Campus Alive

ഹാഫിസിന്റെ ‘ദിവാനും’ മെറ്റഫറുകളുടെ ലോകവും

ഇസ്‌ലാമിക ചരിത്രത്തില്‍ ഏറെ വായിക്കപ്പെടുകയും ഉദ്ധരിക്കപ്പെടുകയും മന:പ്പാഠമാക്കപ്പെടുകയും ചെയ്ത ഒരു കവിതാസമാഹാരത്തിന്റെ പ്രധാനപ്പെട്ട മെറ്റഫറുകളും തീമുകളുമായി വരുന്നത് വൈന്‍ പാനീയവും സ്വവര്‍ഗ പ്രണയങ്ങളും ആരാധനകളോുള്ള അവഗണനാപൂര്‍വ്വമുള്ള സമീപനങ്ങളുമാണ്. അപ്പോള്‍ ആ കവിതാസമാഹാരവും അതു മുന്നോട്ടുവെക്കുന്ന ആശയങ്ങളും ഇസ്‌ലാമികമായി ശരിയാണോ?

ശംസുദ്ദീന്‍ മുഹമ്മദ് ഹാഫിസിന്റെ (ശിറാസ്) ദിവാനിനെക്കുറിച്ചാണ് (complete poems) ഞാനിവിടെ പറഞ്ഞുവരുന്നത്. പതിനഞ്ച് മുതല്‍ പത്തൊമ്പത് വരെയുള്ള നൂറ്റാണ്ടുകളില്‍ ബാല്‍ക്കന്‍ മുതല്‍ ബംഗാള്‍ വരെയുള്ള മുസ്‌ലിം സമൂഹങ്ങള്‍ക്കിടയില്‍ (അനത്തോലിയ, ഇറാന്‍, മധ്യേഷ്യ, അഫ്ഗാനിസ്ഥാന്‍, ഉത്തരേന്ത്യ) സജീവ സാന്നിധ്യമായിരുന്ന കവിതാസമാഹാരമാണത്. ഈ പ്രദേശങ്ങളിലെല്ലാമുണ്ടായിരുന്ന മദ്രസകളില്‍ ഫിലോസഫിയും തിയോളജിയും പഠിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ഹിദായത്തുല്‍ ഹിക്മ എന്ന ഗ്രന്ഥത്തെക്കുറിച്ച് ഞാന്‍ മുമ്പ് സൂചിപ്പിക്കുകയുണ്ടായി. Balkans-to-Bengal complex എന്നാണ് ഈ ഭൂമിശാസ്ത്ര മേഖലയെ ഞാന്‍ വിശേഷിപ്പിക്കുന്നത്. പേര്‍ഷ്യന്‍ ഭാഷയില്‍ രചിക്കപ്പെട്ട ഹാഫിസിന്റെ ദിവാനില്‍ അഞ്ഞൂറോളം ഗസലുകളാണുള്ളത്. ഒരു പ്രണേതാവ് തനിക്ക് ഒരിക്കലും എത്തിപ്പിടിക്കാനാകാത്ത പ്രണയഭാജനത്തെക്കുറിച്ച് സദൃശ്യമായ ഈരടികളില്‍ രചിക്കുന്ന കവിതയാണ് ഗസല്‍.

