Campus Alive

അറിവന്വേഷണം: സ്ത്രീ മുന്നേറ്റങ്ങളുടെ ക്ലാസിക്കൽ ഇസ്‌ലാമിക അനുഭവങ്ങൾ

ജ്ഞാന സമ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്ന ഖുർആനിക വചനങ്ങൾ ലിംഗാധിഷ്ഠിത സ്വഭാവമുള്ളതല്ല. മറിച്ച് അറിവന്വേഷകരുടെ പദവി അല്ലാഹു ഉയർത്തുന്നു എന്നതാണ് അത്തരം വചനങ്ങളുടെയെല്ലാം ഭാഷ്യം. ക്ലാസിക്കൽ ഇസ്‌ലാമിലെ മുസ്‌ലിം സ്ത്രീയുടെ അറിവന്വേഷണത്തെ സംബന്ധിച്ച ചരിത്രമത്രയും ലിംഗാധിഷ്ഠിത വേർതിരിവുകളോടെയുള്ള സമീപനങ്ങളെ വെല്ലുവിളിക്കുന്നവയാണ്.മുസ്‌ലിം യാഥാസ്ഥികതയുടെ ബോധങ്ങളെ മറികടന്ന് സാമൂഹിക നിർമ്മാണത്തിലെ അവരുടെ അനിഷേധ്യമായ പങ്കിനെ സൂചിപ്പിക്കുന്നതാണ് പ്രസ്തുത ചരിത്രവസ്തുതകൾ.ക്ലാസിക്കൽ സുന്നി നിയമ വ്യവഹാരങ്ങളിൽ സ്ത്രീ വിദ്യാഭ്യാസത്തെ സംബന്ധിച്ച സമീപനത്തിൽ തീർത്തും നിഷേധാത്മക സ്വഭാവം പുലർത്തുന്നതും പ്രവാചകർ(സ) തങ്ങളിലേക്ക് ചേർക്കപ്പെടുന്നതുമായ രണ്ട് പാരമ്പര്യങ്ങളെ കാണാൻ സാധിക്കും. സ്ത്രീകളെ എഴുത്തു പഠിപ്പിക്കുന്നതിന് പകരം അവരെ സൂറത്ത് നൂറും തയ്യൽ വിദ്യയും പഠിപ്പിക്കുക എന്ന് ആഹ്വാനം ചെയ്യുന്ന അത്തരം പാരമ്പര്യങ്ങളുടെ ആഖ്യാതാക്കൾ പ്രമുഖരായ ഹദീസ് പണ്ഡിതന്മാരാൽ തള്ളപ്പെട്ടിട്ടുണ്ട് എന്നത് അവരുടെ ആഖ്യാനങ്ങളെ ദുർബലപ്പെടുത്തുകയും അവയുടെ സാധുതയെ നിരാകരിക്കുകയും ചെയ്യുന്നുണ്ട്. അറിവ് നേടുന്നതിനെക്കുറിച്ച് പറയുന്ന ഖുർആനിക വചനങ്ങളെ മുഫസിറുകളിൽ ആരും തന്നെ പുരുഷന്മാരിലേക്ക് മാത്രമായി പ്രയോഗിച്ചിട്ടില്ല എന്ന് മാത്രമല്ല പുരുഷനെയും സ്ത്രീയെയും അറിവ് നേടാൻ ഒരുപോലെ നിർബന്ധിക്കുന്നതായി കാണാം. സ്ത്രീയുടെ അറിവന്വേഷണത്തെ പ്രോത്സാഹിപ്പിക്കുന്ന സാധുവായ മാതൃക പ്രവാചകൻ്റെ സ്ത്രീ സഹയാത്രികരിൽ ഒരാളായ ഷിഫാ ബിൻത് അബ്ദുല്ലാ എന്ന മഹതിയിൽ ദർശിക്കാൻ സാധിക്കുന്നതാണ്. പത്നിയായ ഹഫ്സ(റ)യെ എഴുത്തും വായനയും പഠിപ്പിക്കാൻ പ്രവാചകൻ ശിഫാ ബിൻത് അബ്ദുല്ല എന്ന മഹതിയോട് നിർദ്ദേശിക്കുന്ന അനുഭവം അവിടെ കാണാൻ കഴിയുന്നുണ്ട്. അറിവ് കരസ്ഥമാക്കുക എന്നത് എല്ലാ മുസ്‌ലിമിനും നിർബന്ധമാണെന്ന നബിവചനം തീർച്ചയായും ലിംഗ നിഷ്പക്ഷമായി തന്നെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്. സ്ത്രീകളിൽ ഏറ്റവും മികച്ചവർ അൻസാരി സ്ത്രീകളാണ്, അവരുടെ മതത്തെക്കുറിച്ച് അറിവുള്ളവരാവുന്നതിൽ നിന്ന് ലജ്ജ അവരെ തടയുന്നില്ല എന്ന ആയിഷ (റ) യുടെ വാക്കുകളും പ്രസക്തമാണ്.

