരിത്രത്തിലുടനീളം ദൈവവും കേന്ദ്ര സന്ദേശവും ഒന്നുതന്നെയായിരുന്നു എന്നാണിത് വ്യക്തമാക്കുന്നത്. ഈ സന്ദേശം കേൾക്കുകയും സ്വീകരിക്കുകയും ചെയ്ത മൂസ(അ)യുടെ സമൂഹത്തെ പരീക്ഷിച്ചതു പോലെ എല്ലാ മനുഷ്യരെയും ഇത് പരീക്ഷിക്കുന്നുണ്ട്. ലഭിച്ച സന്ദേശത്തെ മുറുകെ പിടിക്കാനും സ്വന്തം ജീവിതത്തിൽ അത് പ്രാവർത്തികമാക്കാനും അഴിമതിക്കെതിരെ നീതി നടപ്പാക്കാനും കഴിവിന്റെ പരമാവധി സന്ദേശം കൈമാറാനും സാധിച്ചിട്ടുണ്ടോ എന്ന കാര്യങ്ങളെയാണ് ഇത് പരിശോധിക്കുന്നത്.

മൂസ(അ)യുടെ ജനതയുടെ കാര്യവും അങ്ങനെ തന്നെയായിരുന്നു. എന്നിരുന്നാലും, അല്ലാഹുവുമായിട്ടുള്ള കരാറിൽ ഉറച്ചു നിൽക്കുന്നതിനു പകരം, ഒന്നിലധികം തവണ അവരതിനെ ലംഘിച്ചു. മൂസ(അ)യും സഹോദരൻ ഹാറൂനും(അ) കൊണ്ടുവന്ന സന്ദേശത്തെ വ്യത്യാസപ്പെടുത്തുകയും വികലമാക്കുകയും ചെയ്തു. ചുരുക്കത്തിൽ, അവരിലേക്ക് അയക്കപ്പെട്ട ഒരു പ്രവാചകനെയും അവർ വിശ്വസിച്ചിരുന്നില്ല. പകരം, അവർക്ക് ഏറ്റവും നല്ലതെന്ന് സ്വയം കരുതുന്ന കാര്യങ്ങൾക്ക് മുൻഗണന നൽകി. അവർ അനുസരിക്കുകയും പിന്തുടരുകയും ചെയ്യേണ്ട പ്രവാചകന്മാർക്കെതിരെ ഗൂഢാലോചന നടത്തുകയും കുറ്റപ്പെടുത്തുകയും ചിലപ്പോൾ കൊലപ്പെടുത്തുക വരെ ചെയ്തു. തൗറാത്തിൽ കൃത്രിമം കാണിച്ചതു കൊണ്ട് അതിന്റെ യഥാർത്ഥ രൂപം യുഗങ്ങൾക്ക് മുമ്പെ നഷ്ടമായത് ഇതിനുദാഹരണമാണ്.6 ഖുർആൻ സാക്ഷ്യപെടുത്തുന്നതുപോലെ, അല്ലാഹുവുമായുള്ള അവരുടെ ആദ്യ ഉടമ്പടിയുടെ ഭാഗമായി അവർക്ക് വാഗ്ദത്തം ചെയ്യപ്പെട്ട പുണ്യഭൂമിയിലേക്ക്(الأرض المقدس) പ്രവേശിക്കാൻ വിസമ്മതിക്കുകയും അത് പിടിച്ചെടുക്കാൻ, മൂസയോടും ഹാറൂനിനോടും അവരുടെ നാഥനോടൊപ്പം പോയി യുദ്ധം ചെയ്യാൻ ആ ധിക്കാരികൾ കല്പിച്ചു.7 നാം പിന്നീട് കണ്ടതുപോലെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ആരംഭിച്ച ആധുനിക സയണിസ്റ്റ് പദ്ധതിയുടെ ദൈവശാസ്ത്രപരമായ അടിത്തറ രൂപപ്പെടുന്നത് ഇതിൽ നിന്നൊക്കെയാണ്.8

