Campus Alive

ഇത് ഫലസ്തീനിന്റെ വിമോചന യുദ്ധമോ?

ലോകത്തെ ഏറ്റവും കരുത്തുറ്റ സൈനികശക്തിയുടെ മുന്നില്‍ കുറച്ച് യാന്ത്രിക പാരാഗ്ലൈഡറുകള്‍ക്ക് എന്തു ചെയ്യാനാകും?

നൂതനമായ ഫലസ്തീനിയന്‍ പ്രതിരോധമാണ് ശനിയാഴ്ച്ച രാവിലെ യാദൃശ്ചികമായി കര,കടല്‍, വായു മാര്‍ഗങ്ങളിലൂടെ ഇസ്രായേലിലേക്ക് ആഞ്ഞടിക്കപ്പെട്ടതെന്ന് വ്യക്തം. ഫലസ്തീനിയന്‍ പ്രതിരോധത്തിന്റെ വ്യോമസേനയായി ആ പാരാഗ്ലൈഡറുകള്‍ മാറിയ കാഴ്ച്ചയാണ് വീഡിയോയിലൂടെ നാം കണ്ടത്.

ഒക്ടോബര്‍ ഏഴിന് ഹമാസ് നയിച്ച വമ്പന്‍ പ്രത്യാക്രമണം- ഓപറേഷന്‍ അല്‍ അഖ്‌സ ഫ്ലഡ് അപ്രതീക്ഷിതമായിരുന്നു. വെസ്റ്റ്ബാങ്കിലും ഹുവ്വാരയിലും ജെറുസലേമിലും നടന്നുവരുന്ന ഇസ്രായേല്‍ നരനായാട്ടിന്, പ്രത്യേകിച്ചും കഴിഞ്ഞ മാസത്തെ യഹൂദ പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ അധിനിവിശേകര്‍ മസ്ജിദുല്‍ അഖ്‌സയ്ക്കു നേരെ നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് അതുണ്ടായത്. ഒന്നരപതിറ്റാണ്ടായി ഗസ്സ അനുഭവിക്കുന്ന ഉപരോധത്തെ പ്രത്യേകം ചൂണ്ടിക്കാണിക്കേണ്ടതില്ലല്ലോ.

ഇസ്രായേല്‍ സൈന്യത്തിന്റെ അജയ്യതയെന്ന മിഥ്യയെ തുടച്ചുനീക്കുന്നതും അവരുടെ പുകഴ്‌പെറ്റ ഇന്റലിജന്‍സ് ശക്തിയുടെ പൊള്ളത്തരത്തെ തുറന്നുകാണിച്ചതുമായി ഇത്തവണത്തെ പ്രത്യാക്രമണമെന്ന് അറബ് മാധ്യമങ്ങള്‍ എഴുതി. ഒഫാകിം നഗരമുള്‍പ്പെടെ ഗസ്സയില്‍ നിന്നും 22 കിലോമീറ്റര്‍ വ്യാപ്തിയില്‍ പരന്നുകിടക്കുന്ന നിരവധി അധിനിവേശ കോളനികള്‍ ഫലസ്തീനി ചെറുത്തുനില്‍പ്പ് സേനകള്‍ തിരിച്ചുപിടിച്ചതും ആശ്ചര്യമുളവാക്കി. ഒരുപക്ഷേ ഇസ്രായേല്‍ അധിനിവേശകര്‍ക്ക് തങ്ങളുടെ സൈന്യത്തിലുണ്ടായിരുന്ന ആത്മവിശ്വാസത്തിന് അന്ത്യകാഹളമൂതിയതായിരിക്കാം അധിനിവേശ കോളനികളുടെ തിരിച്ചുപിടിക്കലിലൂടെയുണ്ടായ പ്രധാന നേട്ടം.

