Campus Alive

ഇസ്‌ലാമും ആധുനികതയും അപരിഹാര്യമായ വൈരുദ്ധ്യമോ?

(വാഇൽ ഹല്ലാഖിന്റെ Shari’a: theory, practice, transformations’ എന്ന പുസ്തകത്തിന് പ്രൊഫസർ മുഹമ്മദ് ഫദ്ൽ 2011 ൽ എഴുതിയ നിരൂപണമായ A Tragedy of Politics or an Apolitical Tragedy’ എന്ന ലേഖനത്തിന്റെ സ്വതന്ത്ര വിവര്‍ത്തനത്തിന്റെ രണ്ടാം ഭാഗമാണിത്; ലേഖനത്തിന്റെ ഒന്നാം ഭാഗം- രാഷ്ട്രീയത്തിന്റെ ദുരന്തമോ അരാഷ്ട്രീയ ദുരന്തമോ? ഹല്ലാഖിന്റെ പുസ്തകത്തെക്കുറിച്ച്)


 

ഹല്ലാഖിന്റെ ആധുനിക ഇസ്‌ലാമിക നിയമത്തോടുള്ള നിരാകരണം പ്രധാനമായും പോസ്റ്റ് കൊളോണിയല്‍ സ്റ്റേറ്റിനോടും അതിന്റെ മര്‍ദ്ദകമായ നിയമവ്യവസ്ഥയോടുമുളള ശത്രുതയാണെങ്കിലും, അദ്ദേഹത്തിന്റെ ഇസ്‌ലാമിക നിയമശാസ്ത്രത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിന്റെ കൂടി ഭാഗമാണത്. ഇസ്‌ലാമിക നിയമശാസ്ത്രത്തെ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായ ഒരു ജ്ഞാന പദ്ധതിയായല്ല മറിച്ച് രാഷ്ട്രീയത്തിന് ബദലായ ഒരു ജ്ഞാന പദ്ധതിയായാണ് അദ്ദേഹം മനസ്സിലാക്കുന്നത്. ഹല്ലാഖുമായുള്ള എന്റെ വിയോജിപ്പ് ഭരണകൂടവും ഇസ്‌ലാമിക നിയമശാസ്ത്രത്തിന്റെ ജ്ഞാനപരമായ പ്രതിബദ്ധതയെയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ളതാണ്. ഇസ്‌ലാമിക അനുഷ്ഠാന നിയമങ്ങള്‍, ധാര്‍മ്മികബാധ്യതയുമായി ബന്ധപ്പെട്ട നിയമങ്ങള്‍, സ്വത്തു നിയമങ്ങള്‍, കുടുംബ നിയമങ്ങള്‍, ശിക്ഷാ നിയമങ്ങള്‍ തുടങ്ങിയവ രൂപംകൊടുത്ത അതേ ജ്ഞാനപ്രതിബദ്ധത സ്റ്റേറ്റ് എങ്ങിനെയാണ് ഭരിക്കപ്പെടേണ്ടത് എന്ന് വ്യക്തമാക്കുന്ന കൃത്യമായ നിയമങ്ങളുടെ ചട്ടക്കൂടടങ്ങുന്ന രാഷ്ട്രീയ ധാരണകളും രൂപപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ‘നിയമങ്ങള്‍’ നിര്‍മിക്കാവുന്നതിന്റെ ഉപാധികള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്, മാത്രവുമല്ല ഈ നിയമങ്ങള്‍ വ്യക്തികള്‍ക്ക് ബാധകമാവുന്ന നിയമങ്ങളില്‍ നിന്നും വ്യത്യസ്തമാണ് എന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. ഇതിനു വിപരീതമായിക്കൊണ്ട് ഹല്ലാഖിനെ സംബന്ധിച്ചെടുത്തോളം സ്റ്റേറ്റ് എന്നത് ഇസ്‌ലാമിക നിയമത്തിനു പുറത്താണ്. ശരീഅത്ത് സ്റ്റേറ്റിനോട് ഇടപെടുകയും അതിനോട് പൊരുത്തപ്പെടുകയുമൊക്കെ ചെയ്യുന്നുണ്ട്, എന്നാല്‍ ഒരിക്കലുംതന്നെ അതിന്റെ തന്നെ ഭാഗമായിക്കൊണ്ട് സ്റ്റേറ്റിനെ സൈദ്ധാന്തികവല്‍ക്കരിക്കുന്നില്ല എന്നാണ് ഹല്ലാഖ് വാദിക്കുന്നത്. ശരീഅത്തിന് ബാഹ്യമായി നിലനില്‍ക്കുന്നു എന്നതിനാല്‍ തന്നെ ഭരണകൂടം സംശയകരമായാണ് വീക്ഷിക്കപ്പെടുന്നത്, അതേപോലെ അതിനോട് വിട്ടുനില്‍ക്കാനുള്ള ധാര്‍മികത്വരയേയും ഉണ്ടാക്കുന്നുണ്ട്.