 പ്രവാചകൻ (സ) യിൽ നിന്ന് അറിവ് നേടുന്നതിൽ പുരുഷന്മാർ ഞങ്ങളെ മറികടക്കുന്നുണ്ട്, അതിനാൽ അവിടുന്ന് ഞങ്ങൾക്ക് വേണ്ടിയും ഒരു ദിവസം മാറ്റിവെക്കണമെന്ന സ്ത്രീകളുടെ ആവശ്യത്തെ അംഗീകരിച്ച പ്രവാചകൻ്റെ സമീപനം തന്നെ ഏറ്റവും വലിയ മാതൃകയാണ്. ഇത്തരം ചരിത്രവസ്തുതകളെ ചികഞ്ഞുകൊണ്ട് ഹദീസ് നിവേദന ശാസ്ത്രത്തിലെ സ്ത്രീ മുന്നേറ്റത്തെ കുറിച്ച് അന്വേഷിക്കുകയാണ് അസ്മാ സഈദ് അവരുടെ ‘ Muslim women’s religious education in early and classical Islam ‘ എന്ന പ്രബന്ധത്തിലൂടെ. പ്രധാനമായും ശംസുൽ ഹഖ് അൽ അസീമാബാദിയെന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമുഖ മുസ്‌ലിം പണ്ഡിതൻ സ്ത്രീകളെ എഴുത്ത് പഠിപ്പിക്കേണ്ടതിനെക്കുറിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയായി രചിച്ച ‘ ഉഖൂദുൽ ജുമാൻ ഫീ തഅ’ലീമി അൽ കിതാബ ലിൽ നിസ്വാൻ ‘ എന്ന കൃതിയെ അവലംബിച്ച് കൊണ്ടാണ് അസ്‌മാ സഈദ് തൻ്റെ പഠനത്തെ വികസിപ്പിക്കുന്നത്.

ഇസ്‌ലാമിക നിയമശാസ്ത്രവുമായി ബന്ധപ്പെടുന്നവർക്ക് ഒരു നിയമ പരിരക്ഷ എന്ന നിലയിലും മുൻ മാതൃകകളിൽ നിന്ന് വിലയിരുത്തുന്നവർക്ക് ചരിത്രപരമായ പാഠങ്ങൾ എന്ന നിലയിലുമായി രണ്ട് തലങ്ങളുള്ള സമീപനമാണ് അൽ അസീമാബാദി മുന്നോട്ടുവെക്കുന്നത് എന്നാണ് അസ്മ സഈദ് പറയുന്നത്. ആദ്യകാല ക്ലാസിക്കൽ ഇസ്ലാമിലെ സ്ത്രീ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സമകാലിക പഠനങ്ങളുടെ പ്രധാന രീതികളെ പ്രതിപാദിക്കുന്നതോടൊപ്പം പ്രസ്തുത വിഷയത്തെ സംബന്ധിച്ച അവലോകനത്തിന് ഒരു അനുയോജ്യമായ ആമുഖം അൽ അസീമാബാദിയുടെ ഈയൊരു പഠനം സമർപ്പിക്കുന്നുണ്ട്. ബാഗ്ദാദിൽ ജീവിച്ച ശുഹദാ അൽ കാതിബ(d. 1178)എന്ന പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു പണ്ഡിതയുടെ വൈജ്ഞാനിക ജീവിതത്തിലാണ് അസ്മ സഈദ് തൻ്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.ഹദീസ്, നിയമം, തിയോളജി, കവിത, കാലിഗ്രാഫി തുടങ്ങിയ മേഖലകളിലൂടെ പഠനം നടത്തിയ ഒരു മികച്ച സ്ത്രീപണ്ഡിതയാണ് ശുഹദാ അൽ കാതിബ.ശുഹദയുടെ പിതാവായ അബു നസർ അഹ്മദ് ബിൻ അൽ ഫറാജ് എന്നവർ ബാഗ്ദാദിലെ പ്രമുഖ ഉലമാക്കളുമായി ബന്ധമുള്ള ഒരു ഹദീസ് പണ്ഡിതനായിരുന്നു. ഹമ്പലി പണ്ഡിതനും കിതാബ് അൽ മുഅ’തമദ് എന്ന കൃതിയുടെ രചയിതാവുമായ അബൂ യഅ’ല അൽ ഫറ(d. 1066)യും, പ്രമുഖ ഷാഫി ഹദീസ് പണ്ഡിതനും ചരിത്രകാരനും ‘ താരീഖ് ബാഗ്ദാദ് ‘ എന്ന കൃതിയുടെ രചയിതാവുമായ അൽ ഖത്തീബ് അൽ ബാഗ്ദാദി(d. 1071) യും അവരിൽ പെട്ടവരാണ്.