ആയിരക്കണക്കിന് ഇസ്രായേലികള്‍ മരുഭൂമിയിലൂടെ കാല്‍നടയായി റോക്കറ്റുകള്‍ക്കും തോക്കിന്‍മുനകള്‍ക്കും പിടിനല്‍കാതെ രക്ഷപ്പെടുകയാണെന്നും പലരും തങ്ങളുടെ പാര്‍പ്പിടങ്ങളില്‍ ചെറുത്തുനില്‍പ്പ് സേനയെ ഭയന്ന് ഒളിച്ചുകഴിയുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗസ്സയുടെ സമീപത്തെ രണ്ടു ഡസന്‍ കോളനികളില്‍ നിന്നും ഒളിച്ചോടാത്തവരെ ഇസ്രായേല്‍ സേന ഒഴിപ്പിക്കുകയായിരുന്നു.

തങ്ങളുടെ ജീവനും മക്കളുടെ ഭാവിയും സംരക്ഷിക്കാന്‍ അധിനിവേശഭൂമിയില്‍ നിന്നും പറന്നവര്‍ ഇനി തിരിച്ചുവരില്ലെന്നു തന്നെയാണ് അനുമാനം. മറ്റുള്ളവന്റെ ഭൂമി കൊള്ളയടിച്ചുള്ള പൊറുതി തങ്ങളെ ഒരുകാലത്തും സുരക്ഷിതരാക്കില്ലെന്ന് അവര്‍ ഒടുവില്‍ തിരിച്ചറിഞ്ഞു കാണണം. ഇസ്രായേലി അധിനിവേശ ശക്തികളും ഫലസ്തീന്‍ പോരാളികളും തമ്മില്‍ വമ്പിച്ച യുദ്ധമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

വിജയഘോഷവും ഭയപ്പാടും

ഇസ്രയേല്‍-ഗസ്സ അതിര്‍ത്തിയിലെ ചെക്‌പോയിന്റുകള്‍ ഫലസ്തീന്‍ പോരാളികള്‍ തകര്‍ത്തെറിയുന്ന കാഴ്ച്ച ഇസ്രായേലികളെ മാത്രമല്ല അമ്പരപ്പിച്ചത്, ഫലസ്തീനികളെക്കൂടിയാണ്. തങ്ങളുടെ നിഷ്ഠൂരഅധനിവിശേകര്‍ക്കെതിരെ ഫലസ്തീനികള്‍ നടത്തിയ യുദ്ധത്തിന് പിന്തുണയുമായി അറബ്-ഫലസ്തീനിജനത തെരുവിലിറങ്ങി. ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് ആവേശം മൂത്ത് മാര്‍ച്ച് ചെയ്ത ജോര്‍ദാനികളെ ജോര്‍ദാന്‍ സുരക്ഷാസേന തടയുകയായിരുന്നു.

ഇസ്രായേല്‍ തടവറ ഭേദിക്കുകയും കൂറ്റന്‍ ചുവരുകള്‍ക്കു മീതെ പറന്നിറങ്ങുകയും ചെയ്യുന്ന ഫലസ്തീന്‍ പോരാളികളുടെ ദൃശ്യങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ ലക്ഷക്കണക്കിന് വരുന്ന അറബ് ജനത ഹര്‍ഷോന്‍മാദത്തിലായിരുന്നു. ഇസ്രായേലി സൈനികതാവളങ്ങള്‍ പിടിച്ചെടുത്തതും അവര്‍ ഉപേക്ഷിച്ചോടിയ ടാങ്കറുകള്‍ക്ക് മീതെ കയറി പതാക വീശിയതുമെല്ലാം ഇസ്രായേല്‍ ജനതയെ ഭയവിഹ്വലരാക്കി, അറബ്-ഫലസ്തീനി ജനയ്ക്ക് ആവേശം പകര്‍ന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന ചില ഇസ്രായേല്‍ സൈനിക നേതാക്കളെ അടിവസ്ത്രത്തോടെ പിടിച്ചുകൊണ്ടു വരുന്ന കാഴ്ച്ചയും ഉഗ്രനായിരുന്നു. അതുകണ്ടപ്പോൾ 1967 ലെ യുദ്ധത്തില്‍ പിടിക്കപ്പെട്ട ഈജ്പിഷ്യന്‍, ഫലസ്തീനി തടവുകാരെ അടിവസ്ത്രത്തോടെ നടത്തിച്ച കാഴ്ച്ച അറബികളുടെ മനസിലൂടെ മിന്നിമാഞ്ഞിരിക്കണം. ഇസ്രായേല്‍ സൈന്യത്തിന്റെ ജനറല്‍ നിംറോദ് അലോനിയടക്കമുള്ള ഉന്നതരും യുദ്ധത്തടവുകാരായുണ്ടെന്ന് ഹമാസ് അവകാശപ്പെടുന്നു.

