ലേഖനത്തിന്റെ രണ്ടാം ഭാഗം
തിയെർനോ ബൊകാറയുടെ സമകാലികനും തിജാനി സൂഫീ ത്വരീഖയിലെ പ്രമുഖ ഷെയ്ഖുമായ, ഒരുപക്ഷേ 20-ാം നൂറ്റാണ്ടിലെ തന്നെ ആഫ്രിക്കയിലെ പേരുകേട്ട പണ്ഡിത സൂഫീവര്യനുമാണ് ഷെയ്ഖ് ഇബ്രാഹീം നിയാസ് (മരണം 1975). അദ്ദേഹത്തിന്റെ പ്രശസ്തമായ മൗറിത്താനിയൻ പ്രഭാഷണത്തിൽ തന്റേതായ ഒരു വിശദീകരണം സിനിമക്ക് അദ്ദേഹം നൽകുന്നുണ്ട്. സൃഷ്ടിപ്പിനെ സ്വപ്നം, മരീചിക, നിഴൽനാടകം തുടങ്ങിയവയുമായി താരതമ്യപ്പെടുത്തുന്ന ദീർഘമായ സൂഫീ പാരമ്പര്യത്തിൽ നിന്നുകൊണ്ട് ആത്മജ്ഞാനത്തിന്റെ പ്രത്യേക ഘട്ടത്തെ ഒരു സിനിമാ മോഹിയുടെ അനുഭവവുമായി അദ്ദേഹം താരതമ്യം ചെയ്യുന്നു;
“ഒരു മനുഷ്യൻ അവന്റെ ഹൃദയം അല്ലാഹുവിലർപ്പിച്ചുകൊണ്ട് നിരന്തരമായ ദിക്റിൽ മുഴുകിയാൽ ഈ ലോകം അവനിൽ നിന്ന് മാഞ്ഞ്പോവുകയും അല്ലാഹുവിങ്കൽ അണയുകയും ചെയ്യും. ഈ ലോകം ‘മരുഭൂമിയിലെ മരീചികപോലെയാവുന്നു, ദാഹാർത്തൻ അതിന്റെ സമീപത്തെത്തുന്നതു വരേക്കും അതൊരു വെള്ളക്കെട്ടാണെന്നവൻ മോഹിക്കും, എന്നാൽ അവിടെ ചെന്ന് നോക്കുമ്പോഴോ ഒന്നും കണ്ടെത്താൻ കഴിയില്ല, പകരം അവനവിടെ അല്ലാഹുവിനെ കണ്ടെത്തുന്നു (24:39). ഷെയ്ഖുൽ അക്ബർ ഇബ്നു അറബി അൽ ഹാതിമി പറയുന്നു: ‘സൃഷ്ടിജാലങ്ങളെ ഒരു മരീചികയായി കാണുന്നവനാരോ അവൻ മറയെ മറികടന്നിരിക്കുന്നു…’
ഇതിനൊരുദാഹരണം സിനിമയിൽ കാണുവാൻ കഴിയും. ഇതുവരെയും സിനിമ കാണാത്ത ആരെങ്കിലുമുണ്ടെങ്കിൽ നിങ്ങളതൊന്ന് കാണണമെന്ന് ഞാനാഗ്രഹിക്കുന്നു. നിലനിൽക്കുന്നതല്ലെന്ന് നിങ്ങൾക്ക് ബോധ്യമുള്ള ഒന്ന് അതിൽ കാണാൻ കഴിയും, പക്ഷേ അപ്പോഴുമത് നിലനിൽക്കുന്നുണ്ടാവും. അത് നിലനിൽക്കുന്നില്ലായിരുന്നുവെങ്കിൽ നിങ്ങൾക്കത് കാണാൻ കഴിയുമായിരുന്നില്ല, എന്നാലോ യഥാർത്ഥത്തിൽ അതൊട്ട് നിലനിൽക്കുന്നുമില്ല. അതുകൊണ്ട് നിലനിൽക്കുന്ന ഏതൊരു വസ്തുവും സിനിമയിലേതെന്ന പോലെ ഈ രണ്ടവസ്ഥകളും [അസ്ഥിത്വവും അസ്ഥിത്വമില്ലായ്മയും] ഉൾച്ചേർന്നവയാണ്. നീ കാണുന്നതെന്തും ഒരേസമയം നിലനിൽക്കുന്നതും നിലനിൽക്കാത്തതുമാണ്. അസ്ഥിത്വം എന്ന് പറയുന്നത് ഇതേപോലെയാണ്, അനേകം നന്മകൾ നിങ്ങൾ ചെയ്യുന്നു, എന്നാലത് ചെയ്യുന്നത് നിങ്ങളല്ലെന്ന് നിങ്ങൾക്കറിയതാനും, തിന്മകളെ നിങ്ങൾ ഒഴിവാക്കുമ്പോഴും ചെയ്യുന്നത് നിങ്ങളല്ല. ചെയ്യുന്നവൻ ഏകനായ (അൽ-വഹീദ്) അല്ലാഹുവാകുന്നു[1]”.
