Campus Alive

എന്ത് കൊണ്ടാണ് ഡൽഹി ‘കലാപം’ വംശഹത്യ ആവുന്നത്?

(2020 ഫെബ്രുവരി 23 മുതൽ വടക്ക് കിഴക്കൻ ഡൽഹിയിൽ നടന്ന മുസ്‌ലിം വംശഹത്യയെ കുറിച്ച് അന്വേഷിക്കാൻ ഡൽഹി ന്യൂനപക്ഷ കമ്മീഷൻ നിയോഗിച്ച വസ്തുതാന്വേഷണ സമിതി അദ്ധ്യക്ഷൻ അഡ്വ: എം ആർ ഷംഷാദ് കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിനെ കുറിച്ച് സംസാരിക്കുന്നു .  കടപ്പാട്: Article 14)


 

താങ്കൾ, റിപ്പോർട്ടിന്റെ മുഖവുരയിൽ ഡൽഹി കലാപത്തെ വംശഹത്യ എന്നാണല്ലോ അടയാളപ്പെടുത്തിയിട്ടുള്ളത്?

ഒരു വർഗീയ കലാപമാവുമ്പോൾ ഇരുപക്ഷത്ത് നിന്നുള്ളവരും ജീവനും സ്വത്തും അപഹരിക്കുകയും അതിന്നിരയാവുകയും ചെയ്യും. ആക്രമണങ്ങളും പ്രത്യാക്രമണങ്ങും സംഭവിക്കും. എന്നാൽ ഇവിടെ മിക്കവാറും ആക്രമണങ്ങൾ ഒരു പക്ഷത്തെ ലക്ഷ്യം വെച്ചുള്ളത് മാത്രമായിരുന്നു. ഉദാഹരണത്തിന്, ശിവ് വിഹാറിലെ ഒരു തെരുവിൽ 27 മുസ്‌ലിം വീടുകളടക്കം 30 വീടുകളുണ്ടായിരുന്നു. മൂന്ന് അമുസ്‌ലിം വീടുകൾ മാത്രം. അതിൽ 27 മുസ്‌ലിം വീടുകളും നശിപ്പിക്കപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തു. ജനങ്ങൾക്ക് അവിടം വിട്ട് പോവേണ്ടതായി വന്നു. അതേസമയം മറ്റു മൂന്ന് അമുസ്‌ലിം വീടുകളും സുരക്ഷിതമായിത്തന്നെ നില കൊണ്ടു. മുംഗ നഗറിൽ ആകെയുണ്ടായിരുന്ന നാല് മുസ്‌ലിം വീടുകളും കൊള്ളയടിച്ച ശേഷം തീവെച്ചു നശിപ്പിച്ചു. അവശേഷിച്ചവക്ക് ഒരു പോറൽ പോലും ഏൽക്കുകയും ചെയ്തില്ല.

