Campus Alive

‘A Documentary about Disappearance’: അസന്നിഹിതമാവുന്നവര്‍

‘മൈ ഡെയ്‌സ് ഇന്‍ പ്രിസണ്‍’ എന്ന തന്റെ പുസ്തകത്തില്‍ ഇഫ്തിഖാര്‍ ഖീലാനി വിഖ്യാത മനശാസ്ത്രജ്ഞന്‍ ഡോ. വിക്ടര്‍ ഇ. ഫ്രാങ്കലിനെ ഇപ്രകാരം ഉദ്ധരിക്കുന്നുണ്ട്. ‘വിട്ടയക്കപ്പെട്ട ഓരോ തടവുകാരനും വ്യക്തിത്വത്തിന്റെ ഒരു പ്രത്യേക അവസ്ഥയിലൂടെ കടന്നുപോവുകയാണ്. ചുറ്റുമുളളതെല്ലാം അയഥാര്‍ത്ഥമാണെന്ന് അയാള്‍ക്ക് തോന്നുന്നു. ഒന്നും അയാള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. താനൊരു സ്വപ്‌നാവസ്ഥയിലാണെന്ന് അയാള്‍ വിശ്വസിക്കുന്നു. വിമോചനത്തെക്കുറിച്ച് ധാരാളം സ്വപ്‌നങ്ങള്‍ അയാള്‍ കണ്ടിട്ടുണ്ട്. വീട്ടിലേക്ക് പോകുന്നത്, സുഹൃത്തുക്കളെ കാണുന്നത്, കുടുംബത്തോടൊത്ത് കഴിയുന്നത്. പെട്ടെന്നൊരു വിസില്‍ മുഴങ്ങുന്നു; എല്ലാം തകര്‍ന്നു വീഴുന്നു. വിമോചനം വരുമ്പോള്‍ സ്വപ്‌നവും യാഥാര്‍ത്ഥ്യവും തിരിച്ചറിയാനാവാതെ അയാള്‍ കുഴങ്ങുന്നു’.

zakaria-parappanangadiകെ. ഹാഷിര്‍ സംവിധാനം ചെയ്ത A Documentary about Disappearance കണ്ടു കഴിഞ്ഞപ്പോള്‍ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് ഈ വാചകമായിരുന്നു. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ നിന്നും കര്‍ണ്ണാടക പോലീസ് UAPA ചുമത്തി പിടിച്ചുകൊണ്ടുപോയ സക്കരിയയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ ചലച്ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഈ ചലച്ചിത്രത്തിന് ഡോക്യുമെന്ററി എന്ന് പേര് നല്‍കിയിരിക്കുന്നത്, ഡോക്യുമെന്ററി എന്ന കലാവ്യവഹാരത്തില്‍ ഇത് ഉള്‍പ്പെടുന്നു എന്നുളളത് കൊണ്ടല്ല; മറിച്ച് ഒരു ഡോക്യുമെന്റിനെ ഇത് അവതരിപ്പിക്കുന്നു എന്നതിനാലാണ്. അയഥാര്‍ത്ഥമോ അസംഭവമോ ആയ ഒരു ഭാവനാകല്പിത സംഭവത്തിനകത്തല്ല ഇതിന്റെ ഉളളടക്കം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന് സാരം. ശമീം എന്നാണ് സകരിയയെ സിനിമ വിളിക്കുന്നത്. ശമീമിന് നീതി ലഭിക്കുമോ എന്ന് അവന്റെ കൂട്ടുകാരന്‍ ചോദിക്കുന്ന ഒരു സന്ദര്‍ഭം ഫിലിമിലുണ്ട്. മേല്‍പറഞ്ഞ വാചകത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് അവിടെ മറുപടി നല്‍കപ്പെടുന്നത്. ‘കൊറേ കാലം ഒരാളെ പിടിച്ചൊണ്ടോയി ജയിലിലിട്ട് പെട്ടെന്ന് ഒരീസം തുറന്ന് വിടുമ്പോ… പിന്നെ അയാള്‍ക്കെങ്ങനെ നീതി കിട്ടാ… നീതി കിട്ടിയോന്ന് പറയാമ്പറ്റോന്ന് എനിക്കറിയില്ല’. ആയുസിന്റെ പുസ്തകത്തില്‍ നിന്ന് അപഹരിക്കപ്പെട്ട പേജുകള്‍ തിരിച്ചു തുന്നിച്ചേര്‍ക്കാന്‍ കഴിയില്ലെന്ന ചെറിയ, വലിയ തിരിച്ചറിവുണ്ട് ആ വാചകത്തില്‍. സമയവും സാന്നിധ്യവും ജീവിതത്തിലെ വലിയൊരു അനിവാര്യതയുടെ പേരു കൂടിയാണ്. വീണ്ടെടുക്കാന്‍ കഴിയാത്ത വലിയ മൂല്യത്തിന്റെ പേരാണ് സമയമെങ്കില്‍ ജീവിതാവിഷ്‌കാരം തന്നെ സാധ്യമാക്കുന്ന അനുഭവത്തിന്റെ പേരാണ് സാന്നിധ്യം. അതുകൊണ്ടുതന്നെ ഉമ്മയായി, ഉപ്പയായി, മകനായി, സുഹൃത്തായി നമ്മില്‍ പലരും ജീവിച്ചു തീര്‍ക്കുന്ന ചരിത്രത്തിലെ (സമയം) സാന്നിധ്യമാണ് UAPA കള്‍ അസഹന്നിതമാക്കുന്നതെന്ന പ്രഖ്യാപനത്തിന്റെ പേരാണ് A Documentary About Disappearance എന്ന് വേണമെങ്കില്‍ പറയാം. 48 മിനുറ്റ് ദൈര്‍ഘ്യമുളള സിനിമ, നഷ്ടപ്പെടാന്‍ സാധ്യതയുളള ഒരുപാട് സമയത്തെയും സാന്നിധ്യത്തെയും കുറിച്ചുളള ഓര്‍മ്മപ്പെടുത്തലാണ്. എപ്പോഴും അപ്രത്യക്ഷമാകാന്‍ സാധ്യതയുളള അപരങ്ങളാണ് രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷമെന്ന് ഈ സിനിമ നമ്മോട് വിളിച്ചു പറയുന്നു.