ധര്‍മ്മനിഷ്ഠയുള്ള പണ്ഡിതര്‍ ഭരണകൂടത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിന്റെ വാര്‍പ്പുമാതൃകകള്‍ക്കപ്പുറത്ത് ധാരാളം പ്രമുഖ പണ്ഡിതര്‍ ഭരണകൂടത്തിന്റെ ഭാഗമായതായി കാണാന്‍ കഴിയും. അബൂ യൂസുഫ്, അല്‍ ശൈബാനി എന്നിവര്‍ ഉദാഹരണങ്ങളാണ്. ഇരുവരും ഇമാം അബൂ ഹനീഫയുടെ പ്രമുഖ ശിഷ്യരും ഹനഫീ ഫിഖ്ഹിലെ സ്വതന്ത്ര പ്രാമാണികരും ആയിരുന്നു. അന്തലൂസിലെ പ്രമുഖ മാലികി പണ്ഡിതരൊക്കെയും സ്പാനിഷ് ഉമയ്യദുമാരുമായി അടുത്ത് സഹകരിച്ചിരുന്നു എന്ന് കാണാം. ഇമാം ശാഫി തന്നെയും അബ്ബാസീ ജഡ്ജിയായി യമനില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അബൂബകര്‍ അല്‍ ബാഖില്ലാനി, അബൂബകര്‍ ഇബ്‌നു അല്‍ അറബി, ഇബ്‌നു റുഷ്ദ് തുടങ്ങിയ പ്രമുഖരൊക്കെയും ഭരണകൂട പദവികള്‍ വഹിച്ചവരാണ്. പണ്ഡിതരുടെ ഭരണകൂടത്തോട് സഹകരിക്കാനുള്ള സന്നദ്ധതയെ പരിഗണിക്കുമ്പോള്‍ നിയമപണ്ഡിതർ ഭരണകൂടത്തോട് യാതൊരു ബന്ധവുമില്ലാതെ ‘സ്വകാര്യമായി’ വികസിപ്പിച്ചതാണ് ഇസ്‌ലാമിക നിയമം എന്ന ഹല്ലാഖിന്റെ വാദം പ്രശ്‌നകരമാണ്.

ഭരണകൂടനിയമങ്ങളെക്കുറിച്ചുള്ള പൂര്‍വ്വകാല കൃതികളായ അബൂ യൂസുഫിന്റെ കിതാബുല്‍ ഖറ്‌റാജ്, ശൈബാനിയുടെ സിയാറിനെക്കുറിച്ചുള്ള പഠനങ്ങൾ തുടങ്ങിയവയുടെയൊക്കെ നിഷ്പക്ഷമായ വായന മനസ്സിലാക്കിത്തരുന്നത് ഭരണാധികാരിക്ക് ഭരണാധികാരി എന്ന നിലയില്‍ തന്നെ നിയമത്തിനുകീഴില്‍ അധികാരവും ശേഷിയുമുണ്ടായിരുന്നതായി ആദ്യകാല പണ്ഡിതര്‍ അംഗീകരിച്ചിരുന്നു എന്നുള്ളതാണ്. നിയമജ്ഞരില്‍ നിന്ന് വ്യത്യസ്തമായ ഉത്തരവാദിത്തവും വിവേകവുമാണ് ഭരണാധികാരികള്‍ക്കുണ്ടായിരുന്നത്. രാഷ്ട്രീയമായ വിധി നിര്‍ണ്ണയനം ജ്ഞാനപരമായ വിധി നിര്‍ണ്ണയത്തില്‍ നിന്നും ആശയപരമായിത്തന്നെ വ്യത്യസ്തമായ ഒന്നായിരുന്നു; അതിന് വിധേയപ്പെടാനുള്ള ഇസ്‌ലാമികമായ കര്‍ത്തവ്യം പൗരന്മാര്‍ക്കുണ്ടായിരുന്നില്ല. സ്വാഭാവികമായും ഈയൊരു വ്യത്യാസത്തിന് അതിന്റേതായ ന്യായമാവശ്യമുണ്ടായിരുന്നു. ബാബെര്‍ ജൊഹാന്‍സന്റെ പഠനം ചൂണ്ടിക്കാണിച്ച പോലെ ആദ്യകാല ഹനഫീ പണ്ഡിതര്‍ ഭരണകൂടത്തിന്റെ നിയമസാധുതയുടെ ധാര്‍മികാടിസ്ഥാനങ്ങളെക്കുറിച്ച് കൃത്യതയുള്ള സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിച്ചിരുന്നു. അതേ പോലെ ഖറാഫിയെപ്പോലുള്ള പണ്ഡിതര്‍ ഭരണാധികാരികളുടെ പ്രവര്‍ത്തനങ്ങളെ മുഫ്തിമാരുടേതില്‍ നിന്നും ന്യായാധിപരുടേതില്‍ നിന്നും വേര്‍തിരിക്കുന്നതിനായി അതിനെ തസറുഫ് എന്ന് വിശേഷിപ്പിച്ചിരുന്നു. ഇത് സൂചിപ്പിക്കുന്നത് നമ്മള്‍ നേരിടുന്നത് ആധുനിക ഇസ്‌ലാമിക നിയമങ്ങളെക്കുറിച്ചുള്ള ജ്ഞാനപരമായ ഒരു പ്രതിസന്ധിയല്ല മറിച്ച് ഇസ്‌ലാമിക രാഷ്ട്രത്തെക്കുറിച്ച ആധുനിക സിദ്ധാന്തത്തിന്റെതാണ് എന്നാണ്. ഭരണകൂടത്തിന് അതിന്റെ പൗരന്മാരുടെ മേല്‍ നടപ്പാക്കാവുന്ന നിയമങ്ങളുടെ നോർമേറ്റീവ് ആയ ഭൂമികയും അതേ സമയം ഇസ്‌ലാമിക നിയമ വിധികളുടെ ഭൂമികയും കൃത്യമായി വേര്‍തിരിക്കുകയും അതുവഴി രാഷ്ട്രീയമായ തീരുമാനാധികാരത്തെ അംഗീകരിക്കുകയും അതേ സമയം ഭരണകൂടത്തിന് പ്രയോഗിക്കാവുന്ന അധികാരത്തിന്റെ ധാർമിക പരിധിയെ അടയാളപ്പെടുത്തുകയും ചെയ്യുന്ന സിദ്ധാന്തമാണുണ്ടാവേണ്ടത്. ഇസ്‌ലാമിക ശരീഅത്തിനെ രാഷ്ട്രീയ പദ്ധതിക്കെതിരെ നിര്‍ത്തുന്ന വായനകള്‍ ഇത്തരത്തില്‍ സഹായകമാവുകയില്ല എന്ന് മാത്രമല്ല അത് ഒന്നുകില്‍ പുരോഹിത സ്വേഛാധിപത്യത്തെയോ അല്ലെങ്കില്‍ മുസ്‌ലിംകളുടെ അന്യവല്‍ക്കരണത്തേയും അതു വഴി അവരുടെ അമര്‍ഷത്തേയോ ആണ് രൂപം നല്‍കുക.

 

4.

ഹല്ലാഖിന്റെ ആഖ്യാനം പൂര്‍വ്വാധുനിക ഇസ്‌ലാമിക നിയമ സംവിധാനത്തെയും ആധുനിക ഇസ്‌ലാമിക സംവിധാനത്തെയും Essentialise ചെയ്യുന്നതിലൂടെ രണ്ടിന്റെയും അപൂര്‍ണ്ണവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിശകലനമാണ് നല്‍കുന്നത് എന്ന് വിമര്‍ശനമുന്നയിക്കാവുന്നതാണ്. ഇസ്‌ലാമിക നിയമ വ്യവസ്ഥയും ആധുനിക നിയമ വ്യവസ്ഥയും ഒരുമിച്ചുപോവാത്ത ഒന്നാണ് എന്ന ദ്വന്ദ്വ വിശകലന മാതൃകയലിടസ്ഥാനപ്പെടുത്തിയതാണ് അദ്ദേഹത്തിന്റെ പഠനം. ഇസ്‌ലാമിക നിയമ സിദ്ധാന്തത്തിനകത്തെ പല കാര്യങ്ങളെയും ശരിയായി മനസ്സിലാക്കുന്നതിന് ഇത് തടസ്സമായിത്തീരുന്നുണ്ട്. തന്റെ വാദത്തെ സ്ഥാപിക്കാന്‍ ഹല്ലാഖ് പ്രധാനമായുന്നയിക്കുന്ന അത്തരത്തിലുള്ള രണ്ട് വാദങ്ങളാണിവിടെ പരിശോധിക്കുന്നത്.