മിസൈല്‍ വര്‍ഷങ്ങളുടെയും കടന്നാക്രമണങ്ങളുടെയും വിജയം ഇസ്രായേലിലെ വിമാനത്താവളങ്ങള്‍ ജനനിബിഡമാക്കി പ്രതിസന്ധി സൃഷ്ടിക്കുകയും സ്‌കൂളുകളും മറ്റും അടച്ചുപൂട്ടപ്പെടുകയും വാണിജ്യരംഗം അവതാളത്തിലാവുന്നതിനും കാരണമായി.

ഭീതിപ്പെടുത്തുന്ന ആള്‍നാശം

ഗസ്സയിലെ ഒരു ഡസനോളം കൂറ്റന്‍ പാര്‍പ്പിടങ്ങളും, ഫലസ്തീന്‍ ടവറുമെല്ലാം ഇസ്രായേലിന്റെ ബോംബാക്രമണത്തില്‍ തകര്‍ന്നതിനു പിന്നാലെ ചെറുത്തുനില്‍പ്പ് സംഘങ്ങള്‍ ടെല്‍അവീവിൽ വലിയ തോതില്‍ മിസൈലുകള്‍ വര്‍ഷിക്കാനാരംഭിച്ചു. ഗസ്സയിലെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം മുന്നറിയിപ്പില്ലാതെ പ്രദേശത്തെ സാധാരണജനങ്ങളുടെ മേല്‍ ഇസ്രായേല്‍ നടത്തിയ നരനായാട്ടില്‍ ഞായറാഴ്ച്ച രാത്രി വരെ പൊലിഞ്ഞത് 78 കുട്ടികളക്കം 400ഓളം പേരാണ്. 2300ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതോടൊപ്പം ഫലസ്തീനിന്റെ പ്രത്യാക്രമണത്തില്‍ 700ഓളം പേര്‍ക്ക് ജീവനാശം സംഭവിക്കുകയും 2200ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇരുവശത്തുമായി ഭീതിജനകമായ ആള്‍നാശമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

പ്രതീക്ഷിച്ചതുപോലെത്തന്നെ ഫലസ്തീനിന്റെ അന്താരാഷ്ട്ര ശത്രുക്കള്‍ അധിനിവേശ അപാര്‍തീഡ് രാഷ്ട്രത്തെ പിന്തുണച്ചും ഫലസ്തീന്റെ ആക്രമണത്തെ അപലപിച്ചും പാഞ്ഞെത്തി. ഫലസ്തീനി ജനതയുടെ പ്രധാനശത്രുക്കളായ അമേരിക്ക, യുകെ, യൂറോപ്യന്‍ യൂണിയന്‍ എന്നിവര്‍ മുന്‍പന്തിയിലുണ്ട്. ലോകത്തെ ആണവയുദ്ധത്തിലേക്ക് തള്ളിയിട്ടുകൊണ്ടിരിക്കുന്ന പാശ്ചാത്യന്‍ രാജ്യങ്ങളുടെ സഖ്യകക്ഷിയായ യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലെന്‍സ്‌കി തന്റെ പാശ്ചാത്യന്‍ ചങ്ങാതിമാരോടൊപ്പം ചേര്‍ന്ന് ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് സേനയെ ‘ഭീകരവാദികള്‍’ എന്നും ‘ഇസ്രായേലിന് സ്വയംപ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നും’ പ്രസ്താവിച്ചുകഴിഞ്ഞു. ഫലസ്തീന്‍ സ്‌നേഹം തരിമ്പുമില്ലാത്ത യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസാകട്ടെ ഗസ്സയിലേക്ക് ‘കടത്തിയ’ ഇസ്രായേലി പൗരന്‍മാരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ‘പൗരജനങ്ങള്‍ അന്താരാഷ്ട്ര മാനവിക നിയമമനുസരിച്ച് എക്കാലത്തും സംരക്ഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും വേണം. ഉടനടി എല്ലാ ബന്ദികളെയും വിട്ടയക്കണം’ എന്നാണ് ഗുട്ടറസ് പറയുന്നത്.