എന്നിരുന്നാലും, ബനൂ ഇസ്‌റാഈലുകളുടെ കൂട്ടത്തിലും പ്രവാചകന്മാരുടെ സന്ദേശത്തിൽ വിശ്വസിക്കുകയും അത് ഉയർത്തിപ്പിടിക്കാനും നടപ്പിലാക്കാനും ശ്രമിച്ചവരുണ്ടായിരുന്നു. മുസ്ലിം എന്ന നാമം അന്വർത്ഥമാക്കുന്ന രീതിയിൽ ഈ വിശ്വാസികൾ നീതിക്ക് വേണ്ടി നിലകൊണ്ടു. താലൂത്തിൻ്റെയും(Ṭālūt) പ്രവാചകൻ ദാവൂദി (അ)ൻ്റെയും കാലത്ത് യുദ്ധം ചെയ്ത് ഈ പുണ്യഭൂമിയിൽ പ്രവേശിച്ചത് ഇവരാണ്. ഈ വിശ്വാസികളും ഇന്നത്തെ പോരാളികളും തമ്മിൽ വലിയ വ്യത്യാസമില്ല, കാരണം ഇരുവരും തൗഹീദിന്റെ കീഴിലാണ് ഒന്നിച്ചിരിക്കുന്നത്. അത് ഓരോ കാലഘട്ടത്തിലും ആവർത്തിച്ചിട്ടുമുണ്ട്.
ഈയാളുകൾക്ക് അല്ലാഹു ഇറക്കിയ ഗ്രന്ഥങ്ങൾ -ഖുർആനിൽ ഇപ്പോൾ അടങ്ങിയിരിക്കുന്ന അതേ സന്ദേശത്തോടെ- മാറ്റമില്ലാതെ അവതരിച്ചിരുന്നെങ്കിൽ ഇന്നത്തെ വിശ്വാസികൾക്ക് അതിൽ വിശ്വസിക്കാതെ മറ്റു മാർഗങ്ങൾ ഉണ്ടാകുമായിരുന്നില്ല. കാരണം, ഖുർആനിൽ ഒരു പുതിയ സന്ദേശവും മതവും അടങ്ങിയിട്ടില്ല. അല്ലാഹു ജനങ്ങൾക്ക് ഇറക്കിയ മുൻകാല ഗ്രന്ഥങ്ങളിൽ നിന്ന് മായ്ച്ചുകളഞ്ഞതും മനുഷ്യരാശിക്ക് നഷ്ടപ്പെട്ടതുമായ വസ്തുതകളുടെ ആവർത്തനവും സ്ഥിരീകരണവുമാണ് ഖുർആനിലുളളത്.

ഇസ്‌ലാമിക സങ്കൽപത്തിൽ, ഒരു കൂട്ടം ആളുകൾ ജന്മം കൊണ്ട് മാത്രം “പ്രത്യേക പദവി ലഭിക്കുകയോ” അല്ലെങ്കിൽ “തിരഞ്ഞെടുക്കപ്പെട്ടവരോ” ആയി മാറുന്നില്ല. ഒരു ജനതയ്ക്കും, അവരുടെ ഭൂമിയോ സമ്പത്തോ മാനമോ പദവിയോ നോക്കി ഒരു തരത്തിലുമുള്ള മുൻഗണനയും അല്ലാഹു നൽകുന്നുമില്ല.9 ഒരാൾ എവിടെ നിന്ന് വരുന്നു എന്നത് തികച്ചും അനിയന്ത്രിതമായ കാര്യമാണ്. കൂടാതെ, അത് ആ വ്യക്തിയുമായി ബന്ധപ്പെട്ട സാമൂഹികവും ഭൗതികവുമായ ലോകത്ത്, ബോധവും സ്വതന്ത്ര ഇച്ഛാശക്തിയോടും കൂടി അവൻ അല്ലെങ്കിൽ അവൾ വിധേയനാകേണ്ട പരീക്ഷണങ്ങളിലൂടെ കൊണ്ടുപോവുകയും ചെയ്യുന്നു. അതു പോലെ, വിശ്വാസി- അവിശ്വാസി എന്ന നിലയിൽ രണ്ട് വിഭാഗങ്ങളായി തിരിച്ചെടുക്കാനാവാത്ത വിധം ലോകത്തെ വിഭജിച്ചിരിക്കുന്നതിനെ ഇസ്‌ലാമിക ജീവിതമാതൃക പ്രോത്സാഹിപ്പിക്കുന്നില്ല. എന്തെന്നാൽ, ഇസ്‌ലാമിക ചട്ടക്കൂടിലെ വിശ്വാസവും അവിശ്വാസവും തമ്മിലുള്ള അതിർവരമ്പ്, വാസ്തവത്തിൽ, ഏതൊരു വ്യക്തിക്കും അവരുടെ ജീവിതകാലത്ത്, അവന്റെ/അവളുടെ ഇച്ഛാശക്തിയുടെ അടിസ്ഥാനത്തിൽ, ഏത് ഘട്ടത്തിലും ഇസ്ലാമിലേക്ക് പ്രവേശിക്കാൻ (അല്ലെങ്കിൽ പുറത്തുകടക്കാൻ) സാധ്യമാവുന്ന രീതിയിൽ വളരെ ലളിതമാണ്. അതുകൊണ്ട് തന്നെ നിലനിൽപ്പിന് വേണ്ടി മനുഷ്യശരീരത്തിന്റെ ഭൗതികതയെ ഇസ്‌ലാം ആശ്രയിക്കുന്നില്ല. എല്ലാ മുസ്‌ലിം ജനതകളെയും ഒരുമിച്ച് നിർത്തുന്ന ആത്മീയവും അടിസ്ഥാനപരവുമായ അതിൻ്റെ ബന്ധം യഥാർത്ഥ രൂപത്തിൽ സത്തയോട് കൂടി വേരൂന്നിയിരിക്കുന്നത് സ്ഥലകാലമന്യേ മറ്റമില്ലാത്തതും സുസ്ഥിരവുമായ ഒരു കാതലിലാണ്. മനുഷ്യചിന്ത ഭൗതികമായി നിർമ്മിച്ച ഏതെങ്കിലും സങ്കൽപ്പത്തിൽ അതുൾക്കൊള്ളുകയോ ബന്ധിക്കപ്പെടുകയോ ചെയ്യുന്നുമില്ല.

