Campus Alive

വിമർശനം, സ്വാതന്ത്ര്യം, മതനിന്ദ: തലാൽ അസദിനെ വായിക്കുമ്പോൾ

ആധുനികതയെ കൊളോണിയൽ ആധുനികതയായി തിരിച്ചറിഞ്ഞുകൊണ്ടുള്ള വീക്ഷണകോണുകൾ വികസിക്കുന്നതിലൂടെ മതങ്ങളെ ആധുനികവൽക്കരിക്കുക എന്ന പ്രവർത്തനത്തിലെ കൊളോണിയൽ യുക്തിയെ തിരിച്ചറിയാനും അതിനെ മറികടക്കാനും സാധിക്കും എന്നാണ് കരുതുന്നത്. ആധുനികതക്ക് തീർച്ചയായും ചില മൂല്യങ്ങൾ ഉണ്ട് എന്ന് സങ്കല്പിക്കുമ്പോൾ തന്നെ അനിഷേധ്യവും സാർവലൗകികവുമായ സംവിധാനമായി കണ്ട് അതിനെ വിമർശനാതീതമായി സ്വീകരിക്കുന്നത് അതിനകത്തെ കൊളോണിയൽ യുക്തിയെ തിരിച്ചറിയാൻ പറ്റാതെ പോകുന്നതിന്റെ ഭാഗമാണ്.

തലാൽ അസദിന്റെ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ‘അഭിപ്രായ സ്വാതന്ത്രം ദൈവനിന്ദ സെക്കുലർ വിമർശം’ എന്ന കൃതിയുടെ ചില പശ്ചാത്തല വായനക്കുള്ള ശ്രമമാണ് തുടർന്ന് നിർവഹിക്കപ്പെടുന്നത്.

“വിമർശനത്തെ കുറിച്ചുള്ള ഈ കുറിപ്പ് അവതരിപ്പിച്ചുകൊണ്ട് പാശ്ചാത്യ ചരിത്രത്തെക്കുറിച്ച് ജനങ്ങൾക്കുണ്ടായിരുന്ന വളരെ വ്യത്യസ്തമായ തിരിച്ചറിവുകൾക്ക് അടിവരയിടാനും ഈ തിരിച്ചറിവുകളെ മതേതര വിമർശനത്തിനും (സ്വാതന്ത്ര്യവും യുക്തിബോധവും) മതകീയ വിമർശനത്തിനും (അസഹിഷ്ണുതയും വിജ്ഞാന വിരോധവും) ഇടയിലെ വേർതിരിവുകൾ മാത്രമായി ചുരുക്കാനാവില്ലെന്ന് സൂചിപ്പിക്കാനാണ് ഞാൻ ശ്രമിക്കുന്നത്” – അസദ്

