Radical Equality, Ambedkar, Gandhi, and the Risk of Democracy എന്ന പുസ്തകത്തിൻ്റെ രചയിതാവ് പ്രൊഫസർ ഐശ്വരി കുമാറുമായി സിബ്അതുള്ള എം സാകിബ് നടത്തുന്ന അഭിമുഖം
Q: അംബേദ്കർ കേന്ദ്രീകൃത ജ്ഞാനോൽപാദന വ്യവഹാരങ്ങളുമായി മുന്നോട്ടു പോകുന്ന വിദ്യാർഥി മണ്ഡലത്തെ വിഭാഗീയ വാദികളായി മുദ്ര കുത്തുകയും സ്റ്റീരിയോടൈപ്പിംഗിനു വിധേയമാക്കുകയും ചെയ്യുന്ന രീതികളെ താങ്കൾ എങ്ങനെ വിഷകലനം ചെയുന്നു?
Ans: ഐശ്വരി കുമാർ: ജാതി വിരുദ്ധതയും കൊളോണിയൽ വിരുദ്ധതയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നമ്മൾ മനസ്സിലാക്കേണ്ടത് അത് ജാതി വിരുദ്ധ ചിന്തകളെ പൂർണമായും വിപ്ലവാത്മകമായാണ് കണ്ടിരുന്നത് എന്നാണു. കൊളോണിയലിസ്റ്റ് വിരുദ്ധതയെ ശക്തിപ്പെടുത്തുന്ന വിപ്ലവ ധാരയായിട്ടാണ് ജാതി വിരുദ്ധ ചിന്തകൾ അടയാളപ്പെടുത്തപ്പെട്ടിരുന്നത് എന്ന് പറയുന്നതാകും കൂടുതൽ ശരി. നിങ്ങൾക്ക് അംബേദ്കറെ പോലെ ജാതി വിരുദ്ധ പോരാളിയും ഭരണഘടനാ പടുവുമാകാം. പക്ഷെ വിശാലമായ അർഥത്തിൽ കൊളോണിയൽ വിരുദ്ധ സമരത്തിൽ മേൽകൈ എന്നൊരു പ്രഹസനമുണ്ട്. കൊളോണിയൽ വിരുദ്ധ സമരത്തിന്റെ ഇന്ധനം ദേശീയ പരമാധികാരം എന്ന സങ്കൽപവും സ്വപ്നവുമാണ്. ദേശീയ സ്വാതന്ത്ര്യത്തിനും അപ്പുറമുള്ള സ്വാതന്ത്ര്യം എന്ന സ്വപ്നമാണ് ജാതി വിരുദ്ധ സമരത്തിന്റെ കാലാകാലങ്ങളായുള്ള മണ്ഡലം. ഒരു പ്രത്യേക ഘട്ടത്തിൽ ഈ പാരമ്പര്യം, കൊളോണിയൽ വിരുദ്ധ ചിന്തയുടെ പ്രധാന ആവലാതികളെ ചോദ്യം ചെയ്തു തുടങ്ങി. ജാതി വിരുദ്ധ ചിന്ത ദേശീയതയെ മുൻനിറുത്തിയുള്ള ആഖ്യാനങ്ങളുടെ പൂരകമായി നിലകൊണ്ടു. ദേശീയതയെ കുറിച്ചുള്ള ഒരു നിരൂപണം എന്നതിനുമപ്പുറത്ത്, രാഷ്ട്ര ഘടനയുടെ സാമൂഹിക വിമർശനം സൃഷ്ടിക്കുന്ന ഒന്നായി ജാതി നിരൂപണം വികസിച്ചു. അംബേദ്കറുടെ രാഷ്ട്രീയ വീക്ഷണത്തെ വളരെ മൗലികമായി രൂപപ്പെടുത്തുന്ന, വേറിട്ട ഒന്നായിരുന്നു അദ്ദേഹത്തിന്റെ ജാതിയെ കുറിച്ചുള്ള വീക്ഷണം. ഇത് കേവലം ഒരു പരിഷ്കരണ വാദമായിരുന്നില്ല.
