Campus Alive

‘ക്രിട്ടിക്കൽ റേസ് തിയറി’യെ വംശീയവാദികൾ ഭയക്കുന്നതെന്തുകൊണ്ട്?

ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുവന്ന് മറ്റൊരു പ്രദേശത്തെ തദ്ദേശീയവാസികളെ അധീനപ്പെടുത്തി തങ്ങൾക്കു ചുറ്റും സൈനിക ശക്തിയിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രം പണികഴിപ്പിക്കുന്ന കുടിയേറ്റ-അധിനിവേശ സമൂഹങ്ങളുടെ സംസ്കാരം സങ്കീർണമായ പ്രശ്നങ്ങളും വെറുപ്പും പേറുന്നതാണ്. എന്നാൽ, ഇംഗ്ലണ്ട്, ഫ്രാൻസ്, തുർക്കി, ഇറാൻ, ഇന്ത്യ, ചൈന പോലുള്ള സമൂഹങ്ങൾ പ്രശ്നമുക്തമാണ് എന്ന് ഇതിന് അർത്ഥമില്ല. മറിച്ച്, അവരനുഭവിക്കുന്ന പ്രശ്നങ്ങളുടെ വംശാവലി വ്യത്യസ്തമാണെന്ന് മാത്രം.

കുടിയേറ്റ-അധിനിവേശകർ ചെയ്യുന്ന ഒരു കാര്യം, ഹിംസാത്മകമായി അവർ കൈക്കലാക്കിയ പ്രദേശത്തെ തദ്ദേശീയവാസികൾ തങ്ങളാണെന്ന് വരുത്തിത്തീർക്കുകയും ബാക്കിയുള്ളവരെ അഭയാർത്ഥികൾ എന്ന് മുദ്രകുത്തുകയും ചെയ്യലാണ്. അപഹരിച്ചെടുത്ത പ്രദേശത്തിന് മേലുള്ള ധാർമികാവകാശം തങ്ങൾക്കാണെന്ന് ലോകസമൂഹത്തെയും സ്വന്തത്തെയും ബോധ്യപ്പെടുത്താനുള്ള ബദ്ധപ്പാടിൽ വിചിത്രമായ ചരിത്രരചനകൾക്കും അവർ മുതിരുന്നു.

തങ്ങളുടേത് മാത്രമാണ് എന്ന് അവർ സ്വയം വാദിക്കുന്ന ഭൂമിയുടെ യഥാർത്ഥ അവകാശികളെ കുറിച്ചും അതുമായി ബന്ധപ്പെട്ട അടിസ്ഥാന വസ്തുതകളെ കുറിച്ചും വിമർശനാത്മകമായ അവബോധം രൂപപ്പെടുമ്പോഴെല്ലാം സമീപകാലത്ത് മാത്രം പ്രത്യക്ഷപ്പെട്ടവരാണ് തങ്ങളെന്ന് പൂർണ്ണ ബോധ്യമുള്ള ഈ കുടിയേറ്റ-അധിനിവേശകർ അസ്വാഭാവികമായി പെരുമാറുന്നത് കാണാം. അമേരിക്കൻ ഐക്യനാടുകൾ എന്ന് നാം വിളിക്കുന്ന കുടിയേറ്റ കോളനിയിലും മറിച്ചൊന്നല്ല ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

അതുകൊണ്ട്, സഹജമായി വംശീയവാദികളായ ഈ കുടിയേറ്റ-അധിനിവേശകർ തങ്ങളുടെ ഉത്ഭവ കഥകളുടെയും ഐതീഹ്യങ്ങളുടെയും നിയമസാധുതയെ നിർദയം ചോദ്യം ചെയ്യുന്ന പദങ്ങൾക്കും മുദ്രാവാക്യങ്ങൾക്കുമെതിരെ കലിതുള്ളുന്നത് പതിവായി കാണാവുന്ന കാഴ്ചയാണ്. ഇപ്പോൾ അത് പ്രകടമാകുന്നത് ‘വിമർശനാത്മക വംശ സിദ്ധാന്ത’ത്തിന്(Critical Race Theory) എതിരെയാണ്. CRT എന്നാണ് അവരതിനെ വിളിക്കുന്നത്.

