(ഇസ്‌ലാമോഫോബിയ സ്റ്റഡീസ് ജേണൽ പ്രസിദ്ധീകരിച്ച Conceptualizing Islamophobia in India എന്ന പഠനത്തിന്റെ പരിഭാഷ, ഒന്നാം ഭാഗം)
ഇന്ത്യാ ഉപഭൂഖണ്ഡം ഇന്ത്യയും പാകിസ്ഥാനുമായി വിഭജിക്കപ്പെട്ടതിന് ശേഷം വലിയ തോതിലുള്ള ഹിംസക്കും വ്യവസ്ഥാപിതമായ പുറന്തള്ളലുകൾക്കും മുസ്‌ലിങ്ങൾ വിധേയമായി. ഇന്ത്യയിലെ മുസ്‌ലിം സമുദായത്തെ നിരന്തരം സംശയത്തോടെ കാണുകയും രാജ്യത്തിന്റെ വിഭജനത്തിൽ അവരുടെ മുൻഗാമികൾക്കുണ്ടെന്ന് പറയപ്പെടുന്ന പങ്കിന്റെ പേരിൽ അവരുടെ ദേശക്കൂറ് നിരന്തരം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന അവസ്ഥക്ക് വിഭജനം കാരണമായി.[1] മുസ്‌ലിം കർതൃത്വ പ്രഖ്യാപനം പാകിസ്ഥാൻ പോലെ മറ്റൊരു പരിതസ്ഥിതിക്ക് കാരണമാവുമെന്ന മതേതര ഭീതി മുസ്‌ലിം സ്വത്വത്തെ ദേശീയ സ്വത്വത്തിലേക്ക് ലയിപ്പിക്കാനുള്ള യന്ത്രമായി പ്രവർത്തിക്കുന്ന ഒരു ദേശീയതാ വ്യവഹാരത്തിലേക്ക് വഴിവെച്ചു. ഈ ആശയത്തെ ചോദ്യം ചെയ്യാനുള്ള ശ്രമങ്ങളെ സമത്വവും സഹവർത്തിത്വവുമെന്ന ദേശീയതാ ആശയങ്ങൾക്ക് വിരുദ്ധമായ അപചയങ്ങളായി കാണാൻ തുടങ്ങുകയും, വ്യവസ്ഥാപിതമായ ഈ ഹിംസയെയും പുറന്തള്ളലിനെയും മനസ്സിലാക്കാനുതകുന്ന സങ്കല്പന സംവർഗ്ഗങ്ങളുടെ അഭാവമുള്ള അക്കാദമിക നിരപേക്ഷതക്ക് അത് കാരണമാവുകയും ചെയ്തു. മുസ്‌ലിം അപരവൽക്കരണത്തിന്റെയും, വിവേചനത്തിന്റെയും, ഹിംസയുടെയും കാരണങ്ങളെയും വ്യാപ്തിയെയും വിശകലനം ചെയ്യുന്ന സുപ്രധാനവും ഉൾക്കാഴ്ച്ച നൽകുന്നതുമായ അസംഖ്യം പഠനങ്ങൾ പണ്ഡിത സമൂഹം ഉൽപ്പാദിച്ചിട്ടുണ്ടെങ്കിലും ഈ പ്രതിഭാസത്തെ നാമകരണം ചെയ്യുകയും നിർവ്വചിക്കുകയും ചെയ്യുന്നതിൽ സങ്കല്പനപരമായ വിടവ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്.[2] ഈ അദൃശ്യവൽക്കരണത്തിന്റെ വംശാവലി അന്വേഷിച്ചു കൊണ്ട് മേൽപറഞ്ഞ സങ്കല്പനപരമായ വിടവിനെ അഭിമുഖീകരിക്കുകയും, ഒപ്പം ഇന്ത്യയിലെ ഇസ്‌ലാമോഫോബിയയെ സംഘപരിവാരത്തിലും ബി.ജെ.പിയിലും മാത്രം പരിമിതമായ ഒന്നായി തിരിച്ചറിയുന്ന പ്രവണതയെ പ്രശ്നവൽക്കരിക്കാനുമാണ് ഈ ലേഖനം ശ്രമിക്കുന്നത്.
മുസ്‌ലിം വിരുദ്ധ ആക്രമണങ്ങളും, മുൻവിധികളും, പുറന്തള്ളലുമൊക്കെ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ രൂപീകരണം മുതൽ തന്നെ അല്ലെങ്കിൽ അതിനു മുന്നേ തന്നെ വ്യാപകമാണെങ്കിലും, ഇന്ത്യയിലെ ഇസ്‌ലാമോഫോബിയയെന്ന സങ്കല്പനത്തിന്റെ പ്രയോഗം പടിഞ്ഞാറൻ നാടുകളിലെ അതിന്റെ ഉപയോഗത്തേക്കാൾ ഏറെ വൈകിയാണുണ്ടായത്. 2014-ലെ ബി.ജെ.പിയുടെ അധികാരാരോഹണത്തിന് ശേഷമുണ്ടായിട്ടുള്ള വർദ്ധിതമായ ലിഞ്ചിങ്ങുകളുടെയും മുഖ്യധാരാ രാഷ്ട്രീയ നേതാക്കളുടെ വംശീയ പ്രസ്താവനകളുടെയും വിദ്വേഷ പ്രസംഗങ്ങളുടെയും പശ്ചാത്തലത്തിൽ ഇസ്‌ലാമോഫോബിയ എന്ന പദത്തിന് മൂല്യമുണ്ടായിട്ടുണ്ട് എങ്കിലും ഇന്ത്യയിലെ ഇസ്‌ലാമോഫോബിയയോടും അല്ലെങ്കിൽ മുസ്‌ലിം വിരുദ്ധ ഹിംസകളുടെ സ്വഭാവത്തെ കുറിച്ചുമുള്ള പണ്ഡിതോചിതമായ ഇടപെടലുകളിൽ അതിശയകരമായ അഭാവം നിലനിൽക്കുന്നുണ്ട്.[3] പ്രസ്തുത പദത്തിന്റെ നിലവിലെ ജനകീയമായ ഉപയോഗത്തിന്റെ ഘട്ടത്തിൽ, മതേതര ലിബറൽ, ഇടതുപക്ഷ ബുദ്ധി ജീവികളിൽ നിന്നുള്ള എതിർപ്പും അത്തരം ഉപയോഗങ്ങളോട് ഉണ്ടാവാറുണ്ട്. ഇസ്‌ലാമോഫോബിയയെ കുറിച്ചുള്ള വിശാലമായ മനസ്സിലാക്കലുകളെ കുറിച്ചുള്ള അജ്ഞത പ്രകടമായ ഇത്തരം വിമർശങ്ങൾ, പടിഞ്ഞാറിലെ ഇസ്‌ലാമിന്റെ ഹ്രസ്വകാല ചരിത്രം കാരണം ഇസ്‌ലാമിനനോടുള്ള ഭയം പടിഞ്ഞാറിൽ സവിശേഷമായുള്ളതാണെന്നും, ഇസ്‌ലാമിന് താരതമ്യേന ദീർഘമായ ചരിത്രമുള്ള ഇന്ത്യയിൽ അതില്ലെന്നുമുള്ള വാദഗതിയെ മുന്നോട്ടുവെക്കുന്നു. അത്തരം ഉത്ഭവവാദ പ്രസ്താവനകൾ ഇസ്‌ലാമോഫോബിയയെ അതിന്റെ പദാർത്ഥത്തിലേക്ക് ന്യൂനീകരിച്ചു കൊണ്ട് (ഇസ്‌ലാം + ഭീതി) അതിനെ റദ്ദ് ചെയ്യുകയും ‘പദോത്പത്തിപരമായ മൗലികവാദത്തെ’ (etymological fundamentalism) മുന്നോട്ടു വെക്കുകയും ചെയ്യുന്നു.[4] ഉദാഹരണത്തിന്, ഇസ്‌ലാമെന്നത് ഇന്ത്യയെ സംബന്ധിച്ച് അപരിചിതമായ ഒരു ഘടകമല്ലെന്നും അതുകൊണ്ട് തന്നെ ഇസ്‌ലാമിനോടുള്ള യുക്തിരഹിതമായ ഭയമല്ല (ഫോബിയ) മുസ്‌ലിം വിരുദ്ധ ആക്രമണങ്ങളിലേക്ക് നയിക്കുന്നതെന്നും, മറിച്ച് ചരിത്രപരമായ പീഢനത്തെ കുറിച്ചുള്ള ആഖ്യാനമാണ് ഹിംസയെ ഉദ്ദീപിപ്പിക്കുന്നതെന്നുമുള്ള വാദത്തിലൂടെ ഇസ്‌ലാമോഫോബിയ എന്ന പദത്തിന്റെ ഇന്ത്യയിലെ പ്രസക്തിയെ തള്ളിക്കളയുന്ന അജയ് ഗുദ്ദവർത്തി, ഇസ്‌ലാമോഫോബിയയുടെ സാന്നിധ്യത്തിനെതിരെ വാദമുന്നയിക്കാനായി അതിന്റെ പദോൽപ്പത്തിപരമായ അർത്ഥത്തെ കൂട്ടുപിടിക്കുന്നു.[5]

