Campus Alive

നൊമാഡ് സിനിമ: അലക്ഷ്യമായ യാത്രകളും യാഥാര്‍ത്ഥ്യത്തിന് പുറത്തുള്ള വിഷ്വലുകളും

നൊമാഡുകളുടെ സിനിമാന്വേഷണങ്ങള്‍- ഭാഗം മൂന്ന്

യൂറോപ്യന്‍ കോളനീകരണം മുതലാണ് ജനങ്ങള്‍ക്ക് പോകാനുള്ള ഒരിടമായി മരുഭൂമി പ്രതിനിധീകരിക്കപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി വരെ മരുഭൂമിയെക്കുറിച്ചും ബദവി ജീവിതത്തെക്കുറിച്ചുമുള്ള എഴുത്തുകള്‍ യൂറോപ്പില്‍ നിന്നായിരുന്നു പ്രധാനമായും വന്നിരുന്നത്. അവര്‍ മരുഭൂമിയിലൂടെ യാത്ര ചെയ്യുകയും നൊമാഡിക്ക് ജനതയുടെ കൂടെ താമസിക്കുകയും ചെയ്തു. അങ്ങനെ അവര്‍ ഇംഗ്ലീഷിലും ജര്‍മ്മനിലും ഫ്രഞ്ചിലുമെല്ലാം മരുഭൂവാസികളെക്കുറിച്ച് ധാരാളം എഴുതുകയും ചെയ്തു. അവരുടെ എഴുത്തുകളിലൂടെയാണ് മരുഭൂമി ഫാന്റസിയുടെയും നൊസ്റ്റാള്‍ജിയയുടെയും ഇടമായി മാറിയത്. 1920-40 കാലഘട്ടത്തിലെ ഈജിപ്ഷ്യന്‍ സിനിമകളെല്ലാം നൊമാഡിക്ക് ജീവിതത്തെക്കുറിച്ച നാഗരിക ഫാന്റസികളെയാണ് ആവിഷ്‌കരിക്കുന്നത്. ദ ശൈഖിനെപ്പോലുള്ള (1926) അമേരിക്കന്‍ മരുഭൂമി സിനിമകളില്‍ നിന്നാണ് അവ പ്രചോദനം സ്വീകരിക്കുന്നത്. അവയിലെല്ലാം യൂറോപ്യന്‍ കൊളോണിയലിസ്റ്റുകളുടെ റൊമാന്റിക്ക് കാഴ്ചകളോട് സാദൃശ്യമുള്ള ഇമേജുകളാണ് ഇഴപിരിയുന്നത്. അഥവാ, ആഴ്ചയിലൊരിക്കല്‍ ഒരുതരം ഫാന്റസി ജീവിതത്തെ സമ്മാനിക്കുന്ന ഇടങ്ങളായിട്ടാണ് മരുഭൂമികള്‍ ഹോളിവുഡ്-അമേരിക്കന്‍ സിനിമകളില്‍ ആവിഷ്‌കരിക്കപ്പെടുന്നത്. അപ്പോള്‍ സമയകേന്ദ്രീകൃതമായ യാത്രകളാണ് അത്തരം സിനിമകളില്‍ മരുഭൂമികളിലേക്ക് സാധ്യമാകുന്നത്.

ചില സിനിമാക്കാരെ സംബന്ധിച്ചിടത്തോളം മരുഭൂമിയുടെ അരേഖീയമായ ഇടം ഫാന്റസിയില്‍ നിന്ന് വേറിട്ടുകിടക്കുന്ന ചരിത്രപരമായ പുനര്‍ഭാവനകളെ നിര്‍മ്മിക്കുന്ന ഒരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുണ്ട്. തുനീഷ്യന്‍ സംവിധായകനായ നാസിര്‍ കെമിര്‍ തന്റെ Wanderers in the Desert എന്ന സിനിമയില്‍ മരുഭൂമിയെ ഒരു ടൈം-ട്രാവല്‍ ഉപകരണമായാണ് ആവിഷ്‌കരിക്കുന്നത്. ആ സിനിമയില്‍ ജനതാമസമില്ലാത്ത മരുഭൂമി നഗരം അന്തലൂസ്യയിലെ ഇസ്‌ലാമിന്റെ സുവര്‍ണ്ണ കാലഘട്ടത്തെയാണ് സൂചിതമാക്കുന്നത്. പാരീസില്‍ ജീവിക്കുന്ന കെമിര്‍ പറയുന്നത് വര്‍ത്തമാന കാലത്തെ ദാരിദ്ര്യത്തെയും ആഗോള കോളനീകരണത്തെയും അസന്നിഹിതമാക്കുന്നതിന് വേണ്ടിയാണ് താന്‍ ഫാന്റസികളെ നിര്‍മ്മിക്കുന്നത് എന്നാണ്: ‘ സ്വദേശത്തു നിന്നുള്ള എന്റെ അസാന്നിധ്യത്തെ ഞാന്‍ ഉല്‍പാദിപ്പിക്കുന്നത് ഫാന്റസി ലോകത്തേക്ക് മുന്നേറിക്കൊണ്ടാണ്’.