അംബേദ്‌കർ ലക്ഷ്യം വച്ചത് കേവല പരിഷ്കരണത്തെ ആയിരുന്നില്ല, മറിച്ച് രാഷ്ട്ര ഘടന, പരമാധികാരം, രാഷ്ട്രീയ അധികാരം, അതിന്റെ പ്രവർത്തന രീതി, ജാതിയിലൂടെ അതിന്റെ നുഴഞ്ഞു കയറ്റം തുടങ്ങിയ കാതലായ ആശയങ്ങളെ മുൻനിറുത്തി ഒരു രാഷ്ട്രീയ വിമർശനം ഉയർത്തി കൊണ്ട് വരികയായിരുന്നു അംബേദ്‌കർ ചെയ്തത്. അംബേദ്‌കറെ പോലുള്ള ഒരു ചിന്തകൻ രാഷ്ട്ര ഘടനയെ നിരൂപണം ചെയ്യാൻ ഒരു പദ സഞ്ചയം നിർമ്മിക്കുന്നുണ്ട്, അല്ലെങ്കിൽ അതിനു വേണ്ടി ശ്രമിക്കുന്നുണ്ട്. എന്നാൽ ദേശീയതയാകട്ടെ അതിനെ നേരിടാൻ ശ്രമിക്കുന്നത് വിഭാഗീയത അല്ലെങ്കിൽ മേലാളൻ രീതിയിൽ മാത്രമാണ്. അംബേദ്കറുടെ രാഷ്ട്രീയ യുക്തികളും വിമർശനങ്ങളും വിഭാഗീയമായാണ് പരിഗണിക്കപ്പെട്ടത്. ഇപ്പോൾ വിദ്യാർത്ഥി സമൂഹത്തിൽ നടക്കുന്ന ജാതി വിരുദ്ധ അണിചേരലും അങ്ങനെയാണ് പരിഗണിക്കപ്പെടുന്നത്. അതിൻ്റെ മൗലിക കാരണം ഈ ആദിപാപത്തിന്റെ വേരുകൾ കിടക്കുന്നത് ഇന്ത്യൻ ദേശീയതയിലാണ് എന്നതാണ്. രാഷ്ട്രീയ പരമാധികാരത്തെ കുറിച്ചുള്ള ആശയം അംബേദ്‌കർ നിർണയിക്കുന്നതിന്റെ ആശയപരമായ അടിസ്ഥാനം വിശാലമായ സ്വാതന്ത്ര്യം എന്ന സങ്കല്പമാണ്. ദേശീയത ഈ ആശയത്തെ കണ്ടത് ഒരു രീതിയിലുള്ള അപരനായാണ്. ഈ അർത്ഥത്തിൽ ദേശീയതയുടെ അപരനായിരുന്നു ഈ ആശയം. അംബേദ്‌കർ കൊളോണിയൽ വിരുദ്ധ ചിന്തയിലും ജാതി വിരുദ്ധ ചിന്തയിലും ഒരു തരം വിരോധാഭാസം സൃഷ്ടിക്കുന്നതായി കാണാം. ഒരു തരത്തിൽ അദ്ദേഹം മാത്രമായിരുന്നു സാർവ്വ ലൗകിക സൗഭ്രാത്ര ചിന്തകൻ. മറ്റൊരർത്ഥത്തിൽ വിഭാഗീയ ചിന്തകൻ. ദേശീയ പരമാധികാരത്തെ വിമർശന വിധേയമാക്കുന്ന വിദ്യാർത്ഥി സംഘടനകൾ, ജാതി വിരുദ്ധ വിദ്യാർത്ഥി സംഘടനകൾ, ദളിത് വിദ്യാർത്ഥി സംഘടനകൾ, വിഭാഗീയം എന്ന് ചിത്രീകരിക്കപ്പെടുന്നതിന്റെ അർഥം അവർ വിപ്ലവകരമായ ആശയത്തെ മുന്നോട്ടു കൊണ്ട് പോകുന്നു എന്നാണ്.
ചോദ്യം: താങ്കൾ പലപ്പോഴും അംബേദ്കറെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. താങ്കളുടെ വീക്ഷണത്തിൽ എന്താണ് നിർമൂലനം (annihilation ). അംബേദ്‌കർ എങ്ങനെയാണ് അതിനെ കണ്ടത്? ഗാന്ധി- അംബേദ്‌കർ ജാതി വ്യവഹാരങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും?
