Campus Alive

ഇസ്‌ലാമോഫോബിയയുടെ വ്യവസ്ഥാപിത സ്വഭാവം ഇന്ത്യയിൽ

(ഇസ്‌ലാമോഫോബിയ സ്റ്റഡീസ് ജേണൽ പ്രസിദ്ധീകരിച്ച Conceptualizing Islamophobia in India എന്ന പഠനത്തിന്റെ പരിഭാഷ, അവസാന ഭാഗം. ഒന്നാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യുക)


 

ഭരണകൂടത്തിന് വിശ്വാസമില്ലാത്തവരാണ് ഞങ്ങൾ,

ഭരണാധികാരിയുടെ ഉറ്റ സേവകരിൽ പെട്ടവരുമല്ല നാം

അഭ്യസ്തവിദ്യരായ വരേണ്യരിലുമല്ല

കച്ചവട-വ്യവസായങ്ങളിൽ ഒരോഹരിയും നമ്മുടേതായില്ല,

സിവിൽ സർവീസുകളിലോ ബിസിനസുകളിലോ

നിങ്ങൾ ഞങ്ങളെ കാണില്ല

(മൗലാനാ അൽത്താഫ് ഹുസൈൻ അലി 1837-1914)[1]

 

ന്യൂപക്ഷങ്ങളോടു കാണിക്കുന്ന സമത്വമാണ് ഇന്ത്യൻ മതേതരത്വത്തിന്റെ മുഖമുദ്രയായി പരിഗണിക്കപ്പെടുന്നത്. മുസ്‌ലിം ഭരണം നിലനിൽക്കുന്ന കാലത്തും മുസ്‌ലിങ്ങൾ ജനസംഖ്യാപരമായി ഭൂരിപക്ഷമായിരുന്നില്ല എന്നിരിക്കെ മുസ്‌ലിം സ്വത്വത്തിന്റെ രാഷ്ട്രീയ മേഖലയിൽ നിന്നുള്ള പുറന്തള്ളലിനെ വിഭജനാനന്തരം ജനസംഖ്യാപരമായി ന്യൂപക്ഷമായി മാറിയ മുസ്‌ലിങ്ങളെന്നതിനെ മുൻനിർത്തി മനസ്സിലാക്കാൻ പാടില്ല. അതിലുപരി, “ഭാഷ, സാഹിത്യം, സംസ്കാരം എന്നിവക്ക് മുകളിൽ സമ്മർദ്ദം ചെലുത്തിക്കൊണ്ട്” രാഷ്ട്രീയ സ്വാധികാരത്തെയും അധികാരത്തിലേക്കുള്ള പ്രവേശനത്തെയും ക്രമേണ ഇല്ലാതാക്കുന്ന വ്യവസ്ഥാപിതമായ പ്രക്രിയയാണ് ഇവിടെ ന്യൂനപക്ഷവൽക്കരണം എന്നതിന്റെ അർത്ഥം. 1857-ലെ കലാപാനന്തരം ബ്രിട്ടീഷ് കൊളോണിയൽ അധീശത്വം തുടക്കം കുറിച്ച ഒരു പ്രക്രിയയാണ് യഥാർത്ഥത്തിൽ ഇത്.[2]

തുടർന്ന് നിലവിൽ വന്ന കൊളോണിയൽ ഭരണചട്ടക്കൂടിൽ മുസ്‌ലിങ്ങളുൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷണവും പ്രാതിനിധ്യവും ഒരു സ്ഥാപിത തത്വമായി മാറി. നിയമനിർമ്മാണ സഭയിലും പൊതുസേവന മേഖലകളിലും മുസ്‌ലിങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക വ്യവസ്ഥകളുടെയും ക്വോട്ടകളുടെയും രൂപത്തിലുള്ള ന്യൂനപക്ഷ സംരക്ഷണനയം ബ്രിട്ടീഷ് ഭരണത്തിന്റെ സവിശേഷതയായിരുന്നു. 1909-ൽ മുസ്‌ലിങ്ങൾക്ക് നൽകിയ പ്രത്യേക ഇലക്ട്രേറ്റ് ഇതിന് ഉദാഹരണമാണ്. ദേശീയതാവാദത്തിന്റെ ഘട്ടത്തിലും ഭരണഘടനാപരമായ ചർച്ചകൾക്ക് തൊട്ടു മുന്നേ വരെയുള്ള രാഷ്ട്രീയ വ്യവഹാരങ്ങളിലും ന്യൂനപക്ഷമെന്ന വാക്ക് ഈ വിശാലാർത്ഥത്തിലായിരുന്നു ഉപയോഗിച്ചിരുന്നത്. ന്യൂനപക്ഷാവകാശങ്ങളുമായി ബന്ധപ്പെട്ട ഭരണഘടനാ സംവാദങ്ങളെ കുറിച്ചുള്ള തന്റെ പഠനത്തിൽ റോചന ബാജ്പേയ് ‘ന്യൂനപക്ഷം’ എന്ന പദം ഒരു സവിശേഷ വിഭാഗം ജനങ്ങൾ മറ്റ് സമുദായങ്ങൾക്ക് വിരുദ്ധമായി അനുഭവിക്കുന്ന സാമൂഹ്യ–സാമ്പത്തിക പതിതാവസ്ഥയെ സൂചിപ്പിക്കാൻ വേണ്ടി മതവിഭാഗങ്ങൾ എങ്ങനെയായിരുന്നു ഉപയോഗിച്ചിരുന്നതെന്ന് വിശകലനം ചെയ്യുന്നുണ്ട്. ഈ പ്രത്യേക വിഭാഗം നേരിടുന്ന പതിതാവസ്ഥക്ക് പരിഹാരമായി പ്രത്യേക വ്യവസ്ഥകളും ആനുകൂല്യങ്ങളും ആവശ്യപ്പെടുന്നതിന് വേണ്ടി ന്യൂനപക്ഷമെന്ന പദത്തിന്റെ ഈ നിർവ്വചനം പലപ്പോഴും ഉപയോഗിക്കപ്പെട്ടിരുന്നു. പ്രസ്തുത പദവുമായി ബന്ധപ്പെട്ട സമകാലിക സങ്കല്പങ്ങളിൽ നിന്ന് വിരുദ്ധമായി സമുദായങ്ങളുടെ ജനസംഖ്യാശാസ്ത്രത്തെ ആനുകൂല്യങ്ങൾക്കും രാഷ്ട്രീയ സംരക്ഷണത്തിനും വേണ്ടിയുള്ള ആവശ്യങ്ങളെ പിന്തുണക്കുന്നതിനായി എണ്ണത്തിലുള്ള ആധിക്യത്തെ കാണിക്കാനാണ് ഉപയോഗിച്ചിരുന്നത്, അല്ലാതെ എണ്ണത്തിലുള്ള കുറവിനെ കാണിക്കാനായിരുന്നില്ല.[3]

