Campus Alive

ആഖ്യാനങ്ങളുടെ യുദ്ധം: 2020 ഡൽഹി വംശഹത്യയുടെ പുനർവായന

(2020 ഫെബ്രുവരിയിൽ വടക്ക് കിഴക്കൻ ഡൽഹിയിൽ നടന്ന മുസ്‌ലിം വിരുദ്ധ വംശഹത്യയെ തുടർന്ന് പുറത്ത് വന്ന വിവിധ റിപ്പോർട്ടുകളെ വിശകലനം ചെയ്യുന്നു)


സംഭവങ്ങളെ ചരിത്രത്താളുകളിൽ അതേപടി രേഖപ്പെടുത്തപ്പെടുകയല്ല ചെയ്യുന്നത്, മറിച്ച് സംഭവങ്ങളെ സംബന്ധിച്ച വൈവിധ്യങ്ങളായ ആഖ്യാനങ്ങൾ അതിന്റെ ദൃശ്യതയ്ക്കും, നാളെയുടെ കാഴ്ചപ്പാടുകളെ സ്വാധീനിക്കാനും, പരസ്പരം മത്സരിച്ചു കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ, സംഭവങ്ങളെ പ്രത്യേകതരത്തിൽ ആഖ്യാനിക്കാനുള്ള ശ്രമങ്ങൾ പലപ്പോഴും ദൈനംദിന ജീവിതത്തിലെ കേവല വർത്തമാനങ്ങളിൽ വിജയിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന തല്പരജനവിഭാഗങ്ങളെ കണ്ടെത്തുന്നു. ഇത്തരം ശ്രമങ്ങളുടെ ഭാഗമായി, ഒരു ആഖ്യാനത്തെ മാത്രം ഏകസത്യമായി പരിവർത്തിപ്പിക്കാൻ വ്യത്യസ്ത പ്രചരണായുധങ്ങൾ ഉപയോഗപ്പെടുത്തുന്നു. ആധുനിക ലോകക്രമത്തിൽ, അച്ചടി-ദൃശ്യ-ഓൺലൈൻ മാധ്യമങ്ങൾ വഴിയുള്ള പൊതുജനസമ്പർക്ക നിർവ്വഹണം (Public Relations Management) എന്നാണ് ഇതിനെ വിളിക്കുന്നത്.  ഭരണകൂടങ്ങളുടെയും ദേശരാഷ്ട്രങ്ങളുടെയും അധികാരത്തെ ഉപയോഗിച്ചുകൊണ്ട് മറ്റുള്ളവരെ അനുനയിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള ആധികാരികതയോടെ സംഭവങ്ങളുടെ വ്യത്യസ്ത തരം സങ്കൽപ്പനങ്ങളെ നിർമ്മിച്ചെടുത്ത് സമൂഹത്തിലെത്തിക്കാൻ വിവിധങ്ങളായ പ്രചരണതന്ത്രങ്ങൾ ഉപയോഗപ്പെടുത്തുന്നു. നോം ചോംസ്കി (1988) അഭിപ്രായപ്പെട്ടതുപോലെ, അധികാരികളുടെ നിക്ഷിപ്ത താൽപര്യങ്ങളോട് യോജിക്കുന്ന തരത്തിൽ ജനങ്ങൾക്കിടയിൽ സമ്മതി നിർമ്മാണം (Manufacturing Consent) നടത്തുകയും, അതുവഴി ഭരണകൂടത്തിന്റെ ആധികാരികത പ്രതിസന്ധിയിലാകുന്ന ഘട്ടങ്ങളിൽ ഭരണകൂടത്തെ പിന്തുണക്കുന്ന ഒരു സാമൂഹ്യബോധത്തെ നിർമ്മിച്ചെടുക്കുകയും ചെയ്യുക എന്നതാണ് ഇത്തരം പ്രചരണങ്ങളുടെ യഥാർത്ഥ ലക്ഷ്യം.

Photo credit: Reuters

2020 ഫെബ്രുവരിയിൽ ഇന്ത്യൻ തലസ്ഥാനത്ത് സംഭവിച്ച അക്രമത്തെ വ്യാപകമായി ചർച്ച ചെയ്തുകൊണ്ടിരുന്ന സന്ദർഭത്തിൽ, സംഭവത്തെക്കുറിച്ച വിവരങ്ങൾ നൽകുന്ന വ്യത്യസ്ത റിപ്പോർട്ടുകൾ പുറത്തുവരികയുണ്ടായി. പ്രസ്തുത സംഭവങ്ങളെ സംബന്ധിച്ച വിവരശേഖരണം ഇന്ത്യയിലേയും വിദേശത്തെയും വിവിധ ഗ്രൂപ്പുകൾക്കിടയിൽ അതീവ പ്രാധാന്യം നേടിയതിനാൽ, ഈ മഹാമാരിക്കിടയിലും ഇന്റർനെറ്റ് വഴി എളുപ്പത്തിൽ ലഭ്യമാവുന്ന തരത്തിൽ അനേകം ആഖ്യാനങ്ങൾ രംഗത്ത് വന്നു. ആക്രമണങ്ങളിൽ അതിജീവിച്ചവരുടെയും കുറ്റവാളികളുടെയും യഥാർത്ഥ അനുഭവങ്ങളുടെ പിൻബലത്തോടുകൂടി അക്രമത്തെ സംബന്ധിച്ച് സർക്കാർ-സർക്കാരേതര വസ്തുതാന്വേഷണ സംഘങ്ങൾ വളരെ വിശദമായി തന്നെ അന്വേഷണം നടത്തി. മാത്രവുമല്ല, തങ്ങളുടെ ആഖ്യാനങ്ങളെ സാധൂകരിക്കുന്നതിനായി ദൃക്സാക്ഷിവിവരണങ്ങളും വീഡിയോകളും പത്രവാർത്തകളും ഓരോരുത്തരും ഉപയോഗപ്പെടുത്തിയിട്ടുണ്ടായിരുന്നു. സംഭവസ്ഥലത്ത് നടന്നതെല്ലാം രേഖപ്പെടുത്തുകയും കൃത്യതയോടും വസ്തുതായോഗ്യമായും പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്തെങ്കിൽ കൂടി, ഇത്തരം സംഭവങ്ങളുടെ മേൽ നിർമ്മിച്ചടുത്ത വിവിധ ആഖ്യാനങ്ങൾ പരസ്പരവിരുദ്ധമായ വീക്ഷണങ്ങളോടു കൂടി തികച്ചും വ്യത്യസ്തമായവയാണ്.

