Campus Alive

ഇബ്‌നുഅറബിയെയും സുഹ്രവര്‍ദിയെയും വായിക്കേണ്ടതെങ്ങനെ?

ദൈവികസത്യത്തെക്കുറിച്ച സൂഫി ജ്ഞാനത്തെക്കുറിച്ച് റുസ്ബിഹാന്‍ ബഖ്‌ലി എഴുതുന്നുണ്ട്: ‘പണ്ഡിതന്‍മാരും ഫിലോസഫര്‍മാരുമായ ആളുകള്‍ക്ക് ഖുര്‍ആനിന്റെ ബാഹ്യമായ അര്‍ത്ഥങ്ങളാണ് അല്ലാഹു നല്‍കുന്നത്. അതിനെ അടിസ്ഥാനമാക്കിയാണ് അവര്‍ നിയമങ്ങളുണ്ടാക്കുന്നത്. എന്നാല്‍ അല്ലാഹു സ്വയം തെരെഞ്ഞെടുത്ത കുറച്ചുപേര്‍ക്കു മാത്രമാണ് അവന്‍ തന്റെ അടയാളങ്ങളും രഹസ്യങ്ങളും (അസ്‌റാര്‍) അദൃശ്യമായ (ഗയ്ബ്) ജ്ഞാനവും നല്‍കുന്നത്. വെളിപാടിലൂടെയും (കശ്ഫ്) നേരിട്ടുള്ള ദര്‍ശനത്തിലൂടെയും (അയാന്‍) വ്യക്തതയിലൂടെയുമാണ് (ബയാന്‍) തന്റെ വചനങ്ങളെ അല്ലാഹു അവര്‍ക്ക് അറിയിച്ചു കൊടുക്കുന്നത്. അങ്ങനെയാണ് തന്റെ അദൃശ്യമായ യാഥാര്‍ത്ഥ്യങ്ങളെ അവന്‍ വിശദീകരിക്കുന്നത്. തന്റെ ഔലിയാക്കന്‍മാര്‍ക്ക് മാത്രമാണ് ആന്തരികമായ (ബാത്വിന്‍) അവന്റെ രഹസ്യങ്ങളെ അല്ലാഹു വെളിവാക്കിക്കൊടുക്കുന്നത്. പണ്ഡിതന്‍മാര്‍, ഫിലോസഫര്‍മാര്‍, നിയമത്തിന്റെ നൂലാമാലകളില്‍ അഭിരമിക്കുന്നവര്‍ തുടങ്ങിയവര്‍ക്കൊന്നും തന്നെ ബാത്വിന്‍ ആയ അല്ലാഹുവിന്റെ ജ്ഞാനത്തെ അറിയുക സാധ്യമല്ല. അവര്‍ക്കു മുമ്പില്‍ അല്ലാഹു ഒരു മറയിട്ടിരിക്കുകയാണ്. ദൈവികവചനങ്ങളുടെ പ്രകടമായ (ളാഹിര്‍) അര്‍ത്ഥങ്ങളെ മാത്രമേ അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുകയുള്ളൂ’.