എന്നാല്‍ ചില ഫാന്റസികളും ചരിത്ര സിനിമകളും ഒഴിച്ചുനിര്‍ത്തിയാല്‍ മരുഭൂമി ഒരിക്കലും അറബ് സിനിമയുടെ വിഷയമായിട്ടില്ല. ഇന്ന് അധികമാരും മരുഭൂമിയില്‍ ജീവിക്കുന്നില്ല. ഇനി ജീവിക്കുന്നവര്‍ തന്നെ മരുഭൂമിയെക്കുറിച്ച് സിനിമയെടുക്കാന്‍ മുതിരുന്നുമില്ല. മരുഭൂമിയുടെ സിനിമ എന്നത് യഥാര്‍ത്ഥത്തില്‍ മരുഭൂമിയെ ഉപേക്ഷിക്കുന്നതിനെക്കുറിച്ച സിനിമയാണ്. അത്തരത്തില്‍ മരുഭൂമിയെ അവതരിപ്പിക്കുന്ന നിരവധി ഇമേജുകളില്‍ ഒന്നാണ് ഈജിപ്തുകാരനായ ഇസ്സുദ്ദീന്‍ സയ്ദ് സംവിധാനം ചെയ്ത Alamein- A moment of life. സിനിമ തുടങ്ങുന്നത് ആടുകളെ മേയ്ക്കുന്ന ഒരു സ്ത്രീയും അവളിലേക്കെത്താന്‍ ധൃതിപ്പെടുന്ന യുവാവിന്റെയും പ്രണയചേഷ്ടകളിലൂടെയാണ്. എന്നാല്‍ അവളുടെ സമീപത്തെത്തുമ്പോഴേക്കും അയാള്‍ പൊട്ടിത്തെറിക്കുകയാണ് ചെയ്യുന്നത്. ഈജിപ്തും ഇസ്രയേലും തമ്മില്‍ നടന്ന യുദ്ധത്തില്‍ ബാക്കിയായ കുഴിബോംബ് പൊട്ടിയാണ് അയാള്‍ മരിക്കുന്നത്. ഇവിടെ ഏതൊരു ഹോളിവുഡ് സിനിമകളെയും പോലെ ബദവികള്‍ വളരെ ഗ്ലാമറസായിട്ടാണ് ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ദേശരാഷ്ട്രങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ നൊമാഡിക്ക് ജീവിതത്തെ അസ്ഥിരപ്പെടുത്തുകയാണ് ചെയ്യുന്നത് എന്നാണ് സിനിമ പറയുന്നത്.

