Campus Alive

ദേശത്തെയും ദേശീയതയെയും കുറിച്ച ചില ചോദ്യങ്ങള്‍: പ്രൊഫ. ഗോപാല്‍ ഗുരു സംസാരിക്കുന്നു

ഈ വിഷയം വളരെ പ്രധാനപ്പെട്ട ഒന്നാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ദേശത്തെക്കുറിച്ച ഒരുപാട് നിര്‍വചനങ്ങള്‍ നാമിപ്പോള്‍ കേട്ട്‌കൊണ്ടിരിക്കുന്നുണ്ട്. ചിലയാളുകള്‍ പറയുന്നതിതാണ്: ‘നിങ്ങള്‍ക്ക് ദേശത്തെക്കുറിച്ച് ഒന്നുമറിയില്ല. അതിനാല്‍ ഞങ്ങള്‍ പറയുന്ന പോലെ ഈ രാജ്യത്ത് ജീവിക്കുക എന്നതാണ് നിങ്ങള്‍ ചെയ്യേണ്ടത്.’ വളരെ ഗുരുതരമായ ഒരു പ്രശ്‌നമാണിതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ദേശം എന്ന കണ്‍സപ്റ്റിനെക്കുറിച്ച് തന്നെ നാമിപ്പോള്‍ ആശയക്കുഴപ്പത്തിലായിരിക്കുന്നു. എങ്ങനെയാണ് ഒരാള്‍ ദേശത്തെ മനസ്സിലാക്കുന്നത്?

എങ്ങനെയാണ് ഞാന്‍ ദേശത്തെ മനസ്സിലാക്കുന്നത്? അത് നല്‍കുന്ന വാഗ്ദാനങ്ങളെയും ജനങ്ങള്‍ക്ക് നല്‍കുന്ന പ്രതീക്ഷകളെയും അടിസ്ഥാനമാക്കിയാണ് ഞാന്‍ ദേശത്തെ മനസ്സിലാക്കുന്നത്. എന്തായിരുന്നു നമ്മുടെ ദേശം നമുക്ക് നല്‍കിയിരുന്ന വാഗ്ദാനങ്ങള്‍? അനീതിയും അസമത്വവുമില്ലാത്ത ഒരു രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കും എന്നായിരുന്നു അത് നമ്മോട് പറഞ്ഞിരുന്നത്. എന്നാല്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് ഈ രാജ്യത്ത് ജീവിക്കാനുള്ള അര്‍ഹതയില്ല എന്ന വാദം ഈ രാജ്യത്ത് ഉയരുന്നതെങ്ങനെയാണ്? രാജ്യത്തെ ഒരു വിഭാഗം ജനങ്ങളെ അപമാനിതരാക്കിക്കൊണ്ട് നിങ്ങള്‍ക്ക് എങ്ങനെയാണ് ഒരു ദേശത്തെ സങ്കല്‍പ്പിക്കാനാവുക?

എല്ലാ തരത്തിലുമുള്ള അസമത്വങ്ങളെയും ഇല്ലായ്മ ചെയ്യാനാണ് നാമാഗ്രഹിക്കുന്നത്. ദലിത്-ബഹുജനങ്ങളെ അകറ്റി നിര്‍ത്തിക്കൊണ്ട് ഏത് തരത്തിലുള്ള ദേശത്തെക്കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത്? സവര്‍ണ്ണരും ദലിത്-ബഹുജനുകളും തമ്മില്‍ ഈ രാജ്യത്ത് നിലനില്‍ക്കുന്ന അകലത്തെ ചോദ്യം ചെയ്യേണ്ടതുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അത് ഇന്ത്യ എന്ന ആശയത്തെക്കുറിച്ച ചോദ്യം തന്നെയാണ്.

 