സമാനമായി, ഏകവും അനേകവും, സൃഷ്ടിയും സൃഷ്ടാവും പരമസത്യവും അതിന്റെ പ്രകാശനങ്ങളും തമ്മിലുള്ള ഈ വൈരുദ്ധ്യാത്മക ബന്ധത്തെ സൂചിപ്പിക്കാൻ അൽ ഗസ്സാലി, ഫരീദുദ്ദീൻ അത്താർ (റ), ഇബ്നു അറബി (റ), ജലാലുദ്ദീൻ റൂമി (റ), ഇബ്നുൽ ഫരീദ് (റ) തുടങ്ങിയ സൂഫീ പണ്ഡിതരും കവികളും നിഴൽ പാവ നാടകത്തെ (ഖായാലുൽ ള്വില്ല്)[2] ഒരു പ്രതീകമായി ഉപയോഗിച്ചിരുന്നതായി കാണാൻ കഴിയും. ഉദാഹരണത്തിന് ഇബ്നു അറബി (റ) അദ്ദേഹത്തിന്റെ ഫുതൂഹാത്തുൽ മക്കിയ്യയിൽ എഴുതുന്നത് കാണുക:
“ഇവ്വിഷയകമായി ഞാൻ സൂചിപ്പിച്ചതിന്റെ യാഥാർത്ഥ്യം മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ നിഴൽ നാടകത്തിലേക്ക് നോക്കുക. അനേകം ഇമേജുകളും (സ്വുവാർ), ആ ഇമേജുകൾ മുഖാന്തിരം സംസാരിക്കുന്ന ഒരുവനും അതിലുണ്ടാവും, കുട്ടികൾ അവർക്കും നാടകത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കുന്നവനും (അൽ-ലാ’ഇബു ബി തിൽകൽ അശ്ഖാസ്) ഇടയിലുള്ള തിരശ്ശീലയിൽ നിന്നും കുറച്ച് മാറിയിരുന്ന് നാടകം വീക്ഷിക്കുന്നു. ഈ ലോകത്തെ ഇമേജുകളുടെയും കാര്യം സമാനമാണ്. മുകളിൽ നാം കണ്ട കുട്ടികളെപ്പോലായാണ് മിക്ക ആളുകളും: ആ ശബ്ദങ്ങളുടെ ഉറവിടത്തെ എങ്ങനെയാണവർക്ക് അറിയാൻ കഴിയുക? കൂടിയിരിക്കുന്നവരിലെ കുട്ടികൾ നിഴലാട്ടം കണ്ട് രസിക്കും. അശ്രദ്ധർ അതിൽ ആനന്ദവും വിനോദവും കണ്ടെത്തുന്നു. അതേസമയം ബുദ്ധിമാന്മാരാവട്ടെ അതിൽ നിന്ന് പാഠമുൾക്കൊള്ളുകയും അല്ലാഹു അതൊരു ദൃഷ്ടാന്തമായി അവതരിപ്പിച്ചതാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. അങ്ങനെ വസ്സാഫ് (വിവരിക്കുന്നവൻ, സ്തുതിപാടകൻ) എന്നറിയപ്പെടുന്ന കഥാപാത്രം ആദ്യം പ്രത്യക്ഷപ്പെടുന്നു. അവൻ ദൈവത്തിന്റെ മഹത്വങ്ങളെ വർണിക്കുന്നു. അവനു ശേഷം മറക്ക് പിന്നിൽ നിന്ന് കളിക്കുന്ന എല്ലാ ഇമേജുകളെ (സ്വുവാർ) കുറിച്ചും പിന്നീടവൻ സംസാരിക്കുന്നു. ദൈവം അവന്റെ അടിമകൾക്കൊരു