റോചന ബാജ്പേയ്

മുഖ്യധാരാ ഇന്ത്യൻ സമൂഹത്തിൽ നിന്ന് പുറന്തള്ളപ്പെട്ടവരെന്ന നിലയിലും സാമൂഹികവും സാമ്പത്തികവുമായി അവർക്ക് മുന്നിലുള്ള വിഘ്നങ്ങളെ ഭരഘടനാപരമായ സംരക്ഷണത്തിനുള്ള കാരണമായി കണ്ടുകൊണ്ടും സ്വയം രാഷ്ട്രീയ ന്യൂനപക്ഷമെന്ന് വിശേഷിപ്പിച്ചുകൊണ്ട് ദലിതരും ഗോത്ര സമുദായ പ്രതിനിധികളും ഭരണഘടനാ സംവാദങ്ങളിൽ ന്യൂനപക്ഷ പദവിക്ക് വേണ്ടി വാദിച്ചു.[4] ഗവണ്മെന്റ് ഉദ്യോഗം, ഉന്നത വിദ്യാഭ്യാസം, രാഷ്ട്രീയ പ്രാതിനിധ്യം എന്നീ മേഖലകളിൽ ദലിതർക്കും ഗോത്രസമുദായങ്ങൾക്കും സംവരണം പോലുള്ള നടപടികളിലൂടെ ഭരണഘടനാപരമായ സംരക്ഷണവും സുരക്ഷയും അനുവദിച്ചുവെങ്കിലും നിയമപരമായി ന്യൂനപക്ഷമെന്ന് വർഗ്ഗീകരിക്കപ്പെട്ടവരല്ല അവർ. സമാനമായി മുസ്‌ലിം ലീഗും ഇലക്ട്രൽ സംരക്ഷണങ്ങൾക്കായി ആവശ്യമുന്നയിക്കുകയും, 1947 ജൂലൈയിൽ ന്യൂനപക്ഷ കമ്മിറ്റി നിയമസഭാമണ്ഡലങ്ങളിൽ ദലിതർക്കും മുസ്‌ലിങ്ങൾക്കും തെരഞ്ഞെടുപ്പ് സംവരണം ഏർപ്പെടുത്തണമെന്ന നിർദ്ദേശം മുന്നോട്ടുവെക്കുകയും ചെയ്തു. തുടക്കത്തിൽ ഭരണഘടനയുടെ കരടുരൂപത്തിൽ ഈ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിരുന്നു. പ്രത്യേക ഇലക്ട്രേറ്റ് എന്ന സംവിധാനം ഇന്ത്യയുടെ ദേശീയ മതേതരത്വ ആശയങ്ങളോട് ചേർന്നുപോകാത്തതാണെന്ന് കണ്ട കോൺഗ്രസ് നേതൃത്വത്തിന്റെ മതസമുദായങ്ങളെക്കാൾ പൗരന്മാരുടെ വ്യക്തികളെന്ന നിലയിലുള്ള താൽപര്യങ്ങളാണ് പ്രസക്തമെന്ന വാദത്തിനുമേൽ, പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കു വേണ്ടിയുള്ള വകുപ്പുകളൊഴികെ മറ്റെല്ലാ നിർദ്ദേശങ്ങളും പിന്നീട് തള്ളപ്പെടുകയായിരുന്നു.[5] അങ്ങനെ, മുസ്‌ലിങ്ങൾക്ക് ലഭിച്ചിരുന്ന സംരക്ഷണങ്ങളും വകുപ്പുകളും ഒരു ലിബറൽ ഭരണസംവിധാനത്തിനു കീഴിൽ ഇല്ലാതാക്കപ്പെട്ടു. ഇന്ത്യയുടെ ദേശീയ വികസനത്തിന്റെയും പുരോഗതിയുടെയും പശ്ചാത്തലത്തിൽ മുസ്‌ലിങ്ങളുടെ സാമൂഹിക, സാമ്പത്തികാവസ്ഥ പരിശോധിച്ചാൽ മേല്പറഞ്ഞ പുറന്തള്ളലിന്റെ അനന്തരഫലങ്ങളെ മനസ്സിലാക്കാൻ കഴിയും.

സ്വാതന്ത്ര്യാനന്തരം അര നൂറ്റാണ്ട് പിന്നിട്ടപ്പോൾ മാത്രമാണ് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഭരണകൂടം, ഡൽഹി ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസായ രജീന്ദർ സച്ചാറിന്റെ നേതൃത്വത്തിലുള്ള ഒരു ഉന്നതതല കമ്മിറ്റിയെ ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ അവസ്ഥ തിട്ടപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിയോഗിക്കുന്നത്. ജനസംഖ്യാപരമായ സവിശേഷതകളിലും വിദ്യാഭ്യാസം, തൊഴിൽ, ക്രഡിറ്റ്, അടിസ്ഥാനസൗകര്യങ്ങൾ എന്നീ മേഖലകളിലും മുസ്‌ലിങ്ങളും മറ്റ് സാമൂഹ്യ-മത സമുദായങ്ങളും തമ്മിലുള്ള താരതമ്യ വിശകലനം പ്രസ്തുത റിപ്പോർട്ട് നടത്തി. സച്ചാർ കമ്മിറ്റി റിപ്പോർട്ട് എന്ന പേരിൽ പിന്നീട് പ്രശസ്തമായ കമ്മിറ്റിയുടെ പഠന റിപ്പോർട്ട് 2006–ൽ പാർലിമെന്റിന് മുമ്പാകെ സമർപ്പിക്കപ്പെട്ടു. സാമൂഹികവും സാമ്പത്തികവുമായി പട്ടികജാതി പട്ടികവിഭാഗങ്ങളെക്കാൾ താഴ്ന്ന അവസ്ഥയിലാണ് ഇന്ത്യയിലെ മുസ്‌ലിങ്ങളെന്നതായിരുന്നു റിപ്പോർട്ടിന്റെ പ്രധാന കണ്ടെത്തലുകളിലൊന്ന്. 1980-ലെ ഗോപാൽ പാനൽ റിപ്പോർട്ട്, 1990–ലെ നാഷണൽ സാമ്പ്ൾ സർവ്വേ ഓർഗനൈസേഷന്റെ റിപ്പോർട്ട് തുടങ്ങിയവ ഇന്ത്യയിലെ മുസ്‌ലിം അപരവൽക്കരണത്തെ മുഖ്യധാരയുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ നേരത്തേ തന്നെ ശ്രമിച്ചിരുന്നുവെങ്കിലും സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റേതു പോലുള്ള എമ്പിരിക്കൽ ഡാറ്റകളുടെ അപര്യാപ്തത മൂലവും രാഷ്ട്രീയ ഇച്ഛയുടെ കുറവ് കാരണവും വേണ്ടത്ര ശ്രദ്ധ നേടാൻ ഈ രണ്ട് റിപ്പോർട്ടുകൾക്കും സാധിച്ചില്ല. സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ കണ്ടെത്തലുകളെയും ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ നിലവിലെ സാമൂഹിക, സാമ്പത്തിക സ്ഥിതിയെ കുറിച്ചുമാണ് ഇനി ചർച്ച ചെയ്യുന്നത്.

ജസ്റ്റിസ് രജീന്ദർ സച്ചാർ പ്രധാനമന്ത്രി മൻമോഹൻ സിങിന് സച്ചാർ കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുന്നു.

ഇന്ത്യയിൽ നിലനിൽക്കുന്ന കുറഞ്ഞ നിലയിലുള്ള വിദ്യാഭ്യാസവും വിദ്യാഭ്യാസത്തിലെ ഗുണമേന്മയുടെ കുറവും കാരണം ഇരട്ട പ്രതികൂലാവസ്ഥയാണ് മുസ്‌ലിങ്ങൾ നേരിടുന്നത്. അവരുടെ വിദ്യാഭ്യാസത്തിന്റെ തോത് വർദ്ധിക്കുന്നതിനനുസരിച്ച് പുറന്തള്ളലിന്റെ തോതും ക്രമാതീതമായി വർദ്ധിക്കുകയും, “ചില സന്ദർഭങ്ങളിൽ ജാതി സമ്പ്രദായത്തിന്റെ ദീർഘകാല ഇരകളായ പട്ടികജാതിക്കാരെക്കാൾ താഴ്ന്ന പങ്കാളിത്തം മുസ്‌ലിങ്ങൾക്ക് ലഭിക്കുകയും ചെയ്യുന്നു.”[6] പത്താം തരം പൂർത്തിയാക്കിയ 17 വയസ്സിനു മുകളിലുള്ളവരുടെ നിരക്ക് മറ്റ് സാമൂഹ്യ-മത സമുദായങ്ങളിലെ 26 ശതമാനമെന്ന നിരക്കിനെ അപേക്ഷിച്ച് മുസ്‌ലിങ്ങളുടേത് 17 ശതമാനം മാത്രമാണെന്ന് റിപ്പോർട്ട് ഉദ്ധരിക്കുന്നു.[7] ഇന്ത്യയിലെ ഉന്നത സർവ്വകലാശാലകളിലും കോളേജുകളിലുമുള്ള ബിരുദ വിദ്യാർത്ഥികളിൽ 25-ൽ ഒരാൾ മുസ്‌ലിം (4%), ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളിൽ 50–ൽ ഒരാൾ മുസ്‌ലിം (2%) എന്നതായിരുന്നു കണക്ക്.[8] 2011-ലെ ഇന്ത്യൻ സെൻസസ് പ്രകാരം ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ പട്ടികവർഗ്ഗ വിഭാഗങ്ങളോടൊപ്പം ഏറ്റവും താഴേത്തട്ടിലാണ് മുസ്‌ലിങ്ങളുടെ സ്ഥാനം.[9]  Intergenerational Mobility in India എന്ന തലക്കെട്ടിൽ 2018-ൽ നടന്ന ഒരു പഠനം വിദ്യാഭ്യാസപരമായ ചലനാത്മകതയുടെ കാര്യത്തിൽ ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ അവസ്ഥ ആഫ്രിക്കൻ അമേരിക്കക്കാരേക്കാൾ മോശമാണെന്നാണ് ഉപസംഹരിക്കുന്നത്.[10] പ്രസ്തുത പ്രബന്ധത്തിന്റെ രചയിതാക്കൾ ഉപയോഗിച്ച ആഫ്രിക്കനമേരിക്കൻ എന്ന താരതമ്യത്തോടൊപ്പം, 2006-ലെ സച്ചാർ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷം ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ വിദ്യാഭ്യാസപരമായ പരിതസ്ഥിതിയിൽ കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ലെന്നാണ് ഈ പ്രബന്ധത്തിന്റെ കണ്ടെത്തലുകൾ അടിവരയിടുന്നത്. 1881 മുതൽ 1931 വരെയുള്ള കാലഘട്ടത്തിൽ ഇംഗ്ലീഷ് സാക്ഷരതയുൾപ്പെടെയുള്ള വിദ്യാഭ്യാസ വിഷയങ്ങളിൽ ഹിന്ദുക്കളെക്കാൾ ഉയർന്ന നിരക്ക് മുസ്‌ലിങ്ങൾക്കുണ്ടായിരുന്നു എന്ന വസ്തുതയുമായി ചേർത്തുവായിക്കുമ്പോഴാണ് ഇതിന്റെ ഗൗരവം കൂടുതൽ വ്യക്തമാവുകയുള്ളൂ.[11]