ഇസ്‌ലാമോഫോബിയയെ കുറിച്ചുള്ള സൽമാൻ സയ്യിദിന്റെ സങ്കല്പനത്തെ പിന്തുടർന്നു കൊണ്ട് പ്രാഥമികമായും ഇസ്‌ലാമോഫോബിയയെ മുസ്‌ലിം കർതൃത്വത്തെ ശിക്ഷണം ചെയ്യാനുള്ള ശ്രമങ്ങളെന്നാണ് ഈ ലേഖനം മനസ്സിലാക്കുന്നത്. ഇസ്‌ലാമോഫോബിയയെ കുറിച്ച് സയ്യിദ് രൂപീകരിക്കുന്ന സങ്കല്പനം ഇപ്രകാരമാണ്; “മുസ്‌ലിമായിരിക്കുക എന്നതിന് രാഷ്ട്രീയപരമായ പ്രാധാന്യമുള്ള പശ്ചാത്തലങ്ങളിൽ രൂപപ്പെടുന്ന ഒന്നാണത്. മുസ്‌ലിം സ്വാധികാരത്തിന്റെ സാധ്യതയെ, അഥവാ ഒരു ചരിത്ര വിഷയിയെന്ന നിലയിലുള്ള മുസ്‌ലിം രാഷ്ട്രീയ സ്വത്വത്തിന്റെ പ്രഖ്യാപനത്തെയാണ് ഇസ്‌ലാമോഫോബിയ ശിക്ഷണ വിധേയമാക്കാൻ ശ്രമിക്കുന്നത്.”[6] കേവലം അധീശത്വ ഹിംസയുടെ ഇരകൾ എന്ന മുസ്‌ലിങ്ങളെ കുറിച്ചുള്ള മനസ്സിലാക്കലിൽ നിന്ന് മാറി സഞ്ചരിക്കാൻ ഇസ്‌ലാമോഫോബിയയെ കുറിച്ചുള്ള ഈ സങ്കല്പനം നമ്മെ സഹായിക്കുന്നു. ഇന്ത്യയിലെ മുസ്‌ലിം വിരുദ്ധ ഹിംസകളെ കമ്മ്യൂണലിസം, കമ്മ്യൂണൽ വയലൻസ് എന്നീ സങ്കല്പനങ്ങളുപയോഗിച്ചാണ് മനസ്സിലാക്കുന്നത് എന്നതിനാലും, അനുഭവപരമായ തെളിവുകൾ എതിരായിരുന്നിട്ടും ഇത്തരം മനസ്സിലാക്കലുകൾ ഇരകളെയും വേട്ടക്കാരെയും ഒരു പോലെ പഴിചാരുന്നു എന്നതിനാലും മേല്പറഞ്ഞ തരത്തിലുള്ള മാറ്റം നിർണായകമാണ്.[7] വിഷയികളെ ആഭ്യന്തരവൽക്കരിക്കുക വഴി, ഈ മതേതര ആഖ്യാനത്തിന് പതിച്ചു നൽകുന്ന ജ്ഞാനശാസ്ത്രപരമായ സ്ഥാനം ഹിംസയെ മതമെന്ന (Religion) പൊതു സംവർഗ്ഗവുമായി സമീകരിക്കുകയും അധീശത്വ വിഭാഗവും അധകൃത വിഭാഗങ്ങളും (ഹിന്ദുവും മുസ്‌ലിമും) തമ്മിലുള്ള രൂക്ഷമായ അസമത്വത്തെ അതിലൂടെ അദൃശ്യമാക്കുകയും ചെയ്തു കൊണ്ട് ധാർമ്മികമായ ഒരുതരം ശ്രേഷ്ഠത അത് സ്വയം കൈവരിക്കുന്നു. മുസ്‌ലിം കർതൃത്വവുമായി ബന്ധപ്പെട്ട ചോദ്യത്തെ ചുറ്റിപറ്റി വികസിക്കുന്നു എന്നതിനാലും, അതിന്റെ നിഷേധത്തെ സാധ്യമാക്കുന്ന പ്രക്രിയകളെ തന്റെ വാദത്തിന്റെ കേന്ദ്രത്തിൽ പ്രതിഷ്ഠിക്കുന്നു എന്നതിനാലും ഇസ്‌ലാമോഫോബിയയെ കുറിച്ചുള്ള സൽമാൻ സയ്യിദിന്റെ സങ്കല്പനം മറ്റു സങ്കല്പനങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്നു.
കർതൃത്വത്തിന്റെ നിഷേധത്തെ വംശീയതയുമായി ബന്ധപ്പെടുത്തി കൊണ്ട് ഇസ്‌ലാമോഫോബിയയെ ‘വംശീയവൽകൃത ഭരണനിർവണ ബോധത്തിന്റെ’ (Racialised governmentality) ഒരു രൂപമായി സയ്യിദ് പ്രസ്താവിക്കുന്നു.[8] “മുസ്‌ലിമത്വത്തെയോ അല്ലെങ്കിൽ മുസ്‌ലിമത്വമെന്ന് കരുതപ്പെടുന്നതിനെയോ ഉന്നം വെച്ചുള്ള വംശീയതയാണ് ഇസ്‌ലാമോഫോബിയ” എന്ന സൽമാൻ സയ്യിദും അബ്ദുൽ കരീം വക്കീലും മുന്നോട്ടു വെച്ച ഇസ്‌ലാമോഫോബിയാ നിർവ്വചനത്തോട് ചേർന്നു നിൽക്കുന്നതാണിത്.[9] എങ്കിലും, ഇസ്‌ലാമോഫോബിയയെ വംശീയതയെന്ന് നിർവചിക്കുന്നത് ചില പ്രശ്നങ്ങൾക്ക് കാരണമായേക്കാം; ഇന്ത്യൻ സാമൂഹ്യ ശാസ്ത്ര പഠനങ്ങളിലും വിശകലനങ്ങളിലും വംശവും വംശീയതയും വിരളമായി മാത്രമേ വിഷയീഭവിക്കാറുള്ളൂവെന്നതിനാൽ ഇന്ത്യയുടെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. തൊലിനിറത്തിന്റെ അടിസ്ഥാനത്തിൽ നിർണയിക്കപ്പെടുന്ന ഒന്നെന്ന നിലയിലുള്ള വംശീയതയെ കുറിച്ചുള്ള സാമ്പ്രദായികമായ ആശയം, വെളുത്തവൻ—കറുത്തവൻ എന്ന ദ്വന്ദം നിലനിൽക്കുന്ന പടിഞ്ഞാറിന് മാത്രം ബാധകമായ ഒന്നാണെന്ന ധാരണയിലേക്കാണ് നയിക്കുക. എന്നിരുന്നാലും, കർതൃത്വ നിഷേധമാണ് വംശീയതയുടെ ധർമ്മമെന്ന സങ്കല്പത്തെയാണ് സയ്യിദിന്റെയും വക്കീലിന്റെയും നിർവ്വചനം അവലംബമാക്കുന്നത്. മുസ്‌ലിങ്ങൾ ഒരു വംശമല്ലെന്നും അതിനാൽ ഇസ്‌ലാമോഫോബിയയും വംശീയതയും രണ്ട് വ്യതിരിക്ത സങ്കല്പനങ്ങളാണെന്നുമുള്ള വാദം ഇസ്‌ലാമോഫോബിയ ഒരു വംശീയതയാണെന്ന നിർവചനത്തിനെതിരെ ഉന്നയിക്കപ്പെട്ടിട്ടുണ്ട്.[10] ദൃശ്യമായ ജീവശാസ്ത്ര വ്യതിരിക്തകളെ അടിസ്ഥാനപ്പെടുത്തിയുള്ള വംശത്തെ കുറിച്ചുള്ള സങ്കുചിതമായ ധാരണയെയും, വംശീയമായ വരത്തന്മാർ (outsiders) ഒരു പ്രത്യേക വംശീയ ഗണത്തിലെ അവരുടെ അംഗത്വം കാരണം അധമന്മാരാണെന്നുള്ള ഒരു വിഭാഗത്തിന്റെ യുക്തിരഹിതമായ മുൻവിധിയാണ് വംശീയത എന്ന മനസ്സിലാക്കലിനെയും അടിസ്ഥാനപ്പെടുത്തിയാണ് ഈ വാദം നിലനിൽക്കുന്നത്. ഉദാഹരണത്തിന്, ജുനൈദ് റാണ വംശീയവൽക്കരണ പ്രക്രിയയെ രക്ത ശുദ്ധിയുടെ അടിസ്ഥാനത്തിൽ മുസ്‌ലിങ്ങൾക്കും ജൂതന്മാർക്കും എതിരായ മദ്ധ്യകാല യൂറോപ്പ്യൻ കൃസ്ത്യാനികളുടെ ചരിത്രപരമായ അപമാന ശ്രമങ്ങളിൽ കണ്ടെത്തുകയും അതിലെ വിവേചന ശൈലിയെ സമകാലിക ഇസ്‌ലാമോഫോബിയയുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്നു.[11] അതിനാൽ, മുസ്‌ലിങ്ങൾ വംശീയവൽക്കരിക്കപ്പെടുമ്പോൾ അവരുടെ വംശപരമായ (ethnic) പശ്ചാത്തലങ്ങളെ അപ്രസക്തമാക്കി കൊണ്ട് അവരുടെ മുസ്‌ലിം സ്വത്വം വാചികമായ അധിക്ഷേപങ്ങളെയും, ഹിംസകളെയും, ഭരണകൂട നിരീക്ഷണങ്ങളെയും നിയമനിർമ്മാണങ്ങളെയും, സംശയത്തെയുമൊക്കെ ക്ഷണിച്ചു വരുത്തുന്ന അടയാളമായി മാറുന്നു.[12] ഒരു സങ്കല്പനമെന്ന നിലയിൽ വംശത്തെ കുറിച്ചുള്ള ജീവശാസ്ത്രത്തെയും ശരീരസവിശേഷതയെയും അടിസ്ഥാനപ്പെടുത്തിയുള്ള പ്രബലമായ ധാരണയെ ഇത് പ്രശ്നവൽക്കരിക്കുന്നു.

