Campus Alive

ഹിംസക്ക് ശേഷമുള്ള ഹിംസ: ഡൽഹി വംശഹത്യാനന്തര ആഖ്യാനങ്ങളുടെ രാഷ്ട്രീയം

ഇന്ത്യയുടെ രാഷ്ട്രതലസ്ഥാനത്ത് നടന്ന മുസ്ലിം വംശഹത്യയുടെ  വിനാശകരമായ ഹിംസ അതോടെ തീർന്നിട്ടില്ല. വംശഹത്യയെ കലാപമാക്കുന്ന രാഷ്ട്രീയത്തിലൂടെ അത് തുടർന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ മുസ്‌ലിംകളുടെയും ഹിന്ദുക്കളുടെയും ഇടയിൽ നിലനിൽക്കുന്ന വളരെ വലിയതോതിലുള്ള അധികാര അസമത്വത്തെ(power inequality) അപ്രത്യക്ഷമാക്കുന്ന ഒരു പഴയ രാഷ്ട്രീയതന്ത്രമാണിത്. ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയുടെ വടക്ക് കിഴക്കൻ പ്രദേശങ്ങളിൽ കഴിഞ്ഞ മാസം അവസാനം അഴിച്ചുവിട്ട രാഷ്ട്രീയ അക്രമങ്ങളിൽ മനുഷ്യജീവനുകൾ മാത്രമല്ല കൊലചെയ്യപ്പെട്ടത്. ആ ഹിംസയെ തെറ്റായ രീതിയിൽ വിശേഷിപ്പിക്കുക വഴി വാക്കുകൾ കൂടെയാണ് അവിടെ വധിക്കപ്പെട്ടത്. പ്രശ്നമെന്താണെന്ന് വെച്ചാൽ, കൃത്യമായ നാമീകരണങ്ങളുടെ അഭാവത്തിൽ, നമുക്ക് ഒരു ഹിംസയെയോ അതിന്റെ ഭാവിയെയോ ഭൂതത്തെയോ മനസ്സിലാക്കാൻ സാധിക്കില്ല എന്നതാണ്. അത് കേവലമൊരു വാക്പയറ്റ് എന്നതിനപ്പുറം ഒരു പ്രശ്നത്തെ നിർണ്ണയിക്കുന്നതിലും അത്പോലെ ഭാവിയിൽ അതിനെ തടയുന്നതിനുള്ള പ്രവർത്തനങ്ങളിലും നാമീകരണത്തിന് അതിന്റേതായ, പ്രാധാന്യമുണ്ട്. നാമീകരണത്തിലാണ് മരണത്തിന്റെയും ജനനത്തിന്റെയും സാധ്യതകൾ വരെ നിലകൊള്ളുന്നത്. അതുകൊണ്ട് തന്നെ ഭാഷയുടെ പതിവ്രതയെയും അതിലുപരിയായി എന്റെ തന്നെ നൈതികബോധ്യത്തെ തൃപ്തിപ്പെടുത്താനും ഡൽഹിയിൽ നടന്ന ഹിംസയെ പലരും അഭിസംബോധന ചെയ്യുന്ന രീതിയിൽ കലാപം എന്ന് ഞാൻ വിളിക്കില്ല. പകരം അതിനെ അതിന്റെ യഥാർത്ഥ നാമമായ വംശഹത്യ എന്ന് തന്നെ ഞാൻ വിളിക്കും. ഈ വിഷയത്തെയാണ് ഞാൻ ഈ പഠനത്തിൽ അന്വേഷിക്കുന്നത്.

കലാപം എന്ന നാമം നിർവ്വഹിക്കുന്ന ഒരു (അ)ദൃശ്യമായ രാഷ്ട്രീയ ധർമമുണ്ട്. അത് ഒരു തെറ്റായ സമീകരണപ്രവർത്തനത്തിലൂടെ(equalization) മുസ്‌ലിംകൾക്കും ഹിന്ദുക്കൾക്കും ഇടയിൽ നിൽക്കുന്ന രാഷ്ട്രീയ-അധികാര അസമത്വങ്ങളെ നികത്തുകയും, ഒറ്റ പദത്തിലൂടെ രണ്ട് കൂട്ടരെയും കലാപത്തിന് കെൽപുള്ള, തുല്യമായ ഉത്തരവാദിത്വമുള്ളവരാക്കി മാറ്റുകയും ചെയ്യും. രണ്ട് സമുദായങ്ങൾക്ക് ‘ഇടയിൽ’ എന്നത് തന്നെ തെറ്റായ ഒരു നിരീക്ഷണമാണ്.  ഒരുപോലെ തോന്നിക്കുന്ന, ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ഒരേപോലെ അപലപിക്കുന്ന, വളരെ വ്യാപകമായ എന്നാൽ അബദ്ധജടിലമായ ഒരു ധാരണയുടെ മേലാണ് ഈ തെറ്റായ സമീകരണപ്രവർത്തി നിലനിൽക്കുന്നത്. ഈ സദൃശ്യതയുടെ അടിസ്ഥാനത്തിൽ എന്റെ ‘ആൾജിബ്ര ഓഫ് വാർഫെയർ ആൻഡ് വെൽഫെയർ’ എന്ന പുസ്തകത്തിൽ ഞാനിതിനെ ‘ആവർത്തന സിദ്ധാന്തം‘(Ditto theory) എന്നാണ് നാമീകരണം ചെയ്തത്. ഫെബ്രുവരി ഇരുപത്തിയാറിന് പ്രശസ്ത മാധ്യമപ്രവർത്തകനായ രാജ്ദീപ് സർദേശായി പോസ്റ്റ് ചെയ്ത ഒരു ട്വിറ്റർ ത്രെഡ് ഇതിന്റെ വ്യക്തമായ ഉദാഹരണമാണ്. “രാഷ്ട്രീയ ഹിന്ദുത്വയും റാഡിക്കൽ ഇസ്‌ലാമും ഡൽഹിയിൽ വളരെ അപകടകരമായ ഒരു സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു” എന്നതായിരുന്നു ട്വീറ്റ്. യാതൊരു തെളിവുമില്ലാതെ “അക്രമാസക്തമായ ഇസ്‌ലാമിക കൂട്ടകുരുതി” എന്ന് ട്വീറ്റ് ചെയ്ത ഭരണപക്ഷമായ ബി.ജെ.പിയുടെ നേതാവായ അമിത് മാളവ്യയുടെ ട്വീറ്റിൽ നിന്നും അല്‍‍പം ഭേദം എന്ന് മാത്രം പറയാനൊക്കുന്നതായിരുന്നു സർദേശായിയുടെ ട്വീറ്റ്.

