Campus Alive

വേദനകളുടെ ഇതിഹാസം

ഒരു ദിവസം ജോലി കഴിഞ്ഞ് നിങ്ങളുടെ വീട്ടിലേക്ക് എത്തുമ്പോൾ വീടിൻറെ വാതിലിൽ ആരോ മുട്ടുന്നു എന്ന് സങ്കൽപ്പിക്കുക, അത് നിങ്ങളുടെ സമീപത്തെ പോലീസ് സ്റ്റേഷനിൽ നിന്നുള്ള പോലീസുകാരാണ്. ചില ചോദ്യം ചെയ്യലുകൾക്കായി അവർ നിങ്ങളെ പോലീസ് സ്റ്റേഷനിലേക്ക് ക്ഷണിക്കുന്നു. അവർക്ക് പിന്നാലെ നിങ്ങളുടെ സ്വന്തം കാർ ഡ്രൈവ് ചെയ്തു പോകാനുമുള്ള അവസരവും അവർ നൽകുന്നു. ശേഷം നിങ്ങൾ പോലീസുകാർക്ക് പിന്നാലെ കാർ ഡ്രൈവ് ചെയ്ത് സ്റ്റേഷനിലേക്ക് പോകുന്നു. നിങ്ങൾക്ക് പ്രിയപ്പെട്ടവർ ഒരു സ്വപ്നമെന്ന പോലെ പോലെ നിങ്ങളെയും നോക്കി ഇതെല്ലാം കണ്ട് പിന്നിൽ നിൽക്കുന്ന അവസ്ഥ. നിസ്സഹായതയുടെ വേദന അവർ അറിയുന്ന നിമിഷം, നിങ്ങളുടെ ജീവിതത്തെ എന്നന്നേക്കുമായി മാറ്റിമറിക്കാനുള്ള കാരണത്തിലേക്ക് നിങ്ങളെ നയിക്കപ്പെടുന്നു. ക്ഷണനേരം കൊണ്ട് പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത അജ്ഞാത കേന്ദ്രത്തിലേക്ക് നിങ്ങളെ മാറ്റപ്പെടുന്നു. ശേഷം നിങ്ങളുടെ സ്വന്തം രാജ്യം വിട്ടുകൊണ്ട് മർദ്ദനങ്ങളുടെ ലോകത്തേക്ക് നിങ്ങൾ യാത്രയാകുന്നു (world of tortures). വ്യക്തിത്വ പരിശോധനകൾ, വിവിധ രീതിയിലുള്ള ചോദ്യം ചെയ്യലുകൾ, ഈ പ്രാഥമിക കൃത്യങ്ങൾക്കെല്ലാം ശേഷം നിങ്ങളുടെ അവസാന ഡെസ്റ്റിനേഷനിലേക്ക് നിങ്ങൾ എത്തുന്നു. ക്രൂരതയുടെ പര്യായമായി(Synonym of Cruelty) ലോകം വിശേഷിപ്പിച്ച അമേരിക്കയുടെ സൈനിക തടവറയിലേക്ക്. അന്താരാഷ്ട്ര നിയമങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും യാതൊരു വിധ സ്ഥാനവുമില്ലാത്ത പീഡനങ്ങളുടെ പാലസിലേക്ക് നിങ്ങളെ ആനയിക്കപ്പെടുന്നു (palace of torture). പീഡനങ്ങളുടെയും ലൈംഗികചൂഷണങ്ങളുടെയും പരമ്പര തന്നെ അരങ്ങേറുന്നു. വർഷങ്ങളോളം തടങ്കലിൽ, ഏകാന്തത മാത്രം കൂട്ടായെത്തുന്ന ഇരുട്ട് നിറഞ്ഞ തടവറയിലേക്ക് നിങ്ങളുടെ ജീവിതം മാറ്റിയെഴുതുന്നു. ശേഷം രാജ്യത്തെ ഒന്നാം നമ്പർ അപകടകാരിയായ കുറ്റവാളി എന്ന ലേബലൊട്ടിച്ച് അഡ്രസ്സുകൾ ഇല്ലാത്ത ഒരിടത്തേക്ക് നിങ്ങളെ അയക്കുന്നു. ഒരുപക്ഷേ അന്വേഷണവുമായി സഹകരിക്കാൻ നിങ്ങൾ വിസമ്മതിച്ചാൽ നിങ്ങളൊരു ഓർമ്മ മാത്രമായി അവശേഷിക്കും. നിങ്ങളുടെ കുടുംബത്തെയും പീഡനത്തിന് വിധേയമാക്കി കാലപുരിയിലേക്ക് അയക്കുമവർ.