എന്നാൽ, യഹൂദ സങ്കൽപത്തിൽ, ജൂതന്മാർ “തെരഞ്ഞെടുക്കപ്പെട്ട” ആളുകളാണ്. ആരാണ് കൃത്യമായി (അല്ലെങ്കിൽ ‘ആകാം’) ജൂതൻ, ആരല്ല എന്നതിനെക്കുറിച്ചുള്ള കർക്കശമായ ധാരണകൾ അതിലുൾക്കൊള്ളുന്നു. യഹൂദരുടെ മുഴുവൻ ‘സത്തയുടെയും'(അത് രക്തബന്ധത്തിന് നൽകിയിരിക്കുന്ന പ്രാധാന്യത്തിൽ നിന്ന് ഇത് പ്രകടമാണ്) ഒരു പ്രധാന വശം, മനുഷ്യൻ്റെ ബാഹ്യവും ശാരീരികവുമായ സ്വത്വത്തിൽ കേന്ദ്രീകരിച്ച് ഭൗതികമായ വശം ഉറപ്പിച്ചു കൊണ്ടാണ് സ്ഥലകാലാതീതമായി അതിന്റെ തുടർച്ച സാധ്യമാക്കുന്നത്. ഇസ്രായേൽ ഭരണകൂടം ഉയർത്തുന്ന വംശീയദേശീയത10,11 (ethnonationalism) യഥാർത്ഥത്തിൽ, വ്യക്തിയുടെ സ്വതന്ത്രമായ തിരഞ്ഞെടുപ്പിന് വിധേയമല്ലാത്ത മതം, ഭാഷ, പ്രദേശം, വംശം തുടങ്ങിയ പൈതൃക ഘടകങ്ങളിൽ അധിഷ്ഠിതമാണെന്ന് കാണാൻ കഴിയും.”12 ഏതായാലും, ജൂതമതം ഭൗതികവും കാലികവും സാമൂഹികവുമായ ഒരു നിർമ്മിതിയാണ്. സുലൈമാൻ രാജാവിന്റെ മരണത്തോടെ രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു. പ്രവാചകൻ യഅഖൂബി(അ)ൻ്റെ പുത്രന്മാരിൽ ഒരാളുടെ പേരിലുള്ള യഹൂദ രാജ്യമായിരുന്നു ഇതിലൊന്ന്. ഇവിടെ നിന്നാണ് ‘യഹൂദൻ’ എന്ന പേര് വന്നത്. സുലൈമാൻ്റെ കാലശേഷം മാത്രമാണ് ജൂതമതം ഒരു സ്ഥാപനവൽക്കരിക്കപ്പെട്ട വിശ്വാസമായി മാറിയത്. ഇത് നിർമിച്ചെടുക്കപ്പെട്ട ഒരു വിശ്വാസമാണെന്ന് ഖുർആനിലും വ്യക്തമായി സൂചിപ്പിച്ചിരിക്കുന്നു. അവിടെ ജൂതന്മാരെ പ്രത്യേകമായി അഭിസംബോധന ചെയ്യുമ്പോൾ അല്ലാഹു ബനീ ഇസ്രായേൽ എന്ന പദം ഉപയോഗിക്കുന്നില്ല, പകരം അവരെ ‘ഹാദ്’ (هاد،هادوا ) അല്ലെങ്കിൽ ഹാദൂ “യഹൂദന്മാരായിത്തീർന്നവർ” എന്നാണ് സൂചിപ്പിക്കുന്നത്.13

