Campus Alive

മിണ്ടാതിരിക്കുമ്പോൾ ഉണ്ടായി വന്നതാണ് നോമ്പ്

ഈ ദുനിയാവിന്റെ തെളിവ് ശേഖരണത്തിന്റെ പുറത്ത് കസേരയിട്ട് ഇരിക്കുകയാണ് നോമ്പ്. നീ നോമ്പ് നോറ്റിട്ടുണ്ടോ എന്ന് ചോദിക്കുന്നവനോടും ( അത് ഒരു കൊസ്ര കൊള്ളി ചോദ്യമാണ് ) നോമ്പുകാരന് മറുപടിയൊന്നുമില്ല. ആരെങ്കിലും വല്ല വർത്താനത്തിനും വന്നാൽ ഒന്നും മറുത്ത് പറയണ്ട എന്നല്ലേ പ്രവാചകൻ (സ) പഠിപ്പിച്ചത്.

നോമ്പ് ഒരു പ്രാർത്ഥനയുടെ നമ്മുടെ ചിട്ട വട്ടങ്ങളിലൂടെ കടന്നു പോവുന്നുണ്ടോ?. നോമ്പിന് നിർബന്ധമായ എന്തെങ്കിലും ചൊല്ലലുകളുണ്ടോ, നിസ്ക്കാരത്തിലുള്ളത് പോലെ ? നോമ്പ് അങ്ങനെ ഒരു പ്രാർത്ഥന അല്ലല്ലോ! നിസ്ക്കാരം ഇല്ലാത്തവന് നോമ്പില്ല എന്നത് ശരി തന്നെ. ദൈവികമായ ദിക്റുകൾ ഒക്കെയുണ്ട് എപ്പോഴും, റമദാനിൽ അതിന് പതിൻമടങ്ങ് മഹത്വമാണ്. എന്നാലും ഇന്ന ദിക്ർ ചെല്ലിയാലേ നോമ്പ് സ്വീകാര്യമാവൂ എന്നില്ല. ആരാധനകളുടെ ഒരു ഫോർമാറ്റിൽ നോമ്പിനൊരു ചെറിയ ഫിഗറാവലുണ്ട്. മിണ്ടീട്ട് കിട്ടുന്നതല്ല നോമ്പ്. അത് മിണ്ടാതിരിക്കുമ്പോൾ കിട്ടുന്ന ഒന്നാണ്. അത് ഒറ്റക്കാവലിന്റെ, നിശബ്ദതയുടെ ഒരു തീരത്തിരിക്കലാണ്. ആത്മീയ അന്വേഷികളൊക്കെ എല്ലായ്പോഴും ഈ തീരത്ത് കാറ്റ് കൊണ്ടിരുന്നിട്ടുണ്ട്.

ചെയ്യലിന്റെ എല്ലാ ഗ്രാമറുകളെയും തിരുത്തുന്നു നോമ്പ്. ചെയ്‌താൽ കാണാം. കണ്ണു കാഴ്ചകൾക്ക് ഇവിടെ ഒരു പ്രസക്തിയുമില്ല. Eyewitness ഇല്ലാത്ത ആദ്യത്തെ പ്രവർത്തി. പോലീസിനോ, കോടതിക്കോ ആണെങ്കിൽ അവർ വിധിയെഴുതും ഇവിടെ ഒന്നും നടന്നിട്ടില്ലെന്ന്. ഒന്നും ചെയ്യുന്നുമില്ല, ഒന്നും പറയുന്നുമില്ല. മൗനത്തിന്റെ മിഹ്റാബിൽ നിന്ന് റൂഹിന്റെ മിനാരങ്ങൾ അന്വേഷിച്ചൊരു യാത്ര. അവിടെ എന്തിന് കാവൽക്കാരൻ, പോലീസ്, കോടതി, സാക്ഷി..! ഇവിടെയാവട്ടെ, നിന്റെ ചെയ്തികൾ സസൂക്ഷ്മം പരിശോധിക്കാൻ cctv കൾ നിരന്നു നിൽക്കുകയാണ്. ഒന്നും കാണുന്നില്ല. സാക്ഷികൾ ഇല്ലാത്തതിനാൽ എതിരായി വിധി കൽപിക്കാൻ തയ്യാറായി ഇരിക്കുന്ന നിയമജ്ഞനു മുമ്പിൽ ഓരോ നോമ്പുകാരനും തോറ്റുപോവും. റെറ്റിനകളുടെ വെളിച്ച സഞ്ചാരങ്ങളിൽ കാണുന്നത് മാത്രം സത്യമെന്ന് പറയുന്നവരോട് എന്ത് പറയാനാണ്?