താക്കീതെന്നോണം ഒരു ദൃഷ്ടാന്തമായാണ് ഇത് [നിഴൽ നാടകം] ഉണ്ടാക്കിയിരിക്കുന്നതെന്ന് അവൻ തന്റെ കാണികളോടുണർത്തുന്നു. അല്ലാഹുവിന് ഈ ലോകവുമായുള്ള ബന്ധം മുഹർരിക്കിന് [പാവകളിക്കാരൻ/ചലിപ്പിക്കുന്നവൻ] അതിലെ ഇമേജുകളുമായുള്ള ബന്ധം പോലെയാണെന്ന് അതിലൂടെ അവർക്കറിയാൻ കഴിയും. മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന ഭാവിയുടെ രഹസ്യങ്ങളെ തന്റെ സൃഷ്ടികളിൽ നിന്ന് മറച്ചുവെക്കാനുള്ള സ്ക്രീനാണ് (ഹിജാബ്) വാസ്തവത്തിൽ ആ തിരശ്ശീല (സിത്താറ). അശ്രദ്ധരാവട്ടെ ഇതൊന്നും കാണാതെ ആട്ടം കണ്ട് രസിക്കുന്നു, ‘ദീനിനെ കളിയും തമാശയുമായി എടുക്കുന്നവർ’ (6:70) എന്ന് അല്ലാഹു അവരെക്കുറിച്ച് പറയുന്നു. തുടർന്ന് വസ്സാഫ് അപ്രത്യക്ഷനാവുന്നു, തന്റെ നാഥനോടൊപ്പം ദിവ്യമറയ്ക്കുപിന്നിൽ അവനൊളിച്ചിരിക്കുന്നു. ‘അല്ലാഹു തികച്ചും സത്യമായത് മാത്രം പറയുകയും നേർവഴിക്ക് നടത്തുകയും ചെയ്യുന്നവൻ’ (33:4).
തന്റെ നസ്മു സുലൂക്ക് എന്ന കവിതാശകലത്തിൽ നിഴൽനാടകത്തെ വിശദീകരിച്ചുകൊണ്ട് ഇബ്നു ഫാരിള് ഇപ്രകാരം എഴുന്നു:
“മറവിപ്പരപ്പിൽ നിഴൽ നാടകം തരും ലാഞ്ചന
മറ, പിടിക്കുന്നതെന്തോ അതിന്റെ സൂചന
വെളിവാകും നിങ്ങൾക്ക് വസ്തുക്കളുടെ രൂപം
തെളിവാകും കലക്കത്തിൽ തെളിവിൻ കോലം
വിപരീതങ്ങൾ ഒരുമിക്കും കാരണമൊന്നാൽ അവയിൽ
വിശേഷങ്ങൾ തെളിയും സകലമാന കോലങ്ങളിൽ
സംസാരമുണ്ടതിൽ, സംഭാഷണമില്ലാതെ
സഞ്ചരിക്കുന്നുണ്ടത് സഞ്ചാരപ്പെടാതെ
വെളിച്ചം തരുന്നുണ്ടത്, തെളിച്ചം കുറഞ്ഞും
ചിരിക്കും നിങ്ങളപ്പോൾ ആശ്ചര്യത്താലും ആനന്ദത്താലും
കരയും നിങ്ങളപ്പോൾ പെറ്റത് മരിച്ച പെറ്റമ്മ പോലെയായും
വിത്തം പോയപ്പോഴവർ വിഷമിച്ചാൽ വ്യസനിക്കും നിങ്ങൾ
ചിത്തം തുടിക്കും നിങ്ങൾക്ക് അവർ തുഷ്ടരായ് പാടിയാൽ
…
കണ്ടതെല്ലാം കർമ്മങ്ങളാണൊന്നിന്റെ
കൺമറയത്ത് തനിച്ചായി നിന്നതിന്റെ
തിര നീക്കുമ്പോളവൻ കാണും നിങ്ങളവനെ
തിരയാനുണ്ടാവില്ല തീരെയും അങ്കലാപ്പിനെ