ആധുനിക വ്യവഹാരത്തിനകത്തെ സാർവലൗകികമെന്ന് നിർവചിക്കപ്പെട്ട മൂല്യങ്ങളിലെ ജ്ഞാനശാസ്ത്രപരമായ ഹിംസയെ തുറന്നുകാട്ടുന്ന ചില നിരീക്ഷണങ്ങളാണ് തലാൽ അസദ് തന്റെ ഈ പ്രബന്ധത്തിൽ മുന്നോട്ടു വെക്കുന്നത്. മതേതരത്വം, അഭിപ്രായ സ്വാതന്ത്ര്യം, ദൈവനിന്ദ തുടങ്ങിയവയിലെ മത – മതേതരത്വ നിർവചനങ്ങളും അത്തരം ദ്വന്ദ്വ നിർമാണത്തിലെ പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ട്, വിമർശന രഹിതമായി സ്വീകരിക്കപ്പെടുന്ന ഇത്തരം വ്യവഹാരങ്ങളുടെ പിന്നിലെ യുക്തിയെ അദ്ദേഹം ചോദ്യം ചെയ്യുന്നു. ലിബറൽ ജനാധിപത്യത്തിൽ അതിന്റെ മുഖമുദ്രയായി കരുതപ്പെടുന്ന അഭിപ്രായ സ്വാതന്ത്ര്യം, എങ്ങനെയാണ് മതത്തിന് മുകളിലുള്ള ആധിപത്യ സ്ഥാപനത്തിന്റെ ഭാഗമായി മാറുന്നത് എന്ന് അസദ് നിരീക്ഷിക്കുന്നു. മതേതരത്വത്തിന്റെ ഏതൊരു മത വിമർശനത്തിനകത്തും ഒരു അധീശ മതത്തിന്റെ സാന്നിധ്യത്തെ കണ്ടെത്താൻ സാധിക്കും. ഉദാഹരണമായി, ഇന്ത്യൻ പശ്ചാത്തലത്തിൽ മതേതരത്വം എന്നത് പലപ്പോഴും ബ്രാഹ്മണിസത്തിന്റെ മറ്റൊരു രീതിശാസ്ത്രമാണ്. നമ്മുടെ പൊതുമണ്ഡലത്തിലെ ചിഹ്നങ്ങൾ, സാംസ്കാരിക പ്രതീകങ്ങൾ തുടങ്ങിയവയിലൊക്കെ ബ്രാഹ്മണിക സാന്നിധ്യം വളരെ പ്രകടമാണ്. ലിബറൽ സെക്കുലർ വിമർശനങ്ങളൊക്കെ അഭിപ്രായ സ്വാതന്ത്രത്തിന്റെ ഭാഗവും മതകീയ വിമർശനങ്ങളൊക്കെ അസഹിഷ്ണുതയുടെയും പ്രതീകങ്ങളായി മനസിലാക്കപ്പെടുന്നിടത്ത് വിമർശനം എന്ന പ്രവർത്തിയിലെ ലിബറൽ ജനാധിപത്യത്തിന്റെ പരിമിതി വെളിപ്പെടുന്നു. അതോടൊപ്പം തന്നെ അതിനകത്തെ അധീശ മതവ്യവഹാരത്തെ കൂടി അത് തുറന്നുകാട്ടുന്നു. കേരളത്തിന്റെ മതേതര പൊതുമണ്ഡലത്തിലും സമാനമായ ഒട്ടേറെ ഉദാഹരണങ്ങൾ കാണാൻ സാധിക്കും. സമീപകാലത്ത് മലയാള സിനിമാ മേഖലയിൽ ഉണ്ടായ ചില ചർച്ചകൾ ഒരേ സമയം ഇസ്‌ലാമോഫോബിയയുടെ സാന്നിധ്യവും വരേണ്യ ബ്രാഹ്മണ്യ ബോധത്തെയും എങ്ങനെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് വ്യക്തമാക്കുന്നുണ്ട്. ചില മുസ്‌ലിം പശ്ചാത്തലമുള്ള ചിത്രങ്ങൾ പ്രഖ്യാപിക്കപ്പെടുന്ന സാഹചര്യത്തിൽ തന്നെ അതിൽ അസ്വസ്ഥപ്പെടുന്ന ആളുകൾ ഉണ്ടാവുകയും എന്നാൽ അതേ സമയം കാലങ്ങളായി ഇവിടെ നിർമിച്ചുപോന്നിട്ടുള്ള മലയാള സിനിമകളിലെ സവർണ ഭാവുകത്വങ്ങളെ കേരളത്തിലെ പൈതൃക തനിമയായി സ്വീകരിച്ചു പോരുന്നതും മതേതരത്വം എന്ന് വ്യാഖ്യാനിക്കപ്പെടുന്നതിലെ ആന്തരികവൽക്കരിക്കപ്പെട്ട ബ്രാഹ്മണ്യാധീശത്വത്തിന്റെ സാന്നിധ്യമാണ് എന്നും കാണാം.