പക്ഷെ ഇസ്രായേലിന്റെ കാരാഗൃഹത്തിനുള്ളില്‍ കഴിയുന്ന അയ്യായിരത്തോളം ഫലസ്തീന്‍ തടവുകാരെക്കുറിച്ച് ഗുട്ടറസിന് ഇത്തരം വാഗ്‌ധോരണികളൊന്നും വരില്ല. അന്താരാഷ്ട്ര നിയമത്തിനുള്ളിലെ അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പ്പിനുള്ള ഫലസ്തീനികളുടെ അവകാശത്തെക്കുറിച്ചും അയാള്‍ക്ക് സംസാരിക്കാനില്ല.

ലിബറല്‍ അപലപനം

ഇസ്രായേലിന്റെ തുടര്‍ച്ചയായ നരനായാട്ടും കണ്ട് കഴിഞ്ഞയാഴ്ച്ചകളില്‍ വാപൂട്ടിയിരിക്കുകയായിരുന്ന ഇസ്രായേല്‍ സഖ്യകക്ഷികളായ അറബ് ഭരണകൂടങ്ങള്‍ ഹമാസിനോട് ചെറുത്തുനില്‍പ്പ് നിര്‍ത്തിവെക്കാനാവശ്യപ്പെട്ടുകൊണ്ട് രംഗത്തുവന്നിട്ടുണ്ട്. ഫലസ്തീനികള്‍ മറ്റുള്ള രാജ്യങ്ങളുടെ സഹായം തട്ടിമാറ്റിയെന്നു തോന്നിപ്പിക്കുംവിധം ഇസ്രായേല്‍ അധിനിവേശത്തെ ചെറുക്കാന്‍ ഇറാന്റെ സാമ്പത്തിക, ആയുധ പിന്തുണ സ്വീകരിക്കുന്നതിനെതിരെ പാശ്ചാത്യ, അറബ് ഭരണകൂടങ്ങളും ലിബറലുകളും അപലപിക്കുന്നുമുണ്ട്. രണ്ടാംലോകയുദ്ധകാലത്ത് നാസി അധിനിവേശത്തെ ചെറുക്കാന്‍ യൂറോപ്യന്‍മാര്‍ വെള്ളവംശീയരും വര്‍ണവിവേചകരുമായ അമേരിക്കയുടെയും വംശീയ അധിനിവേശകരായ ഫ്രാന്‍സ്, ബ്രിട്ടന്‍ സാമ്രജ്യങ്ങളുടെയും സാമ്പത്തിക, സൈനിക സഹായം നിരസിക്കണമെന്ന് ആവശ്യപ്പെടുന്ന പോലെയാണിത്. ഇറാന്‍ ആകട്ടെ ഈ പറഞ്ഞ രാഷ്ട്രങ്ങളെപ്പോലെ ദശലക്ഷക്കണക്കിനാളുകളെ ലോകമെമ്പാടും നടന്ന് കൊന്നൊടുക്കിയതിനും കോളനിവല്‍ക്കരിച്ചതിനുമൊന്നും ഉത്തരവാദിത്വമുള്ള രാജ്യമേയല്ല.

വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് സംഘങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്നാരോപിച്ച് ഇറാനെ ഇസ്രായേലും ഫലസ്തീന്‍ അതോറിറ്റിയും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് സത്യമാണ്. ഇത്തവണത്തെ ഓപ്പറേഷന്റെ പേരിലും ഇസ്രായേല്‍ പ്രസിഡന്റ് ഇസാക് ഹെര്‍സോഗ് ഇറാനെ പഴിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തു.