ഈ പുസ്തകം പങ്കു വെക്കുന്നത് മൗറിത്താനിയൻ ദേശക്കാരനായ മുഹമ്മദ് സ്വലാഹിയുടെ നീണ്ട 14 വർഷക്കാലത്തെ ജയിൽ ജീവിതത്തെക്കുറിച്ചാണ്. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും ടെലികമ്മ്യൂണിക്കേഷനിൽ പ്രത്യേക വൈദഗ്ധ്യമുള്ള മുപ്പതുകാരൻ. അദ്ദേഹത്തിൻറെ ജയിലനുഭവങ്ങളുടെ നേർസാക്ഷ്യമാണ് The Guantanamo Diary. തന്റെ സ്വന്തം രാജ്യത്തു നിന്നും 2001 ൽ തടവിലാക്കപ്പെടുകയും പിന്നീട് വിശദമായ ചോദ്യംചെയ്യലിന് വേണ്ടി ജോർദാനിൽ ആറുമാസത്തോളം താമസിപ്പിക്കുകയും, ശേഷം അഫ്ഗാനിസ്ഥാനിലെ ബാഗ്രാം എയർ ബെയ്സിലേക്കും അവസാനം 2002ൽ കുപ്രസിദ്ധമായ ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിലേക്കുമുള്ള യാത്രയാണിത്.

ക്യൂബയിലെ അമേരിക്കൻ ജയിലറയായ ഗ്വാണ്ടനാമോയിലെ അഞ്ചുവർഷക്കാലത്തെ പൊള്ളുന്ന അനുഭവസാക്ഷ്യളെ 466 പേജുകളുള്ള തൻറെ പുസ്തകത്തിലേക്ക് പകർത്തുകയാണ് മുഹമ്മദ് സ്വലാഹി. ജയിൽ കാലത്ത് വശത്താക്കിയ ഇംഗ്ലീഷ് ഭാഷ ഉപയോഗിച്ച് കൊണ്ടായിരുന്നു സ്വലാഹി പുസ്തകത്തിൻറെ കൈയെഴുത്തുപ്രതി തയ്യാറാക്കിയത്. അതുതന്നെയാണ് ഈ പുസ്തകത്തിലെ പ്രധാന കൗതുകവും. ദൗർഭാഗ്യവശാൽ ഈ കയ്യെഴുത്തുപ്രതി നിരോധിച്ചുകൊണ്ടുള്ള ഗവൺമെൻറ് ഓർഡർ വരുകയും ഇതിനായി ധാരാളം നിയമയുദ്ധങ്ങൾ അരങ്ങേറുകയും ചെയ്തു. അവസാനം 2015ഓടെ ആണ് പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്. പുസ്തകത്തിനെതിരെ അമേരിക്കൻ ഗവൺമെൻറ് ധാരാളം നിയമനിർമ്മാണങ്ങൾ നടത്തുകയും ഇതിനെ സംബന്ധിച്ച് ഗൗരവതരമായ ചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്തു. കാരണം ഗ്വാണ്ടനാമോയുമായി ബന്ധപ്പെട്ട ഏത് വിവരങ്ങൾ പുറത്തുവിടുന്നതിനോടും ഗവൺമെന്റിന് ശക്തമായ എതിർപ്പായിരുന്നു.