സ്വന്തമായി ഉടലെടുത്ത ഒന്നല്ല ജൂതായിസം. മറിച്ച്, ഒരു ജനത, മുമ്പ് നിർവ്വഹിച്ചിരുന്ന മ്ലേചതകളിൽ നിന്നവരെ മുക്തരാക്കി അവരുടെ പഴയ ജീവിതരീതിയിലേക്ക് തിരികെ കൊണ്ടുവന്ന് വിശ്വാസികളുടേതായ ഒരു സമൂഹത്തെ രൂപപ്പെടുത്താനും അതിനെ നയിക്കാനും പരിപോഷിക്കാനും സാധ്യമായ പ്രവാചകത്വത്തിൻ്റെ പിന്തുണയില്ലാതെയാണ് അതുണ്ടായത്. എന്നുവെച്ചാൽ, ഏതെങ്കിലും പ്രവാചകന്റെയോ ദൂതന്റെയോ അധികാരത്തിന് പുറത്തുള്ള വിശ്വാസവഞ്ചനയുടെ അടിസ്ഥാനത്തിൽ സ്ഥാപിതമായതാണിത്. അതുപോലെ തന്നെ, എല്ലാത്തരം അടിച്ചമർത്തലുകളും അനീതികളും അതിലുൾക്കൊള്ളുകയും ചെയ്യുന്നു. നീതിയുടെ ശരിയായ നിർവ്വഹണം സാധ്യമാക്കുന്ന അല്ലാഹുവിൻ്റെ നിയമം അവൻ്റെ ഭൂമിയിൽ നടപ്പിലാക്കാനും അതിനെ ഉയർത്തിപ്പിടിക്കാൻ മനുഷ്യരാശിയെ പ്രേരിപ്പിക്കുകയും ചെയ്യുന്ന അവൻ്റെ വചനങ്ങളെ മാറ്റുകയും അതിൻ്റെ ആത്യന്തിക ലക്ഷ്യങ്ങളെ വക്രീകരിച്ചതുമാണ് അവർ ചെയ്ത ഏറ്റവും വലിയ അപരാധം. സയണിസ്റ്റ് സിദ്ധാന്തത്തിന്റെ സൃഷ്ടി, അത് തികച്ചും രാഷ്ട്രീയ പദ്ധതിയായാണ് ആരംഭിച്ചതെങ്കിലും, ശക്തമായി അനുശാസിച്ചത് ഒരു സംഘടിത മതമെന്ന പഴയ മാതൃകയിൽ അതിൻ്റെ നിർമ്മാണത്തിന് വേണ്ടിയായിരുന്നു. സയണിസം, ഒരു മതേതര പ്രസ്ഥാനമായി ഉയർന്നുവരുന്നുവെങ്കിലും, കൃത്യമായ രാഷ്ട്രീയ സ്വത്വത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പദ്ധതിയാണത്. അടിസ്ഥാനമില്ലാത്ത മതപരമായ അടിയൊഴുക്കുകളോടെയാണെങ്കിലും, രാഷ്ട്രവും മതവും വേർതിരിഞ്ഞ് നിൽക്കുന്ന ജ്ഞാനോദയത്തിനു ശേഷമുള്ള ഒരു ലോകത്തത് അഭിവൃദ്ധി പ്രാപിക്കുന്നു,. സയണിസ്റ്റ് പ്രോജക്റ്റിലെ ‘മതേതര’ ഘടകം (ദൈവത്തെ കേന്ദ്രത്തിൽ നിന്ന് മാറ്റിനിർത്തുന്ന) അതിന്റെ കേന്ദ്രമായിരുന്നു. മതേതര പണ്ഡിതന്മാർ മുന്നോട്ടുവച്ചതുപോലെ, ഇപ്പോൾ ഉള്ളിലെ ‘മതം’ എന്ന സങ്കൽപ്പത്തെ പൂർണ്ണമായി ഒഴിവാക്കി അത് മാറ്റിസ്ഥാപിക്കുന്നു. എന്നിട്ട് അതിരുകൾ രൂപപ്പെടുത്തുകയും പുനർരൂപകൽപ്പന ചെയ്യുകയും ജൂത ഐഡന്റിറ്റിയെ പുനർനിർവചിക്കുകയും ചെയ്യുന്നത്, ഏത് വിധത്തിലും അതിനെ തങ്ങൾക്ക് പ്രയോജനകരമാക്കി മാറ്റുവാനാണ്.14