രാജ്ദീപ് ദേശായിയുടെ ട്വീറ്റ്

ചിന്തകനായ ആഷിഷ് നന്ദിയുടെ അഭിപ്രായവും സർദേശായിയുടെ നിരീക്ഷണത്തോട് സാമ്യം പുലർത്തുന്നതാണ്. ദി ട്രിബ്യൂണിൽ നിന്നുള്ള ഒരു മാധ്യമപ്രവർത്തകൻ (ചോദ്യത്തിൽ തന്നെ ഉത്തരമടങ്ങിയിട്ടുള്ള) ഒരു ചോദ്യം നന്ദിയോട് ചോദിച്ചു, “അത് ഏകപക്ഷീയമല്ലാത്തതിനാൽ ഡൽഹി കലാപത്തെ ഒരു ഹിന്ദു മുസ്ലിം വീക്ഷണകോണിലൂടെ നിങ്ങളെങ്ങെനെയാണ് നോക്കിക്കാണുന്നത്?” “അതേ, അത് ഇരുഭാഗത്ത് നിന്നുമുള്ളതായിരുന്നു” എന്നതായിരുന്നു നന്ദിയുടെ മറുപടി. വംശഹത്യയുടെ സം‍ജ്ഞാശാസ്ത്രപരമായ കൃത്യത(terminological accuracy) സ്ഥാപിക്കുക എന്നത് ഒരേ സമയത്ത് തന്നെ “കലാപം“ എന്ന വ്യഖ്യാതാവിനെ(descriptor) ചോദ്യം ചെയ്യുകയും അതേപോലെ ആവർത്തന സിദ്ധാന്തത്തെ നിരീക്ഷിക്കുക എന്നതും കൂടിയാണ്. അതിനാൽ ഇതെല്ലാം ആംരഭിച്ച ബ്രിട്ടീഷ് കൊളോണിയൽ രാഷ്ട്രീത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം അത്യന്താപേക്ഷിതമാണ്.

ഇന്ത്യയിലെ കലാപങ്ങളുടെ വംശാവലി

“വർഗീയത” എന്നത് പോലെതന്നെ “കലാപം” എന്ന പദത്തിനും ഇന്ത്യയിൽ സവിശേഷമായ ഒരർത്ഥമുണ്ട്. ഭരണകൂടത്തിനെതിരെയോ അതിന്റെ ചിഹ്നങ്ങൾക്കെതിരെയോ അല്ലെങ്കിൽ അതിന്റെ കൂട്ടാളികൾക്കെതിരെയോ സാധാരണക്കാരായ ജനങ്ങൾ നടത്തുന്ന ആകസ്മികമായ അക്രമങ്ങളെയാണ് ഇന്ത്യക്ക് പുറത്ത് കലാപമെന്ന് വിശേഷിപ്പിക്കുന്നത്. സാമൂഹ്യശാസ്ത്രജ്ഞയായ ലോകിയ കൊട്രോനാക്കിയുടെയും രാഷ്ട്രതത്ത്വചിന്തകനായ സെറാഫിം സെഫെറിയാദെസിന്റെയും നിരീക്ഷണത്തിൽ എല്ലാ കലാപങ്ങളുടെയും പൊതുവായ ഒരു സവിശേഷത എന്നത് “അതിന്റെ പൊട്ടിപ്പുറപ്പെടലിലെ ആകസ്മികതയും സംക്ഷോഭ(convulsive) സ്വഭാവവുമാണ്”. കലാപങ്ങളെ കുറിച്ച് നിരീക്ഷണം നടത്തുന്ന ബ്രീട്ടീഷ് സാമൂഹ്യശാസ്ത്രജ്ഞനായ ഡേവിഡ് വാഡിങ്ങ്ട്ടൺ, കലാപകാരികൾ എന്നാൽ സാധാരണപൗരന്മാർ തന്നെയാണെന്നും അവരുടെ അക്രമങ്ങൾ പ്രധാനമായും പോലീസിന് നേരെയാണെന്നും, വളരെ അപൂർവ്വ സാഹചര്യങ്ങളിൽ മാത്രമേ അവർ ജനങ്ങൾക്കെതിരെ തിരിയാറുള്ളൂവെന്നും അഭിപ്രായപ്പെടുന്നുണ്ട്.