ആധുനിക ദേശ രാഷ്ട്രത്തില്‍ നിന്ന് വ്യത്യസ്തമായി നിയമവും ധാര്‍മികതയും തമ്മില്‍ ശരീഅത്ത് വേര്‍തിരിക്കുന്നില്ല എന്നാണ് ഹല്ലാഖ് വാദിക്കുന്നത് (pp 85-86). ഭരണകൂടം ബലപ്രയോഗത്തിലൂടെ നടപ്പിലാക്കുന്ന നിയമവും വ്യക്തികള്‍ പാലിക്കേണ്ട ധാര്‍മിക നിയമങ്ങളും തമ്മില്‍ ഇസ്‌ലാമിക നിയമ വ്യവസ്ഥ അടിസ്ഥാനപരമായി വ്യത്യാസം കല്‍പ്പിക്കുന്നില്ല എന്നാണിതിന്റെ അര്‍ത്ഥം. എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെയായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇസ്‌ലാമിക നിയമം അത്തരത്തിലുള്ള വേര്‍തിരിവ് താത്വികമായി തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. മനുഷ്യന്റെ എല്ലാ കര്‍മ്മങ്ങളെയും അഞ്ച് ധാര്‍മ്മിക ഇനങ്ങളായി (അഹ്കാം അല്‍ തക്‌ലീഫ്-ജാഇസ്, ഹറാം, ഹലാല്‍, മുബാഹ്, മക്‌റൂഹ്) തരംതിരിച്ചിട്ടുണ്ട് എന്നതിനര്‍ത്ഥം പ്രാവര്‍ത്തികമായ നിയമ സംവിധാനത്തിന്റെ കാഴ്ചപ്പാടില്‍ കാര്യങ്ങളെ ഇങ്ങനെ മാത്രമായിരുന്നു കണ്ടിരുന്നത് എന്നല്ല. ഭരണകൂട നിയമങ്ങള്‍ക്ക് (positive law) മറ്റൊരു ഇനം തന്നെ പണ്ഡിതര്‍ അംഗീകരിച്ചിരുന്നു (അല്‍ അഹ്കാം അല്‍ വദഇയ്യ) എന്നത് തന്നെ ധാര്‍മികതയും നിയമ സംവിധാനത്തിലെ ചട്ടങ്ങളും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നു എന്നതിന്റെ തെളിവാണ്. ഈ നിയമങ്ങള്‍ വിശ്വാസി എന്ന നിലയിലുള്ള കര്‍ത്തവ്യങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു. നിയമപരമായ അവകാശങ്ങളുടെ ഒരു സംവിധാനത്തിനകത്ത് മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ എന്ത് തരത്തിലുള്ള പരിണിതഫലങ്ങളാണ് ഉണ്ടാക്കുന്നത് എന്നതായിരുന്നു ഇതിലെ പരിഗണന. ധാര്‍മിക നിയമങ്ങളായിരുന്നില്ല മറിച്ച് ഇത്തരത്തിലുള്ള ഭരണകൂട നിയമങ്ങളായിരുന്നു നിയമ പഠനങ്ങളുടെ അടിസ്ഥാന താല്‍പര്യം. ധാര്‍മിക നിയമങ്ങളും ഭരണകൂട നിയമങ്ങളും തമ്മില്‍ ചില ബന്ധങ്ങളുണ്ടായിരുന്നെങ്കിലും അതൊരിക്കലും അനിവാര്യമായതോ നേര്‍ക്കു നേരെ ഉള്ളതോ ആയിരുന്നില്ല. മുത്വലാഖിന്റെ ഉദാഹരണത്തിലൂടെ ഇത് എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതാണ്. ധാര്‍മിക നിയമമനുസരിച്ച മുത്വലാഖ് നിരോധിക്കപ്പെട്ടതായിരിക്കെ(ഹറാം) തന്നെ ഭരണകൂട നിയമമനുസരിച്ച് അത് സാധുവും നടപ്പിലാവുന്നതും ബാധ്യതപ്പെടുന്നതുമാണ്. ഈ നിലക്ക് ധാര്‍മിക നിയമങ്ങളും ഒരു പ്രവര്‍ത്തിയുടെ അനന്തരഫലത്തെ നിര്‍ണയിക്കുന്ന നിയമങ്ങളും തമ്മില്‍ വേര്‍തിരിക്കുന്നതിലൂടെ വ്യക്തികളുടെ ധാര്‍മികതയെ അഭിമുഖീകരിക്കുന്ന നിയമങ്ങളും അവരുടെ ലൗകിക ജീവിതത്തെ നിയന്ത്രിക്കുന്ന നിയമങ്ങളും തമ്മിലുള്ള അന്തരത്തെ മുസ്‌ലിം പണ്ഡിതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