Ghassan Salhab

സമകാലിക അറബ് സിനിമകളില്‍ മരുഭൂമികള്‍ വളരെ അപൂര്‍വ്വമായി മാത്രമേ നമുക്ക് കാണാന്‍ സാധിക്കുകയുള്ളൂ. റോഡ് മാര്‍ഗേനയുള്ള നിരന്തരമായ സഞ്ചാരങ്ങളാണ് അവയിലൊക്കെയുള്ളത്. എവിടെയുമെത്താത്ത യാത്രകളാണവയെല്ലാം. അഥവാ, ലക്ഷ്യമില്ലാത്ത\ലക്ഷ്യത്തിലെത്താത്ത യാത്രകള്‍. അപ്പോള്‍ മാപ്പ് (Map) എന്നത് ഇവിടെ ഉപയോഗശൂന്യമാണ്. അതേസമയം ഇത്തരം പുതിയ അറബ് സിനിമകളില്‍ ഒരു സവിശേഷതയുണ്ട്. അഥവാ, അറബ് ഹൈവേ ആണ് അവയിലെ മരുഭൂമി. അപ്പോള്‍ അത്തരം സിനിമകളെ നമുക്ക് റോഡ് സിനിമ എന്ന് വിശേഷിപ്പിക്കാവുന്നതാണ്. ബാല്‍ബെക്ക് (2001) എന്ന സിനിമ അതിനുദാഹരണമാണ്. ലബനീസ് വീഡിയോ നിര്‍മ്മാതാക്കളായ ഗസ്സന്‍ സല്‍ഹബ്, അക്രം സാത്രി, മുഹമ്മദ് സൗയിദ് എന്നിവര്‍ ചേര്‍ന്നാണ് ആ സിനിമ സംവിധാനം ചെയ്തത്. ഓരോ ഇരുപത് മിനുറ്റിലും സിനിമ ഒരേ കഥ തന്നെ തുടര്‍ച്ചയായി ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. സിറിയന്‍ പാട്ടുകാരനായ സബാഹ് ഫഖ്‌റിയുടെ ഒരു കണ്‍സേട്ട് കവര്‍ ചെയ്യാന്‍ ബെയ്‌റൂത്തില്‍ നിന്നും ബാല്‍ബെക്കിലേക്ക് പോകുന്ന ഒരു എഴുത്തുകാരന്റെയും ഫോട്ടോഗ്രാഫറുടെയും കഥയാണത്.

യാത്രക്കിടയില്‍ എഴുത്തുകാരന്‍ വാഹനം ഒരു നിമിഷം ഒരിടത്ത് നിര്‍ത്താനാവശ്യപ്പെടുകയും അങ്ങനെ റോഡരികില്‍ അവര്‍ വാഹനം നിര്‍ത്തുകയും ചെയ്യുന്നുണ്ട്. അവിടെ വെച്ച് എഴുത്തുകാരന്‍ ഒരു കവിത എഴുതുന്നതായി കാണാം: ‘As far as we can go\ the days carry us\ As far as we can go. ഇവിടെ യാത്രയേക്കാള്‍ കൂടുതല്‍ ആകര്‍ഷണീയതയായി അനുഭവപ്പെടുന്നത് യാത്രയെക്കുറിച്ച ഈ കവിതയാണ് എന്നതാണ് കൂടുതല്‍ രസകരം. കവിതയിലുടനീളം യാത്രയെക്കുറിച്ച ആശങ്കകളുണ്ട്. ഗായകനായ ഫക്രിയെക്കുറിച്ച് എഴുത്തുകാരന്‍ കേട്ടിട്ടു പോലുമില്ല എന്ന് ഫോട്ടോഗ്രാഫര്‍ക്ക് മനസ്സിലാവുകയും ചെയ്യുന്നുണ്ട്. അവര്‍ പിന്നീട് ലബനാനിലെ ഏറ്റവും മികച്ച സാന്‍വിച്ച് മേക്കറായ അബൂ എലിയാസിനെ തേടിയാണ് യാത്ര പുനരാരംഭിക്കുന്നത്. ഒരിടത്ത് വെച്ച് എഴുത്തുകാരന്‍ ഒരു പര്‍വ്വതം കാണുകയും അതിന്റെ സൗന്ദര്യത്തില്‍ മതിമറക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഫോട്ടോഗ്രാഫറെ കാണിക്കാന്‍ ശ്രമിക്കുമ്പോഴേക്കും പര്‍വ്വതം കാഴ്ചയില്‍ നിന്ന് അപ്രത്യക്ഷമാകുന്നു. ഇങ്ങനെ പല വിധത്തിലുള്ള ഇമേജുകളിലൂടെ കടന്ന് പോകുന്ന സിനിമ ഒരിക്കലും നമ്മെ ലക്ഷ്യസ്ഥാനമായ ബാല്‍ബെക്കില്‍ എത്തിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം.