2006-ലെ മുസ്‌ലിങ്ങളുടെ തൊഴിലാളി ജനസംഖ്യാനിരക്ക്[12] (WPR) ഗ്രാമീണമേഖലയിൽ മറ്റ് സാമൂഹ്യ-മത വിഭാഗങ്ങളേക്കാൾ വളരെയേറെ കുറവും നഗര മേഖലയിൽ അല്പം കുറവുമാണ്.[13] Periodic Labour Force Survey (2017–18) പ്രകാരം മുസ്‌ലിങ്ങൾക്കിടയിലെ തൊഴിലില്ലായ്മയുടെ കാര്യത്തിൽ ക്രിസ്ത്യാനികളേക്കാൾ അല്പം പുരോഗതിയുണ്ടായിട്ടുണ്ട് എങ്കിലും ഇന്ത്യയിലെ തൊഴിൽ രഹിതരായി കഴിയുന്നവരിൽ ഏറ്റവും വലിയ വിഭാഗം മുസ്‌ലിങ്ങളാണ്.[14] 116.1 ദശലക്ഷം (അതായത് ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ 67.42 ശതമാനം) മുസ്‌ലിങ്ങളാണ് ഇത്തരത്തിൽ തൊഴിലെടുക്കാത്തവരായി ഉള്ളത്.[15] പരമ്പരാഗതമായി ഇന്ത്യയിലെ തൊഴിൽദാതാക്കളിൽ ഏറ്റവും വലിയ വിഭാഗം സർക്കാർ സർവീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും (PSUs) ആണെങ്കിലും, സച്ചാർ കമ്മറ്റി റിപ്പോർട്ട് പ്രകാരം സർക്കാർ സർവീസുകളിലെ മുസ്‌ലിം പ്രാതിനിധ്യം 4.9 ശതമാനവും, പൊതുമേഖലാ സ്ഥാപനങ്ങളിൽ 7.2 ശതമാനവും ഇന്ത്യൻ അഡ്മിനിസ്ട്രേറ്റിവ്, ബ്യൂറോക്രാറ്റിക് സർവ്വീസുകളിൽ മുസ്‌ലിം പ്രാതിനിധ്യം 3 ശതമാനവും മാത്രമായിരുന്നു.[16] 2006 മുതൽ സർക്കാർ സർവീസുകളിലെ ഈ ശതമാനം വീണ്ടും കുറയുകയും മറ്റ് സാമൂഹ്യ മത വിഭാഗങ്ങളേക്കാൾ താഴെയാവുകയും ചെയ്തു. 2020-ൽ ഐ.എ.എസ് മേഖലകളിൽ[17] ഉണ്ടായ 4 ശതമാനത്തിൽ നിന്ന് 5 ശതമാനത്തിലേക്കുള്ള നേരിയ മാറ്റം ‘അഡ്മിനിസ്ട്രേറ്റീവ് ജിഹാദ് പദ്ധതി’യിലൂടെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് മേഖല പിടിച്ചെടുക്കാനുള്ള ആസൂത്രിത ശ്രമമെന്ന ഭീതിക്ക് കാരണമായത് ഇവിടെ പ്രത്യേകം ശ്രദ്ധിക്കണം.[18] 2013-ലെ പോലീസ് സേനയിലെ മുസ്‌ലിം പ്രാതിനിധ്യം 6.72 ശതമാനം, അതായത് 108,602 മുസ്‌ലിം പോലീസുകാർ എന്നതായിരുന്നു. ഇതിൽ 41089 പേരും ജമ്മു കാശ്മീരിലുള്ള പോലീസുകാരായിരുന്നു. ജമ്മു കാശ്മീരിനെ മാറ്റിനിർത്തിയാൽ, ഇന്ത്യയുടെ ബാക്കി ഭാഗങ്ങളിലെ പോലീസ് സേനകളിലെ ആകെ മുസ്‌ലിം പ്രാതിനിധ്യം 4.07 ശതമാനം മാത്രമായിരിക്കും.[19] ജുഡീഷ്യറിയിലെ ഓബീസികളുടെ പ്രാതിനിധ്യം 23 ശതമാനവും എസ്.സി/എസ്.ടി പ്രാതിനിധ്യം 20 ശതമാനവുമാണെങ്കിൽ മുസ്‌ലിം പ്രാതിനിധ്യം വെറും 7.8 ശതമാനം മാത്രമാണ്.[20] ഇന്ത്യൻ സായുധ സേനയിലെ മുസ്‌ലിം പ്രാതിനിധ്യത്തെ കുറിച്ചുള്ള ഔദ്യോഗിക കണക്കുകൾ ലഭ്യമല്ലെങ്കിലും CNN-IBN വാർത്താ ചാനൽ Minority Report എന്ന തലക്കെട്ടിൽ നടത്തിയ സർവ്വേ പ്രകാരം സേനയിലെ മുസ്‌ലിങ്ങളുടെ സാന്നിധ്യം രണ്ട് ശതമാനം മാത്രമാണ്. അഥവാ, 1.4 ദശലക്ഷം പേരുള്ള ഇന്ത്യൻ സേനയിൽ 28000 മുസ്‌ലിങ്ങൾ മാത്രമാണുള്ളത്.[21] മൂന്ന് ശതമാനം മാത്രം മുസ്‌ലിം പ്രാതിനിധ്യമുള്ള സ്വകാര്യ കോർപ്പറേറ്റ് മേഖലകളിലെയും അവസ്ഥ സമാനമാണ്.[22]