വൈന്‍ ആണ് പലപ്പോഴും ഗസലുകളുടെ മെറ്റഫറായി വരാറുള്ളത്. വൈനിലൂടെയാണ് പ്രണയത്തെക്കുറിച്ച ഭാവനകള്‍ ഗസലുകളില്‍ ആവിഷ്‌കരിക്കപ്പെടുന്നത്. സെല്‍ഫിന്റെ ആര്‍ട്ടിക്കുലേഷനാണ് ഗസല്‍ എന്ന സാഹിത്യരൂപത്തിലൂടെ നടക്കുന്നത്. സാമൂഹികവും അസ്തിത്വപരവുമായ അര്‍ത്ഥത്തെ നിര്‍മ്മിക്കുകയും സംവേദനം ചെയ്യുകയുമാണ് ഒരു സാഹിത്യരൂപം ചെയ്യുന്നത്. ബാല്‍ക്കന്‍ മുതല്‍ ബംഗാള്‍ വരെയുള്ള പ്രദേശങ്ങളിലെ തുര്‍ക്കിഷ്, ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകള്‍ സംസാരിക്കുന്ന മുസ്‌ലിം സമൂഹങ്ങള്‍ക്കിടയില്‍ ആ ധര്‍മ്മമാണ് ഗസല്‍ നിര്‍വ്വഹിച്ചത്. ഗസല്‍ രചയിതാക്കളില്‍ ഏറെ ആഘോഷിക്കപ്പെടുന്ന വ്യക്തിയാണ് ഹാഫിസ്. അദ്ദേഹത്തിന്റെ ഗസലുകളുടെ പ്രമുഖരായ രണ്ടു വ്യാഖ്യാതാക്കളാണ് അഹ്മദ് സൂദിയും (സരജാവോ) അബുല്‍ ഹസന്‍ ഖാതമിയും (ലാഹോര്‍). ഹാഫിസിന്റെ സമകാലികരായിരുന്നു അവര്‍.

ബാല്‍ക്കന്‍ മുതല്‍ ബംഗാള്‍ വരെയുള്ള പ്രദേശങ്ങളിലെ മുസ്‌ലിംകള്‍ക്കിടയില്‍ കേന്ദ്രസ്ഥാനമാണ് ഹാഫിസിന്റെ ദിവാന്‍ അലങ്കരിക്കുന്നത്. ചരിത്രത്തിലുടനീളം മുസ്‌ലിംകളുടെ സെല്‍ഫ് ആര്‍ട്ടിക്കുലേഷനാണ് അത് സാധ്യമാക്കിയത്. എന്നാല്‍ അതിന്റെ പ്രാധാന്യം അര്‍ഹിക്കുന്ന രീതിയില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടില്ല. എന്നാല്‍ മുസ്‌ലിം ലോകത്ത് ഹാഫിസ് ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് ലിയോനാര്‍ഡ് ലെവിസോണ്‍ (Leonard Lewisohn) എഴുതുന്നുണ്ട്. പേര്‍ഷ്യന്‍ സംസ്‌കാരത്തിന്റെ ഹാഫിസ്‌വല്‍ക്കരണം എന്നാണ് അദ്ദേഹമതിനെ വിശേഷിപ്പിക്കുന്നത്:  “ഇസ്‌ലാമികലോകത്തെ മുഴുവന്‍ പേര്‍ഷ്യന്‍ സംസ്‌കാരങ്ങളും (ഒട്ടോമന്‍ തുര്‍ക്കി, സഫാവിദ്, ഖജര്‍ പേര്‍ഷ്യ, തിമൂരിദ് മധ്യേഷ്യ, മുഗള്‍ ഇന്ത്യ) കഴിഞ്ഞ അഞ്ചു നൂറ്റാണ്ടുകളായി ഹാഫിസ്‌വല്‍ക്കരണത്തിന് വിധേയമാണ്. 1950 വരെയും ഇറാനിലെയും അഫ്ഗാനിസ്ഥാനിലെയും കുട്ടികളോട് ആദ്യം ഖുര്‍ആനും പിന്നീട് ഹാഫിസിന്റെ കവിതയുമായിരുന്നു മനപ്പാഠമാക്കാന്‍ നിര്‍ദേശിച്ചിരുന്നത്. ഇസ്തംബൂള്‍ മുതല്‍ ലാഹോര്‍ വരെയും പേര്‍ഷ്യന്‍ ഗള്‍ഫ് മുതല്‍ ട്രാന്‍സോക്‌സാനിയ വരെയും അഞ്ച് നൂറ്റാണ്ടുകളോളം ഖുര്‍ആനോടൊപ്പം ഹാഫിസിന്റെ ദിവാനെയും അതീവപ്രാധാന്യത്തോടെയായിരുന്നു ആളുകള്‍ കണ്ടിരുന്നത്.”