വിമർശനത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ അസദ് മുന്നോട്ട് വെക്കുന്ന ഒരു പ്രധാന സംഗതി ഇതാണ്: “പ്രത്യേക പ്രതിസന്ധികൾ നീതിയുക്തമായി പരിഹരിക്കുന്നതും ഒരു പ്രത്യേക ജീവിത രീതിക്കുള്ളിൽ നിലനിൽക്കുന്ന പ്രത്യേക ഗുണവിശേഷങ്ങളെ തിരുത്തുന്നതും മാത്രമേ ആ പദത്തിന്റെ അർഥകല്പന ഉൾകൊണ്ടിരുന്നുള്ളൂ”. ഇത് വിമർശനത്തിന്റെ രാഷ്ട്രീയത്തെയാണ് വെളിവാക്കുന്നത്. സ്ലാവോയ് സിസെക്‌ നിരീക്ഷിക്കുന്നതുപോലെ യൂറോപ്പിൽ നിന്ന് ഇസ്‌ലാമിനെ വിമർശിക്കാൻ എളുപ്പം സാധിക്കുകയും ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി മനസിലാക്കപ്പെടുകയും ചെയ്യുമ്പോൾ തന്നെ അതേ യൂറോപ്പിൽ നിന്നുകൊണ്ട് നിങ്ങൾക്ക് ഹോളോകോസ്റ്റിനെ കുറിച്ച് മിണ്ടാൻ കഴിയില്ല എന്നത് പ്രസക്തമാണ്. 9/11 ന് ശേഷം യൂറോപ്യൻ ലിബറൽ ജനാധിപത്യ സമൂഹത്തിന്റെ പ്രധാന എതിരാളിയായി ‘ഭീകരവാദ ഇസ്‌ലാമിനെ’ കണ്ടെടുക്കുകയും അതിനെ തുടർന്ന് പൊതുജന സമ്മതിയോടെ നിർമിക്കപ്പെട്ട ‘ഭീകരതക്കെതിരായ യുദ്ധവും’ (war on terror) ഒക്കെ ഇസ്‌ലാമിനുമേലുള്ള കടന്നുകയറ്റത്തിന്റെ അനുഭവ യാഥാർഥ്യമാണ്. ഇതിലൂടെ അഭിപ്രായ സ്വാതന്ത്ര്യം, ദൈവനിന്ദ തുടങ്ങിയവയൊക്കെ സെക്കുലർ ഫ്രെയിമിലൂടെ ഇസ്‌ലാമോഫോബിയയുടെ പ്രചാരണായുധമായി മാറുകയും മറുഭാഗത്ത് ഇസ്‌ലാം ഉന്നയിക്കുന്ന വിമർശനങ്ങൾ അംഗീകരിക്കപ്പെടാതെ പോകുകയും ചെയ്യുന്നു.

പ്രധാനമായും ലിബറൽ സാമൂഹിക വ്യവസ്ഥക്കകത്ത് ഉന്നയിക്കപ്പെടുന്ന സ്വാതന്ത്രം അടക്കമുള്ള ആശയങ്ങളിലെ വൈരുധ്യത്തെ വ്യക്തമാക്കാനാണ് അസദ് ശ്രമിക്കുന്നത്. മതങ്ങളിലെ/ഇസ്‌ലാമിലെ സ്വാതന്ത്ര്യ നിഷേധത്തെ അക്രമിക്കുമ്പോൾ തന്നെ ലിബറൽ വ്യവസ്ഥയിൽ എങ്ങനെയാണ് സ്വാതന്ത്ര്യം എന്നത് പരിമിതപ്പെടുന്നത് എന്ന് ചില ഉദാഹരണങ്ങളെ മുൻനിർത്തി അസദ് നിരീക്ഷിക്കുന്നു. ആത്മഹത്യ ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ കുറ്റകരമായ സംഗതിയാണ് അതിനെ ലിബറൽ ജനാധിപത്യം നിയമംകൊണ്ട് തന്നെ കുറ്റകരമായി നിർവചിക്കുന്നു. ഇതേ സമയത്ത് തന്നെ ‘ഭീകരതക്കെതിരായ യുദ്ധ’ത്തിലൂടെയും മറ്റ് ഏകപക്ഷീയ യുദ്ധങ്ങളിലൂടെയും അനേകായിരം ജനങ്ങളെ കൊന്നൊടുക്കുന്നതിനെ ഈ വ്യവസ്ഥ പിന്താങ്ങുകയും ചെയ്യുന്നു. മറ്റൊരു സംഗതി കോപ്പിറൈറ്റ് ആണ്. സ്വതന്ത്രമായ ആവിഷ്ക്കാരത്തെ ഇത് പരിമിതപ്പെടുത്തുന്നു എന്നത് വ്യക്തമാണ്. എന്നാൽ ലിബറൽ ജനാധിപത്യത്തിലെ മറ്റൊരു സുപ്രധാനമായ ഘടകമാണ് സ്വകാര്യ സ്വത്തവകാശം. ഒരു കലാസൃഷ്ടിയുടെ മുകളിൽ ഒരാൾക്ക് സ്വത്തവകാശം കൈവരുന്നതോടെ അത് അയാളുടെ മാത്രമായി മാറുകയും എന്നാൽ അതേ സമയം അത് സ്വതന്ത്രാവിഷ്ക്കാരത്തിന്റെ  ലംഘനമായി തീരുകയും ചെയ്യുന്നു. പരസ്പര വൈരുദ്ധ്യങ്ങൾ നിറഞ്ഞ ഒരു സംഗതിയായാണ് ഇത് പ്രത്യക്ഷപ്പെടുന്നത്. അഥവാ ഈ വ്യവസ്ഥക്കകത്ത് നിലനിൽക്കുന്ന മൂല്യങ്ങൾക്ക് ചില സവിശേഷ സംഗതികളെ വിശിഷ്യാ കൊളോണിയൽ താൽപര്യങ്ങളെ സംരക്ഷിച്ചു നിർത്താനുള്ള ശേഷി മാത്രമേയുള്ളൂ എന്നും ഇവയെ സാർവലൗകിക മൂല്യങ്ങളായി കാണുന്നതിനെ വിമർശന വിധേയമാക്കേണ്ടതുണ്ട് എന്നും അസദ് പറയുന്നു.