സച്ചാർ കമ്മിറ്റി റിപ്പോർട്ടും മറ്റ് സർക്കാർ റിപ്പോർട്ടുകളും പ്രകാരം 1980-കൾ മുതലുള്ള വർഷങ്ങളിൽ ഇന്ത്യയിൽ ദാരിദ്ര്യ നിലയിൽ കുറവുണ്ടാവുന്നുണ്ട്.[23] എന്നാൽ, മുസ്‌ലിങ്ങൾക്കിടയിലെ ദാരിദ്ര്യ നില നഗരമേഖലകളിൽ 33.9 ശതമാനമായി ഉയരുകയാണ് ചെയ്തിട്ടുള്ളത്. ഇത് എസ്.സി വിഭാഗത്തിന്റെ 34.1 ശതമാനമെന്ന ദാരിദ്ര്യ നിലയേക്കാൾ നേരിയ മികവാണെങ്കിലും, ഹിന്ദു സമുദായത്തിനകത്തെ അരികുവൽകൃത സമുദായങ്ങളിലെ (OBC) ദാരിദ്യ നില 24.3 ശതമാനമായിരുന്നു.[24] 2012-ൽ 63.7 ശതമാനം മുസ്‌ലിങ്ങൾക്ക് മാത്രമേ പൈപ്പ് വെള്ളം ഉണ്ടായിരുന്നുള്ളൂ; മറ്റ് മത സാമൂഹിക വിഭാഗങ്ങളെ അപേക്ഷിച്ച് ഏറ്റവും താഴ്ന്ന നിരക്കാണിത്. സ്വന്തം വീടിന് മാത്രമായി ശൗചാലയ സൗകര്യം ഏറ്റവും കുറവുള്ളത് മുസ്‌ലിങ്ങൾക്കാണ്. 2008-2009 കാലയളവിൽ 28.2 ശതമാനം, 2012-ൽ 22 ശതമാനം എന്നിങ്ങനെ മറ്റ് വീടുകളിലെ ശൗചാലയ സൗകര്യങ്ങൾ ഉപയോഗിക്കുന്ന ജനങ്ങളിൽ ഏറ്റവും കൂടുതൽ മുസ്‌ലിങ്ങളാണ്. ദേശീയ ശരാശരിയെയും മറ്റ് സാമൂഹിക-മത വിഭാഗങ്ങളെയും അപേക്ഷിച്ച് വെളിച്ചത്തിനായി വൈദ്യുതിയെ ഏറ്റവും കുറവ് ഉപയോഗിക്കുന്നത് മുസ്‌ലിങ്ങളാണെന്നാണ് സെൻസസ് കണക്കുകൾ സൂചിപ്പിക്കുന്നത്. മുസ്‌ലിം ഭൂരിപക്ഷ ഗ്രാമങ്ങൾ വൈദ്യുതവൽക്കരണ പദ്ധതികളിൽ നിന്ന് മാറ്റി നിർത്തപ്പെടുകയോ അല്ലെങ്കിൽ പൂർണമായി അവഗണിക്കപ്പെടുകയോ ചെയ്തിരുന്നു.[25] മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ സ്കൂളുകളുടെ എണ്ണത്തിൽ ആനുപാതികമായ കുറവ് കാണാൻ കഴിയും. 10 ശതമാനമോ അതിൽ കുറവോ മുസ്‌ലിം ജനസംഖ്യയുള്ള 82 ശതമാനം ഗ്രാമങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടെങ്കിലും, കാര്യമായ തോതിൽ മുസ്‌ലിം ജനസംഖ്യയുള്ള ഗ്രാമങ്ങളിൽ ഇത് 69 ശതമാനം മാത്രമായി കുറയുന്നു.[26]

ഇന്ത്യൻ ദേശീയ ജനസംഖ്യയുടെ 14.23 ശതമാനമാണ് മുസ്‌ലിങ്ങളെങ്കിൽ, ഇന്ത്യയിലെ ആകെ യാചകരിൽ 24.9 ശതമാനവും മുസ്‌ലിങ്ങളാണ്. ഇന്ത്യയിൽ യാചകരായി കണക്കാക്കപ്പെടുന്ന നാല് പേരിൽ ഒരാൾ മുസ്‌ലിമാണെന്നാണ് ഇതിന്റെയർത്ഥം.[27] സമുദായാടിസ്ഥാനത്തിൽ ആരോഗ്യ പരിപാലനത്തിന്റെ കുറഞ്ഞ ലഭ്യത മൂലം മോശം ആരോഗ്യ സ്ഥിതി റിപ്പോർട്ട് ചെയ്യാൻ സാധ്യതയുള്ളവരിൽ 35 ശതമാനം മുസ്‌ലിങ്ങളായിരുന്നു. യൗവ്വനത്തിൽ മരണപ്പെടാനോ മോശം ആരോഗ്യ സ്ഥിതി ബാധിക്കാനോ ഏറ്റവും സാധ്യതയുള്ള വിഭാഗവും മുസ്‌ലിങ്ങളാണ്.[28] മറ്റ് സാമൂഹിക മത വിഭാഗങ്ങളെ അപേക്ഷിച്ച് പൊതു, സ്വകാര്യ ബാങ്കുകളിൽ നിന്ന് ലോണോ വായ്പയോ ലഭിക്കാൻ ഏറ്റവും കുറവ് സാധ്യതയുള്ള വിഭാഗം മുസ്‌ലിങ്ങളാണെന്നതാണ് സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ മറ്റൊരു പ്രധാന കണ്ടെത്തൽ; 2014-ൽ സെന്റർ ഫോർ പീസ് സ്റ്റഡീസ് (CPS) പിന്നീട് നടത്തിയ Broken Promises എന്ന പഠനം ഇതുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ പിന്നീട് നടത്തിയിരുന്നു.[29] സച്ചാർ കമ്മിറ്റി ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കൗതുകകരമായ സംഗതി, അമേരിക്കയിലെ redlining എന്ന വംശീയ സംവിധാനത്തിന് സമാനമായി, ഇന്ത്യയിൽ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളെ തങ്ങളുടെ വായ്പാ, ക്രെഡിറ്റ് സേവനങ്ങളിൽ നിന്ന് ഒഴിവാക്കുന്നതിനായി ബാങ്കുകൾ ഉപയോഗിക്കുന്ന negative geographical zones എന്ന സംവിധാനത്തെ കുറിച്ചുള്ളതാണ്.[30] മുസ്‌ലിങ്ങളുമായി ബന്ധപ്പെട്ട ഇത്തരം കണക്കുകൾ പുറത്തു വന്നതിനേ തുടർന്ന്  ഭാഷാ ന്യൂനപക്ഷങ്ങളുടെയും മതന്യൂനപക്ഷങ്ങളുടെയും സാമൂഹിക-സാമ്പത്തിക പ്രതിസന്ധികളെ കണ്ടെത്താനുള്ള മാനദണ്ഡങ്ങൾ തിരിച്ചറിയാനും, അത്തരം അവസ്ഥകൾ പരിഹരിക്കുന്നതിനാവശ്യമായ ഭരണഘടനാപരവും, ഭരണനിർവ്വഹണപരവും, നിയമപരവുമായ നയ നിർദ്ദേശങ്ങൾ ശുപാർശ ചെയ്യാനുമായി രംഗനാഥ മിശ്ര കമ്മിറ്റി (2009-ൽ പാർലിമെന്റിൽ സമർപ്പിച്ചു), കുണ്ഡു കമ്മിറ്റി റിപ്പോർട്ട് (2014) തുടങ്ങിയ വിവിധ കമ്മിറ്റികളെ വ്യത്യസ്ത ഗവണ്മെന്റുകൾ നിയോഗിച്ചു. നയ വിദഗ്ദരടങ്ങുന്ന ഈ രണ്ട് റിപ്പോർട്ടുകളും (മിശ്ര, കുണ്ഡു) മുസ്‌ലിങ്ങൾക്ക് വിദ്യാഭ്യാസം, സർക്കാർ ജോലി, പാർപ്പിടം, എന്നീ മേഖലകളിൽ ആരോഗ്യപരിപാലനവും വികസനവും ലഭ്യമാക്കാനാവശ്യമായ സംവരണം ഏർപ്പെടുത്തണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചു.[31] പക്ഷേ ഈ നിർദ്ദേശങ്ങളൊന്നും ഇതുവരെ നടപ്പിലാക്കപ്പെട്ടിട്ടില്ല. എന്നാൽ നാമിവിടെ ശ്രദ്ധിക്കുന്നത് നയനിർദ്ദേശങ്ങളുടെ ഫലപ്രാപ്തിയിലല്ല, അതിലുപരി ഇന്ത്യയിൽ മുസ്‌ലിങ്ങളനുഭവിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ പ്രതിബന്ധങ്ങളെ വിശദീകരിക്കുന്ന ആഖ്യാനങ്ങളിലാണ് നമ്മുടെ ശ്രദ്ധ. ഇത്തരം സാമ്പത്തിക, സാമൂഹ്യ പ്രതിബന്ധങ്ങളെ സൃഷ്ടിക്കുന്ന സംവിധാനങ്ങളെ വിശേഷിപ്പിക്കാൻ ഈ റിപ്പോർട്ടുകളൊക്കെയും ഉപയോഗിച്ചിരിക്കുന്നത്, വിവേചനം, പുറന്തള്ളൽ, മുൻവിധി, അരികുവൽക്കരണം എന്നീ പദങ്ങളാണെങ്കിലും, അവ അനൗപചാരികമായി നിലനിൽക്കുകയും അതുവഴി, മുസ്‌ലിങ്ങളനുഭവിക്കുന്ന സ്ഥാപനപരമായ വിവേചനത്തിന്റെയും ഘടനാപരമായ പുറന്തള്ളലുകളുടെയും കാരണങ്ങളെ അത് അദൃശ്യമാക്കുകയും ചെയ്യുന്നു.