ഉത്തരം: അംബേദ്കറെ സംബന്ധിച്ച് നിർമൂലനം എന്നത് മൂന്നു സംഗതികളാണ്. പ്രഥമവും പ്രധാനവുമായി അതൊരു ശക്തിയാണ്. അത് രാഷ്ട്രീയമായി നിർമ്മാണാത്മകമാണ്. ഘടനയേയും നടപടിക്രമങ്ങളെയും തകർക്കുന്ന ഒന്നാണത്. മനുഷ്യ ബോധ മണ്ഡലത്തെ ചുറ്റി നിൽക്കുന്ന അടിമവത്കരണത്തിന്റെ നൂൽ കുരുക്കുകളാണത്. അംബേദ്കറെ സംബന്ധിച്ച് നിർമൂലനം എന്നത് ഉപാധി രഹിതമായ ശക്തിയാണ്. നശീകരണം (destruction എന്നതിനപ്പുറം നിർമൂലനം (annihilation) എന്ന പദം ആണ് അംബേദ്‌കർ ഉപയോഗിക്കുന്നത്. പുസ്തകത്തിന്റെ തലക്കെട്ട് അതാണെങ്കിലും പുസ്തകത്തിൽ നശീകരണം (destruction) എന്ന വാക്കുപയോഗിക്കുന്നുണ്ട്. കാരണം ആ ശക്തി മാലിന്യ രഹിതമായിരിക്കണം. നിർമൂലനം എന്നത് ഉപാധികളില്ലാത്ത ശക്തിയായിരിക്കണം. മർദിതർ ഇപ്പോൾ അവരുടേതാണെന്നു മനസ്സിലാക്കുന്ന അവരിൽ നിന്ന് അന്യവത്കരിക്കാൻ പറ്റാത്ത ഒരു വിശേഷണമാണത്. രണ്ടാമതായി അദ്ദേഹം നിർമൂലനത്തെ കാണുന്നത് തിരസക്കരണമായാണ്. അനിഹിലേഷൻ എന്ന പദം തന്നെ ഇല്ലായ്മ എന്നാണ് അർത്ഥമാക്കുന്നത്. അനിഹിലേഷൻ എന്ന വാക്കു വരുന്നത് നിഹിലിസം എന്നതിൽ നിന്നാണ് എന്ന് ഓർക്കേണ്ടതുണ്ട്. ശൂന്യത പാരമ്പര്യവുമായി അംബേദ്കർക്കുള്ള ബന്ധത്തെ കുറിച്ച് എത്ര വേണമെങ്കിലും സംവദിക്കാവുന്നതാണ്. മറ്റൊരിടത്തു ഞാൻ അത് പറഞ്ഞിട്ടുണ്ട്. ഈ കാലത്തു നമ്മൾ മനസ്സിലാക്കേണ്ടത് നിർമൂലനം എന്നത് കേവലം വിനാശകാരിയായ ഒരു ശക്തി അല്ല, മറിച്ചു മർദിത ജനതക്ക് സ്വന്തം കാലിന്മേൽ നിൽക്കാനുള്ള ശക്തി നൽകുന്ന, അസത്യത്തെ നിരാകരിക്കാൻ ശക്തി നൽകുന്ന, ഒരു ധാർമിക ശക്തി ആണ് എന്നതാണ്. സത്യം എന്ന ആശയത്തിനുള്ള ആദരാഞ്ജലിയും സ്മാരക വാക്യവുമാണ് ജാതി നിർമൂലനം എന്നുള്ളത്. എന്നുവെച്ചാൽ സത്യത്തെ സത്യമായി കാണുക. ശ്രേണിവൽകൃത അസമത്വത്തിലധിഷ്ഠിതമായ ഒരു ലോക ക്രമത്തെ തളളിക്കയുക എന്നതാണ് ഈ ആശയത്തിലൂടെ അംബേദ്കറിന് സാധ്യമായത്. അംബേദ്കറെ അടുത്ത് നിന്ന് വായിക്കുമ്പോൾ മനസ്സിലാകുന്നത്, ജാതി നിർമൂലനം ഒരു ശക്തിയാണ്, നിരാകരണമാണ്, ക്ലാസിക്കൽ രീതിയിൽ ദാർശനികമായി പറയുകയാണെങ്കിൽ ശക്തിയാണ്, പുറത്തു കടക്കലാണ്, ഉത്തരവാദിത്തമാണ്. ജാതി നിർമ്മൂലനം എന്നുള്ളത് അദ്ദേഹത്തിന് ഒരു ഉത്തരവാദിത്തമായിരുന്നു എന്നാണ്.
ചോദ്യം: അംബേദ്‌കറെ വളരെ പ്രധാനപ്പെട്ട ഒരു ചിന്തകൻ എന്ന രീതിയിൽ താങ്കൾ എങ്ങനെയാണ് കാണുന്നത്. ഒരഭിമുഖത്തിൽ താങ്കൾ പറഞ്ഞത് അംബേദ്‌കർ വളരെ മൗലികനാണ്, കാരണം അദ്ദേഹം ഒരു ഭരണഘടനാ വിദഗ്ധനാണ് (constitutionalist) എന്നാണ്. അത് കുറച്ചു വിപുലീകരിക്കാമോ ?
