Campus Alive

കേന്ദ്രസര്‍വ്വകലാശാലകളും ബ്രാഹ്മണനീതിയും: പ്രൊഫ.ഗോപാല്‍ ഗുരു സംസാരിക്കുന്നു

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേര്‍സിറ്റിയിലെ സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രൊഫസറായ ഗോപാല്‍ ഗുരു ജെ.എന്‍.യു വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് കൊണ്ട് നടത്തിയ പ്രഭാഷണത്തില്‍ നിന്ന്

തയ്യാറാക്കിയത്: ഹസനുസ്വാലിഹ്‌

“ചോദ്യങ്ങള്‍ ചോദിക്കുക എന്നത് നമ്മുടെ സംഭാഷണങ്ങളെ ദുഷ്‌കരമാക്കുന്ന കാര്യം തന്നെയാണ്.എന്നോട് തന്നെ ചില ചോദ്യങ്ങള്‍ ചോദിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. ഞാനെന്നെ അപബ്രാഹ്മണീകരണത്തിന് ( debrahmanization) വിധേയമാക്കണമെന്ന് പറയുമ്പോള്‍ എന്താണ് ഞാന്‍ ബ്രാഹ്മണിസം എന്നത് കൊണ്ടര്‍ത്ഥമാക്കുന്നത്? നാമിത് വരെ നിര്‍വ്വചിച്ചിട്ടില്ലാത്ത കാര്യമാണ് അതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ബ്രാഹ്മണിസത്തിന് ഒരു പ്രത്യേക ശരീരം ആവശ്യമുണ്ടോ? ഏത് തരത്തിലുള്ള ശരീരമാണ് ബ്രാഹ്മണിസം ആവശ്യപ്പെടുന്നത്? എന്തിനെയാണ് അപബ്രാഹ്മണീകരണത്തിന് വിധേയമാക്കേണ്ടത്? ആശയത്തെയാണോ, അതോ ശരീരത്തെയോ? ബ്രാഹ്മണ ഭാഷ ഉപയോഗിക്കുന്ന ദലിതരെ എന്ത് കൊണ്ടാണ് നമുക്കഭിമുഖീകരിക്കേണ്ടി വരുന്നത്? എപ്പിസ്റ്റമിക്കലും വൈകാരികവുമായ ചോദ്യമാണിത്.

എങ്ങനെയാണ് ഞാന്‍ രോഹിത്തിന്റെ തീരുമാനത്തെ നോക്കിക്കാണേണ്ടത്? അവന്‍ ഒരുപാട് ചിന്തിച്ചതിന് ശേഷമെടുത്ത തീരുമാനമാണിത്. ബ്രാഹ്മണ വ്യവസ്ഥയാണ് രോഹിത്തിനെക്കൊണ്ട് ഈ തീരുമാനമെടുപ്പിച്ചത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. രോഹിത്തിന്റെ കത്ത് നിങ്ങള്‍ വായിച്ചിട്ടുണ്ടാകും. ആഴത്തിലുള്ള ഫിലോസഫിക്കല്‍ ചിന്തയാണ് ആ കത്ത്. ഞാനതിവിടെ വായിക്കാനാഗ്രഹിക്കുന്നില്ല.

എങ്ങനെയാണ് നിങ്ങള്‍ ദേശത്തെ നിര്‍വ്വചിക്കുന്നത്? ഒരാളെ ദേശവിരുദ്ധന്‍ എന്ന് നിങ്ങളെങ്ങനെയാണ് വിളിക്കുക? ഏത് തരത്തിലുള്ള ദേശത്തെക്കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത്? അമൂര്‍ത്തമായ ദേശത്തെക്കുറിച്ചാണോ? സാമുദായികമായും വൈകാരികവുമായും നിര്‍മ്മിക്കപ്പെട്ട ദേശത്തെക്കുറിച്ചാണോ നിങ്ങള്‍ സംസാരിക്കുന്നത്? അതല്ല, രോഹിത്ത് കൂടിയുള്ള ദേശത്തെക്കുറിച്ചാണോ? ഏകശിലാത്മകമായ ദേശത്തെക്കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത് എന്നാണ് ഞാന്‍ പറയുന്നത്.