ഇനിയെന്തുണ്ടാകും?

യുദ്ധത്തീ പതിയെ കെട്ടടങ്ങിക്കഴിഞ്ഞാല്‍ നെതന്യാഹു ഭരണകൂടത്തെ ഈ യുദ്ധം എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും അതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളും ചര്‍ച്ചയാകും. കടുത്ത ഇടതുപക്ഷ ഇസ്രായേലികളെ പോലും നെതന്യാഹു വിരുദ്ധ റാലികള്‍ നിര്‍ത്തിവെക്കാനും ഗസ്സയെ തുടച്ചുനീക്കണമെന്ന ആവശ്യമുന്നയിച്ച് ഫലസ്തീന്‍ ജനതക്കെതിരായ യുദ്ധത്തില്‍ നെതന്യാഹുവിന്റെ പിന്നില്‍ അണിനിരക്കാനും ഹമാസിന്റെ പ്രത്യാക്രമണം പ്രേരിപ്പിച്ചതായി ചില ഇസ്രായേലികള്‍ അവകാശപ്പെടുന്നുണ്ട്. അതിന്നര്‍ഥം ഇസ്രായേലിന്റെ ഈ യുദ്ധവെറി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ കരുത്തനാക്കുമെന്നോ ദുര്‍ബലനാക്കുമെന്നോ ആണോ?

ഇക്കഴിഞ്ഞ ഇസ്രയേല്‍ ഇലക്ഷന്‍ ഫലവും ജൂത അധിനിവേശകര്‍ക്കിടയില്‍ ഈയിടെയായി ശക്തിപ്പെട്ട ജൂതമൗലികവാദവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ നെതന്യാഹുവിനുണ്ടാകുന്ന ഏതു നഷ്ടവും സ്വയം ‘ഇടതര്‍’ആയി നടിച്ച് ‘ജനാധിപത്യവാദ’ റാലി നടത്തുന്ന മൃദുവലതുപക്ഷക്കാരെക്കാള്‍ ഇത്മര്‍ ബെന്‍ ഗ്വിറും ബെസാലെല്‍ സ്‌മോത്രിച്ചും അടങ്ങുന്ന തീവ്രവലതുപക്ഷത്തിനുള്ള പിന്തുണ കൂട്ടാനാണ് സാധ്യത.

‘കറുത്തദിനം’ എന്ന് നെതന്യാഹു വിശേഷിപ്പിച്ച ആദ്യത്തെ ഫലസ്തീന്‍ ആക്രമണം നടന്നയന്ന് രാത്രി അയാള്‍ യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവരടങ്ങിയ ഇസ്രായേലിന്റെ സാമ്രാജ്യത്വപിതാക്കള്‍ക്ക് നന്ദി പറഞ്ഞു. എന്തുതന്നെയായാലും ഇസ്രായേലില്‍ ആര് അധികാരത്തില്‍ വന്നാലും ഫലസ്തീനികള്‍ക്കു നേരെയുള്ള വംശീയ അധിനിവേശ സമീപനത്തില്‍ തെല്ലും മാറ്റമുണ്ടാകാന്‍ പോകുന്നില്ല.