എഡ്വേഡോ ബൊനില്ല സിൽവ

ഇവിടെ സച്ചാർ കമ്മിറ്റി റിപ്പോർട്ടിലെ അക്കങ്ങളെ മനസ്സിലാക്കാനും അതിനെ വ്യാഖ്യാനിക്കാനും എഡ്വേഡോ ബൊനില്ല സിൽവയുടെ Racism without Racists: Colorblind Racism and the Persistence of Racial Inequality in America എന്ന പുസ്തകം ഉപകാരപ്രദമായിരിക്കും. പൗരാവകാശ പ്രസ്ഥാനാനന്തരമുള്ള അമേരിക്കയിലെ മാറിക്കൊണ്ടിരിക്കുന്ന വംശീയതയുടെ പ്രവർത്തനരീതികളെ അദ്ദേഹം പരിശോധിക്കുന്നു. വംശീയതയുടെ പ്രകടമായ രൂപങ്ങൾ, അത്ര ദൃശ്യമല്ലാത്ത എന്നാൽ അത്രത്തോളം തന്നെ ശക്തമായ, ഗുപ്തമായ വംശീയതയ്ക്ക് വഴിമാറിയതെങ്ങനെ എന്ന് അദ്ദേഹം കാണിക്കുന്നു. ഈ വംശീയതാ രൂപത്തെ വർണാന്ധതയുള്ള വംശീയത (colorblind racism) എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ബൊനില്ല-സിൽവയുടെ അഭിപ്രായത്തിൽ, സമകാലിക ലോകത്തെ വംശീയ അസമത്വങ്ങളെ യുക്തിവൽക്കരിക്കുകയും ന്യായീകരിക്കുകയും ചെയ്യും വിധം വെളുത്തവർഗ്ഗക്കാരുടെ ഭൂരിപക്ഷം വികസിക്കുകയും, സമാന്തരമായി ഇത്തരം അസമത്വങ്ങളെ നിലനിർത്തുന്നതിൽ അവർക്കുള്ള ഉത്തരവാദിത്വത്തിൽ നിന്നോ അല്ലെങ്കിൽ അവയെ തങ്ങളനുഭവിക്കുന്ന ഏതെങ്കിലും വിധത്തിലുള്ള പ്രിവിലേജുകളുമായി ബന്ധപ്പെടുത്തുന്നതിൽ നിന്നോ സ്വയം ഒഴിഞ്ഞു മാറുന്ന പ്രത്യയശാസ്ത്ര ആഖ്യാനത്തെയാണ് വർണാന്ധതയുള്ള വംശീയതയെന്ന ആശയം സൂചിപ്പിക്കുന്നത്. വംശീയ അസമത്വങ്ങളെ ഈ പ്രത്യയശാസ്ത്രം വംശീയമല്ലാത്ത മറ്റ് ബലതന്ത്രങ്ങളിൽ നിന്ന് ഉയിരെടുക്കുന്നവയായി വിശദീകരിക്കുകയും, ന്യൂനപക്ഷങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ സൂചകങ്ങളെ വിപണി ബലതന്ത്രത്തിന്റെ ഉൽപ്പന്നം, പ്രകൃത്യാ സംഭവിക്കുന്ന പ്രതിഭാസം, ആഫ്രിക്കൻ അമേരിക്കൻ സമുദായങ്ങൾക്കുണ്ടെന്ന് പറയപ്പെടുന്ന സാംസ്കാരികമായ പരിമിതികൾ എന്നിവയുടെ ഫലമായി വ്യാഖ്യാനിക്കുകയും ചെയ്യുന്നു.[32] ന്യൂനപക്ഷങ്ങൾ നേരിടുന്ന വ്യവസ്ഥാപിതമായ വിവേചനം വ്യാഖ്യാനിക്കപ്പെടുകയും യുക്തിവൽക്കരിക്കപ്പെടുകയും ചെയ്യുന്ന നാല് ചട്ടക്കൂടുകളെ അദ്ദേഹം വരച്ചുകാട്ടുന്നു; അബ്സ്ട്രാക്ട് ലിബറലിസം, പ്രകൃതിവൽക്കരണം, സാംസ്കാരിക വംശീയത, വംശത്തെ ന്യൂനീകരിക്കൽ എന്നിവയാണവ.[33] ഇവ ഒരുമിച്ച് പ്രബലരായ വംശീയ വിഭാഗത്തെ സൂക്ഷ്മവും ഗുപ്തവുമായ വിധത്തിൽ വംശീയമായി തുടരാൻ പ്രാപ്തമാക്കുന്നു. സച്ചാർ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചുള്ള അഭിപ്രായങ്ങളെ ബൊനില്ല-സിൽവയുടെ ഈ നാല് ചട്ടക്കൂടുകൾക്ക് വിധേയമാക്കി പരിശോധിച്ചാൽ ഇസ്‌ലാമോഫോബിയയുടെ സൂക്ഷ്മവും ഗുപ്തവുമായ രൂപങ്ങളെ തിരിച്ചറിയാൻ അത് സഹായിക്കും.

രാഷ്ട്രീയ ലിബറലിസത്തിന്റെയും (അവസര സമത്വം) സാമ്പത്തിക ലിബറലിസത്തിന്റെയും (വ്യക്തികളുടെ തെരഞ്ഞെടുപ്പ്) യുക്തികളെ ഉപയോഗിച്ചാണ് അബ്സ്ട്രാക്ട് ലിബറലിസം വംശീയമായ സാമൂഹിക അസമത്വങ്ങളെ വിശദീകരിക്കുന്നത്. തൊഴിൽ, സർവ്വകലാശാലകൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ പ്രാതിനിധ്യം വളരെ കുറഞ്ഞവരാണ് മുസ്‌ലിങ്ങളെന്ന വസ്തുതയെ അവഗണിക്കാൻ കല്പിക്കുന്നു എന്നതിനാൽ തന്നെ ഈ വാദം അവസര സമത്വത്തെ കുറിച്ചുള്ള ഒരു മൂർത്ത സങ്കല്പം മാത്രമാണ്. സമാനമായി, വിദ്യാഭ്യാസം, തൊഴിൽ, പാർപ്പിടം പോലുള്ള മേഖലകളിലേക്കുള്ള അവസരങ്ങളെയും ഇടത്തെയും മുസ്‌ലിങ്ങൾക്ക് നിഷേധിക്കുന്ന ഭരണകൂട പിന്തുണയുള്ള സ്ഥാപനവൽകൃതമായ പ്രവർത്തനങ്ങൾ മൂലമുണ്ടാവുന്ന വിവേചനങ്ങളെ വ്യക്തിഗതമായ തിരഞ്ഞെടുപ്പെന്ന വാദവും അവഗണിക്കുന്നു. വംശീയമായ പ്രതിഭാസങ്ങളെ പ്രകൃത്യാ സംഭവിക്കുന്നതെന്ന തരത്തിൽ വിശദീകരിക്കാൻ പ്രകൃതിവൽക്കരണമെന്ന ചട്ടക്കൂട് പ്രബല സമുദായത്തെ അനുവദിക്കുന്നു. മനുഷ്യന്റെയോ രാഷ്ട്രത്തിന്റെയോ നിയന്ത്രണത്തിനതീതമായ ഭൂമിശാസ്ത്രപരമായ അസന്തുലിതാവസ്ഥകളുടെ പശ്ചാത്തലത്തിൽ സാമൂഹിക-സാമ്പത്തിക അപരവൽക്കരണത്തെ പ്രതിഷ്ഠിച്ചു കൊണ്ട് അവയെ ന്യായീകരിക്കാൻ ഇവ സഹായിക്കുന്നു. ഉദാഹരണത്തിന്, സഞ്ജീർ ആലം മുസ്‌ലിങ്ങളുടെ സാമൂഹിക സാമ്പത്തിക അധകൃതാവസ്ഥയെ പശ്ചാത്തലവൽക്കരിക്കാൻ ശ്രമിക്കുകയും അതിനെ വികസനത്തിന്റെ കാര്യത്തിലുള്ള പ്രദേശപരമായ അസന്തുലിതത്വവുമായി ബന്ധപ്പെടുത്തുകയും, അതുവഴി മുസ്‌ലിങ്ങൾക്കെതിരായ വ്യവസ്ഥാപിതമായ ഹിംസയുടെ ചരിത്രവും അവരുടെ സാമൂഹിക സാമ്പത്തിക പദവിയും തമ്മിലുള്ള ബന്ധത്തെ അവഗണിക്കുകയും ചെയ്യുന്നു.[34]