മനുഷ്യന്റെ കാഴ്ചക്ക് മേലുള്ള അതൃപ്പം റബ്ബിന് അത്ര ഇഷ്ടമില്ലെന്ന് തോന്നുന്നു. അത് കൊണ്ടായിരിക്കും ” നിസ്ക്കരിക്കുന്നവർക്ക് നാശം എന്ന് വിശുദ്ധ ഖുർആന്‍ “ആ നിസ്ക്കാരക്കാർ ആളുകളെ കാണിക്കാൻ വേണ്ടി നിസ്കരിക്കുന്നവരാണ്. കുറച്ചൊക്കെ ആൾക്കാർ കാണുന്നുണ്ട് എന്ന് വെച്ച് നമ്മൾ ചെയ്യണന്ന് പറയാറില്ലേ ? ആ കാഴ്ചകൾ അത്ര ഇഷ്ടമില്ല റബ്ബിന്. അതു കൊണ്ടാണ് തീരെ കാഴ്ചകളില്ലാത്ത നോമ്പ് റബ്ബ് തയാറാക്കി വെച്ചത്. കൂട്ടായി നിസ്കരിച്ചാൽ ആണ് കൂടുതൽ പ്രതിഫലം. അത് റബ്ബിന്റെ ഒരു വേറൊരു ഫോർമേഷനാണ്. കൂട്ടത്തിൽ കൂടി എന്തേലും കാണിച്ചു തിരിച്ചു പോരുന്നവരുണ്ട്, റബ്ബിനെ കണ്ടു വരുന്നവരുമുണ്ട്. കാണുമ്പോ എല്ലാരും നിസ്കരിക്കുന്നു. ഓനൊക്കെ നല്ല നിസ്കാരക്കാരൻ ആണ് എന്ന് സർട്ടിഫിക്കറ്റും കൊണ്ട് വരുന്നു. അവിടെയും ബാഹ്യമായ കാഴ്ചക്ക് അപ്പുറമാണ് റബ്ബിന്റെ നോട്ടം. നോമ്പിന് അങ്ങനെ ജമാഅത്തുമില്ല. ഒരു സർട്ടിഫിക്കറ്റും കിട്ടൂല!

നോമ്പിന്റെ രഹസ്യമെന്താണ്?. ആരാധനകളിൽ നോമ്പിനെ പറ്റി മാത്രം റബ്ബ് അത് എന്റേതാണ് എന്ന് പറയുമ്പോൾ പിന്നെ നോമ്പുകാരന് രസം തന്നെ. എല്ലാ ആരാധനകളും റബ്ബിന്റേത് തന്നെ. എന്നാലും ഓളെക്കുറിച്ച് മാത്രം റബ്ബ് എന്താ അങ്ങനെ പറഞ്ഞത് എന്ന് നമ്മൾ ആലോചിക്കുന്നുണ്ടാവും. ആലോചിച്ചോ. ഒച്ച ഉണ്ടാക്കാതെ ആലോചിച്ചാൽ അതിന്റെ എടപാട് പിടികിട്ടും. ഒരു പ്രത്യേകം കാണൽ. ഒരു സ്നേഹക്കൂടുതൽ ഉണ്ടോ. നമ്മളുടെ കുശുമ്പ് കൂട്ടാൻ പറഞ്ഞതാണ് റബ്ബ്. നീ എന്റേതാണ് എന്ന് ഏതേലും ഒരു മോളോട് പറയുമ്പോ ഓൾക്ക് തോന്നുമല്ലോ ഉമ്മാക്ക് എന്നെ എത്ര ഇഷ്ടാണ്ന്ന്. ഉമ്മാക്ക് ബാക്കി ഉള്ളോരെ ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല. ഒന്നൊന്നിനു മേലെയോ താഴെയോ വെച്ച് ഉമ്മ കണ്ടിട്ടില്ല. ആ പറയൽ ഉണ്ടാവുമ്പോ മോൾക്കുള്ള സന്തോഷം എത്രയാണ്!

