Campus Alive

ആഫ്രിക്കൻ സൂഫികളുടെ സിനിമ കാണൽ

 

“ഉയർന്നറിവുള്ളവർ, ഉറപ്പുള്ളറിവായി നിഴൽ നാടകം കാണുമെന്ന് എനിക്കറിയാം. നിഴൽ നാടകത്തിൽ ഒച്ചയും കാഴ്ചയും ഒന്നല്ലെന്ന് കണ്ടവർക്കറിയാം. രൂപങ്ങൾ ഓരോരോ രംഗത്തിലും വരുന്നു പോകുന്നു. എന്നാലോ ഇതിനെയെല്ലാം ചലിപ്പിക്കുന്നത്, ചലിക്കാതെ തുടരുന്നു”

വജീഹുദ്ദീൻ ദിയാ ബിൻ അബ്ദുൽ കരീം അൽ മിനാവി

 

ജീവിതത്തിന്റെ നല്ലൊരു ഭാഗം സ്ക്രീനുകൾക്ക് മുന്നിൽ നാം ചിലവഴിക്കുന്നുണ്ട്. ഒരു പക്ഷേ ഈ ലേഖനം തന്നെ ഒരു സ്ക്രീനിലായിരിക്കാം നിങ്ങളിപ്പോൾ വായിച്ചുകൊണ്ടിരിക്കുന്നത്. കോവിഡും അതിനോടനുബന്ധിച്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങളും ഈ പ്രവണതയെ ത്വരിതപ്പെടുത്തുകയേ ചെയ്തിട്ടുള്ളൂ. ഒരു ബ്രിട്ടീഷ് പഠനമനുസരിച്ച് ഈ ലോക്ക്ഡൗൺ സമയത്ത് പ്രായപൂർത്തിയായ ഒരാൾ സ്ക്രീനിന് മുന്നിൽ ഒരു ദിവസം ശരാശരി 6 മണിക്കൂറും 25 മിനുറ്റും സിനിമ കാണാനോ വീഡിയോ കാണാനോ വേണ്ടി ചിലവഴിക്കുന്നുണ്ട്. പക്ഷേ, കോവിഡിന് മുൻപ് പോലും സിനിമയും ടിവിയും മറ്റ് ദൃശ്യ ശ്രവണ രൂപങ്ങളും ഏകജാതീയമായ നമ്മുടെ ആഗോള സംസ്കാരത്തിൽ പ്രബലമായിരുന്നു. സ്ട്രീമിങ്, ബ്രോഡ്കാസ്റ്റ് മീഡിയകളുടെ ഹൈപ്പർറിയാലിറ്റിയിലാണ് വിവിധ സെലിബ്രിറ്റികളും ഇൻഫ്ലുവൻസർമാരും ഉണ്ടാവുന്നത്.

എങ്കിലും എല്ലായ്പ്പോഴും ഇങ്ങനെയായിരുന്നില്ല സ്ഥിതി. കോളനിവൽകൃത മുസ്‌ലിം വെസ്റ്റാഫ്രിക്കയിലെ പലയിടങ്ങളിലും വിഭിന്നങ്ങളായ പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്. പലപ്പോഴും വൈദേശികമായ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ ഘടകങ്ങളുടെ അടിച്ചേൽപ്പിക്കൽ എന്ന നിലയ്ക്ക് സംശയത്തോടെയും ശത്രുതയോടെയുമാണ് ആളുകൾ സിനിമയെ സമീപിച്ചത്. പല കോളനിയാനന്തര റയാക്ഷണറി മുന്നേറ്റങ്ങളുടെയും പ്രധാന ഉന്നം സിനിമയാവുന്നതിന്റെ ഒരു കാരണം ഇതാണ്. ഇത്തരം പ്രസ്ഥാനങ്ങൾ പ്രദേശത്തെ ദൃശ്യ ശ്രവണ അന്തരീക്ഷത്തെ ഭരണകൂടോപാധികൾ ഉപയോഗിച്ചു കൊണ്ട് നിയന്ത്രിക്കുകയും അതുവഴി പ്രസ്തുത സമൂഹങ്ങളുടെ ഭാവനയെ തന്നെ നിയന്ത്രിക്കാനും ശ്രമിച്ചു.