തിരമാറ്റമിതും അവന്റെ വെളിച്ചത്തിൻ വിരിമാറ്റം
ഇരുട്ടിലവന്റെ കൃത്യങ്ങൾ നിനക്കിനി തെളിനോട്ടം
എനിക്കും എന്റേതിനുമിടയിലെ ഇരുളിന്നൊളിവിൽ
എറിയുന്നു ഞാനെന്നാത്മാവിൻ മറ അങ്കലാപ്പിൽ
…
തിരയിലവന്റെ കൃത്യങ്ങൾ വരുന്നേരം വരും രൂപങ്ങൾ
തീരെ മറയും മായും അവൻ വന്നാലോ ആ രൂപങ്ങൾ
…
വെളിവാകും നാവുകളെല്ലാം മൊഴിയുമെന്നേകത്വം
തെളിഞ്ഞാലന്നേരം നിനക്ക് തെളിമ” [3]
ഇബ്നു ഫരീദിന്റെ മറ പോലെ തന്നെ, കാട്ടുമ്പോഴും മറച്ചുവെക്കുന്ന സങ്കേതങ്ങളായ സിനിമയും വീഡിയോയും നിഴലിനു മേൽ നിഴലുകളുടെയും സ്വപ്നങ്ങളിലെ സ്വപ്നങ്ങളുടെയും സൃഷ്ടിജാലങ്ങളുടെ സൃഷ്ടികളുടെയും ലോകത്ത് നമ്മെ തളച്ചിടുന്നു. കണ്ണഞ്ചിപ്പിക്കുന്ന അനേകതകളാൽ ചുറ്റപ്പെട്ടിരിക്കുന്ന ഈ ലോകത്ത് ആത്യന്തിക യാഥാർത്ഥ്യത്തെ പിടികിട്ടാൻ പാടാണ്. അതിനാൽ വീഡിയോയുടെ സാങ്കൽപ്പിക ലോകം യാഥാർത്ഥ്യത്തിൽ നിന്നും ഒരു പടികൂടി നമ്മെ അകറ്റി നിർത്തുന്നു. എങ്കിലും, മറകൾക്കും നിഴലുകൾക്കും മറച്ചുവെക്കുമ്പോഴും കാണിക്കുക സാധ്യമാണെന്ന പോലെ അത്തരം രൂപങ്ങളുടെ പ്രകൃതത്തെ കുറിച്ച് ആഴത്തിൽ വിചിന്തനം ചെയ്യുക വഴി ലോകത്തിന്റെ തന്നെ പ്രകൃതത്തെ കുറിച്ച ശക്തമായി താക്കീതായി (ആത്മീയമായി ഔന്നിത്യമില്ലാത്തവർക്ക്) അതിന് മാറാൻ കഴിയും. ഷേക്സ്പിയറിന്റെ നാടകങ്ങൾക്കുള്ളിലെ നാടകങ്ങളും, ‘ദി ട്രൂമാൻ ഷോ’, ‘ദി മാട്രിക്സ്’, ‘ഇൻസെപ്ഷൻ’, തുടങ്ങിയ സിനിമകളും ‘ബ്ലാക്ക് മിറർ’ പോലുള്ള ടിവി സീരീസുകളും ഇതിന്റെ നല്ല ഉദാഹരണങ്ങളാണ്. പ്രേക്ഷകർക്ക് നേരെ ഒരു കണ്ണാടി തിരിച്ച് വെച്ചുകൊണ്ട് അവരെ സ്വന്തത്തിലേക്കും സ്വന്തം യാഥാർത്ഥ്യങ്ങളിലേക്കും തിരിഞ്ഞുനോക്കാൻ പ്രേരിപ്പിക്കുന്നതാണ് ഇത്തരം ചിത്രങ്ങൾ. മധ്യകാല നിഴൽപാവ നാടകങ്ങളിൽ അവസാനം പാവ കളിക്കാരനോ അല്ലെങ്കിൽ ഏതെങ്കിലുമൊരു കഥാപാത്രമോ നൽകുന്ന വിശദീകരണത്തിലൂടെയാണ് ഇത് സാധ്യമാക്കിയിരുന്നത്.