ധാര്‍മികമായ കര്‍ത്തവ്യങ്ങളായ കാര്യങ്ങളില്‍ തന്നെയും അല്ലാഹുവും വ്യക്തിയും തമ്മിലുള്ളതും നിയമപരമായി നടപ്പിലാക്കാവുന്ന കാര്യങ്ങളും തമ്മിലുള്ള അന്തരത്തെ പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ദീനീപരമായ ഉത്തരവാദിത്തം എന്ന നിലക്കുള്ളതിനെ ഫുറൂഅ് എന്നും നിയമപരമായി നടപ്പിലാവുന്നതിനെ ഖദാഅ് എന്നും ഹനഫീ ഫിഖ്ഹ് വേര്‍തിരിച്ചിട്ടുണ്ട്. ഈ നിലക്ക് ശിശുവിനെ മുലയൂട്ടുന്നതിനെ മതപരമായ ബാധ്യതയായും എന്നാല്‍ നിയമപരമായി നടപ്പില്‍ വരുത്താന്‍ കഴിയാത്ത ഒന്നായുമാണ് ഹനഫികള്‍ മനസ്സിലാക്കുന്നത്. ഭാര്യയെ പള്ളിയില്‍ നിന്നും തടയില്ല എന്ന് ഭര്‍ത്താവ് നല്‍കുന്ന വാക്ക് പാലിക്കല്‍ ഭാര്യയുടെ ധാര്‍മികമായ ബാധ്യതയാണ് എന്നാല്‍ നിയമപരമായ ബാധ്യതയല്ല എന്ന് കാണാവുന്നതാണ്. ഹല്ലാഖ് ഒരുപക്ഷേ ഇസ്‌ലാമും ലീഗല്‍ പോസിറ്റിവിസവും ചേര്‍ന്നു പോവില്ല എന്ന ഇതിന്റെ തീവ്രമല്ലാത്ത വാദമായിരിക്കാം ഉദ്ദേശിച്ചിട്ടുണ്ടാവുക, എന്നാല്‍ അദ്ദേഹത്തിന്റെ ശരിയല്ലാത്ത ഭാഷ കാരണം ആളുകള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ വായിക്കാന്‍ സാധ്യതയുണ്ട്. ഇത് ഗൗരവമായ തെറ്റിദ്ധാരണകള്‍ക്ക് കാരണമാവാവുന്നതാണ്. ഇസ്‌ലാമിക ശരീഅത്തിനോട് പ്രതിബദ്ധതയുള്ളവര്‍ക്കൊരിക്കലും അവരുടെ ധാര്‍മിക ബാധ്യതകളും രാഷ്ട്രീയപരമായി നടപ്പിലാക്കുന്ന കാര്യങ്ങളും തമ്മിലുള്ള വ്യത്യാസത്തെ അംഗീകരിക്കാന്‍ കഴിയില്ല എന്ന് മനസ്സിലാക്കപ്പെടും. അതു വഴി ഇസ്‌ലാമിക പ്രതിബദ്ധതയും ഇസ്‌ലാമികേതര പ്രതിബദ്ധതകളും ഒരിക്കലും ഒരുമിച്ച് പോവില്ല എന്ന വാര്‍പ്പുമാതൃകയെ ഊട്ടിയുറപ്പിക്കുകയും ചെയ്യും.