ഇത്ര സൂക്ഷ്മാലുക്കളാവാൻ മാത്രം എന്താണീ സിനിമ? 20-ാം നൂറ്റാണ്ടിലെ അനേകം വെസ്റ്റ് ആഫ്രിക്കൻ സൂഫികൾ തങ്ങളുടെ തന്നെ ഉൾക്കാഴ്ച്ചകളെയും വ്യാഖ്യാന പാരമ്പര്യത്തെയും ഉപയോഗിച്ചുകൊണ്ട് സിനിമ എന്ന പുതിയ പ്രതിഭാസത്തെ മനസ്സിലാക്കാൻ സവിശേഷമായ ഒരു സമീപനം തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മാലിയൻ എഴുത്തുകാരനും പണ്ഡിതനുമായ അഹ്മദൂ ഹംബാത്തേ ബായുടെ (Ahmadou Hampâté Bâ) തന്റെ മാതാവിന്റെയും ആത്മീയ ഗുരുക്കന്മാരുടെയും സിനിമയുമായുള്ള ആദ്യ അനുഭവത്തെകുറിച്ചുള്ള വിവരണം ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. 1908 ൽ ബന്തിയാഗര എന്ന നഗരത്തിലെ കൊളോണിയൽ ഗവർണർ ഒരു സിനിമാ പ്രദർശനം സംഘടിപ്പിച്ചതിനെ കുറിച്ച് അദ്ദേഹം ഓർക്കുന്നു. പ്രാദേശിക പണ്ഡിതരും മുതിർന്നവരും സംശയത്തോടെ ആയിരുന്നു അതിനെ വീക്ഷിച്ചത്; “ദൈവവിചാരമില്ലാത്ത ചിത്രങ്ങൾ വിശ്വാസികളെ കാണിക്കുക മാത്രമല്ല, അതിന് ഒരു ചെറിയ ഫീസും വെള്ളക്കാർ ഈടാക്കി”. പക്ഷേ കൊളോണിയൽ ഗവർണരെ നേരിട്ട് എതിർക്കുക സാധ്യമല്ലാത്തതിനാൽ അവിടത്തെ മുതിർന്നവർ ഒത്തുകൂടുകയും ഒരു തീർപ്പിലെത്തുകയും ചെയ്തു; “നമുക്ക് മുന്നിലുള്ള ഈ വിനോദം പൈശാചികമായൊരു പ്രലോഭനം മാത്രമാണ്. അല്ലായിരുന്നുവെങ്കിൽ സിനിമാ പ്രദർശനത്തിന് രാത്രി സമയം തന്നെ തിരഞ്ഞെടുക്കുമായിരുന്നില്ല”. ഈ അപകടകരമായ പരിപാടിയിൽ ആരും തന്നെ പങ്കെടുക്കരുതെന്ന് രഹസ്യമായി നഗരവാസികൾക്കിടയിൽ പ്രചരിപ്പിക്കാൻ അവർ തീരുമാനിച്ചുവെങ്കിലും കൊളോണിയൽ അധികൃതരുടെ കോപവും തടങ്കലും ഒഴിവാക്കണമെങ്കിൽ നിശബ്ദരായിരിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.

പ്രദർശന ദിവസം രാത്രിയിൽ ഗവർണറുടെ ക്ഷണം നിരസിക്കാൻ കഴിയാതിരുന്ന ചുരുക്കം ചില പ്രധാനികൾ മാത്രമേ പങ്കെടുത്തുള്ളൂ. അവരാകട്ടെ പുതിയ വശീകരണയന്ത്രത്തിന്റെ അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ കണ്ണിൽ ഒരു ഇരുണ്ട മറ ധരിച്ചുകൊണ്ടായിരുന്നു വന്നത്. ശുഷ്കമായ പങ്കാളിത്തം ഗവർണറെ ശരിക്കും കുപിതനാക്കി. എന്നാൽ പിന്നീട്, കൊളോണിയൽ ഭാവനകളിൽ പ്രബലമായി കാണാൻ കഴിയുന്ന ‘ആഫ്രിക്കൻ അന്ധവിശ്വാസം’, ‘അജ്ഞാതമായതിനോടുള്ള ഭയം’ എന്നതിലേക്ക് പഴിചാരി അയാൾ സ്വയം സമാധാനിച്ചു. സിനിമാ പ്രദർശനം പരാജയപ്പെട്ടതിന്റെ പേരിൽ ബന്തിയാഗാരയിൽ ആരും തന്നെ ശിക്ഷിക്കപ്പെട്ടുമില്ല.