പടിഞ്ഞാറൻ രാഷ്ട്രങ്ങളിൽ ഈയടുത്തായി നടന്ന മൂന്ന് കലാപങ്ങളുടെ ഉദാഹരണങ്ങൾ പരിഗണിക്കുക: 2005-ൽ ഫ്രാൻസിൽ നടന്ന കലാപം, 2008-ൽ ഗ്രീസിൽ നടന്ന കലാപം, 2011-ൽ ഇംഗ്ലണ്ടിൽ നടന്ന കലാപം എന്നിവയെ നോക്കാം. ഈ മൂന്നു കേസുകളിലും, യുവാക്കളെ കൊലപ്പെടുത്തിയ പോലീസിന്റെ നടപടിയാണ് കലാപത്തിന് തിരികൊളുത്തിയത്. ഉദാഹരണത്തിന്, ഗ്രീസിൽ, ഏതൻസുകാരനായ അലെക്സിസ് ഗ്രിഗോറോപോലോസ് എന്ന പതിന‍ഞ്ച്കാരനായ വിദ്യാർത്ഥിയെ പോലീസ് കൊലചെയ്തതായിരുന്നു മൂന്നാഴ്ച്ചയോളം നീണ്ട കലാപത്തിലേക്ക് നയിച്ചത്. അതേസമയം ഇംഗ്ലണ്ടിൽ മാർക്ക് ഡഗ്ഗൻ എന്ന ഇരുപത്തിയൊമ്പത് വയസ്സുള്ള ആഫ്രിക്കൻ-കരീബിയൻ വംശജനെ പോലീസ് വധിച്ചതുകാരണം തുടങ്ങിയ കലാപം പിന്നീട് വിവിധ നഗരങ്ങളിലേക്ക് പടരുകയും ചെയ്തു. ഈയൊരൊറ്റ കേസുകളിലും പോലീസ് കലാപകാരികളെ സഹായിക്കുകയോ അവരുടെ കൂടെ കൂടുകയോ ചെയ്തിട്ടില്ല.

2011ൽ ഇംഗ്ലണ്ടിൽ നടന്ന കലാപത്തിൽ നിന്ന്

ഇവയിൽ നിന്നും വിപരീതമായി, ഇന്ത്യയിൽ കലാപങ്ങളെ ചരിത്രപരമായി തന്നെ രണ്ടു സമുദായങ്ങൾക്കിടയിൽ നടന്നുവരുന്നതായിട്ടാണ് പൊതുവെ വായിക്കപ്പെട്ടിട്ടുള്ളത്. ചരിത്രകാരനായ ഗ്യാനേന്ദ്ര പാണ്ഡേ നീരിക്ഷിക്കുന്നത് പോലെ, അനേകമായ എന്നാൽ അപരിഷ്കൃതരായ സമുദായങ്ങളുടെ ഇടയിലെ, പ്രത്യേകിച്ചും ഹിന്ദു മുസ്‌ലിം സമുദായങ്ങളുടെ ഇടയിലെ, സംഘർഷങ്ങളെ തടഞ്ഞുകൊണ്ട് നിയമപരിപാലനം നടത്തുന്ന നിഷ്പക്ഷരായ ഭരണാധികാരിയായിട്ടാണ് ബ്രിട്ടീഷ് കൊളോണിയലിസം സ്വയം കരുതിപോന്നത്.   തങ്ങളുടെ മതങ്ങൾക്കും അനാദിയായ വികാരങ്ങൾക്കും വേണ്ടിയാണ് ഹിന്ദുക്കളും മുസ്‌ലിംകളും പരസ്പരം പോരടിച്ചിരുന്നത് എന്നതായിരുന്നു ബ്രീട്ടീഷുകാരുടെ വീക്ഷണം. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഏതൊരു രാഷ്ട്രീയ യുക്തിയെയും ലംഘിക്കുന്ന തരത്തിലുള്ള ഒരു  നൈസർഗികമായ ശത്രുത ഹിന്ദുക്കളുടെയും മുസ്‌ലിംളുടെയും ഇടയിൽ ഉണ്ടായിരുന്നു എന്നർത്ഥം. ഈ സിദ്ധാന്തപ്രകാരം, കൊളോണിൽ ഭരണത്തിന് വ്യക്തമായ ന്യായമുണ്ടായിരുന്നു. അതായത്, അവരില്ലായിരുന്നുവെങ്കിൽ ഈ ഇരുസമുദായങ്ങളും ഇടതടവില്ലാതെ പരസ്പരം സംഘർഷങ്ങളിലേർപ്പെടുമെന്നും അത്കൊണ്ട് ബ്രിട്ടീഷ് ഭരണത്തിന് മാത്രമേ സമാധാനം ഉറപ്പുവരുത്താൻ സാധിക്കുകയുള്ളൂ എന്നതായിരുന്നു അവരുടെ ന്യായം. അതായത്, ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കുമിടയിൽ നടക്കുന്നു എന്ന് പറയപ്പെടുന്ന ഹിംസകളുടെ കാരണക്കാരായോ പങ്കാളികളായോ ബ്രിട്ടീഷ് ഭരണകൂടം ഇല്ലായിരുന്നുവെന്നും മറിച്ച് അവർ കേവലം കാഴ്ച്ചക്കാരോ അല്ലെങ്കിൽ നിയന്ത്രിക്കുന്നവരോ ആണെന്നും ഇത് പറഞ്ഞ് വെച്ചു.

