Campus Alive

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്നത് ബ്രാഹ്മണവല്‍ക്കരണമാണ്

‘ഇവിടെ പക്ഷെ സുരക്ഷിതമാണെന്നാണ് ഞാന്‍ കരുതിയിരുന്നത് ‘.ഇതായിരുന്നു ഒരു കാശ്മീരി വിദ്യാര്‍ത്ഥി പോണ്ടിച്ചേരി സര്‍വ്വകലാശാല ഇസ്‌ലാമികവല്‍കരിക്കപ്പെടുന്നുണ്ടെന്ന രീതിയിലുള്ള അന്വേഷണം മാനവവിഭവശേഷി മന്ത്രാലയം നടത്തിയപ്പോള്‍ നടത്തിയ പ്രതികരണം. ഉന്നത വിദ്യാഭ്യാസത്തിന്റെ സുപ്രീം ബോഡി ഒരു സംഘ്പരിവാര്‍ സംഘടനയുടെ ആരോപണം കണക്കിലെടുത്ത് ഒരു കേന്ദ്ര സര്‍വകലാശാല ഇസ്‌ലാമികവല്‍ക്കരിക്കപെടുന്നുണ്ടെന്ന ആരോപണത്തില്‍ അന്വേഷണം നടത്തുന്നു. അത് കേട്ടപാതി സര്‍വകലാശാല അധികൃതര്‍ മൂന്നംഗ കമ്മിറ്റി രൂപികരിക്കുന്നു. 2 മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു. ഇവിടെ 6%ത്തോളം മുസ്‌ലിം അധ്യാപക-വിദ്യാര്‍ത്ഥികളെ ഉള്ളൂ. അതുകൊണ്ട് തന്നെ ഇസ്‌ലാമികവല്‍ക്കരണം സാധ്യമല്ല എന്നുള്ള തീരുമാനത്തില്‍ എത്തുന്നു. മുസ്‌ലിം എന്ന ‘ഫിയര്‍ ഫാക്ടര്‍’ ഉപയോഗിച്ച് മാനവവിഭവശേഷി മന്ത്രാലയം ഒരു സമുദായത്തെ സര്‍വകലാശാലക്കകത്ത് അന്വേഷണ വിധേയമാക്കുന്നതിനെക്കുറിച്ച് ആരും ഒന്നും മിണ്ടുന്നില്ല എന്നതാണ് ഏറെ രസകരം.

ഇതിനു മുമ്പ് പോണ്ടിച്ചേരി സര്‍വകലാശാലയില്‍ വിസിക്കെതിരെ നടന്ന 17 ദിവസം നീണ്ട സമരം വിദ്യാര്‍ത്ഥി സമൂഹത്തിനു വലിയ പ്രതീക്ഷയാണ് നല്‍കിയത്. അധ്യാപകരും വിദ്യാര്‍ത്ഥികളും ഒന്നിച്ചു നിന്നായിരുന്നു സമരത്തിനു നേതൃത്വം നല്‍കിയത്. മേല്‍ജാതി ഹിന്ദു രാഷ്ട്രീയത്തിന് വെല്ലുവിളിയുയര്‍ത്തിയ മുസ്‌ലിം-കീഴാള മുന്നേറ്റമായിരുന്നു അത്. ആ മുന്നേറ്റത്തിലുള്ള ഭയപ്പാടില്‍ നിന്നാണ് ഇസ്‌ലാമികവല്‍ക്കരണത്തെക്കുറിച്ച സംസാരങ്ങള്‍ ഉണ്ടാകുന്നത്. ബാംഗ്ലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യ ഫാക്ട്‌സ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ഇതുമായി ബന്ധപ്പെട്ട ആദ്യം ലേഖനം പ്രസിദ്ധീകരിക്കുന്നത്. യു.പി.എ ഭരണ കാലത്താണ് അതവര്‍ പ്രസിദ്ധീകരിക്കുന്നത്. ജെ എ കെ തരീന്‍ ആയിരുന്നു അന്നത്തെ വി.സി. പ്രതീക്ഷിച്ചത്ര ചലനമുണ്ടാക്കാത്തതിനാല്‍ അവര്‍ ആ ലേഖനം പിന്‍വലിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇത് Patriots എന്ന സംഘടന എന്‍.ഡി.എ ഭരണകാലത്ത് പുന:പ്രസിദ്ധീകരിച്ചു. ഈ റിപ്പോര്‍ട്ട് ഉപയോഗിച്ച് 2015 സെപ്റ്റബറില്‍ മാനവവിഭവശേഷി മന്ത്രാലയത്തിന് സംഘ്പരിവാര്‍ സംഘടനകള്‍ ഒരു പരാതി അയക്കുകയുണ്ടായി. അതായത് സംഘപരിവാര്‍ ഒരു ലേഖനം പ്രസിദ്ധീകരിക്കുന്നു. അത് ഇപയോഗിച്ചു അവര്‍ തന്നെ ഇപ്പോള്‍ പരിവാര്‍ നിയന്ത്രണത്തിലുള്ള മാനവവിഭവശേഷി മന്ത്രാലയത്തിനു കത്തയക്കുന്നു. അവര്‍ ഒരു അന്വേഷണ കമീഷനെ നിയോഗിക്കുന്നു.