എന്റെ ജനനം എന്നത് ഒരു fatal accident ആണ് എന്നാണ് രോഹിത് പറയുന്നത്. എന്നാല്‍ particular ആയ ഐഡന്റിറ്റിയില്‍ നിന്ന് യൂണിവേര്‍സലാകാന്‍ ആഗ്രഹിക്കുന്ന അവനെ നിങ്ങള്‍ വീണ്ടും ചുരുക്കുകയാണ് ചെയ്യുന്നത്. ഇത് നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടോ?

https://www.youtube.com/watch?v=X5ozJswiezk

 

ജാതീയതക്കെതിരായ രോഹിത്തിന്റെ പോരാട്ടം വ്യക്തിപരമാണോ? ഉത്തരം അല്ല എന്ന് തന്നെയാണ്. ഒരു മൂവ്‌മെന്റിന്റെ ഭാഗമായി നിന്ന് കൊണ്ടാണ് അവന്‍ അനീതിയെക്കുറിച്ച് സംസാരിച്ചത്. രോഹിത്തിന്റെ കരിയറിന് ഒരു ധാര്‍മ്മിക പ്രാധാന്യമുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

നിരന്തരമായ സംഘര്‍ഷങ്ങളിലൂടെയാണ് ഓരോ ദലിത് വിദ്യാര്‍ത്ഥിയുടെയും ജീവിതം കടന്ന്‌പോകുന്നത്. ഇതര വിദ്യാര്‍ത്ഥികളില്‍ നിന്നും വ്യത്യസ്തമായി ഒരുപാട് ഊര്‍ജ്ജമാണ് അവര്‍ക്ക്‌ വേണ്ടിവരുന്നത്. രോഹിത്ത് അത് നേടിയെടുത്തിട്ടുണ്ട്.

അവസാനമായി ഒരു കാര്യം പറയാന്‍ ഞാനാഗ്രഹിക്കുന്നു. എന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന ഈ ബ്രാഹ്മണ വ്യവസ്ഥക്കെതിരെ എനിക്കെന്ത് ചെയ്യാന്‍ കഴിയും? മനശ്ശാസ്ത്രപരവും ബൗദ്ധികവും സാമൂഹികവും ഭാഷാശാസ്ത്രപരവുമായ അസമത്വങ്ങള്‍ക്കെതിരെ നാം നിലകൊള്ളേണ്ടതുണ്ട്. എന്നാല്‍ നമ്മളത് ചെയ്യുന്നുണ്ടോ? ഈ ചോദ്യം നമ്മോട് തന്നെ ചോദിക്കണമെന്നാണ് ഞാന്‍ കരുതുന്നത്. വളരെ നിഗൂഢമായ വ്യവഹാര രൂപമെന്നോണം നമ്മുടെ ക്ലാസ് റൂമുകളിലും സ്പഷടമായ വിധം പുറത്തും കാണപ്പെടുന്ന ഈ ബ്രാഹ്മണ വ്യവസ്ഥയെ വേരോടെ പിഴുതെറിയേണ്ടതുണ്ട്. ജാതീയതയുടെ പുതിയ രൂപങ്ങളാണ് ക്ലാസ് റൂമുകളില്‍ കാണപ്പെടുന്നത്. ഇതിനെ നശിപ്പിക്കാന്‍ പോലിസിനോ സ്‌റ്റേറ്റിനോ കഴിയില്ല. മറിച്ച്, നിങ്ങളോരോരുത്തരും സ്വയം വിചാരിക്കണം. എങ്കില്‍ മാത്രമേ രോഹിത്തിന് വേണ്ടിയുള്ള നമ്മുടെ പോരാട്ടങ്ങള്‍ക്ക് അര്‍ത്ഥമുള്ളൂ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്”.

ഗോപാല്‍ ഗുരു