ദൈവികസത്യത്തെ ഓരോരുത്തരുടെയും കഴിവിനനുസരിച്ച് വ്യത്യസ്തമായാണ് ആളുകള്‍ അന്വേഷിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നത്. സൂഫി വ്യാഖ്യാനശാസ്ത്രത്തിന്റെ മൗലികമായ തത്വമാണിത്. ഖുര്‍ആന്‍ പറയുന്നു: ‘നാം ഇച്ഛിക്കുന്നവരെ നാം പല പദവികളിലും ഉയര്‍ത്തുന്നു. അറിവുള്ളവര്‍ക്കെല്ലാം ഉപരിയായി സര്‍വ്വജ്ഞനായ അല്ലാഹുവുണ്ട്. (സൂറ യൂസുഫ്:76). സൂറ:അസ്സുഖ്‌റുഫില്‍ അല്ലാഹു പറയുന്നു: ‘അങ്ങനെ ഇവരില്‍ ചിലര്‍ക്കു മറ്റുചിലരേക്കാള്‍ നാം പല പദവികളും നല്‍കി’ (43:32) നേരിട്ടുള്ള അനുഭവപരമായ ജ്ഞാനത്തിലൂടെ അദൃശ്യമായ ദൈവിക യാഥാര്‍ത്ഥ്യങ്ങളെ അറിയുന്നവരാണ് സൂഫികള്‍. അത്യുന്നതവും ആഴമേറിയതുമായ യാഥാര്‍ത്ഥ്യങ്ങളെയാണ് അവരനുഭവിക്കുന്നത്. അതേസമയം നിയമത്തിന്റെ കെട്ടുപാടുകളും നിയന്ത്രണങ്ങളും ഏറ്റവും താഴ്ന്ന നിലയിലുള്ള യാഥാര്‍ത്ഥ്യമാണ്. പ്രകടമായ (ളാഹിര്‍) സത്യം മാത്രമാണത്.

യാഥാര്‍ത്ഥ്യത്തെക്കുറിച്ച് പരസ്പരം ബന്ധമുള്ളതും എന്നാല്‍ വ്യത്യസ്തവുമായ അറിവുകളാണ് നിലനില്‍ക്കുന്നത്. ഓരോരുത്തരും തങ്ങള്‍ക്കുള്ളതില്‍ ആനന്ദം കൊള്ളുന്നു എന്ന ഖുര്‍ആനിക പരാമര്‍ശം അതാണ് സൂചിപ്പിക്കുന്നത്. അഥവാ, ഓരോ മനുഷ്യനും യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാന്‍ അവരുടേതായ വഴികളാണ് സ്വീകരിക്കുന്നത്. ഓരോരുത്തരും സ്വന്തമായ വ്യാഖ്യാനശാസ്ത്രത്തെയും ജ്ഞാനശാസ്ത്രത്തെയുമാണ് അവലംബിക്കുന്നത്.

സൂഫിസവും നിയമവും തമ്മിലുള്ള സന്തുലിതമായ ബന്ധത്തെയാണ് ചരിത്രത്തിലുടനീളം മുസ്‌ലിംകള്‍ അന്വേഷിച്ചത്. എന്നാല്‍ ഈ സന്തുലിതശ്രമങ്ങള്‍ പലപ്പോഴും പരാജയമായിരുന്നു. അതുകൊണ്ടാണ് മന്‍സൂര്‍ ഹല്ലാജിനെ (റ) നിയമം വധശിക്ഷക്ക് വിധേയമാക്കിയത്. അനല്‍ ഹഖ് (ഞാനാണ് യാഥാര്‍ത്ഥ്യം) എന്ന് പ്രഖ്യാപിച്ചതിന്റെ പേരിലാണ് അദ്ദേഹത്തെ വധിച്ചത്. എന്നാല്‍ മുസ്‌ലിം ചരിത്രത്തിലുടനീളം മതനിന്ദകനായിട്ടല്ല അദ്ദേഹത്തെ കാണുന്നത്. മറിച്ച്, ഒരു സൂഫിയായും സത്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ചവനുമായാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. ചുരുക്കത്തില്‍, സൂഫി വ്യാഖ്യാനശാസ്ത്രവും ജ്ഞാനശാസ്ത്രവും നിയമത്തിന്റെ അതിര്‍വരമ്പുകളെ മറികടക്കുന്നവയാണ്. ഇബ്‌നു അറബി (റ) ഒരിക്കല്‍ നിയമവിശാരദന്‍മാരെക്കുറിച്ച് ഇങ്ങനെ സൂചിപ്പിക്കുകയുണ്ടായി:’ എല്ലാ കാലത്തും ഫുഖഹാക്കളുടെ (jurists) സ്ഥാനം യാഥാര്‍ത്ഥ്യത്തെ തിരിച്ചറിഞ്ഞവര്‍ക്കു (അല്‍-മുഹഖിഖൂന്‍) താഴെയാണ്.’ സൂഫികളും നിയമവും തമ്മിലുള്ള ആന്റഗോണിസ്റ്റിക്കായ ഈ ബന്ധത്തെക്കുറിച്ച് മനസ്സിലാക്കണമെങ്കില്‍ സൂഫിയായിരുന്ന അബൂ യസീദ് ബിസ്താമിയും അല്ലാഹുവും തമ്മില്‍ നടന്ന ഒരു സംഭാഷണത്തെ പരിശോധിച്ചാല്‍ മതി. ഇബ്‌നു അറബി (റ) തന്റെ ഫുതുഹാത്തുല്‍ മക്കിയ്യ എന്ന ഗ്രന്ഥത്തില്‍ ആ സംഭവം പരാമര്‍ശിക്കുന്നുണ്ട്:

അബൂയസീദ് അല്ലാഹുവോട് പറഞ്ഞു: ‘ ഞാനറിഞ്ഞ പോലെ ആളുകള്‍ നിന്നെ അറിഞ്ഞിരുന്നെങ്കില്‍ പിന്നെ ആരും നിന്നെ ഇബാദത്ത് ചെയ്യുമായിരുന്നില്ല’. ഇതുകേട്ട അല്ലാഹു ഇങ്ങനെ പ്രതിവചിച്ചത്രെ:’ അല്ലയോ അബൂയസീദ്, ഞാനറിഞ്ഞ പോലെ ജനങ്ങള്‍ നിന്നെ അറിഞ്ഞിരുന്നെങ്കില്‍ അവര്‍ നിന്നെ കല്ലെറിഞ്ഞു കൊല്ലുമായിരുന്നു’.

എങ്ങനെയാണിതെല്ലാം ഇസ്‌ലാമികമാവുന്നത്?

ആദ്യത്തെ രണ്ടു ചോദ്യത്തില്‍ നിന്നാണ് എന്റെ മൂന്നാമത്തെ ചോദ്യം വരുന്നത്. മുസ്‌ലിം സമൂഹങ്ങളുടെ ചരിത്രത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ രണ്ട് ഫിലോസഫിക്കല്‍ ദര്‍ശനങ്ങളാണ് സുഹ്രവര്‍ദിയുടെ ഹിക്മത്തുല്‍ ഇശ്‌റാഖും (Philosophy of Illumintion) ശൈഖുല്‍ അക്ബര്‍ (Greatest Shaikh) എന്നറിയപ്പെടുന്ന ഇബ്‌നു അറബിയുടെ വഹ്ദത്തുല്‍ വുജൂദും ( Unity of Existence). രണ്ടും അവിസന്നിയന്‍ ഫിലോസഫിയുടെയും സൂഫിസത്തിന്റെയും പരരൂപഭേദം തന്നെയാണ്. പ്രപഞ്ച യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച മനുഷ്യദര്‍ശനങ്ങള്‍ ശ്രേണീപരമാണ് എന്നാണവ പറയുന്നത്. ദൈവികതയും മെറ്റീരിയലായ ലോകവും തമ്മിലുള്ള ബന്ധത്തെയും അതിര്‍വരമ്പുകളെയും കുറിച്ച രണ്ടു ഫിലോസഫിക്കല്‍ സമീപനങ്ങളും അദ്വൈതവാദമായും ആപേക്ഷികവാദമായും മനസ്സിലാക്കപ്പെടാറുണ്ട്. അപ്പോള്‍ ചോദ്യമിതാണ്: സുഹ്രവര്‍ദിയുടെയും ഇബ്‌നു അറബിയുടെയും ഫിലോസഫിക്കല്‍ സമീപനങ്ങള്‍ ഇസ്‌ലാമികമാണോ?