കോളനിവിരുദ്ധ മുന്നേറ്റങ്ങളുടെ രൂപീകരണത്തോടെ, (പ്രത്യേകിച്ചും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങൾ മുതൽക്കുള്ള) ദേശീയ പ്രസ്ഥാനവും ഇതേ കൊളോണിയൽ യുക്തിയെ പുനരുൽപാദിപ്പിച്ചുകൊണ്ടിരുന്നു. അതായത്, ഒരു വശത്ത് ഹിന്ദു-മുസ്‌ലിം വർഗീയത എന്ന ധാരണയയെ ദൃശ്യവത്കരിക്കുകയും അവ രണ്ടും സമാനമാണെന്നുള്ള ചിന്ത സൃഷ്ടിക്കുകയും ചെയ്തു. എന്നിരുന്നാലും, ഇതിനെയെല്ലാം വലയം ചെയ്തുകൊണ്ട് നിലനിന്നിരുന്ന മറ്റൊരു പ്രധാന ധാരണ കൂടെയുണ്ടായിരുന്നു; അതായത് മുസ്‌ലിംകൾക്ക് വർഗീയതയുള്ളപ്പോൾ, ഹിന്ദുക്കൾക്ക് ദേശീയത മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതായിരുന്നു ആ ധാരണ. “ദേശീയ മുസ്‌ലിം” എന്ന വളരെ ജനകീയമായ സം‍ജ്ഞക്ക് തതുല്യമായിക്കൊണ്ട് സ്വാഭാവികമായും ഉണ്ടാവേണ്ട “ദേശീയ ഹിന്ദു“ എന്ന സം‍ജ്ഞയുടെ അഭാവത്തെ ഉദാഹരണമായി കാണിച്ചുകൊണ്ട് വളരെ സംക്ഷിപ്തമായി പാണ്ഡെ ഇത് വിവരിക്കുന്നുണ്ട്. അതായത്, ഹിന്ദു ആണ് എന്ന കേവലാവസ്ഥ കൊണ്ട് തന്നെ എല്ലാ ഹിന്ദുക്കളും സ്വാഭാവികമായി ദേശീയവാദികൾ ആവുകയും അതേസമയം മുസ്‌ലിംകൾ അതേപോലെ കേവലാവസ്ഥ കൊണ്ട് തന്നെ വർഗീയവാദികളാവുകയും ചെയ്യുന്നു. ഇത് ഒഴിവാക്കണമെങ്കിൽ മുസ്‌ലിംകൾക്ക് തങ്ങൾ ദേശീയവാദികളാണെന്ന് നിരന്തരം തെളിയിക്കേണ്ടിയും വരുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷം, പോസ്റ്റ് കൊളോണിയൽ ദേശരാഷ്ട്രവും ഹിന്ദുക്കളും മുസ്‌ലിംകളും പരസ്പരം പോരടിക്കുന്നവരാണ് എന്ന കൊളോണിയൽ യുക്തിയിൽ തന്നെ തുടർന്നുപോന്നു. “ഹിന്ദു-മുസ്‌ലിം” സംഘർഷത്തെ ഉൽപാദിപ്പിക്കുന്നതിൽ നിന്നോ നിലനിർത്തുന്നതിൽ നിന്നോ സ്വയം വിട്ടുനിൽക്കാനും തങ്ങളുടെ നിഷ്പക്ഷത തെളിയിക്കാനും ദേശരാഷ്ട്രത്തെ ഈ സിദ്ധാന്തം സഹായിച്ചു. ചുരുക്കിപറഞ്ഞാൽ, 1947 മുതൽക്കുള്ള എല്ലാ വർഗീയ സംഘർഷങ്ങളെയും കൊളോണിയൽ കാലത്ത് രൂപംകൊള്ളുകയും ശേഷം ദേശരാഷ്ട്രം ദത്തെടുക്കുകയും ചെയ്ത ഈ ഡിറ്റോ തിയറി. അല്ലെങ്കിൽ അനുകരണ സിദ്ധാന്തം സ്വാധീനിക്കുന്നുണ്ട്.