പ്രവാചക വെളിപാടിന്റെ പരിധിക്കകത്തു തന്നെയാണ് ഹാഫിസിയന്‍ കവിതകള്‍ സ്വയം കണ്ടെത്തുന്നത്. ബാല്‍ക്കന്‍-ബംഗാള്‍ മദ്രസ്സകളില്‍ പഠിപ്പിച്ചിരുന്ന ഖവാരിസ്മിയന്‍-മുഅ്തസിലി യുക്തിവാദിയായിരുന്ന സമഖ്ശരിയുടെ കശ്ശാഫ് എന്ന ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥം ഹാഫിസും പഠിച്ചിട്ടുണ്ട്. തന്റെ ഖുര്‍ആന്‍ പാണ്ഡിത്യത്തെക്കുറിച്ച് അദ്ദേഹം തന്നെ പറയുന്നതിതാണ്: ‘ഖുര്‍ആനില്‍ നിന്ന് ഞാന്‍ കരസ്ഥമാക്കിയ അനുഗ്രഹങ്ങളെക്കുറിച്ച് ഒരു ഖുര്‍ആന്‍ പണ്ഡിതനും അറിയുക സാധ്യമല്ല’.

ഹാഫിസ് എന്ന പദമാണ് ഖുര്‍ആന്‍ പണ്ഡിതന്‍ എന്ന് ഞാനിവിടെ വിവര്‍ത്തനം ചെയ്യുന്നത്. അപ്പോള്‍ മുകളിലത്തെ വരി ഇങ്ങനെ വായിക്കാം: ‘ഒരു ഹാഫിസിനും അറിയുക സാധ്യമല്ല’. ഇതര ഹാഫിസുമാരോടാണ് തന്നെ ഹാഫിസ് ഇവിടെ തുലനം ചെയ്യുന്നത്. അഥവാ ഖുര്‍ആനുമായി അര്‍ത്ഥവത്തായ രീതിയില്‍ എന്‍ഗേജ് ചെയ്ത മുസ്‌ലിംകളോടൊപ്പമാണ് തന്നെയും ഹാഫിസ് കാണുന്നത്. ഖുര്‍ആന് നല്‍കുന്ന പ്രാധാന്യമാണ് ആളുകള്‍ ഹാഫിസിന്റെ കവിതകള്‍ക്ക് നല്‍കിയിരുന്നത്. ഇബ്‌നുഅറബിയുടെ കോസ്‌മോളജി പേര്‍ഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത ഫിലോസഫറും കവിയുമായിരുന്ന നൂറുദ്ദീന്‍ ജമി ഹാഫിസിനെ ലിസാനുല്‍ ഗയ്ബ് (The tongue of the Unseen) എന്നാണു വിശേഷിപ്പിക്കുന്നത്. 1501 ല്‍ ഹെറാതില്‍ വെച്ച് ക്രോഡീകരിക്കപ്പെട്ട ദിവാന്റെ ഒരു എഡിഷന് നല്‍കിയ മുഖവുരയില്‍ ഇങ്ങനെ കാണാം:

This Treasure-house of meanings devoid of imperfection
Is the impress from that Book of No-Doubt;
Famous in the world as the emanation of the Holy spirit;
Spoken upon the tongues as the ‘Tongue of the Unseen.’