ഇറാഖി സിനിമാക്കാരനായ സഅദ് സല്‍മാന്റെ Baghdad On\Off എന്ന സിനിമ റോഡ് ഷാനറിലൂടെയാണ് കടന്നുപോകുന്നത്. ഒറ്റനോട്ടത്തില്‍ ഒരു പരമ്പരാഗത ഡോക്യുമെന്ററിയാണ് അത് എന്ന് തോന്നിപ്പോകും. ഇരുപത്തഞ്ച് വര്‍ഷത്തോളം രാജ്യത്തിന് പുറത്ത് ജീവിക്കേണ്ടി വന്ന സല്‍മാന്‍ ബഗ്ദാദിലേക്ക് വരുന്നത് അസുഖമായിക്കിടക്കുന്ന തന്റെ ഉമ്മയെ കാണുന്നതിന് വേണ്ടിയാണ്. ഇറാഖി കുര്‍ദിസ്ഥാനില്‍ നിന്ന് ഇറാഖി അതിര്‍ത്തിയിലേക്ക് യാത്ര ചെയ്യുന്ന ഒരു ഡ്രൈവറുടെ കൂടെ കയറുന്ന സല്‍മാനെ അയാള്‍ കൊണ്ടുപോകുന്നത് വിവധങ്ങളായ വഴികളിലൂടെയാണ്. യാത്രാവഴിയില്‍ പലയിടത്തു വെച്ചും തടസ്സങ്ങള്‍ നേരിടുന്നുണ്ട്. ചുരുക്കത്തില്‍ ബഗ്ദാദിലേക്കുള്ള യാത്ര ലക്ഷ്യസ്ഥാനത്തെത്താതെ നീണ്ടുപോവുകയാണ്. തന്റെ ഫോട്ടോ എടുക്കാന്‍ നിരന്തരം വിസമ്മതിക്കുന്ന ഡ്രൈവറാകട്ടെ, ‘നാളെ എന്തായാലും നമ്മള്‍ ബഗ്ദാദില്‍ എത്തിച്ചേരും’ എന്ന് ഇടക്കിടെ സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ബഗ്ദാദിലേക്കുള്ള യാത്ര നിരന്തരം സങ്കീര്‍ണ്ണമാവുകയാണ് ചെയ്യുന്നത്. വഴിമധ്യേ സദ്ദാം ഹുസൈന്റെ ഭരണകൂടത്തോടുള്ള ജനരോഷം സല്‍മാന് അനുഭവിക്കാന്‍ കഴിയുന്നുണ്ട്. അതുപോലെ കുര്‍ദിഷ് ജനതയുടെയും മറ്റ് ദേശരഹിത വിഭാഗങ്ങളുടെയും കഥകള്‍ അദ്ദേഹത്തിന് മുമ്പാകെ ഇഴപിരിയുകയും ചെയ്യുന്നുണ്ട്.

സ്വാതന്ത്ര്യത്തിനും അതിജീവനത്തിനും വേണ്ടിയുള്ള ഇറാഖി ജനതയുടെ തേട്ടങ്ങളും സിനിമയില്‍ മനോഹരമായി ആവിഷ്‌കരിക്കപ്പെടുന്നുണ്ട്. യുദ്ധത്തില്‍ മക്കളെ നഷ്ടപ്പെട്ട ഒരു കുടിയേറ്റക്കാരി ഇപ്പോഴും പറയുന്നത് ‘ജീവിതത്തെക്കാളും സ്വന്തമായി ഒരു വീടുണ്ടാകുന്നതിനേക്കാളും പ്രധാനം സ്വാതന്ത്ര്യമാണ്” എന്നാണ്. ‘നാളെ നമ്മള്‍ ബഗ്ദാദിലെത്തിച്ചേരും’ എന്ന ഡ്രൈവറുടെ ഉറപ്പ് ലക്ഷ്യത്തിലെത്താതെ അനന്തമായി നീളുകയാണ് ചെയ്യുന്നത്. സിനിമയില്‍ അവര്‍ ബഗ്ദാദില്‍ എത്തിച്ചേരുന്നതായി നമ്മള്‍ കാണുന്നില്ല.

(തുടരും)

ലോറ മാര്‍ക്‌സ്