സമകാലീന സോഷ്യൽ മീഡിയാ യുഗത്തിൽ, നിശ്ചിതസമയങ്ങളിൽ പ്രത്യേക വാർത്തകളെയും ആഖ്യായികകളെയും അജണ്ടകളായി സെറ്റ് ചെയ്യുക വഴി ജനങ്ങൾ എന്താണോ കേൾക്കുകയും ചർച്ച ചെയ്യുകയും ചെയ്യേണ്ടത് അവയിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടൽ ഇന്ന് നിശ്പ്രയാസം സാധിക്കുന്നു. അതുകൊണ്ടുതന്നെ, കൃത്യമായ കണ്ടന്റ് ക്രിയേറ്റിംഗ് ടീമിന്റെയും മറ്റ് വിദഗ്ധരുടെയും സഹായത്താൽ സോഷ്യൽ മീഡിയാ ‘ഭക്ത്’കളിലൂടെയും അല്ലെങ്കിൽ ‘ആർമി’കൾ (ഐ.ടി.സെല്ലുകൾ) മുഖേനയും വ്യാജനിർമ്മിത ആഖ്യാനങ്ങളെ മുഖ്യധാരാ രാഷ്ട്രീയ ചർച്ചകളിലേക്ക് എത്തിക്കുവാനും എളുപ്പം സാധിക്കുന്നു. ഏതു വിഷയത്തെ സംബന്ധിച്ചുമുള്ള വ്യക്തിപരമായ ഇടപെടലുകളും ആശയവിനിമയവും സാമൂഹ്യ മാധ്യമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാൽ, ഇത്തരം ട്രന്റിങ്-വൈറൽ പ്രചരണങ്ങൾ വേണ്ടത്ര വിലയിരുത്തലോ സൂക്ഷ്മപരിശോധനയോ കൂടാതെ തന്നെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ മനസ്സിലേക്ക് അതിന്റെ അജണ്ടകളെ എത്തിക്കുന്നു. ഇതിന്റെ ഫലമായി, കൃത്രിമ രാഷ്ട്രീയ ആഖ്യായികകൾക്ക് ജനാംഗീകാരം നേടിയെടുക്കുന്നതിലൂടെ ലാഭം കൊയ്യുന്നത് അധികാരക്കൊതിയുള്ള സ്വയം കേമികളാണ്. അതുപോലെ, ഡാറ്റാ ചോർച്ച (Data Breach), സ്വകാര്യതയുടെ മേലുള്ള കൈകടത്തൽ, പക്ഷപാതിത്വം, വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കൽ എന്നിവയാണ് സാമൂഹ്യ മാധ്യമങ്ങൾക്കുമേൽ വലിയതോതിൽ ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ എന്ന്  ഫെയ്സ്ബുക്കിന്റെ പ്രവർത്തനത്തെ സംബന്ധിച്ച സമീപകാല പഠനം കണ്ടെത്തുന്നുണ്ട്.

അക്രമത്തിന്റെ നാമകരണം

ഡൽഹി കലാപത്തെ നാമകരണം ചെയ്യുന്ന വിഷയത്തിൽ തന്നെ വ്യത്യസ്ത ആഖ്യാനങ്ങൾ പരസ്പരം വിയോജിക്കുന്നുണ്ട്. ഡൽഹി ന്യൂനപക്ഷ കമ്മീഷന്റെ കീഴിലുള്ള വസ്തുതാന്വേഷണ റിപ്പോർട്ടിന്റെ ആദ്യാധ്യായത്തിൽ ഇക്കാര്യം ചർച്ച ചെയ്യുന്നു: “ഇരുവിഭാഗങ്ങളിൽനിന്നും പൊടുന്നനെ പൊട്ടിപ്പുറപ്പെട്ട അക്രമം എന്നതിലുപരി, ഇതൊരു പ്രത്യേക സമുദായത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാകാം എന്ന സാധ്യത നിലനിൽക്കുന്ന സന്ദർഭത്തിൽ പ്രത്യേകിച്ച് ആൾക്കൂട്ട അക്രമങ്ങളെ ‘കലാപം’ എന്ന്  നാമകരണം ചെയ്യാതിരിക്കുവാൻ വേണ്ടി ഡൽഹി ആക്രമണങ്ങളെ കൃത്യമായി നിർവ്വചിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് വിമർശനാത്മകമായ ഒട്ടേറെ ചോദ്യങ്ങൾ പൊതുമണ്ഡലത്തിൽ ഉയർന്നുവന്നിട്ടുണ്ട്”. എന്നാൽ, വിരോധാഭാസമെന്ന് പറയട്ടെ, പ്രസ്തുത റിപ്പോർട്ടിന്റെ തന്നെ തലവാചകം “2020 ഫെബ്രുവരിയിലെ വടക്കുകിഴക്കൻ ഡൽഹി ‘കലാപങ്ങളെ’ക്കുറിച്ചുള്ള ഡി.എം.സി വസ്തുതാന്വേഷണ സമിതി റിപ്പോർട്ട്” (Report of the DMC fact-finding Committee on North-East Delhi Riots of February 2020) എന്നായിരുന്നു. സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ‘നിക്ഷ്പക്ഷത’യെ സൂചിപ്പിക്കാനാണ് ഇത്തരത്തിൽ സംഭവത്തെ ‘കലാപങ്ങൾ’ എന്ന് നാമകരണം ചെയ്യുന്നത്. യൂത്ത് ഫോർ ഹ്യൂമൺ റൈറ്റ്സ് ഡോക്യുമെന്റേഷന്റെ(YHRD) തലവാചകം ഇങ്ങനെയായിരുന്നു: ‘An Account of Fear & Impunity: Preliminary Fact-Finding Report on Communally-Targeted violence in North-East Delhi’. ഈ തലവാചകത്തിൽ രാജ്യത്തിന്റെ മതേതര മൂല്ല്യങ്ങൾക്ക് വിരുദ്ധമായ, കുറ്റവാളികളുടെ പ്രത്യേക വർഗ്ഗീയാജണ്ടക്ക് കൂടുതൽ ഊന്നൽ നൽകുവാൻ വേണ്ടിയാണ് ‘വർഗ്ഗീയ ലക്ഷ്യാധിഷ്ഠിത അക്രമം’ എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ വിശദമായ റിപ്പോർട്ടിന്റെ തലക്കെട്ട് “Shoot the Traitors: Discrimination Against Muslims under New Citizenship Policy” എന്നായിരുന്നു. ഈ തലക്കെട്ട് പൗരത്വഭേദഗതി നിയമത്തിന്റെ വിവേചനപരമായ സമീപനത്തെയും ഇന്ത്യയിലുടനീളം സി.എ.എ വിരുദ്ധ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഡൽഹി അക്രമത്തെ വലിയൊരളവോളം മുസ്‌ലിം വിരുദ്ധ അക്രമങ്ങളായി സ്ഥാപിക്കപ്പെട്ടതിനെയും വ്യക്തമാക്കുന്നു.