മുംഗ നഗറിൽ വളരെ കുറച്ചു മുസ്‌ലിം കച്ചവടസ്ഥാപനങ്ങളാണ് ഉണ്ടായിരുന്നത്. എന്നിട്ടും ‘ജയ് ശ്രീറാം’ ആക്രോശങ്ങളുമായി വന്ന ആൾക്കൂട്ടം അവ കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തു. ഇതു തന്നെ ശിവ് വിഹാറിലും ആവർത്തിച്ചു. മുസ്‌ലിം വീടുകൾ മാത്രമാണ് ലക്ഷ്യം വെക്കപ്പെട്ടത്. കരവൽ നഗറിൽ ഛുനാ-ഭട്ടി എന്നൊരു മാർക്കറ്റുണ്ട്. അവിടെ മുസ്‌ലിംകളുടേതായി ആകെ ഉണ്ടായിരുന്ന അഞ്ച് കടകളും കൊള്ളയടിക്കുകയും അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തു. ഭജൻപുര ഏരിയയിലെ ഡൽഹി ദർബാർ എന്ന മാർക്കറ്റിൽ 40 കച്ചവട സ്ഥാപനങ്ങളിൽ രണ്ടെണ്ണം മാത്രമാണ് മുസ്‌ലിംകളുടെതായി ഉണ്ടായിരുന്നത്. ഈ രണ്ടു സ്ഥാപനങ്ങളും അക്രമകാരികൾ തകർത്തു. അതിൽതന്നെ മുസ്‌ലിം ഉടമസ്ഥതയിലുണ്ടായിരുന്ന ഒന്നാമത്തെ സ്ഥാപനത്തെ കലാപകാരികൾ കൊള്ളയടിച്ചശേഷം തീവെച്ച് നശിപ്പിച്ചു. രണ്ടാമത്തെ കട ഒരു മുസ്‌ലിം വ്യാപാരി വാടകക്കെടുത്തതായിരുന്നു. അത് കൊള്ളയടിച്ചശേഷം നശിപ്പിക്കാതെ ബാക്കി വെക്കുകയും ചെയ്തു. പ്രധാനപ്പെട്ട ഒരു കാര്യം, ഇവക്ക് തൊട്ടടുത്തുള്ള സ്ഥാപനങ്ങളായ, കൃഷ്ണ ഡിജിറ്റൽ സ്റ്റുഡിയോയും ദേനാ ബാങ്ക് എ.ടി.എമ്മും ആരാലും ഉപദ്രവിക്കപ്പെടാതെ കിടന്നു എന്നുള്ളതാണ്. മറ്റൊരു സ്ഥലത്ത് ഒരു കോസ്മെറ്റിക് ഷോപ്പ് കലാപകാരികൾ കൊള്ളയടിച്ചപ്പോൾ തൊട്ടടുത്തുണ്ടായിരുന്ന അമുസ്‌ലിം ഉടമസ്ഥതയിലുള്ള ജ്വല്ലറി യാതൊരു ക്ഷതവുമേൽക്കാതെ നിലനിന്നു. 80 മുതൽ 90 വരെ വീടുകളുള്ള ഖജൂറി ഖാസിലെ നാലാം നമ്പർ ഗല്ലിയിൽ 44 എണ്ണം മുസ്‌ലിംകളുടെ വീടായിരുന്നു. ഈ 44 വീടുകളും തീവെക്കുകയും കൊള്ളയടിക്കുകയും ചെയ്തു. മറ്റുള്ളവ പൂർവ്വസ്ഥിതിയിൽ തന്നെ നിലനിന്നു.

Source: Report of the fact finding committee on the north east Delhi riots

ഇവയെല്ലാം 50 മുതൽ 200 വരെ ആളുകളുള്ള കൂട്ടങ്ങൾ നടത്തിയ ആസൂത്രിതമായ ആക്രമണങ്ങളായിരുന്നു. ഹെൽമെറ്റ് കൊണ്ടും മുഖംമൂടി കൊണ്ടും മുഖംമറച്ചിരുന്ന അവർ ലാത്തിയും ത്രിശൂലവും ഇരുമ്പു ദണ്ഡും കയ്യിലേന്തി ‘ജയ് ശ്രീറാം’ എന്ന് ആക്രോശിക്കുന്നുണ്ടായിരുന്നു. മുസ്‌ലിംകളെയും അവരുടെ സമ്പാദ്യങ്ങളേയും മാത്രമാണ് ഈ ആൾകൂട്ടം ലക്ഷ്യമിട്ടത്. പരമാവധി കൊള്ളയടിച്ച ശേഷം അവരെക്കൊണ്ട് കവർന്നെടുക്കാൻ കഴിയാത്ത കാറോ, ടൂവീലറുകളോ, ജ്വല്ലറികളോ കടലാസു കഷണങ്ങൾ വരെ അവർ തീവച്ചു നശിപ്പിച്ചു.