വംശമെന്ന ആശയത്തെ മനസ്സിലാക്കുന്നതിൽ സ്റ്റുവർട്ട് ഹാൾ ഇവിടെ സഹായകരമാണ്. സാധാരണമായ സാംസ്കാരിക പ്രയോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സാമ്പത്തിക, രാഷ്ട്രീയ, സാമൂഹ്യ രൂപീകരണങ്ങളുടെ സങ്കീർണമായ പരസ്പരം കെട്ടുപിണഞ്ഞുള്ള നിലനിൽപിനെ തിരിച്ചറിയുകയും ചെയ്തു കൊണ്ട് വംശം എങ്ങനെയാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുമെന്ന് അദ്ദേഹം വാദിക്കുന്നു. വംശത്തെ കുറിച്ച് അന്ന് പ്രബലമായിരുന്ന ധാരണയെ വിമർശനാത്മക വിശകലനത്തിന് വിധേയമാക്കിയിരുന്ന പുതിയ പഠനവിഷയമായ രാഷ്ട്രീയ, സാംസ്കാരിക സിദ്ധാന്തത്തിന്റെ മുൻഗാമിയായിരുന്നു ഹാളിന്റെ ഈ സൈദ്ധാന്തികവൽക്കരണം. വംശത്തെ ഒഴുകിനടക്കുന്ന ഒരു സൂചകമെന്ന നിലയിൽ (floating signifier) അദ്ദേഹം തുടർന്ന് സങ്കല്പനം ചെയ്യുന്നു. ഇത് മനസ്സിലാകണമെങ്കിൽ, ഇനി പറയുന്ന സംഗതികളെ കുറിച്ച് ധാരണയുണ്ടായിരിക്കണം;
“വംശമെന്നത് ഒരു സൂചകമാണെന്നും, വംശീയവൽകൃത പെരുമാറ്റവും വ്യതിരിക്തതയും ജനിതകമോ ജീവശാസ്ത്രപരമോ ആയ വസ്തുത എന്നതിലുപരി വ്യാവഹാരികമാണെന്നും മനസ്സിലാക്കണം… ഒരു സൂചകത്തിന്റെ അർത്ഥം ആത്യന്തികമോ അല്ലെങ്കിൽ ചരിത്രാതീതമോ ആയി സ്ഥിരീകരിക്കുക ഒരിക്കലും സാധ്യമല്ല. അതായത്, അർത്ഥത്തിന്റെ തെന്നിമാറാനുള്ള ഒരു സാധ്യത എല്ലായ്പ്പോഴും നിലനിൽക്കുന്നു, ഭാഷയിലും അർത്ഥത്തിലും ഇനിയും ഉൾപ്പെട്ടിട്ടില്ലാത്ത ഒരു പാർശ്വം, വംശവുമായി ബന്ധപ്പെട്ട് പറയപ്പെടാത്ത ഒന്ന് എല്ലായ്പ്പോഴും ബാക്കി നിൽക്കുന്നു.”[13]
വംശീയവൽകൃത സ്വത്വങ്ങളുടെ സൂചകങ്ങളുടെ അർത്ഥങ്ങൾ എങ്ങനെയാണ് പരിണമിക്കുകയും വ്യാഖ്യാനിക്കപ്പെടുകയും, അതെങ്ങനെയാണ് സ്ഥലപരവും സമയപരവുമായ സ്വാധീനങ്ങൾക്ക് വിധേയമാവുകയും ചെയ്തതെന്നുമുള്ള ചരിത്ര വിശകലനമാണ് സ്റ്റുവർട്ട് ഹാൾ നടത്തിയത്. ജീവശാസ്ത്ര നിർണയവാദത്തെ ആത്യന്തികമാക്കി മാറ്റാൻ വംശവുമായി ബന്ധപ്പെട്ട വ്യവഹാരത്തിൽ ശരീരത്തെ ഒരു അതീന്ദ്രീയ സൂചകമെന്ന നിലയിൽ (transcendental signifier) ഉന്നയിക്കപ്പെടാറാണ് പതിവ്.[14] “വ്യവഹാരങ്ങളുടെ ബഹുത്വം മൂലമുണ്ടാകുന്ന സ്ഥിരതയില്ലായ്മയുടെ (unfixity) ഫലമായുണ്ടാവുന്ന ഒന്ന്” എന്നാണ് ഏണസ്റ്റോ ലക്‌ലൗ ‘ഒഴുകിനടക്കുന്ന സൂചകം’ എന്ന സങ്കല്പത്തിന് (floating signifier) നൽകുന്ന നിർവ്വചനം.[15] അവയുടെ ബഹുത്വവും, അതിർവരമ്പുകളുടെ നിരന്തര സ്ഥാനമാറ്റവും കാരണം, സൂചകങ്ങൾ പരസ്പരം ഇടകലരുകയും ഒടുവിൽ സമാനതകളുടെ കണ്ണിയിലൂടെ പരസ്പരം ബന്ധപ്പെടാൻ അവയ്ക്ക് കഴിയാതെ വരികയും, തൽഫലമായി ഒഴുകി നടക്കുന്നതായി മാറുകയും ചെയ്യുന്നു. സമാനമായി, വംശത്തിന്റെ സൂചകങ്ങൾ ശരീരത്തിന്മേലാണ് ഉള്ളതെങ്കിലും, അതേസമയം, ശരീരത്തെ സാധ്യമാക്കുന്ന ഒന്നും ആ സൂചകങ്ങൾക്ക് അർത്ഥം നൽകുന്നില്ല. ക്രമേണ, വംശവുമായി ബന്ധപ്പെട്ട സൂചകങ്ങൾ, അതിന്റെ അർത്ഥങ്ങളെ സ്ഥിരപ്പെടുത്താനുതകുന്ന യാഥാർത്ഥ്യങ്ങളുടെ അഭാവത്തിൽ ഒഴുകി മാറിക്കൊണ്ടിരിക്കുന്നു, അതായത് വംശം എന്നതിന്റെ അർത്ഥം ഒരിക്കലും സ്ഥിരപ്പെടുത്തുക സാധ്യമല്ല. സുനിശ്ചിതമായ അർത്ഥമില്ലാതിരുന്നിട്ടും, വംശം ഒരു നിർമ്മിതിയെന്ന നിലയിൽ എന്തു കൊണ്ടാണ് ശ്രദ്ധേയമായി തുടരുന്നതെന്ന് ഹാൾ വിശകലനം ചെയ്യാൻ ശ്രമിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ വ്യക്തിയുടെ പ്രവർത്തനത്തെയും സാമൂഹ്യ പ്രവർത്തനത്തെയും ഭരിക്കുന്ന വ്യവഹാരങ്ങളുടെ പശ്ചാത്തലത്തിലാണ് വംശീയ സൂചകങ്ങൾ അർത്ഥം അനുമാനിച്ചെടുക്കുന്നത്. ഈ അധീശ വ്യവഹാരങ്ങൾ, അതിന്റെ ഉത്ഭവത്തെയും സവിശേഷ താൽപര്യങ്ങളെയും മറച്ചുവെക്കുകയും സ്വാഭാവികവൽക്കരിക്കുകയും ചെയ്യുന്ന ഒരു അധികാര മേഖലയെയും നിലവിലെ തർക്കവിതർക്കങ്ങളുടെ (contestations) ഇടമെന്ന നിലയിൽ അതിന്റെ അതിർവരമ്പുകളെയും സ്ഥാപിച്ചെടുക്കുന്നു. രാഷ്ട്രരൂപീകരണത്തിന്റെ ഘടകമാകുന്ന, പ്രത്യേകിച്ച് ദക്ഷിണാഫ്രിക്കയിൽ, വംശത്തെ കുറിച്ച് ഹാൾ ഇപ്രകാരം ഉപസംഹരിക്കുന്നു; “സാമൂഹ്യപരതയുടെയും (social), രാഷ്ട്രീയപരതയുടെയും, പ്രത്യയശാസ്ത്ര ഘടനകളുടെയും നിർമ്മാണ തത്വമാണ് വംശം.”[16] സാമൂഹ്യ നിർമ്മിത വിഭജനങ്ങളുടെ ഹിംസാത്മകമായ ശ്രേണിയുടെ നിർമ്മാണാർത്ഥം, മുസ്‌ലിങ്ങളുടെ കാര്യത്തിൽ, സംസ്കാരവും ചരിത്രവും ഭൂപ്രദേശവുമൊക്കെ അവരുടെ ശരീരത്തിലാണ് ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്. അതിനാൽ, മുസ്‌ലിങ്ങൾ ഒരു വംശമാവുന്നത് അവർക്ക് ഒരു പൊതുവായ എത്നിക് അടയാളമുണ്ട് എന്നതിനാലല്ല, മറിച്ച് അത് വ്യാവഹാരികമായി നിർമ്മിക്കപ്പെടുന്നതാണെന്ന് ഹാൾ തെളിയിക്കുന്നു. വിഭിന്നങ്ങളായ എത്നിക് പശ്ചാത്തലത്തിൽ നിന്ന് വരുന്നവരാണ് മുസ്‌ലിങ്ങളെങ്കിലും അവരുടെ പേര്, സാംസ്കാരിക സ്വത്വം, അല്ലെങ്കിൽ അവരുടേതെന്ന് കരുതപ്പെടുന്ന പെരുമാറ്റ രീതികൾ, എന്നിവ കാരണം വംശീയവൽക്കരിക്കപ്പെട്ടവരും വിവേചനം നേരിടുന്നവരുമാണ് അവർ, അഥവാ, ഒരു വംശമെന്ന നിലയിലാണ് അവരെ കൈകാര്യം ചെയ്യുന്നത്.[17]