ഡി.എം.സി റിപ്പോർട്ട്

അഭിഭാഷകയായ മോണിക്ക അറോറയുടെ (ഇന്ത്യൻ സുപ്രീം കോടതി) ഗ്രൂപ്പ് ഓഫ് ഇന്റലക്ച്വൽസ് ആൻഡ് അക്കാദമീഷ്യൻസ് (GIA) പുറത്തിറക്കിയ റിപ്പോർട്ടിലെ തലക്കെട്ട് ഇങ്ങനെയായിരുന്നു: “Delhi Riots 2020: Report from Ground Zero – Shaheen Bagh Model in North-East Delhi: From Dharna to Danga”. അതുപോലെ ഓപിന്ത്യയുടെ നുപൂർ ജെ ശർമ്മയും കൽപജ്യോതി കശ്യപും നടത്തിയ റിപ്പോർട്ടിന്റെ തലക്കെട്ട് “Delhi Anti-Hindu Riots of 2020: The Macabre Dance of Violence Since December  2019” എന്നായിരുന്നു. മുകളിലുദ്ധരിച്ച രണ്ടു തലവാചകങ്ങളും, ഹിന്ദു വിരുദ്ധ കലാപമാണ് അക്രമത്തിന്റെ പ്രകൃതമെന്ന നിലയിലുള്ള സമാനാഭിപ്രായങ്ങൾ പങ്കുവെക്കുന്നു. ഓപിന്ത്യാ റിപ്പോർട്ടിന്റെ അവസാന അദ്ധ്യായത്തിലെ, അക്രമത്തിന്റെ നാമകരണത്തെ സംബന്ധിച്ച ചർച്ചയിൽ ‘മുസ്‌ലിം വിരുദ്ധ വംശഹത്യ’ എന്ന പദത്തിനു പകരം ‘വർഗ്ഗീയ കലാപം’ എന്ന പദം വളരെ തന്ത്രപരമായി ഉപയോഗിക്കുന്നുണ്ട്. അതേസമയം, തീവ്ര ഇടതുപക്ഷ-അർബൻ നക്സലുകളുടെ ന്യൂനപക്ഷങ്ങളുടെ റാഡിക്കലൈസേഷൻ പ്രക്രിയയുടെ അനന്തരഫലമാണ് ഈ അക്രമം എന്ന നിലക്കാണ് ജി.ഐ.എ(GIA) റിപ്പോർട്ട് ഡൽഹി അക്രമത്തെ നിർവ്വചിച്ചിരിക്കുന്നത്.

ഹിന്ദു വിഭാഗത്തിലെ കുറ്റവാളികളുടെ മേൽ ആരോപിക്കപ്പെടുന്ന ആക്ഷേപം ഒഴിവാക്കുവാൻ വേണ്ടി അക്രമത്തെ ‘വർഗ്ഗീയ കലാപം’ എന്ന് വിളിക്കുന്നതിലും ഇരു സമുദായങ്ങളും അക്രമത്തിൽ ഭാഗവാക്കായിരുന്നു എന്ന തരത്തിൽ ‘സന്തുലിതവും’ ‘നിക്ഷ്പക്ഷവു’മായി അക്രമത്തെ വിശദീകരിക്കുന്നതിലും ഇന്ത്യയിലെ ഭൂരിഭാഗം മുസ്‌ലിം വിരുദ്ധ അക്രമങ്ങളും ഒരേ മാതൃകയാണ് തുടർന്നുകൊണ്ടിരിക്കുന്നത്. എന്നിരുന്നാലും, സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക-വിദ്യാഭ്യാസ അളവുകോലുകളുടെ അടിസ്ഥാനത്തിൽ മുസ്‌ലിം സമുദായത്തിനെതിരെയുള്ള ചരിത്രപരമായ അസമത്വത്തെയും വിവേചനത്തെയും മനസ്സിലാക്കാൻ സച്ചാർ കമ്മിറ്റി റിപ്പോർട്ട് ഉൾപ്പെടെ വിവിധ റിപ്പോർട്ടുകളുടെ സഹായത്തോടെയുള്ള ഇത്തരം വിശദീകരണങ്ങളുടെ വിലയിരുത്തലുകൾ തന്നെ മതിയാവുന്നതാണ്. അക്രമത്തെ നാമകരണം ചെയ്യാനുള്ള വ്യത്യസ്ത ശ്രമങ്ങളെ വിശകലനം ചെയ്തുകൊണ്ട് ഇർഫാൻ അഹ്മദ് പറയുന്നതിങ്ങനെയാണ്: “ഒരു പ്രശ്നത്തെ നിർണ്ണയിക്കുന്നതിലും അത്പോലെ ഭാവിയിൽ അതിനെ തടയുന്നതിനുള്ള പ്രവർത്തനങ്ങളിലും നാമീകരണത്തിന് അതിന്റേതായ, പ്രാധാന്യമുണ്ട്. നാമീകരണത്തിലാണ് മരണത്തിന്റെയും ജനനത്തിന്റെയും സാധ്യതകൾ വരെ നിലകൊള്ളുന്നത്. അതുകൊണ്ട് തന്നെ ഭാഷയുടെ പതിവ്രതയെയും അതിലുപരിയായി എന്റെ തന്നെ നൈതികബോധ്യത്തെ തൃപ്തിപ്പെടുത്താനും ഡൽഹിയിൽ നടന്ന ഹിംസയെ പലരും അഭിസംബോധന ചെയ്യുന്ന രീതിയിൽ കലാപം എന്ന് ഞാൻ വിളിക്കില്ല. പകരം അതിനെ അതിന്റെ യഥാർത്ഥ നാമമായ വംശഹത്യ എന്ന് തന്നെ ഞാൻ വിളിക്കും”.

മിക്ക റിപ്പോർട്ടുകളും നിരീക്ഷിക്കുന്നതു പോലെ അക്രമാസക്തമായ സാഹചര്യത്തിൽ ഡൽഹി പോലീസ് വഹിച്ച പങ്ക് മുസ്‌ലിംകളുടെ ജീവനും സ്വത്തിനും കൂടുതൽ അപകടാവസ്ഥ സൃഷ്ടിച്ചു. “പോലീസ് തന്നെ കൊലയാളികളായാൽ, പിന്നെ നിങ്ങൾ ആരെയാണ് വിളിക്കുക?” എന്ന വടക്കുകിഴക്കൻ ഡൽഹിയിലെ ഒരു ചുമരെഴുത്തിൽ ഈ വസ്തുത വ്യക്തമായി ഉൾക്കൊള്ളുന്നു. ന്യൂനപക്ഷ സമുദായത്തെ കൊന്നൊടുക്കുന്നതിൽ സംസ്ഥാന സർക്കാരുകൾ നിയമവിരുദ്ധമായി പങ്കുവഹിക്കുക, അതിനെ പിന്തുണക്കുക, അവരുടെ ആരാധനാലയങ്ങൾ തകർക്കുക, അവരുടെ കച്ചവടവസ്തുക്കളും മറ്റ് സ്വത്തുവകകളും തിരഞ്ഞുപിടിച്ച് അക്രമിക്കുക എന്നിങ്ങനെയുള്ള ക്രൂരതകളെ മുൻനിർത്തി, ഡൽഹിയിലെ മുസ്‌ലിം വിരുദ്ധ വംശഹത്യയെ 1984ലെ സിഖ് വംശഹത്യയുമായും, 1992ലെ ബാബരി മസ്ജിദ് ധ്വംസനവുമായും, 2002 ലെ ഗുജറാത്ത് വംശഹത്യയുമായും പലപ്പോഴും താരതമ്യം ചെയ്യുന്നുണ്ട്.

