Campus Alive

സിനിമയും മരുഭൂമിയും: അനന്തതയിലേക്കുള്ള സഞ്ചാരങ്ങള്‍

നൊമാഡുകളുടെ സിനിമാന്വേഷണങ്ങള്‍– രണ്ടാം ഭാഗം

റോഡ് സിനിമ ഷാനറില്‍ വളരെ വൈകിയാണ് അറബ് റോഡ് സിനിമ സ്വന്തമായ ഇടം കണ്ടെത്തുന്നത്. അസ്തിത്വപരമായ ആത്മാന്വേഷണം (Existential self-seeking) എന്ന് നമുക്കതിനെ വിശേഷിപ്പിക്കാവുന്നതാണ്. വ്യക്തിവല്‍ക്കരണത്തിന്റെ ആഘോഷം അറബ് സിനിമയില്‍ പുതിയൊരു സംഗതിയാണ്. ഒട്ടുമിക്ക നൊമാഡിക് സങ്കീര്‍ത്തനങ്ങളുടെ കര്‍ത്താക്കളും സാമൂഹ്യജീവിതത്തിന് പുറത്തുനില്‍ക്കുന്നവരും നിയമത്തെ അംഗീകരിക്കാത്തവരുമാണ്. സമൂഹത്തില്‍ നിന്നുള്ള അവരുടെ അകല്‍ച്ചയാണ്‌\വ്യത്യസ്തതയാണ് ആര്‍ട്ടിന് തന്നെ രൂപം നല്‍കുന്നത്. എന്റെ ചോദ്യമിതാണ്: അറബ് സിനിമാക്കാരും അറബ് സിനിമയുമെല്ലാം ഇങ്ങനെ സാമൂഹികരണ പ്രക്രിയയോട് അകലം പാലിക്കുന്നുണ്ടോ? മുഅല്ലഖാത്തിനെ പിന്തുടരുന്ന ഒരു നൊമാഡിക്ക് അറബ് സിനിമ നിലനില്‍ക്കുന്നുണ്ടോ?

നൊമാഡിക്ക് ആയ സങ്കീര്‍ത്തനങ്ങളെ ആസ്പദമാക്കിയുള്ള സിനിമകളില്‍ പ്രയോജനവാദപരമായ യാതൊന്നും നിലനില്‍ക്കുകയില്ല. വളരെ രേഖീയമായ കഥാസന്ദര്‍ഭങ്ങളെ മുന്‍നിര്‍ത്തിയായിരിക്കുകയില്ല അവ വികസിക്കുന്നത്. തുടക്കം, അവസാനം എന്ന ഫോര്‍മാറ്റില്‍ അവയെ മനസ്സിലാക്കുക അസാധ്യമാണ്. ഉദാഹരണത്തിന് പ്രിയപ്പെട്ട സുഹൃത്തിന്റെ വേര്‍പ്പാടില്‍ സങ്കടപ്പെടുന്ന ഒരാള്‍ തന്റെ സുഹൃത്തിന്റെ ഓര്‍മ്മകളിലേക്ക് മടങ്ങുന്നത് അയാള്‍ ബാക്കിയാക്കിയ അവശിഷ്ടങ്ങളിലൂടെയായിരിക്കും. ആ സുഹൃത്തിന്റെ ഫ്‌ളാഷ്ബാക്കിലേക്ക് മടങ്ങിക്കൊണ്ട് കഥപറയുന്ന രീതി നൊമാഡ് സിനിമകള്‍ക്കില്ല. നാശങ്ങളിലൂടെയും അവശിഷ്ടങ്ങളിലൂടെയുമാണ് പൊതുവെ നൊമാഡ് സിനിമകള്‍ നിലനില്‍ക്കുന്നത്. അതുപോലെ ഒട്ടകങ്ങളുടെയും വാഹനങ്ങളുടെയെല്ലാം ഷോട്ടുകള്‍ വളരെ ദൈര്‍ഘ്യമേറിയതായിരിക്കും. നാശത്തിന്റെ വിഷ്വലുകളില്‍ നിന്നും രക്ഷപ്പെട്ട് യാത്രതിരിക്കുന്നതിന്റെ മെറ്റഫറായി അതിനെ കാണാവുന്നതാണ്. കവിതയെയും സിനിമയെയുമല്ലാത്ത ഒരു വ്യവസ്ഥാപിതത്വത്തെയും അവ മാനിക്കുകയില്ല.