ഒരു സമുദായത്തിനെതിരെ ആസൂത്രിതമായ ആക്രമണം നടന്നാൽ അവരുടെ മുന്നിലുള്ള ഒരേയൊരു പോംവഴി മരിക്കുക അല്ലെങ്കിൽ സ്വന്തം വീട് വിട്ട് പാലായനം ചെയ്യുക എന്നത് മാത്രമാണ്. ഇതൊരു സാധാരണ വർഗീയ കലാപം മാത്രമായിരുന്നില്ല, പോലീസ് സംവിധാനം ഹിംസയെ തടയാൻ യാതൊന്നും ചെയ്യാതിരുന്നതും ആക്രമണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കാൻ തയ്യാറാകാതിരിക്കുകയും ചെയ്തത് സാഹചര്യത്തെ കൂടുതൽ കലുഷിതമാക്കി തീർത്തിരുന്നു.

ഈ റിപ്പോർട്ട് ഡൽഹി പോലീസിനെ വളരെയധികം പഴിചാരുന്നുണ്ടല്ലോ. താങ്കളുടെ അഭിപ്രായത്തിൽ ആക്രമണങ്ങളിലെ അവരുടെ പങ്കും അതിനോടുള്ള അവരുടെ പ്രതികരണവും എങ്ങനെയായിരുന്നു? കൃത്യമായി എവിടെയാണ് അവർ തെറ്റുകാർ ആകുന്നത്?

അങ്കിത് ശർമയുടെ കൊലപാതകത്തിൽ (കുത്തേറ്റ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ) സ്വമേധയാ എഫ്.ഐ.ആർ എഴുതിയ ഡൽഹി പോലീസ്, യമുനാ വിഹാറിലെ മോഹൻ നഴ്സിംഗ് ഹോമിൽ നിന്ന് ആളുകൾ വെടിവെക്കുന്നതിനെ തെളിയിക്കുന്ന ഫോട്ടോയും വീഡിയോയും അടക്കമുള്ള മതിയായ തെളിവുകൾ ഉണ്ടായിട്ടും അവർക്ക് നേരെ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. നഴ്സിംഗ് ഹോം സംഭവത്തിന് പുറകിലുള്ള ആളുകളുടെ പേര് അടങ്ങിയ പരാതി ഒരു സമീപവാസി എഴുതി കൊടുത്തെങ്കിലും പ്രസ്തുത പരാതിയെ പറ്റി യാതൊരു വിവരവും പിന്നീടുണ്ടായിട്ടില്ല.

ബ്രിജ്പുരി പുലിയക്കടുത്തുള്ള ഫാറൂഖിയ മസ്ജിദിന് സമീപം നടന്ന ഒരു സംഭവം പ്രത്യേകം സൂചിപ്പിക്കേണ്ടതുണ്ട്. നമസ്കരിക്കാൻ വേണ്ടി പള്ളിയിലേക്ക് പോകുന്ന വഴിക്ക് ഒരു മുസ്‌ലിമിനെ മർദ്ദിക്കുകയും ആഴത്തിൽ പരിക്കേൽപിക്കുകയും ചെയ്തു. ഇയാൾ അക്രമികളായ 5 ആളുകളുടെ പേരടങ്ങിയ ഒരു പരാതി കൊടുത്തു. ഈ പരാതി ഒരു എഫ്.ഐ.ആർ ആയി മാറിയോ ഇല്ലയോ എന്നതിനെക്കുറിച്ചോ നടപടി സ്വീകരിച്ചതിനെക്കുറിച്ചോ ഇന്ന് യാതൊരു വിവരവും നമുക്ക് ലഭ്യമല്ല. ശിവ് വിഹാറിൽ നിന്നുള്ള മറ്റൊരാളുടെ പരാതിയിൽ 3 അയൽവാസികളുടെ പേരാണുണ്ടായിരുന്നത്. പോലീസ് പരാതി സ്വീകരിക്കുന്നതിനു പകരം പരാതിക്കാരനെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്.

ഫെബ്രുവരി 23 നും 27 നും ഇടയിൽ നടന്ന ആക്രമണങ്ങൾക്കിടയിൽ പോലീസ് സഹായിക്കാൻ വരാതിരുന്നതിനെ കുറിച്ചും അല്ലെങ്കിൽ അവർ ഫോൺ അറ്റൻഡ് ചെയ്തിട്ടും വളരെ നിരുത്തരവാദിത്തപരമായാണ് പ്രതികരിച്ചതെന്നും കുറെ പേർ കമ്മിറ്റിക്ക് മുമ്പാകെ മൊഴി പറഞ്ഞിട്ടുണ്ട്. പക്ഷപാതിത്വപരമായാണ് പോലീസ് പെരുമാറിയത് എന്ന് തെളിയിക്കുന്ന ഒരുപാട് ദൃശ്യങ്ങളും ഞങ്ങളുടെ പക്കലുണ്ട്. അതിൽ ഒരു വീഡിയോയിൽ പോലീസ്, വേദനകൊണ്ട് നിലത്ത് കിടന്നു പുളയുന്ന അഞ്ചു മുസ്‌ലിം യുവാക്കളെ മർദ്ദിക്കുന്നതായി കാണാം. അതേസമയം സമയം അവർ ഇരകളെ സഹായിക്കാൻ ഒരിക്കലും തയ്യാറായിട്ടില്ലതാനും.

തുടർന്നിനി എന്തൊക്കെയാണ് ചെയ്യാൻ കഴിയുക?

മുൻകാലങ്ങളിൽ കോടതികൾ ഉത്തരവാദികളെ കണ്ടെത്താൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ഡൽഹി കലാപക്കേസിൽ ഇതുവരേക്കും കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണത്തിന് ഉത്തരവിടുകയോ ഒരു പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയോ ചെയ്തിട്ടില്ല. എന്തൊക്കെയാണ് എപ്പോഴൊക്കെയാണ് അന്വേഷിക്കേണ്ടത് എന്നത് പോലീസിന് തന്നെ വിട്ടു കൊടുത്തിരിക്കുകയാണ്. കമ്മിറ്റി റിപ്പോർട്ടിൽ നിർദ്ദേശിച്ചത് പോലെ ഒരു സ്വതന്ത്ര ഏജൻസി സുതാര്യമായും ആഴത്തിലും അന്വേഷിക്കുന്നത് വരെ യഥാർത്ഥ ചിത്രം പുറത്തു വരാൻ പോകുന്നില്ല.

ഈ റിപ്പോർട്ടിന്റെ വിധി എന്താകും? ഗവൺമെന്റ് ഇതിനനുസരിച്ച് പ്രവർത്തിക്കാൻ തയ്യാറാവുമോ?

ഞങ്ങളുടേത് ഒരു വസ്തുതാന്വേഷണ സംഘമാണ്, അല്ലാതെ അന്വേഷണ സംഘമല്ല. ഒരു വസ്തുതാന്വേഷണ സംഘം വസ്തുതകൾ ഒരുമിച്ചു കൂട്ടുകയും നിരീക്ഷണങ്ങളും നിർദ്ദേശങ്ങളും രൂപപ്പെടുത്തുകയുമാണ് ചെയ്യുക. റിപ്പോർട്ടിൽ നിന്ന് ഉയർന്നുവന്നിട്ടുള്ള സത്യങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. ഈ നിർദ്ദേശങ്ങൾ സ്വീകരിക്കണോ വേണ്ടയോ എന്നത് ഗവൺമെന്റിന്റെ മാത്രം തീരുമാനമാണ്. എന്നിരുന്നാലും ഗൗരവമേറിയ ഈ അവസ്ഥയിൽ ഗവൺമെന്റ് റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ഉചിതമായ നടപടിയെടുക്കുകയുമാണ് വേണ്ടത്.