മറ്റൊന്ന് ഇസ്‌ലാം സമവായത്തിലൂടെയുള്ള പ്രശ്‌ന പരിഹാരത്തിന് നല്‍കുന്ന പ്രാധാന്യത്തെ കുറിച്ചുള്ള ഹല്ലാഖിന്റെ വാദങ്ങളാണ്. ഒത്തുതീർപ്പിലൂടെയുള്ള പ്രശ്‌ന പരിഹാരത്തിനും അതുവഴി മുകളില്‍ നിന്നടിച്ചേല്‍പ്പിക്കുന്ന, എല്ലാവര്‍ക്കും ഒരു പോലെ ബാധകമാവുന്ന നിയമത്തിന് പകരം അടിത്തട്ടില്‍ നിന്ന് രൂപപ്പെടുന്ന നടപ്പുരീതികള്‍ക്ക് പ്രാധാന്യം കൊടുക്കകയാണ് ഇസ്‌ലാമിക നിയമമെന്ന് ഹല്ലാഖ് നിരീക്ഷിക്കുന്നു. പ്രശ്‌നത്തിലേര്‍പ്പെടുന്ന കക്ഷികളുടെ സാമൂഹിക സ്ഥാനത്തിന് പരിഗണന നല്‍കുന്നതിലൂടെ ഈ രീതിക്ക് സാമൂഹിക പൊരുത്തത്തെ നിലനിര്‍ത്താന്‍ കഴിയും. സാമൂഹിക പൊരുത്തത്തെയോ സുസ്ഥിരതയെയോ പരിഗണിക്കാത്ത ബലാല്‍ക്കാരമായി എല്ലാവര്‍ക്കും മേല്‍ ഒരേ പോലെ നടപ്പിലാക്കുന്ന ആധുനിക നിയമ സംവിധാനത്തില്‍ നിന്ന് വ്യത്യസ്തമാണിത്. ഈ ഒരു ആഖ്യാനത്തിന്റെ പ്രശ്‌നമെന്നത് ഇത്തരത്തിലുള്ള അനൗദ്യോഗിക ഒത്തുതീര്‍പ്പുകളെക്കുറിച്ചുള്ള ഇസ്‌ലാമിക നിയമത്തിന്റെ പ്രമാണികമായ തത്വങ്ങളെ മുഖവിലക്കെടുക്കുന്നില്ല എന്നുള്ളതാണ്. പൂര്‍വ്വാധുനിക കാലത്ത് പ്രശ്‌നങ്ങള്‍ ധാരാളമായി ഒത്തുതീര്‍പ്പികളിലൂടെ പരിഹരിക്കപ്പെട്ടിരുന്നു എന്നത് നിസ്തര്‍ക്കമായ കാര്യമാണ്. പലപ്പോഴും കോടതി തന്നെ ഇടപെട്ടുകൊണ്ട് ഈ രീതിയില്‍ പ്രശ്‌നം പരിഹരിക്കാറുണ്ടായിരുന്നു. അതേസമയം ഇത്തരത്തിലുള്ള സമവായത്തിന്റെ പരിധികളും അതിരുകളും നിശ്ചയിച്ചിരുന്നത് ഇസ്‌ലാമിക പ്രാമാണിക നിയമമായിരുന്നു, സാമൂഹിക ആചാരമോ, നാട്ടുനടപ്പോ, കക്ഷികളുടെ യോജിപ്പോ ആയിരുന്നില്ല. അതിനാല്‍ തന്നെ ഒത്തുതീർപ്പിന്റെ പരിതികള്‍, ഒത്തുതീർപ്പ് നിയമത്തിന്റെ ഉള്ളടക്കം തുടങ്ങിയവയൊക്കെ പ്രാമാണിക നിയമത്തിന്റെയോ അതു വഴി കോടതിയുടെയോ ഇടപെടലിലൂടെയാണ് തീരുമാനിക്കപ്പെടുന്നത്. അഥവാ അടിസ്ഥാന പരമായി പ്രമാണിക നിയമമാണ് ഒത്തുതീർപ്പ് അനുവദനീയമാണോ എന്നും അനുവദനീയമാണെങ്കില്‍ അതിന്റെ പരിധികളെന്തൊക്കെയാണ് എന്നുമൊക്കെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഹല്ലാഖ് ഒത്തുതീർപ്പിന്റെ ഇത്തരത്തിലുള്ള പ്രാമാണിക പരിധികളെക്കുറിച്ച് അന്വേഷിക്കുന്നില്ല; അങ്ങനെയൊന്ന് നിലനില്‍ക്കുന്നതായിപ്പോലും അദ്ദേഹം സൂചിപ്പിക്കുന്നില്ല. ഒത്തുതീർപ്പ് പൂര്‍ണ്ണമായും നിരോധിച്ച (ഹുദൂദുകളില്‍ മാത്രമല്ല) മേഖലകളുണ്ടായിരുന്നു എന്ന് സാധാരണക്കാരനായ ഒരു വായനക്കാരന്‍ മനസ്സിലാക്കാന്‍ സാധ്യതയില്ല. ഉദാഹരണത്തിന് മൊഴി ചൊല്ലിയ ദമ്പതികള്‍ക്ക് അവരിരുവരും അംഗീകരിക്കുന്നു എന്നതിനെ മുന്‍ നിര്‍ത്തി വിവാഹ ബന്ധം പുനഃസ്ഥാപിക്കുക സാധ്യമല്ല.