അല്ലാഹുവിന്റെ നൂറില്‍ നിന്നുള്ള പ്രകാശകിരണമാണ് എല്ലാ ഉണ്‍മകളും (being) എന്നാണ് സുഹ്രവര്‍ദി പറയുന്നത്. അദ്ദേഹത്തിന്റെ ഫിലോസഫിയുടെ വളരെ ബേസിക്കായ ആശയമാണത്. അപ്പോള്‍ എല്ലാ ഉണ്‍മകളുടെയും സത്ത (essence) ഒന്നുതന്നെയാണ്. അതേസമയം അല്ലാഹുവിന്റെ നൂറില്‍ നിന്നുള്ള പ്രകാശത്തിന്റെ തോതില്‍ വ്യത്യാസമുണ്ടാകും. അഥവാ, എല്ലാ ഉണ്‍മകള്‍ക്കും ഒരേ അളവിലല്ല അല്ലാഹുവിന്റെ നൂറ് ലഭിക്കുക. അപ്പോള്‍ ചെറുതോ വലുതോ ആയ അളവില്‍ എല്ലാ വസ്തുക്കളിലും അല്ലാഹുവുണ്ട്.

എല്ലാ വസ്തുക്കളും അല്ലാഹുവിന്റെ തജല്ലിയാത്തുകളാണ് (manifestations) എന്നതാണ് അക്‌ബേറിയന്‍ ഫിലോസഫിയുടെ (ഇബ്‌നു അറബി) പ്രധാനപ്പെട്ട ആശയം. സൃഷ്ടിപ്പിന്റെ യാഥാര്‍ത്ഥ്യത്തെക്കുറിച്ചാണ് ഇബ്‌നു അറബി സംസാരിക്കുന്നത്. അദ്ദേഹം പറയുന്നു: ‘അല്ലാഹു പറയുന്നു, ഞാന്‍ സൃഷ്ടിപ്പ് (creation) എന്നു പറഞ്ഞപ്പോഴെല്ലാം ഞാനല്ലാതെ ഒന്നുമില്ല എന്നാണ് അതിലൂടെ ഞാന്‍ വ്യക്തമാക്കിയത്. സൃഷ്ടിപ്പ് യഥാര്‍ത്ഥ സത്യമാണ്. സൃഷ്ടിപ്പിന്റെ സത്ത സൃഷ്ടാവുമാണ്’. ചുരുക്കത്തില്‍, എല്ലാ വസ്തുക്കളിലും ദൈവികസത്തയുണ്ടെന്നും അവയെല്ലാം ദൈവത്തിന്റെ പ്രകാശനങ്ങളാണെന്നുമാണ് ഇബ്‌നു അറബി പറയുന്നത്. ഫുസൂസുല്‍ ഹികാം (Ringstones of Wisdom) എന്ന തന്റെ ഗ്രന്ഥത്തില്‍ വിഗ്രഹങ്ങളെ വെടിയാന്‍ വിസമ്മതിച്ച നൂഹ് നബിയുടെ ജനതയെ മുന്‍നിര്‍ത്തി ഇബ്‌നു അറബി അതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഖുര്‍ആനിലെ നൂഹ് അധ്യായത്തിലെ 23ാം സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ അതു നമുക്കു കാണാം: ‘ അവര്‍ വിഗ്രഹങ്ങളെ വെടിഞ്ഞിരുന്നെങ്കില്‍ ദൈവികസത്യത്തെക്കുറിച്ച് (അല്‍-ഹഖ്) അവര്‍ അജ്ഞരാകുമായിരുന്നു. കാരണം ആരാധിക്കപ്പെടുന്ന എല്ലാ വസ്തുക്കളിലും ദൈവിക സത്യമുണ്ട്. അല്ലാഹുവെ അറിഞ്ഞവന് അതേക്കുറിച്ചറിയാം. അല്ലാഹുവെ അറിയാത്തവന് അതറിയുക സാധ്യമല്ല. ഖുര്‍ആന്‍ പറയുന്നു: ‘നിങ്ങള്‍ അല്ലാഹുവെയല്ലാതെ വേറൊന്നിനെയും ആരാധിക്കുകയില്ലെന്ന് അവന്‍ നിശ്ചയിച്ചിരിക്കുന്നു’ (സൂറ കഹ്ഫ്, 23) ഇവിടെ അവന്‍ നിശ്ചയിച്ചിരിക്കുന്നു എന്നുപറഞ്ഞാല്‍ അവന്‍ സ്ഥാപിച്ചിരിക്കുന്നു എന്നാണര്‍ത്ഥം. ആരാണ് ആരാധിക്കപ്പെടാനര്‍ഹനെന്നും ആരാധിക്കപ്പെടാന്‍ വേണ്ടി ഏത് രൂപത്തിലാണ് അല്ലാഹു മാനിഫെസ്റ്റ് ചെയ്യുക എന്നും ജ്ഞാനമാര്‍ജ്ജിച്ചവന് നന്നായറിയാം. അപ്പോള്‍ എല്ലാ ആരാധനാ വസ്തുക്കളിലും അല്ലാഹുവല്ലാതെ മറ്റൊന്നും ആരാധിക്കപ്പെടുന്നില്ല’.