കമ്മിറ്റിയോടുള്ള പോലീസ് മനോഭാവവും പ്രതികരണവും എന്തായിരുന്നു? അവർ നിങ്ങളുടെ വസ്തുതാന്വേഷണ ശ്രമങ്ങളുമായി സഹകരിച്ചിരുന്നോ ?

ഡൽഹി ന്യൂനപക്ഷ കമ്മീഷൻ വിവരങ്ങൾക്ക് വേണ്ടി ഡൽഹി പോലീസിന് എഴുതിയിരുന്നു. വിവരങ്ങൾ ലഭ്യമാക്കി തരാൻ വേണ്ടി കമ്മിറ്റി അവരോട് അപേക്ഷിച്ചു. പക്ഷേ ഞങ്ങളുടെ അപേക്ഷകൾ ഉത്തരം കിട്ടാതെ കിടന്നു. കലാപ മുഖരിതമായ അന്തരീക്ഷത്തിൽ പോലീസിങ്ങിന് പുറമേ ദുരിതാശ്വാസം, പുനരധിവാസം, നഷ്ടപരിഹാരം എന്നിവയെല്ലാം കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അടിസ്ഥാന ഉത്തരവാദിത്വമാണ്. പക്ഷേ കേന്ദ്രത്തിന്റെയും ഡൽഹി ഭരണകൂടത്തിന്റെയും ഭാഗത്തുനിന്നുണ്ടായ പ്രതികരണം വളരെ നിരാശാജനകമായിരുന്നു. ആരും സഹായിക്കാൻ മുന്നോട്ടു വന്നില്ല. കേന്ദ്ര ഗവൺമെന്റ് ദുരിതാശ്വാസ ക്യാമ്പ് നടത്താനോ ഒരു രൂപ പോലും നഷ്ടപരിഹാരം കൊടുക്കാനോ തയ്യാറായില്ല. ഡൽഹി ഗവൺമെന്റാകട്ടെ, കലാപബാധിത പ്രദേശങ്ങളിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് പോലും സംഘടിപ്പിച്ചില്ല. ഗവൺമെന്റ് നൽകിയ ഇടക്കാല നഷ്ടപരിഹാരം വളരെ തുച്ഛമായിരുന്നു. നൂറുകണക്കിന് ഇരകൾക്ക് ഇതുവരേക്കും ഈ ഇടക്കാല നഷ്ടപരിഹാരം പോലും ലഭിച്ചിട്ടില്ല. അതിൽ അധികം പേരും ദരിദ്രരുമാണ്; ഒന്നുമില്ലാതെ ബാക്കിയായവരാണ്!

 റിപ്പോർട്ടിനോടുള്ള ഗവൺമെന്റിന്റെ പ്രതികരണം എന്തായിരുന്നു?

ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് ഇതുവരേക്കും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

സർക്കാർ ഉദ്യോഗസ്ഥർക്കും സ്വകാര്യ പൗരന്മാർക്കും നൽകപ്പെട്ടിട്ടുള്ള നഷ്ടപരിഹാരത്തിലെ അന്തരവും റിപ്പോർട്ട് എടുത്തു കാണിക്കുന്നുണ്ടല്ലോ

ഇത് വളരെ ഗൗരവപ്പെട്ട ഒരു വിഷയമാണ്. ഓരോ വ്യക്തിയുടെ ജീവനും പൗരനെന്ന നിലയിലുള്ള മൂല്യമർഹിക്കുന്ന ഒരു ക്ഷേമരാഷ്ട്രത്തിലെ പൗരന്മാരാണ് നമ്മൾ. രണ്ടു പൗരന്മാർ ഒരേ സാഹചര്യത്തിൽ മരണപ്പെട്ടാൽ അവരുടെ ജീവിതത്തെ വ്യത്യസ്തരീതിയിൽ മൂല്യനിർണയം ചെയ്യരുത്. സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകപ്പെട്ടിട്ടുള്ളതിന്റെ പത്തിലൊന്നു മാത്രമാണ് സാധാരണ പൗരന് നഷ്ടപരിഹാരമായി കൊടുത്തിട്ടുള്ളത്. ഈ സമീപനം മാറ്റേണ്ടതുണ്ട്. പൗരന്മാരുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ ഇത്തരത്തിലുള്ള അന്തരങ്ങൾ കുറക്കുന്നത് സഹായിക്കും.

