Campus Alive

കോവിഡ് ആവശ്യപ്പെടുന്ന  ‘സമഗ്രസാമ്പത്തിക വിപ്ലവം’

പ്രബലമായ ചില സാംസ്കാരിക പ്രതീക്ഷകൾക്ക് വിധേയമായിക്കൊണ്ട് സാധാരണ ഒരേ രാഷ്ട്രീയ അധികാരത്തിന് കീഴിൽ ഒരേ സാമൂഹിക പ്രദേശം പങ്കിട്ടുകൊണ്ടുള്ള വ്യക്തികളുടെ നിരന്തരമായ സാമൂഹിക ഇടപെടലുകളാണ് ഘടനാപരമായ ഒരു സമൂഹത്തിന് രൂപം നൽകുന്നത്. ലോകമൊട്ടാകെ ഇന്നൊരു വൈറസിനെ ചെറുത്തുനിൽക്കുന്നതിനായി സാമൂഹിക അകലം പാലിക്കുകയാണ്. സമൂഹം എന്നൊരു വ്യവസ്ഥയുടെ ഘടനയിലുണ്ടായ ഈ താളം തെറ്റൽ അതിനാൽ തന്നെ കോവിഡാനന്തര സാമൂഹിക സ്വഭാവത്തെ പല നിരീക്ഷണ കോണിലൂടെ കാണാൻ ഇടയാക്കുന്നു. ഒരു യുദ്ധാനന്തര അന്തരീക്ഷമാണ് ലോകമിന്ന് അനുഭവിക്കുന്നത്. അദൃശ്യ ശത്രുവുമായുള്ള ഈ യുദ്ധം ചെറുത്തുനിൽപ്പിനോടൊപ്പം ആവശ്യപ്പെടുന്നത് മനുഷ്യ മനോഭാവത്തിന്റെ മാറ്റങ്ങളെയാണ്. മഹാമാരിയെ തുടർന്നുണ്ടായ ലോക് ഡൗൺ ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഉണ്ടാക്കിയ അസന്തുലിതാവസ്ഥ ഒരേസമയം മനുഷ്യ ജീവനെയും ജീവനോപാധിയേയും അപകടത്തിലാക്കിയിരിക്കുന്നു. കോവിഡ്-19 ന്റെ വ്യാപനത്തെ തുടർന്ന് ഇന്നിപ്പോൾ രണ്ടു ലക്ഷത്തിൽപ്പരം  വന്നുനിൽക്കുന്ന മരണ നിരക്കനുസരിച്ച് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക സാമൂഹിക പ്രതിസന്ധികളെ അളക്കാവുന്നതല്ല. ലോകത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യനെന്ന മൂലധനത്തിനെ വീണ്ടെടുക്കുന്നതിനൊപ്പം അനുചിതമായ സാമ്പത്തിക നയങ്ങളെ വീണ്ടു വിചാരണ ചെയ്യേണ്ട സമയമാണിത്.

കൊറോണ വൈറസ് സൃഷ്ടിച്ച കാലാവസ്ഥാ വ്യതിയാനം ഭാഗികമായി നമ്മുടെ സാമ്പത്തിക ഘടനയിലുണ്ടായ മാറ്റത്തിന്റെയും കൂടി ഫലമാണെന്ന് പാരിസ്ഥിതിക സാമ്പത്തിക ശാസ്ത്രത്തിലെ ഗവേഷകനായ ‘സൈമൺ മേയർ’ വിലയിരുത്തുന്നുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ ഗ്രീൻഹൗസ് ഗ്യാസുകൾ പുറന്തള്ളുന്ന ചൈന ലോക്ഡൗണിന്റെ  മൂന്നുനാല് ആഴ്ചകൾക്ക് ശേഷം നൈട്രജൻ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് 40 ശതമാനത്തിലേക്ക് നിലപ്പിച്ചതായി ശാസ്ത്രജ്ഞർ കണക്കാക്കുന്നു. ചൂട് ആഗരണം ചെയ്യുന്ന ചില