ഈ തരത്തിൽ, മറ്റു സാമൂഹിക സ്വത്വങ്ങളോടൊപ്പം തന്നെ ആധുനികതയിലെ സാമൂഹിക ബന്ധങ്ങളുടെ അജ്ഞാതാവസ്ഥയെയും മറച്ചു പിടിക്കാൻ വംശത്തിന് കഴിഞ്ഞു. ദേശീയ സ്വത്വരൂപീകരണത്തിന്റെ യുക്തി, വംശം ഏറ്റെടുക്കുന്ന ഈ സന്ദർഭത്തിലാണ് ദേശഭക്തിയും വംശീയതയും പരസ്പരം കൂടിച്ചേരുന്നതെന്ന് തോന്നുന്നു. വംശീയ രൂപീകരണത്തിന്റെയും നിർമ്മാണത്തിന്റെയും ചരിത്രത്തിന്റെ ഭാഗമായിരുന്ന പുറന്തള്ളലിന്റെയും മർദ്ദനങ്ങളുടെയും മുഖരഹിത രൂപങ്ങൾ വംശത്തെ ഇങ്ങനെ അജ്ഞാതമാക്കി നിർത്തുന്ന പ്രക്രിയയെ എളുപ്പമാക്കി മാറ്റി. “വംശ നിർമ്മാണം, അതായത്, മനുഷ്യ ദൈവങ്ങളുടെ (anthropic gods) ചെയ്തി” എന്നാണ് ഈ പ്രക്രിയയെ ഗോൾഡ്ബർഗ് വിളിക്കുന്നത്.[18] ചില പ്രത്യേക വ്യാവഹാരിക രൂപീകരണങ്ങളുടെയും പ്രകടനങ്ങളുടെയും പുനരുൽപ്പാദനങ്ങളിലെയും പരിവർത്തനങ്ങളിലെയും യഥാർത്ഥ സാമൂഹ്യ പ്രവർത്തകരുടെ നിർമ്മാണങ്ങളിൽ നിന്നാണ് ഈ വംശ നിർമ്മാണം ഉത്ഭവിക്കുന്നത്. വംശവുമായി ബന്ധപ്പെട്ട തർക്കങ്ങൾ വാസ്തവത്തിൽ രാഷ്ട്രീയ നിർമ്മാണത്തെയും രാഷ്ട്രീയ സമുദായത്തെയും പറ്റിയുള്ളതാണെന്ന വസ്തുത ഇതാണ് വ്യക്തമാക്കുന്നത്; “ആരാണ് അകത്തുള്ളവർ, ആരാണ് പുറത്തുള്ളവർ; രാഷ്ട്ര ശരീരത്തിന്റെ കേന്ദ്ര ഭാഗത്തുള്ളവർ ആര്, പാർശ്വങ്ങളിലുള്ളവർ ആര്; സ്വാധികാരമുള്ളവർ ആര്, ആശ്രിതരായവർ ആര്.”[19] ജീവശാസ്ത്ര നിർണിതവും മാറ്റരഹിതവുമായ സ്ഥിര സംവർഗ്ഗമെന്ന ആശയത്തിലധിഷ്ടിതമായ വംശ നിർമ്മാണത്തെ കുറിച്ചുള്ള ഈ സങ്കല്പമാണ് ഇസ്‌ലാമോഫോബിയയുടെ സൈദ്ധാന്തികവൽക്കരണങ്ങളെ തടയുകയും അതുവഴി ഇസ്‌ലാമോഫോബിയയെ ശാരീരിക ഹിംസ, വാചികമായ അധിക്ഷേപം, പ്രകടമായ മുസ്‌ലിം വിരുദ്ധ നിയമ നിർമ്മാണങ്ങൾ എന്നിവയിലേക്ക് പരിമിതപ്പെടുത്തുകയും ചെയ്യുന്നത്.
ഇന്ത്യയിലെ ഇസ്‌ലാമോഫോബിയയെ കുറിച്ചുള്ള സങ്കല്പനവൽക്കരണങ്ങളിലെ ഈ പരിമിതി നിരവധി പഠനങ്ങൾ പരിശോധിച്ചാൽ വ്യക്തമാവും. ഉദാഹരണത്തിന്, Islamophobia Research & Documentation Project at UC Berkeley പ്രസിദ്ധീകരിച്ച Islamophobia in India: Stoking Bigotry എന്ന റിപ്പോർട്ട് ഇന്ത്യയിലെ മുസ്‌ലിം വിരുദ്ധ ഹിംസകളെ രേഖപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പുറത്തിറങ്ങിയ ഇന്ത്യൻ ഇസ്‌ലാമോഫോബിയയെ കുറിച്ചുള്ള ആദ്യത്തെ റിപ്പോർട്ടാണ്.[20] 2014 മുതലുള്ള മുസ്‌ലിം വിരുദ്ധ ഹിംസകളുടെയും വിവേചനങ്ങളുടെയും വിശദമായ വിവരങ്ങൾ പ്രസ്തുത റിപ്പോർട്ടിലുണ്ടെങ്കിലും ഇസ്‌ലാമോഫോബിയയെ സംഘപരിവാരത്തിലേക്കും ബിജെപിയിലേക്കും മാത്രമായി പരിമിതപ്പെടുത്തുന്നു എന്നിടത്താണ് പ്രസ്തുത റിപ്പോർട്ടിന്റെ ദൗർബ്ബല്യമുള്ളത്. സംഘ പരിവാരത്തിൽ ശ്രദ്ധയൂന്നി കൊണ്ടുള്ള പഠനങ്ങൾ അതിന്റെ സ്പഷ്ടത മൂലം മനസ്സിലാക്കാവുന്നതാണെങ്കിലും, മുസ്‌ലിം കർതൃത്വത്തെയും ഇന്ത്യൻ സ്റ്റേറ്റിന്റെ സെക്കുലർ പ്രതിച്ഛായയെയും കുറിച്ചുള്ള സംവാദങ്ങളിൽ ഗൗരവതരമായ പ്രതിഫലനങ്ങളുണ്ടാക്കുന്ന മുസ്‌ലിങ്ങളെ ശിക്ഷണം ചെയ്യാനുള്ള ശ്രമങ്ങളെ അല്ലെങ്കിൽ ഇസ്‌ലാമോഫോബിയയെ ഇത്തരം പഠനങ്ങൾ മുന്നോട്ടു വെക്കുന്നുണ്ട്. സമാനമായി, ദിബ്യേഷ് ആനന്ദ് അദ്ദേഹത്തിന്റെ Generating Islamophobia in India എന്ന ലേഖനത്തിൽ ഇസ്‌ലാമോഫോബിയയെ കുറിച്ചുള്ള ഈ ആഖ്യാനത്തെയാണ് അംഗീകരിക്കുന്നത്.