സയണിസ്റ്റ് തത്ത്വചിന്തയ്ക്കുള്ളിൽ നിന്നുക്കൊണ്ട് ഒരു ‘വിശുദ്ധഭൂമി’ നിർമ്മിക്കുന്നത് പൂർണ്ണമായും ഓർമ്മയെ (ബുദ്ധി) അടിസ്ഥാനമാക്കിയാണ്. മതേതര വിശ്വാസാചാരത്തിൻ്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇത് ഓർമ്മിക്കുകയും ചരിത്രാവസാനം ഈ പുണ്യഭൂമിയിലേക്ക് ജൂതൻമാരെ തന്നെ പുനഃസ്ഥാപിക്കാൻ ദൈവത്തോട് ആവശ്യപ്പെടുകയും ചെയ്യുന്നു. 15 എന്നിരുന്നാലും, ഇസ്‌ലാമിക മാതൃകയിൽ, ‘പുണ്യഭൂമി’ എന്ന സങ്കൽപം മതേതരവൽക്കരിക്കപ്പെട്ട സയണിസ്റ്റ് സങ്കൽപ്പത്തിന് തികച്ചും വിരുദ്ധമായ ഒന്നിനെ അടിസ്ഥാനമാക്കിയതാണ്. ഇസ്‌ലാമിക ലോകവീക്ഷണം, അല്ലാഹുവിൻ്റെ നിയമവും നീതിയും ഇതുവരെ സ്ഥാപിതമാവാത്ത ഈ ഭൂമിയിൽ നിന്ന് എല്ലാ തരത്തിലുമുള്ള ഫിത്നയെ, അഹങ്കാരത്തെയും (تكبر) അതിക്രമത്തെയും ( طغيان) തകർത്തുകൊണ്ട് ഭരണവർഗത്തിനും സാധാരണ ജനങ്ങൾക്കും ഇടയിലുള്ള പവർ ഡൈനാമിക്സിനെ നിയന്ത്രിക്കുന്നതിൽ പൂർണ്ണമായും ശ്രദ്ധാലുവാണ്. മുഹമ്മദ് (സ) മക്ക കീഴടക്കിയതും, മദീനയിൽ ഭരണസംവിധാനം രൂപീകരിച്ചതും, ജറുസലേം അടങ്ങുന്ന എല്ലാ ഇടങ്ങളിലേക്കുമുള്ള മുസ്ലിം പോരാട്ട യാത്രകളും അർത്ഥമാക്കുന്നത് ഇസ്‌ലാമിൽ സത്താപരമായി ‘പവിത്രം’ എന്നത് കേവലം ഭൗതിക ഭൂമിയുടെ ആദർശവൽക്കരണത്തോടുള്ള ആത്മീയമായ അടുപ്പത്തെ സൂചിപ്പിക്കുന്നില്ല എന്നതാണ്. പകരം, അത് ഭൗതികവും ആത്മീയവുമായ മേഖലകളെ മറികടന്ന് ദൈവികമായ ഏകീകൃത മണ്ഡലത്തിലേക്ക് കടക്കുന്നു. അല്ലാഹുവിൻ്റെ ഭൂമിയിൽ അവൻ്റെ നിയമം സ്ഥാപിതമാകുന്നതിലൂടെ മാത്രമേ അതിലേക്ക് എത്തിച്ചേരാനും അതുവഴി എല്ലാ തെറ്റായ താൽക്കാലിക ശ്രേണികളെയും വെല്ലുവിളിക്കാനും കഴിയൂ.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇസ്രയേലിനെ പുതിയ താഗൂത് (വിഗ്രഹം) ആയി സ്ഥാപിക്കാൻ ലോകത്തിലെ നവ-ഫറവോമാർ അവരുടെ തകബ്ബൂറും(അഹങ്കാരം) പിന്തുണയും പ്രകടിപ്പിച്ചിരുന്നു. തൽഫലമായി അതിനെതിരെ നീതി സ്ഥാപിക്കാനും ഈ ശക്തികളെ പുറത്താക്കാനുമുള്ള മുസ്ലിം ശ്രമങ്ങളുമുണ്ടായി.
അതുകൊണ്ട് തന്നെ, ഫലസ്‌തീൻ പ്രശ്‌നം ഒരു ഇസ്‌ലാമിക പ്രശ്‌നമാണെന്നും അതിന് ഖുർആനിക സങ്കൽപത്തിലെ ഹഖും ബാത്വിലുമായി ആഴത്തിലുള്ള ബന്ധവും ശക്തമായ അടിത്തറയുണ്ടെന്നും മനസ്സിലാക്കാൻ കഴിയും. കൊളോണിയൽ അതിരുകൾക്കുള്ളിൽ ജീവിത ഘടനയെ തന്നെ വരിഞ്ഞുമുറുക്കുന്ന ശക്തമായ നിരീക്ഷണ ശൃംഖലയിൽ നിന്നും, തകർക്കാൻ കഴിയാത്തതും ഏതാണ്ട് മിഥ്യയുമായ അയേൺ ഡോം പ്രതിരോധ സംവിധാനത്തിൽ നിന്നും,16 സവിശേഷമായി അമേരിക്ക അടങ്ങുന്ന അതിന്റെ ശക്തമായ വിദേശ ലോബികളുടെ ശൃംഖല17 വരെ വ്യാപിച്ചിരിക്കുന്ന സയണിസ്റ്റ് ഭരണകൂടത്തിന്റെ അടിത്തറയിൽ അന്തർലീനമായ ആധിപത്യത്തിന്റെ യുക്തിക്ക്, ഇസ്രായേലിന്റെ ദൈവത്തിന് തുല്യമായ ഒരു കരുത്തുറ്റ രാജ്യത്തിന്റെ പ്രതിച്ഛായ വ്യക്തമാക്കാനും കാത്തുസൂക്ഷിക്കാനും മാത്രമേ കഴിയൂ. സയണിസ്റ്റ് തത്ത്വചിന്തയുടെ ഘടനയിൽ തന്നെ നിലനിൽക്കുന്ന പരമാധികാരത്തിനും മേൽക്കോയ്മയ്ക്കും വേണ്ടിയുള്ള ഈ അവകാശവാദത്തിന് യുക്തിസഹമായ മറുമരുന്ന് മാത്രമാണ് എല്ലാ തെറ്റായ, ഭൗതിക അധികാര ശ്രേണികളെയും ഇസ്ലാമിക മാതൃകയിൽ നിരാകരിക്കുക എന്നത്.