വാതകങ്ങളാണ് ഈയൊരു വ്യതിയാനത്തിന് കാരണമാകുന്നത്. എന്നാൽ ഇവ ഉൽപാദിപ്പിക്കുന്ന സാമൂഹിക പ്രവർത്തനങ്ങളിൽ വേണ്ട രീതിയിലുള്ള നിയന്ത്രണങ്ങൾ ഇല്ലാത്തതാണ് തുടർന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക അന്തരീക്ഷ അസന്തുലിതാവസ്ഥയ്ക്ക് കാരണം. ‘ടെസ്റ്റിംഗ്, ട്രൈസിംഗ്, ഐസൊലേഷൻ, ക്വാറന്റൈൻ’ എന്നീ മാർഗേണയുള്ള WHO  നിർദ്ദേശിച്ച സാമൂഹിക അകലം യു.കെ, യു.എസ് പോലെയുള്ള മിക്ക യൂറോപ്യൻ രാജ്യങ്ങളും നേരത്തെ മുഖവിലക്കെടുക്കാത്തതിന്റെ കാരണം കമ്പോള കച്ചവടങ്ങളുടെ തന്ത്രപ്പാടിനിടയിൽ വേണ്ടതിനെയും വേണ്ടാത്തതിനെയും വേർതിരിക്കാനുള്ള കെൽപ്പ് നഷ്ടപ്പെട്ടത് തന്നെയാണ്. 162 രാജ്യങ്ങളിലായി തുടർന്നുകൊണ്ടിരിക്കുന്ന ലോക്ഡൗൺ ആഗോളതലത്തിൽ സമ്പദ് വ്യവസ്ഥയ്ക്ക് ഏൽപ്പിച്ച ആഘാതം വരും കാലത്തെ കൂടുതൽ ആധിയിലാഴ്ത്തുന്നു. ഇന്ത്യയെ സംബന്ധിച്ച് അരയും തലയും മറന്നു പ്രവർത്തിച്ചതിന്റെ ഫലമായുണ്ടായ പ്രത്യാഘാതങ്ങൾക്ക് മേലേറ്റ അടികൂടിയാണിത്. വർധിച്ച തോതിലുള്ള തൊഴിലില്ലായ്മയും പണപ്പെരുപ്പവും പലിശനിരക്കും ധനകമ്മിയും നിലനിൽക്കെയാണ് മുൻകരുതലുകളൊന്നുമില്ലാതെ ഒരു മാസത്തിലധികം നീണ്ടു നിൽക്കുന്ന ലോക്ഡൗണിനെ ഇന്ത്യ വരവേറ്റത്. IMF ന്റെ വേൾഡ് എക്കണോമിക് ഔട്‌ലുക്ക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 1.9 ശതമാനമായി താഴ്ന്നിരിക്കുന്നു. ഇതേ റിപ്പോർട്ടനുസരിച്ച് യൂറോപ്പ്യൻ മേഖലയിലെ സാമ്പത്തിക വ്യവസ്ഥ 7.5 ശതമാനമായി ചുരുങ്ങുമെന്നും കാണാം. മുമ്പ് നിലനിന്നിരുന്ന ലോക വ്യവസ്ഥയെ മഹാമാരി കൂടുതൽ വശളാക്കി എന്നതൊരു യാഥാർത്ഥ്യമാണ്. മഹാമാരി കാരണം ജനങ്ങൾ ധനം കൂടുതൽ സംരക്ഷിച്ചു വെക്കുന്നതിന്റെ ഭാഗമായി ഉൽപ്പാദന വളർച്ചയിൽ ഇടിവും സ്വകാര്യ വരുമാനത്തിന്റെ നിക്ഷേപത്തിൽ അഭാവവും സംഭവിക്കുകയുണ്ടായി. ഇവ ലോകത്തെ ധനകമ്മിയിലേക്ക് നയിച്ചു. ഈയൊരറുതി തീർത്തു വെച്ച അരക്ഷിതാവസ്ഥയ്ക്ക് പ്രത്യക്ഷത്തിൽ ഇവയൊക്കെ കാരണമാണെങ്കിലും ‘കച്ചവടത്തിൽ കണ്ണുണ്ട് കരളില്ല’ എന്ന മനോഭാവവുമായി നാം മുമ്പോട്ടു പോവുകയാണെങ്കിൽ കോവിഡാനന്തര കാലവും പുതിയൊരറുതിയെ കൈനീട്ടി വിളിക്കുകയാണ്.