ഉത്തരം: അംബേദ്‌കർ തന്റെ ജീവിതത്തിൽ നടത്തിയ ഏറ്റവും ഉജ്ജ്വലമായ പ്രഭാഷണങ്ങളിൽ ഒന്ന് ഭരണഘടന നിർമാണ സഭയിൽ, അതിൻ്റെ ചർച്ചകളുടെ അവസാനത്തിൽ നടത്തിയ പ്രഭാഷണമാണ്. അംബേദ്‌കർ ഉയർത്തിയ പ്രധാന ചോദ്യം, ഇന്ത്യ സ്വതന്ത്ര്യമാണോ എന്നതായിരുന്നില്ല, മറിച്ചു സ്വതന്ത്ര്യമായി നില കൊള്ളുമോ എന്നതായിരുന്നു. അദ്ദേഹത്തിന്റെ ചോദ്യം നമ്മുക്ക് നമ്മുടെ സ്വാതന്ത്ര്യം പരിരക്ഷിക്കാൻ കഴിയുമോ അതല്ല വീണ്ടും നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുമോ എന്നതായിരുന്നു. ഞാൻ മനസ്സിലാക്കുന്നത് അംബേദ്കറുടെ സവിശേഷമായ ഒരു ശക്തി, ഇന്ത്യയിലെ മർദനോപാധിയായി മാത്രമല്ല, ജാതിയുടെ വളരെ സങ്കീർണമായ തലങ്ങളെ കുറിച്ച് മനസ്സിലാക്കിയിരുന്നത്; അത് സമാനതകളില്ലാത്ത ആധിപത്യ വ്യവസ്ഥയാണ്, സമാനതകളില്ലാത്ത ക്രൂരതയുടെ രൂപമാണ്, മറ്റു പ്രദേശങ്ങൾ പ്രസ്തുത ക്രമത്തിന്റെ രീതി ഇവിടെ നിന്ന് മനസ്സിലായായിരുന്നു എന്നീ നിരീക്ഷണങ്ങളായിരുന്നു. അംബേദ്കറെ സംബന്ധിച്ചിടത്തോളം വ്യത്യസ്ത ആധിപത്യ രൂപങ്ങളിൽ ഒന്നല്ല ജാതി. മറിച്ചു സമാനതകളില്ലാത്ത ആധിപത്യവും ക്രൂരതയുമാണത്. ജാതിയെ കുറിച്ചുള്ള ഈ മൗലികമായ കാഴ്ച്ചപ്പാട് ജനാധിപത്യത്തിന് സംഭവിക്കാൻ പോകുന്ന ദുരന്തങ്ങളെ കുറിച്ച്, മറ്റു ചിന്തകർക്കു കഴിഞ്ഞില്ലെങ്കിലും, അംബേദ്കറിന് മുന്നേ കാണാൻ കഴിഞ്ഞു. ഈ അർത്ഥത്തിൽ അംബേദ്കറിന് മാത്രമാണ് അത് കാണാൻ കഴിഞ്ഞത്. ആധുനിക ഭരണഘടന, രാഷ്ട്രമീമാംസ ചിന്തകളിൽ ഭൂരിപക്ഷം എന്നത് അംബേദ്കർ മാത്രം കണ്ട ഒരു പ്രശ്നമാണ്. നാല്പതുകളിൽ ജനാധിപത്യം, ഏകാധിപത്യം എന്നിവയുടെ ചർച്ചകളൊക്കെ കറങ്ങിയിരുന്നത് ന്യൂനപക്ഷം, രാഷ്ട്രമില്ലാത്ത ജനത എന്നീ പ്രശ്നങ്ങളിൽ ആയിരുന്നു. ഹെന്ന ആരെൻഡിൻ്റെ Origins of Totalitarianism പോലുള്ള ഗ്രന്ഥങ്ങൾ അമേരിക്കൻ രാഷ്ട്രീയ ചിന്തകളിൽ നിന്ന് വരുന്നത് നാല്പതുകളിലും അമ്പതുകളിലുമാണ്. ലോകത്തു തന്നെ ആദ്യമായി അംബേദ്‌കറാണ് ജനാധിപത്യത്തിനും ജനാധിപത്യമെന്ന ആശയത്തിനും ഭൂരിപക്ഷം എന്നത് ഉണ്ടാക്കിയേക്കാവുന്ന പ്രശ്നത്തെ വ്യതിരിക്തമായി ദാർശനിക തലത്തിൽ നോക്കിക്കണ്ടത്. അംബേദ്കറെ കാലാതിവർത്തിയായ ചിന്തകനായി, പ്രവചന സ്വഭാവമുള്ള ചിന്തകനായി ഞാൻ കാണാൻ കാരണം അദ്ദേഹം ഭൂരിപക്ഷം എന്ന പ്രേതം ജനാധിപത്യ സംസ്കാരത്തിൻ്റെയും ആധുനിക ജനാധിപത്യ മനോഭാവത്തിൻ്റെയും ഒഴിയാ ബാധയായി തുടരുക എങ്ങനെയായിരിക്കും എന്നത് മുൻകൂട്ടി കണ്ടു എന്നതാണ്. ഈ പ്രേതത്തെ യുവാവായ അംബേദ്‌കർ വിളിച്ചിരുന്നത് മനുവിന്റെ പ്രേതം എന്നാണ്. അദ്ദേഹത്തിന് ഭരണഘടന എന്നത് നമ്മളൊക്കെ കൂട്ടമായി ഒരു ഉത്തരവാദിത്ത നിർവഹണത്തിന് വേണ്ടി അണി ചേരുന്നു എന്നതാണ്. നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള നമ്മുടെ ഉത്തരവാദിത്തം ഒരേ പോലെ ചെയ്യുമെന്നാണ് അതിന്റെ ആശയം.