പോണ്ടിച്ചേരിയില്‍ നടന്നു കൊണ്ടിരിക്കുന്ന സമരത്തിന്റെ വഴി തിരിക്കാനാണ് അത് ചെയ്തതെങ്കിലും കാശ്മീരി മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ അക്കാദമിക ഭാവിയെയാണ് അത് ബാധിച്ചത്. ജെ എ കെ തരീന്റെ സമയത്തായിരുന്നു ജമ്മു കാശ്മീരില്‍ നിന്നും വിദ്യാര്‍ത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ഒരു പ്രത്യേക പദ്ധതി സര്‍വകലാശാല രൂപികരിച്ചത്. ക്രമേണ കാശ്മീരി വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുകയും ചെയ്തു. കൂടാതെ കേരളത്തില്‍ കോഴിക്കോട് പരീക്ഷാകേന്ദ്രം അനുവദിക്കുകയും ചെയ്തു. അത് വിശിഷ്യ മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ നേരിയ തോതിലെങ്കിലും വര്‍ദ്ധനവ് ഉണ്ടാക്കാന്‍ കാരണമായി.

മുസ്‌ലിംകള്‍ ക്യാമ്പസില്‍ പള്ളി നിര്‍മ്മാണത്തിന് ശ്രമിച്ചു എന്ന വാദം സംഘപരിവാര്‍ പ്രചരിപ്പിച്ചിരുന്നു. കാമ്പസില്‍ ഒരു ഹിന്ദു ക്ഷേത്രം നിലവിലുണ്ട്. മാത്രവുമല്ല, എല്ലാ പരിപാടികളുടെ തുടക്കത്തിലും ഹിന്ദു ആചാര കര്‍മ്മങ്ങള്‍ സര്‍വ്വ സാധാരണയാണ്. അതൊക്കെയും സര്‍വ്വകലാശാലയുടെ ഔദ്യോഗിക കര്‍മ്മങ്ങളായി മാറുമ്പോള്‍, പള്ളി നിര്‍മ്മിക്കാന്‍ ശ്രമിച്ചു എന്ന ആരോപണം മുസ്‌ലിം പേരുള്ള വിസി ക്കെതിരെ ഉന്നയിക്കുന്നതിന്റെ രാഷ്ട്രീയമെന്താണ്? മെസ്സില്‍ കൊടുക്കുന്ന കോഴി ഹലാല്‍ ആണെന്നതായിരുന്നു മറ്റൊരാരോപണം. രാജ്യ വ്യാപകമായി ബീഫ് നിരോധനത്തിനെതിരെ പ്രക്ഷോഭങ്ങള്‍ നടക്കുമ്പോള്‍ ഇവിടെ ഹലാല്‍ ചിക്കന്‍ കൊടുക്കുന്നുണ്ടെന്ന പ്രചാരണമാണ് സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിയത്!! തരീന് ശേഷം ലക്ഷങ്ങള്‍ ചിലവിട്ടു ശുദ്ധി കലശം നടത്തി അധികാരത്തിലേറിയ പുതിയ വി.സി ചന്ദ്രാ കൃഷ്ണ മൂര്‍ത്തി മുസ്‌ലിം ഭൂരിപക്ഷ കേന്ദ്രങ്ങളിലെ എന്‍ട്രന്‍സ് സെന്ററുകള്‍ എടുത്തു കളഞ്ഞും എസ്-സി-എസ്-ടി സ്‌കോളര്‍ഷിപ്പുകള്‍ തടഞ്ഞു വെച്ചും നിരന്തരമായ സവര്‍ണ പ്രീണനം നടത്തുകയായിരുന്നു.

സമരാനന്തരം നിര്‍ബന്ധ അവധിയില്‍ പ്രവേശിച്ച ചന്ദ്രാ കൃഷ്ണ മൂര്‍ത്തിയില്‍ നിന്നും ഒട്ടും വ്യത്യസ്തനല്ല താനെന്ന് തെളിയിക്കുന്ന സമീപനമാണ് പുതിയ ആക്ടിംഗ് വി.സിയായ അനീസ് ബഷീര്‍ ഖാനില്‍ നിന്നും ഉണ്ടായത്. മേല്‍ജാതി ഹിന്ദു രാഷ്ട്രീയത്തെ ചോദ്യം ചെയ്യുന്ന പരിപാടികള്‍ നടത്തുന്നതില്‍ നിന്ന് വിദ്യാര്‍ത്ഥികളെ തടയുകയും പരിപാടികളുടെ തലക്കെട്ടുകള്‍ നീക്കം ചെയ്യാന്‍ കര്‍ശനമായി ആവശ്യപ്പെടുകയുമാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍ അതോടൊപ്പം ഒരു സ്‌കൂള്‍ ഡീനിന്റെ മേല്‍നോട്ടത്തില്‍ സംഘപരിവാര്‍ വിദ്യാര്‍ത്ഥി സംഘടനയായ എ ബി വി പിയുടെ യുടെ പരിപാടികള്‍ സ്വതന്ത്രമായി നടത്തിക്കൊടുക്കുകയും ചെയ്യുന്നു.

ഇന്ത്യന്‍ സര്‍വ്വകലാശാലകളിലുടനീളമുള്ള മുസ്‌ലിം-കീഴാള വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയ മുന്നേറ്റത്തെ ഭയപ്പാടോടെ കാണുന്ന മേല്‍ജാതി ഹിന്ദു രാഷ്ട്രീയം നടത്തുന്ന ഒച്ചവെക്കലുകളാണ് എല്ലായിടത്തും നാമിപ്പോള്‍ കേട്ട്‌കൊണ്ടിരിക്കുന്നത്. മുസ്‌ലിം-ഇസ്‌ലാം എന്ന മാധ്യമത്തെ ഉപയോഗപ്പെടുത്തിയാണ് ദേശീയതയെക്കുറിച്ചും ദേശദ്രോഹത്തെക്കുറിച്ചുമുള്ള അധീശവ്യവഹാരങ്ങള്‍ ഇവിടെ സൃഷ്ടിക്കപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്.

ലുബൈബ് മുഹമ്മദ് ബഷീര്‍