ഡൊണാൾഡ് ട്രംപ്

CRT എന്നത് ഈ വംശീയവാദികളുടെ കണ്ണിൽ ഇപ്പോൾ ഒരു അശ്ലീലപദമോ ശാപവാക്കോ ആണ്. അവരെ സംബന്ധിച്ചേടത്തോളം അതവരുടെ ആത്മബോധത്തിനും ‘ജന്മഭൂമി’ക്കുമെതിരെ നടക്കുന്ന ഏറ്റവും പുതിയ കടന്നാക്രമണമാണ്.

എന്താണ് യഥാർത്ഥത്തിൽ ‘വിമർശനാത്മക വംശ സിദ്ധാന്തം’?

വംശീയവാദികളെ സംബന്ധിച്ച് അവർക്ക് സ്വീകാര്യമായ അർത്ഥം ഡോണൾഡ് ട്രംപ് അതിന് നൽകിയ അർത്ഥമാണ്. അഥവാ അതൊരു മോശം കാര്യമാണ്. വെള്ളക്കാരൊക്കെ അപകടത്തിലാണ്. അമേരിക്കക്കാർ വീണ്ടും ട്രംപിനെയോ അയാളുടെ അത്രയും പിന്തിരിപ്പനും വംശീയവാദിയുമായ മറ്റൊരു റിപബ്ലിക്കനെയോ തെരഞ്ഞെടുത്തില്ലെങ്കിൽ കറുത്തവർഗ്ഗക്കാരും മുസ്‌ലിംകളും ലാറ്റിനമേരിക്കൻ വംശജരും ഫെമിനിസ്റ്റുകളും മാർക്സിസ്റ്റുകളും ജൂതന്മാരും സ്വവർഗ്ഗാനുരാഗികളും ട്രാൻസ്ജെൻഡറുകളും നാസ്തികരായ കമ്മികളും ഒക്കെ ചേർന്ന് രാജ്യത്തെ തങ്ങളുടെ വരുതിയിലാക്കും.

അമേരിക്കയിലെ പ്രധാന സ്ഥാപനങ്ങളിലെല്ലാം വംശീയത അന്തർലീനമാണെന്നും വെള്ള വംശീയാധിപത്യം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് അവ നിർമിക്കപ്പെട്ടതെന്നും വാദിക്കുന്ന ഒരു ചിന്താധാരയാണ് ‘വിമർശനാത്മക വംശ സിദ്ധാന്തം’. ട്രംപിനും രണ്ടാം വട്ടം പ്രസിഡന്റ് പദത്തിലേറാനുള്ള അദ്ദേഹത്തിന്റെ ഭ്രാന്തമായ യുദ്ധസന്നാഹങ്ങൾക്കുമെതിരെ നിലയുറപ്പിച്ചില്ലായിരുന്നുവെങ്കിൽ ചിലപ്പോൾ കേവലമൊരു അക്കാദമിക വ്യായാമമായി ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്നു ഈ ആശയം. ഇന്ന് യുഎസിൽ ക്രിട്ടിക്കൽ റേസ് തിയറി ഒരു ചർച്ചാവിഷയമായത് തന്റെയും തന്റെ അനുയായികളുടെയും അപരിഹാര്യമായ വംശീയത തുറന്നുകാട്ടിയതിന്റെ പേരിൽ അതിനെതിരെ ആക്രമണം അഴിച്ചുവിട്ട ട്രംപിന്റെ നടപടി മൂലമാണ്.

പോസ്റ്റ്കൊളോണിയൽ തിയറി മുതൽ ക്രിട്ടിക്കൽ റേസ് തിയറി വരെ

2020 സെപ്റ്റംബറിൽ, മിക്ക അഭിപ്രായ വോട്ടെടുപ്പുകളിലും ട്രംപ് ബൈഡന് പിറകിലായിരുന്ന വേളയിൽ, പ്രസിഡന്റിന് കീഴിലെ മാനേജ്‌മെന്റ് ആന്റ് ബഡ്ജറ്റ് വകുപ്പ് ഒരു ഔദ്യോഗിക നിർദ്ദേശം പുറപ്പെടുവിച്ചു: “‘ക്രിട്ടിക്കൽ റേസ് തിയറി’യുമായോ ‘വെള്ളക്കാരുടെ പ്രിവിലേജു’മായോ ബന്ധപ്പെട്ട ഏതെങ്കിലും പരിശീലന പ്രവൃത്തികൾക്കായി നടന്ന എല്ലാ കരാറുകളും മറ്റ് ഏജൻസികൾ അതിനായി നടത്തുന്ന ധനവിനിയോഗവും, അതുപോലെ അമേരിക്ക സഹജമായി ഒരു വംശീയ രാജ്യമാണ് അല്ലെങ്കിൽ ഒരു ദുഷ്ട രാജ്യമാണ്, ഏതെങ്കിലും വംശം സഹജമായി വംശീയവാദം ഉയർത്തിപ്പിടിക്കുന്നവരോ ദുഷ്ടരോ ആണ്, എന്നിങ്ങനെയുള്ള വാദങ്ങൾ പ്രചരിപ്പിക്കുന്ന പ്രൊപഗണ്ടാ ശ്രമങ്ങളും തിരിച്ചറിയണമെന്ന് എല്ലാ ഏജൻസികളോടും ഇതിനാൽ നിർദ്ദേശിക്കുന്നു”.