നമ്മൾ സമമായി സ്വാതന്ത്ര്യം പങ്കു വെക്കുമ്പോൾ മാത്രമാണ് നമുക്ക് സ്വാതത്ര്യം ഉണ്ടെന്നു പറയാൻ സാധിക്കുകയുള്ളൂ. എന്നുവെച്ചാൽ സമത്വം ഇല്ലെങ്കിൽ സ്വാതന്ത്ര്യം പൂർണമാകുകയില്ല, സ്വാതത്ര്യം ഉണ്ടാവുകയില്ല. ആ അവസ്ഥയിൽ ഭരണഘടനക്ക് ജനാധിപത്യത്തെ സംരക്ഷിക്കുക സാധ്യമല്ല. ഭരണഘടനക്ക് ജനാധിപത്യത്തെ രക്ഷിക്കാൻ കഴിയണമെങ്കിൽ ആദ്യമായി ഭരണഘടനയെ രക്ഷിക്കുന്ന ജനങ്ങളുണ്ടാകണം. അംബേദ്ക്കറുടെ ഭരണഘടന ദർശനവും ഭരണഘടന സിദ്ധാന്തവും വളരെ മൗലികമാണ്. നിയമത്തിലും വകുപ്പുകളിലും വിശ്വാസമർപ്പിക്കുന്നതിനു പകരം, ജനങ്ങളിലും രാഷ്ട്രത്തിന്റെ പൗര സഞ്ചയത്തിലുമാണ് അത് വിശ്വാസമർപ്പിക്കുന്നത്. ജനങ്ങളാണ് ഭരണഘടന സജീവമാക്കേണ്ടതും പ്രസക്തമാക്കേണ്ടതും.
ഇതിനെ അദ്ദേഹം ഭരണഘടനാ ധാർമികത എന്നാണ് വിളിക്കുന്നത്. നമ്മൾ ഈ ഭരണഘടനയെ സജീവമാക്കേണ്ടതുണ്ട്. ആദ്യം നാം നമ്മുടെ ഭരണഘടനയെ സംരക്ഷിക്കേണ്ടതുണ്ട്, അപ്പോൾ ഭരണഘടനക്ക് ജനാധിപത്യ റിപ്പബ്ലിക്കിനെ സംരക്ഷിക്കാൻ കഴിയും. ഈ അർത്ഥത്തിലാണ് ധാർമികതയെ രാഷ്ട്രീയ വിഷയമായി അംബേദ്‌കർ അവതരിപ്പിക്കുന്നത്, ഒരു നിയമ പ്രശ്നമായല്ല. ഈ ഭരണഘടനാ സംരക്ഷണ രീതി ഒരു വിപ്ലവകരമായ അടിയന്തര ആവശ്യമായി പരിഗണിക്കാതെ അതിനെ കുറിച്ച് ചിന്തിക്കുക അസാധ്യമാണ്. അദ്ദേഹം ഒരു ഭരണ ഘടന വാദിയായതു, ഞാൻ നേരത്തെ പറഞ്ഞതു പോലെ ഒരു വിപ്ലവകാരിയായിരുന്നു കൊണ്ടാണ്.
ചോദ്യം: സാധാരണ രീതിയിൽ, അംബേദ്കറുടെ ബുദ്ധമതത്തിലേക്കുള്ള മത പരിവർത്തനം രാഷ്ട്രീയത്തിൽ നിന്ന് വളരെ വിദൂരമായ സംഗതിയായാണ് മനസ്സിലാക്കുന്നത്. അതൊരു രാഷ്ട്രീയ പുനരുത്ഥാനമാണോ അല്ല മറ്റു വല്ലതുമാണോ? താങ്കൾ എങ്ങിനെ നോക്കിക്കാണുന്നു.
ഉത്തരം: 1956-ലെ മത പരിവർത്തനത്തെ ഞാൻ കാണുന്നത് ജാതി നിർമൂലനത്തിന്റെയും, അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് ആയ ബുദ്ധനും അദ്ദേഹത്തിന്റെ ധർമവും എന്ന ഗ്രന്ഥത്തിന്റെ പാതയിലുമുള്ള വളരെ ശക്തമായ ഒന്നായിട്ടാണ്. അവയെല്ലാം അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പൈതൃകത്തിൽ തന്നെയുള്ള സംഗതിയാണ്. ജാതി നിർമൂലനത്തിൽ അദ്ദേഹത്തിന്റെ മത വീക്ഷണം മതത്തെ ദോഷൈകദൃക്കോടെ നോക്കുന്നതായിട്ടാണ് കരുതപ്പെടുന്നത്. ബുദ്ധിസത്തിലേക്കു മടങ്ങി 1956-ൽ മത പരിവർത്തനം ചെയ്യുമ്പോൾ ഒരു തരം പൗര മതത്തിലേക്ക് മാറുകയാണ് അദ്ദേഹം ചെയ്തത്. ജാതിയുടെ നശീകരണ ശക്തിയെ പ്രതിരോധിക്കുന്നതിൽ ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ ശക്തിയിലുള്ള നിരാശയാണ് അംബേദ്കർ ബുദ്ധമതത്തിലേക്കു പരിവർത്തനം ചെയ്യാൻ കാരണമെന്ന ധാരണ കുറച്ചു പ്രശ്നം സൃഷ്ടിക്കുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. ആ ധാരണ പൂർണമല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കാരണം മത പരിവർത്തനം ഒരു പൗര മതമല്ല, മത നിരപേക്ഷ കാർഡുമല്ല. മത പരിവർത്തനം ഒരു രാഷ്ട്രീയ പ്രകാശനമാണ്, അതിനെ നമുക്ക് അംബേദ്കറുടെ റാഡിക്കൽ നാസ്തികത എന്ന് വിളിക്കാം. അടുത്തിടെ Practicing Caste എന്ന ഗ്രന്ഥത്തിൽ അനികേത് ജാവാരെ ഈ കാര്യം ഭംഗിയായി കൈകാര്യം ചെയ്യുന്നുണ്ട്. അനികേത് ജാവാരെ പറയുന്നത് പരിവർത്തനം ഒരു മതകീയ പ്രവർത്തി തന്നെയാണ് എന്നാണ്. എന്ത് കൊണ്ടാണ് നാസ്തികത അംബേദ്കറുടെ മനസ്സിലൂടെ ഒരിക്കലും കടന്നു പോകാഞ്ഞത് എന്നും ചിന്തിക്കേണ്ടതുണ്ട്. ഞാൻ മനസ്സിലാക്കുന്നത് അനികേത് തെറ്റായ രീതിയിലാണ് അതിനെ എടുത്തതെന്നാണ്.