മഹ്മൂദ് മംദാനി

മഹ്മൂദ് മംദാനി 1994ലെ റുവാണ്ടൻ വംശഹത്യയെക്കുറിച്ച് വിശദീകരിക്കുന്ന തന്റെ കൃതിയിൽ വംശഹത്യയുടെ പ്രകൃതത്തെയും അതിന്റെ പ്രവർത്തനരീതിയെയും വളരെ വ്യക്തമായ ഉൾക്കാഴ്ച്ചയോടുകൂടി വിശദീകരിക്കുന്നുണ്ട്. വർഗ്ഗീയ കൂട്ടക്കുരുതിയുടെയും(Ethnic Massacre) വംശഹത്യയുടെയും(Racial Genocide) ആഖ്യാനങ്ങൾക്കിടയിലെ വ്യത്യാസത്തെ കണ്ടെത്തിക്കൊണ്ട് മംദാനി പറയുന്നതിങ്ങനെയാണ്: “തങ്ങളാണ് ഈ മണ്ണിന്റെ മക്കളെന്ന് സ്വയം ധരിച്ചിരുന്നവർ നടത്തിയ വംശഹത്യയായിരുന്നു ഈ അക്രമം. തങ്ങൾക്ക് ഭീഷണിയായ വിദേശിയുടെ സാന്നിദ്ധ്യത്തെ ഈ മണ്ണിൽ നിന്ന് തുടച്ചുനീക്കുക എന്നതായിരുന്നു അവരുടെ ദൗത്യം. ഇത് ‘വർഗ്ഗീയമായ'(Ethnic) ഒന്നായിരുന്നില്ല, മറിച്ച് ‘വംശീയമായ'(Racial) തുടച്ചുമാറ്റലായിരുന്നു. അത് ‘സമീപവാസി’യായി കണക്കാക്കിയവനെതിരെയുള്ള അക്രമമായിരുന്നില്ല, മറിച്ച് ‘വിദേശി’യായി കണക്കാക്കിയവന് എതിരെയുള്ളതായിരുന്നു. അതിർത്തി അതിക്രമിച്ച് രാജ്യത്തേക്ക് കടക്കുന്നതിനെ ലക്ഷ്യം വെച്ചുകൊണ്ടുള്ള അക്രമമായിരുന്നില്ല, മറിച്ച് ഒരു വിദേശിയുടെ സാന്നിദ്ധ്യം ശാരീരികമായി തന്നെ ഇല്ലാതാക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു. ഇത്തരമൊരു വീക്ഷണകോണിലൂടെ, വർഗ്ഗീയവും വംശീയവുമായ അക്രമങ്ങൾ തമ്മിലെ വ്യത്യാസം നാം തിരിച്ചറിയേണ്ടതുണ്ട്. വർഗ്ഗീയ അക്രമങ്ങൾ വംശഹത്യക്കല്ല, കൂട്ടക്കൊലകൾക്കാണ് കാരണമാകുന്നത്. കൂട്ടക്കൊലകൾ ഭിന്നതയെയും അതിക്രമത്തെയും അടിസ്ഥാനപ്പെടുത്തി ഉണ്ടാവുന്നതാണ്. എന്നാൽ, ‘വിദേശി’ എന്ന നിലക്ക് രാജ്യത്ത് വസിക്കുന്നതിന്റെ നിയമസാധുതയെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നാണ് വംശഹത്യ (2020:24). ഇതേ രീതിയിൽ, ചരിത്രപരമായി പാർശ്വവത്കൃതരായ ന്യൂനപക്ഷങ്ങൾക്ക് (പരസ്പര സഹായ സഹകരണത്തോടു കൂടിയുള്ള സൗഹൃദ ജീവിതാനുഭങ്ങളുടെ നീണ്ട പൈതൃകമുള്ളവരാണിവർ) എതിരെയുള്ള ഇന്ത്യയിലെ വംശഹത്യാ പദ്ധതികളും വംശീയ ശുദ്ധീകരണമാണെന്ന് വിശകലനം ചെയ്യാൻ സാധിക്കും. നിയമപരവും നയപരവുമായ സംവിധാനങ്ങളിലൂടെ പൊതുവായി ന്യൂനപക്ഷ സമുദായങ്ങളെ അപരവത്ക്കരിക്കുന്നതും പ്രത്യേകമായി മുസ്‌ലിംകളെ ‘വിദേശി’, ‘അന്യൻ’ എന്നിങ്ങനെ വേർതിരിക്കുന്നതും സമീപഭാവിയിൽ തന്നെ വൻതോതിലുള്ള ഉന്മൂലനപദ്ധതിയിലേക്ക് വഴിവെക്കും. ദേശീയ പൗരത്വപട്ടികയുടെ മറവിൽ അനധികൃത കുടിയേറ്റക്കാർക്കുവേണ്ടി തയ്യാറാക്കപ്പെട്ട തടങ്കൽപാളയങ്ങൾ നിലനിൽക്കുന്നു എന്ന വസ്തുത മുസ്‌ലിംകളുടെ പൗരത്വനിഷേധത്തെയും സ്വന്തം രാജ്യത്തെ പൗരനല്ലാതാക്കുന്നതോടെ സംഭവിക്കുന്ന, ഹന്നാ ആരെന്റിന്റെ വാക്കുകളിൽ പറഞ്ഞാൽ ‘അവകാശങ്ങളുടെ മേലുള്ള അവകാശ ലംഘനത്തെ’യുമാണ് ചൂണ്ടിക്കാട്ടുന്നത്.