1934 ൽ ബമാക്കോയിലെ കൊളോണിയൽ അഡ്മിനിസ്ട്രേഷനിൽ തദ്ദേശീയ സെക്രട്ടറിയായി ജോലിയെടുക്കുന്ന സമയത്ത് അഹ്മദൂ ഹംബാത്തെ ബാ സിനിമ കാണാൻ കൂടെ വരാൻ തന്റെ ഉമ്മ കദീദിയ പാത്തെയോട് (Kadidia Pâté) ആവശ്യപ്പെട്ടപ്പോൾ അവർ ഓർമ്മയിൽ നിന്നെടുത്ത് പങ്കുവെച്ചതാണ് മേൽവിവരിച്ച സംഭവം. “ആഹ്…! പൈശാചികമായ ഈ നിഴലുകൾ നിശബ്ദമായിരുന്ന സമയത്ത് ഞാനത് കാണാൻ കൂട്ടാക്കിയിട്ടില്ല. ഇപ്പോഴത് സംസാരിക്കാനും തുടങ്ങയിരിക്കുന്നു! എന്നിട്ടിപ്പോ നിനക്ക് ഞാനത് കാണണോ.. ഞാൻ വരില്ല” ഇതായിരുന്നു ഉമ്മയുടെ പ്രതികരണം. എങ്കിലും മെല്ലെ ബാ ഉമ്മയെ ‘ഇമേജുകൾ തുപ്പുന്ന നികൃഷ്ട യന്ത്രം’ കാണാൻ വരാമെന്ന് സമ്മതിപ്പിച്ചെടുത്തു. ബന്തിയാഗരയിലെ പോലെ ഉമ്മ കണ്ണുകളടച്ചുകളയുമെന്ന് ബാ ഭയന്നിരുന്നെങ്കിലും, സിനിമ മുഴുവൻ അവർ നിശബ്ദയായി കണ്ടുതീർത്തു. പിന്നീട് ഉമ്മ തന്നെ സിനിമ കാണിക്കാൻ കൊണ്ടുപോയതിൽ അദ്ദേഹത്തോട് നന്ദി പറയുകയും ഒരു ‘അത്ഭുതം’ എന്ന് സിനിമയെ കുറിച്ച് പറയുകയും ചെയ്തു. സൃഷ്ടാവിന്റെ ശക്തികടാക്ഷമുള്ള, ഭൂമിയിലെ അല്ലാഹുവിന്റെ പ്രതിനിധികൾ എന്ന നിലയിൽ മനുഷ്യന് ഇത്തരം അത്ഭുതങ്ങൾ നിർമ്മിക്കാൻ കഴിയുന്നതിൽ യാതൊരാശ്ചര്യവുമില്ലെന്നും കദീദിയ കൂട്ടിച്ചേർത്തു. അവർ തുടരുന്നു;

“1908 ൽ സദുദ്ദേശരായ നമ്മുടെ മഹത്തുക്കൾ  പൈശാചികമായ ഒരു കണ്ടുപിടിത്തമാണ് ‘തിയേട്ട്ര’ എന്ന മാന്ത്രിക യന്ത്രം എന്ന് പ്രഖ്യാപിക്കുകയുണ്ടായി. പക്ഷേ എന്നെ സംബന്ധിച്ച് നമ്മെ വഴിനടത്തുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന ഒരു ഗുരുവാണ് സിനിമ. ഇന്നലത്തെ സിനിമാ പ്രദർശനം, അത് പൈശികചമാണെങ്കിലും അല്ലെങ്കിലും, തിയെർനോ ബൊക്കാർ (ബായുടെ സൂഫീ ഗുരു) എന്നെ പഠിപ്പിച്ച ഒരു കാര്യത്തെ ഊട്ടിയുറപ്പിക്കുന്ന ഒരു തെളിവ് എനിക്ക് നൽകിയിരിക്കുന്നു”.