തലാൽ അസദ്

തുടർന്ന് ദൈവനിന്ദയെ പരിശോധിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്. ക്രിസ്റ്റ്യാനിറ്റിയെ മുൻനിർത്തിയാണ് അസദ് ദൈവനിന്ദയെ വിശകലനം ചെയ്യുന്നത്. ക്രിസ്തുമത ചരിത്രത്തിലെ പ്രധാന നാഴികക്കല്ലായി അസദ് കാണുന്നത് അതിന്റെ കാലികമായ നവീകരണത്തെയാണ്. ഗ്രീക്ക് ദാർശനിക തത്വവുമായി ചേർന്നുകൊണ്ടുള്ള പുതിയ നിർവചനങ്ങളിലൂടെ നവീകരണാത്മക പദ്ധതിയായി ക്രിസ്റ്റ്യാനിറ്റി മാറുന്നു എന്ന് കരുതുന്നു. ഇതേ പശ്ചാത്തലത്തിൽ തന്നെ ഇസ്‌ലാമിന്റെ പ്രാതിനിധ്യത്തെയും അസദ് വിശകലനം ചെയ്യുന്നുണ്ട്. മതം എന്നതിലൂടെ അർത്ഥമാക്കപ്പെടുന്നത് എന്ത് എന്നും അതിലൂടെ ഒരു സന്ദർഭം (context) എങ്ങനെയാണ് മതത്തിനകത്ത് സ്വാധീന ശക്തിയായി വർത്തിക്കുന്നത് എന്നും അദ്ദേഹം വിലയിരുത്തുന്നു.