അല്ലാഹുവെയല്ലാതെ വേറെയൊന്നിനെയും നിങ്ങള്‍ ആരാധിക്കുകയില്ലെന്ന് അവന്‍ നിശ്ചയിച്ചിരിക്കുന്നു എന്ന ഖുര്‍ആനിക സൂക്തത്തെ ഇബ്‌നു അറബി വായിക്കുന്നത് അല്ലാഹുവെയല്ലാതെ വേറെയൊന്നിനെയും ആരാധിക്കരുതെന്ന് അവന്‍ കല്‍പ്പിച്ചിരിക്കുന്നു (പൊതുവായ മുസ്‌ലിം വിശ്വാസം അതാണ്) എന്ന അര്‍ത്ഥത്തിലല്ല. മറിച്ച് എല്ലാ ആരാധനകളും അനിവാര്യമായും അവന്റെ നേര്‍ക്കാണ് എന്നത് ഒരു യാഥാര്‍ത്ഥ്യമായി അല്ലാഹു സ്ഥാപിച്ചിരിക്കുന്നു എന്നാണ്. അപ്പോള്‍ എല്ലാ ആരാധനകളും (വിഗ്രഹാരാധനയും) ആത്യന്തികമായി അല്ലാഹുവോടുള്ള ആരാധനയാണ്. പശുക്കുട്ടിയെ ആരാധിച്ച ഇസ്രയേലി ജനതയുടെ ചരിത്രത്തെയും ഇബ്‌നു അറബി ഇങ്ങനെയാണ് വായിക്കുന്നത്.

ഇനി സ്വര്‍ഗ്ഗത്തെയും നരകത്തെയും കുറിച്ച ഇബ്‌നു അറബിയുടെ സമീപനങ്ങളെ പരിശോധിക്കാം. പരമ്പരാഗതമായ വിശ്വാസത്തിനു സമാനമായ വീക്ഷണമാണ് ഇബ്‌നു അറബിക്ക് സ്വര്‍ഗ്ഗ-നരകങ്ങളെക്കുറിച്ചുള്ളതെങ്കിലും അവക്കൊരു ആത്മീയ വിശദീകരണമാണ് അദ്ദേഹം നല്‍കുന്നത്. മാധുര്യം എന്നര്‍ത്ഥമുള്ള ഉദൂബ (udhubah) എന്ന പദത്തില്‍ നിന്നാണ് ശിക്ഷ എന്നര്‍ത്ഥമുള്ള അദ്ഹാബ് എന്ന പദം ഉല്‍ഭവിച്ചത് എന്നാണദ്ദേഹം പറയുന്നത്. അതിനാല്‍ തന്നെ പരലോകശിക്ഷ ശാരീരിക പീഢയല്ല എന്നാണ് ഇബ്‌നുഅറബിയുടെ പക്ഷം.