ഒരു വ്യക്തിക്കും അല്ലാഹുവിനും ഇടയിൽ ഒരു മധ്യസ്ഥന്റെ ആവശ്യകതയെ ചൊല്ലിയുള്ള സംവാദങ്ങൾ ബായുടെ ഉമ്മ അദ്ദേഹത്തിന് വിവരിച്ചുകൊടുത്തു. ദൈവത്തിനും വ്യക്തികൾക്കുമിടയിൽ ഒരു മധ്യസ്ഥന്റെ (വസീല) ആവശ്യമുണ്ടെന്നും പ്രവാചകന്മാരും സൂഫീ ഗുരുക്കന്മാരുമാണ് ആ ദൗത്യം നിറവേറിയതെന്നുമായിരുന്നു പല പ്രാദേശിക മുസ്‌ലിം പണ്ഡിതരുടെയും അഭിപ്രായം. പക്ഷേ, അത്തരമൊരു മധ്യസ്ഥന്റെ ആവശ്യമില്ലെന്നും അത് തൗഹീദിന് എതിരും എതിർക്കപ്പെടേണ്ട ബിദ്അത്ത് ആണെന്നുമായിരുന്നു പശ്ചിമേഷ്യയിൽ പരിശീലനം നേടിയ പണ്ഡിതരുടെയും അവരുടെ ശിഷ്യരുടെയും അഭിപ്രായം. ഇതിന് രണ്ടിനുമിടയിലുള്ള നിലപാടായിരുന്നു കദീദിയുടെ ഗുരുവായ തിയെർനോ ബൊകാറയുടേത് (Tierno Bokar). അതുതന്നെയായിരുന്നു കദീദിയ സ്വീകരിച്ചതും. അദ്ദേഹത്തിന്റെ വീക്ഷണത്തിൽ ഒരു മധ്യസ്ഥൻ അനിവാര്യമായ സന്ദർഭവും ആവശ്യമില്ലാത്ത സന്ദർഭവുമുണ്ട്. സിനിമ അനുഭവിച്ചതിന് ശേഷം തിയെർനോയുടെ നിലപാടിനെ അവർക്ക് കൂടുതൽ ബോധ്യപ്പെടുകയും അതുവരെ ഇല്ലാതിരുന്ന ഒരു തെളിവ് അതിനവർക്ക് ലഭിക്കുകയും ചെയ്തു.