2020 വംശഹത്യക്ക് മുമ്പും ശേഷവും

ഈ അനുകരണ സിദ്ധാന്തം(ഡിറ്റോ തിയറി) -അതായത് സ്റ്റേറ്റ് അല്ല, മറിച്ച് ഈ രണ്ടു സമുദായങ്ങളും (തുല്യമായ) ആണ് ഹിന്ദു- മുസ്‌ലിം സംഘർഷങ്ങൾക്ക് കാരണം എന്ന സിദ്ധാന്തം- 1980-കൾ വരെ നല്ലരീതിയിൽ നിലനിന്നുപോന്നു. ഈ കാലം മുതൽക്കാണ് പല ചിന്തകരും “കലാപ”ങ്ങളുടെ പുതിയ ഒരു ഘട്ടം എന്ന രീതിയിൽ അടയാളപ്പെടുത്തുന്നത്. 1989-ലെ ബഗൽപൂർ “കലാപം” ഈ സിദ്ധാന്തത്തിന്റെ വ്യക്തമായ ഒരുദാഹരണമാണ്. സിവിൽ അഡ്മിനിസ്ട്രേഷന്റെയും പോലീസിന്റെയും കൂട്ടിനെ കുറിച്ച് തെളിവുകളുണ്ടായിട്ട് പോലും അത് കലാപമെന്ന് വിശേഷിപ്പിക്കപ്പെടുകയും ഇന്നും വിശേഷിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. കൊലപാതകങ്ങളും സ്വത്ത് കൊള്ളയടിക്കലും ഉപജീവനമാർഗങ്ങളെ കവർച്ച ചെയ്യലും മാത്രമായിരുന്നില്ല ആ കലാപത്തിൽ സംഭവിച്ചത്. അതോടൊപ്പം തന്നെ അതിന്റെയെല്ലാം തെളിവുകളെ നശിപ്പിക്കുകയും ചെയ്തു എന്നത് ബന്ധമുള്ളതാണെങ്കിലും, വേറെ തന്നെ വായിക്കേണ്ട കാര്യമാണ്.

പീപ്പിൾസ് യൂണിയൻ ഫോർ ഡെമോക്രാറ്റിക്ക് റൈറ്റ്സി(പി.യു.ഡി.ആർ)ന്റെ 1990-ലെ “ബഗൽപൂർ റയറ്റ്സ്” റിപ്പോർട്ട് പ്രകാരം, 1000 പേരാണ് ബഗൽപൂർ സംഘർഷത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ 93 ശതമാനവും മുസ്‌ലിംകളായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ പണിത ബാബരി മസ്ജിദിന്റെ സ്ഥാനത്ത് ഒരു രാമക്ഷേത്രം പണിയാനുള്ള സംഘപരിവാറിന്റെ രാംശിലാ-ശിലാന്യാസ പര്യടനങ്ങളുടെ നേരിട്ടുള്ള പരിണിതഫലമായിരുന്നു ഈ വംശഹത്യ. ഇത് നഗരത്തിൽ മാത്രമായി ഒതുങ്ങിയില്ല എന്ന് മാത്രമല്ല, ഒരു ഡസനിലധികം ഗ്രാമങ്ങളിലേക്ക് ഇത് പടരുകയും ചെയ്തു. കൊലപാതകങ്ങളും കവർച്ചകളും ദിവസങ്ങളോ ആഴ്ച്ചകളോ അല്ല, മാസങ്ങളോളം തന്നെ നീണ്ടു നിന്നു. 1989 ഒക്ടോബർ 24-ന് തുടങ്ങിയ വംശഹത്യ ജനുവരി ആദ്യം വരെ തുടർന്നു. പാറ്റ്നയിലെ സുൽത്താൻഗഞ്ച് നിവാസിയും പാറ്റ്നാ യൂണിവേഴ്സിറ്റിയിലെ ബി.എൻ കോളേജിലെ വിദ്യാർത്ഥിയുമായിരുന്ന ഞാൻ എന്റെ ജീവിതത്തിലാദ്യമായി കർഫ്യൂവിന്റെ ഭീകരത അനുഭവിക്കുകയും പിന്നീട് 1992-ൽ നിയമവിരുദ്ധമായി ബാബരി മസ്ജിദ് തകർത്ത അയോദ്ധ്യ ക്യാമ്പെയ്ന്റെ ഉണർച്ചയുടെ ഭയാനകതയും ഞാൻ മനസ്സിലാക്കി. ഈ ജീവിതാനുഭവവുമായി  ബന്ധപ്പെട്ട് ഈ പഠനത്തിന്റെ അവസാനഭാഗത്ത് തിരിച്ചുവരാം.

ബഗൽപൂർ

താഴെ പറയുന്ന വിധത്തിൽ അന്നത്തെ ബീഹാർ മുഖ്യമന്ത്രി നമ്മുടെ അനുകരണസിദ്ധാന്തം (ഡിറ്റോ തിയറി) ആവർത്തിച്ചു. സാധാരണാവസ്ഥയിലേക്ക് തിരിച്ച് വരാൻ ആഹ്വാനം ചെയ്ത തന്റെ സ്റ്റേറ്റ്മെന്റിൽ, ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും ആരാധനാലയങ്ങൾ തകർക്കപ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞു; ഒരു ഹിന്ദു അമ്പലമോ ആരാധനാലയമോ തകർക്കപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തു എന്നതിന് യാതൊരു തെളിവുമുണ്ടായിരുന്നില്ല. അത് പോലെ. ബഗൽപൂർ അക്രമങ്ങളെ ആസ്പദമാക്കി നിർമിച്ച, പിന്നീട് നാഷണൽ ടെലിവിഷനിൽ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയിൽ മാധ്യമപ്രവർത്തകയായ നളിനി സിങ് യഥാക്രമം ഹിന്ദുക്കളും മുസ്‌ലിംകളും കൊല്ലപ്പെട്ട ജമൽപൂരിനെയും ലോഗയ്നെയും സമീകരിച്ചുകൊണ്ടാണ് ചിത്രീകരിച്ചത്. എന്നാൽ ലോഗയ്നിൽ നൂറ്റിപത്തോളം പേർ ക്രൂരമായി വധിക്കപ്പെട്ടപ്പോൾ ജമൽപൂരിൽ നാല് പേരാണ് കൊല്ലപ്പെട്ടത്. ഒസ്മാനിയ സർവകലാശാലയിലെ മീഡിയ സ്റ്റഡീസിലെ അദ്ധ്യാപകനായ പ്രൊഫസർ അബ്ദുൽ റഹീം ഇവരുടെ ഡോക്യുമെന്ററിയിലെ പക്ഷപാതിത്വത്തെ വിമർശിക്കുകയും എങ്ങനെയാണ് സിങ് ഹിന്ദുക്കളെ വളരെ “സഹിഷ്ണുത“യുള്ളവരായി ചിത്രീകരിച്ചതെന്ന് നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.