മരുഭൂമിയിലെ വ്യവസ്ഥാപിതമല്ലാത്ത ജീവിതം പ്രയോജനവാദപരമല്ലാത്ത മരുഭൂമി ആഖ്യാനത്തിന് മറ്റൊരു മാതൃകയും നല്‍കുന്നുണ്ട്. അതേസമയം മരുഭൂമി കലാപ കലുഷിതമായ ഒരിടമല്ല. മറിച്ച് അതിര്‍ത്തി, മണ്ണ്, കാറ്റ് തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലെല്ലാം വിന്യസിച്ചിരിക്കുന്ന ഭൂപ്രദേശമാണത്. മണ്‍തിട്ടകളുടെ സ്വയം വ്യവസ്ഥാപിതത്വം ഒരുപക്ഷേ നൊമാഡിക്ക് ജീവിതത്തിന്റെ സ്വയം വ്യവസ്ഥാപിതത്വത്തിന്റെ മെറ്റഫറായിരിക്കാം. മരുഭൂമി ആഖ്യാനങ്ങളാകട്ടെ പ്രാദേശികമായ സന്ദര്‍ഭങ്ങളില്‍ നിന്നാണ് (സാര്‍വ്വലൗകികമല്ല എന്നര്‍ത്ഥം) രൂപംകൊളളുന്നത്. കഥ പറയാനുള്ള മനുഷ്യന്റെ ത്വരയും മരുഭൂമിയും രണ്ട് വ്യത്യസ്തങ്ങളായ പരിമാണങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. അവ രണ്ടും തമ്മിലുള്ള വിനിമയത്തില്‍ നിന്നാണ് കഥ രൂപം കൊള്ളുന്നത്.

നൊമാഡുകള്‍ ഒരിക്കലും മരുഭൂമിയില്‍ താമസിക്കുന്നവരല്ല. മറിച്ച് സ്ഥിരമായി യാത്രചെയ്യുന്നവരാണ്. സിറിയന്‍ ബെദോവിനുകളുടെ ജീവിതത്തെക്കുറിച്ച തന്റെ പുസ്തകത്തില്‍ ജിബ്രായില്‍ എസ് ജബ്ബുര്‍ പറയുന്നത് നൊമാഡുകളുടെ ജീവിതം വെള്ളവും പുല്‍പ്പറമ്പും തേടിയുള്ള യാത്രയാണ് എന്നാണ്. ഗ്രീഷ്മകാലം വരെ അവര്‍ നിര്‍ണ്ണിതമായ അധിവാസത്തില്‍ നിലനില്‍ക്കുകയും ചെയ്യുന്നു. മരുഭൂമികളില്‍ നിലനില്‍ക്കുന്ന സവിശേഷമായ എക്കോസിസ്റ്റത്തെക്കുറിച്ച് അദ്ദേഹം വിശദമായി എഴുതുന്നുണ്ട്. അവിടങ്ങളില്‍ ജീവിക്കുന്ന നിരവധി മൃഗങ്ങളെക്കുറിച്ചും സസ്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നതായി കാണാം.

വളരെ സവിശേഷമായ സാമൂഹികബന്ധമാണ് മരുഭൂമികളില്‍ നിലനില്‍ക്കുന്നത്. ഉദാഹരണത്തിന് അധിവാസ ജനതയും ബദവി നൊമാഡുകളും തമ്മില്‍ വ്യാപാരബന്ധം നിലനില്‍ക്കുന്നുണ്ട്. വളരെ അമൂര്‍ത്തമായ ജീവിതത്തെ നൊമാഡുകള്‍ക്ക് സങ്കല്‍പ്പിക്കാനാവില്ല. തങ്ങളുടെ മൃഗങ്ങളുടെയും ഗോത്രങ്ങളുടെയുമെല്ലാം അതിജീവനത്തിന് വളരെ ഇമ്മനന്റായ ജീവിതത്തിന്റെ സാധ്യതകളെ അവര്‍ക്ക് ഉപയോഗപ്പെടുത്തേണ്ടതുണ്ട്. മുഹമ്മദ് ബംയെ എഴുതുന്നത് പോലെ വളരെ അമൂര്‍ത്തമായ ഭാഷയും വ്യാപാരവും ആത്മീയതയുമൊന്നും നൊമാഡുകള്‍ക്ക് വഴങ്ങുകയില്ല.യൂസെഫ് ചാഹിനിന്റെ The Emigrant എന്ന സിനിമ ജോസഫ് പ്രവാചകനെക്കുറിച്ച ബൈബിള്‍ കഥയെ ആസ്പദിച്ചാണ് വികസിക്കുന്നത്. ഒരു നൊമാഡിക്ക് കുടുംബത്തിലെ ഇളയ സഹോദരനായ രാമിനെയാണ് പിതാവിന് ഏറെ ഇഷ്ടം. രാം ഈജിപ്തിലേക്ക് കുടിയേറാനും കൃഷി ചെയ്യാനും ആഗ്രഹിക്കുന്നു. എന്നാല്‍ അസൂയാലുക്കളായ സഹോദരന്‍മാര്‍ അവനെ കടലില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്നു. എന്നാല്‍ അവരുടെ കൈയ്യില്‍ നിന്ന് രക്ഷപ്പെട്ട് രാം ഒടുവിലെത്തുന്നത് ഒരു കൊട്ടാരത്തില്‍ അടിമയായിക്കൊണ്ടാണ്. അവിടെ നിന്നും സ്വതന്ത്രനാകുന്ന രാമിന് മരുഭൂമിയില്‍ ഒരുപാട് സ്ഥലം ലഭിക്കുന്നു. അവിടെ അവന് കൃഷി ചെയ്യാന്‍ സാധിക്കുകയാണെങ്കില്‍ ആ ഭൂമി മുഴുവന്‍ അവനുള്ളതാണ്.