ജീവിതത്തിൽ നാം മൊബൈൽ-ടെലിവിഷൻ സ്ക്രീനിന് മുന്നിൽ മുഴുകി ഇരിക്കുമ്പോൾ ‘നമുക്കുചുറ്റുമുള്ള കാഴ്ചകളിൽ നിന്നും അനുഭവങ്ങളിൽ നിന്നും പാഠങ്ങളുൾക്കൊള്ളാൻ കഴിയണ’മെന്ന് തിയെർനോ ബോകാറോ നമ്മെ ഓർമ്മപ്പെടുത്തുന്നു. സൃഷ്ടിപ്പിന്റെ മഹദ് ഗ്രന്ഥമായ പ്രകൃതിയിലെ അടയാളങ്ങളായി/ആയത്തുകളായി ഇത്തരം പ്രതിഭാസങ്ങളെ വായിക്കാൻ അദ്ദേഹം നമ്മെ പ്രേരിപ്പിക്കുന്നു. ഇഹലോക ജീവിതമെന്ന (ഹയാത്തു ദുൻയാ) നാടകത്തിന്റെ ആനന്ദത്തിൽ അനാരോഗ്യകരമാം വിധം മുഴുകിയിരിക്കുകയാണ് നാം. പാരമാർത്ഥിക സത്യത്തെയും (അൽ ഹഖ്) പാരത്രികലോകത്തെയും തൊട്ടുള്ള വിസ്മൃതിയിൽ മിഥ്യയായ ഇഹലോകത്തിന്റെ ക്ഷണികമായ ആനന്ദങ്ങളിൽ (മതാഅ്) നാം മുഴുകിയിരിക്കുന്നു (വി.ഖു 3:185, 13:6). കദീദിയ പാത്തയുടെയും തിയെർനോ ബൊകാറയുടെയും ഇബ്രാഹീം നിയാസിന്റെയുമൊക്കെ ഉദാഹരണങ്ങൾ വിരൽ ചൂണ്ടുന്നത് ഡിജിറ്റൽ വീഡിയോകളുടെ സമകാലിക ലോകത്ത് കാലാതീത സത്യങ്ങളെ കണ്ടെത്താനും വിശദീകരിക്കാനും അവ കൈമാറാനുമുള്ള പുതിയൊരു ആത്മീയ ഭാഷയുടെ ആവശ്യകതയിലേക്കാണ്. തിയെർനോ ബൊകാർ വിശദീകരിച്ച പോലെ “ഒരുമിച്ചു ചേർത്ത മറ്റെല്ലാ പ്രകാശങ്ങളെക്കാളും മികച്ച ഇരുട്ട്” ആയ നമുക്ക് മുന്നിലെ സ്ക്രീനുകളുടെ കറുത്ത കണ്ണാടിയെ സത്യപ്രകാശങ്ങളെ ദർശിക്കാനുതകുന്ന രീതിയിൽ ഉപയോഗിക്കാനാവണം.
(അവസാനിച്ചു)
ലേഖനത്തിന്റെ ഒന്നാം ഭാഗം
കുറിപ്പ്
[1] ജവാഹിറുൽ റസാഇൽ, 2:58-61
[2] മിഡിലീസ്റ്റിലും നോർത്താഫ്രിക്കയിലും ഇരുപതാം നൂറ്റണ്ടിന്റെ ആദ്യകാലത്ത് തന്നെ അന്യംനിന്നുപോയ പ്രധാന നാടക രൂപമാണിതെങ്കിലും ദക്ഷിണപൂർവ്വേഷ്യയിലും മറ്റും ഇതിന്റെ പ്രാധാന്യവും ജനകീയതയും തുരുന്നതായി കാണാം.
[3] ദീവാനു ഉമറുബ്നുൽ ഫാരിള്, വിവർത്തനത്തിന് സുഹൃത്ത് ഹുദൈഫ റഹ്മാനോട് കടപ്പാട്
വിവർത്തനം: മൻഷാദ് മനാസ്