കൂടാതെ, ഫലസ്തീനോടുള്ള സയണിസ്റ്റ് അവകാശവാദത്തിന്റെ ചരിത്രപരത പോലും, നിർമ്മിത ബുദ്ധിയിൽ നിന്നുള്ള കേവല വ്യാമോഹവും മായാരൂപവും മാത്രമാണതെന്ന് വെളിപ്പെടുത്തുന്നുണ്ട്. 1937 ജൂലൈ 27-ന് പുറപ്പെടുവിച്ച ഒരു പ്രസ്താവനയിൽ, മുഹമ്മദ് ഇഖ്ബാൽ (മ. 1938), പലസ്തീൻ പ്രശ്‌നത്തെ “തികച്ചും മുസ്ലീം പ്രശ്നമായി അവകാശപ്പെട്ടുകൊണ്ട് മുസ്‌ലിംകൾ പലസ്തീൻ ഭൂമിയെ കോളനിവൽക്കരിക്കുകയും ജൂതന്മാരിൽ നിന്ന് ബലമായി പിടിച്ചെടുക്കുകയും ചെയ്തു എന്ന വാദത്തോട് പ്രതികരിക്കുന്നുണ്ട്. ഇസ്‌ലാമിന്റെ സമർപ്പണത്തിലേക്ക് ജൂതൻമാരെ തിരികെ കൊണ്ടുവരാനായി അയക്കപ്പെട്ട പ്രവാചകന്മാരുടെ തൗഹീദിക് തത്ത്വചിന്തയെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ഇത് പറയുന്നത്.18 ഇസ്ലാമിക പശ്ചാത്തലത്തിൽ ഫലസ്തീനിന് ചരിത്രപരമായ ഒരു ആവരണവും ഇഖ്ബാൽ നൽകുന്നുണ്ട്. ഇഖ്ബാൽ തൻ്റെ പുസ്തകത്തിൽ എഴുതിയത് ഇങ്ങനെയാണ്; “ചരിത്രപരമായി ഇതിനെ നോക്കിയാൽ ഇത് തികച്ചും ഒരു മുസ്ലീം പ്രശ്നമാണ്. ഖലീഫ ഉമർ ജറുസലേമിൽ പ്രവേശിക്കുന്നതിന് വളരെ മുമ്പുതന്നെ ഫലസ്തീനിനെ ഒരു ജൂത പ്രശ്നമാക്കി നിർത്തിയിരുന്നു. പ്രൊഫസർ ഹോക്കിംഗ്സ് ചൂണ്ടിക്കാണിച്ചതുപോലെ, ജൂതരുടെ വേദഗ്രന്ഥങ്ങൾ ഭൂരിഭാഗവും പലസ്തീനിന് പുറത്ത് നിന്ന് എഴുതിയവയായിരുന്നു”.19