തുടക്കം

വസ്തുതാന്വേഷണ റിപ്പോർട്ടുകൾ ഡൽഹി അക്രമത്തിന്റെ ആരംഭത്തെ സംബന്ധിച്ച് പരസ്പരവിരുദ്ധമായ വ്യത്യസ്ത വീക്ഷണങ്ങൾ പുലർത്തുന്നതായി കാണാൻ സാധിക്കും. പൗരത്വ ഭേദഗതി നിയമത്തിന് പാർലമെന്റിന്റെ ഇരുസഭകളിലും അംഗീകാരം ലഭിക്കുന്ന ഇന്ത്യാചരിത്രത്തിലെ നിർണ്ണായക മുഹൂർത്തം പൗരത്വത്തിന്റെയും തുല്യാവകാശത്തിന്റെയും കാര്യത്തിൽ മുസ്‌ലിംകൾക്കെതിരെയുള്ള മതപരമായ വിവേചനത്തിന് വഴിയൊരുക്കലായിരുന്നു. ഒടുവിൽ തൻവീർ ഫസൽ പറഞ്ഞതുപോലെ “മുസ്‌ലിംകളെ ദേശത്തിൽനിന്ന് പുറംതള്ളുക (Denationalize)” എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തപ്പെട്ടു. ബി.ജെ.പി മന്ത്രിമാരുടെ ഭാഗത്തു നിന്നുമുണ്ടായ കൊടുംഭീഷണികളായ ദേശീയ പൗരത്വപട്ടികയും(NRC) ദേശീയ ജനസംഖ്യാ പട്ടികയും(NPR) -ഇവ നടപ്പാക്കാനുള്ള നടപടിക്രമങ്ങളുടെ ബാഹ്യ രേഖയില്ലെങ്കിൽ പോലും- മുസ്‌ലിം സമുദായത്തെ ഇന്ത്യയിലുടനീളമുള്ള തെരുവുകളിലേക്ക് ഇളക്കിവിട്ടു.

ബി.ജെ.പി നേതാക്കൾ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളാണ് ഡൽഹി അക്രമത്തിലെ മുഴുവൻ സംഭവങ്ങളിലേക്കും നയിച്ചതെന്ന് ഡി.എം.സി, എച്ച്.ആർ.ഡബ്ല്യൂ, വൈ.എച്ച്.ആർ.ഡി എന്നീ റിപ്പോർട്ടുകൾ കണ്ടെത്തുകയുണ്ടായി: “സി.എ.എ. വിരുദ്ധ പ്രതിഷേധക്കാരെ പരസ്യമായി അപകീർത്തിപ്പെടുത്തിക്കൊണ്ടും, അവരുടെ ഉദ്ദേശ്യങ്ങളെ യാതൊരടിസ്ഥാനവുമില്ലാതെ ചോദ്യം ചെയ്തുകൊണ്ടും, വർഗീയാധിക്ഷേപങ്ങൾ നിറഞ്ഞ അഭിപ്രായപ്രകടനങ്ങൾ, പരസ്യമായ അക്രമ ഭീഷണികൾ എന്നിവ കൊണ്ടും, ഷാഹീൻബാഗിനെ മോശമായി ചിത്രീകരിക്കുന്ന തരത്തിൽ അതിന്റെ വിശ്വസ്തതയെ ദുർബലപ്പെടുത്താൻ ‘ഷഹീൻബാഗ് വിരുദ്ധ ആഖ്യാനങ്ങൾ’ പടച്ചുവിട്ടുകൊണ്ടുമുള്ള ബി.ജെ.പി നേതാക്കളുടെ ഒരു കൂട്ടം പ്രഭാഷണങ്ങളാണ് വടക്കുകിഴക്കൻ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട അക്രമത്തിന് തുടക്കമിട്ടത്. എന്തുതന്നയായാലും, അക്രമത്തിന്റെ ആരംഭത്തെപ്പറ്റി പൂർണ്ണമായും മറ്റൊരു വിശദീകരണമാണ് ഓപിന്ത്യയുടെ റിപ്പോർട്ട് മുന്നോട്ടു വെക്കുന്നത്. റിപ്പോർട്ടിൽ പറയുന്നതിങ്ങനെയാണ്; “2019 ഡിസംബർ 11-ന് ബർഖാ ദത്തിന്റെ ജാമിഅ ‘പെൺനായിക’ ലദീദാ സഖലൂൻ ജിഹാദിന് ആഹ്വാനം ചെയ്തതോടെ അക്രമത്തിന് തുടക്കം കുറിച്ചു എന്നതാണ് വസ്തുത. ഇതിനു തൊട്ടുപിന്നാലെ ഡൽഹിയിലെ മുഴുവൻ അക്രമങ്ങൾക്കും തുടക്കം കുറിക്കപ്പെട്ടു. അതിൽപിന്നെ സമാധാനപരമായിരുന്നില്ല കാര്യങ്ങൾ. വടക്കുകിഴക്കൻ ഇന്ത്യയെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്ന് വിഭജിച്ച് മാറ്റണമെന്ന് ആഗ്രഹിക്കുന്ന തീവ്ര-മുസ്‌ലിം പക്ഷക്കാരനായ ശർജീൽ ഇമാമാണ് ഷഹീൻബാഗ് സമരത്തിന്റെ മുഖ്യസൂത്രധാരൻ എന്നത് നാമോർക്കേണ്ട വളരെ പ്രധാനപ്പെട്ട സംഗതിയാണ്” (ശർമ, കശ്യപ് 2020:15). ലദീദയുടെ ‘ജിഹാദ്’ എന്ന പരാമർശവും ശർജീൽ ഇമാമിന്റെ ‘ചക്കാജാം’ [റോഡ് ബ്ലോക്ക് ചെയ്യുക] എന്ന പരാമർശവും അക്രമത്തെ പ്രോത്സാഹിപ്പിക്കുവാൻ വേണ്ടിയായിരുന്നു എന്ന് ഓപിന്ത്യ മനഃപൂർവ്വം ദുർവ്യാഖ്യാനിക്കുകയാണ് ഇവിടെ.