റിപ്പോർട്ടിലെ തങ്ങളുടെ തന്നെ കണ്ടെത്തലുകൾക്ക് വിപരീതമായി പി.യു.ഡി.ആർ റിപ്പോർട്ട് പോലും ബഗൽപൂർ സംഘർഷത്തെ “ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കുമിടയിൽ പൊട്ടിപ്പുറപ്പെട്ട കലാപം” എന്നാണ് വിശേഷിപ്പിച്ചത്. അത് വഴി നേരത്തെ പറഞ്ഞ ‍ഡിറ്റോ തിയറിയെ പുനരുല്പാദിപ്പിക്കുകയും ചെയ്തു. “കലാപം” എന്ന വ്യാഖ്യാനം തന്നെ ഒരു പ്രത്യയശാസ്ത്രപരമായ അടിച്ചേൽപ്പിക്കലായിട്ട് വേണം കരുതാൻ. കാരണം, റിപ്പോർട്ടിന്റെ ആവശ്യത്തിന് വേണ്ടി പി.യു.ഡി.ആർ സംസാരിച്ച ആളുകൾ അതിനെ അങ്ങനെയല്ല വിളിച്ചിരുന്നത് എന്നതാണ്. അതിൽ ഒരെഴുപത് വയസ്സുകാരൻ ഇതിനെ “ഖത്‍ലേ ആം” അഥവാ കൂട്ടക്കൊല എന്നാണ് വിശേഷിപ്പിച്ചത്. അത് പോലെ “ഇപ്പോൾ പോലീസും കൊല്ലുകയും കൊള്ളയടിക്കുകയും ചെയ്യുന്നുണ്ട്” എന്നും അയാൾ പറയുകയുണ്ടായി.

ബഗൽപൂർ വംശഹത്യ കഴിഞ്ഞ് മുപ്പതിലധികം വർഷങ്ങളാവുന്ന സമയത്താണ്, രാജ്ദീപ് സർദേശായി എന്ന “ലിബറൽ” ടി.വി മാധ്യമപ്രവർത്തകൻ -അയാൾ അയാളെ ഇപ്പോഴും സെക്യുലർ എന്ന് വിശേഷിപ്പിക്കുന്നുണ്ടോ എന്ന് ഞാൻ ആശ്ചര്യപ്പെടുന്നു- ഡൽഹി വയലൻസിനെ “കലാപം” എന്ന് മുദ്രകുത്തിയത്. “ഇത് ഒരു ഹിന്ദു-മുസ്‌ലിം കലാപം ആണെന്നും ഇരു സമുദായങ്ങളിൽ നിന്നുള്ളവരും ഇതിൽ ഹിംസാത്മകമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്” എന്നുമാണ് ഇയാൾ നേരത്തെ പരാമർശിച്ചിട്ടുള്ള ട്വീറ്റുകളിൽ കുറിച്ചിട്ടത്. സർദേശായി ഇതിൽ എടുത്ത് പറഞ്ഞിട്ടുള്ള “ഇരുകൂട്ടർ”(both) എന്നത് സത്യാവസ്ഥയെ കുറിച്ചുള്ള അയാളുടെ അജ്ഞത എന്നതിനപ്പുറം നേരത്തെ പി.യു.ഡി.ആർ വരെ ഉപയോഗിച്ചിട്ടുള്ള ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ ഭാഷയിൽ നിന്നാണ് ഉത്ഭവിക്കുന്നത്. അത് പോലെ “ആരാണ് ഇത് ആരംഭിച്ചത് എന്ന് പറയുക പ്രയാസമാണ്” എന്നും അയാൾ കൂട്ടിച്ചേർത്തു.

ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കുമിടയിൽ നിലനിൽക്കുന്ന ഭീമാകാരമായ അധികാര അസമത്വത്തെ കുറിച്ചും അതേപോലെ ഈയടുത്തായി മുസ്‌ലിം-വിരുദ്ധ ഹിംസകൾക്ക് വേണ്ടി പ്രത്യക്ഷമായി തന്നെ ആഹ്വാനം ചെയ്ത ബി.ജെ.പി നേതാക്കളെ കുറിച്ചും നിങ്ങൾ ആലോചിക്കണം. ഇവിടെ നടക്കുന്നത് “ഹിന്ദു- മുസ്‌ലിം കലാപ”മാണ് എന്നും ഇരു സമുദായങ്ങൾക്കും ഇതിൽ തുല്യ പങ്കാളിത്തമുണ്ടെന്നും പറയുന്ന സർദേശായിയുടെ ട്വീറ്റിലെ തീർച്ചപ്പെടുത്തൽ അത്ര നിഷ്കളങ്കമല്ല എന്നാണെങ്കിൽ, അയാൾ കലാപം എന്ന് വിളിക്കുന്ന വംശഹത്യയുടെ തുടക്കത്തെ കുറിച്ചുള്ള അയാളുടെ സന്ദേഹവും അത്ര നിഷ്കളങ്കമല്ല എന്ന് വേണം കരുതാൻ. ഇതേ ത്രെഡിൽ തന്നെ സർദേശായി മറ്റൊരു ട്വീറ്റ് കൂടെ ചെയ്യുന്നുണ്ട്: “പൊളിറ്റിക്കൽ ഹിന്ദുത്വയും റാഡിക്കൽ ഇസ്‌ലാമുമാണ് ഇവിടെ ഇത്തരത്തിലൊരു പ്രക്ഷുബ്ധമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നത്” എന്നതാണ് ട്വീറ്റ്. വിചിത്രമായ ഈ സമീകരണയുക്തി ശ്രദ്ധിക്കണം. റാഡിക്കൽ ഇസ്‌ലാം എന്ന ഈ കണ്ടുപിടുത്തത്തെ കുറിച്ച് സർദേശായിക്ക് എന്ത് തെളിവാണുള്ളത്? സമീകരണയുക്തിക്ക് വേണ്ടി പടച്ചുവിട്ട ഈ കണ്ടുപിടുത്തത്തിൽ പോലും വളരെ വ്യക്തമായ അസമത്വം നമുക്ക് കാണാനാവും. പൊളിറ്റിക്കൽ ഹിന്ദുത്വ എന്ന സംജ്ഞക്ക് തതുല്യമായി വരേണ്ടത് പൊളിറ്റിക്കൽ ഇസ്‌ലാമിസം ആണ്; റാഡിക്കൽ ഇസ്‌ലാം അല്ല. മുസ്‌ലിംകളുടെ കാര്യത്തിൽ പൊളിറ്റിക്കൽ എന്നും ഇസ്‌ലാമിസം എന്നും ഉപയോഗിക്കാതെ വിട്ടുനിൽക്കുന്ന സർദേശായി, അതിലൂടെ ഇസ്‌ലാമിനെ തന്നെ റാഡിക്കൽ ആയ ഒരു വിശ്വാസമോ പാരമ്പര്യമോ ആക്കിത്തീർക്കുകയും അതേസമയം ഹിന്ദുയിസത്തെ സാങ്കേതികമായി ഹിന്ദുത്വയിൽ നിന്നും സംരക്ഷിച്ച് മാറ്റിനിർത്തുകയും ചെയ്യുന്നു. ഇതേ ട്വീറ്റിലെ അടുത്ത വരി (സർദേശായി പിന്നീട് അത് ഡിലീറ്റ് ചെയ്തെങ്കിലും കൊൽകത്തയിലെ ആലിയ സർവകലാശാലയിലെ പ്രൊഫസറായ മുഹമ്മദ് റിയാസ് അതിന്റെ ഒരു സ്ക്രീൻഷോട്ട് ട്വീറ്റ് ചെയ്തിരുന്നു) ഈ സമീകരണത്തെ വി‍ഢിത്തമെന്ന് വിളിക്കാവുന്ന തലത്തിലേക്കെത്തിക്കുന്നുണ്ട്. “ഒരു നേരിയ ഉത്തേജനം പോലും, അത് ഷഹീൻ ബാഗ് പോലെയുള്ള റോഡ് ഉപരോധമായിക്കോട്ടെ അല്ലെങ്കിൽ വിദ്വേഷപ്രസംഗമാവട്ടെ, അത് മതിയാവും (കലാപത്തെ) പ്രക്ഷുബ്ധാവസ്ഥയിലേക്കെത്തിക്കാൻ”. വിദ്വേഷ പ്രസംഗം എന്നത് കൊണ്ട് സർദേശായി കേന്ദ്രസഹമന്ത്രിയായ അനുരാഗ് ഠാക്കൂറിന്റെയോ അല്ലെങ്കിൽ ബി.ജെ.പി നേതാവായ കപിൽ മിശ്രയുയടെയോ പ്രസംഗമാണ് ഉദ്ദേശിച്ചിരിക്കുന്നത്. എന്നിരുന്നാൽ പോലും യാതൊരു ഉത്തരവാദിത്വവുമില്ലാതെ അധികാരസ്ഥാനത്തിരുന്നുകൊണ്ട് മുസ്‌ലിം വിരുദ്ധ വിദ്വേഷം ജ്വലിപ്പിക്കുന്ന സങ്കുചിതമനസ്കരോട് സ്ത്രീകൾ നയിക്കുന്ന സമാധാനപരമായ ഷഹീൻബാഗ് സമരത്തെ ഉപമിക്കുന്നത് തന്നെ വളരെ വ്യക്തമായ അന്യായമാണ്.