അധിനിവേശ സഹകാരി ഫലസ്തീന്‍ അതോറിറ്റിയുടെ ഭാവി

ചെറുത്തുനില്‍പ്പിനോട് വാക്കുകൊണ്ട് പോലും പിന്തുണക്കാന്‍ കഴിയാത്ത, ഫലസ്തീനികള്‍ക്ക് ‘അന്താരാഷ്ട്ര സംരക്ഷണം’ ആവശ്യപ്പെട്ട ഇസ്രയേല്‍ സഹകാരിയായ ഫലസ്തീന്‍ അതോറിറ്റിയില്‍ (ഫതഹ് ഭരണകൂടം) ഈ ചെറുത്തുനില്‍പ്പ് ശ്രമങ്ങളുടെ വിജയം എന്ത് മാറ്റമായിരിക്കും ഉണ്ടാകുന്നത്. ആഴച്ചകള്‍ക്കു മുമ്പ് വെസ്റ്റ് ബാങ്കിലെ ഫലസ്തീനി ചെറുത്തുനില്‍പ്പിനെ അടിച്ചമര്‍ത്താന്‍ ഫലസ്തീന്‍ അതോറിറ്റി നടത്തിയ ശ്രമവും അതിനു വേണ്ടി അമേരിക്കന്‍ ആയുധങ്ങള്‍ ഉപയോഗിച്ചതുമെല്ലാം കൂട്ടിവായിക്കുമ്പോള്‍ നിലവിലെ അധിനിവേശ-കൊളോണിയലിസത്തിനെതിരായ ചെറുത്തുനില്‍പ്പിനോട് അവരുടെ പിന്തുണപ്രഖ്യാപിക്കല്‍ ഒരു പ്രൊപഗാണ്ടയായാണ് തോന്നുന്നത്. ഈ യുദ്ധത്തില്‍ ചെറുത്തുനില്‍പ്പ് സേന വ്യക്തമായ വിജയം നേടിയാല്‍ അത് ഫലസ്തീന്‍ അതോറിറ്റിയ്ക്ക് മേല്‍ വമ്പന്‍ ദുരന്തമായിരിക്കും ഉണ്ടാക്കുക. ഇനി പരാജയപ്പെട്ടാല്‍ പോലും ആദ്യ ദിനത്തെ ആ വിജയം തന്നെ മതി അതോറിറ്റിയുടെ വക്താക്കളുടെ നെഞ്ചില്‍ നെരിപ്പോടായി അവശേഷിക്കാന്‍.

അതിനിടയില്‍ ഓപറേഷന്‍ അല്‍-അഖ്‌സ ഫ്‌ലഡ് തുടങ്ങിയതു മുതല്‍ വെസ്റ്റ് ബാങ്കിലെ കുഞ്ഞുങ്ങളടക്കമുള്ള ഫലസ്തീന്‍ ജനതയെ ഇസ്രായേല്‍ സൈന്യം കൊന്നൊടുക്കുന്നുണ്ടെന്നതും മറക്കരുത്. വെസ്റ്റ് ബാങ്ക്, ഈസ്റ്റ് ജെറുസലേം മേഖലയിലെ ചെറുത്തുനില്‍പ്പുകള്‍ എങ്ങനെയാകും എന്നത് ഇപ്പോഴും അവ്യക്തമാണ്. ഇസ്രായേലികളും ഫലസ്തീന്‍ അതോറിറ്റിയും അവര്‍ക്കുമേല്‍ എന്ത് മര്‍ദനനടപടി കൈക്കൊള്ളുമെന്നും അറിയില്ല.

അറബ് നോര്‍മലൈസേഷന്‍

ഈ യുദ്ധത്തിന്റെ പരിസമാപ്തി എന്തുതന്നെയായാലും ആദ്യദിവസം ഇസ്രയേല്‍ സൈന്യത്തിനു മേല്‍ ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് സേന നേടിയ വമ്പിച്ച വിജയം നെതന്യാഹു തന്നെ സമ്മതിച്ചതു പോലെ ഇസ്രയേലിനും അതുപോലെ ഫലസ്തീനികള്‍ക്കും ഒരു ചരിത്രം തന്നെയാണ്. എന്നാല്‍ സൗദി-ഇസ്രായേല്‍ നോര്‍മലൈസേഷന്‍ ശ്രമങ്ങള്‍ക്കും ഇസ്രായേലും യുഎഇ, ബഹ്‌റൈന്‍, മൊറോക്കോ എന്നിവയര്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന സൗഹൃദബന്ധത്തിനും ഈ ചെറുത്തുനില്‍പ്പ് വിജയം ബാധിക്കുമോ?