ഞാൻ മനസ്സിലാക്കുന്നത്, അംബേദ്കറിന് മത പരിവർത്തനം ഒരിക്കലും മതകീയ രാഷ്ട്രീയത്തിന്റെ പ്രകാശനമായിരുന്നില്ല എന്നാണ്. അത് കേവലം സ്റ്റേറ്റിനെ കുറിച്ചുള്ള നിരാശയുടെ ഒരു പ്രകാശനം ആയിരുന്നില്ല. മറ്റൊരു പ്രശ്നം സമത്വം പ്രകാശിപ്പിക്കുന്ന സമൂഹം അല്ലെങ്കിൽ സമന്മാരുടെ ഒരു സമൂഹം ഉണ്ടാകുക സഹോദര്യത്തിലൂടെയാണ്, അല്ലാതെ നിയമങ്ങളിലൂടെയല്ല. അപ്പോൾ മതം മാറ്റം എന്നത് അംബേദ്കറുടെ മതത്തിലേക്കുള്ള തിരിച്ചു പോക്കല്ല, മത നിരപേക്ഷ രാഷ്ട്രീയത്തിന്റെയോ പൗര മതത്തിന്റെയോ പ്രകാശനവുമല്ല. അത് അംബേദ്കറുടെ radical atheism – ത്തിന്റെ പ്രകാശനമായിരുന്നു. അദ്ദേഹത്തിന്റെ വിശ്വാസം ഏതു സമൂഹവും ഒരു മൗലിക സത്യത്തിലാണ് നങ്കൂരമിടേണ്ടത്, ആ സത്യം എന്താണെന്ന് വെച്ചാൽ അതിന്റെ തന്നെ ലക്ഷ്യത്തിൽ. (finitude). നമ്മൾ ഈ ലോകത്തിലാണ് ജീവിക്കുന്നത് എന്ന് മനസ്സിലാക്കുമ്പോളാണ് നമ്മൾ രാഷ്ട്രീയ പ്രവർത്തകന്മാരാണെന്നും, രാഷ്ട്രീയ പ്രതിനിധികളാണെന്നും മനസ്സിലാക്കുക. ഈ അർത്ഥത്തിൽ പരിവർത്തനം അതിഭൗതികമാണ്, അതൊരു നാസ്തികതയുമാണ്.
ചോദ്യം: ഒരിക്കൽ താങ്കൾ പറഞ്ഞത് അംബേദ്കർ ഒരു താരാ പഥം ആണെന്നാണ്, ഒന്നിൽ മാത്രം ഒതുക്കുക സാധ്യമല്ലായെന്നു. ഒന്ന് വിശദമാക്കാമോ?