എഡ്വേഡ് സയീദ്

ഇവിടെ കാര്യങ്ങൾ വ്യക്തമാണ്. നിങ്ങൾ സത്യം വിളിച്ചു പറയുകയും രാജ്യത്തു നിലനിൽക്കുന്ന വംശീയവാദത്തിന്റെ ഘടനാപരമായ അടിവേരുകൾ തുറന്നുകാട്ടുകയും ചെയ്താൽ നിങ്ങൾ കുഴപ്പത്തിലകപ്പെടും. ഫെഡറൽ സർക്കാർ നിങ്ങളെ തേടി വരും. ഭരണകൂടത്തെയും അപരിമേയമായ അതിന്റെ അധികാര ശക്തിയെയും ഉപയോഗിച്ച് എല്ലാ തരത്തിലുള്ള വിമർശനാത്മക ചിന്തക്കും കൂച്ചുവിലങ്ങിടുന്ന ഈ നടപടി തീർച്ചയായും ട്രംപിന്റെ ഭരണകാലത്തോടെയല്ല ആരംഭിച്ചത്. രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പ്, അമേരിക്കൻ സർവകലാശാലകളിലെ ഇസ്രായേലിനെതിരെയുള്ള വിമർശന സ്വരങ്ങളെ നിശബ്ദമാക്കാൻ അമേരിക്കൻ സയണിസ്റ്റുകൾ തിരഞ്ഞെടുത്തതും ഇതേ തന്ത്രമായിരുന്നു. അന്ന് അവരുടെ പ്രധാന ഉന്നം എഡ്വേഡ് സയീദും അദ്ദേഹത്തിന്റെ വിമർശനാത്മക പാണ്ഡിത്യവുമായിരുന്നു.

2003 ഒക്ടോബറിൽ സലോൺ പത്രത്തിൽ എഴുതിയ ഒരു ലേഖനത്തിൽ അമേരിക്കൻ മാധ്യമപ്രവർത്തക മിഷേൽ ഗോൾഡ്ബെർഗ് വിശദീകരിക്കുന്നത് കാണുക: “സർവകലാശാലകളിലെ ഇന്റർനാഷണൽ സ്റ്റഡീസ് വിഭാഗങ്ങളോട് ഒന്നുകിൽ അമേരിക്കൻ വിദേശകാര്യ നയങ്ങൾക്ക് കൂടുതൽ പിന്തുണ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുകയോ അല്ലെങ്കിൽ ലഭിക്കുന്ന സർക്കാർ ഫണ്ടിന്റെ കാര്യത്തിൽ തീരുമാനമാകുമെന്ന് മുന്നറിയിപ്പ് നൽകുകയോ ചെയ്യുന്ന ബില്ല് യു.എസ് പ്രതിനിധിസഭ ഐക്യകണ്ഠേന പാസ്സാക്കി. പ്രതിനിധി സഭയുടെ അംഗീകാരം ലഭിച്ചതിന് ശേഷം കോൺഗ്രസ് അംഗങ്ങൾ വാദം കേട്ടതിൽ അമേരിക്കൻ വിരുദ്ധതയുടെ തുരുത്തുകൾ എന്ന് വിശേഷിപ്പിക്കപ്പെട്ട മിഡിൽ ഈസ്റ്റേൺ സ്റ്റഡീസ് വിഭാഗങ്ങളിൽ എഡ്വേഡ് സയീദിന്റെ അപകടകരമായ സ്വാധീനത്തെ കുറിച്ചുള്ള സാക്ഷ്യവുമുണ്ടായിരുന്നു”.