ഓപിന്ത്യ പുറത്തുവിട്ട റിപ്പോർട്ട്

കേരളത്തിലെ കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളുടെ കാലത്ത് നടന്ന  മലബാറിന്റെ ചരിത്രപ്രസിദ്ധമായ ഖിലാഫത്ത് പ്രസ്ഥാനത്തെ പരാമർശിക്കുന്നതിലൂടെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്റെ ലക്ഷ്യത്തെ ഖിലാഫത്ത് 2.0 ആയി ചിത്രീകരിക്കുവാൻ ശ്രമിച്ചുകൊണ്ട് ഓപിന്ത്യ വളരെ കൃത്യതയോടെ വാക്കുകൾ തിരഞ്ഞെടുത്ത് ഒരു ‘ബൃഹത്തായ ആഖ്യാനം’ നൽകുന്നു: “ഖിലാഫത്ത് പ്രസ്ഥാനത്തിൽ നടന്ന അതേ സംഭവങ്ങൾ ആവർത്തിക്കുവാനുള്ള ശ്രമം നടന്നു എന്ന വസ്തുതയാണ് ഡൽഹിയിൽ നടന്ന സംഭവവികാസങ്ങൾ ചൂണ്ടിക്കാട്ടുന്നത്. പാകിസ്താൻ രൂപീകരണത്തിലേക്ക് നയിച്ച ഇരുപതാം നൂറ്റാണ്ടിലെ തീവ്ര ഇസ്‌ലാമിക പ്രസ്ഥാനത്തിനു കീഴിൽ നടത്തപ്പെട്ട മാപ്പിള കൂട്ടക്കൊല ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത് കൊണ്ടാണ് അടയാളപ്പെടുത്തപ്പെട്ടതെന്ന കാര്യം നാം പലപ്പോഴും മറന്നുപോകുന്നു. മാപ്പിളക്കൂട്ടക്കൊലയുടെ വംശഹത്യാ ഭ്രാന്തരെ മഹത്വവത്കരിച്ചവരാണ് ജാമിഅയിൽ സി.എ.എ വിരുദ്ധ മുന്നേറ്റത്തിന് നേതൃത്വം നൽകിയതെന്നത് വ്യക്തമായ വസ്തുതയാണ്” (ശർമ്മ, കശ്യപ് 2020:15). ലദീദ, ആയിശാ റെന്ന, ശർജീൽ ഇമാം എന്നിവർക്കൊപ്പം മുസ്‌ലിം, അംബേദ്കറൈറ്റ്, ഫെമിനിസ്റ്റ്, ഇടത്-കോൺഗ്രസ് വൃത്തങ്ങൾ എന്നിവയിൽ നിന്നും രണ്ട് പ്രവർത്തകരെ വീതം ഡൽഹി അക്രമത്തിന്റെ പ്രതിപ്പട്ടികയിൽ ഓപിന്ത്യ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, അക്രമങ്ങളിലുടനീളം സജീവമായി നിലകൊണ്ട ബി.ജെ.പി-സംഘ്പരിവാർ നേതാക്കളെ ഓപ്പിന്ത്യ മനഃപ്പൂർവ്വം മാറ്റിനിർത്തുകയും ചെയ്തു.

ലക്ഷ്യം

അക്രമത്തിൽ മുസ്‌ലിംകളെ ആസൂത്രിതമായി ലക്ഷ്യം വെച്ചതായും അവരുടെ സ്വത്തുവകകൾ തിരഞ്ഞുപിടിച്ച് നശിപ്പിച്ചതായും അക്രമത്തിന്റെ പ്രഥമ ഇരകളെ വിശകലനം ചെയ്തുകൊണ്ടുള്ള ഡൽഹി മൈനോരിറ്റി കമ്മീഷൻ റിപ്പോർട്ട് കണ്ടെത്തുന്നു. റിപ്പോർട്ടിൽ പറയുന്നതിങ്ങനെയാണ്: “അക്രമത്തിന് ആസൂത്രിതവും സുസംഘടിതവുമായ സ്വഭാവമുണ്ടായിരുന്നു. എല്ലായിടങ്ങളിലുമുള്ള വിവിധ സംഘങ്ങളിൽ 100 മുതൽ 1000 വരെ ജനങ്ങൾ സംഘടിച്ചിരുന്നു. “ജയ്ശ്രീറാം”, “ഹർ ഹർ മോദി”, “മോദിജീ, കാട് ദോ ഇൻ മുല്ലോം കോ” (മോദീജീ, ഈ മുസ്‌ലിംകളെ കഷ്ണം കഷ്ണമായി അരിയൂ), “ആജ് തുംഹീ ആസാദീ ദേംഗേ” (ഇന്ന്, ഞങ്ങൾ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകും), എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ എല്ലാ സംഘങ്ങളും ഉരുവിടുന്നുണ്ടായിരുന്നു. മാത്രവുമല്ല, മുസ്‌ലിംകൾ, അവരുടെ വീടുകൾ, കടകൾ, വാഹനങ്ങൾ, പള്ളികൾ, മറ്റ് സ്വത്തുവകകൾ എന്നിവയെല്ലാം തിരഞ്ഞുപിടിച്ച് അക്രമിച്ചിരുന്നു. ഈ അക്രമം ആസൂത്രിതവും ലക്ഷ്യാധിഷ്ഠിതവുമാണെന്ന് തെളിവുകൾ വെളിപ്പെടുത്തുന്നു. മാത്രവുമല്ല, കുറ്റവാളികൾ ലാത്തികൾ, ഇരുമ്പ് ദണ്ഡുകൾ, കണ്ണീർവാതക ബോംബുകൾ, സിലിണ്ടറുകൾ, തോക്കുകൾ പോലുള്ള നിരവധി ആയുധങ്ങളും ധരിച്ചിരുന്നു” (ഡി.എം.സി റിപ്പോർട്ട് 2020:100). അക്രമത്തിന്റെ മുസ്‌ലിം വിരുദ്ധ സ്വഭാവത്തെ സ്ഥാപിച്ചുകൊണ്ട് വൈ.എച്ച്.ആർ.ഡി റിപ്പോർട്ട് പറയുന്നതിങ്ങനെയാണ്: “അക്രമത്തിനായി ആസൂത്രിതമായി ആൾക്കൂട്ടത്തെ അണിനിരത്തിയെന്നതാണ് വസ്തുതാന്വേഷണത്തിൽ ശേഖരിച്ച തെളിവുകളും അക്രമത്തിൽ പരിക്കേറ്റവരുടെയും ദൃക്സാക്ഷികളുടെയും മൊഴികളും മാധ്യമ വിവരണങ്ങളും സൂചിപ്പിക്കുന്നത്. മാത്രവുമല്ല, അക്രമികൾ ധാരാളം ആയുധങ്ങളും വെടിമരുന്നുകളും ഇഷ്ടികകളും ഉപയോഗിച്ചിരുന്നതായും തെളിവുകൾ സാക്ഷ്യപ്പെടുത്തുന്നു. മുസ്‌ലിംകളെ സംഘടിതമായി അക്രമിക്കാൻ മുൻകൂട്ടി ആസൂത്രണം ചെയ്ത അക്രമമായിരുന്നു ഇത് എന്ന് ഇവയെല്ലാം ചൂണ്ടിക്കാട്ടുന്നു” (വൈ.എച്ച്.ആർ.ഡി റിപ്പോർട്ട് 2020:10).