[21] ആനന്ദിനെ സംബന്ധിച്ചേടത്തോളം, ഇന്ത്യൻ രാഷ്ട്രത്തിന്റെ ഇസ്‌ലാമോഫോബിയ ഉൽപ്പാദിപ്പിക്കുന്ന വംശാവലിയിൽ നിന്നുള്ള വ്യതിചലനമാണ് സംഘ പരിവാരം പ്രതിനിധീകരിക്കുന്ന ഹിന്ദു ദേശീയത. ഇന്ത്യയിലെ മുസ്‌ലിങ്ങൾ ഇന്ത്യൻ രാഷ്ട്രത്തിൽ നിന്ന് വർഷങ്ങളായി നേരിടുന്ന ഹിംസകളെയും വിവേചനങ്ങളെയും ആനന്ദ് തിരിച്ചറിയുമ്പോഴും അവയെ ഇസ്‌ലാമോഫോബിയയെന്ന് വിളിക്കാനോ അല്ലെങ്കിൽ ഇസ്‌ലാമോഫോബിയയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ചട്ടക്കൂടിന്റെ കീഴിൽ അതിനെ മനസ്സിലാക്കാനോ അദ്ദേഹത്തിന് സാധിക്കാതെ പോകുന്നു. മുസ്‌ലിങ്ങൾ നേരിടുന്ന സാമൂഹ്യവും സാമ്പത്തികവുമായ പുറന്തള്ളലുകൾ ഇസ്‌ലാമോഫോബിയയെ കുറിച്ചുള്ള ഈ മനസ്സിലാക്കലിന്റെ ഭാഗമാവുന്നില്ലെന്ന് മാത്രമല്ല, അതുവഴി ഇസ്‌ലാമോഫോബിയയുടെ വ്യവസ്ഥാപിത സ്വഭാവത്തിനെതിരായി അദ്ദേഹത്തിന്റെ വാദം മാറുകയും, ഇസ്‌ലാമോഫോബിയയെ ബിജെപി/സംഘപരിവാരത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നായും, ബിജെപിക്കു മുമ്പുള്ള കാലഘട്ടത്തെ ഇസ്‌ലാമോഫോബിയാ രഹിത കാലഘട്ടമായി മനസ്സിലാക്കപ്പെടുകയും ചെയ്യുന്നു. ഈ ദിശയിലുള്ള ആലോചന വിശ്വാസത്തെ ഇന്ത്യൻ രാഷ്ട്രത്തിന്റെ മതേതര ജനാധിപത്യ തത്വങ്ങൾക്കകത്ത് പ്രതിഷ്ഠിക്കുകയും, നാമിന്ന് കണ്ടുകൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിക് പ്രക്രിയകളെ തിരുത്താൻ ജാഗരൂകരായ ഒരു സമ്മതിദായക സമൂഹത്തെ സങ്കല്പിച്ചെടുക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാഷണങ്ങളിലും പോഡ്കാസ്റ്റുകളിലുമുള്ള ഇസ്‌ലാമോഫോബിയയെ കുറിച്ചുള്ള പ്രശാന്ത് വൈകാറിന്റെ വിശകലനമാണ് മറ്റൊരു ഉദാഹരണം.[22] ഹിന്ദുത്വ വ്യവഹാരത്തിലെ ഇസ്‌ലാമോഫോബിയയുടെ സാന്നിദ്ധ്യത്തെ അദ്ദേഹത്തിന്റെ പഠനം അടയാളപ്പെടുത്തുമ്പോൾ തന്നെ, ആത്യന്തികമായി മുസ്‌ലിം കർതൃത്വത്തിന് പ്രതികൂലമായ ചില മുൻധാരണകൾ കൂടി അത് വെച്ചുപുലർത്തുന്നുണ്ട്. പ്രത്യേകിച്ച് ഇസ്‌ലാമിസ്റ്റുകളെ വിഭജന രാഷ്ട്രീയമുള്ള ഹിന്ദുത്വരുടെ പ്രതിരൂപമെന്ന നിലയിൽ അവതരിപ്പിക്കുകയും, ഖിലാഫത്ത് പ്രസ്ഥാനത്തോടുള്ള പ്രതികരണമെന്ന നിലയിൽ ഹിന്ദുത്വയുടെ ഉയിർപ്പിനെ മനസ്സിലാക്കുകയും ചെയ്യുന്ന ഭാഗത്ത്.
വിഷയീ കർതൃത്വത്തിന്റെ ഈ നിഷേധം ഇന്ത്യയിലെ ഇസ്‌ലാമോഫോബിയയെ കുറിച്ചുള്ള നിരവധി പഠനങ്ങളിലും അല്ലെങ്കിൽ ഹിന്ദുത്വയെ വിമർശനാത്മകമായി സമീപിക്കുന്ന പഠനങ്ങളിലും അത്തരത്തിൽ ഇന്ത്യയെ കുറിച്ചുള്ള ഏതൊരു പഠനത്തിലും അന്തർലീനമായ രീതിശാസ്ത്ര ദേശീയതയുമായി (methodological nationalism) കൂടിക്കലർന്നുകിടക്കുന്നു. ഇവിടെ രീതിശാസ്ത്ര ദേശീയത എന്നതിന്റെ അർത്ഥം ഇന്ത്യ, ഹിന്ദു തുടങ്ങിയ സംവർഗ്ഗങ്ങളെ സ്വതന്ത്രമായ യൂണിറ്റുകളായി മനസ്സിലാക്കുകയും അവയെ ചരിത്രത്തിൽ അന്തർലീനമായ സംവർഗ്ഗങ്ങളായി പരിഗണിക്കുകയും ചെയ്യുക എന്നാണ്. ഹിന്ദുത്വ വിരുദ്ധരെന്നു വ്യാപകമായി മനസ്സിലാക്കപ്പെടുന്നവരുടെ രചനകളിൾ പോലും പ്രതിഫലിക്കുന്ന ഒരു തത്വമാണിത്. ഇന്ത്യയെ സമയരഹിതമായ ഒരു രൂപീകരണവും അതിന്റെ ഭാഗമായുണ്ടാവുന്ന പൂർണവളർച്ചയെത്തിയ ഹിന്ദു സ്വത്വങ്ങളടങ്ങിയ ഹിന്ദുനെസ്സിനെ ആദ്യമേ ഉള്ളതായും മനസ്സിലാക്കുന്ന നെഹ്റുവിന്റെ ഇന്ത്യയെ കണ്ടെത്തൽ, ശശി തരൂരിന്റെ Inglorious Empire അമർത്യാ സെന്നിന്റെ The Argumentative Indian പോലുള്ള രചനകൾ മുന്നോട്ടു വെക്കുന്ന ചരിത്രങ്ങൾ ഉദാഹരണം. പുറമെ നിന്ന് വന്ന് കീഴടക്കി കൊളോണിയൽ കാലഘട്ടം വരെ ഇന്ത്യയെ ഭരിച്ച് മുടിച്ച അധിനിവേശകരായാണ് ഈ കഥകളിൽ മുസ്‌ലിങ്ങൾ അവതരിക്കുന്നത്. അഥവാ, ആദ്യമേ ഉണ്ടായിരുന്ന ഒരു ഇന്ത്യയിലേക്ക് കടന്നു വന്ന മുസ്‌ലിങ്ങൾ. വരത്തരായ ഈ മുസ്‌ലിങ്ങളെ ഇന്ത്യയുടെ ഭാഗമായും ക്രമേണ ബാധ്യതയായും കൂടെക്കൂട്ടാൻ ഇന്ത്യയെ പ്രാപ്തമാക്കിയ അതിന്റെ സവിശേഷതയായ സഹിഷ്ണുത നിറഞ്ഞ ഒന്നായാണ് ഈ ഇന്ത്യയെന്ന നിർമ്മിതിയെ അവതരിപ്പിക്കുന്നത്. മുസ്‌ലിം അധിനിവേശകരെന്ന ഈ ആശയത്തെ ഹിന്ദുത്വവാദികൾ അസമാനമായ ഉയരങ്ങളിലേക്ക് കൊണ്ടു ചെന്നിട്ടുണ്ടെങ്കിലും, ഈ ചരിത്രപരതയുടെ വിത്തുകൾ പാകിയത് വാസ്തവത്തിൽ മതേതര ദേശീയത കാലങ്ങളോളം പറഞ്ഞു നടന്ന കഥകളാണ്. സത്യസന്ധമായ ചരിത്രവിശകലനങ്ങൾക്ക് വിധേയമാവുന്നതിന് പകരം സ്വയം സത്യമെന്ന് തെളിയിക്കുന്നതിന് ഇത്തരം ആഖ്യാനങ്ങൾ കടപ്പെട്ടിരിക്കുന്നത് മതേതര ദേശീയ ആഖ്യാനത്തിന്റെ അധീശത്വ സ്വഭാവത്തോടാണ്. ചില ആഖ്യാനങ്ങളെ മറ്റാഖ്യാനങ്ങളേക്കാൾ കൂടുതൽ സത്യസന്ധമാക്കി മാറ്റുന്നത് അധീശത്വമാണ്. മതേതര ദേശീയ ആഖ്യാനം പരിശോധിച്ചാൽ മറ്റ് ആഖ്യാനങ്ങൾക്കു മേൽ അതു പുലർത്തുന്ന അധികാരത്തെ വ്യക്തമായി കാണാനാവും. ഈ അധികാരത്തിന്റെ ഉറവിടമാവട്ടെ കഴിഞ്ഞ നൂറ്റാണ്ടിൽ അതിന് ലഭിച്ച വിമർശനരഹിതമായ വ്യാപക സ്വീകാര്യതയുമാണ്.