ഒരു ന്യൂനപക്ഷ ജനതയുടെ സാമൂഹിക സാമ്പത്തിക അവസ്ഥയെ വിശദീകരിക്കുവാൻ, മെക്സിക്കൻ ജനതക്കിടയിലെ വിദ്യാഭ്യാസത്തോടുള്ള വിമുഖത, കറുത്തവർഗ്ഗക്കാർക്കിടയിലെ ഉയർന്ന ജനന നിരക്ക് പോലുള്ള സാംസ്കാരികമായ വാർപ്പുമാതൃകകളെയും വാദങ്ങളെയും ഉപയോഗിക്കുന്നതിലാണ് സാംസ്കാരിക വംശീയതയെന്ന ചട്ടക്കൂട് നിലനിൽക്കുന്നത്. ഉദാഹരണത്തിന്, മുസ്‌ലിം പാരമ്പര്യങ്ങളിൽ പ്രബലമായ ശൈലികൾ മൂലം മുസ്‌ലിം സ്ത്രീകൾക്കിടയിൽ ഉണ്ടാവുന്ന ധൈര്യക്കുറവാണ് അവരുടെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയുടെ കാരണങ്ങളിലൊന്ന് എന്ന തസ്നീം ഷസ്ലിയും സന അസ്മയും പ്രസ്താവിക്കുന്നു. സ്കൂളുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കുറവ് ഒരു ഘടകമായി അവർ ഉദ്ധരിക്കുന്നുണ്ടെങ്കിലും മുസ്‌ലിം സ്ത്രീകളുടെ സ്വാതന്ത്ര്യമില്ലായ്മ, മുസ്‌ലിം രക്ഷിതാക്കൾ അവരുടെ പെൺമക്കളെ വിദ്യാഭ്യാസം നേടുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുന്നു തുടങ്ങിയ മറ്റ് കാരണങ്ങൾക്ക് ശേഷം മാത്രമാണ് അവർ അതിനെ പരിഗണിക്കുന്നത്.[35] വിവേചനം നിലനിൽക്കുന്നുണ്ട് എങ്കിലും, ഒരു ന്യൂനപക്ഷം വിദ്യാഭ്യാസത്തിലും തൊഴിലിലും പിന്നോക്കമാവുന്നതെന്തു കൊണ്ടെന്ന് വിശദീകരിക്കാൻ സമാനമായി പ്രാധാന്യമുള്ള മറ്റ് ഘടകങ്ങളുമുണ്ടെന്ന് വാദിക്കാനാണ് വംശത്തിന്റെ ന്യൂനീകരണം എന്ന ചട്ടക്കൂട് ഉപയോഗിക്കുന്നത്. സമുദായത്തിന്റെ വിദ്യാഭ്യാസത്തോടും പഠനത്തോടുമുള്ള മനോഭാവത്തെ പരിശോധിക്കാനാണ് അത്തരം പഠനങ്ങൾ ശ്രമിക്കുന്നത്. മുസ്‌ലിം രക്ഷിതാക്കൾ മറ്റു സമുദായത്തിലെ രക്ഷിതാക്കളെ അപേക്ഷിച്ച് തങ്ങളുടെ മക്കളെ പഠിപ്പിക്കാൻ താൽപര്യം കുറഞ്ഞവരാണെന്ന വാദത്തെ വിദ്യാഭ്യാസപരമായ മുസ്‌ലിങ്ങളുടെ അപരവൽക്കരണത്തെ വിശദീകരിക്കാൻ ഭലോത്രയും സമോറയും ഉപയോഗിക്കുന്നു.[36] മുസ്‌ലിം വിരുദ്ധ ഹിംസകളെ മുസ്‌ലിങ്ങളുടെ സാമൂഹിക-സാമ്പത്തിക പുറന്തള്ളലുകളുമായി ബന്ധപ്പെടുത്തുന്ന പഠനങ്ങളിൽ പോലും ഹിംസയെ വലതുപക്ഷ ഹിന്ദുത്വ സംഘടനകളുടെ മേൽ മാത്രം വെച്ചുകെട്ടുകയും അത്തരം പഠനങ്ങൾ ഭരണകൂട ഹിംസയുടെ വ്യവസ്ഥാപിത സ്വഭാവവുമായി ബന്ധപ്പെടുത്താതെ മർദ്ദക രാഷ്ട്രീയ ഘടനകളുടെ പുനഃസംഘാടനവും പരിഷ്കരണവും നിർദ്ദേശിക്കുകയും ചെയ്യുന്നു.[37]