ഇന്ത്യയിലെ മുസ്‌ലിം വിരുദ്ധ വംശഹത്യയുടെ പ്രവർത്തന രീതിയെ വിശകലനം ചെയ്യുമ്പോൾ, ഹിന്ദുവിഭാഗത്തിൽ നിന്ന് വലിയതോതിൽ ഇതിന് ജനപിന്തുണ ലഭിക്കുന്നു എന്ന ശ്രദ്ധേയമായ വസ്തുത നമുക്ക് കാണുവാൻ സാധിക്കും. വംശഹത്യയുടെ വ്യാപനത്തിൽ ഭരണകൂടത്തിന്റെയും പോലീസിന്റെയും സമാന്തരസൈനികരുടെയും പങ്കുകൾ പ്രധാനമാണെങ്കിലും വാസ്തവത്തിൽ ജനങ്ങളുടെ സജീവപങ്കാളിത്തമാണ് ലക്ഷ്യം വെക്കപ്പെട്ട ശരീരങ്ങളുടെയും സ്വത്തുവകകളുടെയും മേലുള്ള അക്രമത്തിന്റെ തീവ്രതയെ ദൃഢപ്പെടുത്തുന്നത്. ‘ജനാംഗീകൃത വംശഹത്യ’യുടെ ഇത്തരം സവിശേഷതയെ രണ്ട് ഉദാഹരണങ്ങൾ വെച്ച് മംദാനി താരതമ്യം ചെയ്യുന്നുണ്ട്; “വംശഹത്യക്ക് ലഭിച്ച ‘ജനാംഗീകാര’മാണ് ഇതിന്റെ സവിശേഷമായതും എന്നാൽ അപകടകരമായതുമായ വശം എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. റുവാണ്ടൻ വംശഹത്യയിലെ ഹുട്ടു/തുറ്റ്സി കലാപത്തെയും കൊളോണിയൽ ഇന്ത്യയുടെ വിഭജനസമയത്തുള്ള ഹിന്ദു-മുസ്‌ലിം കലാപത്തെയും രണ്ടിന്റെയും സാമൂഹികവശം പരിഗണിക്കുമ്പോൾ പരസ്പരം താരതമ്യം ചെയ്യാൻ സാധിക്കും. കേവലമൊരു ഭരണകൂടപദ്ധതിയാണിതെന്നു വിശദീകരിക്കുക സാധ്യമല്ല. ‘ജനാംഗീകാരം’, ‘വംശഹത്യ’ എന്നീ പദങ്ങൾ കൂട്ടിച്ചേർക്കുന്നതിൽ പേടിയുള്ളതിനാൽ ‘ജനാംഗീകാരം’ എന്ന പദത്തിന് ഞാൻ ഉദ്ധരണിചിഹ്നം നൽകുന്നു. എന്തുതന്നെയായാലും, വംശഹത്യയിലെ വലിയതോതിലുള്ള പൗരപങ്കാളിത്തം വിശദീകരിക്കേണ്ടതനിവാര്യമായ സംഗതിയാണ്. വംശഹത്യയുടെ സന്ദർഭം വ്യക്തമാക്കുവാനും അതിന്റെ വികാസത്തിന്റെ യുക്തി മനസ്സിലാക്കുവാനും വേണ്ടിയാണ് ഇത്തരത്തിൽ വിശദീകരിക്കുന്നത്” (മംദാനി 2002:21).

വംശഹത്യയുടെ സന്ദർഭത്തിൽ, ഇരകളാക്കപ്പെടുന്ന സമുദായങ്ങളുടെ ആത്മവിശ്വാസത്തിനും അന്തസ്സിനും കോട്ടം തട്ടുന്ന തരത്തിലുള്ള നിഷ്ഠൂരമായ പ്രവർത്തന രീതികളാണ് പലപ്പോഴും ഉപയോഗിക്കാറുള്ളത്. തങ്ങൾ കീഴ്പ്പെടുത്തിയ സ്ത്രീശരീരങ്ങളുടെ മേൽ പുരുഷമേധാവിത്വം കാണിക്കുന്നതിനുള്ള ഒരു രാഷ്ട്രീയ ഉപകരണമായാണ് ഇന്ത്യയിൽ ഹിന്ദുതീവ്രവാദികൾ ബലാത്സംഗത്തെ കണക്കാക്കുന്നത്. ന്യൂനപക്ഷങ്ങൾക്കിടയിൽ നിരന്തരമായി ഭയം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യമാണ് ഇത്തരം ലൈംഗികാതിക്രമങ്ങൾക്ക് പ്രേരണയാകുന്നതെന്ന് 2002 ൽ നടന്ന ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള വിവിധ റിപ്പോർട്ടുകൾ കണ്ടെത്തുകയുണ്ടായി. മുസ്‌ലിം സ്ത്രീകളെ ലക്ഷ്യംവെച്ചുള്ള നിഷ്ഠൂരതകളെ വിശകലനം ചെയ്തുകൊണ്ട് വൈ.എച്ച്.ആർ.ഡി റിപ്പോർട്ട് പറയുന്നു: “മുസ്തഫാബാദ്, ശിവ് വിഹാർ, ചന്ദ്ബാഗ് എന്നിവിടങ്ങളിൽ താമസിക്കുന്ന മുസ്‌ലിം സ്ത്രീകൾക്കെതിരെ ലൈംഗികപീഡനം, ബലാത്സംഗം, അഭിമാനക്ഷതം, എന്നിവ നടന്നതായുള്ള റിപ്പോർട്ടുകൾ ധാരാളമുണ്ട്. മാത്രവുമല്ല, കലാപത്തിനിടയിൽ, തങ്ങളെ തല്ലിച്ചതക്കുകയും, വസ്ത്രങ്ങൾ വലിച്ചുകീറുകയും, ലൈംഗിക പീഡനത്തിനിരയാക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് സ്ത്രീകൾ തന്നെ വിശദമാക്കുകയും ചെയ്തു” (വൈ.എച്ച്.ആർ.ഡി 2020:23).

ഡി.എം.സി റിപ്പോർട്ടിന്റെ കണക്കുപ്രകാരം, അക്രമത്തിൽ കൊല്ലപ്പെട്ടവരിൽ 55 പേരിൽ നാൽപ്പതോളം പേർ മുസ്‌ലിം സമുദായത്തിൽ പെട്ടവരാണ്. അതേസമയം, അക്രമത്തെ ‘ഹിന്ദുവിരുദ്ധം’ എന്ന് വിളിച്ചുകൊണ്ട് ഓപിന്ത്യ വാദിക്കുന്നത് കൊല്ലപ്പെട്ടവരുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തി അക്രമത്തിന്റെ സ്വഭാവം മനസ്സിലാക്കാൻ ഒരിക്കലും സാധിക്കുകയില്ല എന്നാണ്. മാത്രവുമല്ല, സംഘപരിവാരത്തിന്റെ അക്രമപ്രവർത്തനങ്ങൾ ആത്മരക്ഷാർത്ഥം നടത്തപ്പെട്ടവയാണെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു: “ഡൽഹി അക്രമത്തിൽ ഹിന്ദുക്കളും മുസ്‌ലിംകളും ധാരാളം ദുരന്തങ്ങൾ അനുഭവിച്ചു. എങ്കിലും, കലാപം ഹിന്ദുക്കൾക്കെതിരെയാണോ അതോ മുസ്‌ലിംകൾക്കെതിരെയാണോ ലക്ഷ്യമിട്ടതെന്ന് കൊല്ലപ്പെട്ടവരുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് നിർണ്ണയിക്കാനാവില്ല, മറിച്ച് ആരാണ് അക്രമത്തിന് തുടക്കമിട്ടവരെന്നും എന്താണതിന് കാരണമെന്നും കൃത്യപ്പെടുത്തുമ്പോഴാണത് നിർണ്ണയിക്കുവാൻ സാധിക്കുക. മാത്രവുമല്ല, ഏത് വിഭാഗമാണ് അക്രമം നടത്താൻ തയ്യാറാക്കപ്പെട്ടതെന്നും ഏത് വിഭാഗമാണ് ആത്മരക്ഷാർത്ഥം തിരിച്ചക്രമിച്ചതെന്നും നാം അറിഞ്ഞിരിക്കൽ അനിവാര്യമാണ്” (ശർമ, കശ്യപ് 2020:16).