ആദം സ്മിത്ത്

കോവിഡ്-19നെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധികളോടുള്ള പ്രതികരണങ്ങളെ മനസ്സിലാക്കേണ്ടത് ആഗോളതലത്തിൽ രാഷ്ട്രങ്ങൾ ഇക്കോണമിയെ എങ്ങനെ കാണുന്നു എന്നതിൽ നിന്നാണ്. രാഷ്ട്രങ്ങളുടെ സമ്പത്തിന്റെ സ്വഭാവത്തെയും കാരണങ്ങളെയും കുറിച്ചുള്ള അന്വേഷണം എന്നാണ് ഇക്കോണമിക്ക് ആദം സ്മിത്ത് നൽകുന്ന വിവക്ഷ. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ സമ്പത്ത് എന്തിന് എന്നതല്ല സമ്പത്ത് എങ്ങനെ എന്നുള്ളതാണ് ഇക്കോണമിയുടെ അടിസ്ഥാന വിഷയമാവുന്നത്.  പ്രധാനമായും ഉപഭോക്തൃ വസ്തുക്കളുടെ വാങ്ങലിനും വിൽക്കലിനുമുള്ള മാർഗ്ഗമായി സമ്പത്ത് വ്യവസ്ഥയെ നാം കണക്കാക്കുന്നു. സുസ്ഥിര സന്തുലിത സമഗ്ര സമ്പത്ത് വ്യവസ്ഥ നിലവിൽ വരണമെങ്കിൽ കേന്ദ്രഭാഗത്ത് പിന്തുടരേണ്ടത് വിഭവങ്ങളെ അവ നമുക്ക് ജീവിക്കാൻ ആവശ്യമായ കാര്യങ്ങളാക്കി മാറ്റുന്ന രീതിയെയാണ്. ഈയൊരു തരത്തിലേക്ക് മനുഷ്യന്റെ ചിന്താമണ്ഡലത്തെ മാറ്റുകയാണെങ്കിൽ വ്യക്തി വളർച്ചയ്ക്കപ്പുറമുള്ള സാമൂഹിക വളർച്ചയ്ക്ക് ഒരുപാട് സാധ്യതകൾ നമുക്ക് മുമ്പിൽ തുറന്നു കിട്ടും. അല്ലാത്തപക്ഷം നിലവിലുള്ള ധനതത്വം കൂടുതൽ ദുരിതങ്ങളിലേക്ക് മനുഷ്യരാശിയെ കൊണ്ടെത്തിക്കും. ആധുനിക സാമൂഹിക സാമ്പത്തിക വ്യവസ്ഥയുടെ പുനർവിചിന്തനത്തിനും  പൊളിച്ചെഴുത്തുകൾക്കും സാധ്യതകൾ ഒരുക്കി എന്നത് കോവിഡ് നൽകുന്നൊരാശ്വാസമാണ്. പൊതുവെ ജനങ്ങൾക്കിടയിൽ നില നിൽക്കുന്നൊരു സമഭാവനയാണ് വിപണികളാണ് ഉയർന്ന ജീവിത നിലവാരം സാധ്യമാക്കുന്നത്,  അതിനാലവ പരിരക്ഷിക്കേണ്ടതാണ് എന്നത്. സാമ്പത്തിക പ്രവർത്തനത്തിന് ഏറ്റവും നല്ല മാർഗമായി വിപണികളെ കാണുന്നതിന്റെ കാരണമായി സൈമൺ മേയർ നിരീക്ഷിക്കുന്നത് വ്യാപകമായി നടക്കുന്ന പണക്കൈമാറ്റത്തെയാണ്. സുഗമമായ പണക്കൈമാറ്റമാണ് നിലവിലെ ആഗോള സമ്പത്ത് വ്യവസ്ഥയുടെ പ്രഥമലക്ഷ്യം തന്നെയും. അടിസ്ഥാനപരമായി ജനങ്ങൾ തങ്ങൾക്കാവശ്യമുള്ള വസ്തുക്കൾ വിപണിയിൽ നിന്ന് പണം കൊടുത്തു വാങ്ങിക്കുന്നതിലൂടെ ആ വസ്തുവിന്റെ ഉപയോഗത്തിന് അവനെത്രമാത്രം വില കല്പിക്കുന്നുവെന്ന് ഊഹിക്കാൻ സാധ്യമാണ്. ഇത്തരത്തിൽ ഉപഭോക്താവും വിൽപ്പനക്കാരനും തമ്മിൽ നടക്കുന്ന പണക്കൈമാറ്റം വിപണിയുടെ രുചി അറിഞ്ഞുള്ള ഉൽപാദനത്തിന് അവസരമൊരുക്കന്നു. ഇവ സമ്പത്ത് വ്യവസ്ഥയിൽ കമ്പോളത്തിനുള്ള സ്വാധീനത്തെ വർദ്ധിപ്പിക്കുന്നതായി കാണാം. എന്നാൽ വിപണിയുടെ കാര്യത്തിലുണ്ടായ രാഷ്ട്രങ്ങളുടെ ഈ തെറ്റിദ്ധാരണയെ വെളിവാക്കുന്നതായിരുന്നു കോവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ നിർണായക സാമൂഹിക സംവിധാനങ്ങൾ. അതിനുദാഹരണമാണ് ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ തകർച്ചയും അവ  ഗവൺമെന്റിന്റെ മേലുണ്ടാക്കിയ അമിതഭാരവും. സാമ്പത്തിക പുരോഗതി അവകാശപ്പെടുന്ന രാജ്യങ്ങൾക്ക് പോലും ഈയൊരു നിർണായകാവസ്ഥയെ മറികടക്കാനായില്ല എന്നതൊരു യാഥാർത്ഥ്യമാണ്. കമ്പോളത്തിന്റെ കച്ചവട പൊലിമയിൽ മതിമറന്ന് ജീവനേക്കാളേറെ ജീവനോപാധിയോടുള്ള പരിഗണനയാണ് ആരോഗ്യമേഖലയോടുള്ള അവഗണനയുടെ ഹേതുവെന്നോണം വർത്തിക്കുന്നത്. വിപണിയിലെ ഗണ്യമായ ലാഭവർദ്ധനവിന് പ്രധാന ഘടകമാണ് ഉത്പാദനക്ഷമതയിലുള്ള വളർച്ച. മറ്റു സമ്പത്ത് വ്യവസ്ഥയെ അപേക്ഷിച്ച് കൂടുതൽ വ്യക്തിഗത ഇടപെടലുകളെ ആശ്രയിക്കുന്ന ആരോഗ്യമേഖലയിലെ ഉൽപാദനക്ഷമത താരതമ്യേനെ കുറവാണ്. ചുരുങ്ങിയ തോതിൽ തൊഴിലാളികളെ ഉപയോഗിച്ചുള്ള ധാരാളമുത്പാദനം അതിനാൽ തന്നെ ഇവിടെ സാധ്യമല്ല. മികച്ച ലാഭങ്ങൾ കൊഴിയുന്ന ജോലികളധികവും പണക്കൈമാറ്റം സുഗമമാക്കുന്നതിലേ  നിലനിൽക്കുകയുള്ളൂ. യാതൊരു തരത്തിലുള്ള സാമൂഹിക പരിപാലനവും അവ ലക്ഷ്യം വെക്കുന്നില്ല.

നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് അതിവേഗം പടർന്നു പിടിച്ച ഈ മഹാമാരി ആഗോളതലത്തിൽ സമ്പത്ത് വ്യവസ്ഥയെ പിടിമുറുക്കിയിരിക്കെ ലോകം ഇന്നേവരെ കണ്ടതിൽ വെച്ചേറ്റവും വലിയ സാമ്പത്തിക മാന്ദ്യമാണ് നേരിടാൻ പോകുന്നതെന്ന് ഇതിനോടകം ശാസ്ത്രജ്ഞർ പ്രസ്താവിക്കുകയുണ്ടായി. സാധാരണഗതിയിൽ രാജ്യം ഒരു സ്തംഭിതാവസ്ഥയിൽ നിലനിൽക്കെ ഇതിനെ മറികടക്കാനുള്ള ഏക ഉപാധി സർക്കാറിന്റെ ഭാഗത്തുനിന്നുള്ള പരിപൂർണ്ണ സഹായമാണ്. ജനങ്ങൾ വാങ്ങാനും ഉത്പാദിപ്പിക്കാനും പ്രാപ്തരാക്കുന്നത് വരെ ചെലവിടുക എന്നതാണ് കാര്യപ്രാപ്തിയുള്ള സർക്കാർ നിലവിൽ ചെയ്യേണ്ടത്. ഈയൊരു ഉത്തരവാദിത്വത്തിൽനിന്ന് അത്രപെട്ടെന്നൊന്നും തലയൂരാൻ ഇന്ത്യയെ പോലൊരു രാജ്യത്തെ സർക്കാറിന് സാധ്യമല്ലാത്തതുകൊണ്ടാണ് വൈകിയാണെങ്കിലും 1,70,000 കോടിയുടെ പാക്കേജുമായി