ഇബ്‌നുഅറബിയെ തള്ളിപ്പറഞ്ഞ മുസ്‌ലിം പണ്ഡിതന്‍മാര്‍ അദ്ദേഹത്തിന്റെ കോസ്‌മോളജിയില്‍ അടങ്ങിയിരിക്കുന്ന ആപേക്ഷികതാ സിദ്ധാന്തത്തെ സ്വീകരിച്ചിട്ടുണ്ട്. അതേസമയം ഈ മുസ്‌ലിം പണ്ഡിതന്‍മാര്‍ തന്നെയാണ് ഇബ്‌നു അറബിയെ അല്‍ ശൈഖുല്‍ അക്ഫാര്‍ (The most unbelieving shaykh) എന്നു വിശേഷിപ്പിച്ചത്. എന്നാല്‍ ഇബ്‌നുഅറബിയുടെ സൂഫി അനുഭവത്തെ പ്രാമാണികമായി സ്വീകരിച്ച പണ്ഡിതന്‍മാരുമുണ്ട്. പതിനേഴാം നൂറ്റാണ്ടിലെ ഇന്ത്യന്‍ സൂഫി പരിഷ്‌കര്‍ത്താവായ അഹ്മദ് സര്‍ഹിന്ദി അതില്‍പ്പെടും. അതേസമയം ആശങ്കയോടെയാണ് അക്‌ബേറിയന്‍ ഫിലോസഫിയെ അദ്ദേഹം സമീപിക്കുന്നത്. ഇബ്‌നുഅറബിയുടെ കോസ്‌മോളജി സാധാരണ ജനങ്ങളെ മതനിന്ദയിലേക്കും ശരീഅത്തിനെ അവഗണിക്കുന്നതിലേക്കും നയിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. സൂഫി അനുഭവങ്ങളെ ശരീഅത്തിന്റെ പരിധിക്കകത്ത് നിര്‍ത്തിക്കൊണ്ടാണ് സര്‍ഹിന്ദി സംസാരിക്കുന്നത്. വളരെ പ്രധാനപ്പെട്ട ഒരു ഗ്ലോബല്‍ സൂഫി മൂവ്‌മെന്റായ മുജദ്ദിദിയ്യ-നഖ്ശബന്ധിയ്യ എന്ന സൂഫി ത്വരീഖക്ക് സര്‍ഹിന്ദിയുടെ ആശയങ്ങള്‍ പ്രചോദിതമായിട്ടുണ്ട്. ശരീഅത്തിലധിഷ്ഠിതമായ ഒരു സൂഫി ലോകവീക്ഷണത്തെയാണ് അത് മുന്നോട്ടുവെക്കുന്നത്. ആധുനിക ഇന്ത്യയില്‍ അതിന് വലിയ പ്രചാരം ലഭിച്ചിട്ടുണ്ട്.