എഡ്വേഡ് സയീദിന്റെ പാണ്ഡിത്യത്തിനും, യു.എസിനെയും ലോകത്തെയും അപായപ്പെടുത്തുന്ന മൗലികമായ അനീതികളുടെ വേരുകൾ അനാവരണം ചെയ്യുന്ന മറ്റേതൊരു വിമർശനാത്മക ചിന്തക്കും വിലക്കേർപ്പെടുത്താൻ ശ്രമിച്ച അതേ ശക്തികൾ തന്നെയാണ് ഇന്ന് ക്രിട്ടിക്കൽ റേസ് തിയറിക്ക് എതിരെയും തിരിഞ്ഞിരിക്കുന്നത്. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഈ ആശയം, വംശീയവാദത്തെ ട്രംപോ ബെന്യമിൻ നെതന്യാഹുവോ ഇമ്മാനുവൽ മാക്രോണോ ബോറിസ് ജോൺസണോ ദിനംപ്രതി നടത്തുന്ന വ്യക്തിഗത വംശീയ ഉറഞ്ഞുതുള്ളലുകളിൽ പരിമിതപ്പെടുത്താതെ, അതിനെ രൂപപ്പെടുത്തുന്ന അടിസ്ഥാന സാമൂഹ്യ ശക്തികളെ തന്നെ തുറന്നുകാട്ടി തകർത്തുകളയുക  എന്നതാണ് ലക്ഷ്യം വെക്കുന്നത്.

അന്റോണിയോ ഗ്രാംഷി

വിമർശനാത്മക ചിന്തയുടെ വേരോട്ടങ്ങൾ

ഒരു സമൂഹത്തിന്റെ വർഗ്ഗഘടനയെ പരിപോഷിപ്പിച്ച് നിലനിർത്തുന്ന പ്രത്യയശാസ്ത്ര ശക്തികളിൽ പെട്ടതാണ് നൈയാമിക, രാഷ്ട്രീയ, വിദ്യാഭ്യാസ വ്യവസ്ഥകളെന്ന ആശയം ക്രിട്ടിക്കൽ റേസ് തിയറിയേക്കാൾ പഴക്കമുള്ളതും, ചുരുങ്ങിയത് പ്രമുഖ ഇറ്റാലിയൻ മാർക്സിസ്റ്റ് സൈദ്ധാന്തികൻ അന്റോണിയോ ഗ്രാംഷി മുന്നോട്ടു വെച്ച ‘അധീഷത്വം’(ഹെജിമണി) എന്ന ആശയത്തിലും, അദ്ദേഹത്തിനും മുമ്പ് മാർക്സിന്റെ ‘ജർമ്മൻ ഐഡിയോളജി’ എന്ന കൃതിയിലും വേരുകളുള്ളതാണ്. ഇവ്വിഷയകമായി തന്നെ, നീഷേയിലേക്കും അവിടെനിന്ന് പ്ലാറ്റോയുടെ ‘റിപ്പബ്ലിക്കി’ൽ പ്രതിപാദിക്കുന്ന ഥ്രസീമക്കസിന്റെ (Thrasymachus) സോക്രട്ടീസുമായുള്ള കൂടിക്കാഴ്ചയിലേക്കുമായി ഇനിയും പുറകിലേക്ക് നമുക്ക് സഞ്ചരിക്കാനാകും; നീതിയെ കുറിച്ചുള്ള സോക്രട്ടീസിന്റെ വാദങ്ങൾക്കിടെ ‘കയ്യൂക്കുള്ളവന്റെ താൽപര്യം’ എന്ന് നീതിയെ നിർവചിച്ച് ഥ്രസീമക്കസ് ഇടപെടുന്നത് കാണാം.