ഇവിടെ ഹാഫിസിന്റെ ദിവാനെ സമീകരിച്ച Book of No-doubt (sahifah-i la-rayb) എന്നത് വിശുദ്ധ ഖുര്‍ആനാണ്. അല്ലാഹു ഖുര്‍ആനെക്കുറിച്ച് പറയുന്നത് കിതാബുന്‍ ലാ റയ്ബ ഫീഹി ( A book wherein is no doubt) എന്നാണല്ലോ. ഇവിടെ ഞാന്‍ Holy Spirit എന്ന് വിവര്‍ത്തനം ചെയ്ത റൂഹുല്‍ ഖുദ്‌സ് ഖുര്‍ആനിക ഭാഷ്യപ്രകാരം ജിബ്‌രീലാണ്. ഇവിടെ ദിവാനെ ഖുര്‍ആന്റെ പകര്‍പ്പായാണ് (Simulacrum) അവതരിപ്പിക്കുന്നത്.

ഒട്ടോമന്‍ കാലത്തിറങ്ങിയ ഒരു ഗ്രന്ഥമാണ് കഫീലി ഹുസൈന്റെ രാസ്‌നാമെഹ് (Book of Secrets). തന്റെ സമകാലികരെക്കുറിച്ച കഥകളാണ് ഗ്രന്ഥകാരന്‍ അതില്‍ പറയുന്നത്. എല്ലാ കഥകളിലെയും കഥാപാത്രങ്ങള്‍ പ്രതിസന്ധിഘട്ടങ്ങളില്‍ ദൈവികദര്‍ശനത്തിനായി ഹാഫിസിന്റെ ദിവാനെയാണ് തേടുന്നത്. ഒട്ടോമന്‍ മുസ് ലിംകളുടെ സാമൂഹിക ഇടപാടുകളിലെ ഒരു നിര്‍ണ്ണായക സാന്നിധ്യമായിരുന്നു ഹാഫിസ് എന്നു മാത്രമല്ല അതുകാണിക്കുന്നത്. മറിച്ച്, ജനങ്ങള്‍ക്കിടയിലുള്ള ദിവാന്റെ പ്രചാരത്തിന്റെയും ജനമനസ്സുകളില്‍ ദിവാനുണ്ടായ സ്ഥാനത്തിന്റെയും തെളിവു കൂടിയാണത്. ഹാഫിസിന്റെ കവിതകളെക്കുറിച്ച് ദര്‍യൂഷ് ഷയ്ഗാന്‍ (Daryush Shayegan) The visionary topography എന്ന തന്റെ ഗ്രന്ഥത്തില്‍ എഴുതുന്നുണ്ട്:  “ദു:ഖപരവശമായ ഹൃദയത്തോടും മിസ്റ്റിക്കലായ ഉന്നതി പ്രാപിച്ച ആത്മാവിനോടും സംവേദനം സാധ്യമാക്കാന്‍ ഹാഫിസിന്റെ കവിതകള്‍ക്ക് കഴിയും. അവ ശ്രവിക്കുന്നവരുടെയെല്ലാം മനസ്സിനെ മഥിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുക തന്നെ ചെയ്യും. ഓരോ വായനക്കാരനും കരുതുക തന്റെ ആഗ്രഹങ്ങളിലേക്കുള്ള സൂചനയാണ് ഹാഫിസ് തരുന്നത് എന്നാണ്. തങ്ങളുടെ രഹസ്യത്തെ മനസ്സിലാക്കാന്‍ കഴിയുന്ന നല്ലൊരു സുഹൃത്തിനെയാണ് അവര്‍ ഹാഫിസില്‍ കാണുന്നത്.”