ദേശിയത മനസ്സിലാക്കപ്പെടുന്നതും നിര്‍വ്വചിക്കപ്പെടുന്നതും പ്രതീകാത്മകമായാണ്. ഭാരാതാമ്മയും അശോകചക്രവും ദേശീയതയെ മനസ്സിലാക്കാന്‍ ഉപയോഗിക്കപ്പെടുന്ന പ്രതീകങ്ങളാണ്. ഇതിലേതിനാണ് കൂടുതല്‍ കരുത്തുള്ളത് എന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്. ഭാരതാമ്മയുടെതോ അതല്ല അശോകചക്രത്തിന്റേതോ? സമത്വത്തിലും നീതിയിലും അധിഷ്ഠിതമായ ഒരു ദേശസങ്കല്‍പ്പം അശോകചക്രത്തിലാണ് നിലകൊള്ളുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ഒരു വിഭാഗം ജനങ്ങളെ രണ്ടാംകിട പൗരന്‍മാരായി കാണാത്ത, നൈതിക മൂല്യങ്ങളെ മുറുകെപ്പിടിക്കുന്ന ദേശത്തെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. ദേശം എന്നത് ഒരു അമൂര്‍ത്തമായ കാറ്റഗറിയല്ല. അതിര്‍ത്തികളെ അടിസ്ഥാനമാക്കി നമുക്കൊരിക്കലും ഒരു ദേശത്തെക്കുറിച്ച് സംസാരിക്കാനാവില്ല. ദേശത്തെക്കുറിച്ച് ഈ രാജ്യത്ത് നിലനില്‍ക്കുന്ന അധീശധാരണ അത് തന്നെയാണ്. അങ്ങനെയാണ് അവര്‍ അപരനെ സൃഷ്ടിക്കുന്നത്. അപരനെ സൃഷ്ടിക്കാനാഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ദേശാതിര്‍ത്തി എന്നത് വളരെ പ്രധാനമാണ്. എല്ലായ്‌പ്പോഴും ഈ അതിര്‍ത്തിയെ വെല്ല്‌വിളിക്കുന്ന, അതിനെ മറികടക്കുന്ന കുഴപ്പക്കാരായാണ് അപരര്‍ സങ്കല്‍പ്പിക്കപ്പെടുന്നത്.

ജാതീയതയെക്കുറിച്ച ചോദ്യങ്ങള്‍ എപ്പോഴെങ്കിലും ഇന്ത്യക്ക് പുറത്ത് ചര്‍ച്ച ചെയ്യപ്പെടുമ്പോഴേക്കും നമ്മുടെ ദേശാധികാരികള്‍ പറയുന്നത് അത് ആഭ്യന്തര പ്രശ്‌നമാണ്. അത് ഞങ്ങള്‍ പരിഹരിച്ചോളാം എന്നൊക്കെയാണ്. ഇന്ത്യയുടെ പാട്രിയാര്‍ക്കല്‍ സ്വഭാവത്തെയാണ് അത് കാണിക്കുന്നത്.

ദേശത്തെക്കുറിച്ചും ദേശീയതയെക്കുറിച്ചും രോഹിത് വെമുല ഉന്നയിച്ച് ചോദ്യങ്ങള്‍ ഞാന്‍ ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുന്നു. ദേശം അവന്റെ മേല്‍ മാര്‍ക്ക് ചെയ്തിരിക്കുന്ന നക്ഷത്രത്തില്‍ നിന്നും ഉയരങ്ങളിലേക്ക് പറക്കണമെന്നായിരുന്നു അവനാഗ്രഹിച്ചത്. സിവില്‍സമൂഹം എന്ന് മേനി നടിക്കുന്ന നമ്മോട് മുനകൂര്‍ത്ത ചോദ്യങ്ങളായിരുന്നു അവനുന്നയിച്ചത്.

ദേശത്തെ പുനര്‍നിര്‍മ്മിക്കണമെന്ന് നിങ്ങളാഗ്രഹിക്കുന്നുണ്ടോ? ഏത് തരത്തിലുള്ള ദേശത്തെയാണ് നിങ്ങള്‍ സങ്കല്‍പ്പിക്കുന്നത്? അരികുവല്‍ക്കരിക്കപ്പെട്ടവരുടെ അസ്ഥിത്വത്തെ ചോദ്യം ചെയ്യാത്ത ദേശത്തെയാണ് ഞാന്‍ സ്വപ്‌നം കാണുന്നത്. ദേശത്തെക്കുറിച്ച മറ്റുള്ളവരെ നിര്‍വചനങ്ങള്‍ക്ക് ഞാന്‍ പുല്ലുവില കല്‍പിക്കുന്നില്ല. ദേശത്തെക്കുറിച്ച്, അതിന്റെ സ്വഭാവത്തെക്കുറിച്ച്, അതെങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് എനിക്ക് ചില സങ്കല്‍പ്പങ്ങളും സ്വപ്‌നങ്ങളുമൊക്കെയുണ്ട്. അതനുസരിച്ചാണ് ഞാന്‍ ദേശത്തെക്കുറിച്ച് സംസാരിക്കുന്നത്. അല്ലാതെ ആരുടെയും ദേശസര്‍ട്ടിഫിക്കറ്റ് എനിക്കാവശ്യമില്ല. ദേശം എന്ന ആശയത്തെത്തന്നെ നിരന്തരമായി ചോദ്യം ചെയ്തും പുനരാലോചിച്ചും മുന്നോട്ട് പോകേണ്ട സമയമാണിതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ഗോപാല്‍ ഗുരു