മുസ്ലീങ്ങൾ എന്ന നിലയിൽ, ജൂതന്മാരുമായുള്ള നമ്മുടെ ഇടപെടൽ, മക്ക കീഴടക്കുമ്പോഴും മദീനയിൽ ഭരണം സ്ഥാപിക്കുമ്പോഴും പ്രവാചകൻ മുഹമ്മദിൽ(സ) പ്രതിഫലിച്ച ദൗത്യത്തിന്റെ ആവർത്തനമായിരിക്കണം. അഹങ്കാരികളായ ഭരണവർഗത്തിന്റെ ശക്തി തകർത്ത് അല്ലാഹുവിന്റെ നിയമം സ്ഥാപിക്കുകയും -‘അദ്ലിൽ’ (നീതി) പ്രതിഫലിപ്പിക്കുക – അതേ സമയം സാധാരണക്കാരോട് കരുണയും ദയയും കാണിക്കുന്ന ഖുർആനിൻ്റെ ആഹ്വാനമായിരുന്നു തിരുദൂതരുടെ നയത്തിൽ ഉൾപ്പെട്ടിരുന്നത്. ജറുസലേം കീഴടക്കിയപ്പോൾ ഖലീഫ ഉമർ, കുരിശുയുദ്ധക്കാരെ പരാജയപ്പെടുത്തിയപ്പോൾ സുൽത്താൻ സലാഹുദ്ദീൻ അയ്യൂബി, മുസ്ലീം സ്പെയിനിലെ ബെർബർമാർ, മുസ്ലീം സ്പെയിനിന്റെ പതനത്തിനും തുടർന്ന് ആ നാടുകളിൽ നിന്ന് മുസ്ലിങ്ങളും ജൂതരും ബഹിഷ്കരിക്കപ്പെട്ടപ്പോൾ അവിടത്തെ ഓട്ടോമൻ ചക്രവർത്തിമാർ എന്നു തുടങ്ങി മുസ്ലിം ഭരണാധികാരികൾ പിന്തുടർന്നിരുന്ന മാർഗരേഖയും ഇതുതന്നെയായിരുന്നു.

പാശ്ചാത്യ ആധിപത്യത്തെ വികേന്ദ്രീകരിക്കുന്നതിനുള്ള ഒരു പ്രതിരോധ പ്രവർത്തനമായി ഉയർന്നുവന്ന നിലവിലെ അപകൊളോണിയൽ നിർമ്മിതി (decolonial turn) വിപരീതമായ ദാർശനിക അപാകതകളാൽ നിറഞ്ഞതാണ്. പാശ്ചാത്യ വിജ്ഞാന സിദ്ധാന്തങ്ങൾക്ക് എതിരാണെങ്കിലും, അതിനുമപ്പുറമുള്ള ഒരു ലോകത്തെ സങ്കൽപ്പിക്കുന്നതിൽ നിന്നും അതിനെതിരായ എല്ലാ ചിന്തകളെയും ആശയങ്ങളെയും തടയുന്ന മതേതര, മാനവിക പാശ്ചാത്യ എപ്പിസ്റ്റീമിനുള്ളിൽ അത് കുടുങ്ങിക്കിടക്കുകയാണ്. ജ്ഞാനശാസ്‌ത്രപരമായ ഡിസൊബീഡ്യൻസിന് (disobedience) പകരം അതിഭൗതികമായതിൽ വേരൂന്നിയ ഏതൊരു അപകോളോണിയൽ പദ്ധതിയും റദ്ദാക്കപ്പെടുകയും യാഥാസ്ഥിതികവും തീവ്രവാദവും സംഘടിതവുമാണെന്ന് മുദ്രകുത്തപ്പെടുകയും ചെയ്യുന്നു. ഫ്രാൻറ്സ് ഫാനൻ,20 എഡ്വേർഡ് സെയ്ദ്, നോം ചോംസ്കി, ഇലൻ പെപ്പെ (പലസ്തീനിൽ) തുടങ്ങിയവരുടെ പരമ സത്യമായി കണക്കാക്കപ്പെടുന്ന കൃതികൾ, ഈ രചയിതാക്കൾ നിർമ്മിച്ച വെസ്റ്റിനോടുള്ള അവരുടെ വിമർശനവും ‘പ്രതിരോധവും’ അതിൻ്റെ തത്വശാസ്ത്രപരമായ അടിത്തറയെ ചോദ്യം ചെയ്യുന്നില്ല.21 പാശ്ചാത്യരുമായുള്ള അവരുടെ ഇടപെടൽ യഥാർത്ഥത്തിൽ, സാമ്രാജ്യത്വ പ്രത്യാഘാതങ്ങളെ തൗഹീദിൻ്റ മാതൃകയിലേക്ക് തിരിച്ചുകൊണ്ട് ചെറുക്കാൻ നമ്മൾ ശ്രമിക്കുന്ന അതേ ജ്ഞാനോദയത്തിൻ്റെ ചട്ടക്കൂടിൽ വേരൂന്നിക്കൊണ്ടാണ്. മുസ്‌ലിം അക്കാദമിയ, പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിൽ ഇതേ വെല്ലുവിളി അഭിമുഖീകരിക്കുന്നു. ഒരു മതേതര ഹ്യൂമനിസ്റ്റ് ഓന്റോളജിക്കുള്ളിൽ പ്രതീക്ഷയില്ലാതെ കുടുങ്ങിക്കിടക്കുന്നതിനുപകരം, തൗഹീദിൻ്റെ ചട്ടക്കൂടിൽ വേരൂന്നിയതും തൗഹീദീ മാതൃകയിൽ പ്രവർത്തിക്കുന്നതുമായ ഒരു ഡികോളോണിയാലിറ്റിയെ എങ്ങനെ സങ്കൽപ്പിക്കാൻ കഴിയും എന്നു കൂടി ആലോചിക്കേണ്ടതുണ്ട്.