അഹ്മദ് ബിൻ ഫറാജ് തൻ്റെ മകളുടെ പഠന കാര്യത്തിൽ വളരെ ചെറുപ്പത്തിൽ തന്നെ പ്രത്യേക ശ്രദ്ധ കാണിച്ചിരുന്നു. വ്യത്യസ്തരായ പണ്ഡിതന്മാരിൽ നിന്ന് അദ്ദേഹം പഠിച്ച ഹദീസുകളും അതിൻ്റെ നിവേദനങ്ങളും മകളെ പഠിപ്പിക്കുകയും പ്രമുഖരായ പണ്ഡിതന്മാരുടെ പഠന സദസ്സുകളിലേക്ക് അവരെ കൊണ്ടുപോവുകയും ചെയ്തു. ഇതാണ് പിന്നീട് അവരുടെ ജീവിത വിജയത്തിന് കാരണമായത്. ക്ലാസിക്കൽ മുസ്‌ലിംകളുടെ ഹദീസ് പഠനത്തിലെ ശ്രദ്ധേയമായ കാര്യമാണ് വളരെ ചെറുപ്പത്തിൽ തന്നെ കുട്ടികളെ വലിയ പണ്ഡിതന്മാരുടെ അടുത്തേക്ക് പഠിക്കാൻ അയക്കുന്ന പതിവ്. പ്രവാചകനിലേക്ക് എത്തുന്ന ചെറിയ നിവേദക പരമ്പരകളെയോ ശൃംഖലകളെയോ നിർമ്മിക്കുന്നതിന് ഈ ആചാരം കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ശുഹദ (റ) യുടെ പിതാവ് അവരെ പത്ത് വയസ്സ് തികയുന്നതിന് മുമ്പ് തന്നെ ബാഗ്ദാദിലെ പ്രമുഖരായ പണ്ഡിതന്മാരുടെ അടുത്തേക്ക് പഠിക്കാൻ അയക്കുന്നത്. ഹനഫി പണ്ഡിതനായ തിറാദ് ബിൻ മുഹമ്മദ് ബിൻ സൈനബ് എന്നവരും ശുഹദയുടെ പ്രമുഖ അധ്യാപകരിൽ ഒരാളാണ്. ഇവരെ കൂടാതെ മുപ്പതോളം വരുന്ന പണ്ഡിതന്മാരിൽ നിന്നും ഹദീസ് സമാഹാരങ്ങളുടെയോ ഗ്രന്ഥങ്ങളുടെയോ നിവേദനത്തിനുള്ള ആധികാരികത വളരെ നേരത്തെ തന്നെ ശുഹദ നേടിയിരുന്നു. ക്ലാസിക്കൽ സോഴ്സുകളിൽ പതിവായി ഉദ്ധരിക്കപ്പെടാറുള്ള കാരണത്താൽ ശുഹദ വേറിട്ട് തന്നെ നിൽക്കുന്നു എന്ന് നാജി മഅ’റൂഫ് പറഞ്ഞതായി അസ്മ സഈദ് രേഖപ്പെടുത്തുന്നുണ്ട്. ശുഹദ (റ) യുടെ വിദ്യാർഥി വൃത്തം എന്നത് വിപുലവും വൈവിധ്യപൂർണവുമാണ്. പന്ത്രണ്ടാം നൂറ്റാണ്ടിലെ ബാഗ്ദാദിലെ പണ്ഡിതരുടെയോ അല്ലെങ്കിൽ പഠനാവശ്യാർത്ഥം അങ്ങോട്ട് യാത്ര ചെയ്തവരുടെയോ ജീവചരിത്രങ്ങളിൽ സാധാരണയായി ശുഹദ (റ) യുടെ പേര് പരാമർശിക്കപ്പെടാറുള്ളതാണ്. ജീവചരിത്ര സമാഹാരങ്ങളിൽ നിന്നും, ലഘുലേഖകളിൽ നിന്നും, മുസ്‌ലിം ചരിത്രത്തിന്റെ ആദ്യ നൂറ്റാണ്ടുകളിൽ കൈമാറ്റം ചെയ്യപ്പെട്ട കൃതികളുടെ നിവേദക പരമ്പരകളിൽ നിന്നുമായി ശുഹദയുടെ 168 വിദ്യാർഥികളുടെ(162 പുരുഷന്മാരും 6 സ്ത്രീകളും) പേരുകൾ മഅ’റൂഫ് തിരഞ്ഞെടുത്തതായി അസ്മ സഈദ് സൂചിപ്പിക്കുന്നുണ്ട്. അവരുടെ പ്രധാനപ്പെട്ട രണ്ട് വിദ്യാർത്ഥികളായിരുന്നു ഹമ്പലി കർമശാസ്ത്ര പണ്ഡിതനും ചരിത്രകാരനും അൽ മുൻതസം( രാഷ്ട്രീയ ചരിത്രം), സിഫാത് അൽ സഫ്‌വ(പ്രമുഖ സൂഫികളെ കുറിച്ചുള്ള കൃതി) പോലുള്ള കൃതികളുടെ രചയിതാവുമായ ഇബ്നു അൽ ജൗസി എന്നവരും ഹമ്പലി കർമശാസ്ത്ര പണ്ഡിതനായ, ‘ അൽ മുഗ്നി ‘ എന്ന വിപുലമായ ഗ്രന്ഥത്താൽ അറിയപ്പെട്ട ഇബ്നു ഖുദാമ എന്നവരും. ശുഹദയുടെ നിരവധി വിദ്യാർത്ഥികളുടെ ജന്മസ്ഥലങ്ങൾ സൂചിപ്പിക്കുന്നത് അവരുടെ പ്രസിദ്ധി ബാഗ്ദാദിന് അപ്പുറത്തേക്കും വ്യാപിച്ചിരുന്നു എന്നതാണ്. ഇബ്നു ഖുദാമ (റ) യുടെ ഡമാസ്കസിൽ നിന്നുള്ള മറ്റു കുടുംബാംഗങ്ങൾ ബാഗ്ദാദിലേക്കുള്ള യാത്രയ്ക്കിടയിൽ അവരുടെ ഹദീസ് കേൾക്കുന്നതിനായി പോയത് അതിനുദാഹരണമാണ്. ശുഹദ (റ) യുടെ അധ്യാപകരുടെ കൂട്ടായ ചിത്രം ഹദീസ് കൈമാറ്റം സമൂഹത്തിൽ എത്രത്തോളം ആഴത്തിൽ വ്യാപിച്ചിട്ടുണ്ടെന്നും ക്ലാസിക്കൽ മുസ്‌ലിംകളെ ഒരുമിപ്പിക്കുന്ന ഘടകമായി അത് പ്രവർത്തിച്ചു എന്നും ആത്യന്തികമായി വെളിപ്പെടുത്തുന്നുണ്ട് എന്നാണ് അസ്മ സഈദ് പറയുന്നത്. ചെറുപ്രായത്തിൽ പള്ളികളും മദ്രസകളും പോലുളള ബാഗ്ദാദിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശുഹദ (റ) പഠിച്ചിട്ടുണ്ടാവാൻ സാധ്യതയുണ്ടെങ്കിലും അത്തരം സ്ഥാപനങ്ങളിലൊന്നും അവർ അധ്യാപക പദവി വഹിച്ചതായി എവിടെയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. എന്നിട്ട് കൂടി അവർ സ്വന്തം വീട്ടിലും രിബാത്തുകളിലും ഒക്കെയായി അധ്യാപനം നടത്തി എന്നത് അവർ നേടിയ പ്രസിദ്ധിയെയാണ് സൂചിപ്പിക്കുന്നത്. തൻ്റെ എൺപതാം വയസ്സിൽ ഇബ്നു സല്ലാമിന്റെ അൽ അംവാൽ എന്ന കൃതി സ്വന്തം വീട്ടിൽ വെച്ച് അധ്യാപനം നടത്തിയത് അതിനുദാഹരണമാണ്. സൽജൂഖ് ഭരണകൂടത്തിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളർച്ച സാധ്യമാക്കിയ നാനാഭാഗത്തു നിന്നുമുള്ള വിദ്യാർത്ഥി കുടിയേറ്റങ്ങൾ ശുഹദ (റ) യുടെ കരിയറിനെ അനുകൂലമായി ബാധിച്ചു എന്നാണ് അസ്മ സഈദ് പറയുന്നത്. കാരണം അത്തരം കുടിയേറ്റങ്ങൾ അവരുടെ വിദ്യാർത്ഥി വലയത്തെ വിസ്തൃതമാക്കിയിട്ടുണ്ട്.