വെള്ളമാണ് The Emigrant എന്ന സിനിമയെ നിയന്ത്രിക്കുന്നത്. വെള്ളത്തിന് വേണ്ടിയുള്ള അന്വേഷണങ്ങളാണല്ലോ നൊമാഡിക്ക് യാത്രകളെയെല്ലാം നിര്‍ണ്ണയിക്കുന്നത്. സിനിമയില്‍ ഒരിടത്ത് രാമും സുഹൃത്തുക്കളും മഴ ആസ്വദിക്കുകയും രാത്രിയില്‍ ബാര്‍ലി കുഴിച്ചിടുകയും ചെയ്യുന്നുണ്ട്. പിന്നീട് ശുദ്ധമായ ജലം തന്റെ താമസസ്ഥലത്തിന് സമീപത്തിലൂടെ ഒഴുകുന്നുണ്ടെന്ന് മനസ്സിലാക്കിയ രാം കൃഷിയാവശ്യാര്‍ത്ഥം തന്റെ ഭൂമിയിലേക്ക് തിരിച്ചുവിടുന്നുണ്ട്. ആയിടക്ക് ഈജിപ്തില്‍ വിവിധ മതവിശ്വാസികള്‍ തമ്മില്‍ കലാപമുണ്ടാവുകയും കര്‍ഷകരുടെയെല്ലാം വിളകള്‍ ഒന്നടങ്കം നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. അവര്‍ കൂട്ട പാലായനം നടത്തുകയും രാം ഭരിക്കുന്ന കാര്‍ഷിക പ്രദേശത്ത് എത്തിച്ചേരുകയും ചെയ്യുന്നുണ്ട്. തുടര്‍ന്ന് രാം അവരെ തങ്ങാന്‍ അനുവദിക്കുന്നു. മാത്രമല്ല, അവരുടെ കൂട്ടത്തിലുണ്ടായിരുന്ന പട്ടാളക്കാരോട് അദ്ദേഹം കൃഷി ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. പിന്നീട് രാമിനെ കടലിലെറിഞ്ഞ സഹോദരന്‍മാരും അദ്ദേഹത്തിന്റെ സമീപത്ത് സഹായത്തിനായി എത്തുന്നതായി കാണാം. എന്നാല്‍ തങ്ങളുടെ മുമ്പിലുള്ളത് സ്വന്തം സഹോദരനാണെന്ന് അവര്‍ക്ക് മനസ്സിലാകുന്നില്ല. എന്നാല്‍ രാം അവര്‍ക്ക് പൊറുത്തുകൊടുക്കുകയാണ് ചെയ്യുന്നത്. രാമും പിതാവുമായുള്ള പുന:സ്സമാഗമാണ് സിനിമ അവസാനിക്കുമ്പോള്‍ നമ്മള്‍ കാണുന്നത്. നൊമാഡിക്ക് ജനതയുടെ പതിവ് പ്രതിനിധാന കാഴ്ചകളല്ല ഈ സിനിമയില്‍ ആവിഷ്‌കരിക്കപ്പെടുന്നത്. കുടുംബം, ഏകദൈവവിശ്വാസികളായ ഗോത്രക്കാര്‍, കാര്‍ഷിക അധിവാസ പ്രദേശങ്ങള്‍, വിജയകരമായ നഗരാസൂത്രണം എന്നിവയാണ് നൊമാഡുകളുടെ ജീവിതങ്ങളിലൂടെ നാം കാണുന്നത്.

എല്ലാം നഷ്ടപ്പെട്ട് എങ്ങോട്ടെന്നില്ലാതെ യാത്രചെയ്യുന്നവരുടെ പ്രതിനിധാനമായാണ് മരുഭൂമികള്‍ ആദ്യമൊക്കെ അറബ്-അറബേതര ആര്‍ട്ട് വര്‍ക്കുകളിലെല്ലാം ആവിഷ്‌കരിക്കപ്പെട്ടിരുന്നത്. സ്വന്തം പിതാവിനാല്‍ നിഷ്‌കാസിതനായ ഇംറുല്‍ ഖയ്‌സ് മരുഭൂമിയിലൂടെയുള്ള മടക്കവേളയിലാണ് തന്റെ സങ്കീര്‍ത്തനം രചിക്കുന്നത്. സമകാലിക നോര്‍ത്താഫ്രിക്കന്‍ മരുഭൂമി സിനിമകളെല്ലാം മരുഭൂമിയെ വിട്ട് യാത്രയാകുന്നവരുടെ കഥയാണ് പറയുന്നത്. അറക്കല്‍ ബലാ, അള്‍ജീരിയന്‍ ഡെസേര്‍ട്ട് റോസ്, ഇന്‍സാന്‍ തുടങ്ങിയ സിനിമകളെല്ലാം മരുഭൂമികളില്‍ നിന്ന് ആധുനികതയിലേക്ക് പറിച്ച് നടേണ്ടി വരുന്നവരുടെ വ്യഥകളെ ചിത്രീകരിക്കുന്നുണ്ട്.

(തുടരും)

ലോറ മാര്‍ക്‌സ്