ഫെബ്രുവരി ഇരുപത്തിയെട്ടിന്, സത്യഹിന്ദി.കോം എന്ന ന്യൂസ് പോർട്ടൽ നടത്തുന്ന അശുതോഷ് എന്ന മുൻ രാഷ്ട്രീയപ്രവർത്തകനായ മാധ്യമപ്രവർത്തകൻ “കലാപത്തിന്റെ സത്യാവസ്ഥ”(ദംഗ) വെളിപ്പെടുത്തുവാൻ വേണ്ടി ഒരു ഷോ ചെയ്തു. അഹ്മദാബാദ്, അലീഗഢ്, ബഗൽപൂർ, ഹാഷിംപുര, മാലിയാന, ഗുജറാത്ത് (2002), മുസഫർനഗർ(2013) തുടങ്ങി വയലൻസുകളുടെ ഒരുപാട് ഉദാഹരണങ്ങൾ അദ്ദേഹം എടുത്തുകാണിച്ചു. എന്നാൽ 1984-ലെ ഡൽഹി വയലൻസിനെ അദ്ദേഹം “സിഖ് കൂട്ടക്കൊല” എന്ന് വിശേഷിപ്പിച്ചതുപോലെ മുസ്‌ലിംകളെ കുറിച്ച് യാതൊരു പരാമർശവും നടത്തിയില്ല എന്ന് മാത്രമല്ല, നേരത്തെ പറഞ്ഞ ഇടങ്ങളിലെല്ലാം വയലൻസിന് പകരം “ദംഗ” എന്ന പദമാണ് അദ്ദേഹം ഉപയോഗിച്ചത്. “രണ്ട് സമുദായങ്ങൾക്കുമിടയിലെ പ്രശ്നങ്ങൾക്ക് കൂടുതൽ ആഴമേറിയിരിക്കുന്നു“വെന്നും “ഇരു സമുദായങ്ങളും യുദ്ധത്തിനുവേണ്ടി (ജംഗ്) തയ്യാറെടുത്തുകഴിഞ്ഞിരിക്കുന്നു“വെന്നുമാണ് താൻ നടത്തിയ അന്വേഷണം വഴി വെളിപ്പെട്ടത് എന്നും അദ്ദേഹം തന്റെ കാഴ്ച്ചക്കാരോട് പറഞ്ഞു. താൻ ഹിന്ദുക്കളെയോ മുസ്‌ലിംകളെയോ കുറ്റംപറയുന്നില്ല എന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നുവെങ്കിലും, “തയ്യാറെടുപ്പ്“ എന്നതിന് അദ്ദേഹം നൽകിയ ഉദാഹരണം മുസ്‌ലിംകളെ മാത്രം സംബന്ധിച്ചുള്ളതായിരുന്നു.

താഹിർ ഹുസ്സൈൻ

വീട്ടിൽനിന്നും പെട്രോൾ ബോംബ് കണ്ടെടുത്തു എന്നാരോപണമുള്ള ഡൽഹി ഭരിക്കുന്ന പാർട്ടിയുടെ പ്രാദേശിക മുസ്‌ലിം നേതാവായ താഹിർ ഹുസൈനെ കുറിച്ച് അശുതോഷ് പരാമർശിച്ചിട്ടുണ്ട്. അത് പോലെ കോൺസ്റ്റബിളിനു നേരെ തോക്ക് ചൂണ്ടിയ ഷാറൂഖ് എന്നയാളെ കുറിച്ചും ഇതുപോല പരാമർശിച്ചു. അദ്ദേഹം തനിക്ക് ഈ വിവരം ലഭിച്ച ഉറവിടം വ്യക്തമാക്കിയില്ല എന്ന് മാത്രമല്ല, അതിന്റെ കൃത്യതയെകുറിച്ച് യാതൊരു വിധിപ്രസ്താവനയും നടത്തുകയുണ്ടായില്ല. ഉദാഹരണത്തിന്, ഹുസൈനെതിരെ ആരോപിക്കപ്പെട്ട തെളിവുകളെ ചോദ്യം ചെയ്തുകൊണ്ട് ന്യൂസ് ലോൻട്രി ഒരു വാർത്ത ചെയ്തിരുന്നു. പോലീസിനെ സർവ്വ ചെയ്തികളിൽനിന്നും പൂർണ്ണമായും കുറ്റവിമുക്തരാക്കുക വഴി, അശുതോഷ്  ഇതൊരു “ഹിന്ദു-മുസ്‌ലിം കലാപം” ആണെന്ന് വരുത്തിത്തീർക്കുക മാത്രമല്ല ചെയ്തത്, തിരഞ്ഞെടുക്കപ്പെട്ട ഉദാഹരണങ്ങൾ മാത്രം കാണിച്ചുകൊണ്ട്, മുസ്‌ലിംകളെ തീവ്രസ്വഭാവക്കാരായും ഹിന്ദുക്കളെ ഇരകളായും ഇയാൾ ചിത്രീകരിക്കുകയും ചെയ്തു. ഇതാണ് സത്യഹിന്ദി.കോം എന്ന അശുതോഷിന്റെ ഷോയുടെയും ന്യൂസ് പോർട്ടലിന്റെയും “സത്യം”! അധികാരത്തെ നേർത്ത സ്വരത്തിൽ പോലും ചോദ്യം ചെയ്യാതെ പൂജിക്കുന്നതിനെ ആരെങ്കിലും സത്യം എന്ന് വിളിക്കുമോ?

(തുടരും)

വിവർത്തനം: അഫീഫ് അഹ്മദ്

ഇര്‍ഫാന്‍ അഹ്മദ്‌