അനന്തരഫലങ്ങൾ

ഡൽഹി അക്രമത്തിൽ പങ്കുവഹിച്ചു എന്നാരോപിച്ചുകൊണ്ട് സി.എ.എ വിരുദ്ധ പ്രവർത്തകരെ ഡൽഹിപോലീസ് തിരഞ്ഞുപിടിച്ച് അക്രമിക്കാൻ തുടങ്ങിയെന്നതാണ് മുസ്‌ലിം വിരുദ്ധ വംശഹത്യയുടെ അനന്തരഫലമായി നമുക്ക് കാണാൻ സാധിക്കുന്നത്. അറസ്റ്റിലായ ഭൂരിഭാഗം ആക്ടിവിസ്റ്റുകളും യു.എ.പി.എ എന്ന കരിനിയമം ചുമത്തപ്പെട്ട് ജാമ്യമില്ലാതെ ജയിലിൽ കഴിയുന്നവരാണ്. ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ, അടുത്തിടെയായി പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, “കലാപത്തിന്റെ ഉത്തരവാദികൾ ആരാണെന്ന് ഡൽഹി പോലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും, കലാപത്തിനിടെ ഡൽഹി പോലീസ് നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഇതുവരെയും ഒരന്വേഷണവുമില്ല”. ‘കലാപകാരികൾക്കൊപ്പം നിന്ന് അക്രമത്തിൽ പങ്കുവഹിക്കുക, കസ്റ്റഡി പീഢനം നടത്തുക, പ്രതിഷേധക്കാരുടെ മേൽ അമിതമായ ബലപ്രയോഗം നടത്തുക, സമാധാനപരമായി പ്രതിഷേധം നടത്തുന്നവരുടെ സമരപന്തലുകൾ പൊളിച്ചുമാറ്റുക’ തുടങ്ങി ധാരാളം മനുഷ്യാവകാശ ലംഘനങ്ങൾ ഡൽഹി പോലീസ് നടത്തിയിട്ടുണ്ടെന്ന് ആംനെസ്റ്റി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എന്തു തന്നെയായാലും, റിപ്പോർട്ട് നിരീക്ഷിക്കുന്നതു പോലെ “കുറ്റവാളികൾക്കെതിരെ, ഡൽഹി പോലീസ് ഇതുവരെയും ഒരു നടപടിയുമെടുക്കാതിരുന്നത് വ്യാപകമായ ശിക്ഷാഭീതിയില്ലായ്മയിലേക്ക് വഴിതെളിച്ചിട്ടുണ്ട്” (ആംനെസ്റ്റി റിപ്പോർട്ട് 2020:4).

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന്, ഏകപക്ഷീയമായി തടവിലാക്കിയ എല്ലാവരെയും മോചിപ്പിക്കണമെന്നും പ്രതിക്ഷേധക്കാർക്കും പൊതുപ്രവർത്തകർക്കും എതിരെയുള്ള രാഷ്ട്രീയ പ്രേരിതകുറ്റങ്ങൾ തള്ളിക്കളയണമെന്നും ഹ്യൂമൺ റൈറ്റ്സ് വാച്ച് റിപ്പോർട്ട് ഇന്ത്യൻ ഗവൺമെന്റിനോട് ആവശ്യപ്പെടുന്നു.

പോലീസിന്റെ മുൻവിധിയും അധികാരികളോടുള്ള വ്യക്തമായ പക്ഷപാതിത്വവും ഡൽഹി അക്രമത്തെ ‘കലാപ’മെന്നോ രണ്ട് സമുദായങ്ങൾ തമ്മിലുള്ള  ‘സംഘട്ടന’മെന്നോ നാമകരണം ചെയ്യുന്നതിലെ പരിമിതിയെയാണ് അടിവരയിടുന്നതെന്ന് വ്യക്തമാണ്. മറ്റൊരു വിധത്തിൽ, ഇന്ത്യൻ മുസ്‌ലിംകളെ തുടർച്ചയായി തടവിലിടുന്ന, ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന വംശഹത്യയുടെ ഭാഗമായ അക്രമമെന്നാണ് നാമിതിനെ വിളിക്കേണ്ടത്. ഇസ്‌ലാമോഫോബിക് വ്യവഹാരത്തിന്റെ തലത്തിൽ തന്നെ ഇത്തരം ആഖ്യാനങ്ങളെ രേഖപ്പെടുത്തുവാനുള്ള സർഗ്ഗാത്മകമായ ശ്രമങ്ങൾ നടത്തേണ്ടത് അനിവാര്യമാണ്. ഹിന്ദുരാഷ്ട്രത്തിന് വേണ്ടിയുള്ള പ്രചാരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിനുവേണ്ടി അവകാശ സംരക്ഷണ സംഘടനകളെയും മനുഷ്യാവകാശ പ്രവർത്തകരെയും അടിച്ചമർത്തുവാൻ ഭരണപക്ഷമായ ബി.ജെ.പി സർക്കാർ കഠിനമായി പ്രയത്നിക്കുമ്പോൾ അരികുവത്ക്കരിക്കപ്പെട്ടവരുടെ അനുഭവങ്ങളെ ആഗോളവത്ക്കരിക്കുന്നത് അന്താരാഷ്ട്ര ഐക്യദാർഢ്യത്തിനും സമുദായതല സഹകരണത്തിനും സഹായകമാകും. അക്കാദമികവും പത്രപ്രവർത്തന സംബന്ധവുമായ രീതിശാസ്ത്രത്തിലൂടെ ഇന്ത്യയിലെ ഇസ്‌ലാമോഫോബിക് വ്യവഹാരങ്ങളുടെ എല്ലാവിധ വൈവിധ്യങ്ങളെയും സങ്കീർണ്ണതകളെയും അടയാളപ്പെടുത്തുകയും അതിനെ മാധ്യമ ആഖ്യാനങ്ങളും നയനിർദ്ദേശങ്ങളും വഴി പൊതുബോധത്തിലേക്ക് ഇട്ടുകൊടുക്കുവാനുമുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യേണ്ടതുണ്ട്.


Courtesy: South Asia Journal

വിവർത്തനം: ഫാത്തിമ എസ്

ഹിശാമുൽ വഹാബ്

PhD Research Fellow at the Centre for West Asian Studies, School of International Studies, Jawaharlal Nehru University.