ഈ തരത്തിലുള്ള ഹല്ലാഖിന്റെ നാട്ടാചരങ്ങളെക്കുറിച്ചുള്ള വിശകലനങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതാണ്. നാട്ടാചാരങ്ങളെക്കുറിച്ചുള്ള വിശകലനത്തില്‍ അതിനദ്ദേഹം കൊടുക്കുന്ന ഊന്നല്‍, ഇസ്‌ലാമിക നിയമം ന്യായമായ പരിണിതി എന്ന് വിശ്വസിക്കുന്നത് ലഭിക്കുന്നതിനേക്കാളും സാമൂഹിക പൊരുത്തത്തിനും സന്തുലിതാവസ്ഥക്കുമാണ് പ്രാധാന്യം നല്‍കിയിരുന്നത് എന്ന് തെളിയിക്കുന്നതിനായാണ്. എന്നാല്‍ പണ്ഡിതന്മാരൊരിക്കല്‍ പോലും ഇസ്‌ലാമിക നിയമത്തിനു വിരുദ്ധമായ നാട്ടാചാരങ്ങള്‍ക്ക് -ശത്രുതാപരമായ സാമൂഹിക യാഥാര്‍ത്ഥ്യത്താലുള്ള ഇളവുകളല്ലാതെ- നോര്‍മേറ്റീവ് ആയ അംഗീകാരം നല്‍കിയതായി കാണാന്‍ കഴിയില്ല. ഇബ്‌നു ഫര്‍ഹൂന്‍ പറയുന്നതനുസരിച്ച് ന്യായാധിപന് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാവാത്ത, തീരുമാനത്തിലെത്താന്‍ കഴിയാത്ത സന്ദര്‍ഭത്തിലാണ് സമവായത്തിന് മുന്‍ഗണന നല്‍കേണ്ടത്, അല്ലാത്തപക്ഷം അയാള്‍ നിയമമനുസരിച്ച് വിധി കല്‍പ്പിക്കണം എന്നാണ്. നിയമത്തേയും സമൂഹത്തേയും കുറിച്ചുള്ള ഹല്ലാഖിന്റെ വിശകലനം അസാധാരണമായ നിയമ തത്വങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഇസ്‌ലാമിക നിയമം കേവലം കക്ഷികള്‍ക്കോ അല്ലെങ്കില്‍ സാമൂഹിക പൊരുത്തത്തിനോ ആവശ്യമുള്ള വിധികള്‍ നല്‍കുകയായിരുന്നില്ല മറിച്ച് പല കാര്യങ്ങളിലും നിഷ്‌കര്‍ഷയുള്ള നിയമമായിരുന്നു എന്നതിനെ മറച്ചു വെക്കുകയാണ് ചെയ്യുന്നത്. അതിനു കീഴില്‍ ജീവിക്കുന്ന അമുസ്‌ലിംകളടക്കമുള്ള മുഴുവന്‍ മനുഷ്യരില്‍ നിന്നും ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ഇസ്‌ലാമിക നിയമത്തിനുണ്ട്. ഹല്ലാഖ് നാട്ടാചാരങ്ങള്‍ക്കും പൊരുത്തത്തിനും കക്ഷികളുടെ സാമൂഹിക സ്ഥാനത്തിനും നല്‍കുന്ന പ്രധാന്യം ഇസ്‌ലാമിന്റേത് ഒരു തരത്തിലുള്ള വ്യക്ത്യാധിഷ്ഠിത നിയമമായിരുന്നു (വെബര്‍ പറയുന്ന Kadi-Justiz സിസ്റ്റം) എന്ന വാദത്തോട് അപകടകരമാം വിധം അടുത്തു വരുന്നുണ്ട്. ഇത് ഹല്ലാഖ് തന്നെ സ്ഥാപിക്കുന്നതു പോലെ മുസ്‌ലിം പണ്ഡിതര്‍ നിയമങ്ങളുടെ പൊതു തത്വങ്ങള്‍ ഉരുത്തിരിച്ചെടുക്കുന്നതിന് ഏറെ പണിപ്പെട്ടിരുന്നു എന്ന വാദത്തിന് വിരുദ്ധമാണ്.

 

5.

ഹല്ലാഖിന്റെ പുസ്തകം തുല്യതയില്ലാത്ത വിധം വ്യാപ്തിയുള്ളതും ഈ വിഷയത്തിലെ മറ്റെല്ലാ ഇംഗ്ലീഷ് പുസ്തകങ്ങളെയും കവച്ചുവെക്കുന്നതുമാണ്. അങ്ങനെയാണെങ്കിലും വായനക്കാര്‍ സൂക്ഷ്മതയോടെ ഈ പുസ്തകത്തെ സമീപിക്കണം എന്നാണ് എന്റെ അഭിപ്രായം. ശരീഅത്ത് സമ്പന്നമായിരുന്ന പൂര്‍വ്വാധുനിക കാലവും അത് തകര്‍ക്കപ്പെട്ട ആധുനിക കാലവും എന്ന ഹല്ലാഖിന്റെ ദ്വന്ദ്വ വാദം പ്രശ്‌നകരവും വഴിതെറ്റിക്കുന്നതുമാണ്. സ്റ്റേറ്റും അതിന് ശരീഅത്തുമായുമുള്ള ബന്ധത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ ചോദ്യം ചെയ്യപ്പെടാവുന്നതാണ്. ആദ്യ അധ്യായത്തില്‍ ഭരണകൂടം ഏതാണ്ട് അദൃശ്യമാണെങ്കില്‍ മൂന്നാമധ്യായത്തില്‍ ഭരണകൂടമാണ് പ്രധാന കക്ഷി. എന്നാല്‍ ഈ നിലക്കുള്ള വിവരണത്തില്‍ പൂര്‍വ്വകാല മുസ്‌ലിം പണ്ഡിതരുടെ ഭരണകൂടത്തിന്റെ നിയമപരമായ സ്വഭാവത്തെയോ അതിന് ഇസ്‌ലാമിക നിയമവുമായുള്ള ബന്ധത്തെയോ കുറിച്ച പഠനങ്ങളൊന്നും തന്നെ പരിഗണിക്കുന്നില്ല. ഇത്തരത്തിലുള്ള തിരസ്‌കരണം ഭരണകൂടവും സമൂഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച പക്വത കുറഞ്ഞ തീര്‍പ്പുകളിലേക്കാണ് ഹല്ലാഖിനെ നയിക്കുന്നത്. അതിനാല്‍ തന്നെ ഇസ്‌ലാമിക ചരിത്രത്തില്‍ നില നിന്നിരുന്ന പ്രശ്‌ന പരിഹാര സംവിധാനങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാദങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. ഇസ്‌ലാമിക നിയമത്തെക്കുറിച്ചും ഇസ്‌ലാമിക ഭരണകൂടത്തെക്കുറിച്ചുമുള്ള Essentialised ആയ സങ്കല്‍പ്പത്തിലൂടെ ഇവ രണ്ടിനെക്കുറിച്ചുമുള്ള ആധുനിക മുസ്‌ലിം സിദ്ധാന്തങ്ങളൊക്കെയും അസാധുവാണ് എന്ന തീര്‍പ്പിലെത്തുകയാണദ്ദേഹം.