ഇസ്‌ലാമോഫോബിയയെ കുറിച്ചുള്ള മേൽപറഞ്ഞ വീക്ഷണങ്ങൾ ഹിന്ദു ദേശീയതയെ ഒരു ഇടക്കാല സന്ദർഭമെന്നനിലയിൽ മനസ്സിലാക്കുകയും അതുവഴി ബിജെപിക്ക് മുമ്പുള്ള ഇന്ത്യൻ രാഷ്ട്രത്തിന്റെ മുസ്‌ലിങ്ങൾക്ക് നേരെയുള്ള വ്യവസ്ഥാപിതമായ പുറന്തള്ളലിനെയും ഹിംസകളെയും സ്വാഭാവികവൽക്കരിക്കുകയും ചെയ്യുന്നു. ബി.ജെ.പി/സംഘപരിവാരത്തിന്റെ രാഷ്ട്രീയമായ ഉയർച്ചക്ക് തൊട്ടുമുന്നെ വരെ മുസ്‌ലിങ്ങൾക്ക് ഒരു ബഹുസ്വര ജനാധിപത്യത്തിന്റെ ഗുണങ്ങൾ ഇന്ത്യയിൽ ലഭിച്ചിരുന്നു എന്ന ധാരണ ഈ വീക്ഷണങ്ങളിൽ ഉള്ളടങ്ങിയിരിക്കുന്നു. അത്തരമൊരു വ്യവഹാരത്തിനകത്ത്, സംഘപരിവാരിതര മതേതര രാഷ്ട്രീയ കക്ഷികളുടെയും ഇടങ്ങളുടെയും ശാക്തീകരണത്തിലൂടെ പരിഹരിക്കുക സാധ്യമാവുന്ന ക്ഷണികമായ ഒരവസ്ഥയായി ഇസ്‌ലാമോഫോബിയ മാറുന്നു. ഒരു വലതുപക്ഷ പ്രതിഭാസമെന്ന ശീർഷകത്തിലേക്ക് ഇസ്‌ലാമോഫോബിയയെ ലഘൂകരിക്കുകയും അതിലൂടെ ഇസ്‌ലാമോഫോബിയയുടെ രൂപീകരണത്തിൽ യൂറോപ്യൻ സ്വത്വ നിർമ്മാണം വഹിച്ചിരിക്കുന്ന പങ്കിനെ വിദഗ്ധമായി മറയ്ക്കുകയും ചെയ്യുന്ന ആഗോള ചർച്ചകളോട് സമാനമാണ് ഈ വീക്ഷണം.[23] അത്തരം ശീർഷകവുമായി ബന്ധപ്പെട്ട തർക്കങ്ങൾ മാറ്റിവെച്ചാൽ, ഹിന്ദുത്വ വ്യവഹാരത്തിന്റെ പ്രാഥമിക ‘അപരനായ’ മുസ്‌ലിങ്ങളെ സംസാര ശേഷിയില്ലാത്ത, കർതൃത്വ രഹിതരായ, കേവലം ഇരയായി പരിമിതപ്പെടുത്തുമ്പോൾ മാത്രമാണ് അത്തരമൊരു വീക്ഷണം സാധ്യമാവുന്നതെന്ന് കാണാനാവും. ഇനി ഇസ്‌ലാമോഫോബിയയെ സങ്കല്പനവൽക്കരിക്കാനും ഹിന്ദു ദേശീയത ഇന്ത്യൻ രാഷ്ട്രത്തിന്റെ എതിർപക്ഷത്തല്ല മറിച്ച്, അതിന്റെ രൂപീകരണത്തിൽ പങ്കു വഹിച്ച ഘടകമാണെന്ന് സ്ഥാപിക്കാനുമുള്ള ശ്രമങ്ങളിൽ മുസ്‌ലിം കർതൃത്വത്തിന്റെ ശിക്ഷണത്തെയാണ് നാം അന്വേഷിക്കുന്നതെന്ന് പ്രത്യേകം എടുത്തു പറയേണ്ടതില്ല.
1964–ൽ ലക്നൗവിൽ വെച്ച് നടന്ന മുസ്‌ലിം നേതാക്കളുടെ ഒരു യോഗത്തിൽ അവരുയർത്തിയ ആശങ്കകൾ ഇസ്‌ലാമോഫോബിയയെ സംഘപരിവാരത്തിലേക്ക് മാത്രം പരിമിതപ്പെടുത്തുന്നതിലെ ഫാലസിയെ വെളിച്ചത്തു കൊണ്ടു വരും. “ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ അവസ്ഥകൾ ചർച്ച ചെയ്യപ്പെട്ടു: വർദ്ധിച്ചു വരുന്ന ഹിന്ദു ദേശീയതയുടെ ഫലങ്ങൾ” എന്ന തലക്കെട്ടോടെയാണ് പ്രസ്തുത യോഗത്തെ കുറിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്തത്.[24] മുസ്‌ലിം സംഘടനകളിലും പ്രസ്ഥാനങ്ങളിലുമുള്ള നേതാക്കളും ഹുസൈൻ ത്വയ്യിബ്ജിയെ പോലുള്ള മതേതര വ്യക്തിത്വങ്ങളും പ്രസ്തുത യോഗത്തിൽ പങ്കെടുത്തിരുന്നു. പ്രസ്തുത ലേഖനം പ്രകാരം, ഇന്ത്യയിലെ മുസ്‌ലിങ്ങൾ അനുഭവിച്ചു പോന്നിരുന്ന ബഹുമുഖങ്ങളായ അനീതികളെയും മുൻവിധികളെയും കുറിച്ചും മുസ്‌ലിങ്ങൾക്കെതിരായ മാരകമായ ഹിംസകളെ കുറിച്ചും ചർച്ചചെയ്യാൻ വേണ്ടിയായിരുന്നു പ്രസ്തുത യോഗം ചേർന്നത്. റൂർക്കേലയിലും ജംഷഡ്പൂരിലും നടന്ന ആക്രമണങ്ങളിലും കൊൽക്കത്തയിലെ കലാപങ്ങളിലും മുസ്‌ലിങ്ങൾക്കെതിരെ നടന്ന കൂട്ടക്കൊലകളുടെ സന്ദർഭത്തിൽ മുസ്‌ലിം നേതൃത്വം ആശയക്കുഴപ്പത്തിലും നിസ്സഹായതയിലും നിരാശയിലുമായിരുന്നു എന്ന് പ്രസ്തുത ലേഖനം ഉദ്ധരിക്കുന്നു. മുസ്‌ലിങ്ങളുടെ ഇന്ത്യയിലെ ഈ അധമാവസ്ഥക്ക് കാരണം ഹിന്ദു ദേശീയതാണെന്ന അഭിപ്രായത്തിൽ മുസ്‌ലിം നേതൃത്വം ഒന്നിക്കുന്നു. സമുദായത്തെ ബാധിച്ചു കൊണ്ടിരിക്കുന്ന അഞ്ച് പ്രധാന പ്രശ്നങ്ങളെ മുസ്‌ലിം നേതൃത്വം അക്കമിട്ടു നിരത്തുന്നു; 1) ഹിംസ ഇല്ലാതാക്കാനും കുറ്റവാളികളെ നീതിക്കു മുന്നിൽ കൊണ്ടുവരാനുമുള്ള ശ്രമത്തിൽ ഭരണകൂടത്തിന്റെ താൽപ്പര്യമില്ലായ്മ, 2) പാകിസ്താനും ഇന്ത്യയിലെ മുസ്‌ലിങ്ങളും തമ്മിൽ വർദ്ധിച്ചു വരുന്ന ബന്ധവും തദ്ഫലമായി ഉണ്ടാവുന്ന ‘ശത്രുവിനോട് കൂറുപുലർത്തുന്നു’ എന്ന സംശയവും, 3) കച്ചവടത്തെയും വിപണിയെയും അടക്കിഭരിക്കുന്ന ഹിന്ദു സമൂഹത്തിന്റെ ജാതി ബോധവും സമ്പദ്വ്യവവസ്ഥയിൽ നിന്നുള്ള മുസ്‌ലിങ്ങളുടെ പുറന്തള്ളലും, 4) കച്ചവട സ്ഥാപനങ്ങൾ, പ്രത്യേകിച്ച് ബ്രിട്ടീഷ് സ്ഥാപനങ്ങൾ മുസ്‌ലിങ്ങളെ ജോലിക്കെടുക്കുന്നതിൽ കാണിക്കുന്ന വിവേചനം, (മുസ്‌ലിം അപേക്ഷകരെ കമ്പനിയുടെ പാകിസ്താൻ ബ്രാഞ്ചിലേക്ക് അയക്കണമെന്ന് ബ്രിട്ടീഷ് കമ്പനികളെ ഉപദേശിച്ച മുൻ ആഭ്യന്തര വകുപ്പ് മന്ത്രി വല്ലഭായ് പട്ടേൽ അത്തരമൊരു പോളിസിക്ക് രൂപം കൊടുത്തിരുന്നു) 5) ഒരു മുസ്‌ലിം ഇന്ത്യനല്ലെന്ന് കരുതുന്ന പൊതുമണ്ഡലത്തിന്റെ “മക്കാർത്തീ” മനോഭാവം.