കൈയ്യെഴുത്ത്പ്രതി

ഇതിൻറെ പബ്ലിഷിങ്ങുമായി ബന്ധപ്പെട്ട് ആറു വർഷത്തോളം നിയമ കുരുക്കുകൾ തുടരുകയും, നീണ്ട ആറു വർഷത്തെ നിയമ യുദ്ധത്തിനൊടുവിൽ പുസ്തകം പ്രസാധനത്തിന് എത്തുകയും ചെയ്തു. സ്വലാഹിയുടെ നിയമോപദേശകർ പുസ്തകത്തിൻറെ കൈയെഴുത്തുപ്രതി അമേരിക്കൻ ഗവൺമെൻറിൻറെ പ്രത്യേക അന്വേഷണ ഏജൻസിക്ക് കൈമാറി. അവർ ഓരോ പേജും ഇഴകീറി നിരീക്ഷണം നടത്തി, അവസാനം 466 പേജുകളുള്ള കൈയെഴുത്തു കോപ്പി പബ്ലിഷിംങിനെത്തുമ്പോൾ ഈ അമേരിക്കൻ ഏജൻസി 2500ഓളം ബ്ലാക്ക് എഡിറ്റിങ് നടത്തികളഞ്ഞിരുന്നു. ഒരു ഇരുണ്ട പുസ്തകം എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലേക്ക് അവരതിനെ മാറ്റിയെഴുതി.
ഈ രീതിയിലുള്ള സെൻസർഷിപ്പുകൾ അമേരിക്കൻ മിലിട്ടറി ക്യാമ്പുകളിൽ നടക്കുന്ന പീഡനങ്ങളുടെ ക്രൂര കഥകൾ മറച്ചുവെക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായിട്ടായിരുന്നു.

വേദനയുടെ ഇതിഹാസം എന്ന് ഒരു പക്ഷേ ഇതിനെ വിളിക്കാം. ദസ്തയേവ്സ്കിയുടെ ഹൗസ് ഓഫ് ഡെഡ് എന്ന പുസ്തകവുമായി ഇതിനെ കംപയർ ചെയ്യാം. അത്രത്തോളം വേദനയുടെ ലോകത്ത് കൂടിയാണ് മുഹമ്മദ് സ്വലാഹി കടന്നുപോകുന്നത്. വളരെ ഇമോഷണൽ ആയ പല രംഗങ്ങളും സ്വലാഹി ഗ്വാണ്ടനാമോയിൽ കുറിക്കുന്നുണ്ട്. തൻറെ സെല്ലിൽ നിന്നും തൊട്ടടുത്ത സെല്ലിലേക്ക് കൊണ്ടുപോകുമ്പോൾ പ്യുറിട്ടോറിക്കക്കാരനായ ഓഫീസർ സ്വലാഹി സമാധാനിപ്പിക്കുന്ന രംഗമുണ്ട്.
“വിഷമിക്കേണ്ട സുഹൃത്തേ താങ്കൾക്ക് കുടുംബത്തിലേക്ക് പെട്ടെന്ന് തന്നെ മടങ്ങാൻ സാധിക്കും”
ഇത് ആശ്വാസത്തിന്റെ വാക്കായിരുന്നെങ്കിലും എന്നെ വല്ലാതെ സങ്കടപ്പെടുത്തി. കരച്ചിലടക്കാൻ ആവുന്നത്ര ഞാൻ ശ്രമിച്ചു പക്ഷേ കഴിഞ്ഞില്ല..

നിർദയമായ ചോദ്യംചെയ്യലുകളും നിഷ്ടൂരമായ പീഡനമുറകളും നിറയുന്ന നിരവധി ഭാഗങ്ങൾ മനപ്പൂർവം ഒഴിവാക്കപ്പെട്ടു. വ്യത്യസ്തരായ ചോദ്യകർത്താക്കൾ സ്വീകരിക്കുന്ന വിവിധ പീഡന രീതികളെ ഇതിൽ നിന്നും മായ്ച്ചു കളഞ്ഞിരിക്കുന്നു. ഇത്രയും ക്രൂരതകൾ അനുഭവിക്കുമ്പോഴും വളരെ ആക്ടീവ് ആയ രീതിയിലാണ് തുടക്കം മുതൽ ഒടുക്കം വരെ സ്വലാഹി തന്റെ ആത്മകഥ പറഞ്ഞവസാനിപ്പിക്കുന്നത് . വളരെ വ്യത്യസ്തമായ നരേഷൻ സ്റ്റൈൽ. അദ്ദേഹത്തിൻറെ ദൃഢമായ വിശ്വാസവും ആരാധനയോടുള്ള പ്രിയവും പല ഭാഗങ്ങളിലും വ്യക്തമാണ്. ക്രൂരമായ നടപടികൾ നടക്കുമ്പോഴും അദ്ദേഹം തന്റെ വിശ്വാസത്തിൽ അടിയുറച്ച് നിൽക്കുന്നു. ഒരു ഭാഗത്ത് അദ്ദേഹം കുറിക്കുന്നുണ്ട് ക്രൂരമായ പീഡനങ്ങളുടെ അവസാനമായപ്പോഴേക്കും താൻ പഠിച്ചുവെച്ച മന്ത്രങ്ങൾ (spiritual Chanting) എല്ലാം മറന്നു പോവുകയും യാ ഹയ്യു യാ ഖയ്യും എന്നതല്ലാതെ മറ്റൊന്നും ഓർമയില്ലായിരുന്നു എന്ന്. വേദനയുടെ കാഠിന്യത്തിൽ പലപ്പോഴും ഉച്ചത്തിലാവുന്ന പ്രാർത്ഥനകളെ ക്രൂരന്മാരായ ചില ഉദ്യോഗസ്ഥന്മാർ തടയുകയും കളിയാക്കുകയും ആരാധനയ്ക്കുള്ള സൗകര്യങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്ത സന്ദർഭങ്ങളുമുണ്ട്.