ഇത്തരത്തിലുള്ള വർണാന്ധത ഇന്ത്യയിലെ ഇസ്‌ലാമോഫോബിയയുടെ വ്യവസ്ഥാപിതവും സ്ഥാപനപരവുമായ സ്വഭാവത്തെ കുറിച്ചുള്ള ചർച്ചകളെ തടയുന്നു. സാമൂഹ്യ ശ്രേണികളെ പുനരുൽപ്പാദിപ്പിക്കുന്ന സമത്വം, വ്യക്തിവാദം, ദേശീയ ബഹുസ്വരത തുടങ്ങിയ വ്യാവഹാരിക പ്രതിനിധാനങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് അത് സാധ്യമാവുന്നത്. ഇസ്‌ലാമോഫോബിയയുടെ പ്രകടനങ്ങളെയും ഹിന്ദു മേൽക്കോയ്മാ സങ്കല്പത്തെയും ഇത് സാധൂകരിക്കുമ്പോൾ തന്നെ, ഭൂരിപക്ഷം ഹിന്ദുക്കളും മനഃപൂർവ്വം ഇസ്‌ലാമോഫോബിക്കാണെന്നോ ഒരു മർദ്ദനരൂപമെന്ന നിലയിൽ ഈ ചട്ടക്കൂടുകളെ അവർ ഉപയോഗിക്കുന്നുണ്ടെന്നോ മുസ്‌ലിങ്ങളുടെ അരികുവൽക്കൃതാവസ്ഥയെ കുറിച്ച് ഭൂരിപക്ഷ സമുദായത്തിനിടയ്ക്ക് ഒരു ദേശീയ അഭിപ്രായൈക്യം നിലനിൽക്കുന്നുണ്ടെന്നോ ഇതിനർത്ഥമില്ല. പക്ഷേ ഒരുപാടാളുകൾ വംശീയമായ അല്ലെങ്കിൽ ദേശീയമായ ഈ യുക്തിയാൽ സ്വാധീനിക്കപ്പെടുകയും, അതിനാൽ മുസ്‌ലി വിരുദ്ധ ഹിംസകളിൽ ഞെട്ടുമ്പോൾ തന്നെ അവരവരനുഭവിക്കുന്ന പ്രിവിലേജിനെ കുറിച്ച് ബോധവാന്മാരാവാതിരിക്കുകയും ചെയ്യുന്നു. അപ്രകാരം ഇസ്‌ലാമോഫോബിയ സംഘപരിവാരം മാത്രം പ്രവർത്തനക്ഷമമാക്കുന്ന ഒന്നാണെന്നും അവരുടെ പ്രവർത്തനങ്ങളും വാചാടോപങ്ങളും മാത്രമാണ് മുസ്‌ലിങ്ങളെ ബാധിക്കുന്നതെന്നും വരുന്നു. സ്വന്തം വംശീയ സ്ഥാനത്തെ ഇത് മറച്ചുപിടിക്കുകയും അതിലൂടെ അവരുടെ സ്വന്തം സാമൂഹിക സ്ഥാനങ്ങളെയും രാഷ്ട്രീയ തെരഞ്ഞെടുപ്പുകളെയും ഇത് നിഗൂഢവൽക്കരിക്കുകയും ചെയ്യുന്നു.  വിമർശനാത്മകമായ പരിശോധനക്ക് വിധേയമാക്കാതെ ചരിത്രാതീതമായ സ്ഥിര സംവർഗ്ഗങ്ങളെന്ന നിലയിലാണ് ഹിന്ദു, ഇന്ത്യ തുടങ്ങിയ സംവർഗ്ഗങ്ങളെ സമീപിക്കാറുള്ളത് എന്നതു കൊണ്ട് തന്നെ ഇത് സുപ്രധാനമായ ഒരു സംഗതിയാണ്. തൽഫലമായി, നിരന്തരമായ മാറ്റങ്ങൾക്കും പ്രതിരോധങ്ങൾക്കും വിധേയമാവുന്ന ദലിത്, മുസ്‌ലിം സംവർഗ്ഗങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ സംവർഗ്ഗങ്ങളിലുള്ള ആളുകൾ അവർ ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയമുള്ളവരാണെങ്കിൽ പോലും, സ്വന്തത്തെ സ്പർശനമേൽക്കാത്തവരായി മനസ്സിലാക്കുന്നു. വംശീയതാവിരുദ്ധ സംവാദങ്ങളിൽ കണ്ടതുപോലെ, ഒരു പ്രഖ്യാപനത്തിലൂടെയോ അല്ലെങ്കിൽ കുമ്പസാരത്തിന്റെ രാഷ്ട്രീയ കൗശലത്തിലൂടെയോ ഹിന്ദു സ്വത്വത്തെ അനായാസം മാറ്റിവെക്കാൻ സാധിക്കുന്ന ഒരിടത്തിൽ മുസ്‌ലിമാവുക അല്ലെങ്കിൽ സംസാരിക്കുന്ന മുസ്‌ലിമാവുക (രാഷ്ട്രീയ കർതൃത്വം ഉപയോഗിക്കുക) എന്നാൽ നിരന്തര ചോദ്യംചെയ്യലുകൾക്ക് വിധേയമാവുക എന്നാണർത്ഥം. പടിഞ്ഞാറിലെ വംശീയതാ വിരുദ്ധ സംവാദങ്ങളിൽ വെള്ളവംശീയത ബലപ്പെടുന്നു എന്ന അലസ്റ്റൈർ ബോണറ്റിന്റെ തിരിച്ചറിവിനോട് സമാനമാണിത്. അത്തരം ബലപ്പെടുത്തലുകൾ ഹിന്ദുത്വ വിരുദ്ധ വക്താക്കളെ, “വംശീയതാ വിരുദ്ധ സംവാദത്തിൽ ഒരു പ്രബല സ്ഥാനം വഹിക്കാൻ പ്രാപ്തമാക്കുന്നു; നിഷ്ക്രിയ നിരീക്ഷകരായി നിൽക്കാനും, പരോപകാര ബോധത്തിന്റെ മാത്രം അടിസ്ഥാനത്തിൽ സംവാദത്തിൽ പങ്കെടുക്കാനും, തങ്ങളുടെ വംശീയ സ്വത്വം വെളിവായാൽ വിമർശനത്തിനും അധിക്ഷേപത്തിനും അത് കാരണമായേക്കാമെങ്കിലും പൂർണമായി ഇല്ലാതാക്കപ്പെടാനും ഇഴകീറി പരിശോധിക്കപ്പെടാനും വിധേയമാവാതിരിക്കാനുമുള്ള അമിതസൗകര്യം ഇതവർക്ക് അനുവദിക്കുന്നു.”[38]

ഉപസംഹാരം

ലോറന്റ് ഗയേറും, ക്രിസ്റ്റഫ് ജാഫ്രിലോയും അവരുടെ Muslims in Indian Cities: Trajectories of Marginalisation എന്ന പുസ്തകത്തിൽ ഇന്ത്യയിലെ മുസ്‌ലിങ്ങൾക്കിടയിൽ പ്രബലമായ നീരസത്തിന്റെ ആഴം ചൂണ്ടിക്കാണിക്കുന്നതിന് വേണ്ടി “ഈ രാജ്യത്ത് മുസ്‌ലിങ്ങൾക്ക് ഭാവിയില്ല” എന്ന് വാദിക്കുന്ന ഒരു മുസ്‌ലിം എഴുത്തുകാരനെ ഉദ്ധരിക്കുന്നുണ്ട്.[39] ഈ പ്രസ്താവനയുമായി ബന്ധപ്പെട്ട ഫൂട്ട്നോട്ടിൽ ഈ ഉദ്ധരണിയുടെ റഫറൻസ് നൽകുന്നുണ്ടെങ്കിലും, അതോടൊപ്പം തന്നെ ഈ എഴുത്തുകാരൻ അവർ തീവ്ര സംഘടനയെന്ന് വിളിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ടയാളാണെന്നും അതിനാൽ അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ തീവ്രമാണെന്നും അതിന് ഇന്ത്യൻ മുസ്‌ലിങ്ങളുടെ പൊതുവഭിപ്രായത്തെ പ്രതിനിധീകരിക്കാൻ ആവില്ലെന്നും സൂചിപ്പിക്കുന്ന ഒരു അനുബന്ധ കുറിപ്പും അവർ നൽകുന്നു.[40] ഇത്തരത്തിൽ തീവ്രവാദമെന്ന സംവർഗ്ഗത്തിന്റെ ശക്തി ഉപയോഗിച്ച് മുസ്‌ലിങ്ങളെ അസ്വീകാര്യരായ തീവ്രവാദികളും സ്വീകാര്യരായ മിതവാദികളെന്നും വേർതിരിക്കുന്ന പ്രവണത മുസ്‌ലിം അരികുവൽക്കരണത്തെ കുറിച്ച് പഠിക്കുന്ന ഒരു രചനയിൽ കടന്നുവരിക എന്നത്, മുസ്‌ലിം അരികുവൽക്കരണത്തെയും മുസ്‌ലിം വിരുദ്ധ ഹിംസയെ ചൂണ്ടിക്കാണിക്കുന്ന പഠനങ്ങളിൽ പോലും ഉള്ളടങ്ങിയിരിക്കുന്ന മുസ്‌ലിം ശിക്ഷണത്തെയാണ് സൂചിപ്പിക്കുന്നത്. മുസ്‌ലിം പുറന്തള്ളലിനെയും ഹിംസയെയും കുറിച്ചുള്ള ഇത്തരം സഹതാപപൂർണമായ ആഖ്യാനങ്ങൾ മുസ്‌ലിം കർതൃത്വത്തിന്റെ സാധ്യതയെ നിഷേധിക്കുന്നു. പണ്ടേ ഉണ്ടായിരുന്ന ഇന്ത്യയിലേക്ക് കടന്നുവന്നവരാണ് മുസ്‌ലിങ്ങളെന്ന് വാദിക്കുകയും ആദ്യമേ ഇവിടെ ഉണ്ടായിരുന്നവരും (ഹിന്ദുക്കൾ) ഇവിടേക്ക് കടന്നു വന്നവരും (മുസ്‌ലിങ്ങൾ) എന്ന ദ്വന്ദം സൃഷ്ടിക്കുകയും ചെയ്യുന്ന ആഖ്യാനങ്ങൾ ഒപ്പം ചേരുന്നു. ഉദ്യോഗസ്ഥവൃന്ദം, ക്രമസമാധാന സ്ഥാപനങ്ങൾ, ഭരണകൂടം, വികസന മേഖലകൾ എന്നീ മേഖലകളിൽ നിന്ന് മുസ്‌ലിങ്ങളെ തുടച്ചു നീക്കുന്നതിന് ഇത് സഹായിക്കുകയും, അതുവഴി അധീശത്വ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള സാമൂഹിക ശൃംഖലകളുടെയും സ്ഥാപനങ്ങളുടെയും വംശീയമായ ശ്രേണിയെ അത് നിലനിർത്തുകയും ചെയ്യുന്നു. അതിനാൽ, ഇന്ത്യയിലെ ഇസ്‌ലാമോഫോബിയയെ കുറിച്ചുള്ള ഏതൊരു ചർച്ചയെയും ശാരീരിക ഹിംസയിലേക്കോ സംഘപരിവാരത്തിലേക്കോ പരിമിതപ്പെടുത്തുക സാധ്യമല്ല. അതിലുപരി, മുസ്‌ലിം വിരുദ്ധ ഹിംസയുടെയും വംശഹത്യയുടെയും ദീർഘകാലം നീണ്ടു നിൽക്കുന്ന പ്രകൃതവും, ദേശീയോദ്ഗ്രഥനം, വികസനം തുടങ്ങിയ വ്യവഹാരങ്ങളിലൂടെയുള്ള മുസ്‌ലിങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ അരികുവൽക്കരണവും മുസ്‌ലിം കർതൃത്വത്തിന്റെ ശിക്ഷണവുമൊക്കെ അതിന്റെ ഭാഗമായിരിക്കണം.