അവർ പറയുന്നു: “പ്രകാശം സ്ഫുരിക്കുന്ന അനേകം തുറവികൾ ഈ കൊച്ചു വീടിന് [ഫിലിം പ്രൊജക്റ്റർ] അകത്തുണ്ട്. നമുക്ക് അദൃശ്യനായ ഫിലിം ഓപ്പറേറ്റർ അദ്ദേഹത്തിന്റെ പണി തുടങ്ങുന്നതും ഈ കൊച്ചു വീട്ടിൽ നിന്ന് ചില ശബ്ദങ്ങൾ വെളിയിൽ വരുന്നു. അജ്ഞതയുടെ പ്രതീകമായ ഗാഢമായ ഇരുട്ടിലകപ്പെട്ടിരിക്കുന്ന നമ്മുടെ തലക്ക് മുകളിലൂടെ അത് കടന്നുപോകുന്നു. ഒന്നിച്ച് വരാതെ കൃത്യമായ അളവിൽ രേഖീയമായി പ്രകാശം ആ കൊച്ചുവീട്ടിൽ നിന്ന് പുറത്തേക്ക് വരുന്നു……. കുറേ നേരം മുന്നിലെ വലിയ വെള്ളത്തുണിയിലേക്ക് തന്നെ നോക്കിയിരുന്നപ്പോൾ അതില്ലാതെ ആ കൊച്ചുവീട്ടിൽ നിന്ന് വരുന്ന ഇമേജുകളിലേക്ക് എന്റെ കണ്ണുകൾ കൊണ്ടുമാത്രം നേരിട്ട് നോക്കാൻ എനിക്ക് തോന്നി. എനിക്ക് എന്ത് പറ്റിയെന്നോ? ആ കൊച്ചുവീടിന്റെ തുറവിയിലേക്ക് ഞാൻ എന്റെ കണ്ണുകളയച്ച തൊട്ടുടനെ അതിൽ നിന്നു വരുന്ന പ്രകാശ നാളം കണ്ണുകളെ അന്ധമാക്കികളഞ്ഞു. ഇമേജുകൾ ആ രശ്മികളിലായിരുന്നുവെങ്കിലും അതിനെ കാണാൻ മാത്രമുള്ള ശേഷി എന്റെ കണ്ണുകൾക്കില്ലായിരുന്നു. വീണ്ടും ശ്രദ്ധകൊടുക്കാനായി ഞാൻ കണ്ണുകളടച്ചു, പക്ഷേ പ്രകാശത്തോടൊപ്പമുള്ള ശബ്ദത്തെ എന്റെ കാതുകൾക്ക് അപ്പോഴും കേൾക്കാമായിരുന്നു. ആ വേളയിലെ എന്റെ അവസ്ഥ ഇപ്രകാരമായിരുന്നു; ആദ്യം മുന്നിലെ വെള്ളത്തുണിയിലേക്ക് നോക്കിയപ്പോൾ ചിത്രങ്ങളും ശബ്ദങ്ങളും ഞാൻ കണ്ടു, ചിത്രവും ശബ്ദവും എനിക്ക് ഉപകാരപ്പെട്ടു. പക്ഷേ, ഞാനെന്റെ കണ്ണുകളെ മാത്രം ഉപയോഗിച്ചപ്പോൾ [സ്ക്രീനിൽ നോക്കാതെ പ്രൊജക്റ്ററിലേക്ക് നേരിട്ട് നോക്കുക വഴി] ശബ്ദം കേൾക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ. ശക്തമായ ആ പ്രകാശത്തെ എനിക്ക് താങ്ങാൻ കഴിഞ്ഞില്ല, അതെന്നെ അന്ധയാക്കി. ഇത് ഒരേ സമയം നന്മയായിരിക്കേ ചില അപകടങ്ങളും അതിലുണ്ട്. ഇത്തരമൊരു അനുമാനം, ഇമേജുകളെ വ്യക്തമായി കാണാനും ശബ്ദത്തിന്റെ ഉറവിടം തിരിച്ചറിയാനും മുന്നിലെ സ്ക്രീൻ അനിവാര്യമാണെന്നിരിക്കെ, ദൈവിക സന്ദേശത്തെ മനസ്സിലാക്കാൻ നമുക്കും ദൈവത്തിനും ഇടയിൽ ഒരു മധ്യസ്ഥൻ ആവശ്യമാണെന്ന നിഗമനത്തിൽ എന്നെ എത്തിച്ചു.”

സിനിമയുടെ അടയാളത്തെ/ആയത്തിനെ കുറിച്ചുള്ള ഈ വായനയിലൂടെ നൂറ്റാണ്ടുകളായുള്ള സൂഫീ കൃതികളിൽ കാണാൻ കഴിയുന്ന ഒരു നിഗമനത്തിലേക്കാണ് കദീദിയ പാത്തെയും എത്തിയിരിക്കുന്നത്. അതായത്, ദൈവിക നാമങ്ങളുടെയും ഗുണങ്ങളുടെയും പരിപൂർണ മാതൃക എന്ന നിലയിൽ പ്രവാചകൻ മുഹമ്മദ് നബി (സ), അല്ലാഹുവിനെ നന്നായി മനസ്സിലാക്കാനും നമ്മുടെ അപൂർണമായ മാതൃകകളെ മറികടക്കാനുമുള്ള നമ്മുടെ ശ്രമങ്ങൾക്ക് അനിവാര്യമാണ്.