ഉത്തരം :നീഷേയും അംബേദ്കറും വളരെ ഭ്രമിപ്പിക്കുന്ന വ്യക്തികളാണ്. താങ്കൾ ഈ ചോദ്യം അവസാനിപ്പിക്കുന്നത് നീഷേയിൽ ആണെന്നത് എന്നെ ത്രില്ലടിപ്പിക്കുന്നുണ്ട്. കാരണം, അംബേദ്‌കർ ഈ വലിയ ഉത്കണ്ഠയും ബോധവും നീഷേയുമായി പങ്കുവെക്കുന്നുണ്ട്. മരണാനന്തരം തന്റെ കൃതികൾ ആഘോഷിക്കപ്പെടുമെന്നു മനസ്സിലാക്കിയ വ്യക്തിയാണ് നീഷേ. വളരെ നാടകീയതയുള്ള, ചിലപ്പോൾ ഭ്രമാത്മകമായ, തത്വശാസ്ത്രങ്ങളെ വിമർശിക്കുന്ന വ്യക്തിയാണ് അംബേദ്‌കർ, കാരണം തന്റെ തത്ത്വശാസ്ത്രം തത്ത്വശാസ്ത്രത്തിനും തത്ത്വശാസ്ത്ര വ്യവഹാരങ്ങൾക്കും എന്ത് ഫലമാണ് നൽകുക എന്ന് മനസ്സിലാക്കാൻ തത്ത്വശാസ്ത്രജ്ഞർ കുറേ സമയമെടുക്കും. സമ്പൂർണ ശൂന്യത വാദത്തോട് ഒരു തരത്തിൽ ചേർച്ചയുണ്ട് ഹിന്ദുയിസത്തിനു എന്ന് മനസ്സിലാക്കിയ ഒരേ ഒരു വ്യക്തിയാണ് അദ്ദേഹം. അതൊരു പ്രത്യേക വ്യവസ്ഥയാണ്, വാക്കുകൾക്കു അർഥം നഷ്ടപ്പെടുന്ന, ധാർമിക നങ്കൂരം നഷ്ടപ്പെടുന്ന വ്യവസ്ഥ. ഒരു പ്രത്യേക അവസ്ഥയിൽ സത്യവും അസത്യവും തമ്മിൽ വേർതിരിക്കാനാവാത്ത അവസ്ഥ വരെ സംജാതമാകാം. ഒരു പ്രത്യേക ജാതിയിൽ ജനിച്ചു എന്ന കാരണത്താൽ പ്രത്യേക പരിരക്ഷയുള്ളവർ സംരക്ഷിക്കാൻ ശ്രമിച്ചാൽ ഏതു കാര്യവും മുന്നോട്ടു കൊണ്ടു പോകാൻ കഴിയുന്ന ഒരു വ്യവസ്ഥയാണത്.
അങ്ങനെ നോക്കുമ്പോൾ നീഷേയുടെ പ്രതിപക്ഷത്താണ് അദ്ദേഹം. നീഷേയുടെ ഹിന്ദുയിസത്തെയും നിഹിലിസത്തെയും കുറിച്ചുള്ള വീക്ഷണത്തിൽ നിന്ന് അദ്ദേഹം അകലം പാലിക്കുന്നുണ്ട്. മതത്തോട് രുചിരാഹിത്യം കാണിക്കുന്നതിൽ രണ്ടു പേരും ഒരു പോലെയാണ്. അവർ രണ്ടു പേരും പ്രകടിപ്പിച്ച ആശയത്തെ കുറിച്ചു ചിന്തകന്മാർ ചർച്ച ചെയ്യട്ടെ എന്ന നിലപാടാണ്. ഈ അർത്ഥത്തിൽ താങ്കൾ ചൂണ്ടിക്കാണിച്ച പോലെ ഒരു നീഷിയൻ അംബേദ്‌കർ ഉണ്ട്. അതെ പോലെ ഒരു ഹോബ്സിയൻ അംബേദ്കറുമുണ്ട്.. ഇരുപതുകളുടെ അവസാന പാദത്തിലും മുപ്പതുകളുടെ ആദ്യവും ഇംഗ്ലീഷ് ഭരണഘടനയെ കുറിച്ച് ബോംബെ പ്രസംഗ പരമ്പര തന്നെ അംബേദ്‌കർ നടത്തുന്നുണ്ട്. ആ സാഹചര്യത്തിൽ അംബേദ്‌കർ ഉദ്ധരിക്കുന്ന രണ്ടു ചിന്തകന്മാരുണ്ട്. ഒരാൾ ലിബറലും മറ്റൊരാൾ യാഥാസ്ഥിതിക വാദിയുമാണ്. അവർ ജോണ് സ്റ്റുകാർഡ് മില്ലും എഡ്മണ്ട് ബെക്കുമാണ്. എന്നാൽ ഇംഗ്ലീഷ് പാരമ്പര്യത്തിൽ നിന്ന് അംബേദ്‌കർ ദിശാബോധത്തോടെ ഉദ്ധരിക്കുന്ന രണ്ടു ചിന്തകർ തോമസ് ഹോബ്‌സും ലേവയാത്തനും ആണ്. അംബേദ്‌കർ ശിക്ഷയെ കുറിച്ചുള്ള ലെവയാത്തന്റെ ഒരു അധ്യായം പ്രത്യേകമായി ഉദ്ധരിക്കുന്നുണ്ട്. ലെവയാത്തന്റെ അംബേദ്‌കർ വായന എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇങ്ങിനെയാണ് അംബേദ്‌കർ കാര്യങ്ങളെ പരിശോധിക്കുന്നത്, കുഴിച്ചെടുക്കുന്നതു. അദ്ദേഹം ചിലപ്പോൾ തന്റെ കൃതികളെ പുരാവസ്തു ഗവേഷണമാണെന്നു പറയാറുണ്ട്. പരമാധികാരം, ശിക്ഷ, ജാതി എന്നിവ തമ്മിലുള്ള ബന്ധം അദ്ദേഹം പര്യവേക്ഷണം നടത്തുന്നു. അപ്പോൾ ഒരു ഹോബ്സിയൻ അംബേദ്‌കർ ഉണ്ട്, നീഷേയൻ അംബേദ്‌കർ ഉണ്ട്. മാധ്യമിക പാരമ്പര്യത്തിലുള്ള അംബേദ്കറുമുണ്ട്. ശൂന്യത വാദത്തെ അപഗ്രഥിക്കുന്ന ഒരു ജ്ഞാന സൈദ്ധാന്തികനുമുണ്ട്. രാഷ്ട്രീയ സൈദ്ധാന്തികനായ അംബേദ്കറെയും സ്നേഹ സൈദ്ധാന്തികനായ അംബേദ്കറെയും കാണാം. സ്നേഹത്തെ കുറിച്ച് വളരെ വ്യത്യസ്ത ധാരണയുള്ള ഒരാളാണ് അംബേദ്‌കർ, കാരണം ശാത്രവമുള്ള സമൂഹങ്ങൾ എങ്ങിനെയാണെന്ന് അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ട്. അവസാനമായി അദ്ദേഹം പറയുന്നത്, ഇന്ത്യ ഒരു ജാതിയല്ല, ഇന്ത്യ ഒരു സാമൂഹമല്ല, അത് ശാത്രവങ്ങളുടെ കൂട്ടായ്മയാണ്. ഇങ്ങനെ വൈവിധ്യമാർന്ന അംബേദ്കറുകളുണ്ട്. മാധ്യമിക അംബദ്കറെകാൾ ഇന്ത്യയെ ഇന്ന് സമ്പുഷ്ടമാക്കുന്ന മറ്റൊരു അംബേദ്‌കർ ഇല്ല.