അതുകൊണ്ട്, ക്രിട്ടിക്കൽ റേസ് തിയറിയിൽ വ്യാപൃതരായ പണ്ഡിതന്മാർ വിമർശനാത്മക ചിന്ത കണ്ടെത്തിയവരോ അതുപയോഗിച്ച് വംശീയവാദത്തെ സൂക്ഷ്മപഠനത്തിന് വിധേയരാക്കുന്ന ആദ്യത്തെ ആളുകളോ അല്ലെന്ന് ചുരുക്കം. ദീർഘകാലമായി നൈരന്തര്യത്തോടെ തുടരുന്ന സൈദ്ധാന്തിക മുന്നൊരുക്കം ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ എന്ന വമ്പിച്ച സാമൂഹിക മുന്നേറ്റത്തിന് ഇപ്പോൾ ചാലകശക്തിയാവുന്നിടത്ത് തന്നെയാണ് അമേരിക്കൻ ചരിത്രത്തിലെ ഈ സവിശേഷ ഘട്ടത്തിൽ ക്രിട്ടിക്കൽ റേസ് സിദ്ധാന്തത്തിന്റെ പ്രസക്തിയും. ഒരു അക്കാദമിക സിദ്ധാന്തവും താഴെക്കിടയിലുള്ളവരുടെ സാമൂഹ്യ പ്രക്ഷോഭവും തമ്മിൽ ഉരുത്തിരിഞ്ഞ ഫലപ്രദമായ ഈ സഹവർത്തിത്വം തന്നെയാണ് തങ്ങളുടെ വർഗ–വംശ അധീശത്വ മേൽക്കോയ്മയെ പല്ലും നഖവും ഉപയോഗിച്ച് സംരക്ഷിച്ചു നിർത്താൻ കിണഞ്ഞു പരിശ്രമിക്കുന്നവരെ വിറളി പിടിപ്പിക്കുന്നത്. ഇത് ശുദ്ധമായും ലളിതമായും പറഞ്ഞാൽ ഒരു വർഗ്ഗസമരമാണ്. വെള്ളക്കാരെന്ന് സ്വയം വിശേഷിപ്പിക്കുന്നവർ വെളുത്ത വംശജരായത് കൊണ്ടു മാത്രം അവർക്ക് ലഭിച്ച പ്രിവിലേജുകൾ കോട്ടകെട്ടി സംരക്ഷിക്കാൻ പരിശ്രമിക്കുകയും, തങ്ങളുടെ അധികാര ശക്തിക്ക് വിധേയരാവുന്നവർക്ക് നേരെ വ്യവസ്ഥാപിതമായും നിരന്തരമായും അഴിച്ചുവിടുന്ന ഭീകരതക്കെതിരെ ഉയരുന്ന ഏതു വിമർശനാത്മക അവബോധത്തെയും ശക്തമായി പ്രതിരോധിക്കുകയും ചെയ്യുന്നു.

ക്രിട്ടിക്കൽ റേസ് തിയറി പ്രചാരം നേടിയ രീതി മറ്റ് അക്കാദമിക പ്രസ്ഥാനങ്ങളും ശാഖകളും പൊതുവായി അറിയപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത രീതികളിൽ നിന്ന് ഏറെ വിഭിന്നമായിരുന്നില്ല. CRT യുടെ വ്യാപക സ്വീകാര്യതക്ക് വഴിവെച്ച സുപ്രധാനമായൊരു സംഭവമാണ് റിച്ചാർഡ് ഡെൽഗാഡോയും ജീൻ സ്റ്റെഫാൻകിക്കും ചേർന്ന് രചിച്ച ‘Critical Race Theory: An Introduction’ എന്ന പുസ്തകം 2001-ൽ പുറത്തിറങ്ങിയത്. ഈ ആശയധാരയുടെ ഉത്ഭവം, പ്രധാന പ്രമേയങ്ങൾ, പ്രധാന ആശയപ്രചാരകർ എന്നിവ വിശദമാക്കുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. പുതിയ പല സംഭവവികാസങ്ങളും ഉൾപ്പെടുത്തി ഗ്രന്ഥകർത്താക്കൾ പിന്നീട് അതിന്റെ നവീകരിച്ച പതിപ്പും പുറത്തിറക്കുകയുണ്ടായി.

വിമോചന ദൈവശാസ്ത്രം, കീഴാള പഠനം, പോസ്റ്റ്കൊളോണിയൽ പഠനം തുടങ്ങിയ പഠന ശാഖകളെ പോലെ തന്നെ ക്രിട്ടിക്കൽ റേസ് തിയറിയും, ചരിത്രരപരവും സൈദ്ധാന്തികവുമായ വിശദീകരണം ആവശ്യമായ  നിലനിൽക്കുന്ന സാമൂഹിക യാഥാർത്ഥ്യങ്ങളോടുള്ള പ്രതികരണമായി തന്നെയാണ് വളർന്നുവന്നത്. ഒരു പഠന മേഖലക്കുള്ള ധനസഹായം നിർത്തലാക്കുന്നതോ, അതിന് സെൻസർഷിപ്പ് ഏർപ്പെടുത്തുന്നതോ പൈശാചികവൽക്കരിക്കുന്നതോ അതിന്റെ പിറവിക്ക് കാരണമായ സാമൂഹിക സാഹചര്യങ്ങളെ ഇല്ലാതാക്കുന്നില്ല എന്നതാണ് പ്രഥമമായി മനസ്സിലാക്കേണ്ടത്. അത്തരം പ്രവൃത്തികൾ യഥാർത്ഥത്തിൽ അതിന്റെ പ്രാധാന്യത്തെയും നിയമസാധുതയെയും അടിവരയിടുകയാണ് ചെയ്യുന്നത്.