ഫാക്ട്-ഫൈന്റിങ്ങ് കമ്മമീഷൻ അദ്ധ്യക്ഷൻ എം ആർ ഷംഷാദ്, Image credit: Article 14

കലാപത്തിലേക്ക് നയിച്ച പ്രതികൂലമായ അന്തരീക്ഷത്തെ ഉണ്ടാക്കിയെടുത്തു എന്ന് ആരോപിച്ചു കൊണ്ട് പോലീസ് ഉദ്യോഗസ്ഥരടക്കമുള്ള ചിലർ, സി.എ.എ വിരുദ്ധ പ്രക്ഷോഭകരുടെ ചുമലിലാണ് കലാപത്തിന്റെ എല്ലാ കുറ്റവും ചാർത്തുന്നത്. ഈ ആരോപണങ്ങളെ ബലപ്പെടുത്തുന്ന രീതിയിലുള്ള എന്തെങ്കിലും തെളിവ് കണ്ടെത്താൻ കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ടോ?

അതിന് വിപരീതമായി, സി.എ.എ വിരുദ്ധ പ്രക്ഷോഭകരെ ലക്ഷ്യം വെച്ചുള്ള പ്രകോപനപരമായ പ്രസംഗങ്ങളാണ് കലാപത്തിന്റെ ആവിർഭാവത്തിന് കാരണമായത്. ഒരു പരിഷ്കൃത സമൂഹത്തിന് സഹിക്കാൻ പറ്റുന്നതിനുമപ്പുറമായിരുന്നു ആ പ്രസംഗങ്ങൾ. എത്രത്തോളമെന്നാൽ, ഇലക്ഷൻ കമ്മീഷൻ മുഖവിലക്കെടുക്കുകയും ചില രാഷ്ട്രീയക്കാരെ ഇലക്ഷൻ പ്രചരണത്തിൽ നിന്ന് വിലക്കുകയും (ഡൽഹി അസംബ്ലി ഇലക്ഷൻ) ചെയ്യാൻ മാത്രം കാരണമായ പ്രസ്താവനകളായിരുന്നു അതിൽ ചിലത്. ഈ പ്രസ്താവനകൾ ഭൂരിപക്ഷ സമുദായത്തിൽ അരക്ഷിതബോധം സൃഷ്ടിച്ചു. ഒരു രാഷ്ട്രീയക്കാരൻ പറഞ്ഞത് പ്രക്ഷോഭകർ മുഗൾ രാജ്യം തിരിച്ചു കൊണ്ടുവരുമെന്നാണ്. മറ്റൊരാൾ, ബിജെപി അധികാരത്തിൽ വന്നാൽ തന്റെ ലോക്സഭാ മണ്ഡലത്തിലെ സർക്കാർ ഭൂമികയിലുള്ള എല്ലാ പള്ളികളും നീക്കം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ആക്രമണങ്ങൾക്കിടയിൽ പള്ളികളടങ്ങുന്ന മുസ്‌ലിംകളുടെ ആരാധനാലയങ്ങൾ മാത്രമാണ് ഹിംസക്ക് ഇരയായത്. കലാപത്തിൽ ഉടനീളം ഇത്തരം രാഷ്ട്രീയക്കാർ വിഷം വമിപ്പിക്കുന്ന ഒരുപാട് പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്.

 


വിവർത്തനം: ഹാഫിസ് ഹിശാം

Courtesy: ആർട്ടിക്കിൾ 14

അഡ്വ: എം ആർ ഷംഷാദ്