സാമൂഹികസിദ്ധാന്തത്തില്‍ നിന്നും സാമൂഹികശാസ്ത്രങ്ങളില്‍ നിന്നുമൊക്കെ നിയമ വിദ്യാര്‍ത്ഥികള്‍ക്ക് ധാരാളം പഠിക്കാനുണ്ടെങ്കിലും അതിന് നിയമ പുസ്തകങ്ങളുടെ ശ്രദ്ധാപൂര്‍വ്വകമായ വിശകലനത്തെ പകരം വെക്കാനാവില്ല. അതിലൂടെയാണ് ഇസ്‌ലാമിക നിയമത്തിന്റെ അതിരുകളെയും ചരിത്രത്തിലെ മുസ്‌ലിം, പലപ്പോഴും മുസ്‌ലിമേതര സമൂഹങ്ങളില്‍ പോലും അതിന്റെ മാറിക്കൊണ്ടിരിക്കുന്ന ആവിഷ്‌കാരങ്ങളെയും മനസ്സിലാക്കാന്‍ കഴിയുക. നിയമ സിദ്ധാന്തങ്ങളുടെ പിന്തുണയോടെ സാമൂഹിക വിവരങ്ങളെ വിശകലനം ചെയ്യുകയും അത് സിദ്ധാന്തങ്ങളെ പുനര്‍നിശ്ചയിക്കുകയും ചെയ്യേണ്ടതുണ്ട്. അതിന്റെ അഭാവത്തില്‍ സാമൂഹിക വിവരങ്ങളെ തെറ്റിദ്ധരിക്കാനുള്ള സാധ്യത കൂടുതലാണ്. ഹല്ലാഖിന്റെ കാര്യത്തില്‍ ഇസ്‌ലാമിക നിയമവും ആധുനിക രാഷ്ട്രവും വൈരുധ്യ പൂര്‍ണ്ണമാണ് എന്ന് പറയുമ്പോള്‍ ഇസ്‌ലാമിലെ ഭരണകൂടത്തെക്കുറിച്ച നിയമ കാഴ്ച്ചപ്പാട് എന്താണ് എന്ന് അദ്ദേഹം വിശദീകരിക്കാത്തതിനാല്‍ തന്നെ വായനക്കാര്‍ കേവലം അദ്ദേഹത്തിന്റെ വാക്കുകളെ വിശ്വസിക്കാന്‍ വിധിക്കപ്പെടുകയാണ്. ഹല്ലാഖിന്റെ വിശകലനം മുസ്‌ലിംകള്‍ക്ക് മങ്ങിയ ഭാവിയെ ആണ് പ്രധാനം ചെയ്യുന്നത്; അമര്‍ഷമോ നിഷ്‌ക്രിയമായ ഇച്ഛാഭംഗമോ ആണത്. അത്തരത്തിലുള്ള വിഷാദാത്മകമായ സിദ്ധാന്തങ്ങള്‍ കൂടുതല്‍ സ്വീകാര്യമാവുന്നതിനു മുന്നേ, പ്രത്യേകിച്ചും അറബ് വസന്തത്തിന്റെയൊക്കെ പശ്ചാത്തലത്തില്‍ വായനക്കാര്‍ അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള തീര്‍പ്പുകള്‍ക്ക് ഇതിനേക്കാള്‍ മെച്ചപ്പെട്ട തെളിവുകള്‍ ആവശ്യപ്പെടേണ്ടതുണ്ട്.

(അവസാനിച്ചു)

വിവർത്തനം: റമീസ് ഇ കെ 

 


വിവർത്തനക്കുറിപ്പ്:

Essentialise – ഒരു കാര്യത്തിന് മൗലികവും മാറ്റാന്‍ കഴിയാത്തതുമായ സവിശേഷതകളുണ്ട് എന്ന കാഴ്ച്ചപ്പാട്.

മുഹമ്മദ് ഫദ്ൽ