വിശ്വാസം എങ്ങനെയാണ് നിർവചിക്കുക എന്ന ചോദ്യത്തിലൂടെ വിശ്വാസ നിർവചനത്തിന്റെ ബാഹ്യമായ മാപിനികളെ അദ്ദേഹം നിരാകരിക്കുന്നു. വിശ്വാസം ഒരു വ്യക്തിയുടെ മനസുമായി ബന്ധപ്പെട്ട ഒന്നാണ്. അതിനെ ഒരു കോടതിയിൽ തെളിയിക്കുക സാധ്യമല്ല. അതുകൊണ്ട് തന്നെ വിശ്വാസത്തെയും വിശ്വാസ നിരാകരണത്തെയും ബാഹ്യമായ കാരണങ്ങളെ മുൻനിർത്തി വിലയിരുത്താനോ നിർബന്ധങ്ങൾ ചെലുത്താനോ സാധിക്കില്ല. ഇസ്‌ലാമിലെ മുർത്തദ്ദ് എന്നതിനെ ഈ പശ്ചാത്തലത്തിൽ വായിക്കുമ്പോൾ, യഥാർത്ഥത്തിൽ അത് വിശ്വാസ നിരാകാരണത്തിന്റെ പ്രശ്നത്തെയല്ല അഭിമുഖീകരിക്കുന്നത് എന്നും മറിച്ച് കരാർ ലംഘനം എന്ന ഒരു ഭൗതിക വിഷയത്തെയാണ് എന്നും മനസ്സിലാക്കാം. ഒരാളുടെ വിശ്വാസത്തിന് മുകളിലെ മറ്റൊരാളുടെ കടന്നുകയറ്റം വിശ്വാസത്തെ ഒരു സ്റ്റേറ്റിസ്റ്റ് വീക്ഷണത്തിൽ മനസിലാക്കുന്നത് കൊണ്ടാണ് സംഭവിക്കുന്നത് എന്ന് ഇത് പറഞ്ഞു വെക്കുന്നു. വിശ്വാസ കാര്യങ്ങളിൽ നിർബന്ധം പിടിക്കുക എന്നത് സ്റ്റേറ്റിന്റെ രീതിശാസ്ത്രമാണ്. മതം ആധുനിക വ്യവസ്ഥയിൽ ഒരു രാഷ്ട്രത്തിന്റെ സ്വഭാവത്തിലാണ് ഇടപെടുക എന്നതാണ് ഇതിലൂടെ വ്യക്തമാക്കപ്പെടുന്നത്. ഇതിൽ നിന്നും ഭിന്നമായ നിർവചനങ്ങളിലൂടെ മതത്തിന്റെ മറ്റൊരു സാധ്യതയെകൂടി മനസിലാക്കപ്പെടേണ്ടതുണ്ട്. ധാർമികത, കരുണ, നീതി തുടങ്ങിയ മതങ്ങളുടെ, വിശിഷ്യാ ഇസ്‌ലാമിന്റെ, അടിസ്ഥാന മൂല്യങ്ങളെ നിരാകരിച്ച്‌ യാന്ത്രിക അനുസരണം, സ്ഥാപനവൽക്കരണം, ഹിംസ തുടങ്ങിയ ആധുനിക വ്യവഹാരങ്ങളാൽ നിലനിൽക്കുന്ന ഒന്നിനെയാണ് ഇതേ അഭിപ്രായ സ്വാതന്ത്രത്തിന്റെ പേരിൽ ലിബറൽ ജനാധിപത്യം നേരിടുന്നത്. യഥാർത്ഥത്തിൽ അവർ അവരുടെ തന്നെ സങ്കൽപ്പത്തിലെ ഒന്നുമായിട്ടാണ് നിരന്തരമായി കലഹിക്കുന്നത്. മതം അപ്പോഴും അവരുടെ വ്യവഹാരങ്ങൾക്ക് പുറത്താണ്. മതകീയ വിമർശനത്തെ എതിർക്കുന്നതിലൂടെ അവരുടെ വിശ്വാസത്തെ എതിർക്കാനല്ല ശ്രമിക്കുന്നത് മറിച്ച് അത്തരം വിമർശനങ്ങൾക്കകത്തെ ഹിംസയെ വ്യക്തമാക്കാനാണ്. സാർവലൗകിക മൂല്യങ്ങൾ എന്നനിലക്ക് സങ്കല്പിക്കപ്പെടുന്ന അഭിപ്രായ സ്വാതന്ത്ര്യം, മതേതരത്വം തുടങ്ങിയവയുടെ ആന്തരികമായ സങ്കീർണ്ണതകളെ വ്യക്തമാക്കുന്നതിലൂടെ മതങ്ങളോടുള്ള മതേതര വിമർശനങ്ങളിലെ പരിമിതിയും, അതൊടൊപ്പം മതേതര വിമർശനങ്ങളൊക്കെ മികച്ചതും മതകീയ വിമർശനങ്ങളൊക്കെ അസഹിഷ്ണുതയുമായി വായിക്കപ്പെടുന്നിടത്തെ ഹിംസയെയും വ്യക്തമാക്കാനാണ് ഈ പുസ്തകം ശ്രമിക്കുന്നത്.

ആത്തിഫ് ഹനീഫ്