അസ്പഷ്ടതയും (ഒരുപാടു വഴികളിലൂടെ ഒരു വിഷയത്തെ മനസ്സിലാക്കാന്‍ കഴിയുക) വൈരുദ്ധ്യവുമാണ് (ഒരു വ്യക്തിയില്‍ തന്നെ ഒരു വസ്തുവിനോടുള്ള വൈരുദ്ധ്യപൂര്‍ണ്ണമായ സമീപനങ്ങളും വികാരങ്ങളും) ഹാഫിസിന്റെ കവിതകളുടെ പ്രത്യേകത. അദ്ദേഹത്തിന്റെ കവിതകളിലുള്ള പ്രണയത്തെ കാമപ്രണയമെന്നോ പ്ലാറ്റാനിക് പ്രണയമെന്നോ വിശേഷിപ്പിക്കാവുന്നതാണ്. ദൈവികതയോടുള്ള പ്രണയമാണത്. മനോഹരമായ ഒരു വസ്തുവോ അല്ലെങ്കില്‍ ദൈവികസൗന്ദര്യത്തെ പ്രകാശിപ്പിക്കുന്ന യുവതിയുവാക്കളോ ആണ് പ്രണയിക്കപ്പെടുന്ന ഒബ്ജക്ടുകളായി (ഇലാഹിപ്രണയത്തിന്റെ മെറ്റഫറുകളാണത്) ഹാഫിസ് അവതരിപ്പിക്കാറുള്ളത്. അദ്ദേഹത്തിന്റെ ഗസലുകളില്‍ പരാമര്‍ശിക്കപ്പെടുന്ന വൈന്‍ ഗസല്‍ ആലപിക്കപ്പെടുന്ന സാമൂഹ്യ കൂട്ടായ്മകളിലെല്ലാം (മന്‍സില്‍, മെഹ്ഫില്‍) ലോഹ കോപ്പകളില്‍ പാനം ചെയ്യുന്ന ചുവന്ന ഒരു ദ്രാവകമാണ്. ദൈവവുമായുള്ള ബന്ധത്തില്‍ മത്ത് പിടിക്കുന്ന അനുഭവത്തെ ചിത്രീകരിക്കാനും വൈന്‍ ഒരു മെറ്റഫറായി ഹാഫിസ് സ്വീകരിക്കാറുണ്ട്.

ഗസലിന്റെ ഭാഷയിലൂടെയാണ് ആളുകള്‍ തങ്ങളുടെ വ്യക്തിപരവും സാമൂഹികവുമായ സെല്‍ഫിനെക്കുറിച്ച് ചിന്തിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നത്. നിയമവും നിയമേതരവുമായ മൂല്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ മാത്രമല്ല ആ ഭാഷ ആവിഷ്‌കരിക്കുന്നത്. മറിച്ച് ജീവിതത്തിന്റെ വൈരുദ്ധ്യാത്മകമായ അര്‍ത്ഥങ്ങളടങ്ങിയ യാഥാര്‍ത്ഥ്യത്തെക്കൂടിയാണ് അത് പ്രതിഫലിപ്പിക്കുന്നത്. നിയമവിശാരദന്റെയും (ഫഖീഹ്) ധര്‍മ്മോപദേശകന്റെയും (va’iz) മൂല്യങ്ങളെയും ലോകവീക്ഷണങ്ങളെയും ചോദ്യം ചെയ്യുകയും ഗസലിന്റെ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയുമാണ് ഹാഫിസ്‌ ചെയ്യുന്നത്. അത്തരം മൂല്യങ്ങളെ വിളംബരം ചെയ്യുന്ന ഈരടികളാണ് ചുവടെ കൊടുക്കുന്നത്:

Hafiz; drink wine, live in non-conforming-libertinage, be
happy, but do not
Like others, make the Qur’an a snare of deception.

If the jurist admonishes you against love-play,
Give him a bowl of wine; tell him to loosen his mind!

Ascetic! Since from your prayers nothing is forthcoming:
I shall with nightly drunkenness and secret lover’s talk!

Since the wine-bearer was a moon-faced beloved, and a
keeper-of-secrets,
Hafiz drank from the wine-cup, and so did the shaykh and
the jurist.

Around the Sacred House of the wine-vat, Hafiz-
If he does not die-head-over-heels will go!  (തുടരും)

 

വിവ: സഅദ് സല്‍മി (salmisaad@gmail.com)

ശഹാബ് അഹ്മദ്‌