ഈ പട്ടിക കാണുന്നൊരാൾക്ക് ഇത് കഴിഞ്ഞ അഞ്ചോ ആറോ വർഷത്തിനിടക്ക് സംഭവിച്ചതാണ് അല്ലാതെ 1964-ലെ സംഭവമല്ലെന്ന് തോന്നിയേക്കാം. ഈ പ്രശ്നങ്ങളുടെ ആഴം ഇസ്‌ലാമോഫോബിയയുടെ വംശാവലിയെ കൂടുതൽ പിന്നോട്ടു കൊണ്ടു പോവുകയും ഇസ്‌ലാമോഫോബിയയിലെ ഭരണകൂടത്തിന്റെ പങ്ക് സംഘപരിവാരത്തിന്റെ രാഷ്ട്രീയ ഉണർവ്വോടെ മാത്രം ആരംഭിച്ചതാണെന്ന വാദത്തെ പ്രതികൂലിക്കുകയും ചെയ്യുന്നു. പകരം, ഇന്ത്യൻ മതേതര രാഷ്ട്രത്തിന്റെ രൂപീകരണത്തിന്റെ ഭാഗമാണ് ഇസ്‌ലാമോഫോബിയയെന്നും സംഘപരിവാരം ഈ വംശാവലിയുടെ വികാസം മാത്രമാണെന്നുമാണ് ഇത്തരം യോഗങ്ങൾ കാണിക്കുന്നത്. അതിനാൽ, ഇസ്‌ലാമോഫോബിയയെ ഇന്ത്യൻ രാഷ്ട്രത്തിന്റെ പ്രാരംഭ ഘട്ടം മുതൽ മുസ്‌ലിങ്ങൾക്കെതിരെ അനുവർത്തിച്ചു വരുന്ന ഹിംസയിലേക്കും വിദ്വേഷ പ്രസംഗത്തിലേക്കും പരിമിതപ്പെടുത്തുക സാധ്യമല്ല. പകരം, ദേശം, ദേശീയ ഐക്യം (ഇന്ത്യൻനെസ്) എന്നീ ആശയങ്ങളുടെയും, പ്രതിസന്ധിഘട്ടങ്ങളിൽ പോലും തങ്ങൾക്ക് വേണ്ടി സംസാരിക്കാനുള്ള മുസ്‌ലിങ്ങളുടെ ശേഷിയെ ശിക്ഷണ വിധേയമാക്കാനും സാമ്പത്തിക-സാമൂഹ്യ വിവേചനങ്ങളെയും സാമൂഹ്യ അസമത്വങ്ങളെയും മറച്ചു പിടിക്കാനായി അതെടുത്തുപയോഗിക്കുന്ന മതേതരത്വമെന്ന ആശയത്തിന്റെയും മൗലിക ഘടകമായി ഇസ്‌ലാമോഫോബിയ മാറുന്നു. ഇന്ത്യയിലെ വിദ്യാ സമ്പന്നരായ മുസ്‌ലിം വരേണ്യർ മുസ്‌ലിങ്ങൾ നേരിടുന്ന യാതനകൾക്ക് നേരെ വെച്ചുപുലർത്തുന്ന അലംബാവത്തെ കുറിച്ച് ലക്നൗവിലെ മുസ്‌ലിം നേതൃത്വത്തിന്റെ യോഗം നിരാശ പ്രകടിപ്പിക്കുകയും ആഫ്രിക്കൻ അമേരിക്കക്കാരെ പോലെ ഇന്ത്യൻ മുസ്‌ലിങ്ങൾക്കും അങ്കിൾ ടോമുമാരുണ്ടെന്ന് സൂചിപ്പിക്കുകയും ചെയ്തതായി ഒരു വാർത്താ ലേഖനം ചൂണ്ടിക്കാണിക്കുന്നുണ്ട്. താരതമ്യം ചെയ്യാനുള്ള സമ്മർദ്ദങ്ങളേതുമില്ലാതെ തന്നെ കറുത്തവർഗ്ഗക്കാരുടെ യാതനകളുമായി സ്വയം ബന്ധപ്പെടുത്താൻ മുസ്‌ലിം നേതൃത്വത്തിന് ഇവിടെ സാധിക്കുന്നു. മുസ്‌ലിം സമുദായവും കറുത്ത വർഗ്ഗക്കാരുടെ സമുദായവും തമ്മിലുള്ള സാമ്യതകളെ നേതൃത്വം തിരിച്ചറിയുന്നത്, ഇരു കൂട്ടരും നേരിട്ടുകൊണ്ടിരുന്ന അധീശത്വ രൂപത്തെ കുറിച്ചുള്ള അവരുടെ നിശ്ശങ്കമായ ധാരണയെയാണ് സൂചിപ്പിക്കുന്നതെന്ന് മാത്രമല്ല, മുസ്‌ലിം നേതാക്കൾക്കിടയിൽ നിലനിന്നിരുന്ന വ്യർത്ഥതയിലേക്കും അത് വിരൽ ചൂണ്ടുന്നു.[25] സാമൂഹികവും സാമ്പത്തികവുമായി മുസ്‌ലിങ്ങൾ നേരിടുന്ന വിവേചനങ്ങളുടെ കണക്ക് പരിശോധിച്ചാൽ ഇസ്‌ലാമോഫോബിയയുടെ വ്യവസ്ഥാപിത സ്വഭാവം കൂടുതൽ വ്യക്തമാവും.
(തുടരും)
കുറിപ്പുകൾ
[1] ഇന്ത്യൻ ജനകീയ ഓർമ്മകളിൽ വിഭജനത്തിന്റെ ഒരേയൊരു ഉത്തരവാദി പാകിസ്താന് വേണ്ടി വാദിച്ച ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്‌ലിം ലീഗാണ്. പാകിസ്താൻ രൂപീകരണത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പങ്ക് എടുത്തു കാണിക്കുന്ന മറ്റൊരു വീക്ഷണത്തിന് see: Ayesha Jalal, The Sole Spokesman: Jinnah, the Muslim League and the Demand for Pakistan (Cambridge University Press, 1985). ഉപഭൂഖണ്ഡത്തിന്റെ ഇന്ത്യയും പാകിസ്താനുമായുള്ള വിഭജനത്തെ പറ്റിയുള്ള സങ്കീർണമായ ആഖ്യാനങ്ങളെ കുറിച്ച് വായിക്കാൻ see: Gyanendra Pandey, Remembering Partition: Violence, Nationalism and History in India, Vol. 7 (Cambridge University Press, 2001); Urvashi Butalia, The Other Side of Silence: Voices From the Partition of India (Penguin UK, 2017); Ayesha Jalal. “Secularists, Subalterns and the Stigma of Communalism: Partition Historiography Revisited.” Modern Asian Studies 30.3 (1996): 681–9. ബംഗാളിന്റെ ഇന്ത്യ, പാകിസ്താൻ എന്നുള്ള വിഭജനത്തിലെ സങ്കീർണതയെ കുറിച്ച് പഠിക്കാൻ കോളനിയാനന്തര ചരിത്രരചനാശാസ്ത്രം താരതമ്യേന കുറഞ്ഞ ശ്രമമാണ് നടത്തിയിട്ടുള്ളത് എന്നത് ഇവിടെ പ്രധാനമാണ്. ഇതുമായി ബന്ധപ്പെട്ട വിശദമായ പഠനത്തിന് see: Joya Chatterji, Bengal Divided: Hindu Communalism and Partition, 1932–1947, Vol. 57 (Cambridge University Press, 2002).
[2] Christophe Jaffrelot and Laurent Gayer, Muslims in Indian Cities: Trajectories of Marginalisation (New York: Columbia University Press, 2012); Abdul Shaban, ed. Lives of Muslims in India: Politics, Exclusion and Violence (New York: Taylor & Francis, 2018); Rakesh Basant and Abusaleh Shariff, Handbook of Muslims in India: Empirical and Policy Perspectives (OUP Catalog, 2010).