അവർ ആഗ്രഹിക്കുന്ന തരത്തിലുള്ള ചോദ്യംചെയ്യലിന് ഞാൻ വഴങ്ങുന്നില്ല എന്ന് മനസ്സിലാക്കിയപ്പോൾ, പീഡനങ്ങളുടെ രീതികൾ മാറി വരികയുണ്ടായി. അതിക്രൂരമായ പീഡന രീതികളിലേക്ക് ദിനേന മാറിക്കൊണ്ടിരുന്നു. ഒരിക്കൽ ഞാൻ ഇരിക്കുന്ന റൂമിലേക്ക് ജർമ്മൻ ഷെപ്പേർഡ് നായയുമായി ഒരു ടീം കടന്നുവന്നു. കൂട്ടത്തിലൊരാൾ ഒരാൾ എൻറെ മുഖത്തും വാരിയെല്ലിനും മാറിമാറി തല്ലാൻ തുടങ്ങി, ശേഷം ഉപ്പ് കലർത്തിയ ഒരു ദ്രാവകം എൻറെ വായിലേക്ക് ഒഴിച്ചു കൊണ്ടേയിരുന്നു, അപ്പോഴൊക്കെയും അവരുടെ കയ്യിൽ എന്തിനും തയ്യാറായി കുതറിയോടാൻ കാത്തുനിൽക്കുന്ന വിശന്നുവലഞ്ഞ നായയും ഉണ്ടായിരുന്നു. അതേപോലെ 24 മണിക്കൂർ മൂന്ന് ഭാഗങ്ങളുള്ള സെക്ഷനുകളാക്കി തിരിച്ചുകൊണ്ട് ഓരോ സ്പെഷ്യൽ ടീമുകൾ മാറി മാറി പീഡിപ്പിച്ച സന്ദർഭങ്ങളുമുണ്ട്. ഇടുങ്ങിയ മുറികളിൽ പ്രവേശിപ്പിച്ച ശേഷം ഉയർന്ന സൗണ്ട് സിസ്റ്റത്തിൽ റാപ്പ് മ്യൂസിക്കുകൾ പ്രവർത്തിച്ചുകൊണ്ട് കേൾവിശക്തിയെ തകർക്കുന്ന തരത്തിലുള്ള പീഡന രംഗങ്ങൾ, ലൈംഗികമായി അപമാനിച്ചുകൊണ്ടുള്ള പീഢനങ്ങൾ,  തടവുകാർ ഉറങ്ങാതിരിക്കാൻ വേണ്ടി പ്രത്യേക കാവൽ ഏർപ്പെടുത്തിയിട്ടുള്ള സൈനിക സംഘങ്ങളുമുണ്ട്.

ഈ അനുഭവങ്ങളിലൂടെ നിലനിൽക്കുന്ന സ്വലാഹിയുടെ വിശ്വാസവും ആത്മധൈര്യവും ആണ് അദ്ദേഹത്തെ ഇത്രയും കാലം പിടിച്ചു നിൽക്കുവാനും തൻറെ വിശ്വാസത്തെ സംരക്ഷിച്ചുകൊണ്ട് കൊണ്ട് കഴിച്ചു കൂട്ടുവാനും അദ്ദേഹത്തിനു തുണയായത്.

http://guantanamodiary.com/

മുഹ്‌സിൻ അബ്ദുൽ ഹകീം