ശുഹദ (റ) യുടെ പ്രാഗത്ഭ്യം ഹദീസ് നിവേദനത്തിൽ മാത്രം പരിമിതമായിരുന്നില്ല എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അൽ കാതിബ എന്ന അവരുടെ സ്ഥാനപ്പേര് ബാഗ്ദാദിലെ പ്രമുഖരായ കാലിഗ്രാഫർമാരിൽ പെട്ട ഒരാളെന്ന പ്രസിദ്ധിയെയാണ് അറിയിക്കുന്നത്. ഖുർആൻ പകർത്തുന്നതിന് നവീനമായ ഒരു പ്രത്യേക ലിപി അവതരിപ്പിച്ച് വ്യാപകമായി ശ്രദ്ധയാകർഷിച്ച ഇബ്നു ബവ്വാബ് എന്ന ബുവൈഹി കാലഘട്ടത്തിലെ കാലിഗ്രാഫർ ആരംഭിച്ച ഒരു അറിയപ്പെട്ട സ്കൂളിൽ ശുഹദ (റ) അധ്യാപികയായിരുന്നു. മാത്രമല്ല, ഇബ്നു ബവ്വാബിനും ഖിബലത്തുൽ കുത്താബ് എന്ന് പേരുള്ള യാഖൂത് അൽ മുസ്തഅ’സിമിനും ഇടയിൽ ശുഹദ (റ) വിദ്യാർത്ഥി അധ്യാപിക ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഇക്കാര്യത്തിലെ ശുഹദ (റ) യുടെ നേട്ടങ്ങൾ അറിയിക്കുന്നത്, സ്ത്രീകൾ ഹദീസ് നിവേദനത്തിന് പുറമെയുള്ള മേഖലകളിലും മികവ് പുലർത്തിയിട്ടുണ്ട് എന്ന വസ്തുതയാണ്. ശുഹദ (റ) യുടെ വൈജ്ഞാനിക ജീവിതത്തെക്കുറിച്ച ഈ ഒരു ചെറിയ ഭാഗം ചരിത്ര സ്രോതസുകളിൽ നിന്ന് ലഭിച്ച വിവരങ്ങളുമായി സംയോജിപ്പിക്കുമ്പോൾ, സൽജൂഖ് കാലഘട്ടത്തിൽ സജീവവും പതിനൊന്നും പന്ത്രണ്ടും നൂറ്റാണ്ടുകളിൽ ഖുറാസാൻ മുതൽ അന്ദലുസ് വരെയുള്ള പണ്ഡിത വൃത്തങ്ങളെ സ്വാധീനിക്കുകയും ചെയ്ത സ്ത്രീകളുടെ ഒരു ചിത്രം അത് കൊണ്ടുവരുന്നുണ്ട് എന്നാണ് അസ്മ സഈദ് പറയാൻ ശ്രമിക്കുന്നത്. ക്ലാസിക്കൽ ഇസ്ലാമിലെ സ്ത്രീകളെയും അവരുടെ വിദ്യാഭ്യാസത്തെയും കുറിച്ചുള്ള പഠനങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത് ഹദീസ് മേഖലയിലാണ് എന്നതും വാസ്തവമാണ്.

അലി ജൗഹർ ചെങ്ങരത്ത്