ഏതാനും വർഷങ്ങൾക്ക് ശേഷം തന്റെ ഗുരുവായ തിയെർനോ ബൊകാറയോട്, ബാ ഈ കഥ വിശദീകരിച്ചു. സംഭവം കേട്ടതിനു ശേഷം ബൊകാർ തന്നെ ഒരു സിനിമ കാണാൻ തീരുമാനിക്കുകയും അടുത്ത ദിവസം തന്റെ സിനിമാനുഭവം ബായുമായി ചർച്ചചെയ്യുകയും ചെയ്തു. കദീദിയയുടെ ഉൾക്കാഴ്ച്ചയെയും വൈഭവത്തെയും അഭിനന്ദിക്കുകയും സിനിമയുടെ പ്രതീകാത്മകതയെ കുറിച്ചുള്ള അവരുടെ വ്യാഖ്യാനത്തോട് യോജിക്കുകയും ചെയ്തു. ഒപ്പം പ്രൊജക്റ്ററിലേക്ക് നേരിട്ട് നോക്കുന്നതും സ്ക്രീനിലേക്ക് നോക്കുന്നതും തമ്മിലുള്ള വിത്യാസം കാണിക്കുന്നതിനും സിനിമയെ കുറിച്ച കദീദിയയുടെ വായനയെ സൃഷ്ടിപ്പിന്റെ ഗ്രന്ഥമായ പ്രകൃതിയിലേക്ക് ചേർത്തുവായിക്കുന്നതിന് ചില ഉദ്ധരണികളും ബൊകാർ കൊണ്ടുവന്നു, അദ്ദേഹം പറയുന്നു; “അനേകം താളുകളും വർണങ്ങളും രൂപങ്ങളുമുള്ള ഈ മഹത്തായ ദൈവിക ഗ്രന്ഥം പ്രകൃതിയാണ്. അതിൽ നിന്ന് ഉരുത്തിരിയുന്നതെന്തും മനുഷ്യരാശിക്കുള്ള പാഠങ്ങളാണ്.., അവന്റെ സൃഷ്ടിയെ തൊട്ട് വിചിന്തനം നടത്തുവാനാണ് അവൻ ആവശ്യപ്പെട്ടിരിക്കുന്നത്, അല്ലാതെ അവന്റെ സത്തയെ തൊട്ടല്ല. കാരണം ദൈവിക സൃഷ്ടിയിൽ യാതൊരു അപൂർണതയുമില്ല, അതുകൊണ്ട്, ഉത്തമ ഉദാഹരണങ്ങൾ, ഏകനും സർവശക്തനുമായ ദൈവത്തിന്റെ മഹദ് സൃഷ്ടിയായ പ്രകൃതിയിൽ നിന്ന് തന്നെയാവണം…

പ്രവാചകൻ മുഹമ്മദ് (സ) പറഞ്ഞു: ‘ഇത് എല്ലാ കാലത്തിലേക്കുമുള്ള ഗ്രന്ഥമാണ്’, നമുക്ക് ചുറ്റും നാമനുഭവിക്കുകയും കാണുകയും ചെയ്യുന്ന സംഭവങ്ങളിൽ നിന്ന് നാം പാഠമുൾക്കൊള്ളണം. ട്രെയിനുകളോ ബോട്ടുകളോ, സിനിമകളോ അങ്ങനെയെന്തുമാവട്ടെ.. ഇവിടെ ധാരാളം ഉറവിടങ്ങൾ നമുക്കുണ്ട്, മുൻകഴിഞ്ഞുപോയ പ്രവാചകന്മാരുടെ ഉദാഹരണങ്ങളിൽ നിന്ന്, സമകാലിക സാഹചര്യത്തിൽ നമ്മുടെ വിശ്വാസത്തെ വ്യക്തമാക്കാൻ കഴിയുന്ന ആധുനികമായ അന്യാപദേശ കഥകൾ രൂപപ്പെടുത്താൻ ആവശ്യമായ ഘടകങ്ങളിൽ നിന്ന്…, പ്രവാചകൻ പറഞ്ഞു: ‘അവരുടെ സംവേദനശേഷിയ്ക്കനുസരിച്ച് ജനങ്ങളോട് സംസാരിക്കുക…’ ഭൂമിയിലെ വിസ്തൃതങ്ങൾ കീഴടക്കിയവരോടും പ്രകൃതിയുടെ മറഞ്ഞിരിക്കുന്ന അനേകം ശക്തികളെ കണ്ടെത്തിയവരോടും സംവദിക്കാൻ പ്രാപ്തമായ പുതിയൊരു ആത്മീയ ഭാഷ തീർച്ചയായും ഉണ്ടായിരിക്കണം”.