21032324_794221590752480_8936447157325285052_nചോദ്യം ചോദിക്കാന്‍ വരുന്ന പോലീസുകാരനോട് മറുപടി പറയാന്‍ ഒരുക്കമല്ലെന്ന് പറയുന്ന ശുഐബ് (കഥാ നായകന്‍) ഫിലിമിലെ ഒരാത്മാര്‍ത്ഥ ബന്ധത്തിന്റെ പേരാണ്. ‘Every Act Of Rebellion Expresses A Nostalgia For Innocence’ എന്ന് ആല്‍ബര്‍ട്ട് കാമു ഒരിക്കല്‍ പറയുന്നുണ്ട്. രാജീവ് രവി സംവിധാനം ചെയ്ത ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന സിനിമ ആരംഭിക്കുന്നത് ഈ വാചകത്തെ മലയാളത്തിലേക്ക് പരാവര്‍ത്തനം ചെയ്തു കൊണ്ടാണ്. ‘ നിഷ്‌കളങ്കതയെക്കുറിച്ച നഷ്ടബോധമെന്ന് ഓരോ കലാപത്തിന്റെയും കാതല്‍’ പ്രസ്തുത നിഷ്‌കളങ്കതയുടെ പ്രതീകങ്ങളായി മാറാന്‍ ശമീമിന്റെ സുഹൃത്തുക്കള്‍ക്ക് കഴിയുന്നത് സിനിമയില്‍ നമ്മള്‍ കാണുന്നുണ്ട്. ‘നിങ്ങളിതിന്റെ പിന്നാലെ വല്ലാതെ കൂടണ്ട’ എന്ന് അഡ്വക്കറ്റ് പറയുമ്പോഴും അവര്‍ക്ക് പ്രതികരിക്കാന്‍ കഴിയുന്നത് സൗഹൃദത്തിന്റെ ആഴം എന്നതിനപ്പുറം നിഷ്‌കളങ്കതയുടെ താല്‍പര്യം കൂടിയാണെന്ന് പറയാം. ശമീം മിസ്സ് ആയതിനു മണക്കൂറുകള്‍ക്ക് ശേഷം പോലീസ് സ്‌റ്റേഷനില്‍ എത്തുന്ന സുഹൃത്തുക്കള്‍ പരിഹാസച്ചുവയോടുളള സംസാരത്തെയാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്. അധികാര പ്രയോഗത്തിന്റെ ഉപകരണങ്ങളായി പോലീസ് വര്‍ത്തിക്കുന്നതാണ് നാമിവിടെ കാണുന്നത്. അവിടങ്ങളിലൊക്കെയും സാമാന്യ ബോധത്തിനു നേരെ ‘നിരോധിക്കപ്പെട്ട’ ചോദ്യങ്ങളാണ് സിനിമയും കഥാപാത്രങ്ങളും ചോദിച്ചുകൊണ്ടിരിക്കുന്നത്. (ഭരണ വര്‍ഗ തത്വചിന്തയോടെ ഫോക് ലോറാണ് സാമാന്യബോധമെന്ന് ഗ്രാംഷി)

21077556_794320824075890_1549650759775513946_nശമീം ഒരു പ്രതീകമാണ്. ഭരണകൂടം കവര്‍ന്നെടുത്ത ചെറുപ്പങ്ങളുടെ പ്രതീകം, ശുഐബ് പ്രതികരിച്ചുകൊണ്ടേയിരിക്കുന്ന യുവത്വത്തിന്റെ പ്രതിനിധാനവും. ശമീമിനെക്കുറിച്ച സിനിമ ശുഐബ് എന്ന നായകനിലൂടെയാണ് വികസിക്കുന്നത്. ശമീമിന്റെ അസാന്നിധ്യമാണ് സിനിമയുടെ രാഷ്ട്രീയം. ആ അസാന്നിധ്യം തന്നെയാണ് നമ്മെ പ്രകോപിപ്പിക്കേണ്ടതും.

സാങ്കേതിക മികവിലും സിനിമ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. ക്യാമറ ചെയ്ത നസീബും സംഗീത സംവിധാനം നിര്‍വഹിച്ച ശേഖറും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. ചലനങ്ങളെ പലപ്പോഴും സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന ഷോട്ടുകളും, കഥാപാത്രങ്ങളുടെ ആത്മ സംഘര്‍ഷത്തെ ധ്വനിപ്പിക്കുന്ന പശ്ചാതല സംഗീതവും അത്തരത്തില്‍ സിനിമക്ക് മതുല്‍കൂട്ടാവുന്നുണ്ട്. അങ്ങനെ കുറഞ്ഞ ചിലവില്‍ ലളിതമായി വലിയ രാഷ്ട്രീയം പറയുകയാണ് A Documentary About Disapearance.

ഹാമിദ് മഞ്ചേരി