പ്രധാനമന്ത്രി മുന്നോട്ടുവന്നത്. കോവിഡ് ഏൽപ്പിച്ച ശാരീരിക-മാനസിക പ്രയാസത്തിൽ നട്ടംതിരിയുന്ന ജനത്തിന് മുമ്പിൽ വെറും ഒരു ലക്ഷം കോടിയോളം വരുന്ന സാമ്പത്തിക ആശ്വാസ പാക്കേജിന്റെ അവതരണം കടലിൽ കായം കലക്കിയത് പോലെയാണ്. പാത്രം അടിച്ചും തീ കത്തിച്ചും ചാവാത്ത വൈറസിനെ ഇനി വെടിവെച്ച് കൊല്ലാനുള്ള തീരുമാനമാണോ എന്ന് സംശയിക്കുമാറ് 155 ദശലക്ഷം ഡോളറിന്റെ ആയുധങ്ങൾ വിൽക്കാനുള്ള ഭരണാനുമതി ഇന്ത്യയ്ക്ക് യു.എസ് നൽകുകയുണ്ടായി. ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയുടെ 50 ശതമാനവും നടത്തി പോകുന്നത് അസംഘടിത മേഖലകളാണ്. ഇവരുടെ വായ്പ തിരിച്ചടയ്ക്കേണ്ട കാലാവധി നീട്ടുക എന്നല്ലാതെ തിരിച്ചടക്കാൻ തൊഴിലാളികളെ പ്രാപ്തരാക്കുന്ന രീതിയിലുള്ള ഒരു നയപരിപാടികളും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ആഗോളതലത്തിൽ ഈ ദുരിതത്തെ നേരിടുന്നതിനായി പല രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ പലിശ നിരക്ക് വെട്ടിക്കുറച്ചും ജനങ്ങൾക്ക് വരുമാനം നൽകിയും സാമ്പത്തിക വിപണിയിൽ ഇടപെട്ട് കൊണ്ട് കടങ്ങൾ തിരിച്ചെടുക്കുന്നതിന്റെ സംരക്ഷണം ഉറപ്പുവരുത്തിയും ഫെഡറൽ റിസർവ് മുഖേന വായ്പകളുടെ ഗ്യാരണ്ടി നിലനിർത്തിയും ഇതിനകം മഹാമാരിയോട് പ്രതികരിക്കുകയുണ്ടായി. സ്പെയിൻ ഫ്രാൻസ് പോലെയുള്ള രാജ്യങ്ങൾ പല സ്വകാര്യ ബിസിനസ്സുകളും സ്റ്റേറ്റിന്റെ കീഴിൽ കൊണ്ടുവന്നു. ദ്രുതഗതിയിലുള്ള ഈ മാറ്റങ്ങൾ കോവിഡാനന്തര സമൂഹത്തിലും നിലനിൽക്കുകയാണെങ്കിൽ ഐ.എം.എഫ് വിശേഷിപ്പിച്ച പോലെ ഈ ലോക്ഡൗൺ ചരിത്രത്താളുകളിൽ ഒരു ‘ഗ്രേറ്റ് ലോക്ഡൗൺ’ ആയി രേഖപ്പെട്ടേക്കാം. അതിനാൽ അവശ വിഭാഗങ്ങളുടെ സാമൂഹിക സുരക്ഷിതത്വത്തിന് ഊന്നൽ നൽകി,  ജീവനെയും സമൂഹത്തെയും ജനാധിപത്യത്തെയും വിലമതിക്കുന്ന ധാർമികതയിൽ നിന്നുയർന്നുവന്ന സാമൂഹിക വ്യവസ്ഥകൾ രൂപം കൊള്ളേണ്ടതുണ്ട്. ഗാന്ധിയൻ ‘ട്രസ്റ്റിഷിപ്പ്’  തത്വം മുന്നോട്ട് വെക്കുന്നത് പോലെ വ്യക്തി തന്റെ സമ്പത്ത് സമൂഹത്തിനുവേണ്ടി സമൂഹത്തിന്റെ കാര്യ കർത്താവ് (ട്രസ്റ്റി) എന്ന നിലയിൽ കൈകാര്യം ചെയ്യുകയാണേൽ കോവിഡാനന്തരം കമ്പോള സംരക്ഷണത്തിനപ്പുറം മനുഷ്യ സംരക്ഷണം ലക്ഷ്യം വെക്കുന്ന ഒരു ‘സമഗ്രസാമ്പത്തിക വിപ്ലവം’ സംജാതമായേക്കാം.

ജൗഹറ മഹ്മൂദ്