ചോദ്യം: ഗാന്ധിയെയും അംബേദ്കറെയും ദേശീയ ബിംബങ്ങളായി പല പണ്ഡിതരും കണക്കാക്കുന്നുണ്ട്. ഇന്ത്യയാകട്ടെ ഒരു പിടി പ്രാദേശിക ഇടങ്ങളുള്ള ഒന്നാണ്. ഒരു തെന്നിന്ത്യൻ എന്ന നിലയിൽ ഞങ്ങൾ അടുത്ത് നിൽക്കുന്നത് പെരിയാർ, ശ്രീ നാരായണ ഗുരു, സഹോദരൻ അയ്യപ്പൻ എന്നിവരോടാണ്. ഇവരൊക്കെ വേറെ രീതിയിൽ ചിന്തിക്കുന്നവരാണ്, മറ്റൊരു രീതിയിൽ സംഭാവന നൽകുന്നവരാണ്. അപ്പോൾ എന്താണ് പ്രയാണ മാർഗം. ഗാന്ധി അംബേദ്‌കർ എന്നെ ഏകശില ചിന്തയിൽ നിന്ന് മുന്നോട്ടു പോകാൻ കഴിയുമോ?
ഉത്തരം: തീർച്ചയായും നമ്മൾ മുന്നോട്ടു പോകണം. ഗാന്ധിയെയും അംബേദ്കറെയും മാത്രം ചിന്തിക്കുമ്പോൾ എനിക്ക് തോന്നുന്നത് നാം ഒരു പ്രത്യേക ജ്ഞാന മാതൃകയിൽ കുടുങ്ങിപ്പോവുകയാണ് എന്നാണ്. ഈ മാതൃകയിൽ നമ്മൾ കുറച്ചു പ്രധാന ചിന്തകരെ തിരഞ്ഞെടുത്തു ഇന്ത്യൻ പാരമ്പര്യത്തിന്റെ സമ്പന്നതയെയോ കുറവുകളെയോ കാണിക്കുകയാണ്. അദ്ദേഹത്തിന്റെ ചിന്താ രാജിയെയും അതിന്റെ ആർകൈവിനെയും കുറിച്ച് ചിന്തിക്കുമ്പോൾ, വിശേഷിച്ചും ജാതിചിന്ത, അതിൽ നിന്ന് കുതറി മാറാൻ ശ്രമിക്കുന്നത് കൊളോണിയൽ വിരുദ്ധ പോരാട്ടത്തിന്റെ അവസാന വാക്കു ഇന്ത്യൻ ദേശീയ രൂപമാണ് എന്ന് പറഞ്ഞവസാനിപ്പിക്കലാണ്. ചുമരിൽ ഇന്ത്യൻ ദേശീയതയുടെ അവസാന രൂപം നമ്മൾ കാണുന്നു. എല്ലാം തീരുമാനിച്ചുറച്ചു കഴിഞ്ഞു, ഇനി ചിന്തിക്കാനൊന്നുമില്ല, മറ്റൊരു ചിന്താ രാജിയും സാധ്യമല്ല, എല്ലാം വ്യവസ്ഥിതിക്കുള്ളിൽ ഒതുങ്ങി നിൽക്കണം എന്ന രീതി യോഗ്യമല്ല. അങ്ങിനെയുള്ള ചിത്ര മാതൃകകളെ എത്ര ശക്തമായാണ് അംബേദ്‌കർ വലിച്ചെറിഞ്ഞത്. പുതിയൊരു വഴി തുറന്നു വെച്ചത്.
തുടരും….