സിനിമയുടെ പ്രതീകാത്മകമായ പ്രാധാന്യത്തെ സംബന്ധിച്ച കദീദിയയുടെ വ്യാഖ്യാനത്തോട് യോജിച്ചുകൊണ്ട് തിയെർനോ ബൊകാർ പറഞ്ഞു; “മനുഷ്യനും ദൈവത്തിനുമിടയിലുള്ള അനിവാര്യമായ സ്ക്രീനാണ് പ്രവാചകനും മഹത്തുക്കളും എന്ന് പ്രതീകാത്മകമായി നമുക്ക് പറയാവുന്നതാണ്.. ഖുർആൻ ഇങ്ങനെ പറയുന്നത് കാണാം: ‘ഒരു മനുഷ്യന്നും, അല്ലാഹു അയാളോട് മുഖാമുഖം സംസാരിക്കുകയെന്ന അവസ്ഥയില്ല. അവന്റെ ഭാഷണമോ, വഹ്‌യ് രൂപത്തിലാകുന്നു. അല്ലെങ്കില്‍ മറയ്ക്കു പിന്നില്‍നിന്ന്; അതുമല്ലെങ്കില്‍ അവനൊരു സന്ദേശവാഹകനെ നിയോഗിക്കുന്നു. അതവന്റെ ആജ്ഞാനുസാരം അവനിച്ഛിക്കുന്നത് ബോധനം ചെയ്യുന്നു… (42:51)’ ഈ അന്യാപദേശ കഥയിൽ സിനിമാ പ്രൊജക്റ്ററിന്റെ തുറവിയിലേക്ക് നേരിട്ട് നോക്കുന്നയാൾക്ക് അതിൽ നിന്നുള്ള ശബ്ദം കേൾക്കാൻ കഴിഞ്ഞെന്നിരിക്കാം, പക്ഷേ ആ ശബ്ദങ്ങളെ ഉണ്ടാക്കുന്ന ചിത്രങ്ങൾ കാണാൻ കഴിയില്ല. തന്നെയുമല്ല, ആ പ്രകാശം അവന്റെ കണ്ണുകളെ അന്ധമാക്കും. സ്ക്രീനിൽ നിന്ന് മുഖം തിരിക്കുന്നതിന്റെ ഫലം ഭാഗികമോ അപൂർണമോ ആയിരിക്കും, ബുദ്ധിവൈഭവമുള്ളവർക്കും കേൾക്കാൻ കാതുള്ളവർക്കും ഇതൊരു താക്കീതാണ്.

അതേസമയം സ്ക്രീനിനെ സസൂക്ഷ്മം വീക്ഷിക്കുന്നവർക്ക് ചിത്രവും ശബ്ദവും വ്യക്തമായി മനസ്സിലാവുകയും ശബ്ദത്തിന്റെ ഉറവിടങ്ങളെ തിരിച്ചറിയാൻ കഴിയുകയും ചെയ്യുന്നു. മികച്ച രീതിയിൽ സിനിമ കാണാൻ ആഗ്രഹിക്കുന്ന ഒരു കാഴ്ച്ചക്കാരന് സ്ക്രീൻ അനിവാര്യമാണെന്ന പോലെ ദൈവികവീഥിയിൽ പൂർണ തിരിച്ചറിവുള്ളവനായിത്തീരാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ഗുരു, ഷെയ്ഖ് അത്യന്താപേക്ഷികമാണ്. ദൈവം ജനങ്ങളുമായി സംസാരിക്കുന്ന മറ എല്ലാവർക്കും പിടികിട്ടിക്കൊള്ളണമെന്നില്ല. അതുകൊണ്ടാണ് അവൻ ദൂതനെ അയക്കുന്നത്. അവന്റെ ദൂതന്മാർ മഹത്തുക്കളെ പഠിപ്പിക്കുന്നു, അവർ ഗുരുക്കന്മാരും മധ്യസ്ഥരും, ദീനിന്റെ സഹായികളും ആവുന്നു.