വിവർത്തനം: അമീൻ നാസിഹ്
കടപ്പാട്: Traversingtradition.com

References.

1. Davutoglu, Ahmet. Alternative Paradigms: The Impact of Islamic and Western Weltanschauungs on Political Theory. University Press of America, 1993

2. The Holy Qur’an, 2:129

3. The Holy Qur’an, 21:25

4. Facchine, Tom. “Are All Religions the Same? Islam and the False Promise of Perennialism.” Yaqeen Institute, 13 September 2023, https://yaqeeninstitute.org/read/paper/are-all-religions-the-same-islam-and-the-false-promise-of-perennialism.

5. Anjum, Ovamir. “Islam as a Discursive Tradition: Talal Asad and His Interlocutors.” Comparative Studies of South Asia, Africa and the Middle East, vol. 27 no. 3, 2007, p. 656-672. Project MUSE ‘
muse.jhu.edu/article/224569.

6. Berlin, Adele, et al., editors. The Jewish Study Bible. Oxford University Press, 2004

7. The Holy Qur’an, 5:24

8. Alam, M. Shahid. Israeli Exceptionalism: The Destabilizing Logic of Zionism. Palgrave Macmillan, 2010

9. This point is not mutually exclusive to the sharaf of Ahl al-Bayt, may Allah be pleased with them. The point here is that the question of salvation in Islam is not tied to bloodline or race, unlike in Hinduism, for example, where the superiority of some castes are established from birth, with nothing being able to take this superiority away

10. Paz, Reut Yael. “The Stubborn Subversiveness of Judaism’s Matrilineal Principle.” Verfassungsblog, 29 September 2021, https://verfassungsblog.de/the-stubborn-subversiveness-of-judaisms-matrilineal-principle/

11. Cohen, Shaye J. D. “The Origins of the Matrilineal Principle in Rabbinic Law.” AJS Review, vol. 10, no. 1, 1985, pp. 19-53. https://doi.org/10.1017/S0364009400001185.

12. Fisher, Netanel. “Dynamic Ethnonationalism: The Ongoing Changes in the Ethnonational Borders—Israel in a Global Perspective.” Religions, vol. 13, no. 12, Nov. 2022, p. 1130. Crossref, https://doi.org/10.3390/rel13121130.

13. The Holy Qur’an, 4:160

14. Stanislawski, Michael. Zionism: A Very Short Introduction. Oxford University Press, 2017.

15. Herzl, Theodor. Der Judenstaat. English. Bod Third Party Titles, 2012.

16. Weizman, Eyal. Hollow Land: Israel’s Architecture of Occupation. Verso, 2012.

17. Mearsheimer, John J., and Stephen M. Walt. The Israel Lobby and US Foreign Policy. Penguin Adult, 2008

18. http://iqbalurdu.blogspot.com/2011/04/zarb-e-kaleem-005-la-ilaha-illallah.html.

19. Malik, Hafeez. Iqbal in Politics. Sang-e-Meel Publications, 2009.

20. Harfouch, Ali. “Hegel, Fanon, and the Problem of Recognition.” Frantz Fanon and Emancipatory Social Theory (2019): 139-151. https://www.academia.edu/66147963/Hegel_Fanon_and_the_Problem_of_Recognition?email_work_card=view-paper&li=0.

21. Hallaq, Wael B. Restating Orientalism: A Critique of Modern Knowledge. Columbia University Press, 2018.

ജുവൈരിയ ആസിഫ്, ശഫാഅത്ത് വാനി