അധിനിവേശ കോളനിരാഷ്ട്രമായ ഇസ്രായേലിനും സ്വേഛാധിപത്യ അറബ് ഭരണകൂടങ്ങള്‍ക്കുമിടയിലെ പ്രണയബന്ധത്തിന് തടയിടാന്‍ ഒന്നിനും കഴിയില്ല. എന്നിരുന്നാലും ലോകം മുഴുവന്‍ കണ്ട ചെറുത്തുനില്‍പ്പുസേനയുടെ സൈനികശേഷിയും ഇസ്രായേലിന്റെ സൈനിക ദൗര്‍ബല്യവും അവര്‍ക്ക് മുന്നോട്ട് പോക്കിനെ ഒന്ന് പുനരാലോചിക്കാന്‍ പ്രേരിപ്പിച്ചേക്കും. ‘ഇസ്രായേല്‍ ഫലസ്തീനികളുടെ ജീവിതത്തെ എളുപ്പമുള്ളതാക്കുമോയെന്നത്’ ആശ്രയിച്ചാണ് സൗദിയുടെ നോര്‍മലൈസേഷന്‍ ശ്രമങ്ങള്‍ പുരോഗമിക്കുകയെന്ന കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രഖ്യാപനം ഈ യുദ്ധത്തിന്റെ ഉരകല്ലാവും. സീനാ ഉപദ്വീപിലും ഗോലാന്‍ കുന്നുകളിലുമായി ഈജിപ്ത്, സിറിയ സൈന്യങ്ങള്‍ ഇസ്രായേലി അധിനിവേശ സേനക്കു നേരെ നടത്തിയ മിന്നല്‍ ആക്രമണം നടന്ന് 50 വര്‍ഷം തികയവെ, ആ 1973 ലെ യുദ്ധത്തെക്കാള്‍ ഹമാസ് നയിച്ച ഇന്നലത്തെ ഓപ്പറേഷനാണ് കൂടുതല്‍ ഞെട്ടിച്ചതെന്ന് ഇസ്രായേലികള്‍ പറയുന്നുണ്ട്.

ഫലസ്തീനികളെ സംബന്ധിച്ചെടുത്തോളമാകട്ടെ ജോര്‍ദാനില്‍ നടന്ന 1968ലെ കരാമ യുദ്ധത്തില്‍ പിഎല്‍ഒ ഗറില്ലകളുടെ പ്രകടനമാണ് ഓര്‍മിപ്പിച്ചത്, 1948ലെ രാഷ്ട്രസ്ഥാപനത്തിനു ശേഷം ഇസ്രായേല്‍ സേനയെ പിന്നോട്ടടിപ്പിച്ച ആക്രമണമായിരുന്നുവത്. ഗറില്ലാ സേനയില്‍ ആയിരങ്ങളെ അണിചേര്‍ക്കാനും അത് പ്രചോദനമായിരുന്നു.

ഈ രണ്ട് ചരിത്രസംഭവങ്ങളും കൂടാതെ ഇസ്രായേലിനു പുറത്ത് നടന്ന യുദ്ധങ്ങളില്‍ ഇതാദ്യമായാണ് ഫലസ്തീനികളോ മറ്റേത് അറബ് സൈന്യമോ 1948ലെ ഇസ്രായേല്‍ അതിര്‍ത്തിക്കുള്ളില്‍ ഒരു മുഴുനീള യുദ്ധം നടത്തുന്നത്.

പക്ഷെ നിലവിലെ ഈ യുദ്ധം ഒരു തുടക്കം മാത്രമാണ്. ഇതൊരു ഫലസ്തീന്‍ വിമോചന പോരാട്ടമായി പരിണമിക്കുമോയെന്ന കാര്യം വരുംദിവസങ്ങളില്‍ നിര്‍ണയിക്കപ്പെടും. അതോ അധിനിവേശകരും തദ്ദേശീയരും തമ്മിലെ ഒടുങ്ങാത്ത യുദ്ധങ്ങളിലൊന്നു മാത്രമായി ചുരുങ്ങുമോയെന്നതും.

വിവ: റമീസുദ്ദീൻ വി എം

ജോസഫ് മസാദ്‌