വെള്ളക്കാരല്ലാത്ത അമേരിക്കക്കാരുടെ വോട്ടവകാശം ഉറപ്പാക്കുന്ന നിയമനിർമാണത്തെ എതിർത്ത് വോട്ടു ചെയ്ത യുഎസ് സെനറ്റിലെ റിപബ്ലിക്കൻ അംഗങ്ങളുടെ കാര്യമെടുക്കുക. അങ്ങനെ ചെയ്തതിലൂടെ, ക്രിട്ടിക്കൽ റേസ് തിയറി സത്യത്തിന്റെ പാതയിലാണെന്ന് അവർ തന്നെ തെളിയിച്ചു. സമ്പന്നർ പാവപ്പെട്ടവർക്കെതിരെ പടയൊരുക്കം നടത്തുന്ന വംശീയ സ്വഭാവമുള്ള വർഗ്ഗപ്പോര് തന്നെയാണിത്.

പൊതുവിദ്യാലയങ്ങളെ ലക്ഷ്യമിടുന്നു

വംശീയതയുമായി ബന്ധപ്പെട്ട പഠനങ്ങൾക്കുള്ള ഫണ്ടുകൾ നിർത്തലാക്കുക എന്നത് ഇപ്പോൾ റിപബ്ലിക്കൻ പാർട്ടിയുടെ സുപ്രധാന അജണ്ടയാണ്. കഴിഞ്ഞ മെയ് മാസത്തിലാണ് നോർത്ത് കരോളിനയിൽ നിന്നുള്ള റിപബ്ലിക്കൻ പ്രതിനിധിയായ ഡാൻ ബിഷപ്പ് Stop CRT Act, Combatting Racist Training in the Military Act എന്നീ നിയമങ്ങൾക്കുള്ള ബില്ലുകൾ അവതരിപ്പിച്ചത്. വാർത്താ സമ്മേളനത്തിൽ അയാൾ അതിനെ വിശദീകരിച്ചത് ഇങ്ങനെയാണ്: “ക്രിട്ടിക്കൽ റേസ് തിയറിയുടെ പ്രചാരണത്തിനും പഠനത്തിനും സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യുന്നതിൽ നിന്നും, നമ്മുടെ സൈനികാംഗങ്ങൾ അതിന്റെ കെണിയിൽ വീഴുന്നതിൽ നിന്നും ഈ നിയമങ്ങൾ തടയും… ക്രിട്ടിക്കൽ റേസ് സിദ്ധാന്തം നമ്മുടെ രാജ്യത്തിന്റെ ആത്മാവിനേറ്റ വിഷബാധയാണ്. വിനാശകരമായ ഈ പ്രത്യയശാസ്ത്രത്തിന് അമേരിക്കൻ സ്ഥാപനങ്ങളിൽ യാതൊരു സ്ഥാനവുമില്ല. അതിന് വളമാകുന്ന തരത്തിൽ നമ്മുടെ രാജ്യം അതിന്റെ വിഭവങ്ങൾ ചെലവഴിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഞാൻ അവതരിപ്പിച്ച ബില്ലുകൾ സഹായിക്കും”. ബൈഡൻ ഭരണകൂടത്തിന് തീവ്ര ഇടതുപക്ഷത്തിന്റെ അകമഴിഞ്ഞ പിന്തുണയുണ്ടെന്നും, “നമ്മുടെ ക്ലാസ്മുറികളിലും തൊഴിലിടങ്ങളിലും സൈന്യത്തിലും വരെ ഈ നവ-മാർക്സിസ്റ്റ് പ്രോപഗണ്ട വ്യാപിപ്പിക്കാൻ പ്രതിജ്ഞാബദ്ധരായി പണിയെടുക്കുകയാണ്” ഭരണകൂടമെന്നും ബിഷപ്പ് വാദിച്ചിരുന്നു.