എപ്പോഴും ഇളക്കി മാറ്റാന്‍ പറ്റുന്ന താൽക്കാലിക കൂടാരങ്ങളുമായി നമ്മുടെ റോഡരികുകളില്‍, മഞ്ഞലൈറ്റും സുഗന്ധവുമായി നില്‍ക്കുന്ന അത്തര്‍ കച്ചവടക്കാരെ കണ്ടിട്ടില്ലേ? ആ കൂടാരങ്ങള്‍ ദുനിയാവ് പോലെ താത്‌കാലികം. ദുനിയാവ് വിട്ട് പോവുന്ന യാത്രക്കാരാ, ഈ മിസ്‌കിന്റെ മണം കൊണ്ട് പോവൂ എന്ന് ഓരോ അത്തര്‍ കച്ചവടക്കാരനും. നോമ്പ് അതിനേക്കാൾ മഹത്തരം. മിസ്ക് റിജാലിന്റെ കുപ്പി വാങ്ങി സായൂജ്യമടയുന്ന നമുക്ക് പ്രവാചകന്റെ മണം ആസ്വദിക്കാൻ ഭാഗ്യമുണ്ടായിട്ടില്ല. മിസ്കുകാരാ, മസ്കാരകൾ വരച്ചിട്ട അറേബ്യയിലെ സുൽത്താന് നോമ്പുകാരന്റെ മണം ഇഷ്ടമാണ്. ഏറ്റവും ബഹുമാനപ്പെട്ടവർക്ക് ഏറ്റവും പ്രിയപ്പെട്ട മിസ്‌കിനേക്കാൾ.

ഇനി കുറച്ചു മിണ്ടാതിരിക്കാം. ഇനി കുറച്ചു മാറി നിൽക്കാം.മനുഷ്യന് പലതും ചെയ്യാൻ കഴിയും. പക്ഷേ, ചെയ്യാതിരുന്നൂടെ? കോവിഡിന്റെ സമയം ഒന്ന് ഓർത്ത് നോക്കൂ? ഈ ഓട്ടം ഒന്നു കുറച്ചു കൂടെ , ഈ കാണുന്ന കാഴ്ചകള്‍ കാണാതിരുന്നൂടെ , ഇതൊക്കെ ചെയ്യാതിരുന്നൂടെ എന്ന് ഗവൺമെന്റ് പറഞ്ഞപ്പോൾ നമ്മൾ കേട്ടില്ലേ? ക്യാപിറ്റലിസം വീണ്ടും വീണ്ടും നിങ്ങളെ ചൂഷണം ചെയ്തു കൊണ്ടിരിക്കുമ്പോൾ ഒന്ന് മാറി നിന്നൂടെ എന്ന് തൊഴിലാളിയോട് ചോദിച്ചതാണ് കാൾ മാർക്സ്. ഒന്നും ചെയ്യാതിരിക്കുമ്പോൾ മുതലാളിക്ക് ഉണ്ടാവുന്ന ആ ബേജാറിൽ ആണ് മാർക്സിന്റെ കണ്ണ്. ഒന്നും ചെയ്യണ്ട എന്ന് പറഞ്ഞു പോവുകയാണോ നോമ്പ്? അങ്ങനെ അല്ല. ഈ നിരന്തരം ചെയ്തു കൊണ്ടിരിക്കുന്നത് ചെയ്യാതിരുന്നു കൂടെ എന്നാണ് നോമ്പ് ചോദിക്കുന്നത്. ഒരു കവി ഭാഷയോട് ചോദിക്കും പോലെ. ഇങ്ങനെ ബസാറില്‍ വര്‍ത്താനം പറഞ്ഞിരുന്നാല്‍ മതിയോ, നമുക്ക് പുതിയ വാതായനങ്ങള്‍ അന്വേഷിക്കേണ്ടെ എന്ന്‍. കണ്ട ഒരു ചന്ദ്രനുണ്ട്. അതു തന്നെ കണ്ടിരുന്നാൽ മതിയോ എന്ന്?അതിനെപ്പറ്റിയുള്ള ചർച്ചകൾ, ഒരു ആഘോഷത്തിന്റെ തലേന്ന് കുറച്ച് കോലാഹലങ്ങൾ ഒക്കെ സ്വാഭാവികം. പക്ഷെ കാണാത്ത ഒരു ചന്ദ്രനുണ്ട്. അങ്ങോട്ട് പോവണ്ടേ? ഈ ചന്ദ്രന്റെ ഉള്ളിലാണത്. അവിടേക്കുള്ള യാത്രയാവട്ടെ ഓരോ നോമ്പും.

വസീം ആര്‍ എസ്‌