തുടർന്ന്, ഇഹലോകം, പരലോകം, മരണം, വിചാരണ നാൾ എന്നിവ തമ്മിലുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിൽ സിനിമയ്ക്ക് തന്റേതായ ചില വ്യാഖ്യാനങ്ങൾ കൂടെ അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്. സിനിമ തുടങ്ങുന്നതിന് തൊട്ടുമുന്നെ സാധനങ്ങൾ വാങ്ങിക്കുവാനും പരസ്പരം സംസാരിക്കുവാനും ആളുകൾ തിരക്ക് കൂട്ടുന്നതിന് സമാനമാണ് ഈ ലോകത്ത് നിന്ന് മരണം നമ്മെ വേർപെടുത്തും മുൻപ് പല കാര്യങ്ങൾക്ക് പിറകെയുള്ള നമ്മുടെ പരക്കം പാച്ചിലെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. തിയേറ്ററിൽ ടിക്കറ്റിന്റെ നിരക്കിനനുസരിച്ച് ആളുകളെ ഇരുത്തുന്ന ജീവനക്കാരെ അന്ത്യനാളിൽ അല്ലാഹുവുമായുള്ള സാമീപ്യത്തിന്റെ തോതനുസരിച്ച് ആളുകളെ തരംതിരിക്കുന്ന  മലക്കുകളോട് ബൊകാർ ഉപമിക്കുന്നു, സിനിമ ആരംഭിക്കാൻ പോകുന്നതിന്റെ സൂചനയെന്നോണം ലൈറ്റുകൾ മിന്നുന്നതിനെ അവനുമായുള്ള ആസന്നമായ കണ്ടുമുട്ടലിനെക്കുറിച്ച് ജീവിതത്തിലുടനീളം ദൈവം നമുക്ക് നൽകുന്ന അടയാളങ്ങളും സൂചനകളുമായി അദ്ദേഹം താരതമ്യം ചെയ്യുന്നു.

അവസാനിപ്പിച്ചുകൊണ്ട് അദ്ദേഹം പറയുന്നു: “എല്ലാവരും തങ്ങളുടെ സീറ്റുകളിൽ ഇരിക്കണമെന്നതിന്റെ സൂചനയായി പൊടുന്നനെ ലൈറ്റുകൾ ഒന്ന് മിന്നുന്നു. സമയാസമയം ദൈവം നമുക്ക് നൽകുന്ന സൂചനയായി ഇതിനെ വ്യാഖ്യാനിക്കാൻ കഴിയും. പക്ഷേ ആളുകൾ അതേതൊട്ട് അശ്രദ്ധരാവുകയും തങ്ങളുടെ നിസ്സാരകാര്യങ്ങളിൽ മുഴുകുകയും ചെയ്യുന്നു. തുടർന്ന് ശ്മശാന സമാനമായ ഒരു നിശബ്ദത പടരുന്നു. ആ നിമിഷം കഠിനമായ ഇരുട്ടിലേക്ക് കൂപ്പുകുത്തിവീഴുന്നു, എല്ലാവരും പ്രതീകാത്മകമായി മരിക്കുന്നു. അസാധാരണ ശബ്ദങ്ങൾ നിശബ്ദതയെ ഭേദിക്കുന്നു, പ്രകാശ കിരണങ്ങൾ ഇരുട്ടിലേക്ക് തുളച്ചുകയറുന്നു. ഓരോ കാഴ്ച്ചക്കാരനും അവനെ/ളെ കുറിച്ച് മാത്രം ചിന്തിക്കുന്നു. അന്ത്യ നാളിന്റെ ചിത്രമല്ലേയിത്? ഉമ്മമാർ മക്കളെ ഉപേക്ഷിക്കുന്ന ദിനം, ജനങ്ങൾ തങ്ങളുടെ മധ്യസ്ഥരിലേക്ക് തിരിയുന്ന ദിനം, ജൂതർ മൂസാ (അ) ലേക്കും, കൃസ്ത്യാനികൾ ഈസാ (അ) ലേക്കും മുസ്‌ലിംകൾ മുഹമ്മദ് (സ) ലേക്കും തിരിയുന്ന ദിവസം!”

 

(തുടരും)


വിവർത്തനം: മൻഷാദ് മനാസ്

Courtesy: ZaytunaCollege

ഡോ. ഒലുഡമീനി ഒഗൂനകെ