സ്വാധീനവും ശക്തിയുമുള്ള ഈ റിപബ്ലിക്കൻ രാഷ്ട്രീയക്കാർ പൊതുവിദ്യാലയങ്ങളെ പ്രത്യേകമായി ഉന്നം വെക്കാനുള്ള കാരണം, സാമ്പത്തിക പിന്നാക്ക-  മധ്യവർഗ്ഗ വിഭാഗങ്ങളും അവരുടെ കുട്ടികളും സമൂഹത്തിലെ അധസ്ഥിത വിഭാഗങ്ങളുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെടുന്ന ഇടങ്ങളാണ് അവ എന്നതിനാലാണ്. സ്വകാര്യ സ്കൂളുകളും സമൂഹത്തിലെ സമ്പന്ന വിഭാഗങ്ങളുമാണ് ഇത്തരം ‘റാഡിക്കൽ’ ആശയങ്ങളുടെ പിടിയിലാകുന്നതെങ്കിൽ അത് ഈ രാഷ്ട്രീയക്കാരെ അലോസരപ്പെടുത്തില്ല. കാരണം, സമ്പത്തിന്റെയും പ്രിവിലേജുകളുടെയും ബലത്തിൽ സമ്പന്നർക്ക് അക്കാര്യത്തിൽ ഇളവു ലഭിക്കും. പക്ഷേ, പിന്നാക്ക- മധ്യവർഗ വിഭാഗങ്ങളുടെയും പൊതുവിദ്യാലയങ്ങളുടെയും കാര്യത്തിൽ അവരിലെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ജീവിത യാഥാർത്ഥ്യങ്ങളെ അപ്പടി പ്രതിഫലിപ്പിക്കുന്നവയാണല്ലോ ഈ ആശയങ്ങൾ. അപ്പോൾ, ജനങ്ങളുടെ വിമർശനാത്മക ബോധത്തിൽ ഒരു പരിവർത്തനമായി അത് കലാശിക്കും എന്നർത്ഥം.

ക്രിട്ടിക്കൽ റേസ് സിദ്ധാന്തത്തെ പൈശാചികവൽക്കരിച്ചതു കൊണ്ടോ, വിമർശിച്ചത് കൊണ്ടോ, സെൻസറിംഗിന് വിധേയമാക്കിയത് കൊണ്ടോ, അത്തരം പഠനങ്ങൾക്കുള്ള ഫണ്ട് നിർത്തലാക്കിയത് കൊണ്ടോ മൂല വേരുകളെ തന്നെ ഗ്രസിച്ച, ചില്ലകളിലേക്കും പടർന്നു കയറിയ വംശീയതയെ പിഴുതെറിയാനാവില്ല. അതുപോലെ, ഈ രാജ്യത്തിന്റെ ചരിത്രവും വർത്തമാനകാല യാഥാർത്ഥ്യങ്ങളും പേറുന്ന പാപക്കറയും അതിലൂടെ കഴുകിക്കളയുക സാധ്യമല്ല. അതുകൊണ്ട്, ആ വംശീയതക്കെതിരെ ഉയരുന്ന പ്രതിരോധത്തെ യുക്തിപൂർവം സ്വയം  അടയാളപ്പെടുത്താനും പ്രകാശിപ്പിക്കാനും അനുവദിക്കുന്നില്ലെങ്കിൽ, ഈ രാജ്യത്തിന്റെയും മറ്റെല്ലാ രാജ്യങ്ങളുടെയും തെരുവുകളിലേക്കും ചത്വരങ്ങളിലേക്കും ആടിയും പാടിയും ഒച്ചവെച്ചും പ്രതിഷേധിച്ചും മാർച്ചു ചെയ്തും അത് സ്വമേധയാ പടർന്നു കയറും.  കാരണം, വസ്തുതകൾ എല്ലായ്പ്പോഴും സത്യസന്ധമായ സിദ്ധാന്തത്തിനൊപ്പം സധൈര്യം നിലകൊള്ളാറുണ്ട് എന്നതാണ് ചരിത്രം.


വിവർത്തനം: അനസ് പടന്ന

കടപ്പാട്: അൽ ജസീറ

ഹാമിദ് ദബാശി