ഹിക്മത്തുല്‍ ഇശ്‌റാഖിന്റെയും വഹ്ദത്തുല്‍ വുജൂദിന്റെയുമെല്ലാം ലക്ഷ്യം അല്ലാഹുവെക്കുറിച്ച അനുഭവപരമായ ജ്ഞാനം (Higher truth of existence) നേടിയെടുക്കുക എന്നതാണ്. ഫസ്‌ലുറഹ്മാന്‍ അക്‌ബേറിയന്‍-സുഹ്‌റവര്‍ദിയന്‍ ഫിലോസഫിയെ അംഗീകരിക്കുന്നുണ്ട്. Philosophic religion എന്നാണ് അദ്ദേഹമതിനെ വിശേഷിപ്പിക്കുന്നത്. മുസ്‌ലിം സമൂഹങ്ങളുടെ ചരിത്രത്തിലുടനീളം ഇബ്‌നുഅറബിയുടെയും സുഹ്രവര്‍ദിയുടെയും philosophic religion ന് സവിശേഷമായ സ്ഥാനമാണുള്ളത് എന്നാണദ്ദേഹം പറയുന്നത്: ‘അക്‌ബേറിയന്‍-സുഹ്രവര്‍ദിയന്‍ ഫിലോസഫി ഇസ്‌ലാമിലെ മെറ്റാഫിസിക്കല്‍ ചിന്തയുടെ വികാസത്തില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതിന്റെ പ്രാധാന്യത്തെ ഒരിക്കലും നമുക്ക് അവഗണിക്കാനാവില്ല’. റഹ്മാന്‍ പറയുന്നത് ശരീഅത്തിന് മുകളില്‍ നില്‍ക്കുന്ന ഹഖീഖത്തിനെക്കുറിച്ച സൂഫി-ഫിലോസഫിക്കല്‍ അന്വേഷണങ്ങള്‍ വെറും ബൗദ്ധികമോ ഈസോട്ടെറിക്കോ ആയ ആലോചനകള്‍ മാത്രമായിരുന്നില്ല എന്നാണ്. മറിച്ച് സാമൂഹികവും സാംസ്‌കാരികവുമായ പ്രതിഭാസമായിരുന്നു അത്. മതത്തിനപ്പുറത്തെ മതം (religion not only within religion, but above religion) എന്നാണ് ഫസ്‌ലുറഹ്മാന്‍ ആ പ്രതിഭാസത്തെ വിളിക്കുന്നത്. അതിനാല്‍ തന്നെ മതത്തിനപ്പുറത്തെ മതത്തെ നമുക്ക് സൂഫി-ഫിലോസഫിക്കല്‍ (അല്ലെങ്കില്‍ ഫിലോസഫിക്കല്‍-സൂഫി) മിശ്രണം എന്നു വിളിക്കാവുന്നതാണ്.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മുഖ്യധാരാ ഇസ്‌ലാമിക പണ്ഡിതര്‍ സൂഫി-ഫിലോസഫിക്കല്‍ സങ്കലനവും അതിന്റെ ആശയങ്ങളും സങ്കീര്‍ണ്ണമാണെന്നാണ് പറയുന്നത്. അതേസമയം അതിന്റെ പോപ്പുലാരിറ്റിയെ അവരംഗീകരിക്കുന്നുണ്ട്. അതേസമയം ആധുനിക മുസ്‌ലിം സമൂഹത്തിനിടയില്‍ അതുമായി ബന്ധപ്പെട്ട് ആശങ്ക നിലനില്‍ക്കുന്നുണ്ട്. മിക്ക പേരും ഈ സൂഫി-ഫിലോസഫിക്കല്‍ സങ്കലനത്തെ അംഗീകരിക്കുന്നില്ല. ചരിത്രപരമായ അതിന്റെ സാന്നിധ്യത്തെയും സ്വാധീനത്തെയും പൂര്‍ണ്ണമായും അവഗണിക്കുന്ന സമീപനമാണ് അവര്‍ സ്വീകരിക്കുന്നത്. ഇസ്‌ലാമിനെ ചരിത്രപരവും മാനുഷികവുമായ ഒരു പ്രതിഭാസമായി (historical and human phenomenon) മനസ്സിലാക്കുന്നതില്‍ അവര്‍ പരാജയപ്പെടുകയാണ് ചെയ്യുന്നത്. (തുടരും)

വിവ: സഅദ് സല്‍മി (salmisaad@gmail.com)

 

 

 

 

 

ശഹാബ് അഹ്മദ്‌