[3] തീവ്രാവാദാരോപണത്തിന്റെ പേരിൽ കള്ളക്കേസിൽപ്പെട്ട് ജാമ്യവും നിയമനടപടികളുമില്ലാതെ ജയിലിൽ കഴിയുന്ന മുസ്‌ലിങ്ങളുടെ കേസുകൾ പരിശോധിക്കുന്ന ഒരു പ്യൂപ്പിൾസ് ട്രൈബ്യൂണൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് 2014–ൽ സംഘടിപ്പിച്ചിരുന്നു. ഉന്നത നിയമ വിദഗ്ധരും, മുതിർന്ന മാധ്യമപ്രവർത്തകരും അടങ്ങിയ ജ്യൂറി ഈ അവസ്ഥയെ അപലപിക്കുകയും മുസ്‌ലിങ്ങൾക്കെതിരായ ഈ ഭരണകൂട വേട്ടയ്ക്കെതിരായി പ്രവർത്തിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. എന്നിരുന്നാലും, ഇസ്‌ലാമോഫോബിയ എന്ന പദം അവരുടെ കണ്ടെത്തലുകളുടെ ഭാഗമായി ഉൾച്ചേർക്കാൻ അവർ അനുവദിക്കാതിരിക്കുകയും തൽഫലമായി ജ്യൂറി റിപ്പോർട്ടിൽ നിന്ന് പ്രസ്തുത പദം നീക്കം ചെയ്യപ്പെടുകയും ചെയ്തു. എങ്കിലും ഇതേ സംഘടന തന്നെ, പിന്നീട് 2016–ൽ ഇസ്‌ലാമോഫോബിയയെ കുറിച്ചുള്ള അക്കാദമിക സമ്മേളനം സംഘടിപ്പിക്കുകയും ഇന്ത്യയിലെ ഇസ്‌ലാമോഫോബിയയെ സങ്കല്പനവൽക്കരിക്കാനും പരിശോധനാ വിധേയമാക്കാനുമുള്ള ആദ്യത്തെ ഇടമായി ഇത് മാറുകയും ചെയ്തു.
[4] Salman Sayyid and AbdoolKarim Vakil, Thinking Through Islamophobia: Global Perspectives. Hurst, 2010, 13.
[5] Ajay Gudavarthy, “There is Communalism—Not Islamophobia—in India.” The Wire, May 1, 2019, https:// thewire.in/communalism/muslim-prejudice-islamophobia-india.
[6] Salman Sayyid, “A Measure of Islamophobia.” Islamophobia Studies Journal, 2.1, (2014): 10–25.
[7] Paul R. Brass, The Production of Hindu-Muslim Violence in Contemporary India (University of Washington Press, 2011); Asgharali Engineer, ed. Communal Riots in Post-Independence India (Universities Press, 1997); Parvis Ghassem-Fachandi, Pogrom in Gujarat: Hindu nationalism and anti-Muslim violence in India (Princeton University Press, 2012); Sudhir Kakar, The Colors of Violence: Cultural identities, religion, and conflict (University of Chicago Press, 1996); Steven I. Wilkinson, Votes and Violence: Electoral competition and ethnic riots in India (Cambridge University Press, 2006); Gyanendra Pandey, Remembering Partition: Violence, nationalism and history in India. No. 7 (Cambridge University Press, 2001).
[8] Sayyid, Salman. “A measure of Islamophobia.” Islamophobia Studies Journal 2.1 (2014): 10–25, 19.
[9] Sayyid, S., and AbdoolKarim Vakil. Defining Islamophobia. ReOrientations, 2018. (https:// criticalmuslimstudies.co.uk/project/defining-islamophobia/).
[10] Brown, Malcolm D. “Conceptualizing racism and Islamophobia.” Comparative Perspectives on Racism (2000): 73–90; Cheng, Jennifer E. “Islamophobia, Muslimophobia or racism? Parliamentary discourses on Islam and Muslims in debates on the minaret ban in Switzerland.” Discourse & Society 26.5 (2015): 562–86; Lauwers, Anna Sophie. “Is Islamophobia (always) racism?.” Critical Philosophy of Race 7.2 (2019): 306–32.
[11] Rana, Junaid. Terrifying Muslims: Race and labor in the South Asian diaspora (Durham, NC: Duke University Press, 2011).
[12] Meer, Nasar, and Tariq Modood. 2010. “The Racialization of Muslims.” 69–84 in Thinking Through Islamophobia: Global Perspectives edited by S. Sayid and AbdoolKarim Vakil (New York: Columbia University Press).
[13] Hall, Stuart. “Nineteen races, the floating signifier: What more is there to say about ‘race’? [1997].” Selected writings on race and difference (Durham, NC: Duke University Press, 2021), 359–73, 361.
[14] Ibid., 370.
[15] Laclau, E., Butler, J., and Zizek, S. Contingency, Hegemony, Universality: Contemporary dialogues on the Left (London: Verso, 2000), 305.
[16] Hall, Stuart. “6. Race, Articulation, and Societies Structured in Dominance [1980].” Essential Essays, Volume 1 (Durham, NC: Duke University Press, 2018. 172–221), 177.
[17] Sayyid, S., and AbdoolKarim Vakil. Defining Islamophobia. ReOrientations, 2018. (https:// criticalmuslimstudies.co.uk/project/defining-islamophobia/)
[18] Goldberg, David Theo. “The semantics of race.” Ethnic and racial studies 15.4 (1992): 543–69, 560–1.
[19] Ibid.
[20] Paula Thompson, Rhonda Itaoui, and Hatem, Bazian, Islamophobia in India: Stoking Bigotry, Islamophobia Research & Documentation Project (UC Berkeley, 2019).
[21] Dibyesh Anand, “Generating Islamophobia in India.” In Thinking through Islamophobia: Global Perspectives, edited by Salman Sayyid and AbdoolKarim Vakil (Hurst Publishers, 2010), 265–70.
[22] Prashant Waikar, “Reading Islamophobia in Hindutva: An Analysis of Narendra Modi’s Political Discourse.” Islamophobia Studies Journal 4.2 (2018): 161–80.
[23] Salman Sayyid, “Islamophobia and the Europeanness of the other Europe.” Patterns of Prejudice 52.5 (2018): 420–35; Farid Hafez, “Shifting borders: Islamophobia as common ground for building pan-European right-wing unity.” Patterns of Prejudice 48.5 (2014): 479–99; Enes Bayraklı and Farid Hafez, eds. “European Islamophobia Report 2015.” Seta, 2016.
[24] Plight of Muslims in India Discussed—Results of Increased Hindu Nationalism. 9 August 1964. The Times (https://www.thetimes.co.uk/archive/article/1964-08-10/7/1.html#start%3D1964-08-08%26end%3D1964-0910%26terms%3DIndia%26back%3D/tto/archive/find/India/w:1964-08-08%7E1964-09-10/1%26prev%3D/ tto/archive/frame/goto/India/w:1964-08-08%7E1964-09-10/6%26next%3D/tto/archive/frame/goto/ India/w:1964-08-08%7E1964-09-10/8).
[25] മുസ്ലിം നേതാക്കൾക്കിടയിൽ അത്തരം ആശങ്കകൾ കൊളോണിയൽ സമയത്തിന്റെ അവസാന കാലത്തും ഉണ്ടായിരുന്നതായി കാണാനാവും. കേവലം താരതമ്യത്തിനപ്പുറം, ഇന്ത്യയിലെ മുസ്ലിങ്ങൾക്ക് ആഫ്രിക്കൻ അമേരിക്കൻ സമുദായത്തിന് സമാനമായ അവസ്ഥയായിരിക്കും ഭാവിയിലുണ്ടാവുകയെന്ന് അവർ ശരിക്കും ഭയപ്പെട്ടിരുന്നു.ഉദാഹരണത്തിന്, ഒരു കൂട്ടം വിദ്യാർത്ഥികളോട് സംസാരിക്കവേ 1937-ൽ മുഹമ്മദലി ജിന്ന ഇപ്രകാരം താക്കീത് ചെയ്തു: “അമേരിക്കയിലെ നീഗ്രോകളുടെ അവസ്ഥയിലേക്ക് നാം താഴ്ത്തപ്പെടരുത്.” See: From Jinnah’s speech in December 1937 in Calcutta to the All India Muslim Students Associated cited in: Wolpert, Stanley A. Jinnah of Pakistan (Oxford University Press, USA, 1984), 156. ആഫ്രിക്കൻ അമേരിക്കൻ സമുദായം അനുഭവിക്കുന്ന വിവേചനരൂപങ്ങളെ കുറിച്ചുള്ള മൗദൂദിയുടെ നിരീക്ഷണവും മുസ്ലിങ്ങളുടെ വിധിയും സമാനമാവുമെന്ന അദ്ദേഹത്തിന്റെ താക്കീതുമാണ് മറ്റൊരു ഉദാഹരണം. see: Maududi, Abul A‘la. Tehreek-e-Azadi Hind aur Musalman. Lahore: Islamic Publications, (1938) 1999, 270–1.
വിവർത്തനം: മൻഷാദ് മനാസ്