(അവസാനിച്ചു)

കുറിപ്പുകൾ

[1] Cited in: Abdur Rahman, Denial and Deprivation: Indian Muslims After the Sachar Committee and Rangnath Mishra Commission Reports (Routledge, 2019), 46.

[2] Aamir R. Mufti, Enlightenment in the Colony: The Jewish Question and the Crisis of Postcolonial Culture (Princeton University Press, 2009), 12.

[3] Rochana Bajpai, “Minority Representation and the Making of the Indian Constitution.” Politics and Ethics of the Indian Constitution (2008): 354–91.

[4] Ibid.

[5] Ibid.

[6] Rajindar Sachar, “Sachar Committee Report.” Government of India (2006): 50.

[7] Ibid., 58

[8] Ibid., 68–9.

[9] Charu Bahri, “Muslims at Bottom of Higher-Education Ladder, Alongside Backward Tribes.” IndiaSpend, July 22, 2016, accessed December 18, 2020, https://archive.indiaspend.com/cover-story/ muslims-at-bottom-of-higher-education-ladder-alongside-backward-tribes-28385.

[10] Sam Asher, Paul Novosad, and Charlie Rafkin, “Intergenerational Mobility in India: Estimates from New Methods and Administrative Data.” World Bank Working Paper, Accessed December 2018, http://www. dartmouth. edu/~ novosad/anr-india-mobility. pdf.

[11] Christophe Jaffrelot and Laurent Gayer, Muslims in Indian Cities: Trajectories of Marginalisation (New York: Columbia University Press, 2012), 315.

[12] ഒരു പ്രത്യേക പ്രായപരിധിയിലുള്ള പ്രസ്തുത ജനസംഖ്യയിലെ തൊഴിലെടുക്കുന്ന ജനങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്.

[13] Rajindar Sachar, “Sachar Committee Report.” Government of India (2006): 89.

[14] Amrita Madhukalya, “Unemployment rate among Christian men highest:Govt.” Hindustan Times, June 28, 2019, accessed December 22, 2020, https://www.hindustantimes.com/india-news/unemployment-rate-amongchristian-men-highest-govt/story-BqMtQpHQUNLoqlBxmbiWsO.html

[15] Zeeshan Shaikh, “Largest share of non-workers among Muslims.” The Indian Express, June 8, 2016, accessed December 22, 2020, https://indianexpress.com/article/explained/ largest-share-of-non-workers-among-muslims-2840123/.

[16] Rajindar Sachar, “Sachar Committee Report.” Government of India (2006): 165.

[17] Sanya Dhingra, “5% Muslims among new civil services recruits, only one in top 100.” The Print, August 4, 2020, accessed December 21, 2020 https://theprint.in/india/ governance/5-muslims-among-new-civil-services-recruits-only-one-in-top-100/474488/.

[18] Najmul Hoda, “Indian Muslims in govt battle Sudarshan’s ‘UPSC Jihad’ and Sarkari Musalman traitor tag.” The Print, September 23, 2020, accessed January 3, 2021, https://theprint.in/opinion/ indian-muslims-govt-sudarshan-upsc-jihad-sarkari-musalman-traitor/508542/.

[19] Abdur Rahman, Denial and Deprivation: Indian Muslims After the Sachar Committee and Rangnath Mishra Commission Reports (Routledge, 2019), 317.

[20] Ibid., 314.

[21] Aziz A. Mubaraki, “Why Muslim headcount in Indian Army necessary?.” Two Circles, March 13, 2012, accessed January 15, 2021, http://twocircles.net/2012mar13/when_will_indian_armed_forces_do_justice_ muslims.html

[22] Naren Karunakaran, “Muslims constitute 14% of India, but just 3% of India Inc.” The Economic Times, September 7, 2015, accessed December 22, 2020, https://economictimes.indiatimes.com/news/politics-andnation/muslims-constitute-14-of-india-but-just-3-of-india-inc/articleshow/48849266.cms

[23] Rajindar Sachar, “Sachar Committee Report.” Government of India (2006), 151.

[24] Abdurrahman. , 283.

[25] Ibid., 287–90.

[26] Ibid., 260

[27] Zia Haq, “Untouched by economic growth: One in 4 beggars in India a Muslim, reveals census.” Hindustan Times, July 30, 2016, accessed January 6, 2021, https://www.hindustantimes.com/india-news/untouched-byeconomic-growth-destitution-illiteracy-hurt-india-s-muslims/story-Lz5H

[28] Vani Kant Borooah, “Caste, Religion, and Health Outcomes in India, 2004–14.” Economic and Political Weekly 53.10 (2018): 65–73.

[29] Abdurrahman, Denial and Deprivation: Indian Muslims after the Sachar Committee and Rangnath Mishra Commission Reports, 245–6.

[30] Rajindar Sachar, “Sachar Committee Report.” Government of India (2006), 137.

[31] Rakesh Basant, “Social, Economic and Educational Conditions of Indian Muslims.” Economic and Political Weekly (2007): 828–32; Robinson, Rowena, “Indian Muslims: The Varied Dimensions of Marginality.” Economic and Political Weekly (2007), 839–43.

[32] Bonilla-Silva, Eduardo, Racism Without Racists: Color-blind racism and the persistence of racial inequality in the United States (Rowman & Littlefield Publishers, 2006), 2–3.

[33] Ibid., 77–8.

[34] Mohd Sanjeer Alam, “Social Exclusion of Muslims in India and Deficient Debates About Affirmative Action: Suggestions for a New Approach.” South Asia Research 30.1 (2010), 43–65.

[35] Shazli, Tasneem, and Sana Asma. “Educational vision of Muslims in India: Problems and concerns.” International Journal of Humanities and Social Science Invention 4.3 (2015), 217.

[36] Sonia Bhalotra and Bernarda Zamora, “Social Divisions in Education in India.” Handbook of Muslims in India (2010), 192.

[37] Taha Abdul Rauf, “Structure of Violence and Muslims.” Lives of Muslims in India (Routledge India, 2018), 145–62.

[38] Bonnett, Alastair, “Anti-racism and the critique of ‘white’ identities.” Journal of Ethnic and Migration Studies 22.1 (1996), 97–110, 98.

[39] Jaffrelot, Christophe, and Laurent Gayer, Muslims in Indian Cities: Trajectories of Marginalisation (New York: Columbia University Press, 2012), 315.

[40] Ibid., 379.

വിവർത്തനം: മൻഷാദ് മനാസ്

ഷഹീൻ കെ. മൊയ്തുണ്ണി